സംഘടിതമായ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്ക് നടുവിലേക്കാണ് ആഷിക് അബുവിന്റെ മായാനദിയെന്ന ചിത്രം എത്തിയത്. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളില്‍ ഈ ചലച്ചിത്രകാരന്‍ നടത്തിയ തുറന്നുപറച്ചിലുകളും, സ്വീകരിച്ച നിലപാടുകളുമെല്ലാം സിനിമയെ എതിര്‍ക്കാനും സൈബര്‍ ആക്രമണങ്ങള്‍ക്കും ഒരു വിഭാഗത്തിന് കാരണമായി. വര്‍ഷാന്ത്യ റിലീസായെത്തിയ ചിത്രം സമീപകാലത്ത് പ്രേക്ഷകരെ ഏറ്റവും വൈകാരികമായി സ്വാധീനിച്ച ചിത്രമായി മാറുന്നതാണ് തുടര്‍ദിവസങ്ങളില്‍ കണ്ടത്. കഥ പറച്ചിലില്‍ പരമ്പരാഗത രീതികളെ നിരാകരിച്ച് സിനിമയൊരുക്കിയിട്ടുള്ള ആഷിക് അബു എന്ന സംവിധായകനില്‍ നിന്നുള്ള മികച്ച സൃഷ്ടികളിലൊന്നായി മായാനദി വിലയിരുത്തപ്പെടുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ കാവ്യാത്മകമായി സിനിമയെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പുകള്‍ നിറയുമ്പോള്‍ സിനിമ മുന്നോട്ട് വച്ച രാഷ്ട്രീയത്തിലൂന്നിയുള്ള നിരീക്ഷണങ്ങളും വായനകളും സമാന്തരമായി ചര്‍ച്ചയാവുകയും ചെയ്തു. സിനിമയെക്കുറിച്ചും ചലച്ചിത്ര ജീവിതത്തെക്കുറിച്ചും ആഷിക് അബു സംസാരിക്കുന്നു.

മായാനദി പോലൊരു വലിയ വിജയം അതിന് മുന്‍പ് ചെയ്ത കുറച്ച് സിനികമള്‍ക്ക് ലഭിച്ചിരുന്നില്ല. എത്രമാത്രം പരീക്ഷണത്തിന് ശ്രമിക്കാമെന്ന് തീരുമാനിച്ചാലും ഷോ ബിസിനസ് എന്ന നിലയില്‍ സിനിമയുടെ ബോക്‌സ് ഓഫീസ് റിസള്‍ട്ട് ചലച്ചിത്രകാരന്റെ നിലനില്‍പ്പിനെ തന്നെ നിര്‍ണയിക്കുന്നുണ്ട്. സിനിമ വിജയിച്ചേ തീരൂ എന്ന തീരുമാനമെടുത്താല്‍ അതിന് ധൈര്യമേകുന്ന കഥാന്ത്യവുമായിരുന്നില്ല മായാനദിയുടേത്. പ്രേക്ഷകനെ എല്ലാ സമയത്തും മറുപുറത്ത് കണ്ട്‌കൊണ്ട് സൃഷ്ടിച്ച ആഖ്യാന ഘടനയുമല്ല സിനിമയുടേത്. ആ നിലയ്ക്ക് നോക്കുമ്പോള്‍ മായാനദി നേടിയത് ഒരു പരീക്ഷണ ധൈര്യത്തിനുള്ള കയ്യടിയായിരുന്നില്ലേ?

മായാനദി ഒരു ത്രില്ലര്‍ സിനിമയായാണ് രൂപപ്പെടുത്തിയത്. അതില്‍ ഒരു ക്രൈം ഉണ്ട്. ആ ക്രൈമിന്റെ ഭാഗമായ ആളുടെ ഓട്ടമുണ്ട്. ജീവിതം കൊണ്ട് മാത്തന്‍ ഓടിക്കൊണ്ടിരിക്കുകയാണ്. അയാളെ പിന്തുടര്‍ന്ന് ഒരു സംഘമുണ്ട്. ഉള്ളടക്കത്തിലുള്ള സംഗതികള്‍ വച്ചു നോക്കിയാല്‍ ഒരു റൊമാന്റിക് ത്രില്ലറാണ്. അവിടെ വാണിജ്യ സാധ്യതകളെല്ലാമുണ്ട്. അതേ സമയം നായകന്‍ അത്യാവശ്യം അമാനുഷികതയൊക്കെയുള്ള, ഓവര്‍ സ്മാര്‍ട്ടായ ഒരാളുമല്ല. അയാളൊരു സാധാരണ മനുഷ്യനാണ്. തീര്‍ച്ചയായും പ്രേക്ഷകരെ അന്ധമായി വിശ്വസിച്ച് തന്നെയാണ് മായാനദി ചെയ്തത്. മാത്തനെയും അപ്പുവിനെയും പ്രേക്ഷകര്‍ക്ക് ഏറ്റവും അടുത്ത് നിന്ന് അറിയാവുന്ന വിധത്തിലേക്ക് കൊണ്ടുനിര്‍ത്തുകയാണ്ഞങ്ങള്‍ ചെയ്തത്. കമേഴ്‌സ്യല്‍ സാധ്യതയുള്ള ഫോര്‍മുലകളെല്ലാം ത്രെഡിലുണ്ട്. സിനിമ സ്വീകരിക്കപ്പെടുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നില്ല. നമ്മള്‍ ഇത്രയും നാള്‍ ചെയ്ത സിനിമകള്‍ സ്വീകരിക്കപ്പെട്ടതും സ്വീകരിക്കപ്പെടാതെ പോയതുമൊക്കെ എന്തുകൊണ്ടാണെന്ന് ഓരോ സിനിമ കഴിയുമ്പോഴും ആലോചി്ക്കുന്നുണ്ട്. ഈ സിനിമയുടെ സമയത്തും ഇതെല്ലാം മനസിലുണ്ട്.
അങ്ങനെ മുന്‍സിനിമകളുടെ എക്‌സ്പീരിയന്‍സിലൂടെ പ്രേക്ഷകരെയങ്ങ് വിശ്വസിക്കുകയാണ്. അത് കംപ്ലീറ്റ്‌ലി കണ്ണടച്ച് വിശ്വസിക്കലാണ്. ഒരു കാര്യം ഉറപ്പുണ്ടായിരുന്നു, ഈ സിനിമയ്ക്ക് പ്രേക്ഷകരോട് കമ്യൂണിക്കേറ്റ് ചെയ്യാനായാല്‍ അവര്‍ മായാനദിയെ ഏറ്റെടുക്കുമെന്ന്. പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു.

അഞ്ച് സുന്ദരികളുടെ സമയത്ത് ഷോര്‍ട്ട് ഫിലിം സ്വഭാവത്തില്‍ ആലോചിച്ച സിനിമ അമല്‍ നീരദില്‍ നിന്ന് ആഷിക് അബുവിലേക്ക് കൈമറിഞ്ഞെത്തുകയാണ് ഉണ്ടായത്. ശ്യാം പുഷ്‌കരന്‍ പറയുന്നു മായാനദി എന്ന ടൈറ്റിലില്‍ നിന്നാണ് അവര്‍ ഇപ്പോഴത്തെ രൂപത്തിലുള്ള സിനിമയിലെത്തിയതെന്ന്?

അഞ്ച് സുന്ദരികള്‍ ഞങ്ങള്‍ ചെയ്യുന്ന സമയത്ത് അമല്‍ നീരദ് ചെയ്യാനിരുന്ന ത്രെഡ് ആയിരുന്നു മായാനദിയുടേത്. കുള്ളന്റെ ഭാര്യക്ക് പകരം ആലോചിച്ചത്. അന്ന് ഇതേ രൂപത്തിലായിരുന്നില്ല.

രാംഗോപാല്‍ വര്‍മ്മയ്‌ക്കൊപ്പമുള്ള സമയത്ത് ആരോ പറഞ്ഞ റിയല്‍ ലൈഫ് സ്റ്റോറിയില്‍ നിന്നാണ് അമല്‍ അന്ന് ആ ഐഡിയയിലേക്ക് എത്തിയത്. പിന്നീട് കുള്ളന്റെ ഭാര്യയാണ് കുറേക്കൂടി കംഫര്‍ട്ടബിളെന്ന് തീരുമാനിച്ച് അതിലേക്ക് അമല്‍ കടന്നു. അന്ന് ഞങ്ങളെല്ലാവരും ഇരിക്കെ അമല്‍ ഈ ത്രെഡ് പറഞ്ഞപ്പോള്‍ ഇത് കൊള്ളാം ഇത് തന്നെ ചെയ്യണമെന്നൊക്കെ പറഞ്ഞിരുന്നു. അമല്‍ കുള്ളന്റെ ഭാര്യ സെലക്ട് ചെയ്തപ്പോള്‍ ഞാന്‍ ഗൗരിക്ക് പകരം ഇത് ചെയ്യാമെന്ന് തീരുമാനിച്ചു. അമലിനോട് ആ കാര്യം പറഞ്ഞു.
അന്ന് അമല്‍ പറഞ്ഞത് അത് ഫീച്ചര്‍ ലെംഗ്തില്‍ ചെയ്യാന്‍ ആലോചിക്കുകയാണ് എന്നായിരുന്നു. ആരൊക്കെയോ അമലിന് വേണ്ടി സ്‌ക്രിപ്ടിംഗ് തുടങ്ങിയിരുന്നു. പക്ഷേ അന്നത് സംഭവിച്ചില്ല. അഞ്ച് സുന്ദരികളുടെ റിലീസ് കഴിഞ്ഞ് സംഭാഷണത്തിനിടെ അമലിനോട് ഇതേക്കുറിച്ച് ചോദിച്ചു. താന്‍ ഇത് ചെയ്യുന്നില്ലേല്‍ ഞാനിത് ചെയ്യാമെന്ന് പറഞ്ഞു. അന്ന് അമല്‍, സിന്‍സിയറായി ആ പ്രൊജക്ടിന് പിന്നിലാണ് ഞാന്‍ എന്നായിരുന്നു പറഞ്ഞത്. ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും ആ പ്രൊജക്ട് നടന്നില്ല. അമല്‍ വേറെ പല പ്രൊജക്ടുകളിലേക്ക് പോയി. പിന്നെയൊരിക്കല്‍ അമല്‍ പറഞ്ഞു, താന്‍ ഇത് ചെയ്‌തോ, താന്‍ ചോദിച്ചതല്ലേ എന്ന്. അതിന് ശേഷം ശ്യാമും ദിലീഷും എഴുത്തിലേക്ക് വന്നു. ഞങ്ങളും ഈ പ്രൊജക്ടിന്റെ കാര്യത്തില്‍ എക്‌സൈറ്റഡായി. മിസ്റ്റിക് റിവര്‍ എന്ന വിഷ്വലിനെക്കുറിച്ച് ആലോചിച്ച് മായാനദിയെന്ന് പേരിട്ടു. പിന്നീട് ത്രെഡിനെ ആ ടൈറ്റില്‍ ഉള്‍ക്കൊള്ളുന്ന ആശയത്തിലേക്ക് എത്തിക്കുകയായിരുന്നു. അമല്‍ വര്‍ക്ക് ചെയ്ത ത്രെഡ് ഇപ്പോഴത്തെ മായാനദിയുടെ രൂപത്തിലുള്ള ലവ് സ്‌റ്റോറി ആയിരുന്നില്ല. കാരക്ടേഴ്‌സും ഇങ്ങനെയായിരുന്നില്ല. സിനിമയ്ക്ക് മുകളിലൂടെ ആകര്‍ഷകമായ വേറൊരു ലെയര്‍ വേണമെന്ന് ഞങ്ങള്‍ ആലോചിച്ചു. അങ്ങനെ ഈ രൂപത്തിലെത്തി.

സോള്‍ട്ട് ആന്‍ഡ് പെപ്പറില്‍ തിരുവനന്തപുരവും ഇടുക്കി ഗോള്‍ഡില്‍ ഇടുക്കിയും റാണി പദ്മിനിയില്‍ ഉത്തരേന്ത്യയും ഗാംഗ്സ്റ്ററില്‍ മംഗലാപുരമൊക്കെ വന്നപ്പോള്‍ ദൃശ്യപരിചരണത്തില്‍ കഥ നടക്കുന്ന ഇടത്തെ സവിശേഷമായോ,പുതിയൊരു രീതിയിലോ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മായാനദിയില്‍ കൊച്ചിയിലാണ് പ്രധാനമായും കഥ നടക്കുന്നത്. പക്ഷേ ഏറെയും ആളൊഴിഞ്ഞ അര്‍ദ്ധരാത്രിയിലാണ്. വിഷ്വലില്‍ ഒരു മിനിമലിസം നിലനിര്‍ത്തിയാണ് കഥ പറച്ചില്‍ ആകര്‍ഷകമാക്കേണ്ടിയിരുന്നത്. ഉറങ്ങാന്‍ തുടങ്ങിയ നഗരത്തിലെ ഉറങ്ങാതിരിക്കുന്നവരിലൂടെ യാത്ര ചെയ്യുകയെന്നതിനെ വിഷ്വലൈസ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ പരിമിതി എന്തായിരുന്നു?

രണ്ട് കാര്യങ്ങളാണ് മായാനദിയുടെ വിഷ്വല്‍ ട്രീറ്റ്‌മെന്റില്‍ ആലോചിച്ചത്. കൊച്ചി നമ്മുടെ സിനിമകളില്‍ ഒരു പാട് കണ്ടുകഴിഞ്ഞു. ഞങ്ങളുടെ കൂടെയുള്ളവര്‍ മിക്കവരും കൊച്ചിപ്പടങ്ങളാണ് ചെയ്തിരുന്നതും. അങ്ങനെ വരുമ്പോള്‍ നമ്മള്‍ മുമ്പ് സിനിമയില്‍ കാണാത്തൊരു ജ്യോഗ്രഫിയില്‍ കൊച്ചി അനുഭവപ്പെടണമെന്ന് ആലോചിച്ചു. കൊച്ചിയുടെ കാര്യത്തില്‍ ഘടനയില്‍ വന്ന പ്രധാന മാറ്റം മെട്രോയാണ്. കൊച്ചിയിലെ മെട്രോ റോഡുകള്‍ കേന്ദ്രീകരിച്ച് കഥ പറയാം എന്ന് ആലോചിച്ചു. ഇങ്ങനെയൊരു അന്തരീക്ഷം നമ്മള്‍ പറയുന്ന കഥയ്ക്കും അനുയോജ്യമായിരുന്നു. കൊച്ചിയില്‍ ജീവിച്ചിരിക്കെ തന്നെ ആ നഗരത്തിന്റെ ഭാഗമാകാതെ നില്‍ക്കുന്നവരായിരുന്നു അപ്പുവും മാത്തനും. അങ്ങനെയൊരു ഫീല്‍ വിഷ്വലില്‍ വരണം. പ്രേക്ഷകരുടെ ശ്രദ്ധയത്രയും ഈ കഥാപാത്രങ്ങളിലേക്ക് കേന്ദ്രീകരിക്കണം. മായാനദി കൂടുതലും ഷൂട്ട് ചെയ്തത് വെളുപ്പിന് നാല് മണിക്കൊക്കെയാണ്. സിനിമയില്‍ അത്
അര്‍ദ്ധരാത്രിയില്‍ നടക്കുന്നതായാണ് കാണിക്കുന്നത്. വണ്ടികളും ആളുകളും ഒഴിവായ സമയം എന്നതും മറ്റൊന്നും ഇവരില്‍ നിന്ന് ശ്രദ്ധ തിരിക്കും വിധത്തില്‍ ഫ്രെയിമിലേക്ക് വരരുതെന്നും തീര്‍ച്ചപ്പെടുത്തിയായിരുന്നു ഇത്. സിങ്ക് സൗണ്ടിലൊക്കെ ചിത്രീകരിക്കുമ്പോള്‍ പശ്ചാത്തലത്തിലുള്ള ശബ്ദങ്ങളെ പരമാവധി ഉള്‍ക്കൊള്ളിക്കാനാണ് ശ്രമിക്കാറുള്ളത്. ഇവിടെ അപ്പുവിന്റെയും മാത്തന്റെയും ഒറ്റപ്പെട്ട ജീവിതത്തിലേക്ക് മാത്രമാണ് വിഷ്വലും ശബ്ദവുമെല്ലാം കേന്ദ്രീകരിച്ചത്. മായാനദി ഒരു പേഴ്‌സണല്‍ സിനിമയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
കഥ നടക്കുന്നത് കൊച്ചിയിലാണെങ്കില്‍ ഇത് ലോകത്ത് എവിടെയുമാകാം. കഥാപരിസരം പ്രധാനമല്ല. കാണുന്ന ഓരോ ആളിലും പേഴ്‌സണലായി സിനിമയെ കണക്ട് ചെയ്യാനാകണമെന്ന് ആഗ്രഹിച്ചിരുന്നത്. ആ രീതിയില്‍ തന്നെയാണ് സിനിമ കണ്ടവരില്‍ നിന്ന് പ്രതികരണവുമുണ്ടായത്.

സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങളില്‍ വൈകാരികമായും കാവ്യാത്മകമായും സിനിമയെ സമീപിച്ചവരെയാണ് കാണാനായത്. സമീപകാലത്ത് ആളുകള്‍ ഒരു സിനിമ ഇത്രമേല്‍ വൈകാരികമായി സ്പര്‍ശിച്ചെന്ന് എഴുതിക്കണ്ടത് മായാനദിയെക്കുറിച്ചായിരുന്നു. പേഴ്‌സണലായി എഴുതുന്നു. സിനിമയെക്കുറിച്ച് എഴുതിയ ഭാഷ വ്യക്തിപരമായ അനുഭവങ്ങളെ കണക്ട് ചെയ്തുള്ള എഴുത്തുകള്‍,

മായാനദി ചെയ്യുമ്പോള്‍ ഞാന്‍ ശ്യാമിനോട് പറഞ്ഞിരുന്നു. സിനിമ കണ്ട ശേഷം രണ്ട് മിനുട്ടെങ്കിലും ഒരാള്‍ സീറ്റില്‍ തന്നെ ഇരിക്കുകയാണെങ്കില്‍, ഒരു സൈലന്‍സ് അയാളില്‍ കുറച്ചുസമയത്തേക്ക് ഉണ്ടായാല്‍ നമ്മള്‍ സക്‌സസായി. കുറച്ച് ഭാരം അയാളിലുണ്ടാകണം. അതുപോലെ തന്നെ ചില ഫീഡ് ബാക്ക് കിട്ടി. പാട്ട് മുഴുവന്‍ തീരുന്നത് വരെ അവിടെയിരുന്നു. കുറച്ച് കഴിഞ്ഞാണ് എഴുന്നേല്‍ക്കാനായത് എന്നൊക്കെ പറയുമ്പോള്‍ സിനിമയെന്ന മാധ്യമത്തിന്റെ സ്വാധീനശേഷിയെ ഫലപ്രദമായി മായാനദിയില്‍ ഉപയോഗിക്കാനായി എന്ന സംതൃപ്തിയുണ്ട്. മായാനദിയുടെ കാര്യത്തില്‍ മുമ്പ് ചെയ്ത സിനിമകളുടെ അത്ര പോലും പ്രമോഷനും ചെയ്തിരുന്നില്ല. വളരെ കുറവായിരുന്നു. പലവിധത്തിലുള്ള പ്രചരണങ്ങളിലൂടെ കാഴ്ചക്കാരനിലൊരു മുന്‍വിധി സൃഷ്ടിക്കേണ്ടല്ലോ. ആ സ്‌പേസ് കൂടി കാണുന്നയാള്‍ക്ക് വിട്ടുകൊടുത്തു. എന്താണ് മായാനദി എന്ന നിലയില്‍ ഒരു അവകാശവാദവും ഞങ്ങള്‍ ഉന്നയിച്ചില്ല.
സിനിമ കണ്ട് ഒരു പാട് പേര്‍ വിളിച്ചിരുന്നു. നമ്മള്‍ പ്രതീക്ഷിക്കാത്ത ആളുകള്‍ അവരെ നമ്മളൊട്ടും പ്രതീക്ഷിക്കാത്ത ചില ഭാഗങ്ങളില്‍ ആ സിനിമ വല്ലാതെ സ്പര്‍ശിച്ചെന്ന് പറഞ്ഞിരുന്നു. പലരും ആ സിനിമ പേഴ്‌സണലി ഉണ്ടാക്കിയ ഇംപാക്ടിനെക്കുറിച്ചാണ് പറഞ്ഞത്. സിനിമ കണ്ട ശേഷം ബൈക്കില്‍ പോകുമ്പോള്‍ വണ്ടി നിര്‍ത്തി ഉമ്മ വച്ചെന്നും, പടം കണ്ടിറങ്ങി വീട്ടിലെത്തി ലവ് മേക്ക് ചെയ്‌തെന്നെും കുറേ നാളായി അകല്‍ച്ചയിലായിരുന്നത് മാറിയെന്നുമൊക്കെ പറയുമ്പോള്‍ ഓരോരുത്തരും അത്രമാത്രം സ്വകാര്യമായ, പേഴ്‌സണലായ ആനന്ദം നമ്മളെ വിളിച്ചറിയിക്കുകയാണല്ലോ. ഞാന്‍ ചെയ്ത മുന്‍സിനിമകള്‍ക്കൊന്നും ലഭിച്ചിട്ടില്ലാത്ത രീതിയിലായിരുന്നു മായാനദിക്കുള്ള പ്രതികരണങ്ങള്‍. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ കണ്ട് വിശപ്പ് തോന്നിയെന്നും നാവില്‍ കൊതിയൂറുന്നുവെന്നും രുചി തേടിപ്പോയെന്നുമൊക്കെ പറഞ്ഞു കേട്ടിട്ടും എഴുതി കണ്ടിട്ടുമുണ്ട് പക്ഷേ ഇത് അങ്ങനെയല്ലല്ലോ. അത്രമാത്രം പേഴ്‌സണലായി അവരില്‍ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചാണ് നമ്മളോട് പങ്കുവയ്ക്കുന്നത്. ഞാന്‍ അത് വലിയ സംഭവമായാണ് കാണുന്നത്. രണ്ട് വ്യക്തികള്‍ക്കിടയിലുള്ള പ്രണയത്തെ ഒന്ന് കൂടെ തീവ്രമാക്കാനും, അകല്‍ച്ചയെ മറികടക്കാനുമൊക്കെ സാധിച്ചെന്ന് പറയുന്നത് കേള്‍ക്കുമ്പോളുണ്ടാകുന്ന ആഹ്ലാദവും ചെറുതല്ലല്ലോ.

നമ്മുടെ സിനിമയില്‍ സമീപ വര്‍ഷങ്ങളില്‍ നിങ്ങളടങ്ങുന്ന നിരയിലൂടെ വന്ന വലിയ മാറ്റം പരിചരണ രീതിയില്‍ കൂടിയാണ്. സിനിമയില്‍ മാത്രം കാണാനാകുന്ന കഥാപാത്രങ്ങളും സംഭാഷണങ്ങളും മാറി കുറേക്കൂടി റിയലിസ്റ്റിക്കായിട്ടുണ്ട് ഈ മാധ്യമം. സാങ്കേതിക മേഖലയിലും സിങ്ക് സൗണ്ട് ഉള്‍പ്പെടെ മാറ്റങ്ങളുണ്ടായിരിക്കുന്നു. മായാനദിയിലെത്തുമ്പോള്‍ ആഷിക് അബു എന്ന സംവിധായകനും റിയലിസ്റ്റിക് ആഖ്യാന ഘടനയെയാണ് പിന്തുടര്‍ന്നത്?

ഞാന്‍ ഡാഡികൂള്‍ ചെയ്ത സമയത്ത് അത്ര റിയലിസ്റ്റിക്കായിരുന്നില്ല സിനിമ. ഡാഡി കൂള്‍ റിയലിസ്റ്റിക് ട്രീറ്റ്‌മെന്റ് ആവശ്യപ്പെടുന്ന സിനിമയുമായിരുന്നില്ല. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ചെയ്യുന്ന സമയത്താണ് ഒരു വെല്ലുവിളി വന്നത്. ആ കഥയുടെ സ്വഭാവമനുസരിച്ച് റിയലിസ്റ്റിക്കായാണ് സമീപിക്കേണ്ടത്. പക്ഷേ അങ്ങനെ റിയലിസ്റ്റിക്കായി വന്നാല്‍ അത് വല്ലാതെ നരച്ചുപോകും. കുറേക്കൂടി എന്റര്‍ടെയിനിംഗ് ആകണമെങ്കില്‍ അതിനെയൊന്ന് പോപ്പ് അപ്പ് ചെയ്യണം. അതിലൊരു പോപ്പ് കളര്‍ ടോണ്‍ വരണം.. അങ്ങനെയാണ് ആനക്കള്ളന്‍ എന്ന പാട്ടൊക്കെ സിനിമയില്‍ വരുന്നത്. ഒരു വയലറ്റ് ടോണും, സാചുറേറ്റ് കളറൊക്കെ അതിനുണ്ടായി. ആ പ്രണയങ്ങള്‍ക്കൊപ്പം മറ്റൊരു ലെയറായി രുചിയെ പ്രതിഷ്ഠിച്ചു. തുടക്കത്തിലെ പാട്ട് മുതല്‍ രുചിയെന്ന തീം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കൊടുത്തു. വിഷ്വലൈസേഷനില്‍ രുചിയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെയൊരു പ്രണയ കഥയ്ക്കപ്പുറം തട്ടില്‍കൂട്ടിയ ദോശയും ടേസ്റ്റുമൊക്കെ സിനിമയുടെ ഇംപാക്ട് ആയത്. മായാനദി വന്നപ്പോള്‍ സ്വയം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നു. ഒരു പാട് നാടകീയത കഥയിലേക്ക് കൊണ്ടുവരാനാകില്ല. വിഷ്വലിലും ട്രീറ്റ്‌മെന്റിലും. രണ്ട് കഥാപാത്രങ്ങളും മണ്ണിലുറച്ച് നില്‍്ക്കുന്നവരാണ്. അതുകൊണ്ട് റിയലിസ്റ്റിക് അപ്രോച്ചില്‍ തന്നെ കഥ പറഞ്ഞു പോയി.

മത-സാമുദായിക ധ്രുവീകരണമൊക്കെ നമ്മുടെ നവോത്ഥാന നേട്ടങ്ങള്‍ക്ക് വെല്ലുവിളിയായിക്കൊണ്ടിരിക്കുന്ന കാലത്താണ് ജീവിക്കുന്നത്. നിങ്ങളുടെ ടീമില്‍ നിന്നുള്ള സിനിമകളില്‍ ജാതിവും മതവും മറികടന്നുള്ള പുരോഗമന മൂല്യമുള്ള മനുഷ്യരെയാണ് കാണാനാകുന്നത്. അപര്‍ണയുടെയും മാത്തന്റെയും പ്രണയത്തിലെവിടെയും അവരുടെ മതമൊന്നും കടന്നുവരുന്നേയില്ല?

കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോഴും അവരുടെ ജീവിത പരിസരത്തെ രൂപപ്പെടുത്തുമ്പോഴും ഞങ്ങളും ആ ഭാഗത്തേക്ക് പോയിട്ടില്ല. സ്വാഭാവികമായി ഉണ്ടായതാണ്. മാത്തന്റെയും അപ്പുവിന്റെയും മതത്തെ അന്വേഷിച്ച് പോയിട്ടില്ല. അവര്‍ അടുത്തിരിക്കുമ്പോഴും അവരുടെ പ്രണത്തെയും ജീവിതത്തെയും ഞങ്ങള്‍ അങ്ങനെ ജഡ്ജ് ചെയ്തിട്ടില്ല.

മുഖ്യധാരാ സിനിമകളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമൂഹത്തെ പരിഹാസ ചിഹ്നങ്ങളായാണ് അവതരിപ്പിക്കാറുള്ളത് സോള്‍ട്ട് ആന്‍ഡ് പെപ്പറിലും ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തിന്റെ സാന്നിധ്യം തമാശയുണ്ടാക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. മായാനദിയിലെത്തുമ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വ്യക്തിത്വമുള്ള, പ്രാധാന്യമുള്ള കഥാപാത്രമായി കൊണ്ടുവന്നിരിക്കുന്നു. രാഷ്ട്രീയ ബോധ്യത്തില്‍ നിന്ന് ബോധപൂര്‍വ്വമുള്ള തിരുത്താണോ ഇത്.?

ഓരോ ദിവസവും നമ്മള്‍ മാറിക്കൊണ്ടിരിക്കുകയാണല്ലോ, ഞാനെന്ന വ്യക്തിയിലുണ്ടായ രാഷ്ട്രീയവും സാമൂഹികവുമായ മാറ്റം സിനിമയെ സമീപിക്കുമ്പോഴുമുണ്ടാകും. അതുകൊണ്ട് തന്നെയാണ് മായാനദിയില്‍ ആ കഥാപാത്രത്തെ അങ്ങനെ സമീപിച്ചത്. ബോധപൂര്‍വ്വം ഒരു കഥാപാത്രത്തെ ട്രാന്‍സ്‌ജെന്‍ഡറായി ഉണ്ടാക്കിയതല്ല. സിനിമയില്‍ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റുകളില്‍ അവരുടെ പ്രാതിനിധ്യമുണ്ട്. അതുകൊണ്ട് സ്വാഭാവികമായി ആലോചനയില്‍ വന്നതാണ്. അപ്പുവും സമീറയും സമീപിച്ചത് എങ്ങനെയായിരുന്നുവോ അത് പോലെയായിരിക്കണം ആബിലിനെയും സമീപിക്കേണ്ടത് എന്ന് തീരുമാനിച്ചിരുന്നു. അത്തരമൊരു തുല്യത അവരുടെ അവകാശവുമാണ്. മറിച്ച് ചിത്രീകരിക്കുമ്പോഴാണ് അത് നമ്മുടെ വീഴ്ചയാക്കുന്നത്.

മിക്ക സിനിമകളിലും പ്രധാന പ്രമേയങ്ങളില്‍ രസകരമായ ചില സബ് പ്ലോട്ടുകളിലേക്കോ അല്ലെങ്കില്‍ അതുവരെ പറഞ്ഞ കഥയെ അവിടെ നിര്‍ത്തി ഫെയറി ടെയില്‍ രീതിയില്‍ മറ്റൊരു കഥയിലേക്ക് കയറിയിറങ്ങി വരാറുണ്ട്. സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കേക്ക് മേക്കിംഗ്, റാണി പദ്മിനിയിലെ ഉറുമ്പ് കഥ, ഇടുക്കി ഗോള്‍ഡിലെ ഫ്‌ളാഷ് ബാക്ക് റിവഞ്ച് ഒക്കെ മറ്റൊരു നരേറ്റീവ് ഉപയോഗപ്പെടുത്തി രസകരമാക്കിയിട്ടുമുണ്ട്. ഡാഡി കൂള്‍ ആണെങ്കിലും ഒരു കുട്ടി ക്ലാസില്‍ പറയുന്ന കള്ളമായാണ് രൂപപ്പെടുത്തിയത്?

ഡാഡി കൂള്‍ എന്ന സിനിമ ആലോചിക്കുന്നത് തന്നെ ഒരു ചില്‍ഡ്രന്‍ ഫിലിമിന്റെ അല്ലെങ്കില്‍ ഫെയറി ടെയിലിന്റെ രൂപത്തിലാണ്. ഒരു കുട്ടിയുടെ മനസിലൂടെയാണ് കഥയുടെ പോക്ക്. ഡാഡി കൂള്‍ എന്നാണ് പേരെങ്കിലും മമ്മൂക്കയെ പോലെ ഒരു സൂപ്പര്‍സ്റ്റാര്‍ അതിലേക്ക് വരുമ്പോള്‍ കുട്ടി സ്വാഭാവികമായും ചെറുതായിപ്പോയി. പിന്നെ നമ്മുക്ക് കഥ പറയാനാവുക മമ്മൂക്കയെ കേന്ദ്രീകരിച്ചാണ്. ഡാഡിയെക്കുറിച്ചുള്ള ആ കുട്ടിയുടെ ഫിക്ഷന്‍ അല്ലെങ്കില്‍ ക്ലാസിലുള്ള രസകരമായ തള്ളലാണ് സിനിമ. ഞാനും ഇതേ പോലെ ക്ലാസിലൊക്കെ പറയുമായിരുന്നു. വാപ്പിച്ചി ഇങ്ങനെ വണ്ടിയോടിക്കും. സ്‌കൂട്ടര്‍ കൊണ്ട് വലിയ അഭ്യാസം കാണിക്കുമെന്നൊക്കെ അങ്ങ് തള്ളുമായിരുന്നു. അതുപോലെ സ്വന്തം അച്ഛനെ സൂപ്പര്‍ ഹീറോയായി സങ്കല്‍പ്പിച്ച് ക്ലാസിലിരുന്നു കുട്ടി പറയുന്ന കഥയായിരുന്നു ആ സിനിമ. സോള്‍ട്ട് ആന്‍ഡ് പെപ്പറിലെത്തുമ്പോള്‍ അത് ശ്യാമും ദിലീഷും വന്ന് പറഞ്ഞ കഥയാണ്. അത് ഷൂട്ട് ചെയ്യാനിരുന്നപ്പോള്‍ ആ കേക്ക് ഉണ്ടാക്കുന്ന ഭാഗം വിഷ്വലൈസ് ചെയ്താലോ എന്ന് ആലോചിച്ചു. അത് നന്നായി വരികയും ചെയ്തു. ഇങ്ങനെ സബ്‌പ്ലോട്ടില്‍ ഞാന്‍ രസം പിടിക്കുമെന്ന് ശ്യാമിന് അറിയാം. അങ്ങനെയാണ് ശ്യാം റാണി പദ്മിനിയിലേക്ക് ആ രണ്ട് കഥകള്‍ കൊണ്ടുവരുന്നത്. ശ്യാം അങ്ങനെയൊരാളാണ്. നരേറ്റീവിനെ ആകര്‍ഷകമാക്കാന്‍ രസകരമായ ചില ഐഡിയ ഒക്കെ അങ്ങ് പറയും.

മോശം സിനിമകള്‍ തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ നമ്മള്‍ നേരത്തെ പഴിച്ചിരുന്നത് തിരക്കഥാ ക്ഷാമത്തെക്കുറിച്ചൊക്കെയായിരുന്നു. പക്ഷേ ആകര്‍ഷകമായ കഥ എന്നതിനേക്കാള്‍ ആസ്വാദ്യകരമായ കഥ പറച്ചിലിലേക്ക് കാര്യങ്ങളെത്തി. സാമ്പ്രദായിക അവതരണ ശൈലിയെ ആഷിക്കും സിനിമകള്‍ ചെയ്യുന്നത്. ഒരു വണ്‍ലൈനില്‍ നിന്ന് ഇത് ചെയ്‌തേക്കാം എന്ന തീരുമാനമുണ്ടാകുന്നത് എപ്പോഴാണ്?

ഡാഡി കൂളിന്റെ കഥ ഞാന്‍ പലരുമായി ചര്‍ച്ച ചെയ്ത സമയമുണ്ട്. അന്ന് പലരും ചോദിച്ചത് കഥ അത്രമാത്രം ഇന്ററസ്റ്റിംഗാണോ എന്നാണ്. പിന്നീടൊരിക്കല്‍ കുട്ടേട്ടന്‍ (വിജയരാഘവന്‍) എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. പദ്മരാജന്‍ കുട്ടേട്ടനോട് പറഞ്ഞതാണ്. ഒരു സിനിമയില്‍ കഥയില്ലെങ്കിലും ‘കഥ’യെങ്കിലും വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ കഥ ശ്യാമും ദിലീഷും പല സംവിധായകരോട് മുമ്പ് പറഞ്ഞിരുന്നതാണ്. ആ കഥയിലെ സന്ദര്‍ഭങ്ങളില്‍ കുറേ കോംപ്ലീക്കേഷനുകളാണ്. ആ കഥ എന്റെയടുത്ത് പറഞ്ഞപ്പോള്‍ എനിക്ക് ഹുക്ക് ചെയ്തത് അതിലെ രുചി എന്ന ഘടകമാണ്. അതിന്റെ വിഷ്വല്‍ സാധ്യതകളിലേക്ക് ഞാന്‍ എളുപ്പം പ്രവേശിച്ചു. ഇത് തന്നെയാണ് ഓരോ സിനിമയുടെയും കാര്യത്തില്‍ ഉണ്ടാകുന്നത്. കേള്‍ക്കുന്ന കഥയില്‍ എന്തെങ്കിലും ഘടകം എന്നെ എക്‌സൈറ്റ് ചെയ്യിക്കണം. ഞാനങ്ങളെ പല കഥകള്‍ക്കും പിന്നാലെ പോയിട്ടുണ്ട്. പിന്നീടാണ് മനസിലായത് അവയില്‍ ചിലതിലൊന്നും നമ്മുക്ക് അങ്ങനെയൊരു എക്‌സ് ഫാക്ടര്‍ ഉണ്ടായിരുന്നില്ലെന്ന്. മഹേഷിന്റെ പ്രതികാരം എന്റെയടുത്ത് നാല് വരിയാണ് പറയുന്നത്. അത്ര മതിയായിരുന്നു. ഓക്കെ നമ്മുക്കിത് ചെയ്യാമെന്ന് പറഞ്ഞു. പിന്നെ എന്താണ് നടന്നതെന്ന് പോലും ചോദിച്ചിട്ടില്ല. എഡിറ്റ് കഴിഞ്ഞാണ് ആ സിനിമ കാണുന്നത്. നാല് വരിയിലാണെങ്കിലും നമ്മളെ പിടിച്ചുവലിക്കുന്ന ഒരു ഘടകമുണ്ടല്ലോ. അങ്ങനെ നാലോ അഞ്ചോ വരികളില്‍ നിന്ന് കൂടുതല്‍ അന്വേഷിച്ച് പോയപ്പോഴാണ് ഗാംഗ്‌സ്റ്റര്‍ ചെയ്തത്. നാലോ അഞ്ചോ വരികളില്‍ ഒരു ഇമേജറി കിട്ടിയാല്‍ തുടര്‍ന്നുള്ള യാത്ര എളുപ്പമാണ്. അല്ലെങ്കില്‍ ചെയ്യുന്ന സിനിമ നമ്മളെ പ്രതിസന്ധിയിലാക്കും.

രണ്ടാമത്തെ ചിത്രമായി പ്ലാന്‍ ചെയ്ത ഗാംഗ്സ്റ്റര്‍ ആറാമത്തെ ചിത്രമായാണ് വരുന്നത്. ആഘോഷപൂര്‍വമെത്തിയ ചിത്രമാണ്, എന്തായിരുന്നു ആ സിനിമയുടെ പരാജയ കാരണം?

ഗാംഗ്‌സ്റ്റര്‍ ആലോചിക്കുന്നത് ആദ്യസിനിമയായ ഡാഡികൂളിന്റെ സെറ്റില്‍ വച്ചാണ്. ഹോംഗ്‌കോംഗിലെ ഷൂട്ടിംഗിനിടെ മമ്മൂക്കയുമായി ഒരു ആക്ഷന്‍ പടം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. പതിവ് രീതികളില്‍ നിന്ന് മാറിയൊരു ആക്ഷന്‍ സിനിമയെന്നായിരുന്നു പ്ലാന്‍. ആ സിനിമയുടെ പ്രാഥമിക ആലോചനയും വേറെ വഴിക്കായിരുന്നു. അന്ന് ആലോചിച്ച രൂപത്തില്‍ നിന്ന് പിന്നീട് കുറേ മാറി. ഏതാണ്ട് പതിമൂന്നാമത്തെ ഡ്രാഫ്റ്റ് വച്ചാണ് സിനിമ ചെയ്തത്. ആദ്യം ആലോചിച്ചിരുന്നത് വേറൊരു ട്രീറ്റ്‌മെന്റിലുള്ള സിനിമയായിരുന്നു.. പിന്നീട് പല കണ്‍ഫ്യൂഷനുകളും ആ സിനിമയുടെ കാര്യത്തില്‍ സംഭവിച്ചു.

മുന്‍പ് ചെയ്ത സിനിമയുടെ വിജയ ഫോര്‍മുലയെ പിന്തുടര്‍ന്ന് ഒരേ ഗണത്തിലുള്ള സിനിമകള്‍ ചെയ്യാന്‍ താങ്കള്‍ മുതിര്‍ന്നിട്ടില്ല. ഡാ തടിയാ ആണെങ്കിലും ഇടുക്കി ഗോള്‍ഡും വിപണിമൂല്യമുള്ള താരങ്ങളെ ഉപേക്ഷിച്ച് ചെയ്ത സിനിമകളുമാണ്? മുന്നിലെത്തുന്ന സബ്ജക്ടിന് യോജിക്കുന്ന ട്രീറ്റ്‌മെന്റുകളിലേക്ക് എത്തുന്നതാണോ?

മുമ്പ് ചെയ്ത സിനിമയുടെ സ്വഭാവം ആവര്‍ത്തിക്കരുതെന്ന നിര്‍ബന്ധം തന്നെയാണ് പ്രധാന കാരണം. പുതിയൊരു സിനിമ ചെയ്യുമ്പോള്‍ എനിക്ക് അതൊരു സര്‍പ്രൈസ് ആവണം. അല്ലെങ്കില്‍ ഞാനൊട്ടും എക്‌സൈറ്റഡ് ആവില്ല. എന്റെ കൂടെയുള്ളവരും ഇതേ രീതിയില്‍ ആഗ്രഹിക്കുന്നവരാണ്. ഞാന്‍ ഒരു ത്രെഡില്‍ എക്‌സൈറ്റഡ് ആയാല്‍ എനിക്കൊപ്പമുള്ള ടെക്‌നീഷ്യന്‍സും അതേ നിലയിലാവും. സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ സ്വഭാവത്തിലൊരു സിനിമ എനിക്ക് ഇനി ചെയ്യാനാകില്ല. അത് മാത്രമല്ല ഞാന്‍ ചെയ്ത ഒരു സിനിമയുടെയും രണ്ടാം ഭാഗത്തെക്കുറിച്ചും ആലോചിക്കാനാകില്ല. ഒരിക്കല്‍ വന്ന അതേ റൂട്ടില്‍ കൂടെ വീണ്ടും വരുമ്പോഴുള്ള മടുപ്പുണ്ടല്ലോ, അത് തന്നെ കാര്യം. ഒരു സിനിമ കഴിയുമ്പോള്‍ ബോധപൂര്‍വം നേരത്തെ ചെയ്യാത്തത് എന്തെങ്കിലും ചെയ്യാനാകുമോ എന്നാണ് നോക്കുന്നത്. അങ്ങനെ ഒരു ചിന്തയ്ക്ക് പറ്റിയ ത്രെഡിലേക്ക് എത്താനാണ് നോക്കുന്നത്.

ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനും ദീലീഷും ഷൈജു ഖാലിദും മറ്റ് ടെക്‌നീഷ്യന്‍സുമൊക്കെയായി നിങ്ങളുടേത് ഒരു ക്യാമ്പ് പോലെയല്ലേ പ്രവര്‍ത്തിച്ചിരുന്നത്. ഓരോ സിനിമയ്ക്കുമായി ഒന്നിക്കുന്ന കുറേ പേര്‍ എന്നതിന് പകരം ഒരു ക്യാമ്പില്‍ നിന്നുള്ള സിനിമ എന്ന നിലയ്ക്ക് മാറിയതിന് പിന്നിലെന്താണ്?

ശരിക്കും ക്യാമ്പ് തന്നെയാണ്. ഡാഡി കൂള്‍ നടക്കുമ്പോള്‍ തന്നെ ഞാന്‍ ഒരു ക്യാമ്പ് അന്തരീക്ഷത്തിലായിരുന്നു. സിനിമയ്ക്ക് വേണ്ടി വീട്ടില്‍ നിന്ന് മാറി. അന്ന് കുറച്ച് പേരുണ്ടായിരുന്നു. എല്ലാവരും ഒരുമിച്ച് താമസിച്ച്്, ചര്‍ച്ചയും സൗഹൃദവുമൊക്കെയായി ജീവിതം. അവിടേക്ക് കുറേ പേര്‍ പുതിയതായി വന്നു, കുറച്ചുപേര്‍ വിട്ടുപോയി. ഞാനൊരു ഡെമോക്രാറ്റിക് സ്‌പേസിന് പ്രാധാന്യം കൊടുത്തിരുന്നുവെന്നാണ് തോന്നിയത്. അത് ആത്യന്തികമായി എനിക്കും വലിയ രീതിയില്‍ പ്രയോജനമുണ്ടാക്കി. അങ്ങനെ ജനാധിപത്യ സ്വഭാവത്തിലാണ് എല്ലാവരും ആ ക്യാമ്പിന്റെ ഭാഗമായി നിന്നത്. എല്ലാവര്‍ക്കും അവരുടേതായ ക്രിയേറ്റീവ് സ്‌പേസ് ഉണ്ടാകുന്ന വിധത്തിലാണ് ഒന്നിച്ച് നിന്നത്. നേരത്തെ പ്ലാന്‍ ചെയ്ത് നമ്മളിങ്ങനെ ഒരു ക്യാമ്പ് ഉണ്ടാക്കിയെടുത്തതല്ല. പല സ്ഥലങ്ങളില്‍ നിന്നായി സിനിമയോട് സമാന കാഴ്ചപ്പാടുമായി എത്തിയവരങ്ങനെ ഒന്നിച്ചായതാണ്. എന്റെ ടേസ്റ്റ് എന്താണെന്ന് ഇവര്‍ക്ക് എല്ലാവര്‍ക്കുമറിയാം. അവരുടെ ടേസ്റ്റിനെക്കുറിച്ച് എനിക്കുമറിയാം. വര്‍ക്ക് ചെയ്തും ഒരുമിച്ച് താമസിച്ചുമൊക്കെ ദൃഢപ്പെട്ട സൗഹാര്‍ദാന്തരീക്ഷം അങ്ങനെ വളര്‍ന്നു. അത്രമാത്രം കംഫര്‍ട്ടബിളായിരുന്നു ഈ ടീം കൂടെയുള്ളത്, കമ്യൂണിക്കേഷനും എളുപ്പമായിരുന്നു. വര്‍ക്കിലും സ്‌ട്രെയിന്‍ ഇല്ലായിരുന്നു.

പല കാലങ്ങളിലായി മലയാള സിനിമയെ നവീനതയുടെ പാതയിലൂടെ നടത്തിയവരില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും, സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുമായി എത്തിയ കുറേ പേരുണ്ടായിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്ഥമായി മഹാരാജാസ് പോലൊരു കലാലയത്തില്‍ നിന്നെത്തിയ ഒരു പറ്റം സുഹൃത്തുക്കള്‍ രാജീവ് രവിയും അന്‍വര്‍ റഷീദും താങ്കളും അമല്‍ നീരദും സമീര്‍ താഹിറുമൊക്കെ മലയാളത്തിലെ ദൃശ്യശൈലീ മാറ്റത്തിന് ചുക്കാന്‍ പിടിച്ചു. മഹാരാജാസ് എങ്ങനെയാണ് ഇത്രയും പേരില്‍ ചലച്ചിത്ര സ്വപ്‌നങ്ങളുണ്ടാക്കിയത്?

എന്നെ സംബന്ധിച്ചിടത്തോളം സിനിമാ ജീവിതത്തെയല്ല വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ തന്നെ മഹാരാജാസിന്റെ വലിയ സ്വാധീനമുണ്ട്. അത്തരമൊരു കലാലയ അന്തരീക്ഷമായിരുന്നു മഹാരാജാസിലേത്. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനവും കലാപ്രവര്‍ത്തനത്തിനും കാമ്പസ് ലൈഫിനുമൊക്കെ മഹാരാജാസിനോളം മികച്ചൊരു കലാലയം മുന്നിലില്ലായിരുന്നു.
എസ് എഫ് ഐയും, കോളേജ് യൂണിയന്‍ പ്രവര്‍ത്തനവുമൊക്കെയായാണ് ക്ലാസുകളില്‍ ഇരിക്കുന്നതിനേക്കാളും താല്‍പ്പര്യമായി മാറിയിരുന്നത്. പക്ഷേ അവിടുള്ള ജീവിതം കാമ്പസ് പൊളിറ്റിക്‌സില്‍ ചുരുങ്ങിനില്‍ക്കുന്നതായിരുന്നില്ല. വിവിധ മേഖലയില്‍ മിടുക്കുള്ളവരെ ഒന്നിപ്പിക്കാനും അവരുടെ കഴിവുകളെ വളര്‍ത്താനും നല്ല ശ്രമമുണ്ടായിരുന്നു മഹാരാജാസില്‍.
സാധാരണക്കാരന്റെ മക്കള്‍ക്ക് പഠിക്കാനും അവരുടെ കലാവാസനകളെ ഏത് തലത്തിലേക്ക് വരെയും പരിപോഷിക്കാനും നഗരഹൃദയത്തിലുള്ള ഏറ്റവും ലക്ഷൂറിയസ് ആയ കാമ്പസ് ആയിരുന്നു മഹാരാജാസിലേത്. യൂണിവേഴ്‌സിറ്റി കലോല്‍സവങ്ങളിലെല്ലാം മഹാരാജാസിന് മേല്‍ക്കൈ കിട്ടുംവിധത്തില്‍ മുന്നേറാന്‍ പ്രാപ്തരായ പ്രതിഭകളുണ്ടായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം തന്നെ വലിയ ആവേശത്തോടെയാണ് കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നത്. യുവജനോത്സവങ്ങളെയൊക്കെ സീരിയസായിട്ടാണ് ഏറ്റെടുത്തിരുന്നത്. സിനിമയില്‍ സംവിധായകനൊക്കെ നിര്‍വഹിക്കുന്ന നേതൃത്വനിര്‍വഹണമുണ്ടല്ലോ, ഏതാണ്ട് അതുപോലൊരു സംവിധാനം അവിടെ നിലനില്‍ക്കുന്നുണ്ടായിരുന്നു.
കോളേജ് യൂണിയന്‍ ചെയര്‍മാനായാലും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായാലും യൂത്ത് ഫെസ്റ്റിവലിന്റെ നടത്തിപ്പ് കൂടെയാണ് അയാളുടെ പ്രധാന ഉത്തരവാദിത്വം. പിരിവെടുക്കുന്നതും, കുട്ടികളെ സംഘടിപ്പിക്കലുമൊക്കെ അയാളുടെ തലയിലായിരിക്കും. കോളേജ് തലത്തില്‍ നിന്ന് യൂണിവേഴ്‌സിറ്റി തലത്തിലേക്ക് പ്രതിഭകളെ ഗ്രൂം ചെയ്ത് വിടുന്ന ഒരു സംവിധാനം ഞാനൊക്കെ മഹാരാജാസിലെത്തുമ്പോള്‍ അവിടെ നിലനില്‍ക്കുന്നുണ്ടായിരുന്നു. ആ സമയത്ത് അത്യാവശ്യം കലാവാസനയുള്ളവരെല്ലാം മഹാരാജാസ് കാമ്പസിലായിരിക്കണെന്ന് ആഗ്രഹിച്ചിരുന്നു.

ഒരു പ്രത്യേക കാലഘട്ടത്തില്‍ അവിടെ പഠിച്ചവരില്‍ ഭൂരിപക്ഷം പേരും സിനിമാക്കാരായി. അത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ അതിനങ്ങനെ കൃത്യമായൊരു മറുപടി പറയാനാകില്ല. മഹാരാജാസില്‍ നിന്ന് രാജീവ് രവിയും പിന്നീട് അമല്‍ നീരദുമാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമാ പഠനത്തിന് പോയത്. ഈ പറഞ്ഞവരില്‍ ഞാനുള്‍പ്പെടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമ പഠിച്ചവരല്ല. തീര്‍ച്ചയായും, സിനിമയിലേക്കുള്ള ഇവരുടെ പോക്ക് ഞങ്ങള്‍ക്കെല്ലാം വലിയ ഇന്‍സ്പിരേഷനായിരുന്നു അന്ന്. രാജീവ് രവിക്കും അമല്‍ നീരദിനും പിന്നാലെ അന്‍വര്‍ റഷീദ് സിനിമയിലെത്തി. അന്‍വര്‍ റഷീദാണ് സംവിധാന സഹായിയായാണ് സിനിമയിലെത്തുന്നത്. രാജീവ് രവിയും അമല്‍ നീരദും എനിക്ക് മുന്‍പേ മഹാരാജാസില്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. അന്‍വറുമായി നാടകവും യൂണിവേഴ്‌സിറ്റി കലോത്സവുമൊക്കെയായുള്ള കമ്പനിയുണ്ട്. ഇവര്‍ക്ക് പിന്നാലെ അന്‍വര്‍ സിനിമയിലെത്തിയത് എനിക്ക് പ്രചോദനമായി. ഞാന്‍ എന്റേതായ വഴിയില്‍ ആ സമയം മുതല്‍ക്കേ ശ്രമം തുടങ്ങി. അങ്ങനെ ഞാന്‍ കമല്‍ സാറിന്റെ സംവിധാന സഹായിയായി. സമീറും പിന്നീട് സിനിമയിലെത്തി. അപ്പോഴേക്കും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയ രാജീവ് രവിയും അമല്‍ നീരദും ബോംബെയിലെത്തി അവിടെ സിനിമാ പരിപാടികള്‍ തുടങ്ങിയിരുന്നു. മുമ്പേ പോയവരുടെ സ്വാധീനം തന്നെയാണ് ഞങ്ങളുടെ വരവിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

എസ് എഫ് ഐ സംഘടനാ പ്രവര്‍ത്തനം, കോളേജ് യൂണിയന്‍ എന്നിവയിലൊക്കെ സജീവമായിരിക്കേ സ്വാഭാവികമായും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയില്‍ മുഖ്യധാരാ രാഷ്ട്രീയമൊക്കെയാണ് ആകര്‍ഷിക്കേണ്ടിയിരുന്നത്. ഇതില്‍ നിന്നെല്ലാം മാറി സിനിമയെന്ന മാധ്യമത്തിലേക്ക് ലക്ഷ്യത്തെ ഷിഫ്റ്റ് ചെയ്തത് എപ്പോഴാണ്?

ഞാന്‍ നേരത്തെ പറഞ്ഞത് പോലെ പുറത്ത് നിന്ന് കേട്ട കാര്യങ്ങളിലെ എക്‌സൈറ്റ്‌മെന്റാണ് മഹാരാജാസിലെത്തിച്ചത്. കോളേജ് യൂണിയന്‍ ഉത്തരവാദിത്വമൊക്കെയായപ്പോള്‍
യുവജനോത്സവങ്ങളിലേക്കുള്ള മത്സര ഇനങ്ങളുടെ പ്ലാനിംഗും അതിന് വേണ്ട മത്സരാര്‍ത്ഥികളെ തയ്യാറാക്കലുമൊക്കെ നമ്മളുടേതുമായി. യൂണിവേഴ്‌സിറ്റി തല മത്സരങ്ങളില്‍ മഹാരാജാസിന് മേല്‍ക്കൈ കിട്ടാന്‍ എന്തൊക്കെ ചെയ്യണമെന്നതിന് കൃത്യമായ പ്ലാനും സ്ട്രാറ്റജിയുമൊക്കെ ഉണ്ടായിരുന്നു. ഒന്നാം സ്ഥാനം കിട്ടാന്‍ സാധ്യത കൂടുതലുള്ള ഗ്രൂപ്പ് ഐറ്റമൊക്കെ ആളുകളെ തെരഞ്ഞുപിടിച്ച് സംഘടിപ്പിച്ച് ഒരുക്കും. യൂണിവേഴ്‌സിറ്റി തലത്തില്‍ വെറുതെ മത്സരിക്കുക എന്നൊന്നുമല്ല, വളരെ സീരിയസായാണ് ഓരോ വേദികളെയും കണ്ടിരുന്നത്. ചാമ്പ്യന്‍ഷിപ്പ് അഭിമാനപ്രശ്‌നമാണ്. ആ സമയത്ത് തിളങ്ങിനില്‍ക്കുന്ന നാടകസംവിധായകന്‍ ആരെന്ന് കണ്ടെത്തി അവരെ കോളേജിലെത്തിച്ചാവും നാടകപരിശീലനം. ഞാന്‍ മഹാരാജാസിലെത്തുകയും കോളേജ് യൂണിയന്‍ ചെയര്‍മാനാവുകയും ചെയ്തപ്പോള്‍ അതുവരെ ചിട്ടയായി നടന്നിരുന്ന ഒരു സംവിധാനത്തിന്റെ ഭാഗമാവുകാണുണ്ടായത്. നമ്മുടെ കാലയളവില്‍
കാലയളവില്‍ മഹാരാജാസിന്റെ മേല്‍ക്കൈ നിലനിര്‍ത്തേണ്ടത് അഭിമാന പ്രശ്‌നവുമാണ്. ഒരു സ്‌കിറ്റിന് പത്ത് പോയിന്റാണ്. നമ്മള്‍ സ്‌കിറ്റ് തയ്യാറാക്കുന്നത് നമ്മുടെ എതിരാളികള്‍ ആരൊക്കെയാണ് എന്ന് കൂടി മനസിലാക്കിയിട്ടാവും. കാലിക പ്രസക്തമായ നാടകവും സ്‌കിറ്റുമൊക്കെ അവതരിപ്പിക്കുക എന്നതിനൊക്കെ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. കൂട്ടായ ആലോചനയില്‍ നിന്നാണ് ഇതൊക്കെയുണ്ടാകുന്നത്.

1998ല്‍ കൊച്ചിയില്‍ ഐഎഫ്എഫ്‌കെ നടന്ന സമയത്ത് അതിനെ മാതൃകയാക്കി മഹാരാജാസിലും ഫിലിം ഫെസ്റ്റിവല്‍ നടന്നിരുന്നു. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേള. ഫിലിം ഫെസ്റ്റിവലിന്റെ സംഘാടന രീതിയെ കൂടി പകര്‍ത്തിയായിരുന്നു ആ മേള. ഫിലിം ഫെസ്റ്റിവല്‍ ഓഫ് മഹാരാജാസ് എന്ന പേരിലാണ്. പ്രതിനിധികള്‍ക്ക് ഡെലിഗേറ്റ് കാര്‍ഡൊക്കെയുണ്ട്. ഫെസ്റ്റിവല്‍ ബുള്ളറ്റിനും പ്രിന്റ് ചെയ്ത് പുറത്തിറക്കി. സ്‌ട്രെയിറ്റ് കട്ട് എന്നായിരുന്നു പേര്. ആ ദിവസം അവധിയായിരിക്കും. പിന്നീട് പത്ത് പന്ത്രണ്ട് എഡിഷനോളം ഈ ഫെസ്റ്റിവല്‍ നടന്നിട്ടുമുണ്ട്. അത്രയേറെ സക്രിയമായിരുന്ന കാമ്പസായിരുന്നു മഹാരാജാസ്. ഒരു നാടകമത്സരത്തില്‍ പകരക്കാരനാവുകായിരുന്നു ഞാന്‍. അതാണ് കലാപ്രവര്‍ത്തനത്തിന്റെ തുടക്കം. അന്ന് കോളേജ് യൂണിയന്‍ മെംബറാണ്. അന്‍വര്‍ മുന്‍വര്‍ഷം കളിച്ച നാടകമായിരുന്നു. അന്‍വര്‍ കോഴ്‌സ് കഴിഞ്ഞപ്പോള്‍ ആ റോളില്‍ പകരക്കാരനായി മറ്റൊരാളെത്തി. അയാളുടെ പകരക്കാരനായി ഞാനും. ഒരു ചൈനീസ് നാടകത്തിന്റെ മലയാള പരിഭാഷയായിരുന്നു. ദീപന്‍ ശിവരാമനാണ് ആ നാടകം സംവിധാനം ചെയ്തത്. ദീപനാണ് അഭിനയത്തില്‍ ഞങ്ങളുടെയൊക്കെ ഗുരു. ദീപന്‍ മഹാരാജാസിലൊന്നുമല്ല. ആ സമയത്തെ ഏത് മേഖലയിലെയും മിടുക്കന്‍മാരായ മഹാരാജാസിലെത്തിക്കും. നാടക പരിശീലനത്തിനാണെങ്കിലും സംഘഗാനത്തിനാണെങ്കിലും തപ്പിപ്പിടിച്ച് അവിടെയെത്തിക്കും. അങ്ങനെയാണ് ദീപന്‍ നാടകം പഠിപ്പിക്കാന്‍ വരുന്നത്. സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ഇത് പോലെ മുമ്പ് മഹാരാജാസില്‍ സംഘഗാനം പഠിപ്പിക്കാനൊക്കെ വന്നിട്ടുള്ളയാളാണ്. പിന്നീട് ഞങ്ങള്‍ മാക്ബത്ത് നാടകം ചെയ്തു. ബിപിന്‍ ചന്ദ്രനൊക്കെയുണ്ട് ആ നാടകത്തില്‍. പിന്നീട് സ്‌കൂളിലും കോളേജിലുമൊക്കെ നാടകം പഠിപ്പിക്കലൊക്കെയായി. അവിടെ നിന്ന് കമല്‍സാറിന്റെ സംവിധാന സഹായിയായി സിനിമയിലെത്തി.

സ്വയംഭരണ പദവി മഹാരാജാസിന്റെ സര്‍ഗാത്മക സ്വാതന്ത്ര്യമൊക്കെ ഇല്ലാതാക്കിയെന്ന പരാതിയാണ് സമീപകാലത്ത് കേട്ടത്. പൂമരത്തിലെ പാട്ട് പാടിയ ഫൈസല്‍ റാസി ഗിറ്റാര്‍ ഉപയോഗിച്ചതിന് ശിക്ഷാനടപടി നേരിട്ടെന്ന് വെളിപ്പെടുത്തിയിരുന്നു. നിങ്ങളുടേത് പോലൊരു വലിയ സൗഹൃദസംഘം മഹാരാജാസില്‍ നിന്ന് സിനിമയിലെത്തുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതീക്ഷിക്കാനാകുമോ?

സ്വയംഭരണ സംവിധാനത്തിലേക്ക് മാറിയപ്പോള്‍ മഹാരാജാസില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നമ്മള്‍ ഇപ്പോള്‍ പറയുമ്പോള്‍ നൊസ്റ്റാള്‍ജിയ പറഞ്ഞ് താരതമ്യം ചെയ്യുകയാണെന്നും പുതിയ കാലത്തെ കാമ്പസിനെ പരിഹസിക്കുന്നുവെന്നൊക്കെ പഴി പറഞ്ഞേക്കാം. പക്ഷേ ചില വസ്തുതകളുണ്ട്. രാഷ്ട്രീയത്തിന്റെയും കലാ പ്രവര്‍ത്തനത്തിന്റെയുമൊക്കെ അപ്പുറം മഹാരാജാസ് സാധാരണക്കാരായ കുട്ടികളുടെ കാമ്പസ് ആയിരുന്നു. ദരിദ്രമായ ജീവിതസാഹചര്യമുള്ളയാള്‍ക്കും അയാളിലെ പ്രതിഭയെ പുറത്തെടുക്കാനും വളര്‍ത്തിയെടുക്കാനും ഉള്ള അനുകൂലാന്തരീക്ഷം അവിടെ നിലനിന്നിരുന്നു. അത്ര വിശാലമായിരുന്നു ആ കാമ്പസ്. പലതും ഓരോ കാലത്തായി നഷ്ടപ്പെട്ടു. മഹാരാജാസിലെ കുട്ടികള്‍ കളിച്ചിരുന്ന ഗ്രൗണ്ട് അവര്‍ക്ക് നഷ്ടമായി. ഞങ്ങളൊക്കെ നടത്തിയ സമരത്തിന്റെ ഭാഗമായാണ് അന്ന് വാടകയൊക്കെ കുറച്ച് കളിസ്ഥലം കിട്ടിയിരുന്നത്. പിന്നീട് നവീകരണത്തിന്റെ പേരിലൊക്കെ വലിയ തട്ടിപ്പൊക്കെ നടന്നു. കാമ്പസുകളിലെ രാഷ്ട്രീയം നിര്‍ജീവാവസ്ഥയില്‍ സമയത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ഗൗരവമൊക്കെ കുറഞ്ഞു. അതൊക്കെ ചെറുത്തുനില്‍പ്പുകളെ തളര്‍ത്തി.
ഞങ്ങളുടേതിനേക്കാള്‍ മെച്ചപ്പെട്ട കലാലയ അന്തരീക്ഷമായിരുന്നു രാജീവ് രവിയും അമല്‍നീരദും പഠിച്ച കാലത്ത്. ഭരതന്‍ മാഷ് പ്രിന്‍സിപ്പലായിരുന്ന കാലത്തൊക്കെ പ്രിന്‍സിപ്പല്‍ മുതല്‍ ജീവനക്കാര്‍ വരെ വിദ്യാര്‍ത്ഥികളുടെ ഏത് ആവശ്യത്തിനും കൂടെയുണ്ടായിരുന്നു. ദീര്‍ഘവീക്ഷണമുള്ള ഒരു പാട് പേര്‍ വിദ്യാര്‍ത്ഥികളെ നയിക്കാനുണ്ടായിരുന്നു. എനിക്കറിയാവുന്ന മഹാരാജാസിന്റെ സുവര്‍ണ കാലഘട്ടവും അതായിരുന്നു. മഹാരാജാസിലെ വിദ്യാര്‍ത്ഥികളിലും ആ കാമ്പസിലും ഇനിയും പ്രതീക്ഷയുണ്ട്. ഇപ്പോഴത്തെ കുട്ടികളില്‍ രാഷ്ട്രീയ ബോധ്യമുള്ള, നിലപാടുള്ള ഒരു പാട് പേരുണ്ട്. പ്രതികൂല സാഹചര്യങ്ങളെ ചെറുത്ത് തോല്‍പ്പിച്ച് അവര്‍ വിജയിക്കുക തന്നെ ചെയ്യും. പുറത്തേക്ക് വരുന്നത് മോശം കാര്യങ്ങളാണെങ്കിലും അനുകൂലമല്ലാത്ത സാഹചര്യത്തിലും ഒരുപാട് നല്ല കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അവിടെ ചെയ്യുന്നുണ്ട്.

നേരത്തെ ആഷിക്കിന്റെ ക്യാമ്പിനെക്കുറിച്ച് പറഞ്ഞത് പോലെ മഹാരാജാസിലെ സിനിമാ സംഘവും ഇതേ രീതിയില്‍ സൗഹൃദകൂട്ടായ്മയായി നിലനില്‍ക്കുന്നുണ്ടല്ലോ,
രാജീവ് രവി, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, സമീര്‍ താഹിര്‍ നിങ്ങളിപ്പോഴും സിനിമകള്‍ ചര്‍ച്ച ചെയ്യുകയും,പല തരത്തില്‍ പരസ്പരം സിനിമകളില്‍ സഹകരിക്കുന്നുണ്ടല്ലോ.സാമ്പ്രദായി രീതിയില്‍ സിനിമ ചെയ്യേണ്ടതില്ലെന്ന് നിങ്ങള്‍ ഒരു പോലെ ചിന്തിച്ചതിന് പിന്നിലെന്താണ്?

എല്ലാ ദിവസവും കാണുകയും കാണുമ്പോഴൊക്കെ സിനിമകളെക്കുറിച്ച് ചര്‍ച്ചയിലേര്‍പ്പെടുകയും ചെയ്യുന്നവരല്ല ഈ പറഞ്ഞവരാരും. ക്യൂരിയോസിറ്റിയുള്ള കാര്യങ്ങള്‍ ഞങ്ങള്‍ പരസ്പരം പങ്കുവച്ചിരുന്നു. രാജീവ് രവിയാണ് ഈ കുട്ടത്തില്‍ ആദ്യം ഇന്‍ഡിപെന്‍ഡന്റ് ആകുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനമൊക്കെ കഴിഞ്ഞ് സിനിമയില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ച ശേഷം രാജീവ് രവി നേരേ പോയി ചെയ്യുന്നത് ചാന്ദ്‌നി ബാര്‍ ആണ്. അത് സാമ്പ്രദായിക രീതി പിന്തുടരുന്ന സിനിമയല്ലല്ലോ. പിന്നെ അമല്‍ നീരദ് ചെല്ലുന്നത് ബോളിവുഡില്‍ പുതിയൊരു രീതി പരീക്ഷിക്കാന്‍ ശ്രമിച്ച രാംഗോപാല്‍ വര്‍മ്മയുടെ ക്യാമ്പിലേക്കാണ്. ഇവിടെ സ്ഥിരമായി കണ്ടുവരുന്ന സിനിമകളുടെ ശൈലിയും രീതിയൊന്നുമല്ലല്ലോ അവര്‍ ഫോളോ ചെയ്തത്. ഞങ്ങള്‍ക്ക് മുമ്പേ സിനിമയില്‍ പോയവരുടെ സ്വാധീനം സ്വാഭാവികമായി എന്നിലുമുണ്ടായി. സ്ഥിരം രീതികളെയല്ല പിന്തുടരേണ്ടത് എന്ന തോന്നിലേക്ക് ഞങ്ങളുമെത്തി. പിന്നീട് ഞങ്ങളൊരുമിച്ച് അഞ്ച് സുന്ദരികള്‍ ചെയ്തു.

ലിംഗരാഷ്ട്രീയമൊക്കെ വലിയ തോതില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതിന്റെ തുടര്‍ച്ചയിലാണ് സിനിമയിലെ സ്ത്രീവിരുദ്ധത വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നത്. മുഖ്യധാരാ സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ നടി പാര്‍വതി ക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇരയായി. പുരോഗമന സ്വഭാവമുള്ള എല്ലാ ചര്‍ച്ചകളെയും അപ്രസക്തമാക്കി വാണിജ്യ സിനിമ പിന്നെയും സ്ത്രീവിരുദ്ധതയും വംശീയപരാമര്‍ശവും തുടരുമെന്നാണോ കരുതുന്നത്?

രാഷ്ട്രീയമായും സാംസ്‌കാരികമായുമൊക്കെ മുന്‍പന്തിയിലുള്ള ഇടമാണ് കേരളം. അതുപോലൊരു സ്ഥലത്ത് സമൂഹത്തിലും തൊഴിലിടത്തും സിനിമയിലുമെല്ലാം സ്ത്രീകളോടും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമടക്കം കാണിക്കുന്ന വിവേചനം ചര്‍ച്ചയാകാന്‍ വൈകിയതിലേ അല്‍ഭുതമുള്ളൂ. ഇനി ഇതൊന്നും അഡ്രസ് ചെയ്യാതെ സിനിമയ്‌ക്കെന്നല്ല ഒരു മേഖലയ്ക്കും മുന്നോട്ട് പോകാനാകില്ല. പ്രോ ഫെമിനിസ്റ്റ് സിനിമകള്‍ മാത്രം ഉണ്ടാകണം എന്ന് ആരും വാശി പിടിക്കുന്നില്ല. പക്ഷേ സ്ത്രീകളെ അധിക്ഷേപിക്കുന്ന, ലിംഗപരമായി ഇകഴ്ത്തിക്കാണിക്കുന്ന സിനിമകളുമായി ഇനിയും മുന്നോട്ട് പോകാനാകില്ല. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷം കൊണ്ട് ഇതിനെ ചോദ്യം ചെയ്യുന്ന വലിയൊരു വിഭാഗം ഉയര്‍ന്നുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയ്ക്ക്
ഇക്കാര്യത്തില്‍ വലിയ പങ്കുമുണ്ട്. നേരത്തെ സിനിമകളിലെ സ്ത്രീവിരുദ്ധതയും വംശീയ വിരുദ്ധതയുമൊക്കെ അതേക്കുറിച്ചുള്ള രാഷ്ട്രീയ വായനകളിലും അക്കാദമിക് ചര്‍ച്ചകളിലും മാത്രമനായി ഒതുങ്ങിനില്‍ക്കുകയായിരുന്നു. ലേഖനങ്ങള്‍ക്കപ്പുറത്തേക്ക് അത് പൊതുപ്രതലത്തില്‍ പരിഗണനയായിരുന്നില്ല. സിനിമ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പല വിധത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടാകുന്നുണ്ട്. അപ്പോള്‍ സമൂഹത്തിലുണ്ടാകുന്ന മാറ്റത്തെ, ആ മാറ്റത്തിനൊപ്പമുള്ള ആവശ്യത്തെ തള്ളിക്കളഞ്ഞ് കൊണ്ട് സിനിമയ്ക്ക് മാത്രം മുന്നോട്ട് പോകാനാകില്ല.

അങ്ങനെയെങ്കില്‍ പാര്‍വതി ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ പ്രശ്‌നം ഇനിയുള്ള സിനിമകളില്‍ അഡ്രസ് ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ വകയുണ്ടെന്നാണോ? സ്ത്രീവിരുദ്ധതയെ മഹത്വവല്‍ക്കരിക്കുന്നതില്‍ നിന്ന് മുഖ്യധാരാ സിനിമകള്‍ പിന്തിരിയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുമോ?

അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പാര്‍വതിയുടെ അഭിപ്രായത്തെ എതിര്‍ക്കുന്നവര്‍ പോലും അവരുടെ വാദത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഒരു തിരുത്തലിന്, അത് താരമായാലും സംവിധായകനാണെങ്കില്‍ എഴുതുന്ന തിരക്കഥാകൃത്താണെങ്കിലും തയ്യാറാകുമെന്ന് തന്നെയാണ് പ്രതീക്ഷ. തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടില്‍ സ്ത്രീവിരുദ്ധതയുണ്ടോ എന്ന് ഒന്ന് ചെക്ക് ചെയ്യാനെങ്കിലും മെനക്കെടും. തങ്ങളുടെ കഥാപാത്രവും സംഭാഷണവുമൊക്കെ ഏത് രീതിയിലാണ് സമൂഹത്തില്‍ പ്രതിഫലിക്കുകയെന്ന് എല്ലാവരും ആലോചിച്ച് തുടങ്ങും. ഇതിന് ശേഷവും സിനിമകള്‍ ഉണ്ടാകുമല്ലോ, നമ്മുക്ക് നോക്കാം. മാറ്റമുണ്ടാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഒരാള്‍ ഒരു അഭിപ്രായം പറഞ്ഞു, ഇത്രയധികം ബഹളങ്ങളുണ്ടായി. ഇതിന് ശേഷം ഒരു കാലമുണ്ടാകുമല്ലോ. അപ്പോഴുണ്ടാകുന്ന സിനിമകളില്‍ നോക്കാം. പോസിറ്റീവ് റിസല്‍ട്ട് തന്നെയാണ് എന്റെ പ്രതീക്ഷ.

സിനിമയെ സ്ത്രീവിരുദ്ധത എന്താണെന്ന് മനസിലാകാത്തതിന്റെ പ്രശ്‌നം കൂടിയില്ലേ, പലരും മറുവാദമായി ഉയര്‍ത്തുന്ന അബദ്ധ വാദങ്ങളാണ്, സിനിമ സമൂഹത്തെ സ്വാധീനിക്കുന്നില്ലെന്നും, സമൂഹത്തിലെ സ്ത്രീവിരുദ്ധത സിനിമകളില്‍ പ്രതിഫലിക്കുന്നതാണെന്നൊക്കെ പറഞ്ഞാണ് പ്രതിരോധിക്കുന്നത് ?

വിചിത്രമായ വാദഗതികളാണ് ഇത് രണ്ടും. സിനിമയുടെ സ്വാധീനശേഷിയുടെ കാര്യത്തില്‍ സിനിമ കാണുന്ന ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. എവിടെയെങ്കിലുമൊക്കെ നിങ്ങളെ സ്പര്‍ശിച്ചിരിക്കും. സിനിമ കാണാത്തവരാണെങ്കില്‍ ഈ പറഞ്ഞതൊന്നും കാര്യമാക്കേണ്ട. സിനിമ മാത്രമല്ല സീരിയലുകള്‍ ഉള്‍പ്പെടെ സമൂഹത്തില്‍ ഇന്‍ഫ്‌ളുവന്‍സ് ഉണ്ടാക്കുന്നുണ്ട്. പിന്നെ രണ്ടാമത്തെത്, അത്തരം കഥാപാത്രങ്ങളും ചെയ്ത് കൂടേ എന്ന ചോദ്യം. അങ്ങനെ ചോദിക്കുന്നവരോട് നമ്മുക്ക് ഒന്നും പറയാനില്ല. എന്താണ് അവരോട് പറയുക. എന്താണ് സിനിമയിലെ നായകന്റെ ദൗത്യം. നായകനിലൂടെ, അല്ലെങ്കില്‍ ഒരു നായകതാരത്തിലൂടെ ആ സിനിമ എന്താണ് സമൂഹത്തിലേക്ക് കണ്‍വേ ചെയ്യുന്നത്, അല്ലെങ്കില്‍ താരം എങ്ങനെയാണ് ഉണ്ടാകുന്നത്. എങ്ങനെയാണ് നായക സങ്കല്‍പ്പമുണ്ടാകുന്നത് തുടങ്ങിയ ചര്‍ച്ചകളിലേക്ക് കാര്യങ്ങളെത്തട്ടേ. അത്തരം സിനിമകളുടെ എണ്ണം കുറയുമെന്ന് തന്നെയാണ് വിശ്വാസം.
ഈ പറഞ്ഞത് കൂടെയാണ് പ്രശ്‌നം. സിനിമയിലെ സാമൂഹ്യവിരുദ്ധതയും സ്ത്രീവിരുദ്ധതയും എന്താണെന്ന് പലര്‍ക്കും മനസിലായിട്ടില്ല. ചെയ്യുന്ന കാര്യത്തിലെ തെറ്റ് എന്താണെന്ന് അവര്‍ക്ക് തിരിച്ചറിയാനാകുന്നില്ലെങ്കില്‍ ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലല്ലോ. സ്ത്രീകളോട് മോശമായി പെരുമാറുന്ന, അവരെ ലിംഗപരമായി അവഹേളിക്കുന്ന കഥാപാത്രമല്ല പ്രശ്‌നം, അത്തരം കഥാപാത്രങ്ങളെ മഹത്വവല്‍ക്കരിക്കുന്നതും മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്നതുമാണ്. മനപൂര്‍വ്വം സ്ത്രീവിരുദ്ധതയെ പ്രകീര്‍ത്തിക്കുന്ന സിനിമ ചെയ്യുന്നതാവില്ല ഇവരില്‍ പലരും. ഈ സീനിലൊരു സ്ത്രീവിരുദ്ധത കുത്തിക്കയറ്റിയേക്കാം എന്ന് തീരുമാനിച്ച് താരമോ സംവിധായകനോ ബോധപൂര്‍വ്വം ചെയ്യുമെന്ന് കരുതുന്നുമില്ല. അത്തരമൊരു രംഗമുണ്ടാക്കുന്ന സോഷ്യല്‍ ഇംപാക്ട് മനസിലാക്കാത്തത് കൊണ്ടാവും.

നമ്മുടെ സിനിമാ മേഖലയുടെ കാര്യമെടുത്താല്‍ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ മൗനത്തിന്റെ നയതന്ത്രമാണ് കൂടുതല്‍ പേരും സ്വീകരിക്കുന്നത്. ആമിര്‍ ഖാനെതിരെയും ഷാരൂഖിനെതിരെയും ഫാസിസ്റ്റ് വെല്ലുവിളി ഉയര്‍ന്നപ്പോഴും, കേരളത്തില്‍ കമലിനോട് പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് വര്‍ഗീയ ആഹ്വാനം മുഴക്കിയപ്പോഴും മലയാള സിനിമാ ലോകത്ത് നിന്ന് വേണ്ടത്ര പിന്തുണയില്ലായിരുന്നു. ഭയമാണോ പലരെയും പിന്തിരിപ്പിക്കുന്നത്?

ഭയം ഒരു കാരണമായിരിക്കാം. എന്നോട് തന്നെ പലരും പറഞ്ഞിട്ടുണ്ട്, എന്റെ കാര്യത്തില്‍ തന്നെ വലിയ ആശങ്കയോടെ. നിന്റെയടുത്ത് പറഞ്ഞതല്ലേ, ഇങ്ങനെയൊക്കെ പ്രതികരിക്കണമായിരുന്നോ,സിനിമ വരുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കാണുന്നില്ലേ എന്നൊക്കെ. അവിടെ എനിക്ക്് ചെയ്യാനാകുന്നത് മായാനദി വിജയിപ്പിച്ച് കാണിച്ചുകൊടുക്കുക എന്നതായിരുന്നു.
നോക്കൂ, അസഹിഷ്ണുതയോടെ പ്രതികരിക്കുന്ന ഈ ചെറുവിഭാഗത്തിന് മറുപുറത്ത് ഉയര്‍ന്ന രാഷ്ട്രീയ-സാംസ്‌കാരിക ബോധ്യമുള്ള വലിയൊരു സമൂഹമുണ്ട്. അവരെ കണക്കിലെടുത്താല്‍ പിന്നെ ഭയക്കേണ്ടതില്ലെന്ന് പറയാനായി. എന്റെ മേഖലയിള്ളവരെ അങ്ങനെ ധൈര്യപ്പെടുത്തണമായിരുന്നു. ഏത് വിഷയത്തിലും നിലപാടുയര്‍ത്തി കൂടെ നില്‍ക്കാവുന്നവര്‍ നമ്മുക്ക് ചുറ്റുമുണ്ട്. അത് സോഷ്യല്‍ മീഡിയയില്‍ ആണെങ്കിലും കാമ്പസിലാണെങ്കിലും. ആരൊക്കെ ബഹിഷ്‌കരണ ആഹ്വാനം മുഴക്കിയാലും ഇവിടെ ആള്‍ക്കാര് പടം കാണുമെന്ന് അവരോട് ബോധ്യപ്പെടുത്തണമായിരുന്നു. നമ്മള്‍ എല്ലായിടത്തും ഡാര്‍ക്ക് മാത്രം കാണാതിരുന്നാല്‍ മതി.

പിന്നെ കമല്‍ സാറിന്റെ കാര്യമെടുത്താല്‍, ചലച്ചിത്രമേഖല അങ്ങനെ ഒരു കാര്യത്തില്‍ ഒന്നിച്ച് നില്‍ക്കുന്നത് നിങ്ങള്‍ക്ക് കാണണമെങ്കില്‍ അമ്മയുടെ എന്തെങ്കില്‍ പരിപാടി നടക്കേണ്ടി വരും. അല്ലാത്ത സമയം അവരെല്ലാം മറ്റ് പല കാര്യങ്ങളിലായിരിക്കും. പൊതുകാര്യങ്ങളില്‍ അഞ്ച് പൈസയുടെ പോലും ഇടപെടല്‍ നടത്താത്ത ആളുകളാണ് കൂടുതല്‍ പേരും. കുറേ കാലമായി ഇന്‍ഡസ്ട്രി അങ്ങനെയാണ്. അതല്ലാതെ ഇടയ്‌ക്കെങ്കില്‍ പൊതുകാര്യങ്ങളില്‍ ബ്ലോഗ് എഴുതി പ്രതികരിക്കാറുള്ളത് ലാലേട്ടനാണ്. എപ്പോഴെങ്കിലും ബ്ലോഗെഴുതി ഏതെങ്കിലും തരത്തിലൊരു ഇടപെടല്‍. അതും വല്ലപ്പോഴുമാണ്. അതോടൊപ്പം തന്നെ നിലപാട് പരസ്യപ്പെടുത്താതിരിക്കാനും ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ടല്ലോ.

മാനസികമായി കൂടുതല്‍ അടുപ്പമുള്ള പുതിയ തലമുറയിലെ ആളുകളോട് സംസാരിക്കുമ്പോള്‍ അവര്‍ക്കൊക്കെ ഓരോ കാര്യത്തിലും വ്യക്തമായ നിലപാടുകളുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഫഹദായാലും ദുല്‍ഖറായാലും ടൊവിനോയായാലും അവരെല്ലാം വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ നിലപാടുള്ളവരാണെന്ന് മനസിലായിട്ടുണ്ട്. പേഴ്‌സണലി ഇവരെല്ലാം നല്ല ആള്‍ക്കാരുമാണ്. പുതിയ പെണ്‍കുട്ടികളും സ്വന്തമായി നിലപാടുള്ളവരാണ്. ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഇവര്‍ അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറയുമെന്ന് തന്നെയാണ് തോന്നുന്നത്. പിന്നെ, അവരാരും ഒരു സിനിമയില്‍ സ്ത്രീവിരുദ്ധ സംഭാഷണം മനസാക്ഷിക്കുത്തില്ലാതെ പറയുമെന്നും എനിക്ക് തോന്നുന്നില്ല. അത് സമൂഹത്തിലുണ്ടായ നവീകരണത്തിന്റെ കൂടി പ്രതിഫലനമാണ്.

മായാനദിക്കെതിരെയും സംഘടിത ആക്രമണങ്ങളുണ്ടായിരുന്നില്ലേ? അത് ആശങ്കയുണ്ടാക്കിയിരുന്നോ? സാമൂഹ്യ മാധ്യമങ്ങളിലൊക്കെ ബഹിഷ്‌കരണത്തിന് പരസ്യ ആഹ്വാനങ്ങളുമുണ്ടായി? സാമൂഹ്യമാധ്യമങ്ങളില്‍ വിവിധ വിഷയങ്ങളിലുള്ള തുറന്ന ഇടപെടല്‍ എതിര്‍പ്പുള്ള വലിയൊരു ചേരിയെ കൂടി സൃഷ്ടിക്കുന്നുണ്ടെന്ന് തോന്നിയിരുന്നോ?

മായാനദി എന്ന സിനിമയുമായി ഞാന്‍ വരുമ്പോള്‍ ആ സിനിമയ്‌ക്കെതിരെ ഉണ്ടാകാനിരിക്കുന്ന എതിര്‍പ്പുകള്‍ കൂടി മുന്‍കൂട്ടി കാണാനാകുന്നത് ഞാന്‍ എന്നെ സാമൂഹികജീവിയായി നിലനിര്‍ത്തുന്നതിനാലാണ്. പിന്നെ കേരളം പോലൊരു സ്ഥലത്ത് ഒരു ക്രിയേറ്റീവ് പ്രൊഡക്ടിനെ സംഘടിതമായി ഇല്ലാതാക്കാനാകുമെന്ന് വിശ്വസിക്കുന്നില്ല. രാഷ്ട്രീയ ജാഗ്രതയോടെയിരിക്കുക എന്നത് നമ്മള്‍ ജീവിച്ചിരിക്കുന്ന കാലഘട്ടവും ആവശ്യപ്പെടുന്നുണ്ട്. അതേ സമയം തന്നെ എന്റെ നിലപാടുകള്‍ ഒരിക്കലും ആ സിനിമയെ ഉപദ്രവിക്കരുതെന്ന നിര്‍ബന്ധവുമുണ്ട്. മായാനദി എന്റെ മാത്രം സിനിമയല്ല. ഒരു പാട് പേരുടെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയാണ്. ആ സിനിമയെ പരുക്കേല്‍പ്പിക്കാം എന്ന് തീരുമാനിച്ച് കുറേ പേര് പുറത്തുണ്ടാകും. അങ്ങനെ പരുക്കേല്‍ക്കരുത് എന്ന് തീരുമാനിച്ചാണ് നമ്മള്‍ എത്തുന്നത്. ഞാന്‍ പറയുന്ന കാര്യത്തില്‍ വിയോജിപ്പുള്ളവര്‍ അതിനെ നേരിടാന്‍ ആദ്യം ചെയ്യുന്നത് എന്റെ ഫേസ്ബുക്ക് പേജില്‍ തെറി വിളിക്കുകയായിരിക്കും. അതല്ലെങ്കില്‍ ഞാന്‍ ചെയ്ത സിനിമ വരുമ്പോള്‍ അത് കാണേണ്ട എന്ന് തീരുമാനമെടുക്കുക, അല്ലെങ്കില്‍ ആ സിനിമ കാണാന്‍ പോകുന്നവരെ പിന്തിരിപ്പിക്കുക. അല്ലെങ്കില്‍ എന്റെ സിനിമയ്‌ക്കെതിരെ പ്രചരണം നടത്തുക. സ്വാഭാവികമായും ഇതൊക്കെ നമ്മള്‍ പ്രതീക്ഷിക്കണം. ഞാനുമായി രാഷ്ട്രീയ വിയോജിപ്പുള്ളവര്‍ ഈ വിധത്തിലും പ്രതികരിക്കുമെന്ന ബോധ്യത്തോട് തന്നെയാണ് നിലപാടുകള്‍ വ്യക്തമാക്കുന്നത്. ഇത് ഒരു വിഭാഗം ആളുകളുടെ മാത്രം പ്രശ്‌നമാണ്. അതിനപ്പുറം കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക ബോധ്യമുള്ള വലിയൊരു വിഭാഗം മനുഷ്യരുണ്ട്. മുമ്പ് ഞാന്‍ സൂചിപ്പിച്ചത് പോലെ അത് വലിയ ശതമാനം ആളുകളുമാണ്. ഇവിടെ നമ്മുക്ക് ധൈര്യപ്പെടാന്‍ സാംസ്‌കാരിക കേരളം എന്നൊരു സ്‌പേസ് ഉണ്ട്. അവിടെ സ്വന്തം നിലപാടുകള്‍ ആര്‍ജ്ജവത്തോടെ പറയുകയും ജനാധിപത്യപരമായി ഇടപെടുകയും ചെയ്യുന്ന വലിയൊരു വിഭാഗമുള്ളപ്പോള്‍ നമ്മള്‍ നിശബ്ദതയിലേക്ക് ഉള്‍വലിയേണ്ടതില്ലല്ലോ. ഇപ്പോള്‍ തന്നെ നമ്മള്‍ സംസാരിക്കുന്ന ഘട്ടത്തില്‍ സുപ്രീം കോടതിയിലെ നിലവിലെ സംവിധാനത്തെ വിമര്‍ശിച്ചുകൊണ്ട് നാല് ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. അത്രമാത്രം രാഷ്ട്രീയ ജാഗ്രത പുലര്‍ത്തേണ്ട കാലത്ത് സിനിമ പോലൊരു പോപ്പുലര്‍ മീഡിയത്തെ പ്രതിനിധീകരിക്കുന്ന ആളെന്ന നിലയില്‍ ഡിപ്ലോമസിയുടെ പേരില്‍ ഉള്‍വലിയുന്നതില്‍ വലിയ കുഴപ്പമുണ്ടെന്നാണ് തോന്നുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൊക്കെ എത്രയോ പേര്‍ നിര്‍ഭയം അവരുടെ നിലപാട് വ്യക്തമാക്കുന്നു. നിങ്ങളൊരു സിനിമാ സംവിധായകനാണ് അതുകൊണ്ട് പൊതുവിഷയങ്ങള്‍ പ്രതികരിക്കുകയോ ഇടപെടുകയോ ചെയ്യരുതെന്ന് പറയുന്നതില്‍ തന്നെ കുഴപ്പമില്ലേ.

സിനിമയ്ക്ക് പുറത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായ ആളെന്ന നിലയില്‍ കുറേക്കൂടി സാമൂഹ്യ പക്വത സാമൂഹിക മാധ്യമങ്ങള്‍ കൈവരിക്കേണ്ടിയിരിക്കുന്നുവെന്ന് തോന്നിയിട്ടുണ്ടോ, ഹേറ്റ് കാമ്പയിനും സൈബര്‍ ബുള്ളിയിംഗുമൊക്കെ കാര്യമായി തുടരുന്ന സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍?

കുറച്ച് സമയം കൂടി നമ്മള്‍ കാത്തിരിക്കേണ്ടി വരും. അപ്പോഴും സോഷ്യല്‍ മീഡിയയില്‍ വളരെ പോസിറ്റിവായ മറ്റേതൊരു മീഡിയക്കും സാധ്യമാകാത്ത വിധത്തില്‍ ഒരു പാട് നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ മറുപുറമാണ് സൈബര്‍ ബുള്ളിയിംഗ് പോലുള്ള കാര്യങ്ങള്‍. മറ്റൊരു രാജ്യത്തെ സെലിബ്രിറ്റികളെയോ കായികതാരങ്ങളെയോ ഏതെങ്കിലും വിഷയത്തില്‍ സൈബര്‍ ആക്രമണത്തിന് ഇരയാക്കുമ്പോഴും മറ്റൊരു രാജ്യത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെടുമ്പോഴാണ് അതിനെ ഒറ്റക്കെട്ടായി ആഘോഷിക്കുന്നതും നമ്മള്‍ കാണുന്നുണ്ട്. ഹേറ്റ് കാമ്പയിന്‍ നടത്തുകയും അതിനൊരു സേനാ രൂപീകരണവും ആഘോഷമായി സമാന്തരമായി നടക്കുന്നുണ്ട്. അതിന് അവസാനമാകുമ്പോള്‍ കൂടിയാണ് കാര്യങ്ങള്‍ കുറേക്കൂടി സുഗമമാവുക.

രണ്ടാമത്തെ ചിത്രമായ സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ നിര്‍മ്മാതാവില്‍ നിന്നും വിതരണക്കാരനില്‍ നിന്നും മോശം അനുഭവം നേരിട്ടയാളാണ്. ആഷിക് ഇപ്പോള്‍ നിര്‍മ്മാതാവും വിതരണക്കാരനുമാണ്. കേരളത്തില്‍ നിലവിലെ ചലച്ചിത്ര നിര്‍മ്മാണ വിതരണ മേഖലയുടെ അവസ്ഥയെന്താണ്?

ഞാന്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ചെയ്തതിനേക്കാള്‍ അനുകൂലമായ അന്തരീക്ഷമാണ് സിനിമയുടെ നിര്‍മ്മാണത്തിലും വിതരണത്തിലുമൊക്കെ ഇപ്പോള്‍ നിലനില്‍ക്കുന്നത്. നിര്‍മ്മാണത്തിലും വിതരണത്തിലും തിയറ്ററുകളുടെ കാര്യത്തിലുമൊക്കെ തലമുറമാറ്റം സംഭവിച്ചു. ഉദാഹരണത്തിന് തിരുവനന്തപുരത്ത് ശ്രീവിശാഖിലൊക്കെ വൈശാഖ് എന്ന ചെറുപ്പക്കാരനാണ് അവരുടെ വിവിധ തിയറ്ററുകളുടെ ചുമതല. നല്ല പ്രദര്‍ശന സൗകര്യമുള്ള തിയറ്ററുകളാണെങ്കില്‍ അവിടെ സിനിമ കൊടുക്കാനുള്ള സാഹചര്യമുണ്ട്.

സിനിമാ സമരത്തോട് സഹകരിച്ചെന്ന പേരില്‍ അന്‍വര്‍ റഷീദും അമല്‍നീരദും നിര്‍മ്മാതാക്കളില്‍ നിന്ന് വിലക്ക് നേരിട്ടത് സമീപകാലത്താണ്?

അതൊക്കെ താല്‍ക്കാലികമായിരുന്നു. അല്ലെങ്കില്‍ കേരളം പോലൊരു സ്ഥലത്ത് ഇനി ഒരാളെ വിലക്കേര്‍പ്പെടുത്തി ഒതുക്കാനൊന്നുമാകില്ല. നിന്നെ ബാന്‍ ചെയ്യുമെന്ന് പറഞ്ഞാല്‍ അത് എങ്ങനെ നടപ്പാക്കാനാകും എന്നാണ് ഇവര്‍ കരുതുന്നത്. അത് ഇനി നടപ്പില്ല. ഇതുവരെ നടന്നു, ഇനിയത് നടക്കാന്‍ പോകുന്നില്ല. മുന്‍പ് എപ്പോഴെങ്കില്‍ സിനിമ എടുത്തിട്ടുള്ള ഇപ്പോള്‍ സിനിമയുമായി ബന്ധമില്ലാത്തവരാണ് സംഘടനാ ഭാരവാഹികളിലൊക്കെ നല്ലൊരു ശതമാനം. ഏത് സംഘടനയെടുത്താലും ഇങ്ങനെയാണ്. സംഘടനാ പ്രവര്‍ത്തനത്തിന് സമയം വേണമല്ലോ. സിനിമയില്‍ സജീവമല്ലാത്തവരാണ്. ഈഗോ ക്ലാഷുകളുടെ പേരിലും വ്യക്തിവിരോധത്തിന്റെ പേരിലുമാണ് പലപ്പോഴും വിലക്കും നിരോധനവുമൊക്കെ ഉണ്ടാക്കുന്നത്. യൂണിയന്റെ കാര്‍ഡ് എടുത്തില്ലെങ്കില്‍ സിനിമ ചെയ്യാനാകില്ല എന്നത് പോലുള്ള ഭീഷണികള്‍ ഇപ്പോള്‍ നടപ്പാകില്ല. അതേ സമയം സംഘടന ആവശ്യമാണ്. മലയാളത്തില്‍ തൊഴിലാളി സംഘടന വന്നപ്പോള്‍ അതിനെ പൊളിക്കാനാണ് പലരും ശ്രമിച്ചത്. സിനിമയിലെ അടിസ്ഥാന വര്‍ഗ്ഗം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഡ്രൈവര്‍മാരും യൂണിറ്റംഗങ്ങളും അടക്കം. ഞാന്‍ സിനിമയില്‍ പ്രാഥമികമായും തൊഴിലാളികളായി കാണുന്നത് പ്രൊഡക്ഷന്‍ ബോയ്‌സും, ഡ്രൈവറും, പാത്രം കഴുകുന്നവരും ഉള്‍പ്പെടുന്നവരെയാണ്. അവരാണ് നിരന്തരം പറ്റിക്കപ്പെടുന്നത്. അവരെയാണ് ഹോട്ടല്‍ റൂമിലൊക്കെ അടച്ചിടുന്നത്. നിലവിലെ സംഘടനാ സംവിധാനത്തില്‍ അവര്‍ക്ക് പരിഗണന കിട്ടുന്നുണ്ട്. അവരുടെ കാര്യങ്ങള്‍ സംഘടനാ സംവിധാനത്തില്‍ മെച്ചപ്പെട്ടിട്ടുണ്ട്.

ചലച്ചിത്രമേഖലയില്‍ ഒരു വനിതാ കൂട്ടായ്മയുണ്ടായപ്പോള്‍ ഇന്‍ഡസ്ട്രി അതിനെ വരവേല്‍ക്കുന്നതിന് പകരം സംശയദൃഷ്ടിയോടെ നേരിടുകയാണ് ഉണ്ടായത്, എന്തായിരിക്കാം വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ അസഹിഷ്ണുതയോടെ സമീപിക്കാനുള്ള കാരണം?

വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്താണ് പറയുന്നതെന്നും അത് എന്താണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ആരും ചോദിക്കുന്നുമില്ല. അവര്‍ പറയുന്നത് കേള്‍ക്കുന്നുമില്ല. വിഷയത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് സംഘടനയെ പലരും എതിര്‍ക്കുന്നത്. എന്താണ് അവരുടെ പ്രശ്‌നമെന്ന് നേരത്തെ മനസിലാക്കാതിരുന്നത് കൊണ്ട് കൂടിയാണല്ലോ ഇങ്ങനെയൊരു സംഘടന വരേണ്ടി വന്നത്. പെട്ടെന്ന് തന്നെ കുറേ ഫെമിനിസ്റ്റുകള്‍ സംഘടിച്ചതാണെന്ന് രീതിയില്‍ നെഗറ്റീവായി കാണുന്നു. സ്ത്രീപക്ഷ സംഘടന എന്നാല്‍ അതിനെ പുരുഷ വിരുദ്ധ സംഘടന എന്ന് ട്രാന്‍സ്ലേറ്റ് ചെയ്യുകയാണ്.

സിനിമയിലേക്ക് വന്നപ്പോഴും രാഷ്ട്രീയം ഉപേക്ഷിച്ചില്ലെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ സിനിമകളെന്ന പേരില്‍ മലയാളത്തില്‍ വരുന്നതിലേറെയും രാഷ്ട്രീയ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളുമൊക്കെ വാണിജ്യതന്ത്രമാക്കി ഉപയോഗിച്ചുള്ള അരാഷ്ട്രീയ സൃഷ്ടികളാണ്. രാഷ്ട്രീയം പ്രമേയമായ പീരിഡ് സിനിമ ചെയ്യണമെന്ന ആഗ്രഹം ആഷിക് നേരത്തെ പറഞ്ഞിട്ടുമുണ്ട്. അങ്ങനെയൊരു സിനിമ എപ്പോഴാണ് സംഭവിക്കുക?

നമ്മള്‍ ജീവിക്കുന്ന കാലത്തിന്റെ രാഷ്ട്രീയം ഉറക്കെ പറയുന്ന സിനിമകള്‍ ഉണ്ടാകണമെന്ന് തന്നെയാണ് ആഗ്രഹം. അതൊക്കെയാണല്ലോ ചെറുത്തുനില്‍പ്പിനുള്ള വഴി. നമ്മുടെ സിനിമയില്‍ മുഖ്യധാരാ രാഷ്ട്രീയത്തെ എപ്പോഴും പരിഹാസ ചിഹ്നങ്ങളിലൂടെ അവതരിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷേപ ഹാസ്യമെന്നൊക്കെ പറഞ്ഞ് രാഷ്ട്രീയക്കാരെ നിരന്തരം പരിഹസിക്കുന്നു. സമൂഹത്തിന്റെ മറുപുറത്ത് നില്‍ക്കുന്ന ഏതോ വിഭാഗമെന്ന നിലയിലാണ് സിനിമ പലപ്പോഴും രാഷ്ട്രീയക്കാരെയൊക്കെ കൈകാര്യം ചെയ്തിരുന്നത്. അത് ചേരുവയുടെ ആവശ്യമെന്നതിന്‍മേല്‍ ന്യായീകരിക്കുന്നുണ്ടാകാം. രാഷ്ട്രീയ ചിത്രം എന്ന പ്ലാന്‍ ഉണ്ട്. ഒരു പാട് സിനിമകള്‍ രാഷ്ട്രീയ സിനിമകള്‍ എന്ന ടാഗില്‍ വന്ന് പോയിട്ടുണ്ട്. അവ എത്രത്തോളം പൊളിറ്റിക്കലാണെന്നത് വേറെ കാര്യം. ഇനി ഒരു സിനിമ രാഷ്ട്രീയം പ്രമേയമാക്കുമ്പോള്‍ അത് ഒരു പാട് റഡാറുകളിലൂടെ കടന്നുപോകും. അതിനൊരു സോഷ്യല്‍ ഓഡിറ്റിംഗ് ഉണ്ടാകും. അത്രമാത്രം സൂക്ഷ്മതയോടെയും റിസര്‍ച്ചോടെയാവണം സിനിമ. പെട്ടെന്നൊരു രാഷ്ട്രീയ ചിത്രമൊരുക്കാം എന്ന് തീരുമാനിച്ച് ചെയ്യാനാകില്ല. നല്ല തയ്യാറെടുപ്പ് വേണം. കൂടുതല്‍ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യമാണ് ചുറ്റുമുള്ളത്. അങ്ങനെയൊരു സിനിമ ചെയ്യുമെന്ന് തന്നെയാണ് കരുതുന്നത്.

മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച അഭിമുഖം