നെടുനീളന്‍ സംഭാഷണങ്ങള്‍ കാണാപ്പാഠമാക്കിയത് ശ്വാസം വിടാതെ പറയുകയും നാടകത്തട്ടിനെ ഓര്‍മ്മപ്പെടുത്തി അതിവൈകാരികത ചൊരിഞ്ഞുമുള്ള ഭാവവിനിമയങ്ങളില്‍ നിന്ന് സ്വാഭാവികതയുടെയും സൂക്ഷ്മാഭിനയത്തിന്റെയും പ്രസരിപ്പാര്‍ന്ന ഇടങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു കൂട്ടംികച്ച അഭിനേതാക്കളെ പല സിനിമകളിലൂടെയായി മലയാളത്തിന് ലഭിച്ചിരിക്കുന്നു. കഥ പറച്ചിലില്‍, പരിചരണ രീതികളില്‍ കഥാപാത്ര നിര്‍മ്മിതിയില്‍, സമീപനത്തില്‍ ഒക്കെ വന്ന ചെറുതും വലുതുമായ മാറ്റങ്ങളില്‍ നിന്നാണ് ഇവരൊന്നും മറ്റൊരാളായി അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്ന തോന്നലുണ്ടാക്കാതെ ആ കഥാപാത്രങ്ങളെ അവിശ്വസനീയമാം വിധം വിശ്വസനീയമാക്കുന്നത്.

പല നായകതാരങ്ങളെയും വെല്ലുന്ന വിധം സ്വഭാവ നടന്‍മാരും നായികമാരുമൊക്കെ പ്രകടനം കാഴ്ച വയ്ക്കുമ്പോഴും ഫഹദ് ഫാസില്‍ അത്തരം വെല്ലുവിളി നേരിടുന്നത് കണ്ടിട്ടില്ല. ഏത് കഥാപാത്രങ്ങളിലേക്കും കുടിയേറാന്‍ പ്രാപ്തനായ നടന്‍ എന്ന നിലയില്‍ ഫഹദ് ഒരിക്കല്‍ കൂടി യുവതാരങ്ങള്‍ക്കിടയില്‍ പകരക്കാരില്ലാത്ത പ്രതിഭയാകുന്നുണ്ട്. 2017ല്‍ ആദ്യമെത്തിയ ടേക്ക് ഓഫിലെ മനോജ് എന്ന ഇന്ത്യന്‍ അംബാസിഡര്‍, രണ്ടാമതെത്തിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ കള്ളന്‍. വൈകാരിക രംഗങ്ങളില്‍ അതിഭാവുകത്വത്തിലേക്കോ നാടകീയതയിലേക്കോ പതറിച്ചിതറുന്ന സമകാലികര്‍ക്കിടയില്‍ നിയന്ത്രിതാഭിനയം കൊണ്ട് മാതൃക തീര്‍ക്കുന്നയാളുമാണ് ഫഹദ്

1. ഫഹദ് ഫാസില്‍ / തൊണ്ടിമുതലും ദൃക്‌സാക്ഷിയും

From Review : സൂപ്പര്‍താര ഇമേജുണ്ടാക്കാന്‍ ശ്രമിക്കാതെ മലയാള സിനിമയിലെ പുതുപരീക്ഷണങ്ങള്‍ക്ക് തന്നിലെ നടനെ വിട്ടുകൊടുത്തയാളാണ് ഫഹദ് ഫാസില്‍. മലയാള സിനിമയിലെ നവനിര ശ്രമങ്ങളുടെ വളര്‍ച്ച എത്ര ഉയരത്തിലേക്ക് പ്രവേശിക്കുമ്പോഴും ഫഹദ് ഫാസില്‍ എന്ന അഭിനേതാവിനെ കൂടി ആ വളര്‍ച്ചയുടെ വഴികളിലേറെയും ചേര്‍ത്തെഴുതേണ്ടിവരും. എന്ത് കൊണ്ട് വീണ്ടും ഫഹദ് എന്ന ചോദ്യത്തിന് ദിലീഷ് മുമ്പേ മറുപടി നല്‍കിയതാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും കാണുമ്പോള്‍ ആ ചോദ്യമുണ്ടാകില്ല. ഫഹദ് ഇതുവരെ ചെയ്തതില്‍ ഏറ്റവും സങ്കീര്‍ണതയുള്ള കഥാപാത്രമാണ് ഈ സിനിമയിലേത്. മാന്ത്രികന്റെ കൗശലവിദ്യപോലെ ഞൊടിയിടെയില്‍ ഭിന്ന വികാരങ്ങളിലേക്ക് മാറിമറഞ്ഞുപോകുന്നുണ്ട് ഫഹദിന്റെ കഥാപാത്രം. സമ്മര്‍ദ്ദപ്പെരുക്കത്തിലേക്ക് ചുറ്റുമുള്ളവരെയെല്ലാം എടുത്തെറിഞ്ഞ് കണ്ണുകളാല്‍ ചിരിക്കുന്നുണ്ട് ഈ കഥാപാത്രം. ബസ്സില്‍ നിന്നുള്ള ആദ്യ രംഗത്തില്‍ കണ്ണുകളിലൂടെയാണ് ഫഹദിനെ പരിചയപ്പെടുത്തുന്നുണ്ട്. കണ്ണുകളിലൂടെ മാത്രം തന്റെ കഥാപാത്രത്തെ സ്വഭാവസഹിതം പരിചയപ്പെടുത്തുന്നുണ്ട് ഈ നടന്‍. ഉള്‍വ്യഥയും സംഘര്‍ഷവും അമര്‍ഷവും പരിഹാസവുമൊക്കെ ഞൊടിയിടെ വന്നു മറയുന്ന കഥാപാത്രമാകാന്‍ മലയാളത്തില്‍ നിലവില്‍ മറ്റാരുണ്ടെന്ന ചോദ്യം ഈ സിനിമ അവശേഷിപ്പിക്കുന്നുണ്ട്. 

2. പാര്‍വതി / ടേക്ക് ഓഫ്

From Review : സമീറയുടെ കഥയാണ് ടേക്ക് ഓഫ്, സമീറയിലൂടെ നഴ്‌സ് സമൂഹത്തെ പ്രതിനിധീകരിക്കുകയാണ് ടേക്ക് ഓഫ്. ശ്വാസ നിശ്വാസങ്ങളാലും, മൗനങ്ങളാലും, ഭാവങ്ങളാലും വാചാലമാക്കിയിട്ടുണ്ട് സമീറയുടെ ഹര്‍ഷ സംഘര്‍ഷങ്ങളെ പാര്‍വതി. വരാനിരിക്കുന്ന പ്രധാന പുരസ്‌കാരങ്ങളില്‍ മികവ് മാനദണ്ഡമായാല്‍ മത്സരിക്കാന്‍ പാര്‍വതിയുടെ സമീറയുണ്ടാകും. സമീറയുടെ പ്രാരാബ്ധ ജീവിതവും, ഗര്‍ഭകാലവും, പ്രണയവുമെല്ലാം ശരീരഭാഷയിലും പാര്‍വതി അനുപമമാക്കി

3. നിമിഷാ സജയന്‍ / തൊണ്ടിമുതലും ദൃക്‌സാക്ഷിയും

From Review : നിമിഷാ സജയന്‍ എന്ന പുതുമുഖമാണ് ശ്രീജ എന്ന കഥാപാത്രമായിരിക്കുന്നത്. സംഭാഷണങ്ങളുടെ പിന്തുണയില്ലാതെയ പിന്തുണയില്ലാതെയാണ് പല സന്ദര്‍ഭങ്ങളിലെയും വൈകാരികാവസ്ഥയെ പ്രധാന കഥാപാത്രങ്ങള്‍ക്ക് പ്രതിഫലിപ്പിക്കേണ്ടിയിരുന്നത്. അതിഗംഭീരമായി ഈ കഥാപാത്രമായി മാറിയിട്ടുണ്ട് നിമിഷാ സജയന്‍. മലയാള സിനിമയ്ക്ക് തുടര്‍ന്നും അഭിമാനിക്കാന്‍ അവസരമൊരുക്കുന്ന അഭിനേത്രിയുടെ അരങ്ങേറ്റമായാണ് നിമിഷയുടെ പ്രകടനം.

4. അമല്‍ ഷാ-ഗോവിന്ദ് വി പൈ / പറവ

ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ഈ രണ്ട് അഭിനേതാക്കള്‍, പ്രാവ് വളര്‍ത്തലും കൗമാര പ്രണയവും സ്‌കൂള്‍ കോലാഹലങ്ങളും സൗഹൃദവും അടങ്ങുന്ന വിവിധ തലങ്ങളില്‍ ഒരിടത്തും കഥാപാത്രങ്ങളില്‍ നിന്ന് തെന്നിമാറാത്ത വിധം അനശ്വരമാക്കിയിരുന്നു ഇച്ചാപ്പിയെയും ഹസീബിനെയും. പ്രാവിനൊപ്പം ഉയരുന്ന ആഹ്ലാദങ്ങളില്‍ തോല്‍വിയിലേക്ക് വീഴുമെന്ന ചിന്തയില്‍ നിന്നുണ്ടാവുന്ന നുറുങ്ങലുകളില്‍, നഷ്ടപ്പെടലുകളില്‍ രണ്ട് കഥാപാത്രങ്ങളും ഇവരുടെ കയ്യില്‍ ഭദ്രമായിരുന്നു. ഇച്ചാപ്പിയായ അമല്‍ ഷാ, ഹസീബിനെ അവതരിപ്പിച്ച ഗോവിന്ദ് എന്നീ കുട്ടികള്‍, അവരുടെ അതിശയ പ്രകടനത്തിന്റേതാണ് പറവ.

5. ഐശ്വര്യ ലക്ഷ്മി / മായാനദി

From Review :  അപര്‍ണാ രവിയെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മി ഞണ്ടുകളുടെ നാട്ടില്‍ ഇടവേളയില്‍ നായികയായിരുന്നു. എടുത്തുപറയത്തക്ക പ്രകടനമായിരുന്നില്ല ആ സിനിമയിലേത്. മായാനദിയില്‍ അപര്‍ണയെന്ന കഥാപാത്രമായി ഉള്ളറിഞ്ഞ്് മാറിയിരിക്കുന്ന ഐശ്വര്യയെ കാണാം. സങ്കീര്‍ണതകളില്‍ ഉഴലുന്ന, സങ്കടങ്ങളെ കടന്നെത്തുന്ന ചിരിയായി തെളിയുന്ന,മയപ്പെടാതെ നിഷേധിക്കുന്ന,നെടുവീര്‍പ്പോടെ മടങ്ങുന്ന, സ്വയം പൊരുതി മുന്നേറുന്ന കഥാപാത്രത്തെ അതിഗംഭീരമാക്കിയിട്ടുണ്ട് ഐശ്വര്യലക്ഷ്മി.

6. വിനായകന്‍ / ആട് 2

വിനായകന്‍ ശരീരഭാഷ കൊണ്ടും ശൈലീകൃത അഭിനയത്തിന്റെ ഗാംഭീര്യത്തിലും നേരത്തെ തന്നെ അംഗീകാരം നേടിയ നടനാണ്. ക്വട്ടേഷന്‍ കഥാപാത്രമായി സ്ഥിരപ്പെടാനായിരുന്നു അയാളുടെ ദുര്യോഗം. ഉടലിന്റെ കറുപ്പുനിറവും നമ്മുടെ ഹീറോ ഇമേജുകള്‍ക്ക് നിര്‍ബന്ധമെന്ന് കരുതിപ്പോന്ന ‘കോമളത്വ’മില്ലായ്മയും വിനായകന് കോളനിയിലെ ക്രിമിനലായും അപകടകാരിയായ ഗുണ്ടയായുമുള്ള വേഷങ്ങളാണ് സമ്മാനിച്ചത്. ക്വട്ടേഷന്‍കാരനാണ് ഗംഗയെ കമ്മട്ടിപ്പാടം ചിത്രീകരിച്ചപ്പോള്‍ അയാളിലെ വയന്‍സിനും, ഗംഗയുടെ ചെറുത്തുനില്‍്പ്പിനുമെല്ലാം കൃത്യമായ രാഷ്ട്രീയവിശദീകരണം നല്‍കിയിരുന്നു. ഗംഗനായി മൂന്ന് കാലഘട്ടങ്ങളിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് വിനായകന്‍ കാഴ്ച വച്ചത്. കഥയെത്തി നില്‍ക്കുന്ന കാലത്ത് ഭയം വരിഞ്ഞുമുറുക്കിയ ശരീരഭാഷയുമായി തോല്‍ക്കാന്‍ മനസ്സില്ലാതെ നീങ്ങുന്ന ഗംഗന്‍ സിനിമ വിട്ടിറങ്ങിയാലും മനസ്സകലാതെ നില്‍ക്കുന്നതുമായിരുന്നു. കമ്മട്ടിപ്പാടം കാട്ടിയ ഗംഗനില്‍ നിന്ന് ഹൈ വോള്‍ട്ടേജ് ഡ്യൂഡിലേക്ക്.ദാമോദരന്‍ മകന്‍ എല്‍മാന്‍ ഇടക്കൊച്ചി അഥവാ ഡൂഡ് എന്ന കഥാപാത്രം വിനായകന്റെ മുന്‍കഥാപാത്രങ്ങളില്‍ നിന്നെല്ലാം മാറിനില്‍ക്കുന്ന മേക്ക് ഓവറായാണ് അനുഭവപ്പെട്ടത്. അയാളിലെ അഭിനേതാവ് വിരിഞ്ഞാടുന്ന കഥാപാത്രവുമായിരുന്നു ഡൂഡ്. സുലൈമാനായി തമിഴ്‌നാട്ടിലും ഡൂഡ് ആയി കേരളത്തിലുമെത്തുമ്പോള്‍ എത്ര അനായാസമായാണ് അയാളിടെ ഭാവവിനിമയം സംഭവിക്കുന്നത്.

7. സുരാജ് വെഞ്ഞാറമ്മൂട്/ തൊണ്ടിമുതലും ദൃക്‌സാക്ഷിയും

From Review: സുരാജ് വെഞ്ഞാറമ്മൂടിനെ പേരറിയാത്തവര്‍, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകളിലാണ് സ്വാഭാവികതയുടെ ചാരുതയുള്ള കഥാപാത്രമായി മുന്‍പ് കണ്ടിരുന്നത്. ഇവിടെ വൈക്കത്തുകാരന്‍ പ്രസാദ് ആയി അയാളുടെ ഹര്‍ഷസംഘര്‍ഷങ്ങളില്‍, ആധികളിലും ആകുലതകളിലും മറ്റൊരു നടനെ ഈ കഥാപാത്രമായി ചിന്തിക്കാനാകാത്ത വിധം പ്രതിനിധീകരിച്ചിട്ടുണ്ട് സുരാജ് വെഞ്ഞാറമ്മൂട്.

8. ടൊവിനോ തോമസ് / മായാനദി

From Review :  മാത്തന്‍ എന്ന കഥാപാത്രം ടൊവിനോയുടെ നിലവിലുള്ള എല്ലാ കഥാപാത്രങ്ങളെക്കാള്‍ പ്രകടനത്തില്‍ ഉയരെയാണ്. ഒരു വേളയില്‍ തന്നെ ജേതാവാക്കുന്ന ജീവിതത്തെ ഏത് അസ്ഥിരതയിലും പ്രതീക്ഷിക്കുന്ന കഥാപാത്രമായി ചിരിച്ചുനില്‍ക്കുന്ന കഥാപാത്രത്തെ ഭാവഭദ്രമാക്കിയിട്ടുണ്ട് ടൊവിനോ.

9. ഹരീഷ് കണാരന്‍ / ഗോദ, രക്ഷാധികാരി ബൈജു

അസാധ്യമായ ടൈമിങ്ങിനൊപ്പം സാന്ദര്‍ഭിക ഹാസ്യവും മികച്ച വണ്‍ലൈനറുകളുമായി സമീപകാല ചിത്രങ്ങളിലെല്ലാം പൊട്ടിച്ചിരിപ്പിച്ച നടന്‍. ഈ വര്‍ഷത്തെ മിക്ക സിനിമകളിലും സംഭാഷണങ്ങള്‍ക്ക് മുമ്പേ മുഖം സ്‌ക്രീനിലെത്തുമ്പോള്‍ നിറയുന്ന ചിരിക്ക് പിന്നില്‍ ഹരീഷ് പെരുമണ്ണയെന്ന നടനുണ്ട്. ഹരീഷിന്റെ സ്വതസിദ്ധ ശൈലിയും, കോഴിക്കോടന്‍ വാമൊഴിയുമൊക്കെ ചിരിക്ക് കാരണവുമാണ്.

10. ശരത് കുമാര്‍ / അങ്കമാലി ഡയറീസ്

പന്നിക്കൂട്ടങ്ങളിലേക്ക് ഇരച്ചെത്തുന്ന മെല്ലിച്ച മനുഷ്യന്‍. പിന്നീട് ആള്‍ക്കൂട്ടങ്ങളെ രണ്ട് വശത്തേക്കായി ഭയപ്പാടില്‍ നിര്‍ത്തി തോട്ടയുമായി എത്തുന്ന അപ്പാനി രവി എന്ന ഗുണ്ട. കാലടി സര്‍വകലാശാലയിലെ തിയറ്റര്‍ വിദ്യാര്‍ത്ഥിയായ ശരത്കുമാറിന്റെ ഗംഭീര തുടക്കം. അങ്കമാലി ഡയറീസ് സമ്മാനിച്ച 86 പുതുമുഖങ്ങളില്‍ മുന്നില്‍ നിന്നത് അപ്പാനി് രവിയായിരുന്നു.

Also Read : BEST 6 2017