മുഖ്യധാരയെ പ്രതിനിധീകരിച്ചെത്തുന്ന ഭൂരിപക്ഷം സിനിമകളും മടുപ്പന്‍ സൂത്രവാക്യങ്ങളുടെ ആവര്‍ത്തനമാകുമ്പോള്‍ അതില്‍ നിന്ന് വഴിമാറി നടക്കുന്ന ഒരു കൂട്ടം മലയാള സിനിമയുടെ ഭാവുകത്വത്തെയും നവീകരിച്ചുകൊണ്ടിരിക്കുന്നു. സിനിമയെന്ന മാധ്യമത്തില്‍ സമകാലീനമായി നടക്കുന്ന പരീക്ഷണങ്ങളെയും, പുതുസങ്കേതങ്ങളുടെ പ്രയോഗങ്ങളെയും അവര്‍ ഇവിടേക്കും ആനയിക്കുന്നു. ജനപ്രിയതയുടെ പരമ്പരാഗത പ്രതിപാദന രീതിയെ ഉപേക്ഷിച്ച് ജീവിക്കുന്ന കാലത്തെയും ചുറ്റുപാടിനെയും അതിന്റെ രാഷ്്ട്രീയത്തെയും ഉള്‍ക്കൊണ്ട്
കൂടിയാണ് ആ സിനിമകളിലേറെയും.

കഥ പറച്ചിലിലില്‍ സാങ്കേതിക പരിചരണത്തില്‍ റിയലിസത്തിന് കൂടുതല്‍ ഇടം നല്‍കിക്കൊണ്ടാണ് പുതുനിരയുടെ പ്രയാണം. ബോക്‌സ് ഓഫീസ് കണക്കുകളില്‍ പല കോടി ക്ലബ്ബുകളിലെത്തി എണ്ണപ്പെരുക്കമുണ്ടാക്കുന്നില്ലെങ്കിലും ഇത്തരം സിനിമകളിലേറെയും നല്ല രീതിയില്‍ സ്വീകരിക്കപ്പെടുന്നുമുണ്ട്. ഉള്ളടക്കത്തിനൊപ്പം അഭിനേതാക്കളുടെ വിനിമയ രീതികളില്‍, സംഭാഷണ ശൈലിയില്‍, ദൃശ്യപരിചരണത്തില്‍ റിയലിസ്റ്റിക്-സെമി റിയലിസ്റ്റിക് സ്വഭാവമുള്ള സിനിമകളാണ് ഇക്കൂട്ടത്തില്‍ കൂടുതലും. 2017ല്‍ പുറത്തിറങ്ങിയ മലയാളം സിനിമകളില്‍ പ്രിയപ്പെട്ട 6 സിനിമകള്‍ മുന്‍ഗണനാ ക്രമത്തില്‍.

1.തൊണ്ടിമുതലും ദൃക്‌സാക്ഷിയും

മലയാളം അടുത്ത കാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയ്ക്ക് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സിനിമ. സജീവ് പാഴൂര്‍ തിരക്കഥ. ക്രിയേറ്റീവ് ഡയറക്ടര്‍: ശ്യാം പുഷ്‌കരന്‍ , നിര്‍മ്മാണം ഉര്‍വശി തിയറ്റേഴ്‌സ്

അവതരണത്തില്‍ പരിചിത ശൈലിയെയോ മുന്‍മാതൃകകളെയോ പിന്തുടരാതെ ലളിതവും സ്വതന്ത്രവുമായ ആഖ്യാനം. ചെറുസന്ദര്‍ഭങ്ങളിലൂന്നി സവിശേഷമായ ഡീറ്റെയിലിംഗിലൂടെയാണ് മഹേഷിലെ അവതരണ രീതിയെങ്കില്‍ ഇവിടെ ക്യാമറയ്ക്ക് മുന്നിലെത്തുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും സന്ദര്‍ഭങ്ങള്‍ക്കൊത്ത് അവരില്‍ നിന്ന് പുറത്തുവരുന്ന സ്വാഭാവിക സംസാരങ്ങളിലൂടെ പല അടരുകളിലേക്കും രാഷ്ട്രീയ മാനങ്ങളിലേക്കും സിനിമ പ്രവേശിക്കുന്നത്.

നുഷ്യരെയും സമൂഹത്തെയും കലര്‍പ്പോ കൃത്രിമത്വമോ സിനിമാറ്റിക് ഗിമ്മിക്കുകളോ ഇല്ലാതെ യഥാതഥമായ വികാരങ്ങളാല്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍. ഓരോ സംവിധാനങ്ങളിലേക്ക് അടക്കം ചെയ്യപ്പെട്ട മനുഷ്യരുടെ പലവിധ അവസ്ഥകളുടെ കലര്‍പ്പില്ലാത്ത പകര്‍പ്പുമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. നവാഗതര്‍ അടക്കമുള്ള അഭിനേതാക്കളുടെ അതിഗംഭീര പ്രകടനം. സാങ്കേതിക മേന്മ എന്നിവയും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയെ സവിശേഷമാക്കുന്നു.

ചിത്രത്തെക്കുറിച്ചുള്ള റിവ്യൂ

2.അങ്കമാലി ഡയറീസ്

സംവിധാനം: ലിജോ ജോസ് പെല്ലിശേരി
തിരക്കഥ: ചെമ്പന്‍ വിനോദ് ജോസ്
നിര്‍മ്മാണം: ഫ്രൈഡേ ഫിലിം ഹൗസ്

തലവാചകത്തില്‍ ഓളവും താളവും തീര്‍ക്കാന്‍ അടിമുടി വ്യത്യസ്ഥമെന്നും കൂറ്റന്‍ മാറ്റമെന്നുമൊക്കെ പെരുമ പറയുന്ന സിനിമകള്‍ രുചിച്ചവര്‍പ്പുകളിലൂടെയുള്ള പ്രദക്ഷിണമാകാറാണ് പതിവ്.

ഇവിടെയാണ് ആസ്വാദന മുന്‍വിധികള്‍ക്ക് വഴങ്ങാതെ തന്റെ 86 പുതുമുഖങ്ങളിലൂടെ അങ്കമാലിയിലെ കുറേ സാധാരണ മനുഷ്യരുടെ കഥ ആവിഷ്‌കാരത്തിലെ അസാധാരണത്വത്തിനൊപ്പം ലിജോ പെല്ലിശേരി പറഞ്ഞത്. നായകന്‍ എന്ന സിനിമയിലൂടെയുള്ള അരങ്ങേറ്റം മുതല്‍ സിനിമയുടെ പൊതുനിരത്തുകളില്‍ നിന്ന് മാറിസഞ്ചരിച്ച ലിജോ ജോസ് പെല്ലിശേരി മലയാളസിനിമയുടെ നവശൈലീമാറ്റത്തെ മുന്നില്‍ നിന്ന് നയിക്കുമെന്ന പ്രതീക്ഷ ആമേന്‍ എന്ന സിനിമയ്ക്കൊപ്പം പങ്കുവച്ചിരുന്നു. അങ്കമാലീസ് ഡയറീസിലും ഇക്കാര്യം ആവര്‍ത്തിക്കാനാകുന്നു.

ചിത്രത്തെക്കുറിച്ചുള്ള റിവ്യൂ

3. മായാനദി

സംവിധാനം: ആഷിക് അബു
രചന : ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍
നിര്‍മ്മാണം: ഒപിഎം ഡ്രീംമില്‍, മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റ്

സ്‌ക്രീനില്‍ കാണുന്നത് ഒരു കല്‍പ്പിതകഥയല്ലെന്നും, യഥാര്‍ത്ഥ ജീവിതം രഹസ്യമായോ, ഒരു നിരീക്ഷണ ക്യാമറയിലോ കണ്ടുകൊണ്ടിരിക്കുകയാണെന്ന ബോധം സൃഷ്ടിച്ചെടുക്കുന്ന ചില സിനിമകളുണ്ട്. മായാനദിയെന്ന പേരില്‍ തന്നെ അയഥാര്‍ത്ഥമെന്ന മുന്നറിയിപ്പുണ്ടായിട്ടും കഥയിലെത്തുമ്പോള്‍ മാത്തന്റെയും അപര്‍ണയുടെ പ്രണയത്തെ, ജീവിതത്തിലെ അവരുടെ ഇടപെടലുകളെ സ്‌ക്രീനില്‍ സംഭവിക്കുന്ന ഒന്നായി അനുഭവപ്പെടുത്തുന്നേയില്ല.

ഇത്രമേല്‍ സത്യസന്ധമായും ജൈവികമായും പ്രണയം ചിത്രീകരിച്ച സിനിമ മുമ്പ് മലയാളത്തില്‍ കണ്ടത് അന്നയും റസൂലുമാണ്. യഥാര്‍ത്ഥ ജീവിതം തന്നെയെന്ന വിശ്വാസത്തില്‍ അപര്‍ണയുടെയും മാത്തന്റെയും തീരുമാനങ്ങളിലും, നഷ്ടങ്ങളിലും, നിസഹായതകളിലുമൊക്കെ കാഴ്ചയില്‍ നെടുവീര്‍പ്പുയരുന്നുണ്ട് പരിചയിച്ച് പഴകിയ ആഖ്യാനശൈലിയെ പൂര്‍ണമായും മറികടന്ന്, കാഴ്ചക്കാരനില്‍ അത് മറവിയായി നിലനിര്‍ത്തിയാണ് മായാനദി മുന്നേറുന്നത്.
കഥ പറച്ചിലില്‍ പരമ്പരാഗത രീതികളെ നിരാകരിച്ച് സിനിമയൊരുക്കിയിട്ടുള്ളയാളാണ് ആഷിക് അബു. ചില സിനിമകള്‍ ആസ്വാദനത്തില്‍ വിയോജിപ്പുണ്ടാക്കിയിട്ടുണ്ടെങ്കിലും ആഖ്യാന ശൈലിയില്‍ ഓരോ ഘട്ടത്തിലുമായി നടത്തിയ പരീക്ഷണങ്ങളെ മറന്നുപോകാനാകില്ല.

മായാനദിയിലെത്തുമ്പോള്‍ തന്റെ മുന്‍സിനിമകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നൊരു കഥ പറച്ചിലിനാണ് ശ്രമം. റിയലിസവും സെമി റിയലിസവും ഇടകലര്‍ന്ന് പ്രധാനമായും രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമ.

ചിത്രത്തെക്കുറിച്ചുള്ള റിവ്യൂ

4. പറവ

സംവിധാനം: സൗബിന്‍ ഷാഹിര്‍
രചന: സൗബിന്‍ ഷാഹിര്‍, മുനീര്‍ അലി
നിര്‍മ്മാണം: അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്

സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. തെരഞ്ഞെടുത്ത പ്രമേയത്തിന്റെയും പരിചരണ രീതിയുടെയും സവിശേഷതയാല്‍ ശ്രദ്ധേയമാണ്.
നഗരം മാനംമുട്ടെ വളര്‍ന്ന് മുന്നേറുമ്പോള്‍ വീടുകള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന വഴികളിലൂടെ തലങ്ങും വിലങ്ങുമോടുന്ന മട്ടാഞ്ചേരിയിലെ മനുഷ്യര്‍ക്കൊപ്പമാണ് സൗബിന്‍ ഷാഹിറിന്റെ പറവ. കഥാന്തരീക്ഷത്തിലേക്കും കഥാപാത്രങ്ങളിലേക്കും പ്രേക്ഷകര്‍ക്ക് ഒരു ഘട്ടത്തിലും പ്രവേശിക്കാനാകാത്ത വിധം അടഞ്ഞുപോയ ആഖ്യാനങ്ങളും, കേവലനന്മയില്‍ പൊലിപ്പിച്ചെടുത്ത മെലോഡ്രാമകളും ആവര്‍ത്തിക്കുന്നിടത്ത് മാറുന്ന മലയാള സിനിമയുടെ പുതിയ ഉയരം അടയാളപ്പെടുത്തിയാണ് പറവ പറക്കുന്നത്.

തങ്ങളില്‍ നിന്ന് കട്ടെടുത്ത മീനുകളെ തിരിച്ചെടുത്ത് ഇച്ചാപ്പിയും ഹസീബും സൈക്കിളില്‍ കുതിക്കുന്ന തുടക്കസീനില്‍ സൗബിന്‍ ഷാഹിര്‍ എന്ന നവാഗത സംവിധായകന്റെ ഗംഭീര രംഗപ്രവേശമുണ്ട്.
ചിത്രീകരണത്തിലും ആഖ്യാനത്തിലും ഏറെ ശ്രമകരമായ ദൗത്യമായിരുന്നു ആദ്യ സിനിമയില്‍ തന്നെ സൗബിന്‍ ഏറ്റെടുത്തത് എന്നതില്‍ സംശയമില്ല. പ്രാവുകളുടെ പരിപാലനവും ടൂര്‍ണമെന്റും പ്രാവുകളെ തിരികെ പിടിക്കാനുള്ള ഓട്ടവുമെല്ലാം കാഴ്ചയില്‍ നവീനാനുഭവമാണ്.

ചിത്രത്തെക്കുറിച്ചുള്ള റിവ്യൂ

5. ടേക്ക് ഓഫ്

സംവിധാനം: മഹേഷ് നാരായണന്‍
രചന: മഹേഷ് നാരായണന്‍ പിവി ഷാജികുമാര്‍
നിര്‍മ്മാണം: രാജേഷ് പിള്ള ഫിലിംസ്, ആന്റോ ജോസഫ്, ഷെബിന്‍ ബക്കര്‍

മുന്‍നിര എഡിറ്ററായ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭം. ഭക്ഷണവും വെള്ളവുമില്ലാതെ ഭീകരവാദികളുടെ നിയന്ത്രണത്തില്‍ നരകയാതന നേരിട്ട ആ 46 നഴ്സുമാരുടെ അനുഭവങ്ങളെ സമീറ എന്ന ഇന്ത്യന്‍ നഴ്സിലൂടെ വിശദീകരിക്കുകയാണ് ടേക്ക് ഓഫ്. തിക്രിത്തിലെ ആഭ്യന്തരയുദ്ധമേഖലയില്‍ നിന്നുള്ള അവരുടെ മോചനകഥ എന്നതിനപ്പുറം ഇന്ത്യന്‍ നഴ്സുമാരുടെ ജീവിതപ്പുറങ്ങളിലേക്ക് കൂടിയാണ് സിനിമയുടെ സഞ്ചാരം. ലോകത്തിന്റെ എല്ലാ കോണുകളിലും ആതുരശുശ്രൂഷാ മേഖലയില്‍ സജീവമായ, എന്നാല്‍ അര്‍ഹമായ ആദരം അന്യമായവരാണ് ഇന്ത്യന്‍ നഴ്സുമാര്‍. തൊഴിലിടത്തും, ജീവിതത്തിലും ഇവര്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ ദൃശ്യരേഖയയായി മാറുന്നു ടേക്ക് ഓഫ്. പുരുഷതൃഷ്ണകളുടെ ഉത്തേജക ഉടലുകളായാണ് പൊതുബോധവും, അവയെ താരാട്ടുന്ന നമ്മുടെ സിനിമകളും മിക്കപ്പോഴും നഴ്സുമാരെ ചിത്രീകരിച്ചിട്ടുള്ളത്.

അതിനൊരു തിരുത്താവുന്നുണ്ട് മഹേഷ് നാരായണന്റെ ടേക്ക് ഓഫ്. യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി സിനിമയൊരുക്കുമ്പോള്‍ ചലച്ചിത്രകാരനുള്ള വെല്ലുവിളി വലുതാണ്. ആസ്വാദ്യകരമാക്കുന്നതിനുള്ള സിനിമാറ്റിക് കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് പരിമിതിയുണ്ട്. യഥാര്‍ത്ഥ സംഭവം അതേ പടി പുനര്‍സൃഷ്ടിച്ചാല്‍ ഡോക്യുഫിക്ഷന്‍ സ്വഭാവത്തിലേക്ക് വഴിതിരിയും. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകലാതെ നഴ്സുമാര്‍ നേരിട്ട ദുരന്തസാഹചര്യങ്ങളുടെ അനുഭവപരിസരമൊരുക്കുക എന്ന സങ്കീര്‍ണ ദൗത്യമാണ് ആദ്യ സംവിധാനത്തില്‍ മഹേഷ് ഏറ്റെടുത്തത്. പരിചയസമ്പന്നനായ സംവിധായകന് പോലും വെല്ലുവിളിയാകുമായിരുന്ന ദൗത്യം ആവിഷ്‌കാര മിടുക്കാല്‍ മഹേഷ് വിജയകരമാക്കിയിട്ടുണ്ട്. പാര്‍വതി എന്ന അഭിനേത്രിയുടെ അതിഗംഭീര പ്രകടനവും ഈ സിനിമയുടെ ആകര്‍ഷണമായി.

ചിത്രത്തെക്കുറിച്ചുള്ള റിവ്യൂ

6. രക്ഷാധികാരി ബൈജു ഒപ്പ് 

സംവിധാനം രഞ്ജന്‍ പ്രമോദ്
തിരക്കഥ രഞ്ജന്‍ പ്രമോദ്
നിര്‍മ്മാണം 100 മങ്കീസ് പ്രൊഡക്ഷന്‍സ്

ചുറ്റുവട്ടത്തെവിടെയോ നടക്കുന്ന കുറേ സംഭവങ്ങളുടെ കൃത്രിമത്വം കലരാത്ത ആഖ്യാനമായി അനുഭവപ്പെടുത്താന്‍ സംവിധായകന് കഴിഞ്ഞിടത്താണ് രക്ഷാധികാരി ബിജു ഒപ്പ് ആസ്വാദ്യകരമായത്. സങ്കീര്‍ണ്ണമോ, സംഘര്‍ഷഭരിതമോ ആയൊരു സിനിമാക്കഥ സൃഷ്ടിക്കാതെ കുമ്പളം എന്ന നാട്ടിന്‍പുറത്തെയും അവരുടെ ജീവനാഡീയായ കുമ്പളം ബ്രദേഴ്സ് എന്ന ക്ലബ്ബിനെയും പരിചയപ്പെടുത്തുകയാണ് സംവിധായകന്‍. നായകന്‍ ബിജു മേനോന്‍ ഉള്‍പ്പെടെ നൂറിനടുത്ത് അഭിനേതാക്കളുടെ സ്വാഭാവികാഭിനയം. രഞ്ജന്‍ പ്രമോദ് എന്ന രചനയിതാവിന്റെയും സംവിധായകന്റെയും കാലോചിതമായ തിരിച്ചുവരവ്.

2017ല്‍ പ്രിയപ്പെട്ട, പൂര്‍ണമായും തൃപ്തിപ്പെടുത്തിയ ആറ് സിനിമകളില്‍ നിന്ന് പട്ടികയെ പത്ത് സിനിമകളുടെ എണ്ണത്തിലേക്ക് എടുത്താല്‍ ചെറുവിയോജിപ്പുകളൊഴിച്ച് തൃപ്തിപ്പെടുത്തിയ/രസിപ്പിച്ച
സിനിമകള്‍ കൂടി ചേര്‍ക്കാനാകും.

7. ആട് 2

8. ഗോദ

9. ഉദാഹരണം സുജാത

10. വര്‍ണ്യത്തില്‍ ആശങ്ക