4/5

ഒരു അപകടമോ, ആക്രമണമോ അരങ്ങേറിയ ഇടത്ത് നിന്നുള്ള ഹാഫ് വേ ഓപ്പണിംഗിലാണ് അരുവിയുടെ തുടക്കം. അവിടെ നടന്ന സംഭവങ്ങള്‍ക്ക് ഉത്തരവാദികളായ രണ്ട് പേര്‍
ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലാണ്. ഉത്കണ്ഠാകുലരായ ആള്‍ക്കൂട്ടവും, ഇരമ്പിയെത്തുന്ന മാധ്യമപ്പടയും, പോലീസിന്റെ നീക്കങ്ങളും, വിവിധ ചാനലുകളിലെ ബ്രേക്കിംഗ്
ന്യൂസ് ശകലങ്ങളും ഉള്‍ക്കൊള്ളുന്ന മൊണ്ടാഷുകള്‍ ഉണ്ടാക്കുന്ന ഉദ്വേഗപരത. ഭീകരവിരുദ്ധസ്‌ക്വാഡിലെ ഒരു ടീമിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥന് മുന്നില്‍ അരുവി എന്ന യുവതിയുണ്ട്. ആരാണ് അരുവിയെന്നും എന്താണ് അവിടെ സംഭവിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളായി വിവരിക്കപ്പെടുന്നു. സമാന്തരമായി അരുവിയുടെ അച്ഛനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടെ ഭൂതകാലത്തേക്ക് സഞ്ചരിക്കുന്നുണ്ട്. ഫ്‌ളാഷ് ബാക്കുകളില്‍ അരുവിയുടെ കുട്ടിക്കാലവും, കഥയെത്തിച്ചേര്‍ന്നിരിക്കുന്ന സംഭവവും സമാന്തരമായി കടന്നുവരുന്നു. ഇന്റര്‍കട്ടുകളിലൂടെ മുന്നേറുമ്പോള്‍ പ്രേക്ഷകര്‍ക്ക് പൂരിപ്പിച്ചെടുക്കാനാകുന്നത് അരുവി അവിടെ എത്തിച്ചേര്‍ന്ന സാഹചര്യം മാത്രമല്ല. അത്തരമൊരു സാഹചര്യം സൃഷ്ടിച്ച സാമൂഹ്യാവസ്ഥയില്‍ തങ്ങള്‍ ഓരോരുത്തരുടെയും പങ്കാളിത്തം എന്തായിരുന്നുവെന്നത് കൂടിയാണ്.

അരുണ്‍ പ്രഭു പുരുഷോത്തമന്‍ എന്ന സംവിധായകന്റെ ആദ്യ സിനിമയാണ് അരുവി. ത്യാഗരാജന്‍ കുമാരരാജയും നളന്‍ കുമാരസ്വാമിയും കാര്‍ത്തിക് സുബ്ബരാജും വെട്രിമാരനും ഉള്‍പ്പെടുന്ന നവനിര സെമി റിയലിസ്റ്റിക് ഘടനയിലൂടെയും വിവിധ genre സിനിമകളൊരുക്കിയും വൈവിധ്യതയുള്ള പ്രമേയങ്ങള്‍ക്കൊപ്പം തമിഴ് സിനിമയില്‍ മാറ്റത്തിന് കരുത്തേകിയിരുന്നു. ആ നിരയിലേക്ക് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന പ്രതിഭയായി കടന്നുവന്നിരിക്കുകയാണ് അരുണ്‍. അരുണ്‍ ആദ്യ സിനിമയൊരുക്കിയിരിക്കുന്നത് ഒരു പ്രാദേശിക ഭാഷാ ചിത്രത്തിന്റെ പരിധികളെയോ പരിമിതികളെയോ പരിഗണിച്ചല്ല. അരുവി സംസാരിക്കുന്നത് കാഴ്ചക്കാരാകുന്ന മനുഷ്യരോടത്രയുമാണ്. കല്‍പ്പിത ലോകത്തിന്റെ വ്യാജാനുഭവങ്ങളില്‍ നിന്നല്ല ഈ കഥ പറയുന്നത്. നമ്മുക്കിടയില്‍ നിന്നാണ്, നമ്മളറിയാതെ നമ്മള്‍ കൂടെ ഉത്തരവാദികളായ/പങ്കാളികളായ സാമൂഹ്യനിര്‍മ്മിതിയുടെ ഇരുണ്ട വശങ്ങളെക്കുറിച്ചാണ്. തെരഞ്ഞെടുത്ത പ്രമേയത്തില്‍, കഥനരീതിയില്‍, രംഗാവിഷ്‌കാരത്തില്‍, അഭിനേതാക്കളുടെ അനുപമ പ്രകടനത്താല്‍ തമിഴില്‍ നിന്ന് സമീപകാലത്ത് പുറത്തുവന്നതില്‍ ഏറ്റവും
മികച്ച ചിത്രമാകുന്നു അരുവി.

അരുവിയെന്ന പേരില്‍ സ്വച്ഛതയും തെളിനീരൊഴുക്കുമുണ്ട്. എന്നാല്‍ അത്തരമൊരു നിര്‍വചനം അന്യമായ അരുവിയെന്ന പെണ്‍കുട്ടിയിലേക്കാണ് സിനിമയുടെ സഞ്ചാരം. മൂല്യബോധങ്ങളിലും മാമൂലുകളിലുമായി കെട്ടിപ്പടുത്ത സാമൂഹ്യബോധം ശിക്ഷകരായ ആള്‍ക്കൂട്ടമായി പരിണമിക്കുമ്പോള്‍ പലവട്ടം സംഭവിച്ചവയില്‍ ഒന്ന്. അതിന് ദൃക്‌സാക്ഷിയാകുന്നതിനൊപ്പം അതിന്റെ ഉത്തരവാദിത്വം കൂടി നിങ്ങള്‍ക്കുണ്ടെന്ന് കാണിയോട് സംസാരിക്കുകയാണ് അരുവി.

വിവിധ genre മിശ്രണമാണ് കഥനരീതിയില്‍ അരുവി. സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളില്‍ നിന്ന് ഗൃഹാതുരതയാര്‍ന്ന ഒരു ഫാമിലി ഡ്രാമയുടെ അകപഥങ്ങളിലേക്കാണ് അരുണ്‍ പ്രഭു കഥ പറഞ്ഞെത്തുന്നത്. അരുവിയെന്ന തമിഴ് പെണ്‍കുട്ടിയുടെ കഥയാണ് ആ നേരങ്ങളിലും സിനിമ. അവിടെ നിന്ന് മീഡീയാ സെന്‍സേഷണലിസത്തിലേക്കും സമകാലിക സമൂഹത്തിലേക്കും സിനിമയെത്തുമ്പോള്‍ പ്രേക്ഷകര്‍ കൂടി കക്ഷി ചേരുന്ന ആഖ്യാനമാവുകയാണ് അരുവിയുടേത്. ബ്ലാക്ക് ഹ്യൂമറിന്റെയും സ്പൂഫിന്റെയും സറ്റയറിന്റെയുമൊക്കെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന വഴിതിരിയല്‍. ഊറിച്ചിരിപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്ന് അകം വിങ്ങുന്ന അനുഭവവിവരണത്തിലേക്ക്. അവിടെ നിന്ന് ഇമോഷണല്‍ ഡ്രാമയിലേക്കും ഡോക്യുമെന്ററി സ്വഭാവത്തിലേക്കുമൊക്കെ സെമി റിയലിസ്റ്റിക് ഘടനയില്‍ അരുവി മുന്നേറുകയാണ്. അരുവിയുടെയും എമിലിയുടെയും പിടച്ചിലും വിങ്ങലുമൊക്കെ അതേ ഭാവതലത്തില്‍ കാഴ്ചക്കാരിലുമെത്തുന്നു.

ആദ്യരംഗങ്ങളില്‍ ആംബുലന്‍സില്‍ അരുവി കൈയെത്തിപ്പിടിക്കുന്നത് എമിലിയെയാണ്. എമിലി എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം അരുവിക്ക് ആരായിരുന്നുവെന്നതിലേക്ക് കൂടിയാണ് തുടര്‍ന്നുള്ള ഫ്‌ളാഷ് ബാക്ക്. ജനിച്ചു,ജീവിച്ച മധ്യവര്‍ഗ്ഗ കുടുംബത്തിലും, സമൂഹത്തിലും എല്ലാ പ്രിവിലേജുകളും അനുഭവിച്ച് ജീവിച്ചയാളാണ് അരുവി. ഇളയ സഹോദരനേക്കാള്‍ കരുതലും പിന്തുണയും വാല്‍സല്യവുമൊക്കെ അവള്‍ക്ക് കുടുംബത്തില്‍ നിന്ന് കിട്ടിയിട്ടുണ്ട്. കുട്ടിയായിരിക്കെ പുകമണം പിടിക്കില്ലെന്ന് പറഞ്ഞപ്പോള്‍ മുതല്‍ സിഗരറ്റ് ഉപേക്ഷിച്ച അച്ഛനാണ് അരുവിയുടേത്. അച്ഛനോട് അരുവിക്ക് മറ്റാരേക്കാളും ഇഷ്ടവുമുണ്ട്. പ്രായമേറുമ്പോള്‍ പെണ്‍കുട്ടിയെന്ന നിലയില്‍ ‘കുടുംബവും, സമൂഹവും’ കല്‍പ്പിച്ച് നല്‍കിയ സ്വാതന്ത്ര്യത്തിന്റെ പരിമിതികളെക്കുറിച്ച് ആരൊക്കെയോ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അവിടെയും മുന്നേറാന്‍, ആഗ്രഹങ്ങള്‍ക്കൊത്ത്് പറന്നുയരാനാണ് അരുവി നോക്കുന്നത്. മീഡിയാ സെന്‍സേഷണലിസത്തെ വിമര്‍ശനാത്മമായി സമീപിച്ചുകൊണ്ട് സൊല്‍വതെല്ലാം സത്യം എന്ന ചാനല്‍ പ്രോഗ്രാമിനെ ബന്ധിപ്പിച്ചാണ് അരുവി ജീവിതത്തിലെ നിര്‍ണായക സംഭവ വികാസങ്ങള്‍ വെളിപ്പെടുത്തുന്നത്. ആക്ഷേപ ഹാസ്യസ്വഭാവത്തിലൂടെ കടന്നുപോകുന്ന ഈ രംഗങ്ങളിലൂടെ ശക്തമായ സാമൂഹ്യവിമര്‍ശത്തിന് ഇടം കണ്ടെത്തുന്നുണ്ട് സംവിധായകന്‍. തോക്കിന്‍ മുനയില്‍ അധികാരകേന്ദ്രീകരണം മാറിമറിയുമ്പോള്‍ എക്‌സ്ട്രാകളും ഓഫീസ് ബോയിമാരും സെക്യൂരിറ്റിയും അടങ്ങുന്ന മനുഷ്യര്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവഗണനയില്‍ നിന്ന് തലയുയര്‍ത്തുന്നതൊക്കെ ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട് ഈ സിനിമ.

സമൂഹവും കുടുംബവും കാത്തുപോരുന്ന മൂല്യധാരണകള്‍ ഒരാളെ ആഗ്രഹിക്കുന്ന ജീവിതത്തിന്റെ എതിര്‍ദിശയിലേക്ക് വലിച്ചെറിയുമ്പോഴുണ്ടാകുന്ന പിടച്ചിലും ഉള്‍വേവുമെല്ലാം അരുവിയിലുണ്ട്. അത് എമിലിയെന്ന ട്രാന്‍സ്‌ജെന്‍ഡറിനൊപ്പം ചേര്‍ത്ത് വായിക്കുമ്പോഴാണ് സിനിമ പൂര്‍ണമാകുന്നത്. ആംബുലന്‍സില്‍ മാത്രമല്ല, ജീവിതത്തിന്റെ ഏറ്റവും ദുഷ്‌കര ദിനങ്ങളിലും തൊട്ടടുത്ത് എമിലിയാണ് ഉള്ളത്. സമൂഹത്തിന്റെ, കുടുംബത്തിന്റെ അതിനപ്പുറം സര്‍വതിന്റെയും തിരസ്‌കാരത്തിന്റെ വേദന എമിലിയെക്കാള്‍ മറ്റാര്‍ക്കുമറിയില്ല. ജീവിക്കാനുള്ള അവരുടെ ആഗ്രഹം സമൂഹത്തിന് മുന്നില്‍ അപേക്ഷയായും യാചനയായും മാറുമ്പോള്‍ നാം ജീവിക്കുന്ന കാല്്ത്തിന്റെ നമ്മളടങ്ങുന്ന സമൂഹത്തിന്റെ നെറികേടുകളുടെ ആഴം മനസിലാകും. അതുകൊണ്ടാണ് അരുവിയുടെ ചോദ്യങ്ങളില്‍, ഉത്കണ്ഠകളില്‍, അവളുടെ തിരിച്ചറിവുകളില്‍ സ്‌ക്രീനിന് മുന്നിലെ കാഴ്ചക്കാരില്‍ കുറേ പേരെങ്കിലും ധര്‍മ്മ സങ്കടത്തിലാകുന്നത്. റിയലിസ്റ്റിക് അന്തരീക്ഷത്തില്‍ നിന്ന് പൊടുന്നനേ സിനിമാറ്റിക് എന്നോ ഫീല്‍ ഗുഡ് എന്നോ പറയാനാകുന്ന അന്ത്യത്തിലേക്ക് അരുവിയെ എത്തിച്ചതിന് പിന്നിലും അവരുടെ അതിജീവനം സാമൂഹ്യവ്യവസ്ഥിതിയിലെ പൊളിച്ചെഴുത്തിന് വഴിയൊരുക്കണമെന്ന സംവിധായകന്റെ ആഗ്രഹമാകാം.

ഭരണകൂടവും ലിംഗാധികാരവുമൊക്കെ പെണ്ണിനെ ഹിംസാത്മകമായി നേരിടുന്നതിനെ പല തലങ്ങളിലായി അരുവി കാണിച്ചിട്ടുണ്ട്. സൊല്‍വതെല്ലാം സത്യം എന്ന പ്രോഗ്രാം ഫ്‌ളോറില്‍ തന്നിലെ സ്ത്രീക്ക് മേല്‍ നടത്തിയ അധികാര പ്രയോഗത്തില്‍, ചൂഷണത്തില്‍ മാപ്പ് പറയണമെന്നാണ് അവളുടെ ആവശ്യം. തൊട്ടടുത്ത നിമിഷത്തില്‍ ആ കൂട്ടത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തുമ്പോള്‍ ആണും പെണ്ണും, അധികാരവും അന്യമായ ലോകം അവള്‍ കാട്ടുന്നുണ്ട്.

അതിഥി ബാലനാണ് അരുവിയുടെ റോളില്‍. വര്‍ഷാന്ത്യത്തില്‍ തമിഴില്‍ നിന്നുള്ള നിരൂപകരുടെ മികച്ച അഭിനേത്രി പട്ടികയില്‍ അതിഥിയുടെ പേരായിരുന്നു മിക്കവരുടെയും തെരഞ്ഞെടുപ്പ്. പ്രസരിപ്പോടെ പറന്ന് നടക്കുന്ന യുവതിയായും, കണ്ണില്‍ അഗ്നിയെരിയുന്നവളായും, അതിജീവനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ശരീരം തല്ലിക്കെടുത്തുമ്പോഴും മുന്നോട്ടായാന്‍ ശ്രമിക്കുന്ന ഷോട്ടുകളിലുമൊക്കെ സമാനതകളില്ലാത്ത പകര്‍ന്നാട്ടം അനുഭവമാകുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ എമിലിയുടെ റോളിലെത്തിയ അഞ്ജലി വരദനും അതിഗംഭീര പ്രകടനമാണ്. സാമൂഹ്യതിരസ്‌കാരത്തിന്റെ വേദനയത്രയും നോട്ടങ്ങളിലും ഭാവങ്ങളിലും ഉള്‍ക്കൊണ്ടുള്ള എമിലിയുടെ പ്രകടനം, അരുവിയുടെ അതിജീവനത്തിനായി അവളെക്കാള്‍ പോരാടുന്ന എമിലിയാണെന്ന് മനസിലാക്കിത്തരുന്ന രംഗങ്ങള്‍. ഷങ്കറിന്റെ ബ്രഹ്്മാണ്ഡ ചിത്രം ഐ ഉള്‍പ്പെടെ പരിഹാസ രൂപകങ്ങളായി അവതരിപ്പിച്ചിട്ടുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ ഒരു വലിയ പോരാട്ടത്തിന്റെ മുന്‍നിര പ്രതീകമായി അവതരിപ്പിക്കാന്‍ അരുണ്‍ പുരുഷോത്തമന്‍ നടത്തിയ ശ്രമവും അഭിനന്ദനീയമാണ്. അരുവിയെ സമൂഹം/കുടുംബം എങ്ങനെ പരിഗണിച്ചു എന്നതിന് സമാന്തരമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ മുന്നിലെത്തുമ്പോള്‍ സഹജീവികള്‍ നെറ്റിചുളിച്ചും,വെറുപ്പ് പ്രകടിപ്പിച്ചും നേരിടുന്നതിനെയും വിമര്‍ശനാത്മകമായി സംവിധായകന്‍ ചിത്രീകരിച്ചിട്ടുണ്ട്. ചാനല്‍ ഫ്‌ളോറിലെ ഓഫീസ് ബോയ് ആവര്‍ത്തിക്കുന്ന സംശയവും ഉല്‍ക്കണ്ഠയുമൊക്കെ അയാള്‍ ഉള്‍പ്പെടുന്ന പൊതുസമൂഹത്തിന്റെ രോഗാതുരതയില്‍ നിന്നുമുള്ളതാണ്.
വിയോജിപ്പുള്ളത് കഥാന്ത്യത്തിലെത്തുമ്പോള്‍ തന്നെ തിരസ്‌കരിച്ച സമൂഹത്തിന്/കുടുംബത്തിന് അരുവി കല്‍പ്പിക്കുന്ന പ്രാധാന്യത്തില്‍ എമിലിയുടെ ലിംഗസ്വത്വത്തെ വേണ്ടത്ര പരിഗണിച്ചോ എന്നതിലാണ്.

സൊല്‍വതെല്ലാം സത്യം എന്ന റിയാലിറ്റി ഷോയിലേക്ക് അരുവിയും എമിലിയും എത്തുമ്പോഴും യഥാര്‍ത്ഥത്തില്‍ സിനിമ നിര്‍ണായക ഭാഗത്തേക്ക് പ്രവേശിക്കുന്നത്. സിനിമയുടെ മൂഡിലേക്ക് എത്തിപ്പെട്ടെങ്കിലും നിരവധി ചോദ്യങ്ങളാല്‍ വലഞ്ഞിരിക്കുന്ന ആസ്വാദകര്‍ക്ക് മുന്നിലേക്ക് ബ്ലാക്ക് ഹ്യൂമറിന്റെ/ അസംബന്ധ നാടകത്തിന്റെ വന്യതലങ്ങളിലൂടെ സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയവും ഉല്‍ക്കണ്ഠയും സംവിധായകന്‍ വ്യക്തമാക്കുകയാണ്.

2013ല്‍ പൂര്‍ത്തിയായ തിരക്കഥയെ മുന്‍നിര്‍ത്തി തുടര്‍വര്‍ഷങ്ങളില്‍ നടത്തിയ ആലോചനയില്‍ നിന്നാണ് 2017ല്‍ ചിത്രം പൂര്‍ത്തിയായതെന്ന് അരുണ്‍ പ്രഭു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അരുവിയെന്ന കഥാപാത്രത്തെ തിരക്കഥാകത്ത്/ സംവിധായകന്‍ കഥാഘടനയില്‍ രൂപപ്പെടുത്തിയ രീതിയും ആകര്‍ഷകമാണ്. ചിരിപ്പിച്ചാല്‍ ചോക്ലേറ്റ് തരാമെന്ന് സഹപാഠിയോട് പറയുന്ന അരുവിയെ, നാപ്കിന്‍ ചോദിച്ച ക്ലാസ്‌മേറ്റിനെ പരിഹസിച്ചവളെ, പ്രണയം പറഞ്ഞ പയ്യനെ അവഹേളിച്ചുവിടുന്ന അരുവി സ്വന്തം ജീവിതം വിരുദ്ധദിശയില്‍ എത്തുമ്പോള്‍ തന്നെ കരയിക്കാന്‍ ആവശ്യപ്പെടുന്നതും, പ്രപ്പോസ് ചെയ്യാന്‍ ആഞ്ജാപിക്കുന്നതും കാണാം. എല്ലാ വിധ പ്രിവിലേജുകളും അനുഭവിച്ച് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ‘സംരക്ഷണ കവചത്തില്‍’ ജീവിക്കുന്നതും അതിന് പുറത്ത് തിരസ്‌കരിക്കപ്പെട്ട് ജീവിക്കുമ്പോഴുമുള്ള വൈരുദ്ധ്യത്തെ ഈ രംഗങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്.

അരുവിയുടെ ഭാവപരിണാമങ്ങളെ പരിഗണിച്ചാണ് ഷെല്ലി കാലിസ്റ്റിന്റെ ഛായാഗ്രഹണം. ഒരു ഡോക്യുമെന്ററിയുടെ കാഴ്ചയിലെന്ന പോലെ റിയലിസ്റ്റിക് മൂഡ് അനുഭവപ്പെടുത്തിയാണ് ക്ലൈമാക്‌സിലേക്ക് കടക്കുന്ന ഭാഗങ്ങളെങ്കില്‍ അരുവിയുടെ ചെറുപ്പകാലം ഗൃഹാതുരയുടെ നിറച്ചാര്‍്ത്തുകളിലാണ് ഫ്രെയിമില്‍ നിറയുന്നത്. സമൂഹം തിരസ്‌കരിച്ചവര്‍ക്കൊപ്പം അരുവിയും എമിലിയും ജീവിതം തുടരുമ്പോള്‍ ഫ്രെയിമുകളില്‍ അവരുടെ പ്രാതിനിധ്യം അത്തരത്തില്‍ കണ്‍സീവ് ചെയ്യപ്പെട്ടിട്ടുണ്ട്. റെയ്മണ്ട് ഡെറിക് കാസ്റ്റ് എന്ന ചിത്രസംയോജകന്റെ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്.

ബിന്ദു മാലിനിയും വേദാന്ത് ഭരദ്വാജുമാണ് അരുവിയുടെ സംഗീതമൊരുക്കിയത്. സിനിമയുടെ ഭാവതലത്തോട് ലയിച്ചുനില്‍ക്കുന്ന വിധം ബഹളമയമല്ലാത്ത പശ്ചാത്തലം. ബിന്ദു മാധവിയുടെ ശബ്ദത്തിലുള്ള താന താന എന്ന് തുടങ്ങുന്ന അരുവിയുടെ തീം മ്യൂസിക്ക് പതിഞ്ഞ താളത്തില്‍ ഉള്ളു തൊടും വിധമാണ് ഒരുക്കിയിരിക്കുന്നത്. ക്ലൈമാക്‌സിലെത്തുമ്പോള്‍ ഈ തീം മ്യൂസിക് കുറേക്കൂടി ശോകാര്‍ദ്രമായി കടന്നുവരുന്നുമുണ്ട്. ലിബര്‍ട്ടി സോംഗ് എന്ന് വിശേഷിപ്പിക്കുന്ന സിമന്‍്ട്ര് കാര്‍ഡ് സിനിമയുടെ മൂഡ് ചേഞ്ചിനൊപ്പം ചേര്‍ന്നുനില്‍ക്കുന്നതുമാണ്. സവിശേഷമായ പരിചരണ രീതി കൊണ്ട് സന്തോഷ് നാരായണന് ശേഷം തമിഴകത്ത് നവനിര സിനിമകള്‍ ഇനി പരിഗണിക്കാനിരിക്കുന്ന സംഗീത സംവിധായകര്‍ ഇവരായിരിക്കുമെന്ന് തോന്നുന്നു. സിനിമയ്ക്ക് പുറത്തും അരുവിയുടെ മൂഡ് സൃഷ്ടിക്കാന്‍ ശേഷിയുള്ളതുമാണ് പാട്ടുകളും പശ്ചാത്തലവും.