അടയാളപ്പെടുത്താനാകാതെ അടിതെറ്റിയ അരങ്ങേറ്റമായിരുന്നു ഫഹദ് ഫാസിലിന്റേത്. നിഷ്‌കളങ്കനോട്ടവും കട്ടിമീശയുമായി മലയാളിയുടെ കാല്‍പ്പനിക കാമുകരൂപത്തെ തിരയില്‍ പതിപ്പിച്ചിട്ടും പിന്‍വാങ്ങേണ്ടി വന്നു. തുടര്‍ന്നുള്ള അവസരങ്ങള്‍ക്ക് ആദ്യപരാജയം തടസ്സമല്ലെന്ന് അറിയാമായിരുന്നിട്ടും സിനിമയില്‍ നിന്ന് സ്വയം പിന്‍വാങ്ങുകയാണ് ഫഹദ് ചെയ്തത്. തുടര്‍വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് തിരിച്ച ഫഹദ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത് ഏഴ് വര്‍ഷത്തിന് ശേഷമാണ്. സര്‍വ്വസമ്മതത്വമുള്ള നായകരൂപം ആനുകൂല്യമാകാതെ കഷണ്ടി കയറി തലയും നീണ്ടു മെലിഞ്ഞ രൂപവുമായി കഥാപാത്രശരീരത്തിലൂടെ സ്വാഭാവികമായി ഇടപെടുന്ന നടനെയാണ് മൃത്യുഞ്ജയത്തില്‍ കണ്ടത്. 90കള്‍ക്കിപ്പുറം ശബ്ദരേഖയുടെയും പ്രൊഫഷണല്‍ നാടകങ്ങളുടെയും മിമിക്‌സ് ഷോകളുടെയും രീതിഭാവങ്ങളിലേക്ക് തെന്നിവീണ ചലച്ചിത്രമേഖല കഥപറച്ചിലിന്റെ നവരീതികളിലേക്ക് പ്രവേശിച്ചതിന്റെ ഉണര്‍വ്വ് പ്രകടമായ 2011ലാണ് ഫഹദിന്റെ രണ്ടാം വരവ് പ്രേക്ഷകര്‍ ഉള്‍ക്കൊണ്ടത്. ആ ഫഹദ് അല്ല, ഈ ഫഹദ് എന്ന ഉറപ്പാക്കലിലേക്ക് ചാപ്പാക്കുരിശ് എന്ന ചിത്രം പ്രേക്ഷകരെ നയിച്ചു. കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലെ ചോക്ലേറ്റ് ഹീറോയായ സച്ചിന്റെ പതര്‍ച്ചകളില്‍ നിന്ന് അര്‍ജുനന്‍ എന്ന നാഗരികയുവാവിന്റെ ശരീരഭാഷയിലേക്കുള്ള പാകപ്പെടല്‍. കഥാപാത്രമായി വിശ്വസനീയമായി പെരുമാറുകയാണ് ഫഹദ് ചെയ്തത്. സ്വയം പരിശീലിപ്പിച്ചെടുത്ത ഭാവവിനിമയരീതി, ഒരു തരം അണ്ടര്‍പ്‌ളേ, ഫോര്‍ട്ട് കൊച്ചിയിലെ ഡ്രൈവര്‍ റസൂലാകുമ്പോഴും ഭാവനാ സ്റ്റുഡിയോയിലെ മഹേഷാകുമ്പോഴും നത്തോലിയിലെ പ്രേമനും, ആമേനിലെ സോളമനും ആ കഥകളിലെ ജീവിതപരിസരങ്ങളില്‍ തന്നെ പാര്‍ക്കുന്നവരാണെന്ന് വിശ്വസിപ്പിച്ചെടുക്കുന്ന ഭാവഭദ്രത. ഫഹദ് ഫാസില്‍ സംസാരിക്കുന്നു

എന്താണ് മഹേഷിന്റെ പ്രതികാരത്തില്‍ വര്‍ക്ക് ഔട്ട് ആയ മാജിക് ?

ഒരു രീതിയിലും വിട്ടുവീഴ്ചയില്ലാതെ ചെയ്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം. സിനിമയുടെ രണ്ട് ദിവസം മുമ്പ് വരെ തിയറ്ററുകളില്‍ എങ്ങനെയാണ് ഈ ചിത്രം സ്വീകരിക്കപ്പെടുക എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. ഹീറോയുടെ മുണ്ടുരിഞ്ഞ് പോയാല്‍ ഓഡിയന്‍സ് ആ സിനിമയെ എങ്ങനെയെടുക്കും, വില്ലന്റെ അനുജത്തിയെ പ്രണയിച്ചാല്‍ അത് ക്ലീഷേയാകുമോ,ഇങ്ങനെ ആയിരം ചോദ്യങ്ങള്‍ ഞങ്ങള്‍ പരസ്പരം ചോദിച്ച് ഉത്തരം തേടിയിട്ടുണ്ട്. മുന്‍വിധികളില്ലാതെയാണ് ഈ സിനിമ ചെയ്തത്. പൂര്‍ത്തിയായ ശേഷം ഞങ്ങളുടെ മിസ്റ്റേക്ക്‌സ് കണ്ടെത്താനും ചര്‍ച്ച ചെയ്യാനുമാണ് സമയം ചെലവഴിച്ചത്. ബിനോയ് , എട്ടിന്റെ ഒരു ലൂണാര്‍ എന്ന് സോഫ്റ്റ് ആയി ചോദിച്ചാല്‍ മതിയോ അതോ  ഗാംഭീര്യം വേണോ എന്നൊക്കെ ഞങ്ങളിരുന്ന് സംസാരിച്ചിരുന്നു. പക്ഷേ ഞങ്ങള്‍ക്കുണ്ടായ സംശയമൊന്നും പ്രേക്ഷകര്‍ക്ക് ഇല്ലായിരുന്നു. ഞങ്ങള്‍ എങ്ങനെയാണ് മഹേഷിന്റെ പ്രതികാരം തിയറ്ററുകളിലെത്തിച്ചത് അതുപോലെ തന്നെ ഓഡിയന്‍സ് സിനിമയെ ഏറ്റെടുത്തു.

ഇന്‍ഡസ്ട്രിയും നല്ലൊരു വിഭാഗം പ്രേക്ഷകരും ഫഹദ് ഫാസിലിന്റെ തിരിച്ചുവരവായാണ് മഹേഷിന്റെ പ്രതികാരത്തെ കാണുന്നത്. ബോക്‌സ് ഓഫീസിനെ പരിഗണിച്ചാണ് ഈ വീഴ്ചയും വാഴ്ചയും നിര്‍ണ്ണയിക്കുന്നത്. ഫഹദ് ഇതിനെ എങ്ങനെയാണ് കാണുന്നത്.

ഇതിന് മുമ്പ് ഞാന്‍ ഈ ചോദ്യം കേട്ടിരുന്നത് ചാപ്പാക്കുരിശിന്റെ സമയത്താണ്. അന്ന് പറഞ്ഞ അതേ മറുപടി തന്നെയാണ് എനിക്കിപ്പോഴും പറയാനുള്ളത്. എനിക്ക് ഇപ്പോഴാണ് ഇത് പോലൊരു നല്ല സിനിമ ചെയ്യാന്‍ സാധിച്ചത്, ഞാന്‍ ചെയ്ത മറ്റെല്ലാ സിനിമകളെയും മോശം സിനിമകളെന്ന് പറയുകയല്ല, പക്ഷേ ഇപ്പോഴാണ് എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്താനായ സിനിമ ചെയ്യാന്‍ അവസരം കിട്ടിയത്. അടുത്ത സിനിമ ചിലപ്പോള്‍ അങ്ങനെ ആയിരിക്കണമെന്നില്ല. എനിക്കിഷ്ടപ്പെട്ട സിനിമകള്‍ തന്നെയാണ് ഞാന്‍ ഇതുവരെ ചെയ്തത്.

സിനിമ വിജയിക്കുമ്പോള്‍ ലഭിക്കുന്ന കയ്യടികള്‍ പോലെ തന്നെ ഫഹദിന്റെ ചിത്രം പരാജയപ്പെടുമ്പോള്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടാകും. എത്രമാത്രം പ്രയാസകരമാണ് ഒരു സിനിമയുടെ തെരഞ്ഞെടുപ്പ്?

എന്റെ പ്രൊഫഷനാണേ സത്യം, പരാജയപ്പെട്ട സിനിമകളുടെ കാര്യത്തില്‍ എനിക്ക് പരാതിപ്പെടാന്‍ കഴിയില്ല. ഇതിന് മുമ്പ് എന്റെ നല്ല സിനിമകള്‍ ഓടിയിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ഒരു രീതിയിലും പരാതി ഇല്ല. വര്‍ക്ക് ഔട്ട് ആവാത്തത്‌  പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം മോശം സിനിമകളായിരിക്കും. അത് നിര്‍ണ്ണയിക്കാനുള്ള അവകാശം ഞാന്‍ ഓഡിയന്‍സിനാണ് നല്‍കുന്നത്. ഞാന്‍ ചെയ്യുന്ന സിനിമകള്‍ എത്ര റിസ്‌ക് ഫാക്ടര്‍ ഉണ്ടെങ്കിലും എത്ര മാത്രം എക്‌സ്പിരിമെന്റല്‍ ആണെങ്കിലും ഫൈനല്‍ ആയി അത് തിരിച്ചറിയേണ്ടതും സ്വീകരിക്കേണ്ടതും പ്രേക്ഷകരാണ്. എന്റെ ഫ്‌ളോപ്പ് ആയ സിനിമ ഓഡിയന്‍സിന് മനസ്സിലാകാത്തത് കൊണ്ടാണെന്ന് ഞാന്‍ ഒരിടത്തും പറയില്ല. എന്റെ നല്ല സിനിമകളെല്ലാം ഓടിയിട്ടുള്ളത് കൊണ്ട് എനിക്ക് കംപ്ലയിന്റ് ഇല്ല.

ഒരു പാട് സിനിമകള്‍ ഒഴിവാക്കുന്നു, സിനിമയില്‍ നീണ്ട അവധി എന്നൊക്കെ കേട്ടിരുന്നു. എങ്കിലും മഹേഷിന്റെ പ്രതികാരമൊക്കെ വലിയ രീതിയില്‍ സ്വീകരിക്കപ്പെടുമ്പോള്‍ വ്യക്തിപരമായി വലിയ ആഹ്ലാദമുണ്ടാക്കുന്നില്ലേ

ചെയ്ത സിനിമകള്‍ വര്‍ക്ക് ഔട്ട് ആയാല്‍ വലിയ എക്‌സൈറ്റ്‌മെന്റ് തന്നെയാണ്. മഹേഷിന്റെ പ്രതികാരം തന്നെ എടുത്തു നോക്കൂ, ആ സിനിമയുടെ സെക്കന്‍ഡ് ഹാഫ് മുതല്‍ നായകനായ മഹേഷ് ഡിപ്രഷനിലാണ്. നായകന്റെ റിവഞ്ച് ആണെങ്കിലും നായകനെ ചുറ്റിപ്പറ്റിയല്ല ആ സിനിമ. മഹേഷിന്റെ കഥയാണെങ്കിലും അതിനെ മുന്നോട്ട് കൊണ്ടുപോകുന്നത് ചുറ്റുമുള്ള ആളുകളാണ്. ഈ സിനിമയില്‍ റിവഞ്ച് എന്നൊരു ഫോര്‍മുലയുണ്ട്, എന്നാല്‍ ഒരു റിവഞ്ച് സിനിമയില്‍ സ്ഥിരം കാണുന്ന ഒരു ഫോര്‍മുലയില്ല. റിയലിസ്റ്റിക്കായ കുറേ സംഭവങ്ങള്‍ അല്ലാതെ സ്‌റ്റേജ് ചെയ്‌തെടുത്ത് എന്ന് തോന്നുന്ന രംഗങ്ങളില്ല. അതിമനോഹരമായ സ്‌ക്രിപ്ടിന്റെ വിജയം കൂടിയാണ് മഹേഷിന്റേത്. അതൊരിക്കലും നിഷേധിക്കാനാകില്ല. ആ സ്‌ക്രിപ്ട് വര്‍ക്ക് ആയത് കൊണ്ടാണ് ആ കാരക്ടര്‍ സക്‌സസ് ആയത്. ഞാന്‍ അതില്‍ നിന്ന് കൊടുത്തിട്ടേ ഉള്ളൂ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനകത്ത് എന്നെ ഏറ്റവുമധികം ഏക്‌സൈറ്റഡാക്കിയ സ്‌ക്രിപ്ട് ആണ് മഹേഷിന്റെ പ്രതികാരത്തിന്റേത്. ഏതാണ്ട് മൂന്ന്, മൂന്നരക്കോടി രൂപയോളം ലഭിച്ച സിനിമകള്‍ ഞാന്‍ വേണ്ടെന്ന് വയ്ക്കുകയും അഡ്വാന്‍സുകള്‍ തിരിച്ച് കൊടുക്കുകയും ചെയ്തതിന് ശേഷമാണ് മഹേഷിന്റെ പ്രതികാരം ചെയ്തത്. നിര്‍മ്മിക്കാനിരുന്ന സിനിമയില്‍ അതുവരെയുണ്ടായ ചെലവ് ഏറ്റെടുക്കാമെന്ന് തീരുമാനിച്ചും എന്റെ  എല്ലാ കമ്മിറ്റ്‌മെന്റും തീര്‍ത്തിട്ട് ഞാന്‍ പോയി ഷൂട്ട് ചെയ്ത സിനിമയാണ് മഹേഷിന്റെ പ്രതികാരം. അന്ന് എടുത്ത തീരുമാനങ്ങളെല്ലാം ശരിയാണെന്ന് ബോധ്യപ്പെടുമ്പോള്‍ വലിയ സന്തോഷമുണ്ട്. അതിനുള്ള നന്ദി പ്രേക്ഷകരോട് കൂടിയാണ്. ഇങ്ങനെയുള്ള സിനിമകള്‍ തുടര്‍ന്നും ചെയ്യാനുള്ള ധൈര്യവുമാണ് തിയറ്ററുകളില്‍ നിന്ന് കിട്ടിയത്.

ഫഹദിന്റെ ചില സിനിമകള്‍ വിജയിക്കുമ്പോള്‍ അത് മലയാള സിനിമയുടെ മുന്നേറ്റം കൂടിയാകാറുണ്ട്. അന്നയും റസൂലും,ആമേന്‍, ഇയ്യോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം എന്നിവയെല്ലാം മലയാള സിനിമയുടെ മുന്നേറ്റം കൂടിയായിരുന്നു. നടന്‍ എന്നതില്‍ നിന്ന് പുറത്തിറങ്ങി നോക്കിയാല്‍ അങ്ങനെയൊരു വിലയിരുത്തലിന് പറ്റുന്നുണ്ടോ? മഹേഷിന്റെ പ്രതികാരം…

ഈ സിനിമകളെല്ലാം മറ്റൊരു ആക്ടര്‍ ആണ് ചെയ്തതെങ്കില്‍ പോലും അവയെല്ലാം നമ്മുടെ സിനിമയെ പല രീതിയില്‍ മുന്നോട്ട് നയിച്ചവയാണ് എന്നാണ് എനിക്ക് വിലയിരുത്താനാവുക. മഹേഷിന്റെ പ്രതികാരം തന്നെയെടുത്താല്‍ അത്ര മാത്രം സത്യസന്ധവും ആത്മാര്‍ത്ഥവുമായ സിനിമ ആയതുകൊണ്ടാണ് ആ ചിത്രം നന്നായി അംഗീകരിക്കപ്പെട്ടത്. ഈ സിനിമ കണ്ടവരിലേറെയും എന്നോട് പറഞ്ഞത് ആ ചെരിപ്പ് കഴുകുന്ന രംഗത്തില്‍ തന്നെ ഞങ്ങള്‍ ആ സിനിമയുടെ മൂഡിലേക്ക് പ്രവേശിച്ചു എന്നാണ്. മഹേഷ് എന്ന കാരക്ടര്‍ ആര് ചെയ്താലും ഇത് തന്നെയാണ് സംഭവിക്കുക. അത്ര ഭംഗിയായി സ്‌കെച്ച് ചെയ്യപ്പെട്ടിട്ടുള്ള കാരക്ടര്‍ ആണത്. ഈ സിനിമ ഇപ്പോള്‍ തമിഴിലും തെലുങ്കിലുമൊക്കെ ഞങ്ങളോട് വിളിച്ച ചോദിച്ച് അറേഞ്ച്ഡ് പ്രിവ്യൂ കാണുന്നവരുണ്ട്, ഓരോ ഇന്‍ഡസ്ട്രിയിലും. ആ ഭാഷകളിലെല്ലാം ഈ സിനിമയെ അവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്. മധുരയിലോ കുംഭകോണത്തോ നടക്കുന്ന കഥയായി പോലും ഇതിനെ പറിച്ച് നടാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. ഞാന്‍ ചെയ്ത ചാപ്പാക്കുരിശും അതിന് മുമ്പ് റീമേക്ക് ചെയ്ത ട്രാഫിക്കും സോള്‍ട്ട് ആന്‍ഡ് പെപ്പറുമൊന്നും തമിഴില്‍ വര്‍ക്ക് ആയിട്ടില്ല. പക്ഷേ ഈ സിനിമയെ മധുരൈയിലും ചെന്നൈയിലുമൊക്കെ നടന്നതായി സങ്കല്‍പ്പിക്കാന്‍ മറുഭാഷാ പ്രേക്ഷകര്‍ക്ക് കഴിയുമെന്നാണ് റീമേക്ക് സാധ്യത നോക്കുന്നവര്‍ പറഞ്ഞിട്ടുള്ളത്. സഞ്ജയ് ദത്ത് ജയിലില്‍ നിന്നിറങ്ങിയ ദിവസം അയാളെ കാണാന്‍ വന്ന ഒരു ആരാധകനെ കുറിച്ച് കഴിഞ്ഞ ദിവസം ഞാന്‍ ടിവിയില്‍ കണ്ടിരുന്നു. ദത്ത് ജയിലില്‍ പോയ ദിവസം ചെരിപ്പ് ഉപേക്ഷിച്ചയാളാണ്. സഞ്ജയ് ദത്ത് ഇറങ്ങിക്കഴിഞ്ഞ ശേഷം അയാളെ കണ്ട് കഴിഞ്ഞാണ് ചെരുപ്പിടുന്നത്. ദിലീഷും ശ്യാമും ഈ കഥ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ഇടയ്ക്ക് കയറി ചോദിച്ചു. പിന്നെ അയാള്‍ ചെരിപ്പ് ഇട്ടിട്ടേ ഇല്ലേ എന്ന്. ഇടീക്കണ്ടേ, സിനിമയാണല്ലോ എന്നായിരുന്നു പോത്തന്റെ മറുപടി.  ഇങ്ങനെയൊരു റിയല്‍ ഇന്‍സിഡന്റിനെ സിനിമയുടെ രൂപത്തിലേക്ക് പരുവപ്പെടുത്തിയത് തന്നെയാണ് മഹേഷിന്റെ വിജയം.

സ്വതന്ത്രമായ ആഖ്യാനം കൊണ്ടും റിയലിസ്റ്റിക് സമീപനം കൊണ്ടും മലയാളത്തിലെ ശ്രദ്ധേയ പരീക്ഷണമായിരുന്നു അന്നയും റസൂലും. അന്നയും റസൂലും തുടര്‍ന്നുള്ള സിനിമകളുടെ സെലക്ഷനെ സ്വാധീനിച്ചിട്ടുണ്ടോ? ഇപ്പോള്‍ മഹേഷിന്റെ പ്രതികാരം പ്രേക്ഷകരെ രസിപ്പിച്ചിരുത്തുന്ന സിനിമകള്‍ സെലക്ട് ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തിച്ചിട്ടുണ്ടോ?

എല്ലാ സിനിമയും എനിക്ക് സ്വതന്ത്രമാണ്. ഒരു സിനിമയും ആ സിനിമയുടെ സ്വഭാവവും റിപ്പീറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അന്നയും റസൂലും കഴിഞ്ഞ് ഞാന്‍ പോയി ചെയ്തത് നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയാണ്. പ്രേക്ഷകരോടും എനിക്ക് ഇത് തന്നെയാണ് പറയാനുള്ളത്. തിയറ്ററുകളില്‍ സിനിമ കാണുമ്പോള്‍ മാത്രം നിങ്ങള്‍ കഥാപാത്രത്തെ പിന്തുടര്‍ന്നാല്‍ മതി. അത് കഴിഞ്ഞ് ആ കഥാപാത്രത്തെ വിട്ടേക്കൂ. വ്യത്യസ്ഥമായ സിനിമാരീതികളിലേക്കും കാരക്ടറിലേക്കുമുള്ള ചാട്ടമാണ് ഞാന്‍ എന്‍ജോയ് ചെയ്തിട്ടുള്ളത്. അന്നയും റസൂലില്‍ നിന്ന് നത്തോലിയിലേക്കുള്ള ചാട്ടം, അവിടെ നിന്ന് ആമേനിലേക്ക്. ഇതൊക്കെ ഞാന്‍ എക്‌സൈറ്റഡായി ചെയ്ത കാര്യങ്ങളാണ്. പിന്നെ എനിക്കങ്ങനെ മാസ് എന്റര്‍ടെയിനര്‍ എന്നൊരു നിര്‍വചനത്തിന്റെ പുറത്തൊരു സിനിമയൊന്നും ചെയ്യാന്‍ അറിയില്ല. ഹൃദയം കൊണ്ട് നമുക്ക് ഫോളോ ചെയ്യാനാകുന്ന സിനിമകളാണ് ഞാന്‍ സെലക്ട് ചെയ്യാറുള്ളത്. അന്നയും റസൂലില്‍ റസൂലിന് വേണേല്‍ എല്ലാവരെയും ഇടിച്ച് ഓടിച്ച് എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാമായിരുന്നു. അതിന് പകരം റിയലിസ്റ്റിക് ആയതും സത്യസന്ധമായതുമായ തുടര്‍ച്ച തേടുകയാണ് ഉണ്ടായത്. ആ സിനിമയില്‍ മധുരം വയ്പ്പ് എന്നൊരു ചടങ്ങുണ്ട്. അന്നയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ചടങ്ങ്. അന്നയ്ക്ക് മധുരം നല്‍കാന്‍ നേരം അവര്‍ വാ തുറന്നു. ഞാന്‍ രാജീവേട്ടനോട് ചോദിച്ചു. അന്ന വാ തുറന്നാല്‍ അവള്‍ ആ കല്യാണത്തിന് സമ്മതം അറിയിക്കുന്നതിന് തുല്യമല്ലേ? അപ്പോള്‍ രാജീവേട്ടന്‍ പറഞ്ഞ മറുപടി ഇതാണ്. ആ കുട്ടി വേറെ എന്ത് ചെയ്യാനാണ്?, വേറെ എന്താണ് അന്നയെ പോലൊരാള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്നാണ്. ഇഷ്ടപ്പെട്ട ഒരുത്തന്‍ പോലീസ് അറസ്റ്റിലാണെന്നും കള്ളപ്പണക്കേസിലോ കൊലക്കേസിലോ അകത്താണെന്ന് കേള്‍ക്കുന്നു. അത്രമേല്‍ സത്യസന്ധമായാണ് രാജീവേട്ടന്‍ ആ സിനിമയെ സമീപിക്കുന്നത്. ഞാന്‍ തമാശയ്ക്ക് പറയാറുണ്ട്. എന്റെ തട്ടത്തിന്‍ മറയത്താണ് അന്നയും റസൂലും. എനിക്ക് ഒരു ലവ് സ്റ്റോറി ഇങ്ങനെ മാത്രമേ ചെയ്യാന്‍ അറിയൂ. തട്ടത്തിന്‍ മറയത്ത് കുറേക്കൂടി ആള്‍ക്കാരെ എന്റര്‍ടെയിന്‍ ചെയ്യാന്‍ ശ്രമിച്ച സിനിമയാണ്. രണ്ട് വ്യത്യസ്ഥ കഥകള്‍ വ്യത്യസ്ഥ ശൈലി. ഞാന്‍ പ്രിഫര്‍ ചെയ്യുന്നത് അന്നയും റസൂലും പോലെ കലര്‍പ്പില്ലാത്ത പ്രണയകഥയാണ്.

ഒറ്റനായകനിലൂടെയുള്ള ഓട്ടമല്ല ഫഹദ് ഫാസിലിന്റെ കൂടുതല്‍ സിനിമകളും. മഹേഷിന്റെ പ്രതികാരത്തിലാണെങ്കിലും നായകനും ചുറ്റുമുള്ള കഥാപാത്രങ്ങള്‍ക്കും കൃത്യമായ വ്യക്തിത്വവും വളര്‍ച്ചയും ഇടവുമുണ്ട്. അവരിലൂടെ കൂടിയാണ് ഈ സിനിമ സംഭവിക്കുന്നത്?

ഓരോ കഥയും കേള്‍ക്കുമ്പോള്‍ തന്നെ അതൊരു സിനിമയായി മനസ്സില്‍ കാണാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ഓരോ കഥാപാത്രങ്ങളുമാകുന്ന മുഖങ്ങള്‍ ആരൊക്കെയാണ് എന്നത് പോലും എന്നെ എക്‌സൈറ്റഡാക്കുന്നുണ്ട്. അലന്‍സിയര്‍ എന്ന നടനൊപ്പം ഞാന്‍ മണ്‍സൂണ്‍ മാംഗോസും അന്നയും റസൂലുമാണ് ചെയ്തിട്ടുള്ളത്. ഈ സിനിമയിലേക്ക് ബേബിച്ചായനായി അദ്ദേഹത്തെ നിര്‍ദ്ദേശിച്ചത് ഞാനാണ്. സ്റ്റീവ് ലോപ്പസിലെ ഒരേയൊരു ഷോട്ട് കണ്ടിട്ടാണ് പോത്തന്‍ അദ്ദേഹത്തെ കാസ്റ്റ് ചെയ്യുന്നത്. മഹേഷിന്റെ പ്രതികാരത്തില്‍ അദ്ദേഹം എങ്ങനെയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കും എന്നത് കാണാന്‍ എനിക്കും വലിയ എക്‌സൈറ്റ്‌മെന്റായിരുന്നു. ഒരു സംവിധായകന്റെ ജോലിയുടെ അമ്പത് ശതമാനം കൃത്യമായ കാസ്റ്റിംഗ് ആണ്. ക്യാമറയ്ക്ക് മുന്നില്‍ പുതുമുഖമോ പരിചയസമ്പന്നരോ ആവട്ടെ, പക്ഷേ നല്ല ആക്ടേഴ്‌സ് ആയിരിക്കണം. മഹേഷിന്റെ പ്രതികാരത്തില്‍ വച്ചാണ് അച്ചുവേട്ടനെ(അച്ചുതാനന്ദനെ) ഞാന്‍ ആദ്യമായി കാണുന്നത്. പോലീസ് സ്‌റ്റേഷനില്‍ ഇരുന്നുള്ള ഷോട്ട് ആണ് ഞങ്ങള്‍ ഒരുമിച്ച് ആദ്യം ചെയ്യുന്നത്. അതില്‍ ഭാവന അച്ചായന് രണ്ട് ദിവസമായി ചെറിയൊരു മിസ്സിംഗ് ഉണ്ടോ എന്ന് പറഞ്ഞ്  മെമ്പര്‍ താഹിര്‍ കൈ കൊണ്ട് ആംഗ്യം കാണിച്ച് പ്രത്യേക എക്‌സ്പ്രഷനോടെ എന്നെ നോക്കുന്നുണ്ട്.  അച്ചുവേട്ടനില്‍ മെമ്പര്‍ താഹിറിനെ അപ്പോള്‍ തന്നെ കണ്ടത് കൊണ്ടാണ് നമ്മുക്ക് നന്നായി റിയാക്ട് ചെയ്യാനാകുന്നത്. മഹേഷിന്റെ പ്രതികാരത്തില്‍ ചെറിയ റോള്‍ ചെയ്ത ഒരാള്‍ ഇല്ലെങ്കില്‍ പോലും ഈ സിനിമയെ അത് നെഗറ്റീവായി ബാധിക്കുമായിരുന്നു.

കോമ്പിനേഷന്‍ രംഗങ്ങളിലൊക്കെ സഹതാരങ്ങളുമായി മികച്ചൊരു രസതന്ത്രം ഫഹദിന്റെ ചിത്രങ്ങളില്‍ കാണാം. ചില അഭിനേതാക്കള്‍ക്കൊപ്പം ആദ്യമായാണ് ഒരുമിച്ച് അഭിനയിച്ചത് എങ്കില്‍ പോലും അത് കാണാം 

അന്നയും റസൂലിലും സംഭവിച്ചിരിക്കുന്നത് റിയല്‍ ലൈഫില്‍ ഞാനും സൗബിനും എങ്ങിനെയാണ് അതേ രീതിയില്‍ ഇടപെടാന്‍ അനുവദിക്കുകയായിരുന്നു. ലൊക്കേഷന്റെ ബഹളങ്ങളൊന്നുമില്ലാതെയാണ് ആ സിനിമ ഷൂട്ട് ചെയ്തതും. ഞങ്ങള്‍ക്കൊരു സ്‌ക്രിപ്ട് തരികയോ അത് വായിച്ച ശേഷം ഷൂട്ട് ചെയ്യുകയോ ആയിരുന്നില്ല. അടുത്തിരുത്തി ഒരു സീന്‍ കമ്മ്യൂണിക്കേറ്റ് ചെയ്ത ശേഷം ഇതൊക്കെയാണ് നിങ്ങളുടെ സംസാരത്തില്‍ വരേണ്ടത് എന്ന് പറയുകയായിരുന്നു. ഞങ്ങള്‍ അങ്ങനെ സംസാരിച്ച് കൊണ്ടിരുന്നു. ഒരു മണിക്കൂറൊക്കെ ആകുമ്പോള്‍ വാ പോകാം എന്ന് പറഞ്ഞ് നിര്‍ത്തുന്നു. ആ രംഗങ്ങള്‍ അപ്പോഴേക്കും അദ്ദേഹം ഷൂട്ട് ചെയ്ത് കഴിഞ്ഞു. ഒരു സിനിമ ഷൂട്ട് ചെയ്യുകയാണ് എന്ന് തോന്നിപ്പിക്കാതെയാണ് ആ സിനിമ ചെയ്തത്. സിനിമ ഷൂട്ട് ചെയ്യുകയാണ് എന്ന് തോന്നുമ്പോഴാണല്ലോ ക്യാമറയെക്കുറിച്ചും ലൈറ്റിനെക്കുറിച്ചും ബോധവാന്‍മാരാകുന്നത്. അവിടെ അങ്ങനെയൊന്നുമില്ല. റിയല്‍ ലൈഫിലേത് പോലെ ഞങ്ങളുടെ ഇടപെടലിന് ശ്രമിക്കുകയായിരുന്നു.

സൗബിന്‍ ഷാഹിറിനെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത് ഫഹദല്ലേ, സൗബിനുമായി സിനിമ ചെയ്യുമ്പോള്‍ നിങ്ങള്‍ക്കിടയില്‍ മികച്ച കെമിസ്ട്രിയും അനുഭവപ്പെടാറുണ്ട്?

സൗബിന്റെ വാപ്പയും എന്റെ വാപ്പയും ഒരുമിച്ച് സിനിമ ചെയ്തവരാണ്. ചെറുപ്പം മുതല്‍ സൗബിനെ അറിയാം. ചാപ്പാക്കുരിശിന്റെ സമയത്ത് സമീറിനൊപ്പം എറണാകുളത്ത് ഫ്ളാറ്റ് എടുത്ത് സിനിമാ ചര്‍ച്ച തുടങ്ങിയപ്പോള്‍ മുതല്‍ സൗബിന്‍ കൂടെയുണ്ട്. അന്ന് മുതല്‍ക്കേ ഇയാളില്‍ ഒരു ഗംഭീര ആക്ടറുണ്ടെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു. ഒരു നടന്ന സംഭവം പിന്നീട് സൗബിന്‍ അഭിനയിച്ച് കാണിക്കുന്നത് കാണണം. നമ്മളൊക്കെ ഞെട്ടിത്തരിച്ച് ഇരുന്നുപോകും. ഗംഭീര ആക്ടറാണ് സൗബിന്‍. ഡീറ്റെയിലിംഗിലൊക്കെ നന്നായി ശ്രദ്ധിക്കുന്ന ആളാണ് സൗബിന്‍.

സിനിമ ഒരു ഷോ ബിസിനസ് കൂടിയാണ്. സാറ്റലൈറ്റ് വിപണി, തിയറ്റര്‍ വിജയം ഇവയൊക്കെ താരമൂല്യം നിര്‍ണയിക്കുന്നതില്‍ പ്രധാനവുമാണ്. ബോക്‌സ് ഓഫീസ് പരിഗണിക്കാതെ ഔട്ട് ഓഫ് ദ ബോക്‌സ് പരീക്ഷണങ്ങള്‍ക്ക് മുതിരുന്ന നടനായാണ് ഫഹദെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അത് തുടരുക വലിയ വെല്ലുവിളിയല്ലേ?

അതൊന്നും ഞാന്‍ ആലോചിക്കാറില്ല. ഇതുവരെ എനിക്കിഷ്ടപ്പെട്ട സിനിമകളേ ചെയ്തിട്ടുള്ളൂ. ഇനിയങ്ങോട്ടും അങ്ങനെ തന്നെയാണ്.നൂറ് ദിവസം ഓടുന്ന സിനിമ ഉണ്ടാക്കാം എന്ന് തീരുമാനിച്ച് ഉണ്ടാക്കിയ സിനിമയൊന്നുമല്ല മഹേഷിന്റെ പ്രതികാരം. നേരത്തെ പറഞ്ഞത് പോലെ തന്നെ ഈ സിനിമയിലെ ലൊക്കേഷനില്‍ നിന്ന് ഒരാള്‍ കുറഞ്ഞുപോയിട്ടുണ്ടെങ്കില്‍ ടോട്ടല്‍ എനര്‍ജി കുറഞ്ഞുപോയേനേ. ഈ സിനിമയുടെ ക്ലൈമാക്‌സ് ഒക്കെ ഷൂട്ട് ചെയ്ത സമയത്ത് പോത്തന്റെ കാലൊടിഞ്ഞിരുന്നു. ദിലീഷ് പോത്തനെ പൊക്കിയെടുത്ത് ലൊക്കേഷനിലെത്തിച്ചാണ് ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നത്.

പക്ഷേ, മഹേഷിന്റെ പ്രതികാരത്തിന് മുമ്പ് തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടത് നന്നായി ബാധിച്ചിട്ടില്ലേ? വലിയ കണ്‍ഫ്യൂഷനൊക്കെ ഉണ്ടായിട്ടില്ലേ.

ഇല്ല, എനിക്കിഷ്ടപ്പെട്ട സിനിമകള്‍ തന്നെയാണ്  ചെയ്തത്. നമ്മള്‍ കേട്ട കഥ ഷൂട്ട് ചെയ്ത് വരുമ്പോള്‍ പ്രതീക്ഷിച്ച രീതിയില്‍ ആകണമെന്നില്ല. മാജിക്കലായി സംഭവിക്കുന്നത് കൂടിയാണ് സിനിമയുടെ വിജയം.

ഒരു പാട് സിനിമകള്‍ ഉപേക്ഷിച്ചില്ലേ, ഇവിടെ,ഡബിള്‍ ബാരല്‍,സിദ്ദീഖ് സിനിമയൊക്കെ. ഏറ്റെടുത്ത ശേഷവും വലിയ കണ്‍ഫ്യൂഷന്‍ ഉണ്ടായത് കൊണ്ടല്ലേ ഇത്?

ഞാന്‍ ഇപ്പോള്‍ ഇങ്ങനെയൊരു സിനിമ ചെയ്താല്‍ ശരിയാവില്ല എന്ന തോന്നലിലാണ് ചില സിനിമകള്‍ വേണ്ടെന്ന് വച്ചത്. അത് വളരെ ഓപ്പണായി കമ്മ്യൂണിക്കേറ്റ് ചെയ്താണ് പിന്‍മാറിയത്. ഇങ്ങനെയൊരു സിനിമ അല്ല ഞാന്‍ ഈ സമയത്ത് ചെയ്യേണ്ടതെന്നും ചില ലൈറ്റ് ഹാര്‍ട്ടഡ് ആയ ചില സിനിമകളിലാണ് പ്രേക്ഷകര്‍ക്ക് എന്നെ കാണാന്‍ താല്‍പ്പര്യം എന്നും തോന്നി. അത്തമൊരു തിരിച്ചറിയലില്‍ നിന്നാണ് കുറേ സിനിമകളില്‍ നിന്ന് മാറിയത്. ഹരം ആണെങ്കിലും മറിയം മുക്ക് ആണെങ്കിലും  ഡ്രാമയും ഇന്റന്‍സും ഒക്കെയുള്ള മിക്‌സ് ആന്‍ഡ് മാച്ച് ആണ്. അതല്ലാതെ  സിംപിള്‍ ആയൊരു സിനിമയില്‍ എന്നെ പ്രസന്റ് ചെയ്യണമെന്ന് തോന്നി. അതുകൊണ്ടാണ് പലതില്‍ നിന്ന് മാറി മഹേഷ് ചെയ്തത്. അതൊരു തന്ത്രമൊന്നുമായിരുന്നില്ല.

ഫിലിംമേക്കിംഗ് എന്ന പ്രോസസ് ആണ് എന്‍ജോയ് ചെയ്യുന്നത്?

നല്ല സിനിമയുണ്ടാക്കുക എന്ന പ്രക്രിയയാണ് എന്നെ ഓരോ സിനിമയിലും ആകര്‍ഷിക്കുന്നത്. ഫിലിം മേക്കിംഗ് തന്നെയാണ് ആക്ടിംഗിനൊപ്പം എന്‍ജോയ് ചെയ്യുന്നത്.

കൂടുതലും ചെയ്തിരിക്കുന്നത് തുടക്കക്കാരുടെ സിനിമകളാണ്, ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതില്‍ സംവിധായകന്‍ ആരാണ്, മറ്റ് ടെക്‌നീഷ്യന്‍സ് ആരാണ് എന്നതൊന്നും മാനദണ്ഡമാകാറില്ലേ?

ഒരാള്‍ നമ്മുടെ അടുത്ത് കഥ പറയുമ്പോള്‍ തന്നെ അതില്‍ ഒരു ഫയര്‍ കണ്ടെത്താന്‍ സാധിക്കും. ഒരു ഡയറക്ടര്‍ നമ്മുടെ അടുത്ത വന്ന് കഥ പറയുമ്പോള്‍ അപ്പോള്‍ തന്നെ വിഷ്വലൈസ് ചെയ്ത് കാണാന്‍ പറ്റും. കേള്‍ക്കുമ്പോള്‍ തന്നെ സിനിമയായി കാണാന്‍ പറ്റിയാല്‍ സിനിമ വര്‍ക്ക് ആകുമെന്നാണ് എന്റെ ജഡ്ജ്‌മെന്റ്. ആമേന്‍ എന്ന സിനിമ ചെയ്യുന്നതിന് മുമ്പ് ലിജോ ആ സിനിമ പോലെ തന്നെ മനോഹരമായാണ് കഥ പറയുന്നത്. അല്ലാതെ സംവിധായകന്റെ എക്‌സ്പീരിയന്‍സ് ടെക്‌നീഷ്യന്‍സ് എന്നതൊന്നും നോക്കാറില്ല.

 

അന്യഭാഷാ സിനിമകള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ലേ?

ഞാന്‍ ചിന്തിക്കുന്ന ഭാഷയില്‍ മാത്രമേ എനിക്ക് പെര്‍ഫോം ചെയ്യാനാകൂ, അത്തരമൊരു പരിമിതിയുള്ള ആക്ടറാണ് ഞാന്‍ എന്ന് തോന്നുന്നു. ഒരു തമിഴ് സിനിമയില്‍ തമിഴ് ഡയലോഗിലൊക്കെ എനിക്ക് കാരക്ടറാകാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഞാന്‍ എന്നെ ഐഡന്റിഫൈ ചെയ്യുന്നത് ഇവിടെയാണ്. ഞാന്‍ ചെന്നൈയിലോ ബോംബെയിലോ ഒന്നും പത്ത് ദിവസം പോലും ഒരുമിച്ച് നിന്നിട്ടില്ല. അതിനെക്കാള്‍ കൂടുതല്‍ ഞാന്‍ ബാംഗ്ലൂര്‍ ഒക്കെ എക്‌സ്പ്‌ളോര്‍ ചെയ്തിട്ടുണ്ട്.

അത്ര മാത്രം ഒരു മലയാളിത്തം ഉള്ളിലുണ്ടോ? ചാപ്പാക്കുരിശ് മുതല്‍ തുടര്‍ച്ചയായി ഏത് നഗരത്തിനും സ്വീകാര്യമായ കഥാപാത്രങ്ങളെയല്ലേ അവതരിപ്പിച്ചിരുന്നത്. ഒരു മെട്രോ ബോയ് ടാഗ് ഒക്കെ ഉണ്ടായിരുന്നില്ലേ?

ഇന്‍സൈഡ് ഒരു മലയാളിയായാണോ ചിന്തിക്കുന്നത് എന്ന് ചോദിച്ചാല്‍ അതെനിക്കറിയില്ല. ഒരു മലയാളി ചിന്തിക്കുന്നത് എങ്ങനെയാണെന്ന് ചുറ്റുമുള്ളവരില്‍ നിന്നറിയാന്‍ എനിക്ക് താല്‍പ്പര്യമുണ്ട്. അതിന്റെ റിഫ്‌ളെക്ഷനാണ് ഞാന്‍ ചെയ്ത സിനിമകളില്‍ വരുന്നത്. ഡയമണ്ട് നെക്ലേസ് നോക്കൂ, ദുബായില്‍ ഉള്ള മലയാളിയെക്കുറിച്ചാണ് ആ സിനിമ. ചാപ്പാക്കുരിശും നഗരജീവിയായ മലയാളിയുടെ ആകുലതയാണ്.

മഹേഷ് ആയി ഫഹദിനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് ശ്യാം പുഷ്‌കരന്‍ പറഞ്ഞപ്പോള്‍ ആലപ്പുഴയിലുള്ള ഒരു നാട്ടിന്‍പുറത്തുകാരന്‍ ഫഹദിലുണ്ടെന്ന് പറഞ്ഞിരുന്നു

നമ്മളുടെ രീതികള്‍ അല്ലെങ്കിലും, നമ്മള്‍ കണ്ടിട്ടുള്ള ആളുകളില്‍ ഒരാളാണല്ലോ മഹേഷ്. പിന്നെ ശ്യാമും ദിലീഷും ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വേറെ ഒരു സംശയവും ഇല്ലാ വിധം ക്ലിയര്‍ ആണ് കാരക്ടര്‍. ഷൂട്ടിന് പോയപ്പോള്‍ എന്നെയും കൂട്ടി നേരേ ഒരു ചായക്കടയിലേക്ക് ദിലീഷും ശ്യാമും പോയി. അവിടെ ഇരുന്ന് സംസാരിച്ചു. പിറ്റേന്ന് ഷൂട്ട് തുടങ്ങി. അതേ പോലെ ഇന്ത്യന്‍ പ്രണയകഥയിലെ പോക്കറ്റില്‍ കൈവച്ചുള്ള ഓട്ടം കണ്ട് നെടുമുടി വേണുച്ചേട്ടന്‍ പറഞ്ഞിട്ടുണ്ട്. ആ ഓട്ടം കണ്ട് വാപ്പയെ ഓര്‍മ്മ വന്നെന്ന്. വാപ്പ കോളേജില്‍ സ്‌ട്രൈക്ക് ആണെങ്കില്‍ പോക്കറ്റിലുളള വണ്ടിക്കൂലി നഷ്ടപ്പെടാതിരിക്കാന്‍ ഒരു കൈ കൊണ്ട് സുരക്ഷിതമാക്കിയുള്ള ഓട്ടം അങ്ങനെയായിരുന്നു എന്ന്. ഇന്ത്യന്‍ പ്രണയകഥ തലേദിവസം ഫുള്‍സ്‌ക്രിപ്ട് കേട്ട് പിറ്റേ ദിവസം ചെയ്ത സിനിമയാണ്. പിന്നെ കഥയില്‍ ഹ്യൂമര്‍ ഉണ്ടെങ്കിലും കാരക്ടറിന്റെ അവസ്ഥയാണ് നമ്മള്‍ ഏറ്റെടുക്കുന്നത്. എന്നും തല ഉയര്‍ത്തി നിന്ന കവലയില്‍ മുണ്ട് ഉരിഞ്ഞുപോകുന്ന മഹേഷിന്റെ മാനസികാവസ്ഥയിലേക്ക് നമ്മള്‍ എത്തുമ്പോഴാണ് അയാളെ മനസിലാക്കാനും കാരക്ടറിനെ നന്നാക്കാനും പറ്റുന്നത്.  മഹേഷ് ഭാവന വാച്ച് നോക്കുന്നത് പോലെ സമയം നോക്കുന്നവരെ ഞാന്‍ കുറേ കണ്ടിട്ടുണ്ട്. കയ്യിലെ വാച്ചില്‍ നോക്കി നമ്മളോട് ടൈം എത്രയായി എന്നൊക്കെ ചോദിക്കുന്ന ആളുകള്‍. നമ്മുടെ കാഴ്ചയും നിരീക്ഷണവുമൊക്കെ കഥാപാത്രത്തോട് അടുക്കുമ്പോള്‍ കൂടെ വരുന്നുണ്ടാകാം.

പ്രേമം മുതല്‍ മഹേഷിന്റെ പ്രതികാരം വരെ മലയാളത്തില്‍ വിവിധ സ്വഭാവമുള്ള സിനിമകളുടെ തുടര്‍ച്ചയായ വിജയങ്ങള്‍ ഉണ്ടായിരിക്കുന്നു. നമ്മുടെ ചലച്ചിത്രമേഖലയുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണ് കാണുന്നത്?

നമ്മുടെ സിനിമയിലെ മനോഹരമായ കാലമാണ് ഇപ്പോള്‍ എന്ന് തോന്നുന്നു. ഒരു പാട് പുതിയ ആളുകള്‍ ഗംഭീര സിനിമകള്‍ ഉണ്ടാക്കുന്നു. എനിക്ക് തന്നെ അറിയാവുന്ന കുറച്ച് ചെറുപ്പക്കാര്‍ ഒരു ത്രീഡി ചിത്രം ഒരുക്കാന്‍ പോവുകയാണ്. നമ്മുടെ ഇന്‍ഡസ്ട്രി നല്ല രീതിയില്‍ വളരുകയാണ്. നമ്മുടെ സിനിമകള്‍ കേരളത്തിന് പുറത്തേക്ക് പോവുന്നു. രാജു(പൃഥ്വിരാജ്) ഹിന്ദിയിലും നിവിനും ദുല്‍ഖറുമൊക്കെ തമിഴിലും സിനിമകള്‍ ചെയ്യുന്നു. വിപ്ലവം സൃഷ്ടിക്കാനാകുന്ന ചെറുപ്പക്കാര്‍ ഈ മേഖലയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ദൃശ്യവും പ്രേമവുമൊക്കെ തമിഴിലേക്കും തെലുങ്കിലേക്കും പോയിരിക്കുന്നു. മലയാളത്തില്‍ അമ്പത് കോടിയിലെത്തുന്ന ചിത്രങ്ങളുണ്ടാകുന്നത് പോലും വലിയ കാര്യമാണ്.

ഫഹദ് സംസാരിക്കുമ്പോള്‍ ആക്ടര്‍ എന്ന നിലയിലുള്ള പ്രാതിനിധ്യത്തേക്കാള്‍ സിനിമയുടെ ടോട്ടാലിറ്റിയില്‍ നിന്ന് കൊണ്ട് സംസാരിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. അഭിനേതാവ് എന്നതില്‍ കവിഞ്ഞുള്ള ഉത്തരവാദിത്വം ഓരോ സിനിമയ്‌ക്കൊപ്പവും ഉണ്ടെന്ന് വിശ്വസിക്കുന്നയാളാണോ ഫഹദ്?

ഞാനും നിങ്ങളും ഒരുമിച്ചൊരു പെയിന്റിംഗ് ചെയ്യുന്നു. നമ്മള്‍ വരയ്ക്കുന്നത് ഒന്നാണെങ്കിലും ഉപയോഗിക്കുന്ന കളര്‍ വ്യത്യസ്ഥമായിരിക്കും. പക്ഷേ നമ്മള്‍ പെയിന്റിംഗ് എന്നേ പറയൂ. ഓരോ കളറിലൂടെയുമല്ല അതിനെ വിശദീകരിക്കുക. മ്യൂസിക്കും, സിനിമാട്ടോഗ്രഫിയും ഡയറക്ടനും സൗണ്ടും ഒക്കെ കൂടി ചേരുന്നതാണ് സിനിമ. നമ്മുടെ വീട്ടില്‍ ഒരു കല്യാണം നടക്കുമ്പോള്‍ എല്ലാ തയ്യാറെടുപ്പുകളിലും പ്രക്രിയയിലും നമ്മള്‍ ഭാഗമാകാറില്ലേ. അതുപോലെയാണ് സിനിമയിലും. ഞാന്‍ ബിജിബാലിനെ കാണുമ്പോള്‍ നമ്മള്‍ ചെയ്യുന്ന സിനിമയിലെ പാട്ടിനെ കുറിച്ച് സംസാരിക്കാറുണ്ട്. സൈജു ശ്രീധറിനെ കാണുമ്പോള്‍ എഡിറ്റിംഗും കളറുമൊക്കെ സംസാരത്തില്‍ വരും. ഒരു കൂട്ടായ്മയ്ക്ക് തന്നെയാണ് ഈ വിജയത്തിന്റെ ക്രെഡിറ്റ്.

സിനിമയുടെ മറ്റേതെങ്കിലും മേഖലയില്‍ താല്‍പ്പര്യമുണ്ടോ, നിര്‍മ്മാണരംഗത്ത് ഉണ്ട്, സംവിധാനം, തിരക്കഥാരചന അങ്ങനെ?

അഭിനയമല്ലാതെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് പ്രൊഡക്ഷനാണ്. ഫിലിംമേക്കിംഗിന്റെ കാര്യത്തില്‍ നോ എന്ന് പറയുന്നില്ല. സംഭവിച്ചാല്‍ സംഭവിക്കട്ടെ. നിലവില്‍ എനിക്ക് വര്‍ക്ക് ചെയ്ത് കൊതിതീരാത്ത കുറേ ഫിലിംമേക്കേഴ്‌സ് ഉണ്ട് അവരുടെ കൂടെ ഇനിയും വര്‍ക്ക് ചെയ്യണം.

അങ്ങനെ അടുത്ത സമയത്ത് ഒരുമിച്ച് ഒരു സിനിമ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന സംവിധായകര്‍ ആരൊക്കെയാണ്?

പലരോടും ഒരു മാജിക്കല്‍ കെമിസ്ട്രി തോന്നിയിട്ടുണ്ട്. അമല്‍  നീരദുമായി എപ്പോഴും ഷൂട്ട് ചെയ്യാനിഷ്ടമാണ്. ലാലുച്ചേട്ടനൊപ്പനും ആഷിക്കിനൊപ്പവും സമീറിനൊപ്പവും സത്യേട്ടനൊപ്പവും രാജീവേട്ടനൊപ്പവും അന്‍വറിനൊപ്പവും വീനീത് കുമാറിനൊപ്പവും വീണ്ടും സിനിമ ചെയ്യാനിഷ്ടമാണ്. ഇവരൊക്കെയായി ഒരു പാട് സിനിമകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

കാസര്‍ഗോഡ് വരെ തിയറ്ററുകളിലെത്തി പ്രേക്ഷകര്‍ക്കൊപ്പം സിനിമ കണ്ടതും ഫ്രഷ് ആയ അനുഭവമായിരുന്നില്ലേ?

റിലീസിന് മുമ്പ് തന്നെ പത്ത് വട്ടമെങ്കിലും മഹേഷ് പല ഭാഗങ്ങളായും പൂര്‍ണമായും കണ്ടതാണ്. തിയറ്ററുകളില്‍ സിനിമ കാണാനല്ല സിനിമ കാണുന്ന പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയാണ് എന്നറിയാനാണ് ശ്രമിച്ചത്. ഓരോ സീനിലും ആളുകള്‍ എങ്ങനെ റിയാക്ട് ചെയ്യുന്നു എന്നൊക്കെയാണ് അറിയാന്‍ ശ്രമിച്ചത്. ഞാന്‍ ഓഡിയന്‍സിനൊപ്പം സിനിമ കണ്ടപ്പോള്‍, കുമ്പിളപ്പം കൊടുക്കുന്ന സീനില്‍ എടാ ഈ കുമ്പിളപ്പം എന്താണെന്ന് ഒരാള്‍ കൂട്ടുകാരനോട് പിന്നില്‍ നിന്ന് ചോദിക്കുന്നത് കേട്ടു. ദാ തൊട്ട് മുന്നിലിരുപ്പുണ്ടല്ലോ മഹേഷ്, നേരിട്ട് ചോദിച്ചോ എന്നായിരുന്നു കൗണ്ടര്‍. ഞാന്‍ ഇതുവരെ നേരിട്ട് പ്രേക്ഷകരോട് സംവദിച്ചിട്ടില്ല.  അത് നല്ലൊരു അനുഭവമായിരുന്നു. സിനിമ നല്ലതാണെങ്കില്‍ അത് പ്രമോട്ട് ചെയ്യാനുള്ള മികച്ച വഴി തിയറ്ററുകളിലെത്തുകയാണ്. പക്ഷേ നല്ല സിനിമയാണെങ്കില്‍ മാത്രമേ അതിന് സാധിക്കൂ.ഒരു മോശം സിനിമയുടെ പ്രചരണത്തിന് തിയറ്ററുകളില്‍ പ്രേക്ഷകര്‍ക്കൊപ്പമിരിക്കാന്‍ നമ്മുക്ക് കഴിയില്ല.

സിനിമ മോശമായാലും ഫഹദിന്റെ പ്രകടനം മോശമാകാറില്ല എന്നൊക്കെ ചില സിനിമകള്‍ കാണുമ്പോള്‍ തോന്നാറുണ്ട്?

സിനിമ കഴിഞ്ഞ് വിളിക്കുന്നവരില്‍ നിന്ന് സിനിമ ഗംഭീരമായെന്ന് കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ എങ്ങനെയുണ്ട് എന്ന് അന്വേഷിക്കാറില്ല. ഞാന്‍ നന്നായെങ്കില്‍ സിനിമയും നന്നാകും എന്നാണ് തോന്നിയിട്ടുള്ളത്. മറിയംമുക്കിലും ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയിലും മണിരത്‌നത്തിലും വണ്‍ ബൈ ടുവിലും ഒക്കെ ഞാന്‍ ബോറായിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളില്‍ ഞാനും മോശമായിരുന്നു എന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്. എന്നെ അറിയാവുന്ന ആളുകള്‍ക്കാണ് എന്നെ നന്നായി എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ പറ്റിയിട്ടുളളത് എന്ന് തോന്നുന്നു. എന്നെ അറിയാവുന്നവര്‍ക്ക് എന്ത് ചെയ്താല്‍ നന്നായിരിക്കും എന്ത് ചെയ്താല്‍ മോശമാകും എന്ന് അറിയാം. അത് സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുമുണ്ട്.

അങ്ങനെ ചെയ്താല്‍ നന്നാവില്ല എന്ന് തോന്നിയ കഥാപാത്രങ്ങളുണ്ടോ?

എന്നോട് ഒരു പ്രമുഖ സംവിധായകന്‍ ഒരു കഥ പറഞ്ഞിരുന്നു. രണ്ടാം പകുതിയില്‍ കഥകളിയൊക്കെ ഉണ്ടെന്ന് പറഞ്ഞു. എനിക്ക് അങ്ങനെയൊരു റോള്‍ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഞാന്‍ പറഞ്ഞു.

അന്‍വര്‍ റഷീദിനൊപ്പം ഒരു ഫുള്‍ലെംഗ്ത് ചിത്രം ആദ്യമായി ചെയ്യുന്നതിന്റെ ത്രില്‍ ഉണ്ടോ?

അന്‍വറുമായി ഒരു ഫീച്ചര്‍ ഫിലിം ചെയ്യുന്നതിന്റെ എക്‌സൈറ്റ്‌മെന്റ് ഉണ്ട്. നമ്മള്‍ സ്‌കൂളിലൊക്കെ പഠിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ വന്ന് നേരിട്ട് വെരി ഗുഡ് എന്ന് പറയുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമില്ലേ. അതാണ് അന്‍വറിനൊപ്പം ഒരു വര്‍ക്ക് ചെയ്താല്‍ ലഭിക്കുന്നത്. അമ്പു അഭിപ്രായങ്ങള്‍ പറയുന്നത് ചുരുക്കമാണ്. പക്ഷേ പറയുമ്പോള്‍ കറക്ട് ആയിരിക്കും.നമ്മളെ അത് വല്ലാതെ സന്തോഷിപ്പിക്കും. ആമിക്ക് ശേഷം അന്‍വറിനൊപ്പം വര്‍ക്ക് ചെയ്യാനായതിന്റെ സന്തോഷത്തിലാണ് ഞാന്‍.

അടുത്ത നിര്‍മ്മാണം?

ഞാനും അമല്‍നീരദും നിര്‍മ്മിക്കാനിരുന്ന അമല്‍ സംവിധാനം ചെയ്യുന്ന ഒരു ചില്‍ഡ്രന്‍സ് ഫിലിം ഉണ്ട്. തോക്കും സ്ലോ മോഷനും ഫഹദ് ഫാസിലുമൊന്നും ഇല്ലാത്ത കുട്ടികളുടെ സിനിമ. അത് ഉടന്‍ ചെയ്യാനിരുന്നതാണ്. പക്ഷേ അത് നീണ്ടുപോയി. ദുല്‍ഖറിനെ വച്ചുള്ള സിനിമ കഴിഞ്ഞാല്‍ അമല്‍ നീരദ് ആ സിനിമ ചെയ്യും.

നേരത്തെ ഒരേ സമയം ഒന്നില്‍ കൂടുതല്‍ സിനിമ ചെയ്യാറുണ്ടായിരുന്നില്ലേ, മഹേഷിന്റെ പ്രതികാരം ആ തീരുമാനം മാറ്റാന്‍ കാരണമായോ?

തീര്‍ച്ചയായും അതാണ് നല്ലത്. മഹേഷിലൂടെ എനിക്ക് മനസിലായത് അതാണ്. മഹേഷിന്റെ പ്രതികാരം തിയറ്ററുകളിലെത്തിയപ്പോള്‍ അതൊരു കമേഴ്‌സ്യല്‍ സിനിമയാണെന്ന് രണ്ട് ദിവസത്തിന് ശേഷവും ആളുകള്‍ക്ക് മനസ്സിലായിട്ടില്ല. പലരും കയറി കാണാന്‍ വിമുഖത കാണിക്കുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലുമൊന്നും ഞാന്‍ ആക്ടീവല്ല. അതുകൊണ്ട് ഞാന്‍ തിയറ്ററുകളിലെത്തി ആളുകളോട് പറയാന്‍ തുടങ്ങി. ഞാന്‍ അതിനും റെഡിയാണ്.