മടുപ്പന്‍ ഫോര്‍മുലകളില്‍ നിന്ന് ശൈലീ നവീനതകളിലേക്ക് മലയാളിയെ കൂടെനടത്തിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. നായകന്‍ മുതല്‍ ആമേന്‍ വരെയുള്ള സിനിമകളിലൂടെ സ്വതന്ത്രമായ ശൈലി പരിചയപ്പെടുത്തിയ ലിജോ പെല്ലിശ്ശേരി ഗാംഗ്സ്റ്റര്‍ കോമഡി സ്വഭാവത്തിലുള്ള ഡബിള്‍ ബാരല്‍(ഇരട്ടക്കുഴല്‍) എന്ന ചിത്രവുമായി ഓണത്തിന് എത്തുകയാണ്. ലിജോ ജോസ് പെല്ലിശേരിയുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.

മലയാളിക്ക് കാഴ്ചയുടെ കനവ്കാലമാണ് ആമേന്‍ സമ്മാനിച്ചത്. അടുത്ത സിനിമക്കായി പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സംവിധായകനുമായി  ലിജോ പെല്ലിശേരി മാറി. ഡബിള്‍ ബാരല്‍ ടീസറിലും ട്രെയിലറിലുമൊന്നും പിടിതരാത്ത ഒരു സിനിമയാണല്ലോ?

ഡബിള്‍ ബാരല്‍ ഒരു കോമിക് ബുക്ക് വായിക്കും പോലെ കൂള്‍ ആയി പ്രേക്ഷകര്‍ക്ക് കണ്ട് തീര്‍ക്കാവുന്ന ഒരു സിനിമയാണ്. സിനിമ എന്ന രീതിയില്‍ ഡബിള്‍ ബാരലിനെ ഞാന്‍ സമീപിച്ച രീതിയും ട്രീറ്റ്‌മെന്റും വ്യത്യസ്ഥമാണ്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം  ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണ്‍ കാണുന്നത് പോലെ ഈ സിനിമ കാണാനാകും
എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഒരു നായകനെയോ നായികയോ കേന്ദ്രീകരിച്ചുള്ള സിനിമ അല്ല ഡബിള്‍ ബാരല്‍. ക്യാമറയ്ക്ക് മുന്നിലെത്തുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും കൃത്യമായ പ്രാധാന്യമുണ്ട്. ഗാംഗ്‌സ്റ്റര്‍ കോമഡി സ്വഭാവത്തിലാണ് ഈ സിനിമ. എന്നാല്‍ അത്തരമൊരു genre മാത്രം നില്‍ക്കുന്ന സിനിമയുമല്ല. എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ഉള്‍ക്കൊള്ളാനും എന്‍ജോയ് ചെയ്യാനും പറ്റുന്ന വളരെ സിംപിള്‍ ആയിട്ടുള്ള ഒരു സിനിമ.

ഫഹദ് ഫാസിലിനെയാണ് ആദ്യം നിശ്ചയിച്ചിരുന്നത് പിന്നെ ഈ റോളിലേക്ക് ആര്യ വരുന്നു,മലയാളത്തിന് പുറത്തുള്ള മാര്‍ക്കറ്റ് ലക്ഷ്യം വച്ചാണോ ഈ നീക്കം?

സിനിമ ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് ബാക്കിയുള്ള കമ്മിറ്റ്‌മെന്റ്‌സ് കാരണം ഫഹദിന് പിന്‍മാറേണ്ടി വന്നു. അപ്പോള്‍ ഫഹദിന്റെ സ്ഥാനത്തേക്ക് മറ്റൊരാളെ കാസ്റ്റ് ചെയ്യേണ്ട വന്നു. ആര്യയ്ക്ക് താല്‍പ്പര്യമുണ്ടെന്ന് മനസ്സിലാക്കിയാണ് ഞങ്ങള്‍ സമീപിച്ചത്. പിന്നെ സിനിമയുടെ സ്വഭാവം ഒരു പ്രാദേശിക സിനിമയുടേതല്ല. സിനിമകള്‍ കാണുന്ന ഏതൊരാള്‍ക്കും സ്വീകാര്യമാകുന്ന ട്രീറ്റ്‌മെന്റും സ്വഭാവവുമാണ് ഡബിള്‍ ബാരലിന്റേത്. ആര്യ കൂടി സിനിമയിലെത്തുമ്പോള്‍ സൗത്ത് ഇന്ത്യയില്‍ സിനിമയ്ക്ക് കുറച്ചുകൂടി റീച്ച് ലഭിക്കും എന്നത് കൂടി പരിഗണിച്ചിരുന്നു.

മലയാളത്തിന് പുറമേ തമിഴിലും റിലീസ് പ്ളാന്‍ ഉണ്ടോ?

മലയാളത്തിനൊപ്പം തമിഴിലും റിലീസ് ചെയ്യാന്‍ തന്നെയാണ് തീരുമാനം. ഒരേ സമയം രണ്ട് ഭാഷകളിലും പ്രദര്‍ശനത്തിനെത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീടത് മാറ്റി. മലയാളം റിലീസിന് പിന്നാലെ തമിഴ് റിലീസ് ഉണ്ടാകും.

ഒരു വര്‍ഷത്തിലേറെ നീണ്ട സമയമെടുത്താണ് ഡബിള്‍ ബാരല്‍ പൂര്‍ത്തിയാക്കുന്നത്,എന്തു കൊണ്ടാണ് ഇത്രയും സമയമെടുത്തത്?

പെര്‍ഫെക്ഷനോടെ സിനിമ പ്രേക്ഷകരിലെത്തണം എന്ന നിര്‍ബന്ധമാണ് ഇത്ര സമയമെടുക്കാന്‍ കാരണം. ഒരു സിനിമ പ്രേക്ഷകരിലെത്തിക്കുമ്പോള്‍ എല്ലാ മേഖലയിലും പൂര്‍ണ്ണതയുണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നേരത്തെ തന്നെ ഒരു സമയപരിധി നിശ്ചയിച്ച് സിനിമ തിയറ്ററുകളിലെത്തിക്കുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഡബിള്‍ ബാരല്‍ ആളുകള്‍ പ്രതീക്ഷിക്കുന്ന സമയത്ത് തട്ടിക്കൂട്ടി എത്തിച്ചാല്‍ അതിന്റെ പോരായ്മകളെക്കുറിച്ചും അപൂര്‍ണ്ണതയെക്കുറിച്ചും ആയിരം വിമര്‍ശനങ്ങളാണ് ഉയരുക. ഞാന്‍ ആഗ്രഹിക്കുന്ന ക്വാളിറ്റിയില്‍ സിനിമ തിയറ്ററുകളിലെത്തിക്കണം എന്ന് തീരുമാനിച്ചപ്പോള്‍ അതിന് ആവശ്യമായ സമയം എടുത്തു. അതുകൊണ്ട് തന്നെ വൈകിയെത്തുന്ന സിനിമ എന്ന് പറയാനാകില്ല. ട്രീറ്റ്‌മെന്റിനാവശ്യമായ സമയം ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും നല്‍കിയാണ് സിനിമ പൂര്‍ത്തിയാക്കിയത്. ഏതെങ്കിലും സെക്ഷനില്‍ സമയം കിട്ടാത്തത് കൊണ്ട് പൂര്‍ണ്ണത വരുത്താനായില്ല എന്ന പരാതി പിന്നീടുണ്ടാകരുത് എന്ന് കരുതി. ഈ സിനിമ കാണുന്നവര്‍ക്ക് എന്ത് കൊണ്ട് ഇത്ര സമയമെടുത്തുവെന്ന സംശയമുണ്ടാകില്ല. റിലീസ് ഇത്രയും വൈകിയത് എന്താണെന്ന വിഷമവും ഉണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം.

ആമേന്‍ മലയാളത്തില്‍ പുതുഭാവുകത്വം അനുഭവപ്പെടുത്തിയ സിനിമയായാണ് പരിഗണിക്കപ്പെടുന്നത്. ആ സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയ്ക്ക് പിന്നാലെയാണ് ലിജോയുടെ ആദ്യ ചിത്രമായ നായകനും പിന്നീടുള്ള സിറ്റി ഓഫ് ഗോഡും കൂടുതല്‍ പേര്‍ കണ്ടുതുടങ്ങിയത്. ആദ്യ സിനിമകള്‍ക്ക് വൈകിയാണ് അംഗീകാരം കിട്ടിയത്?

അങ്ങനെ ഞാന്‍ കരുതുന്നില്ല, സിറ്റി ഓഫ് ഗോഡ് എന്ന സിനിമ ഇറങ്ങിയ സമയം ഹൈപ്പര്‍ലിങ്ക് നരേറ്റീവ് സിനിമകള്‍ നമ്മുടെ പ്രേക്ഷകര്‍ക്ക് അത്ര പരിചിതമായിരുന്നില്ല. പിന്നീട് അത്തരം സിനിമകള്‍ കൂടുതലായി വരികയും കണ്ടുതുടങ്ങുകയും ചെയ്തതിന് ശേഷമാണ് സിറ്റി ഓഫ് ഗോഡിന് സ്വീകാര്യത ലഭിച്ചത്. മൂന്ന് തട്ടിലുള്ള കഥ, എഡിറ്റിംഗിലെ രീതിമാറ്റം എന്നിവയെല്ലൊം സ്വീകരിക്കാനും അത്തരമൊരു സിനിമയുടെ അനുഭവത്തിലേക്ക് എത്താനും കുറച്ച് സമയമെടുത്തു എന്ന് മാത്രം. പിന്നെ സിറ്റി ഓഫ് ഗോഡ് റിലീസ് ചെയ്യുന്നതിലും മാര്‍ക്കറ്റ് ചെയ്യുന്നതിലും നല്ല വീഴ്ചയുമുണ്ടായിരുന്നു. സിനിമ റിലീസ് ചെയ്തത് പോലും ആരും അറിഞ്ഞിരുന്നില്ല. ഏതായാലും ആമേന് മുമ്പുള്ള എന്റെ സിനിമകള്‍ ഇപ്പോള്‍ കൂടുതല്‍ പേര്‍ കാണുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത്രയും സന്തോഷം.

വാണിജ്യ സിനിമയുടെ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും വിധേയപ്പെടാതെ സിനിമ ചെയ്യാനാകുന്നുണ്ടോ? നായകന്‍ മുതല്‍ ആമേന്‍ വരെയുള്ള സിനിമകളില്‍ ലിജോ പെല്ലിശേരി എന്ന സംവിധായകന്റെ സ്വതന്ത്രമായൊരു ശൈലി നിലനിര്‍ത്തിയിട്ടുണ്ട്. നമ്മുടെ സാമ്പ്രദായിക സിനിമാ രീതികളോട് മുഖംതിരിച്ചാണ് എല്ലാ സിനിമകളും?

ഏത് മേഖലയിലാണെങ്കിലും നമ്മള്‍ കാലങ്ങളായിട്ട് പിന്തുടരുന്ന പല കാര്യങ്ങളും അതേ പടി പിന്തുടരേണ്ടതില്ല എന്ന നിലപാടുള്ള ആളാണ് ഞാന്‍. സിനിമയുടെ കാര്യത്തിലും ഇതേ നിലപാടാണുള്ളത്. എനിക്ക് ഇഷ്ടപ്പെട്ട സിനിമ ചെയ്യണം എന്ന ആഗ്രഹത്തിലൂന്നിയാണ് ഓരോ സിനിമയും. അതിന് വേണ്ടി കൂടുതല്‍ സമയമെടുത്തേക്കാം. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന നിശ്ചിത ഇടവേളകളില്‍ സിനിമയുമായി വരാനാകണം എന്നില്ല. പിന്നെ, എന്റെ സിനിമകള്‍ക്ക് uniqueness ഉണ്ടെന്നും സവിശേഷമായ ശൈലിയാണെന്നും തോന്നുന്നുവെങ്കില്‍ അത് വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ് എന്നാണ് പറയാനുളളത്. ഓരോ സിനിമയ്ക്കും വേണ്ടി കൃത്യമായ ഹോംവര്‍ക്കും തയ്യാറെടുപ്പും നടത്തിയിട്ടുണ്ട്. ഞാന്‍ ചെയ്യുന്ന ഓരോ സിനിമയ്ക്കും മൗലികതയും സ്വതന്ത്രശൈലിയും ഉണ്ടാകണം എന്ന ആഗ്രഹത്തോടെയാണ് ഇത് ചെയ്യുന്നത്. അത് സാക്ഷാല്‍ക്കരിക്കാന്‍ കൂടുതല്‍ സമയമെടുക്കേണ്ടി വന്നേക്കാം. എങ്കിലും ഞാന്‍ ഇഷ്ടപ്പെടുന്ന സിനിമ മാത്രമേ ചെയ്യൂ എന്ന നിലപാടില്‍ നിന്ന് മാറാന്‍ തയ്യാറല്ല. ആമേന്‍ കഴിഞ്ഞ ശേഷം എന്നെ കാണാനെത്തിയ നിര്‍മ്മാതാക്കളെല്ലാം മറ്റൊരു ആമേന്‍ ആണ് ആവശ്യപ്പെട്ടത്. ആമേന്‍ പോലൊരു സിനിമ. ഞാന്‍ മറുപടി പറഞ്ഞത് ആമേന്‍ അവിടെ അവസാനിച്ചു, ആ സ്വഭാവത്തിലൊരു സിനിമ ചെയ്യുന്നില്ല എന്നാണ്. ഡബിള്‍ ബാരല്‍, ആമേന്‍ എന്ന സിനിമയുടെ ശൈലിയില്‍ നിന്ന് എക്‌സ്ട്രീം ഓപ്പസിറ്റാണ്. അര്‍ബന്‍ സ്വഭാവത്തിലൊരു സിനിമയാണിത്. കഥാപാത്രങ്ങളുടെ സ്വഭാവത്തിലും ട്രീറ്റ്‌മെന്റിലുമെല്ലാം എന്റെ മുന്‍സിനിമകളില്‍ നിന്നെല്ലാം തികച്ചും വേറിട്ട് നില്‍ക്കുന്ന ഒന്നാണ് ഈ സിനിമ.

നായകന്‍ മുതല്‍ ഡബിള്‍ ബാരല്‍ വരെയുള്ള സിനിമകള്‍ ഓരോ സ്വഭാവത്തിലുള്ളതാണ്. ഓരോ സിനിമയും ഓരോ GENRE ആകണമെന്നും ഒരേ സ്വഭാവമുള്ള സിനിമയുടെ കംഫര്‍ട്ട് സോണില്‍ നില്‍ക്കേണ്ടതില്ല എന്നും തീരുമാനിച്ചിട്ടുണ്ടോ?

അത് മനപ്പൂര്‍വ്വം ചെയ്യുന്നതാണ്. എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ട എല്ലാ ചലച്ചിത്രകാരന്‍മാര്‍ ഇങ്ങനെ വ്യത്യസ്ഥ സ്വഭാവത്തില്‍ ചെയ്യുന്നവരാണ്. കെ.ജി ജോര്‍ജ്ജ് സാര്‍ ആണെങ്കിലും സ്റ്റാന്‍ലി കുബ്രിക്ക് ആണെങ്കിലും വ്യത്യസ്ഥ genre സിനിമകളാണ് ചെയ്തിരുന്നത്. ഒരേ സ്വഭാവത്തിലുള്ള സിനിമ വീണ്ടും വീണ്ടും ഉണ്ടാക്കുമ്പോള്‍ നമ്മളില്‍ മടുപ്പുണ്ടാകും. എന്നിലെ ചലച്ചിത്രകാരന് സിനിമയോടുള്ള പാഷന്‍ നഷ്ടമാകരുത് എന്ന നിര്‍ബന്ധത്തിലാണ് ഓരോ സിനിമയും ഓരോ സ്വഭാവത്തില്‍ ഒരുക്കാന്‍ ശ്രമിക്കുന്നത്.

സംവിധായകന്റെ ആഗ്രഹത്തിനൊപ്പമുള്ള വലിയ പരീക്ഷണത്തിന് മലയാളത്തില്‍ അങ്ങനെ ഒരു സ്‌പേസ് ഉണ്ടോ? പരിമിതമായ ബജറ്റും വാണിജ്യസാധ്യതയും തടസ്സമല്ലേ?

എത്ര തന്നെ ഭിന്നമായ കാഴ്ചപ്പാടുകളില്‍ സിനിമ ഉണ്ടാക്കിയാലും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള എന്‍ഡ് പ്രൊഡക്ടില്‍ ഒരു റിസ്‌കുണ്ട്. നമ്മള്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടുണ്ടാക്കിയ സിനിമ കാണുന്ന എല്ലാവരെയും തൃപ്തിപ്പെടുത്തണം എന്നില്ല. ലോകത്തിലുള്ള എല്ലാ ആസ്വാദകരെയും ഹാപ്പിയാക്കാവുന്ന സിനിമയുണ്ടാക്കാനും എപ്പോഴുമാകില്ല. ഒരു ഗാംബ്ളിംഗ് സ്വഭാവം ഷോ ബിസിനസ് എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ സിനിമയിലുമുണ്ട്. പിന്നെ ബജറ്റ് പറഞ്ഞ് പ്രേക്ഷകരെ ഞെട്ടിക്കുന്ന സമയം കഴിഞ്ഞു. ആയിരം കോടി മുടക്കിയാലും പുറത്തിറങ്ങുന്ന പ്രൊഡക്ടില്‍ ആ ക്വാളിറ്റി ഇല്ലെങ്കില്‍ എന്ത് കാര്യം. കെ.ടി കുഞ്ഞുമോന്‍ സാറാണ് ആദ്യമായി വന്‍ബജറ്റ് സിനിമ എന്ന ആശയം പോസ്റ്ററില്‍ പരസ്യപ്പെടുത്തിയതെന്ന് തോന്നുന്നു. രണ്ടരക്കോടി മുതല്‍ മുടക്കില്‍ രാജസ്ഥാനിലും നിരവധി വിദേശരാജ്യങ്ങളിലും ചിത്രീകരിച്ച സിനിമ എന്ന പരസ്യം. ഇന്ന് അത്തരമൊരു പരസ്യം പ്രേക്ഷകരെ ആകര്‍ഷിക്കുമോ? നൂറും നൂറ്റിയമ്പത് കോടിയും മുടക്കുമുതലുള്ള സിനിമകള്‍ ദിനംപ്രതി ലോകത്തിന്റെ പല കോണില്‍ നിന്നും  ഇറങ്ങുന്നു. നമ്മുടെ ഇന്‍ഡസ്ട്രിയുടെ പരിമിതി ഒരു തരത്തിലും ഈ സിനിമയുടെ കാര്യത്തില്‍ പരിഗണിച്ചിട്ടില്ല. ഈ സിനിമ എവിടെ നിര്‍മ്മിച്ചാലും മുടക്കേണ്ടി വരുന്ന അത്രയും ബജറ്റ് നിര്‍മ്മാണത്തിനായി ഡബിള്‍ ബാരലിനായി നീക്കിവച്ചിരുന്നു. ടെക്‌നീഷ്യന്‍സും ആക്ടേഴ്‌സും കൂടെ നിന്നത് കൊണ്ടാണ് ഇത് സാധ്യമായത്.

ഡബിള്‍ ബാരല്‍ സൂപ്പര്‍താരചിത്രങ്ങളോടാണ് ഓണത്തിന് മത്സരിക്കേണ്ടത്, നമ്മുടെ ആസ്വാദനശീലങ്ങള്‍ ഇപ്പോഴും സാമ്പ്രദായിക ശൈലിയിലുള്ള വാണിജ്യ സിനിമകളെ വിജയിപ്പിക്കുന്നതല്ലേ, വലിയൊരു മത്സരം ഓണത്തിന് നേരിടാന്‍ പ്രാപ്തമാണോ ഡബിള്‍ ബാരല്‍?

നല്ല സിനിമകളെ ആസ്വദിക്കുകയും സിനിമയിലെ എല്ലാ തരം പുതുമകളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ലോകത്തെ എല്ലാ പ്രേക്ഷകരെയും അഡ്രസ് ചെയ്യാനാകണം എന്ന നിലയ്ക്കാണ് ഞാന്‍ സിനിമ ഒരുക്കാറുള്ളത്. കേരളത്തിലുള്ള പ്രേക്ഷകരെ മാത്രം മുന്‍നിര്‍ത്തിയുള്ള സിനിമ എന്ന ചിന്തയില്‍ അല്ല സിനിമയെ സമീപിക്കാറുള്ളത്. ലോകത്തെ എല്ലാ കോണില്‍ നിന്നും ഓരോ ദിവസവും പുറത്തിറങ്ങുന്ന സിനിമകള്‍ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന പ്രേക്ഷകരാണ് കേരളത്തിലേത്. മലയാളത്തിലെ ഒരു സിനിമയിലെ ഗ്രാഫിക്‌സിനെയും ആനിമേഷനെയും ട്രീറ്റ്‌മെന്റിനെയും താരതമ്യം ചെയ്യുന്നത് ലോകത്തിലെ വേറെ എതെങ്കിലും കോണില്‍ നിന്നെത്തിയ സിനിമയുമായിട്ടാണ്. ഒരു ദിവസം പുറത്തിറങ്ങുന്ന എല്ലാ ഭാഷാ സിനിമകളും പ്രേക്ഷകര്‍ക്ക് ലഭ്യമാണ്. ശരിക്കും നമ്മള്‍ മത്സരിക്കുന്നത് ലോകത്തെ എല്ലാ ഭാഗത്തും ഇറങ്ങുന്ന സിനിമയോടാണ്. അത്തരമൊരു താരതമ്യത്തിനുള്ള നിലവാരത്തിനായി ഡബിള്‍ ബാരലിലൂടെ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ ദിവസം ലോകത്ത് എല്ലാ കോണില്‍ നിന്നും തിയറ്ററുകളിലെത്തുന്ന എല്ലാ സിനിമകളോടുമാണ് ഈ സിനിമയ്ക്ക് മത്സരിക്കേണ്ടി വരിക. സിനിമ ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും ആസ്വദിക്കാനാകുന്ന ഒരു സിനിമ എന്ന കണ്‍സ്‌പെടിലാണ് ഡബിള്‍ ബാരല്‍. പിന്നെ, ഓണത്തിന് ഇറങ്ങുന്ന സിനിമകളെല്ലാം ഓരോ സ്വഭാവത്തിലുളളതാണ്. വലിയ മുതല്‍മുടക്കുള്ള സിനിമ എന്ന നിലയില്‍ ഒരു ഫെസ്റ്റിവല്‍ സീസണ്‍ ആണ് ഡബിള്‍ ബാരലിനും ഗുണം ചെയ്യുക. പ്രേക്ഷകര്‍ക്കും വിവിധ സ്വഭാവത്തിലുളള സിനിമകള്‍ ഒരുമിച്ചെത്തുന്നത് കൊണ്ട് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും. കേരളത്തില്‍ സിനിമകളെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല റിലീസിംഗ് സമയമാണ് ഓണം.

ഇവിടെ താരങ്ങളുടെയും ടെക്‌നീഷ്യന്‍മാരുടെയും പ്രതിഫലം കഴിഞ്ഞാല്‍ സിനിമയുടെ നിര്‍മ്മാണത്തിന് മുടക്കാന്‍ കാശില്ലാതാകുന്ന സാഹചര്യമാണെന്ന് പലരും പരാതി പറയുന്നത് കേട്ടിട്ടുണ്ട്, ഡബിള്‍ ബാരലില്‍ ആണെങ്കിലും ബജറ്റിന്റെ മുക്കാല്‍ ഭാഗവും അഭിനേതാക്കള്‍ക്കും ടെക്‌നീഷ്യന്‍സിനുമല്ലേ ചെലവിടേണ്ടി വരിക?

ഞാനുള്‍പ്പെടെ ഒട്ടുമിക്ക ടെക്‌നീഷ്യന്‍സും അവരുടെ പ്രതിഫലത്തില്‍ നന്നായി കോംപ്രമൈസ് ചെയ്താണ് ഈ സിനിമയുടെ ക്വാളിറ്റി ഉറപ്പുവരുത്താന്‍ ശ്രമിച്ചത്. ഞാന്‍ ഈ സിനിമയുടെ ഈക്വല്‍ പാര്‍ട്ണറാണ്. ആമേന്‍ മുവീ മൊണാസ്ട്രി എന്ന എന്റെ പ്രൊഡക്ഷന്‍ ബാനറുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. പൃഥ്വിരാജും ആര്യയും ഉള്‍പ്പെടെയുളള താരങ്ങളും ക്യാമറാമാനും സൗണ്ട് ഡിസൈനറുമെല്ലാം പ്രതിഫലം മിനിമലായി പരിഗണിച്ചാണ് സിനിമയുടെ ക്വാളിറ്റിക്ക് വേണ്ടി കൂടുതല്‍ മുതല്‍ മുടക്ക് എന്ന പ്ളാനിന്റെ ഭാഗമായത്. ഓഗസ്റ്റ് സിനിമയുടെ പിന്നിലുള്ള പൃഥ്വിരാജും ഇന്ദ്രജിത്തും ആര്യയും സംഗീതരംഗത്തുള്ളവരുമെല്ലാം എന്‍ഡ് റിസല്‍ട്ട് മികച്ച രീതിയിലാകണം എന്ന നിലയ്ക്കാണ് സിനിമയുടെ ഭാഗമായത്.  സാങ്കേതികമായ ഒരു സിനിമയ്ക്ക് വേണ്ടി ചെയ്യാവുന്നതിന്റെ മാക്‌സിമം ഡബിള്‍ ബാരലിന് വേണ്ടി ചെയ്തിട്ടുണ്ട്. ആറ് ക്യാമറകള്‍ വരെ ഉപയോഗിച്ചാണ് ക്‌ളൈമാക്‌സ് ചെയ്തത്. ഡ്രാഗണ്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. സൗണ്ട് ഡിസൈനിംഗ് ആയാലും ഫോളി റെക്കോഡിംഗാണ്. യൂറോപ്പിലെ ഒരു സ്റ്റുഡിയോയിലാണ് സൗണ്ട് ഡിസൈനിംഗിന്റെ ഒരു ഭാഗം നടക്കുന്നത്. ലോകത്തെ മികച്ച സിനിമകള്‍ ഒരുക്കിയിട്ടുള്ള ടീം ആണ് ആനിമേഷന്‍സ് ചെയ്യുന്നത്.

മൗലികതയുടെ നഷ്ടവും അനുഭവങ്ങളുടെ ആഴമില്ലായ്മയുമാണ് താങ്കള്‍ ഉള്‍പ്പെടെയുളള പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളില്‍ വിമര്‍ശനമായി നേരിടാറുള്ളത്. മലയാള സിനിമയുടെ ഗതിമാറ്റത്തിന് ഈ തലമുറയിലെ ചലച്ചിത്രകാരന്‍മാര്‍ക്ക് സാധിക്കുമോ എന്ന സംശയം ഉന്നയിക്കപ്പെടുന്നുണ്ട്?

ഞാനായാലും വേറെ ആര് തന്നെയായാലും വായിച്ചിട്ടുള്ള പുസ്തകം, കണ്ട സിനിമകള്‍, സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന ആളുകള്‍, ചുറ്റുപാട് തുടങ്ങിയവയുടെ സ്വാധീനം സിനിമയിലുണ്ടാകും. അത് അതേപടി പകര്‍ത്തുകയോ അനുകരിക്കുകയോ അല്ല അതില്‍ നിന്നുള്ള സ്വാധീനവും പ്രചോദനവും സിനിമയ്ക്ക് വഴിയൊരുക്കുക മാത്രമാണ്. എന്നെ ഒരു സിനിമ ഇന്‍ഫ്ളുവന്‍സ് ചെയ്തതില്‍ നിന്നാവാം ഒരു പ്രത്യേക സ്റ്റൈലോ കാരക്ടറൈസേഷനോ ഉണ്ടാക്കാനാകുന്നത്. മലയാളത്തിലും ഒരു പാട് ആളുകള്‍ വരാനിരിക്കുന്നുണ്ട്. ഒറിജിനല്‍ ഐഡിയയുമായി, വലിയ വിപ്‌ളവം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരാണ് അവര്‍. ഇപ്പോള്‍ ഇറങ്ങുന്ന ചില ഷോര്‍ട്ട് ഫിലിമുകള്‍ ഒക്കെ അത്തരത്തില്‍ വലിയ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. അടുത്ത പത്ത് വര്‍ഷത്തിനുള്ള മലയാള സിനിമയില്‍ വലിയ റെവല്യൂഷന്‍ തന്നെയുണ്ടാകും എന്നാണ് ഞാന്‍ കരുതുന്നത്. എഴുപതിലും എണ്‍പതിലും നമ്മുടെ സിനിമയില്‍ സംഭവിച്ച മാറ്റം പോലൊന്ന് പുതുതലമുറയിലൂടെ വീണ്ടും സംഭവിക്കുമെന്നാണ് പ്രതീക്ഷ.

മികച്ച അഭിനയശേഷി ഉണ്ടായിട്ടും കാര്യമായി ഉപയോഗപ്പെടുത്താതെ പോകുന്ന നടനാണ് ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് ലിജോയുടെ എല്ലാ സിനിമകളിലും ഉണ്ടല്ലോ? നിര്‍ബന്ധപൂര്‍വ്വം കൂട്ടുകാരനെ എല്ലാ പടത്തിലും ഉള്‍പ്പെടുത്തുന്നതാണോ?

ഒരു നിര്‍ബന്ധത്തിന്റെ പുറത്ത് സംഭവിക്കുന്നതല്ല ഇത്.  ഇന്ദ്രജിത്ത് എന്റെ അടുത്ത സുഹൃത്താണ്. ആദ്യ സിനിമയിലെ നായകനായിരുന്നു. ഒരു തിരക്കഥയില്‍ ഒരു കഥാപാത്രത്തിന് അനുയോജ്യന്‍ ഇന്ദ്രജിത്ത് ആവുന്നുണ്ടെങ്കില്‍ അദ്ദേഹം ആ സിനിമയുടെ ഭാഗമാവുന്നു എന്ന് മാത്രം.

ആന്റി ക്രൈസ്റ്റ്, ഖസാക്കിന്റെ ഇതിഹാസം എന്നീ സിനിമകളാണ് ലിജോയുടെ പുതിയ പ്രൊജക്ടുകളായി പറഞ്ഞുകേള്‍ക്കുന്നത്, ആലോചന അടുത്ത സിനിമയിലേക്കെത്തിയോ?

സത്യത്തില്‍ അടുത്ത സിനിമ എന്താണെന്ന് തീരുമാനിച്ചിട്ടില്ല. ഒരു പാട് ആശയങ്ങള്‍ മനസ്സിലുണ്ട്. എറ്റവും നന്നായി എന്നെ ഡ്രൈവ് ചെയ്യുന്ന ഒരു പ്രൊജക്ട് അടുത്തതായി ചെയ്യും. പിന്നെ ഞാന്‍ ഡബിള്‍ ബാരല്‍ മുതല്‍ തീരുമാനിച്ചിരിക്കുന്നത് സിനിമയുടെ നിര്‍മ്മാണത്തില്‍ എന്റെ തുല്യപങ്കാളിത്തം ഇനിയങ്ങോട്ട് ഉണ്ടാകും എന്നാണ്. ആമേന്‍ മുവീ മൊണാസ്ട്രി ഇനി മുതല്‍ എല്ലാ സിനിമകളിലും കോ- പ്രൊഡക്ഷനില്‍ ഉണ്ടാകും. അത് സംവിധായകന്‍ എന്ന നിലയില്‍ കൂടുതല്‍ സ്വാതന്ത്ര്യം കിട്ടാനാണ്. എല്ലാ ദിവസവും നിര്‍മ്മാതാവിന്റെ ഓരോ ചോദ്യങ്ങളെ എനിക്ക് നേരിടേണ്ടിവരില്ല.