ഷേത്താന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് കോസ്റ്റിയൂം ഡ്രാമകളെ വെല്ലുവിളിച്ച് ആവിഷ്‌കാരത്തെയും ആഖ്യാനത്തെയും പുനര്‍നിര്‍മ്മിച്ച സംവിധായകനാണ് ബിജോയ് നമ്പ്യാര്‍. അനുരാഗ് കശ്യപിന്റെ നിര്‍മ്മാണത്തിലുള്ള ആദ്യ ചിത്രത്തിന് പിന്നാലെ ഡേവിഡ് എന്ന ഹിന്ദി-തമിഴ് ചിത്രം. രാജ്കുമാര്‍ ഹിറാനിയുടെയും വിധു വിനോദ് ചോപ്രയുടെയും നിര്‍മ്മാണത്തില്‍ വസീര്‍ എന്ന പുതിയ ചിത്രവുമായി പ്രേക്ഷകരിലെത്തുകയാണ് ബിജോയ് നമ്പ്യാര്‍. ബിജോയ് നമ്പ്യാരുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.

വസീര്‍ തിയറ്ററുകളിലെത്തുകയാണ്, ആദ്യത്തെ രണ്ട് ചിത്രങ്ങളിലും വേറിട്ടൊരു ആഖ്യാനരീതി അവതരിപ്പിച്ചയാളാണ് ബിജോയ്. അമിതാഭ് ബച്ചനെയും ഫര്‍ഹാന്‍ അക്തറിനെയും പോലുള്ള വലിയ താരങ്ങളെ ലഭിച്ചപ്പോള്‍ കൂടുതല്‍ കമേഴ്‌സ്യല്‍ സ്വഭാവത്തിലാണോ ചിത്രം?

അമിതാഭ് ബച്ചനെയും ഫര്‍ഹാന്‍ അക്തറിനെയും പോലുള്ള മികച്ച താരങ്ങളെ ലഭിച്ചു എന്നത് വലിയ കാര്യം തന്നെയാണ്. എന്നാല്‍ വലിയ താരങ്ങള്‍ സിനിമയുടെ നരേറ്റീവിന് ഒരു തരത്തിലും ഭാരമായി വന്നിട്ടില്ല. ഈ സിനിമയുടെ നരേറ്റീവ് എങ്ങനെയായിരിക്കണം എന്ന് നേരത്തെ കരുതിയിരുന്നോ അത് പോലെ തന്നെയാണ് ചെയ്തിരിക്കുന്നത്. ബോളിവുഡിലെ സോംഗ് ആന്‍ഡ് ഡാന്‍സ് പാക്കേജിലുള്ള ഒരു ടിപ്പിക്കല്‍ സിനിമയല്ല വസീര്‍.  സിനിമയുടെ സ്വഭാവം എന്താണെന്ന് ഞാന്‍ നിങ്ങളോട് വിശദീകരിക്കുന്നതിലും നല്ലത് നിങ്ങള്‍ കണ്ടറിയുന്നതാണ്. ബോളിവുഡ് ഇതുവരെ വസീര്‍ പോലൊരു കഥ പറഞ്ഞിട്ടില്ല.  കഥ പറഞ്ഞ രീതിയിലും മുന്‍പ് നിങ്ങള്‍ കണ്ടിട്ടില്ലാത്ത തരത്തില്‍ വ്യത്യസ്ഥത അനുഭവപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്.

ബോളിവുഡ് സംവിധായകന്‍ എന്ന നിലയില്‍ നൂറ് കോടി ക്ലബ്ബിലെത്തുന്ന ചിത്രങ്ങളൊരുക്കുക എന്നത് ഷോബിസിനസ്സ് എന്ന നിലയില്‍ നിര്‍ബന്ധമാകുന്നില്ലേ?

പറയാനുദ്ദേശിക്കുന്ന സബ്ജക്ടിന് യോജിച്ച ട്രീറ്റ്‌മെന്റിലാണ് ശെയ്ത്താനും ഡേവിഡും ചെയ്തത്. മുന്‍സിനിമകളുടെ ബോക്‌സ് ഓഫീസ് കണക്കുകള്‍ നോക്കി അടുത്ത ചിത്രം എന്റെ രീതികളില്‍ നിന്ന് മാറി കൂടുതല്‍ കമേഴ്‌സ്യലാക്കി മാറ്റാം എന്ന് ഇതേവരെ ചിന്തിച്ചിട്ടില്ല. എന്റെ ശൈലിയില്‍ നിന്ന് ബോധപൂര്‍വ്വമായ ഒരു ഷിഫ്റ്റിംഗ് വസീറിലും ഇല്ല. നൂറ് കോടി ക്ലബ്ബിലെത്തണം എന്നതോ സിനിമ ഇത്ര സാമ്പത്തിക ലാഭം ഉണ്ടാക്കണം എന്നതോ ഒരിക്കലും എന്റെ പരിഗണനയില്‍ ഉള്ള കാര്യമല്ല. പൂര്‍ണ്ണമായും മറ്റൊരാളുടെ രചനയില്‍ ഞാന്‍ ചെയ്യുന്ന ആദ്യ ചിത്രമാണ് വസീര്‍. ശെയ്ത്താനിലും ഡേവിഡിലും തിരക്കഥാരചനയില്‍ ഞാനുണ്ടായിരുന്നു. വിധു വിനോദ് ചോപ്രയും അഭിജാത് ജോഷിയുമാണ് വസീറിന്റെ തിരക്കഥ. ആ തിരക്കഥയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്ന ആഖ്യാനമാണ് വസീറിന്റേത്.ഷേത്താന്നും ഡേവിഡും പോലെ എന്റെ ശൈലിയുടെ തുടര്‍ച്ച സൃഷ്ടിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്.

അമിതാഭ് ബച്ചനെ പോലൊരു മഹാനടനെ സിനിമയിലുടനീളം വീല്‍ച്ചെയറില്‍ ഇരുത്തി അഭിനയിപ്പിക്കുന്ന വലിയ വെല്ലുവിളിയായിരുന്നു എന്ന് ബിജോയ് പറഞ്ഞതായി കണ്ടിരുന്നു.

ഈ സിനിമയുടെ കഥ അമിതാഭ്ജിയോട് പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഈ സിനിമയുടെ ഭാഗമാകാന്‍ താല്‍പ്പര്യം അറിയിച്ചിരുന്നു. ആ കഥാപാത്രം മുഴുവന്‍ സമയം വീല്‍ച്ചെയറിലാണെന്ന് ഉള്‍ക്കൊണ്ട് തന്നെയാണ് ബച്ചനോട് കഥ പറയുന്നത്. ശാരീരികമായ പരിമിതികളുണ്ടെങ്കിലും കഥാപാത്രമെന്ന നിലയില്‍ ആ പരിമിതികളെ തോല്‍പ്പിക്കുംവിധം അസാമാന്യമായ ഉള്‍ക്കരുത്തുള്ള കഥാപാത്രമാണ് ബച്ചന്‍ അവതരിപ്പിച്ച പണ്ഡിറ്റ് ഓംകാര്‍ നാഥ്. ബച്ചനെ പോലെ മികച്ച ആക്ടര്‍ക്ക് മാത്രമേ അത്തരമൊരു വ്യക്തിത്വത്തെ സ്‌ക്രീനില്‍ അവതരിപ്പിക്കാനാകൂ. വീല്‍ച്ചെയറില്‍ ഇരുത്തി കഥയിലുടനീളം ബച്ചനെ പ്രസന്റ് ചെയ്യുക എന്നത് തീര്‍ച്ചയായും വലിയ വെല്ലുവിളി തന്നെയയായിരുന്നു. എന്നാല്‍ അവിശ്വസനീയമാം വിധം ബച്ചന്‍ ആ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. സിനിമ കണ്ടാല്‍ നിങ്ങള്‍ക്കും അത് ബോധ്യമാകും. അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും പ്രയോജനപ്പെടുത്തിയ ചിത്രമാണ് വസീര്‍. വീല്‍ച്ചെയറില്‍ ഉള്ള കഥാപാത്രം എന്ന ലിമിറ്റേഷനെ ആക്ടര്‍ എന്ന രീതിയില്‍ മനോഹരമായി പ്രയോജനപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

വളരെയധികം പ്രാധാന്യം ബിജോയ് നമ്പ്യാര്‍ സിനിമകളില്‍ സംഗീതത്തിന് ലഭിക്കാറുണ്ട്, സംഗീതത്തിന് കൃത്യമായൊരു കാരക്ടര്‍ നല്‍കാറുമുണ്ട്. ഈ സിനിമയിലും ഒന്നില്‍ കൂടുതല്‍ സംഗീത സംവിധായകരുണ്ടല്ലോ?

ഈ ചിത്രത്തിലും അങ്ങനെ തന്നെയാണ്. മികച്ചൊരു മിക്‌സ് സംഗീതസംവിധായകരുടെ കാര്യത്തില്‍ കിട്ടിയിട്ടുണ്ട്. ഞാന്‍ അവരില്‍ നിന്ന് ആഗ്രഹിക്കുന്ന തലത്തിലുള്ള സംഗീതം തന്നെയാണ് കിട്ടിയത്. അത്രയേറെ ടാലന്റ് ഉള്ളവരുടെ സംഗമവുമാണ് വസീര്‍. അങ്കിത് തിവാരി, ശന്തനു മൊയിത്ര, പ്രശാന്ത് പിള്ള, അദ്വൈത, രോചക് കോഹ്ലി, ഗൗരവ് ഗോഡ്കിന്ദി, എന്നീ കമ്പോസേഴ്‌സ് ആണ് വസീറിലുള്ളത്. ഗാനരചയിതാവായി വിധു വിനോദ് ചോപ്രയും വന്നിട്ടുണ്ട്.

ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലെ ഓഫീസറാണ് ഫര്‍ഹാന്‍ അക്തര്‍, ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യവും ഏറ്റുമുട്ടല്‍ കൊല പോലുള്ള സംഭവങ്ങളും സിനിമയുടെ പശ്ചാത്തലമാകുന്നുണ്ടോ? വസീര്‍ ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണോ?

കഥയില്‍ ആക്‌സ്മികമായി ചില യഥാര്‍ത്ഥ സംഭവങ്ങള്‍ കടന്നുവന്നിട്ടുണ്ടാകും. അല്ലാതെ ഒരിക്കലും നിര്‍ബന്ധപൂര്‍വ്വം ഒരു പൊളിറ്റിക്കല്‍ മോട്ടിവേറ്റഡ് ഡ്രാമയുണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചതിന്റെ ഭാഗമല്ല വസീര്‍. ഇതില്‍ സൗഹൃദമുണ്ട്, അത്രത്തോളം പ്രതികാരവും ഈ പ്രമേയത്തിന്റെ ഭാഗമാണ്. ഏതെങ്കിലും ഒരു സംഭവത്തിലൂന്നിയ സിനിമയുമല്ല വസീര്‍. ഭീകരവാദത്തിനെതിരെയുള്ള ഒരു സിനിമയുമല്ല വസീര്‍. ഈ സിനിമയുടെ പശ്ചാത്തലവും കഥാഗതിയും ഇത്തരം വസ്തുതകളിലൂടെയെല്ലാം കടന്നുപോകുന്നുണ്ട്. അത് ഈ കഥ ആവശ്യപ്പെടുന്ന ഘട്ടത്തിലാണെന്ന് മാത്രം.

അമിതാഭ് ബച്ചനെയും ഫര്‍ഹാന്‍ അക്തറിനെയും പോലുള്ള മികച്ച രണ്ട് അഭിനേതാക്കളെയാണ് ക്യാമറയ്ക്ക് മുന്നില്‍ ലഭിച്ചത്, ഇവരെ നടന്‍മാരായി ലഭിച്ചപ്പോഴുള്ള അനുഭവം എത്തരത്തിലായിരുന്നു?

അമിതാഭ് ബച്ചനും ഫര്‍ഹാന്‍ അക്തറും ആക്ടേഴ്‌സ് എന്ന നിലയില്‍ ഇന്ത്യന്‍ സിനിമാ മേഖലയില്‍ കൃത്യമായ ഇടം പതിച്ചുകിട്ടിയവരാണ്. ഈ രണ്ട് പ്രതിഭകളെയും ഒരുമിച്ച് സ്‌ക്രീനിലെത്തിക്കാനായത് എനിക്ക് സ്വപ്‌നസാക്ഷാല്‍ക്കാരമാണ്. ഞങ്ങള്‍ക്ക് കുറേയധികം സമയം ലഭിച്ചു. വസീര്‍ എന്ന സിനിമയില്‍ അവരുടെ കഥാപാത്രങ്ങളില്‍ ഒപ്പം ഞാന്‍ എന്ന സംവിധായകനില്‍ ബച്ചനും ഫര്‍ഹാന്‍ അക്തറും പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചു. അമിതാഭ്ജിക്കും ഫര്‍ഹാനുമിടയിലും ഊഷ്മളമായ ആത്മബന്ധവും നിലനില്‍ക്കുന്നുണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നിലും ഈ ബന്ധം കാര്യമായി സഹായിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കിടയിലും അത്തരമൊരു കെമിസ്ട്രി കഥ പറഞ്ഞ ഘട്ടം മുതലിങ്ങോട്ട് വളര്‍ന്നിട്ടുണ്ടായിരുന്നു. റിഹേഴ്‌സലുകളിലും ഇംപ്രവൈസേഷനിലൂടെയും ഞാന്‍ ആഗ്രഹിച്ചതിനും ഉയരെ രണ്ട് പേരുടെയും പ്രകടനങ്ങളെത്തി.

ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യത്തെയും ആശയാവിഷ്‌കാരത്തെയും നിയന്ത്രിക്കുന്നതിലേക്ക് ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. താങ്കളെ പോലെ റിയലിസ്റ്റിക് അവതരണസ്വഭാവത്തിന് ശ്രമിക്കുന്ന സംവിധായകര്‍ക്ക് ഇത് വലിയ വെല്ലുവിളിയല്ലേ, വസീറിന് മുന്നില്‍ സെന്‍സര്‍ ബോര്‍ഡിന്റെ വലിയ കടമ്പകള്‍ ഉണ്ടായിരുന്നോ?

സെന്‍സര്‍ഷിപ്പ് എന്നെ മാത്രമല്ല ബാധിക്കുന്നത്. യാഥാര്‍ത്ഥ്യബോധത്തോടെ ഈ മീഡിയത്തെ സമീപിക്കുന്നവരെയെല്ലാം ഇത് ബുദ്ധിമുട്ടിലാക്കും. എല്ലാ ചലച്ചിത്രമേഖലയെയും ബാധിക്കുന്ന കാര്യമാണ് സെന്‍സറിംഗ്. ഇക്കാര്യത്തില്‍ കാലോചിതമായ മാറ്റം എല്ലാവരെ പോലെ ഞാനും ആഗ്രഹിക്കുന്നുണ്ട്. സിനിമാറ്റോഗ്രാഫ് നിയമത്തില്‍ ഭേദഗതിക്കും സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടനയ്ക്കുമായി ശ്യാംബെനഗലിന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചത് സന്തോഷിപ്പിക്കുന്നുണ്ട്. സെന്‍സറിംഗിന്റെ കാര്യത്തില്‍ കാര്യമായ മാറ്റം ഈ സമിതിയിലൂടെ വരുമെന്നാണ് എന്റെയും പ്രതീക്ഷ. സെന്‍സറിങ്ങിന്റെ കാര്യത്തില്‍ ഞാനടക്കമുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വേഗത്തില്‍ അവസാനിക്കുമെന്നാണ് കരുതുന്നത്.

മണിരത്‌നത്തിന്റെ സഹസംവിധായകനായാണ് ബിജോയ് നമ്പ്യാര്‍ സിനിമയിലെത്തുന്നത്. രണ്ടാമത്തെ ചിത്രമായ ഡേവിഡ് ഒരേ സമയം ഹിന്ദിയിലും തമിഴിലുമായാണ് പൂര്‍ത്തിയാക്കിയത്. മണിരത്‌നത്തെ പോലെ ഭാഷാതീതമായി സിനിമ ചെയ്യുക എന്ന ആഗ്രഹമായിരുന്നോ ഇതിന് പിന്നില്‍

ഡേവിഡ് ഹിന്ദിയിലും തമിഴിലുമായി പൂര്‍ത്തിയാക്കിയത് രണ്ട് ഭാഷകളിലായി ചെയ്യാമെന്ന് നേരത്തെ പ്ലാന്‍ ചെയ്തതിന്റെ ഭാഗമായല്ല. അത് അത്തരത്തില്‍ സംഭവിച്ചതാണ്. ഏതെങ്കിലും ഒരു ഭാഷയില്‍ മാത്രമായി സിനിമ ചെയ്യുക എന്ന് തീരുമാനമെടുത്തിട്ടുമില്ല. ഹിന്ദിയിലും ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും സിനിമ ചെയ്യാന്‍ തന്നെയാണ് ആഗ്രഹം. തമിഴിനും മലയാളത്തിനുമായി സ്‌ക്രിപ്ട് ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്.

ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രമായ റിഫ്‌ളെക്ഷന്‍സില്‍ മോഹന്‍ലാലായിരുന്നു നായകന്‍. അതും ഒരു സൈലന്റ് ഫിലിം. സിനിമയില്‍ മുന്‍പരിചയമേതുമില്ലാത്ത ബിജോയ്ക്ക് മോഹന്‍ലാലിനെ എങ്ങനെ ആദ്യ ചിത്രത്തില്‍ തന്നെ ഭാഗമാക്കാന്‍ കഴിഞ്ഞു?

മോഹന്‍ലാല്‍ എന്ന നടന്റെ വലിയ മനസ്സിനാണ് ഞാന്‍ എന്നും നന്ദി പറയുന്നത്. റിഫ്‌ളെക്ഷന്‍സ് എന്ന ഷോര്‍ട്ട് ഫിലിമിനായി ഞാന്‍ കണ്‍സീവ് ചെയ്ത സ്‌ക്രിപ്ട് ആര്‍ക്ക് മുന്നിലും അവതരിപ്പിക്കാനുള്ള ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ മോഹന്‍ലാല്‍ എന്ന നടന്‍ എന്നെ അമ്പരപ്പിച്ചു കളഞ്ഞു. മുന്‍പ് ഒരു ഷോര്‍ട്ട് ഫിലിം പോലും എടുത്തിട്ടില്ലാത്ത ഞാന്‍ ഒരു കഥയുമായി ആദ്യമായി സമീപിച്ചപ്പോള്‍ ശ്രദ്ധയോടെയും ക്ഷമയോടെയും അത് കേട്ടിരുന്നു. മറ്റാരുടെയും സഹായമില്ലാതെ അദ്ദേഹത്തിന്റെ നമ്പര്‍ സംഘടിപ്പിച്ച് ഒരു അപ്പോയിന്‍മെന്റ് എടുത്ത് ചെന്ന് കാണുകയായിരുന്നു. ആദ്യ സംരംഭത്തില്‍ തന്നെ അദ്ദേഹത്തെ പോലെ ഒരു മഹാനടനെ അഭിനയിപ്പിക്കാനായത് വലിയ നേട്ടമായിട്ടാണ് ഞാന്‍ കാണുന്നത്. ആദ്യത്തെ സിനിമാനുഭവം എന്ന നിലയില്‍ എനിക്കുള്ള കുറവുകളെയും അനുഭവപരിചയമില്ലായ്മയെയും ഉള്‍ക്കൊണ്ട് അദ്ദേഹം കൂടെ നിന്നു. സ്‌നേഹവും പ്രോത്സാഹനവും പിന്തുണയും നല്‍കി. എനിക്ക് സിനിമയിലേക്ക് വഴിതുറന്ന് തന്നത് ആ ഷോര്‍ട്ട് ഫിലിം ആണ്. എന്റെ കരിയര്‍ തുടങ്ങുന്നത് അദ്ദേഹത്തില്‍ നിന്നാണ്. ലാല്‍ സാറാണ് അതിന് നിമിത്തമായത്. അതുകൊണ്ട് തന്നെ എല്ലാകാലത്തും എനിക്ക് ലാല്‍ സാറിനോട് കടപ്പാടുണ്ട്.

ബിജോയ് നമ്പ്യാര്‍ മലയാളത്തില്‍ സിനിമ ചെയ്യുന്നുവെന്ന് കുറച്ചുനാളായി കേള്‍ക്കുന്നു, ഉടന്‍ പ്രതീക്ഷിക്കാമോ?

പ്രതീക്ഷയേകുന്ന മാറ്റമാണ് മലയാള സിനിമയില്‍ സംഭവിക്കുന്നത്. കഥനരീതിയിലും അവതരണത്തിലും സാങ്കേതിക മേഖലയിലുമെല്ലാം പരീക്ഷണങ്ങള്‍ അരങ്ങേറുന്നു. ആദ്യമായി ഒരു മലയാളം സിനിമ ചെയ്യുമ്പോള്‍ ഞാന്‍ പറയുന്ന കഥ നേരത്തെ മറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും കഥ പറയുന്ന രീതി എങ്ങനെയായിരിക്കണം എന്നെല്ലാം കൃത്യമായി ചിന്തിക്കേണ്ടതുണ്ട്. കുറേ സബ്ജക്ടുകള്‍ മനസ്സിലുണ്ട്. ഉടന്‍ തന്നെ അതിലൊരു പ്ലോട്ട് മലയാളത്തില്‍ ചെയ്യണമെന്ന് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

മലയാളത്തിലുള്ള മാറ്റങ്ങളെക്കുറിച്ച് ബിജോയ് പറഞ്ഞു, കൃത്യമായി മലയാള സിനിമയെ ഫോളോ ചെയ്യുന്നുണ്ടോ?

രാജീവ് രവിയും, ലിജോ പെല്ലിശേരിയും, അല്‍ഫോണ്‍സ് പുത്രനും അഞ്ജലി മേനോനും ഉള്‍പ്പെടെ പുതിയൊരു നിര വലിയ മാറ്റങ്ങളാണ് മലയാളത്തില്‍ ഉണ്ടാക്കുന്നത്. നമ്മളെ ആശ്ചര്യപ്പെടുത്തുന്ന സിനിമകളുമായാണ് അവര്‍ പ്രേക്ഷകരിലെത്തുന്നത്. വലിയൊരു ഉണര്‍വാണ് മലയാള സിനിമയില്‍ ഉണ്ടായിരിക്കുന്നത്. പ്രേക്ഷകരുടെ പിന്തുണയും എടുത്തുപറയേണ്ടത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന നമ്മുടെ ക്ലാസിക് ശൈലിയിള്ള കഥ പറച്ചില്‍ വിജയിക്കുന്ന അതേ ഇടത്താണ് പ്രേമം എന്ന പുതിയ ശൈലിയിലുള്ള കഥ പറച്ചിലുമായെത്തിയ സിനിമയും സമാനവിജയം നേടുന്നത്.

ഷേത്താന്‍ ഹോളിവുഡ് ചിത്രമായി പ്ലാന്‍ ചെയ്തതാണെന്ന് കേട്ടിട്ടുണ്ട്. പിന്നീട് എന്താണ് സംഭവിച്ചത് ? ഹോളിവുഡ് ഇപ്പോഴും ആഗ്രഹമാണോ?

മൂന്ന് പടമല്ലേ ആയുളളൂ. കുറച്ചൂടെ സിനിമകള്‍ ചെയ്യട്ടേ, ധൃതിയില്ല. ശെയ്ത്താന്‍ ഹോളിവുഡ് ചിത്രമായി ആലോചിക്കുകയും കണ്‍സീവ് ചെയ്ത തിരക്കഥയാണ്. പിന്നീട് ഹിന്ദി ചിത്രമായി മാറ്റിയത്. ഇനിയും ഹോളിവുഡ് ചിത്രമെന്ന നിലയ്ക്കുള്ള സാധ്യത ഷേത്താന്നിലുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ലെന്ന് പറയാം.

അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി തുടങ്ങി മികച്ച സംവിധായകര്‍ നിര്‍മ്മാതാക്കളായി താങ്കള്‍ ഉള്‍പ്പെടെയുള്ള തുടക്കക്കാര്‍ക്ക് അവസരമൊരുക്കുന്നു. പുതുനിരയ്ക്ക് വേണ്ടി ബോളിവുഡില്‍ സംവിധായകരുടെ നേതൃത്വത്തില്‍ തന്നെ കളക്ടീവായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലേ?

ആരോഗ്യകരമായ ഒരു ദൗത്യമാണ് ഇത്. നിരവധി പുതിയ പ്രതിഭകള്‍ക്കാണ് അനുരാഗും ദിബാകറുമൊക്കെ അവസരമൊരുക്കുന്നത്. തിത്‌ലി പോലൊരു ചിത്രമൊക്കെ ദിബാകര്‍ ബാനര്‍ജി എന്ന വലിയ വിഷന്‍ ഉള്ള സംവിധായകന്റെ പിന്തുണയില്‍ പിറന്നതാണ്. ശെയ്ത്താന്റെ കാര്യത്തില്‍ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ അനുരാഗ് കശ്യപ് അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയത്. ചലച്ചിത്രകാരന്‍ എന്ന രീതിയില്‍ നമ്മളെ രൂപപ്പെടുത്താന്‍ ഇത്തരം പ്രോത്സാഹനങ്ങള്‍ക്ക് കഴിയും.

ഡേവിഡ് ഫിഞ്ചര്‍ ചിത്രം ഇന്ത്യന്‍ ചലച്ചിത്രകാരന്‍ ഒരുക്കിയാല്‍ എങ്ങനെയിരിക്കും അതാണ് ശെയ്ത്താന്‍ എന്നാണ് അനുരാഗ് കശ്യപ് ശെയ്ത്താന്‍ പ്രചരണവേളയില്‍ പറഞ്ഞിരുന്നത്. അത്തരത്തില്‍ വിദേശ ചലച്ചിത്രകാരന്‍മാരുടെ സ്വാധീനം ബിജോയിയില്‍ ഉണ്ടോ?

അനുരാഗ് അദ്ദേഹത്തിന്റെ ഉദാരമനസ്സ് കൊണ്ടാകാം അങ്ങനെ പറഞ്ഞത്. പല ചലച്ചിത്രകാരന്‍മാരും എന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് അനുരാഗ് കശ്യപിനോളം തന്നെ മണി സര്‍ (മണിരത്‌നം) സ്വാധീനമുണ്ടാക്കിട്ടുണ്ട്. മുകുള്‍ ആനന്ദും, ഋതിക് ഘട്ടക്കും പദ്മരാജനും ഭരതനും ചലച്ചിത്രകാരന്‍ എന്ന നിലയില്‍ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭരതന്റെയും പദ്മരാജന്റെയും മണിരത്‌നത്തിന്റെയും സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതേ സമയം തന്നെ കുസ്തൂറിക്കയും കോയന്‍ ബ്രദേഴ്‌സും എന്റെ സിനിമാവഴികളില്‍ പ്രചോദനമേകിയിട്ടുണ്ട്. ഇത്തരം പ്രചോദനങ്ങളില്‍ നിന്ന് നമ്മുടേതായ കയ്യടയാളമുള്ള സിനിമകള്‍ സൃഷ്ടിക്കുക എന്നത് തന്നെയാണ് ആഗ്രഹവും നിര്‍ബന്ധവും.

ബിജോയ് സാംസംഗ് ജെ 5 ഫോണിനായി ഈയിടെ ചെയ്ത പരസ്യചിത്രത്തിലും സിനിമകളിലൂടെ ബിജോയ് തുടരുന്ന മേക്കിംഗ് സ്റ്റൈല്‍ കാണാനായി. പരസ്യത്തിലും ബിജോയ് നമ്പ്യാര്‍ സിഗ്നേച്ചര്‍ സ്റ്റൈല്‍ നിര്‍ബന്ധമാണല്ലേ?

മനപ്പൂര്‍വ്വം ഇങ്ങനെ ചെയ്‌തേക്കാം, അല്ലെങ്കില്‍ ഇങ്ങനെ ചെയ്താലാണ് ബിജോയ് നമ്പ്യാര്‍ സ്റ്റൈല്‍ എന്ന് വരിക എന്ന് കരുതിയല്ല സിനിമയായാലും പരസ്യമാണെങ്കിലും ചെയ്യുന്നത്. ചെയ്യുന്ന വിഷയത്തെ എങ്ങനെ വ്യത്യസ്ഥമായി സമീപിക്കാം എന്ന ആലോചനയില്‍ നിന്ന് ഒരു പരിചരണരീതി ഉണ്ടാവുകയാണ്. ഇപ്പോള്‍ തന്നെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ടെലിഫിലിം ഞാന്‍ ചെയ്തിട്ടുണ്ട്.  സിഗ്നേച്ചര്‍ സ്‌റ്റൈല്‍ എന്നതിനേക്കാള്‍ മുമ്പ് ചെയ്തതിനേക്കാള്‍ വ്യത്യസ്ഥമായി ആ സ്റ്റോറി എങ്ങനെ അവതരിപ്പിക്കാം എന്ന് ചിന്തിച്ചാണ് ആ ടെലിഫിലിം ചെയ്തത്.

ഇവിടെ ഒരു വമ്പന്‍ ഹിറ്റ് ഉണ്ടാക്കിയാല്‍ മാത്രമേ ഒരു മലയാളി സംവിധായകന് അന്യഭാഷാ ചിത്രത്തെക്കുറിച്ച് ചിന്തിക്കാനാകൂ, ബോളിവുഡ് പ്രവേശനവും അത്തരത്തിലേ സാധ്യമാകൂ. ബിജോയ് ആദ്യ സിനിമ ബോളിവുഡില്‍ ചെയ്തയാളാണ്. ബോളിവുഡില്‍ ഒരു സിനിമ ചെയ്യുക എന്നത് ബോളിവുഡിന് പുറത്ത് നിന്ന് എത്തുന്നയാള്‍ക്ക് അത്രയേറെ എളുപ്പമാണോ ഇപ്പോള്‍?

നിങ്ങള്‍ എത്രമാത്രം മികച്ച ഫിലിംമേക്കറാണ് എന്നതിനെ ആശ്രയിച്ചാണ് ബോളിവുഡിലാണെങ്കിലും തമിഴിലാണെങ്കിലും ഒരു തുടക്കക്കാരന് എന്‍ട്രി ലഭിക്കുന്നത്. ശുപാര്‍ശകളോ പിന്തുണകളോ അല്ല ഒരു പുതിയ പ്രതിഭയ്ക്ക് പിറവിയേകുന്നത്. മലയാളത്തില്‍ ഒരു ബ്ലോക്ക് ബസ്റ്റര്‍ ഉണ്ടാക്കിയാല്‍ മാത്രമേ ബോളിവുഡില്‍ എന്‍ട്രി കിട്ടൂ എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അഞ്ച് കൊല്ലം മുമ്പുള്ള സാഹചര്യമില്ല ഇപ്പോള്‍. നല്ല സിനിമ ഉണ്ടാക്കാന്‍ പണം മുടക്കാന്‍ തയ്യാറായി നിരവധി പേരുണ്ട്. മുന്‍കയ്യെടുക്കാന്‍ പ്രമുഖ സംവിധായകരുണ്ട്. നിങ്ങളില്‍ ടാലന്റ് ഉണ്ടോ എന്നത് മാത്രമാണ് പ്രവേശനത്തിനുള്ള മാനദണ്ഡം.

ഷോര്‍ട്ട് ഫിലിമില്‍ നിന്ന് സിനിമയിലെത്തിയ ആളാണ് ബിജോയ്. ഇപ്പോഴാണെങ്കില്‍ സിനിമയുടെ എണ്ണത്തോളം ഹ്രസ്വചിത്രങ്ങള്‍ വരുന്നുണ്ട്. അന്നത്തെക്കാള്‍ എളുപ്പമായിട്ടുണ്ടോ ഷോര്‍ട്ട് ഫിലിമില്‍ നിന്നുള്ള സിനിമാ പ്രവേശം?

ഷോര്‍ട്ട് ഫിലിം മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. സിനിമ പോലെ തന്നെ ഗൗരവമായാണ് ഷോര്‍ട്ട് ഫിലിമുകളെ പ്രേക്ഷകരും ചലച്ചിത്രമേഖലയിലുള്ളവരും കാണുന്നത്. രാഹുവും റിഫ്‌ളെക്ഷന്‍സും ചെയ്യുമ്പോള്‍ സോഷ്യല്‍ മീഡിയ പോലൊരു പ്ലാറ്റ്‌ഫോമില്ല, ഷോര്‍ട്ട് ഫിലിം സ്‌ക്രീന്‍ ചെയ്യാന്‍ ഇന്നത്തെ പോലെ തിയറ്ററുകളില്ല. ഇന്ന് ഷോര്‍ട്ട് ഫിലിമുകള്‍ക്ക് കൂടുതല്‍ അറ്റന്‍ഷന്‍ കിട്ടുന്നുണ്ട്. അവരില്‍ നിന്ന് നേരിട്ട് സംവിധാകരെ തെരഞ്ഞെടുക്കാന്‍ നിര്‍മ്മാതാക്കളും കാത്തുനില്‍പ്പുണ്ട്.