4/5

സ്‌ക്രീനില്‍ കാണുന്നത് ഒരു കല്‍പ്പിതകഥയല്ലെന്നും, യഥാര്‍ത്ഥ ജീവിതം രഹസ്യമായോ, ഒരു നിരീക്ഷണ ക്യാമറയിലോ കണ്ടുകൊണ്ടിരിക്കുകയാണെന്ന ബോധം സൃഷ്ടിച്ചെടുക്കുന്ന ചില സിനിമകളുണ്ട്. മായാനദിയെന്ന പേരില്‍ തന്നെ അയഥാര്‍ത്ഥമെന്ന മുന്നറിയിപ്പുണ്ടായിട്ടും കഥയിലെത്തുമ്പോള്‍ മാത്തന്റെയും അപര്‍ണയുടെ പ്രണയത്തെ, ജീവിതത്തിലെ അവരുടെ ഇടപെടലുകളെ സ്‌ക്രീനില്‍ സംഭവിക്കുന്ന ഒന്നായി അനുഭവപ്പെടുത്തുന്നേയില്ല. ഇത്രമേല്‍ സത്യസന്ധമായും ജൈവികമായും പ്രണയം ചിത്രീകരിച്ച സിനിമ മുമ്പ് മലയാളത്തില്‍ കണ്ടത് അന്നയും റസൂലുമാണ്. യഥാര്‍ത്ഥ ജീവിതം തന്നെയെന്ന വിശ്വാസത്തില്‍ അപര്‍ണയുടെയും മാത്തന്റെയും തീരുമാനങ്ങളിലും, നഷ്ടങ്ങളിലും, നിസഹായതകളിലുമൊക്കെ
കാഴ്ചയില്‍ നെടുവീര്‍പ്പുയരുന്നുണ്ട് പരിചയിച്ച് പഴകിയ ആഖ്യാനശൈലിയെ പൂര്‍ണമായും മറികടന്ന്, കാഴ്ചക്കാരനില്‍ അത് മറവിയായി നിലനിര്‍ത്തിയാണ് മായാനദി മുന്നേറുന്നത്.

കഥ പറച്ചിലില്‍ പരമ്പരാഗത രീതികളെ നിരാകരിച്ച് സിനിമയൊരുക്കിയിട്ടുള്ളയാളാണ് ആഷിക് അബു. ചില സിനിമകള്‍ ആസ്വാദനത്തില്‍ വിയോജിപ്പുണ്ടാക്കിയിട്ടുണ്ടെങ്കിലും ആഖ്യാന ശൈലിയില്‍ ഓരോ ഘട്ടത്തിലുമായി നടത്തിയ പരീക്ഷണങ്ങളെ മറന്നുപോകാനാകില്ല. മായാനദിയിലെത്തുമ്പോള്‍ തന്റെ മുന്‍സിനിമകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നൊരു കഥ പറച്ചിലിനാണ് ശ്രമം. റിയലിസവും സെമി റിയലിസവും ഇടകലര്‍ന്ന് പ്രധാനമായും രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമ.

മധുരൈയില്‍ നഗരത്തെയാകെ കാണാവുന്ന ഉയരത്തില്‍ ഒരു കെട്ടിടത്തിന്റെ ടെറസില്‍ നിന്നും മാത്യൂസ് എന്ന മാത്തന്റെ (ടൊവിനോ തോമസ്) സംഭാഷണത്തിലാണ് സിനിമ തുടങ്ങുന്നത്. ഭാവിയിലെ ആഗ്രഹങ്ങളിലെത്തിക്കാന്‍ പ്രാപ്തമായ കാര്യങ്ങള്‍ക്കൊപ്പമാണ് മാത്തന്റെ ഓരോ നിമിഷവും. നേട്ടങ്ങളെന്ന പോലെ നഷ്ടങ്ങളുമുണ്ട്. അവിടെ പലയിടങ്ങളിലും ജീവിതത്തിന്റെ അടുത്ത നിമിഷത്തിന്റെ നിയന്ത്രണം അയാളുടേതല്ലാതാകുന്നുണ്ട്. അങ്ങനെ അപകടകരമായ അവസ്ഥയില്‍ അയാളെത്തുന്നത് പിന്നീടെത്താന്‍ ആഗ്രഹിച്ച പ്രണയിനിക്ക് അരികിലേക്കാണ്. അപര്‍ണയെ കണ്ടുതുടങ്ങുമ്പോള്‍ മുതല്‍ അവളും ജീവിതലക്ഷ്യങ്ങളിലേക്കുള്ള തിരക്കിട്ട യാത്രയിലാണ്. അവളുടേതല്ലാത്ത കാരണങ്ങളാല്‍, പ്രതിബന്ധങ്ങളാല്‍ തൊടുത്തുവിട്ടിടത്തേക്ക് തന്നെ തിരികെയ്തുന്നുണ്ട് ആഗ്രഹങ്ങള്‍. സ്വസ്ഥമാകാനു,ം സുരക്ഷിതമാകാനും ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്യുന്ന നിമിഷത്തിലും ആകസ്മികതയാലോ, പ്രവചനാതീതമായ കാരണങ്ങളാലോ തകിടം മറിയാവുന്ന ജീവിതത്തിലേക്കാണ് മായാനദിയുടെ ഒഴുക്ക്. കാഴ്ചയിലെ ഉല്‍ക്കണ്ഠകളെയത്രയും പരിഹരിച്ച് തരുന്ന, നായകന്റെയോ നായികയുടെയോ ഇടപെടലില്‍ കഥാന്ത്യത്തില്‍ എല്ലാ പ്രതിസന്ധികളും പരിഹൃതമാകുന്നിടത്തേക്കല്ല ഈ നദിയുടെ ഒഴുക്ക്.

മാത്തന്റെ ജീവിതം, അപര്‍ണയുടെ ജീവിതം, മാത്തന് വേണ്ടിയുള്ള അന്വേഷണം എന്നിങ്ങനെ മൂന്ന് പാളികളിലാണ് മായാനദി. അതേ സമയം മള്‍ട്ടിനരേറ്റീവ് സ്വഭാവത്തില്‍ മൂന്ന് കൈവഴികളിലൂടെയുമല്ല ഒഴുക്ക്. ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെട്ടവരായാണ് ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത്. കുടുംബവും സൗഹൃദവും സമൂഹവും പൊതിഞ്ഞുനില്‍ക്കുമ്പോഴും അവരവരിലെത്തുമ്പോള്‍ ഒറ്റപ്പെടുന്നുണ്ട് മാത്തനും അപര്‍ണയും സമീറയും ആശാനും അന്വേഷണ ഉദ്യോഗസ്ഥനുമെല്ലാം. വോങ് കാര്‍ വായി സിനിമകളിലെന്ന ചുറ്റും  വളരുകയും പെരുകുകയും ചെയ്യുന്ന നഗരത്തില്‍ ആന്തരിക സമരങ്ങളില്‍ ഏര്‍പ്പെട്ട മനുഷ്യരെയാണ് മായാനദിയിലും കാണുന്നത്. അതുകൊണ്ട് തന്നെ ആഷിക്കിന്റെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്ഥമായി കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇടം മായാനദിയില്‍ അപ്രസക്തമാണ്. ഇടുക്കി ഗോള്‍ഡില്‍ ഇടുക്കിയും റാണി പദ്മിനിയും ഉത്തരേന്ത്യയും നോര്‍ത്ത് ഈസ്റ്റും, ഗാംഗ്‌സ്റ്ററില്‍ മംഗലാപുരവും പ്രതിനിധീകരിക്കപ്പെട്ടത് പോലെ ഇവിടെ മധുരൈയും, മംഗലാപുരവും,കൊച്ചിയും സവിശേഷ സാന്നിധ്യമല്ല. ഈ നഗരങ്ങളെല്ലാം കഥാപാത്രങ്ങള്‍ക്ക് ചുറ്റും വളര്‍ന്നുനില്‍ക്കുന്ന ഇടങ്ങള്‍ മാത്രമാകുന്നു. ആഗ്രഹങ്ങള്‍ക്കൊപ്പമെത്തുമെന്ന് ഉറപ്പില്ലാതെയും, അനിശ്ചിതത്വങ്ങളെയും പ്രതിബന്ധങ്ങളെയും മറന്നും മറികടന്നും നിരന്തരം പോരാടുന്ന മനുഷ്യരെയാണ് കാണാനാകുന്നത്. അവിടെ സമീറയെ പോലെ പാതി വഴിയില്‍ മടങ്ങുന്നവരുണ്ട്, ആശാനെ പോലെ അസ്ഥിരമായ ജീവിതത്തെ മറികടക്കാന്‍ ഉറച്ചവരുണ്ട്.

പ്രണയ ചിത്രീകരണത്തിലും ലൈംഗികതയിലും, കുടുംബത്തെയും സമൂഹത്തെയും ചിത്രീകരിക്കുന്നതിലൊക്കെ സ്റ്റീരിയോടൈപ്പുകളെ മറന്നുനീങ്ങിയിട്ടുണ്ട് മായാനദി. കാമുകീ കാമുകന്‍മാര്‍ വിരലില്‍ പോലും സ്പര്‍ശിക്കാതെ ‘പ്രണയത്തിന്റെ പവിത്രത’ ശീലിപ്പിച്ച സിനിമകളെ അട്ടിമറിച്ച് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യപരിസരത്ത് നിന്നുള്ള പ്രണയത്തെ/ലൈംഗികതയെ സ്‌ക്രീനിലെത്തിക്കുന്നുമുണ്ട്. വിശ്വാസം എന്നതിനെ പല മാനങ്ങളില്‍ മായാനദി പരിഗണിച്ചതായി തോന്നി. പറയാതെ തന്നെ മായാനദി പോലെ മാത്തനും അപര്‍ണയ്ക്കിടയിലുമുള്ള പരസ്പര വിശ്വാസം. പോലീസില്‍ പൊതുസമൂഹത്തിനുള്ള വിശ്വാസത്തെ നിലനിര്‍ത്തണമെന്ന് ഉദ്യോഗസ്ഥന്‍ നിര്‍ണായകഘട്ടത്തില്‍ പറയുന്നത്. പല തലത്തിലുള്ള വിശ്വാസം(trust) സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള ശ്രമമായി ജീവിതത്തെ ചിത്രീകരിക്കുന്നത് പോലെ.

സിനിമകളിലെ മാതൃകകളില്‍ നിന്ന് സംസാരിക്കാതെ, ജീവിതത്തില്‍ നിന്ന് സംഭാഷണങ്ങളിലേര്‍പ്പെടുന്ന, വിനിമയം ചെയ്യുന്ന രചനകളിലൂടെ സഞ്ചാരം തുടരുകയാണ് മായാനദിയിലും ശ്യാം പുഷ്‌കരനും ദിലീഷ് നായരും. കുങ്്ഫുവൊക്കെ കോമഡിയല്ലേ ചേട്ടാ എന്നത് പോലെ, ജീവിതത്തില്‍ നിന്ന് പതിക്കുന്ന സംഭാഷണങ്ങളിലൂടെ നെടുങ്കന്‍ സംഭാഷണങ്ങളെ ഒറ്റ വരിയിലേക്കും ഒറ്റ നോട്ടങ്ങളിലേക്കും ചുരുക്കുന്നുണ്ട് മായാനദി. മാത്തനും അപര്‍ണയ്ക്കും അവരുടെ പ്രണയത്തില്‍ സംഭവിച്ചത് അറിയുന്നതും, മാത്തനും അപര്‍ണയും അതുവരെ ജീവിച്ച ദൂരം മനസിലാകുന്നതും അവര്‍ക്കൊപ്പം ഒരു പാട് നേരം പിന്നിടുമ്പോഴാണ്. അപ്പു-മാത്തന്‍ ബന്ധത്തെ റിയലിസ്റ്റിക്കായി സമീപിച്ചപ്പോള്‍ തന്നെ സമീറയും, അതുമായി ബന്ധിപ്പിച്ചുള്ള സിനിമാ-ഓഡിഷന്‍-തര്‍ക്കങ്ങള്‍ എന്നിവയൊക്കെ അസ്വാഭാവികമായി ചേര്‍ത്തുവച്ചത് വിയോജിപ്പായി തോന്നി. കേന്ദ്രകഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കുമ്പോഴുള്ള ജൈവികത ഈ ഭാഗങ്ങളില്‍ ഇല്ല.

കുടുംബവും സൗഹൃദവും സമൂഹവും നാനാവിധത്തില്‍ അതിന്റെ വൃത്തങ്ങള്‍ക്കകത്തേക്ക് വലിച്ചെടുക്കുമ്പോഴും തന്റേതായ ഇടത്ത് നേരിടുന്ന സംഘര്‍ഷങ്ങളിലൂന്നിയാണ് അപര്‍ണയുടെ കഥാപാത്രസൃഷ്ടി. അപര്‍ണാ രവിയെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മി ഞണ്ടുകളുടെ നാട്ടില്‍ ഇടവേളയില്‍ നായികയായിരുന്നു. എടുത്തുപറയത്തക്ക പ്രകടനമായിരുന്നില്ല ആ സിനിമയിലേത്. മായാനദിയില്‍ അപര്‍ണയെന്ന കഥാപാത്രമായി ഉള്ളറിഞ്ഞ്് മാറിയിരിക്കുന്ന ഐശ്വര്യയെ കാണാം. സങ്കീര്‍ണതകളില്‍ ഉഴലുന്ന, സങ്കടങ്ങളെ കടന്നെത്തുന്ന ചിരിയായി തെളിയുന്ന,മയപ്പെടാതെ നിഷേധിക്കുന്ന,നെടുവീര്‍പ്പോടെ മടങ്ങുന്ന, സ്വയം പൊരുതി മുന്നേറുന്ന കഥാപാത്രത്തെ അതിഗംഭീരമാക്കിയിട്ടുണ്ട് ഐശ്വര്യലക്ഷ്മി. മാത്തന്‍ എന്ന കഥാപാത്രം ടൊവിനോയുടെ നിലവിലുള്ള എല്ലാ കഥാപാത്രങ്ങളെക്കാള്‍ പ്രകടനത്തില്‍ ഉയരെയാണ്. ഒരു വേളയില്‍ തന്നെ ജേതാവാക്കുന്ന ജീവിതത്തെ ഏത് അസ്ഥിരതയിലും പ്രതീക്ഷിക്കുന്ന കഥാപാത്രമായി ചിരിച്ചുനില്‍ക്കുന്ന കഥാപാത്രത്തെ ഭാവഭദ്രമാക്കിയിട്ടുണ്ട് ടൊവിനോ.

പകലിനെക്കാള്‍ രാത്രികളെയാണ് മായാനദി ഉപയോഗിച്ചിരിക്കുന്നത്. വെളിച്ചമണയാതെയും, ആളൊഴിഞ്ഞും, കൂറ്റന്‍ തൂണുകളുടെ നിഴലിനെ കണ്ണാടിയാക്കിയ നഗരത്തെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് ജയേഷ് മോഹന്‍. സിനിമയുടെ റിയലിസ്റ്റിക് മൂഡിനോട് പൂര്‍ണമായും നീതിപുലര്‍ത്തുന്നതുമാണ് ക്യാമറ. പതിഞ്ഞ താളത്തെ,അനിശ്ചിതത്വം നിറഞ്ഞ ജീവിതാവസ്ഥകളെ പിന്തുടരുന്ന റെക്‌സ് വിജയന്റെ സംഗീതവും, അകമേ നീറി നില്‍ക്കുന്ന ഷഹബാസിന്റെ ശബ്ദവും രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള അവതരണത്തെ കൂടുതല്‍ ഹൃദ്യമാക്കിയിട്ടുണ്ട്.

പ്രതിബന്ധങ്ങളെല്ലാം പരിഹരിച്ച് ഗ്രൂപ്പ് സെല്‍ഫിയെടുത്ത് പാട്ടിലവസാനിക്കുന്ന ഫീല്‍ഗുഡ് പാക്കേജ് അല്ല മായാനദി. ഓരോരുത്തരും അവരുടെ ജീവിതത്തെ വിശ്വാസത്തിനും, സമീപനത്തിനും, വിധിക്കുമൊപ്പം നേരിടുന്നൊരു റിയലിസ്റ്റിക് ഡ്രാമ.