സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സമ്മാനിച്ച ഇരട്ട തിരക്കഥാകൃത്തുകളിലൊരാളാണ് ശ്യാം പുഷ്‌കരന്‍. സ്വതന്ത്ര തിരക്കഥാകൃത്തായ ആദ്യ ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളുടെ നിരയിലേക്കാണ് ശ്യാം പുഷ്‌കരന്‍ പേര് ചേര്‍ക്കുന്നത്. മലയാളത്തിന്റെ പരിചിത രചനാസങ്കേതങ്ങളില്‍ നിന്ന് മാറിസഞ്ചരിക്കുന്ന തിരക്കഥയെക്കുറിച്ചും ചിത്രത്തെക്കുറിച്ചും തിരക്കഥാകൃത്ത് സംസാരിക്കുന്നു.

ഇടുക്കിയില്‍ രണ്ടാമൂഴമാണ്. ഇടുക്കി ഗോള്‍ഡില്‍ ഇടുക്കി ഒരു ബാക്ക് ഡ്രോപ് മാത്രമായിരുന്നുവെങ്കില്‍ മഹേഷിന്റെ പ്രതികാരത്തില്‍ ഇടുക്കിയുടെ ഗ്രാമമനസ്സാണ് ഉള്ളത്. ഒരേ പ്രദേശത്ത് നിന്ന് രണ്ടാം തവണ കഥ പറഞ്ഞപ്പോള്‍ ഫ്രഷ്‌നസ് നിലനിര്‍ത്താനായത് എങ്ങനെയാണ്?

ഇടുക്കി ഗോള്‍ഡില്‍ കാടും ഒരു സ്‌കൂളും ആണ് പ്രധാനമായിട്ടുള്ളത്. ഒരു കവല ചെറിയ രീതിയില്‍ കടന്നുവരുന്നുണ്ട്. ഇടുക്കി ഗോള്‍ഡ് ഇടുക്കിയുടെ കഥ പറഞ്ഞെങ്കിലും ഇടുക്കിക്കാരുടെ കഥ പറയാന്‍ സാധിച്ചില്ല. ഇടുക്കി ഗോള്‍ഡ് ഇടുക്കിയില്‍ പഠിച്ച കുട്ടികളുടെ കഥയാണല്ലോ. പിന്നെ നൊസ്റ്റാള്‍ജിയയും റൊമാന്‍സുമാണ് പ്രധാന വിഷയം. ഇടുക്കി ഗോള്‍ഡിന്റെ ഷൂട്ടിന് വേണ്ടിയാണ് ആദ്യമായിട്ട് ഇടുക്കിയില്‍ പോകുന്നത്. ഈ സിനിമയ്ക്ക് വേണ്ടി വണ്‍ലൈന്‍ മാത്രം പൂര്‍ത്തിയാക്കി ഞാനും സംവിധായകന്‍ ദിലീഷ് പോത്തനും ഇടുക്കിക്ക് പോവുകയായിരുന്നു. ചെറുതോണി ഡാമിന് താഴെയുള്ള പ്രദേശത്ത് ഏകദേശം 60 ദിവസം താമസിച്ചു. അപ്പോഴാണ് ഇടുക്കിക്കാരെ കുറിച്ച് കൂടുതലായി അറിയുന്നത്. അവിടെ താമസിച്ചപ്പോള്‍ സഹായത്തിന് ലഭിച്ചവരും അവിടെ വച്ച് പരിചയപ്പെട്ടവരുമായ പലരിലൂടെയും ഇടുക്കിയിലെ ഗ്രാമീണരെ കുറിച്ച് കൂടുതലായി അറിയാനായി. ഇടുക്കിയിലുള്ളവരുടെ നിത്യജീവിതത്തിലെ അനുഭവങ്ങളും അവരുടെ തമാശകളുമൊക്കെ എത്രമാത്രം സ്‌ക്രീനിലെത്തിക്കാനായി എന്നറിയില്ല. പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് തോന്നുന്നു. കാരണം ഇവരുടെ ജീവിതം ഈ സിനിമയെക്കാള്‍ രസകരമാണ്.

മഹേഷിന്റെ പ്രതികാരത്തിന്റെ സ്‌ക്രിപ്ട് സാധാരണ സിനിമകളില്‍ നിന്ന് വ്യത്യസ്ഥമായി ചെറുസംഗതികളെ പോലും കൃത്യമായി ഉപയോഗിച്ച് ഡീറ്റെയിലിംഗിന് വലിയ പ്രാധാന്യം കല്‍പ്പിച്ചിട്ടുള്ളതാണ്. ഇടുക്കിക്ക് പുറത്തുനിന്നെത്തി അവിടെയുള്ള പ്രാദേശികാംശങ്ങളൊക്കെ സമാഹിച്ച് കഥ പറയാന്‍ സാധിച്ചത് എങ്ങനെയാണ്?

സിനിമ എല്ലാ രീതിയിലും മാറ്റങ്ങള്‍ക്ക്‌ വിധേയമായിക്കൊണ്ടിരിക്കുകയാണ്. പല ഭാഷകളിലായി പല സാധ്യതകള്‍ കഥ പറച്ചിലിന് ഉപയോഗിച്ച സിനിമകളാണ് വന്നുകൊണ്ടിരിക്കുന്നത്. ചെറിയ വസ്തുവില്‍ പോലും എത്രമാത്രം സാധ്യത കണ്ടെത്താം എന്നും കഥ പറച്ചില്‍ എങ്ങനെ കൂടുതല്‍ ഭംഗിയാക്കാം എന്നുമാണ് എല്ലാവരും ആലോചിക്കുന്നത്. ഈ കാലത്തിന് യോജിച്ച അവതരണരീതിയും ഇതാണെന്നാണ് വിശ്വസിക്കുന്നത്.  സൂക്ഷ്മാംശങ്ങളില്‍ പോലും ശ്രദ്ധ പുലര്‍ത്തി കഥ പറയുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് അതിനെ റിലേറ്റ് ചെയ്യാനും എന്‍ജോയ് ചെയ്യാനും കഴിയും. അടുത്തിടെ ഇറങ്ങിയ ചില മാസ് സിനിമളൊക്കെ ഇങ്ങനെ കഥ പറയേണ്ടി വരുമോ എന്ന രീതിയില്‍ നമ്മളില്‍ പതര്‍ച്ച ഉണ്ടാക്കിയിട്ടുണ്ട്. ശരിയാണോ നമ്മളുടെ രീതി എന്ന് സംശയമുണ്ടാക്കുകയും ചെയ്തു. മഹേഷിന്റെ പ്രതികാരത്തിന് ഇപ്പോള്‍ കിട്ടുന്ന സ്വീകാര്യത കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്.

സംഭാഷണ പ്രധാനമുള്ള രചനകള്‍ കൂടുതലായി സംഭവിക്കുന്ന ചലച്ചിത്രമേഖലയിലാണ് ദൃശ്യഭാഷയെ മുന്‍നിര്‍ത്തിയുള്ള ശ്യാമിന്റെ രചന വേറിട്ട് നില്‍ക്കുന്നത്?

അങ്ങനെയാണ് എഴുതേണ്ടതെന്നാണ് എന്റെ ബോധ്യം. ഞാനൊരു കഥയെഴുത്തുകാരനല്ല. സ്‌ക്രീന്‍ റൈറ്റര്‍ മാത്രമാണ്. സാഹിത്യകാരനോ കഥയെഴുത്തുകാരനോ ആള്‍ട്ടിക്കിളോ എഴുതാന്‍ പറ്റിയ ആളോ അല്ല. ഫേസ്ബുക്കില്‍ ഒരു സ്റ്റാറ്റസ് പോലും എഴുതാനുള്ള മടികൊണ്ട് എഴുതാത്ത ഒരാളാണ് ഞാന്‍. വിഷ്വലിന് വേണ്ടിയിട്ടാണ് എഴുതുന്നതെന്ന ബോധ്യം എനിക്കുണ്ട്. അതുകൊണ്ടായിരിക്കും രചനകളില്‍ അങ്ങനെ സംഭവിക്കുന്നത്.

വളരെ ഗൗരവമുള്ള വിഷയങ്ങളെ പോലും ഹാസ്യാത്മകമായി അവതരിപ്പിക്കുകയും ട്രോള്‍ ചെയ്യുകയും ചെയ്യുന്ന കാലത്ത് സ്വാഭാവിക നര്‍മ്മം അത് സിനിമയില്‍ മുഴച്ചുനില്‍ക്കാതെ കൊണ്ടുവരിക എന്നത് അതിഭംഗിയായി ഈ ചിത്രം സാധ്യമാക്കിയിട്ടുണ്ട്. നര്‍മ്മത്തെ സ്വാഭാവികതയോടെയും കാലോചിതമായും അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പ് എന്തായിരുന്നു?

ഹ്യൂമര്‍സെന്‍സ് ഉള്ളത് കൊണ്ട് എല്ലാ സീനിലും കോമഡി ഉണ്ടാക്കാമെന്ന് കരുതരുത് എന്ന് എന്നോട് അടുത്ത സുഹൃത്തുക്കള്‍ പറയാറുണ്ട്. എന്റെ സ്വഭാവം കഥാപാത്രങ്ങളിലേക്ക് കടന്നുവരാറുണ്ടെന്നും ചിലര്‍ പറയാറുണ്ട്. ഇതില്‍ ഞാന്‍ എന്ന വ്യക്തിയുടെ രീതികളോ ഇഷ്ടങ്ങളോ കഥാപാത്രങ്ങളിലൂടെ പുറത്തുവരാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. അതിന് ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ മികച്ച പിന്തുണ ഉണ്ടായി. കഥാപാത്രങ്ങള്‍ അവരുടെ ഹൃദയത്തില്‍ നിന്ന് സംസാരിക്കട്ടെ എന്നാണ് ദിലീഷ് പറഞ്ഞത്. ആദ്യം എഴുതിയതില്‍ നിന്ന വ്യത്യസ്ഥമായി ചില കഥാപാത്രങ്ങള്‍ കൂടുതലായി സംസാരിച്ചു. അവര്‍ക്ക് കഥാഗതിയില്‍ കൂടുതല്‍ ഇടപെടാന്‍ അവസരമുണ്ടായി. തിരക്കഥയില്‍ ആദ്യം ഇല്ലാത്ത ചില സീനുകള്‍ ഉണ്ടായി. ചില സ്ഥലത്ത് നമ്മള്‍ എഴുതാതെ വിട്ടുപോകും. ജംപ് കട്ട് എന്ന് പറഞ്ഞിട്ട്. ദിലീഷ് പോത്തന്‍ നിര്‍ബന്ധിച്ചു. ആ സീന്‍ നീ വെറുതെ എഴുതി നോക്ക്, എന്താ വരുന്നതെന്ന് നോക്കാം. അപ്പോള്‍ കുറച്ചുകൂടി സത്യസന്ധമായി ആ ഭാഗവും എഴുതി.

ആദ്യത്തെ സ്വതന്ത്ര തിരക്കഥയാണ്. പഴുതുകളേതുമില്ലാത്ത തിരക്കഥയുടെ കരുത്ത് ഈ ചിത്രത്തിനുണ്ട്. രചനാരീതിയില്‍ എന്തായിരുന്നു പ്രത്യേകമായി ശ്രദ്ധിച്ചത്?

ഈ സിനിമയില്‍ കുറച്ച് കൂടി എക്‌സ്പിരിമെന്റ് നടത്താനായി. തിരുത്തുകള്‍ അവസാന നിമിഷം വരെ നടത്തിയാണ് സ്‌ക്രിപ്ടിംഗ്. സ്‌ക്രിപ്ട് പൂര്‍ത്തിയാക്കി ഷൂട്ടിംഗിന് വേണ്ടി സംവിധായകന് നല്‍കാതെ ചിത്രീകരണ ഘട്ടത്തിലും തുടര്‍ന്നും ഞാനും കൂടെയുണ്ടായിരുന്നു. ഒരു ഷോട്ട് എടുത്ത് കഴിഞ്ഞിട്ട് പോലും തിരുത്ത് പറഞ്ഞാല്‍ നടക്കുമായിരുന്നു. എഴുതിയിട്ട് പിന്നീട് കൊണ്ടുപോയി ചിത്രീകരിക്കുമ്പോള്‍ ഒരുപാട് ഡീറ്റെയില്‍ മിസ്സിംഗ് ആയി പോകുന്നുണ്ട്. ഞാന്‍ സംവിധായകനൊപ്പം ചിത്രീകരണത്തിലും ഒപ്പം നില്‍ക്കുന്ന ആളാണ്. എന്നോട് പലരും ചോദിക്കാറുണ്ട്, എന്തിനാടാ സെറ്റില്‍ പോയി നില്‍ക്കുന്നതെന്ന്. ലൊക്കേഷനില്‍ നമുക്ക് ചിലപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പണിയെടുക്കേണ്ടി വരും. ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടി വരും. കാരണം ചിത്രീകരണഘട്ടത്തില്‍ ഒരു പാട് ജോലികളുണ്ട്. പലതും ചെയ്യേണ്ടതായിട്ട് വരും. ഞാന്‍ വിശ്വസിക്കുന്നത്, രചയിതാവ് എന്നതിനൊപ്പം തന്നെ നമ്മള്‍ ഫിലിം മേക്കര്‍ കൂടിയാണ്, ഈ സിനിമയില്‍ തന്നെ സൗമ്യയുടെ അഞ്ച് സൈസിലുള്ള പ്രിന്റുകള്‍ അവിടെ വരണം. അത് എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് എന്ന് എന്റെ മനസിലുണ്ട്.  ഡയറക്ടര്‍ ഒരു സിനിമയില്‍ ഒരുപാട് കാര്യങ്ങള്‍ നോക്കുന്ന ഒരാളാണ്. അയാള്‍ക്ക് എഴുത്തുകാരന്റെ പിന്തുണ കൂടെയുണ്ടാകുന്നത് നല്ലതാണ്. ഒരുപോലെ മനസ്സുള്ള കുറച്ച് സുഹൃത്തുക്കള്‍ കൂടെയുണ്ട്. ഈ സാഹചര്യം എന്നെ ഒരു പാട് ഹെല്‍പ് ചെയ്തിട്ടുള്ളത്, ദിലീഷ് പോത്തന്റെ അസോസിയേറ്റ് ആയിട്ടുള്ള റോയ് മാത്യു അവരൊക്കെ ഈ നാട്ടില്‍ നിന്നുള്ളവരാണ്. കുറുപ്പന്തറ, കോട്ടയം കള്‍ച്ചര്‍ ഒരുപാട് സാമ്യതകളുണ്ട്. എനിക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ അവരുണ്ട്. സംവിധായകനും തിരക്കഥാകൃത്തും ഉള്‍പ്പെടെ ഞങ്ങളുടെ ടീം ഒന്നടങ്കം ഉള്ള കൊടുക്കല്‍ വാങ്ങലുകളില്‍ നിന്നാണ് ഈ സിനിമയുടെ രചന പൂര്‍ണമാകുന്നത്.

ചിട്ടയായ കാസ്റ്റിംഗ്. അനുശ്രീയുടെയും ഫഹദിന്റെയും ബാല്യകാലം മുതല്‍ പ്രകാശ് സിറ്റിയിലെ ഓരോരുത്തരും വിശ്വസനീയമായി കഥാപാത്രങ്ങളായിരിക്കുന്നു. ഫഹദും അനുശ്രീയും സൗബിനും ഒഴികെയുള്ള കഥാപാത്രങ്ങളേറെയും താരതമ്യേന തുടക്കക്കാരോ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയവരോ ആയിരുന്നു? തുടക്കക്കാരെ പ്രധാന റോളുകളില്‍ പരിഗണിച്ചത് വലിയ വെല്ലുവിളിയായിരുന്നില്ലേ?

പൂര്‍ണമായും നേറ്റീവ് പടമായിരിക്കണമെന്ന് തുടക്കം മുതല്‍ ആഗ്രഹം ഉണ്ടായിരുന്നു. പ്രാദേശിക ഭാവം കൊണ്ടുവരാനായി കൃത്രിമത്വമില്ലാതെ കഥാപശ്ചാത്തലവും കഥാപാത്രങ്ങളെയും അവതരിപ്പിക്കുക എന്നതായിരുന്നു ദൗത്യം. പ്രകാശ് സിറ്റി എന്നാണ് കഥ നടക്കുന്ന സ്ഥലത്തിന്റെ പേര്. പ്രകാശ് എന്നേ നാട്ടുകാര്‍ പറയാറുള്ളൂ. പ്രകാശ് തപാലാപ്പീസ് അതില്‍ കാണിക്കുന്നുണ്ട്. ഹൈറേഞ്ചുകാരെ കളിയാക്കുന്ന ഒരു പരാമര്‍ശവും വരാന്‍ പാടില്ലെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പരമാവധി റിയലിസ്റ്റിക് അന്തരീക്ഷമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഞങ്ങള്‍ ലൊക്കേഷന്‍ നോക്കാനായി പോയപ്പോള്‍ പ്രകാശ് സിറ്റിയിലുള്ള വലിയ മരം മുറിച്ചുമാറ്റാന്‍ ശ്രമം നടക്കുകയാണ്. അത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചാണ് ഒറിജിനാലിറ്റി കൊണ്ടുവരാന്‍ നോക്കിയത്. ആ നാട്ടിലെ കടകളില്‍ എങ്ങനെയാണോ അങ്ങനെ തന്നെയാണ് കടകള്‍ക്ക് മുന്നിലുള്ള ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ചെയ്തത്. വണ്‍ ലൈന്‍ തയ്യാറാക്കിയപ്പോള്‍ തന്നെ കാസ്റ്റിംഗ് തുടങ്ങി. വിജിലേഷിന്റെ കാസ്റ്റിംഗ് ,രജീഷിന്‍െ കാസ്റ്റിംഗ്, പിന്നെ ഓഡിഷന്‍ ചെയ്തതിന് ശേഷം സെലക്ട് ചെയ്തവരുടെ അഭിനയരീതി കണ്ട് എഴുത്തു തുടര്‍ന്നു. സംവിധായകനും തിരക്കഥാകൃത്തിനുമിടയില്‍ വലിയ ഫ്രീഡം ഉള്ളത് കൊണ്ടാണ് ഇതൊക്കെ സാധ്യമായത്. ദിലീഷ് പോത്തനും ഞാനും ഒരുമിച്ച് ഒരുവീട്ടില്‍ താമസിക്കുന്ന റൈറ്ററും ഡയറക്ടറുമാണ്. എം എ തിയേറ്റര്‍ ഒക്കെ കഴിഞ്ഞ കക്ഷിയാണ് ദിലീഷ് പോത്തന്‍. പുള്ളീടെ ഫ്രണ്ട്‌സും നാടകതാരങ്ങളുമൊക്കെ അഭിനയിച്ചിട്ടുണ്ട്. എന്റെ ഭാര്യ ഇതില്‍ അഭിനയിച്ചിട്ടുണ്ട്. ആക്ടേഴ്‌സിനെ ഫോം ചെയ്‌തെടുക്കുന്നതില്‍ ദിലീഷിന് പ്രത്യേക മിടുക്കുണ്ട്.

ശ്യാമിന്റെ തന്നെ അനുഭവത്തില്‍ നിന്നുള്ള യഥാര്‍ത്ഥ സംഭവം ആധാരമാക്കിയല്ലേ സിനിമ

എന്റെ നാടായ ആലപ്പുഴ തുറവൂരിലുള്ള ആളായിരുന്നു തമ്പാന്‍ പുരുഷു. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. ഈ സിനിമയിലെ ചെരുപ്പുമായി ബന്ധപ്പെട്ട സംഭവം അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നെടുത്തതാണ്. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചാണ് സിനിമ തുടങ്ങുന്നത്.

അതിവൈകാരികമെന്ന് തോന്നുന്ന രംഗങ്ങള്‍ പോലും നര്‍മ്മത്തിലെത്തി അവസാനിക്കുന്ന രീതി, ഈ ചിത്രത്തില്‍ തന്നെ ക്രിസ്പിനെ ബേബിച്ചായന്‍ ചോദ്യം ചെയ്യുന്ന രംഗം, ഒരു പൊട്ടിത്തെറി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നിടത്താണ് നിങ്ങള്‍ ഹ്യൂമര്‍ സാധ്യത പരീക്ഷിച്ചത്?

എന്റെ മനസില്‍ വന്ന ആദ്യ സീനുകളിലൊന്നായിരുന്നു ക്രിസ്പിനും ബേബിയുമായിട്ടുള്ള ഈയൊരു സീന്‍. ;ചിത്രീകരണത്തിലും ആദ്യം ചെയ്ത സീനാണ്. ഹ്യൂമറിലേക്കുള്ള ഷിഫ്റ്റ് വര്‍ക്ക് ഔട്ട് ആകുമെന്ന വിശ്വാസമുണ്ടായിരുന്നു. മലയാളികള്‍ തമാശ ഇഷ്ടമുള്ളവരാണ്. തമാശ കണ്ടെത്താനുള്ള ശേഷി എല്ലാവര്‍ക്കുമുണ്ട്. പുതിയ ജനറേഷന്‍ ആയാലും പഴയ ജനറേഷന്‍ ആയാലും ഹ്യൂമര്‍ സെന്‍സില്‍ മാറ്റമില്ല.

എല്ലാ സാഹചര്യങ്ങളെയും  ഹാസ്യവല്‍ക്കരിക്കുകയും ട്രോള്‍ ചെയ്യുകയും ചെയ്യുന്ന കാലമാണ്. ജോസ് കെ മാണിയും കിരീടവും ഡബ്‌സ്മാഷും തുടങ്ങി ട്രോളും സ്പൂഫും വരെയുള്ള പരാമര്‍ശങ്ങള്‍ പുതിയ കാലത്തിന്റെ ആസ്വാദന രീതിയോട് ചേര്‍ന്ന് പോകാന്‍ വേണ്ടി ബോധപൂര്‍വ്വം ചേര്‍ത്തതല്ലേ?

എല്ലാവരെയും പോലെ ഞാനും പലതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന ആളാണ്. ഇന്റര്‍നാഷനല്‍ ചളു യൂണിയനിലും ട്രോള്‍ മലയാളത്തിലുമൊക്കെ വരുന്ന മിക്ക പോസ്റ്റുകളും ഞാനും ശ്രദ്ധിക്കാറുണ്ട്. നാട്ടിന്‍പുറത്തും ഹാസ്യം ഇതേ രീതിയില്‍ കടന്നുവന്നിട്ടുണ്ട്. സ്പൂഫും സിനിമയിലൂടെയുള്ള തമാശകളും കടന്നുവരുന്നതില്‍ എന്റെ എഴുത്തിന് ഞാനൊരു ബോര്‍ഡര്‍ ലൈന്‍ വച്ചിട്ടുണ്ടായിരുന്നു. സിനിമകള്‍ കണക്ട് ചെയ്തുള്ള പരാമര്‍ശങ്ങളില്ലാതെ എഴുതാന്‍ ആദ്യം തീരുമാനിച്ചിരുന്നു. പിന്നീട് നോക്കിയപ്പോള്‍ ആളുകളൊക്കെ നാച്വറലി അങ്ങനെയാണ് സംസാരിക്കുന്നത്. സൗബിന്റെ ക്രിസ്പിന്‍ ഒരു സിനിമാ പ്രാന്തന്‍ ആയിട്ടുള്ള ആളാണ്. അയാളുടെ ആദ്യവരവില്‍ തന്നെ അത്തരം സൂചനയുണ്ട്. പല തവണ കിരീടവും ചെങ്കോലും കണ്ടിട്ടുള്ള ക്രിസ്പിന്‍ മഹേഷിന്റെ ജീവിതത്തിലെ ഒരു സന്ദര്‍ഭത്തിലാണ് ആ സിനിമകളെ അയാളുമായി റിലേറ്റ് ചെയ്യുന്നത്. അപ്പോഴാണ് അയാള്‍ക്ക് ആ കഥ മനസ്സിലായതും. സ്പൂഫ്,ട്രോള്‍ എന്നീ നിലയ്ക്ക് ഹാസ്യം മിനിമലായി മാത്രം കൊണ്ടുവരാനേ ശ്രമിച്ചിട്ടുള്ളൂ.

കീരീടം ഇന്നത്തെ അന്തരീക്ഷത്തിലാണെങ്കില്‍ സേതുമാധവന്‍ മഹേഷിനെ പോലെയായിരിക്കുമോ എന്ന സംശയം. ഈ സിനിമ കണ്ടാല്‍ അങ്ങനെ ഒരു വായനക്കും സാധ്യതയില്ലേ?

മനപ്പൂര്‍വ്വം അങ്ങനെ ഒരു നിരീക്ഷണ ശ്രമമൊന്നും ഞങ്ങളില്‍ നിന്ന് ഉണ്ടായിട്ടില്ല. സേതുമാധവന്റെ ജീവിതവും അയാള്‍ നേരിടുന്ന കാര്യങ്ങളുമൊക്കെ സത്യസന്ധമായാണ് പറഞ്ഞിരിക്കുന്നത്. ഏറ്റവുമധികം സംഭവിക്കാന്‍ സാധ്യതയും അത്തരത്തില്‍ ആണ്. മഹേഷിന്റെ പ്രതികാരം പക്ഷേ ഒറ്റപ്പെട്ട ഒരു സംഭവമായി മാത്രം കാണേണ്ടതാണ്.

തിരക്കഥാകൃത്ത് എന്ന നിലയിലുള്ള സ്വതന്ത്രരചനയാണ് മഹേഷിന്റെ പ്രതികാരം, ഇനിയങ്ങോട്ട് ഒറ്റയ്ക്കായിരിക്കുമോ രചനകള്‍

അങ്ങനെ നിര്‍ബന്ധമില്ല, സബ്ജക്ടുകളെ ആശ്രയിച്ച് തന്നെ അത്തരം തീരുമാനങ്ങള്‍ എടുക്കാം എന്നാണ് കരുതുന്നത്. ഇത് എന്റെ നാട്ടിലുള്ള എനിക്ക്‌ പരിചയമുള്ള സംഭവത്തില്‍ നിന്നുള്ള കഥ എന്ന നിലയില്‍ ഒറ്റയ്ക്ക് എഴുതാന്‍ ധൈര്യമുണ്ടായിരുന്നു. നല്ല സിനിമ ഉണ്ടാക്കുക എന്നതിനാണ് പ്രഥമ പരിഗണന. അതിന് വേണ്ടി ആര്‍ക്കൊപ്പം എഴുതുന്നതിലും പ്രശ്‌നമില്ല. ഇയ്യോബിന്റെ പുസ്തകം എനിക്ക് ഒറ്റയ്ക്ക് എഴുതാനാകുമെന്ന് തോന്നുന്നില്ല. എനിക്ക്‌ രണ്‍ജി പണിക്കര്‍ സാറിനൊപ്പം ചേര്‍ന്ന് ഒരു പൊളിറ്റിക്കല്‍ ലവ് സ്റ്റോറി എഴുതണമെന്ന് ആഗ്രഹമുണ്ട്‌.

ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍ സ്വാഭാവികാഭിനയത്തിലും സൂക്ഷ്മാഭിനയത്തിലും മലയാളത്തിലെ മികച്ച രണ്ട് താരങ്ങള്‍. ഇവരെ കഥാപാത്രങ്ങളാക്കി എഴുതുമ്പോള്‍ ഉള്ള സൗകര്യവും വെല്ലുവിളിയും എന്താണ്. സൗബിനെയൊക്കെ സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ കാണികള്‍ ചിരിച്ചുതുടങ്ങും അപ്പോള്‍ അവരില്‍ നിന്നുണ്ടാകുന്ന സംഭാഷണത്തിനും നല്ല വിനിമയശേഷി ഉണ്ടാകണമല്ലോ?

സൗബിന്‍ സിനിമയ്ക്ക് പുറത്ത് ഞങ്ങള്‍ക്കിടയില്‍ വലിയ സ്റ്റാര്‍ ആണ്. ഇവന്‍ എന്ന് സിനിമയില്‍ വലിയ സ്റ്റാര്‍ ആകും എന്ന കാര്യത്തിലേ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നുള്ളൂ. പ്രേമം കഴിഞ്ഞപ്പോള്‍ സൗബിനെ കണ്ടാല്‍ കയ്യടിക്കുന്ന അവസ്ഥയുണ്ടായി. അത് മനസ്സിലാക്കി തന്നെയാണ് ക്രിസ്പിന്‍ എന്ന കഥാപാത്രത്തെ സമീപിച്ചത്. ആ കഥാപാത്രം ആവശ്യപ്പെടുന്നതില്‍ കൂടുതലായി ഒന്നും ചെയ്യാതെ ക്രിസ്പിനായി നിലനിര്‍ത്തുകയാണ് ചെയ്തത്. സൗബിന്‍ അത് ഭംഗിയായി ചെയ്തു. സൗബിന്‍ എന്ത് പറഞ്ഞാലും ആള്‍ക്കാര്‍ കയ്യടിക്കുമെന്നിരിക്കെ മിതത്വത്തോടെ കഥാപാത്രത്തെ പ്രസന്റ് ചെയ്യാനാണ് നോക്കിയത്. സൗബിന്‍ എനിക്ക് ഏറ്റവും അടുപ്പമുള്ള ആളുമാണ്. അവന്റെ മാനറിസവും രീതികളുമൊക്കെ റിയല്‍ ലൈഫില്‍ കണ്ടിട്ടുണ്ട്.

ഉള്ളില്‍ പോറലേറ്റ കഥാപാത്രങ്ങളെ ഏറ്റവും നന്നായി അവതരിപ്പിക്കുന്ന നടനാണ് ഫഹദ് ഫാസില്‍. ഫഹദിന്റെ ചില അണ്ടര്‍പ്ലേ സംഭാഷണങ്ങളില്ലാതെ തന്നെ കമ്യൂണിക്കേറ്റ്‌ ചെയ്യുന്നുമുണ്ട്. ഫഹദിനെ കഥാപാത്രമാക്കുമ്പോള്‍ കിട്ടുന്ന സൗകര്യമെന്താണ്?

ഫഹദ് ഒരു നേറ്റീവ് കഥാപാത്രമാകുന്നതില്‍ എക്‌സൈറ്റഡ് ആയിരുന്നു. മഹേഷുമായി സാമ്യമുള്ളവരെ കാണാനും മനസ്സിലാക്കാനും ഫഹദ് ശ്രമിച്ചിരുന്നു. ബേസിക്കലി ഫഹദ് ആലപ്പുഴക്കാരനായ നാടന്‍ മനുഷ്യനാണ്. പുറത്ത് പഠിച്ചത് കൊണ്ട് ഒരു അര്‍ബന്‍ ബോഡി ലാംഗ്വേജ് തോന്നിപ്പിക്കുന്നുവെങ്കിലും തനി നാട്ടിന്‍പുറത്തുകാരനാണ്. ആലപ്പുഴയിലെ തോട്ടിന്‍വക്കത്ത് കളിച്ച് നടക്കുന്ന ഒരാളാണ് അയാളുടെ ഉള്ളിലുള്ളത്.

ബോക്‌സ് ഓഫീസില്‍ ഫഹദിന് ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കാനുള്ള ശേഷി മഹേഷിന്റെ പ്രതികാരത്തിന് ഉണ്ടെന്ന് ചിത്രം ഇറങ്ങും മുമ്പേ മനസ്സിലായിരുന്നോ?

ഫഹദിന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടത് ഞങ്ങളില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. അത് ഈ സിനിമയുടെ മാര്‍ക്കറ്റിംഗിനെ കുറിച്ച് ഓര്‍ത്താണ്. നമ്മുക്ക് വേണ്ട തിയറ്ററുകള്‍ കിട്ടില്ല എന്ന പ്രശ്‌നമൊക്കെയുണ്ട്. ഫഹദിനോട് ഈ സിനിമയുടെ കഥ പറയുന്നത് ഫഹദിനെ മലയാളം ഏറ്റവും നന്നായി ആഘോഷിച്ച സമയത്താണ്. കരിയറിലെ ഏറ്റവും നല്ല സമയത്താണ് ഫഹദ് എക്‌സൈറ്റഡായി ഈ ചിത്രം ഏറ്റെടുക്കുന്നത്.

ആഷിക് അബു സ്വതന്ത്ര നിര്‍മ്മാതാവാകുന്ന ആദ്യചിത്രമാണ്. നിങ്ങളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന ആളും മുന്‍ചിത്രങ്ങളുടെ സംവിധായകനുമാണ്. സംവിധായകനില്‍ നിന്ന് നിര്‍മ്മാതാവിന്റെ റോളിലേക്ക് മാറിയപ്പോള്‍  ഈ സിനിമയില്‍ ആഷിക് അബുവിന്റെ ഇടപെടല്‍ എത് രീതിയിലായിരുന്നു?

മഹേഷിന്റെ പ്രതികാരം എന്ന സ്‌ക്രിപ്ട് പോലും കേള്‍ക്കാതെയാണ് അദ്ദേഹം നിര്‍മ്മാതാവായത്. ഞങ്ങള്‍ ആവശ്യപ്പെടുന്ന എല്ലാ സൗകര്യങ്ങളും ചെയ്തുതരികയായിരുന്നു പ്രധാന ഉത്തരവാദിത്വം. നല്ല മടി കാരണം ഷൂട്ടിംഗ് നടക്കുന്ന സമയത്ത് സെറ്റിലേക്ക് വരാറുമില്ല. നമ്മളെ പൂര്‍ണമായും വിശ്വസിച്ച് ഞങ്ങള്‍ക്ക് എല്ലാം വിട്ടുതരികയാണ് ഉണ്ടായത്. ഈ സിനിമയുടെ വണ്‍ലൈന്‍ ആയി കാസ്റ്റിംഗ് ഒക്കെ നടക്കുമ്പോഴാണ് റാണി പദ്മിനി തുടങ്ങുന്നത്. ആ സിനിമ തുടങ്ങി രണ്ടാഴ്ചക്കുളളില്‍ മഹേഷിന്റെ പ്രതികാരവും തുടങ്ങി.
.