സിനിമാ അവാര്‍ഡുകളുടെ പതിവ് നിര്‍ണയ രീതികളെയും പ്രഖ്യാപനങ്ങളെയും അപ്രസക്തമാക്കി സോഷ്യല്‍ മീഡിയയിലെ ചലച്ചിത്രകൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബ് സിനി അവാര്‍ഡ് വിതരണം ചെയ്തു. 2017ല്‍ കമ്മട്ടിപ്പാടം എന്ന സിനിമയിലെ പ്രകടനത്തിന് വിനായകന് മികച്ച നടനുള്ള പുരസ്‌കാരം സമ്മാനിച്ച് കൊണ്ട് താരനിശാ സ്വഭാവമുള്ള അവാര്‍ഡ് നിര്‍ണയ രീതിയെ പൊളിച്ചെഴുതിയ ഫേസ്ബുക്ക് കൂട്ടായ്മയുമാണ് സിപിസി. ലോക സിനിമയ്ക്ക് മുന്നില്‍ മലയാളത്തിന് എക്കാലവും ഉയര്‍ത്തിക്കാട്ടാനാകുന്ന സംവിധായകരില്‍ ഒന്നാം നിരയിലുള്ള കെ ജി ജോര്‍ജ്ജിന് കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന നടന്ന ചടങ്ങില്‍ സിപിസി സ്‌പെഷ്യല്‍ ഹോണററി അവാര്‍ഡ് സമ്മാനിച്ചു.

രണ്ട് തലമുറയിലെ സംവിധായകരും ചലച്ചിത്ര പ്രതിഭകളും ചേര്‍ന്നാണ് പുരസ്‌കാരം കെ ജി ജോര്‍ജ്ജിന് സമ്മാനിച്ചത്. മുതിര്‍ന്ന സംവിധായകരായ കമല്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട്, പുതുതലമുറയില്‍ നിന്നുള്ള ലിജോ പെല്ലിശേരി, ദിലീഷ് പോത്തന്‍, മിഥുന്‍ മാനുവല്‍ തോമസ്, ശ്രീബാല കെ മേനോന്‍, ബേസില്‍ ജോസഫ്, സുനില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചേര്‍ന്നാണ് പൊന്നാടയണിയിച്ച് കെ ജി ജോര്‍ജ്ജിന് പുരസ്‌കാരം സമര്‍പ്പിച്ചത്. വൈകാരികമായ നന്ദി പ്രകടനത്തിനൊപ്പമാണ് കെ ജി ജോര്‍ജ്ജ് പുരസ്‌കാരം സ്വീകരിച്ചത്.

അഞ്ച് വര്‍ഷത്തിലേറെയായി സാമൂഹ്യ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ സിനിമാ സംവാദ വേദിയായ സിനിമാ പാരഡീസോ ക്ലബ്ബ് ഇത് രണ്ടാം തവണയാണ് പുരസ്‌കാര വിതരണം നടത്തുന്നത്. ഒരു ലക്ഷത്തോളം അംഗങ്ങളുള്ള ഫേസ് ബുക്ക് ഗ്രൂപ്പില്‍ നിന്നും പൊതുപങ്കാളിത്തമുള്ള വോട്ടിംഗിലൂടെയും, ജൂറിയുടെ നിര്‍ണയം വഴിയുമാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്.

ഒരു ലക്ഷത്തോളം പേരാണ് സിനിമാ പാരഡീസോ വെബ്‌സൈറ്റിലൂടെയുള്ള വോട്ടിംഗില്‍ പങ്കാളികളായത്. മികച്ച നടനുള്ള പുരസ്‌കാരം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് ഫഹദ് ഫാസിലും അഭിനേത്രിക്കുള്ള അവാര്‍ഡ് പാര്‍വതിക്കും സമ്മാനിച്ചു. വിദേശത്ത് ചിത്രീകരണത്തിനായതിനാല്‍ വീഡിയോ സന്ദേശത്തിലൂടെ പാര്‍വതി പുരസ്‌കാരം സ്വീകരിക്കുന്നതായി അറിയിച്ചു.

ഒരു അവാര്‍ഡും ഇല്ലാത്ത എന്റെ വീട്ടില്‍ സിപിസി പുരസ്‌കാരം എല്ലാവരും കാണുന്ന രീതിയില്‍ വയ്ക്കുമെന്ന് ഫഹദ് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സത്യസന്ധമായ പുരസ്‌കാരമാണ് ഇതെന്ന് ലിജോ ജോസ് പെല്ലിശേരി അഭിപ്രായപ്പെട്ടു. സത്യന്‍ അന്തിക്കാടില്‍ നിന്നാണ് ഫഹദ് പുരസ്‌കാരം സ്വീകരിച്ചത്. അങ്കമാലീസ് ഡയറീസ് ഒരുക്കിയ ലിജോ ജോസ് പെല്ലിശേരിയാണ് സംവിധായകന്‍. സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തന്‍ സമ്മാനിച്ചു. തിരക്കഥാ രചനയ്ക്ക് സജീവ് പാഴൂരിനും സംഭാഷണ രചനയ്ക്ക് ശ്യാം പുഷ്‌കരനും സിബി മലയില്‍ അവാര്‍ഡ് സമ്മാനിച്ചു. രാജീവ് രവിയും, ഗിരീഷ് ഗംഗാധരനുമാണ് മികച്ച ഛായാഗ്രാഹകരായി തെരഞ്ഞെടുക്കപ്പെട്ടത്.

സംഗീത സംവിധാനത്തിന് മായാനദി, പറവ എന്നീ സിനിമകളിലൂടെ റെക്‌സ് വിജയന് ഐശ്വര്യ ലക്ഷ്മി പുരസ്‌കാരം നല്‍കി. സ്വഭാവ നടനുള്ള പുരസ്‌കാരം നടന്‍ അജു വര്‍ഗ്ഗീസില്‍ നിന്ന് അലന്‍സിയര്‍ ലേ ലോപ്പസ് ഏറ്റുവാങ്ങി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ സംഭാഷണ രചനയ്ക്കുള്ള പുരസ്‌കാരം സംവിധായകന്‍ കമലില്‍ നിന്ന് ശ്യാം പുഷ്‌കരന്‍ സ്വീകരിച്ചു.
വിനായകനെ മികച്ച നടനായി തെരഞ്ഞെടുത്തതിലൂടെ സിനിമാ പാരഡീസോ ക്ലബ്ബ് വിപ്ലവത്തിനാണ് കഴിഞ്ഞ വര്‍ഷം തുടക്കമിട്ടതെന്ന് കമല്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് വരുന്ന എല്ലാ അവാര്‍ഡുകള്‍ക്കും മാതൃകയും പ്രചോദനവുമാകും ഈ പുരസ്‌കാരമെന്നും കമല്‍.

മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്കുള്ള അവാര്‍ഡ് സിനിമാ പാരഡീസോ ക്ലബ്ബ് പ്രതിനിധിയും, ചലച്ചിത്ര സംവിധായകനുമായ മിഥുന്‍ മാനുവല്‍ തോമസും സിപിസി പുരസ്‌കാര നിര്‍ണയ ജൂറിയെ പ്രതിനിധീകരിച്ച് മനീഷ് നാരായണനും ചേര്‍ന്ന് സമ്മാനിച്ചു. നിര്‍മ്മാതാവ് സന്ദീപ് സേനന്‍, സംവിധായകന്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍, അലന്‍സിയര്‍, ഉണ്ണിമായാ പ്രസാദ്, കോ ഡയറക്ടര്‍ റോയ് ഉള്‍പ്പെടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ ചിത്രസംയോജകന്‍ കിരണ്‍ ദാസ് സംവിധായകന്‍ ബേസില്‍ ജോസഫില്‍ നിന്ന് സ്വീകരിച്ചു. രക്ഷാധികാരി ബൈജുവിലെ പ്രകടനത്തിന് കൃഷ്ണാ പദ്മകുമാറിന് ശ്രീബാലാ കെ മേനോന്‍ അവാര്‍ഡ് സമ്മാനിച്ചു.

നസ്രിയ,ആന്റണി വര്‍ഗ്ഗീസ്, ബിജി ബാല്‍, അജു വര്‍ഗ്ഗീസ്, രജിഷാ വിജയന്‍, ടിറ്റോ വില്‍സണ്‍, ഗോവിന്ദ് മേനോന്‍ തുടങ്ങിവയരും പുരസ്‌കാര ദാന ചടങ്ങിനെത്തി. ആയിരത്തോളം അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര വിതരണം. കെ ജി ജോര്‍ജ്ജിന്റെയും ജീവിതത്തെയും ചലച്ചിത്ര സപര്യയെയും ആധാരമാക്കി ലിജിന്‍ ജോസ് സംവിധാനം ചെയ്ത
എയ്റ്റ് ആന്‍ഡ് ഹാഫ് ഇന്റര്‍കട്ട് എന്ന ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

സി.പി.സി അവാര്‍ഡുകള്‍

മികച്ച ചിത്രം : തൊണ്ടിമുതലും ദൃക്‌സാക്ഷിയും

മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി(അങ്കമാലി ഡയറീസ്)

മികച്ച നടന്‍: ഫഹദ് ഫാസില്‍ ( തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച നടി : പാര്‍വതി ടി കെ (ടേക്ക് ഓഫ് )

മികച്ച സ്വഭാവ നടന്‍ : അലന്‍സിയര്‍ ലേ ലോപസ് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച സ്വഭാവ നടി : കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്)

മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (അങ്കമാലി ഡയറീസ്) &
രാജീവ് രവി (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച തിരക്കഥ : സജീവ് പാഴൂര്‍ സംഭാഷണം: ശ്യാം പുഷ്‌ക്കരന്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച സംഗീത സംവിധായകന്‍ : റെക്‌സ് വിജയന്‍ (മായാനദി, പറവ )

മികച്ച എഡിറ്റര്‍ :കിരണ്‍ ദാസ് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

കെ ജി ജോര്‍ജ്ജിനുള്ള പുരസ്‌കാര സമര്‍പ്പണം

CPC CINE AWARDS – SPECIAL HONORARY AWARD 2017
__________________________________കെ ജി ജോര്‍ജ്ജ്

കലാസൃഷ്ടികള്‍ കാലാതീതമാകുകയെന്നത് അപൂര്‍വതയാണ്. ആ അപൂര്‍വതയെ ആവിഷ്‌കാരതീവ്രയാല്‍ അര്‍ത്ഥവല്‍ക്കരിച്ച പ്രതിഭയാണ് കെ ജി ജോര്‍ജ്ജ്. സിനിമ എന്ന മാധ്യമത്തിന്റെ സാര്‍വദേശീയതയെ ഉള്‍ക്കൊണ്ട് മലയാളിക്ക് ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാനാകുന്ന ചലച്ചിത്രപ്രതിഭകളിലെ ഒന്നാംപേരുകാരന്‍.

പതിവുകളെയും, പരിധിവൃത്തങ്ങളെയും ലംഘിച്ച് നമ്മുടെ സിനിമയില്‍ നടക്കുന്ന ഓരോ പരീക്ഷണങ്ങള്‍ക്കും ധൈര്യമായും, മാതൃകയായും നില്‍ക്കുന്ന സമാന്തരപാത കൂടിയാണ് കെ ജി ജോര്‍ജ്ജിന്റെ ചലച്ചിത്രസപര്യ. ചലച്ചിത്രമേഖലയില്‍ സജീവമായിരുന്ന രണ്ടരപ്പതിറ്റാണ്ടിനിടെ 19 സിനിമകള്‍. സിനിമകളുടെ എണ്ണപ്പെരുക്കത്തില്‍ അല്ല, ക്ലാസിക്കുകള്‍ക്കൊപ്പം എണ്ണപ്പെടാനാകുന്ന സൃഷ്ടികളിലൂടെയാണ് കെ ജി ജോര്‍ജ്ജിന്റെ സിനിമാ പ്രപഞ്ചമൊരു പാഠപുസ്തകമാകുന്നത്. ഇതുവരെയുള്ള ഇന്ത്യന്‍ സിനിമകളില്‍ നിന്ന് മികച്ച പത്തെടുത്താല്‍ ഈ പത്തൊന്‍പതില്‍ നിന്ന് ഒന്നില്‍കൂടുതലെടുക്കാനാകും.

ആറ് പതിറ്റാണ്ട് പിന്നിടുന്ന മലയാള സിനിമയുടെ സംഭാവനകളെ മികവിനൊപ്പം തുലനം ചെയ്യുമ്പോള്‍ അവിടെയും ആദ്യനിരയില്‍ ഇടംപിടിക്കുന്ന സിനിമകള്‍ക്കൊപ്പം ആവര്‍ത്തിക്കുന്നത് പേരായിരിക്കും കെ ജി ജോര്‍ജ്ജ്. കഥയുടെ കേവല വിവരണമെന്നതിനപ്പുറം ദൃശ്യവ്യാകരണത്തിന്റെ
സർവ്വസാധ്യതകളിലുമൂന്നിയുള്ള അവതരണമായിരുന്നു പ്രധാന സിനിമകളെല്ലാം. സാമൂഹികവും മനശാസാത്രപരവുമായ ഉള്‍ക്കാഴ്ചകളിലൂടെ മലയാളിയുടെ ആസ്വാദനത്തെ കൂടിയാണ് ഈ ചലച്ചിത്ര പ്രതിഭ പുതുക്കിയെടുത്തത്. അതുകൊണ്ട് തന്നെ കെ ജി ജോര്‍ജ്ജ് മലയാളിക്ക് ഏതെങ്കിലുമൊരു കാലഗണനയില്‍ പരിഗണിക്കാനാകുന്ന ചലച്ചിത്രകാരനല്ല, എല്ലാ കാലത്തേക്കുമുള്ള പ്രതിഭയാണ്.

അനുകരിക്കാതെയും, സ്വയം ആവര്‍ത്തിക്കാതെയും സാധ്യമാക്കിയ നവഭാവുകത്വത്തിലാണ് ക്രാഫ്റ്റ്മാനെന്നും സംവിധായകനെന്നും കേള്‍ക്കുമ്പോള്‍ മലയാളിക്ക് മുന്നിലെത്തുന്ന ആദ്യ പേരായി കെ ജി ജോര്‍ജ്ജ് മാറുന്നത്. നന്മയില്‍ വാര്‍ത്തെടുത്ത നായകബിംബങ്ങളെ, ഗ്രാമീണതയെന്നാല്‍ നിഷ്‌കളങ്കതയെന്ന് വിശ്വസിപ്പിച്ച നടപ്പുരീതികളെ, ആണധികാരമുറപ്പിക്കുന്ന ചലച്ചിത്ര പ്രസ്താവനകളെ തച്ചുടച്ചാണ് ഇരകളും യവനികയും ആദാമിന്റെ വാരിയെല്ലും കോലങ്ങളും സ്വപ്‌നാടനവും മലയാളിക്ക് മുന്നിലെത്തിയത്. കഥാപാത്ര സൃഷ്ടിയിലെ സൂക്ഷ്മതയും, കാഴ്ചയില്‍ പലവിധ മാനങ്ങളിലേക്ക് വിസ്തൃതമാകുന്ന രംഗസൃഷ്ടിയും, സാങ്കേതിക പരിചരണത്തിലെ കയ്യടക്കവുമൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഗൗരവ ചര്‍ച്ചാകുന്ന കാലത്ത് ഏറ്റവുമധികം വായനകള്‍ക്ക് വിധേയമാകേണ്ട സൃഷ്ടികളുമാണ് ഈ ചലച്ചിത്രകാരന്റേത്. പഞ്ചവടിപ്പാലത്തിന് മുകളിലൊരു രാഷ്ട്രീയ സാമൂഹിക ആക്ഷേപഹാസ്യചിത്രത്തെക്കുറിച്ച് മൂന്ന് പതിറ്റാണ്ടിനിപ്പുറം ആലോചിക്കാനായിട്ടില്ല മലയാളിക്ക്. രാഷ്ട്രീയ സിനിമയെടുത്താല്‍ ഇരകളും, സ്ത്രീപക്ഷസിനിമകളെടുത്താല്‍ ആദാമിന്റെ വാരിയെല്ലും, ക്രൈം ഡ്രാമകളിലേക്ക് വരുമ്പോള്‍ യവനികയും മറ്റേതിനേക്കാള്‍ തലപ്പൊക്കത്തിലുണ്ട്. അത്രയൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന ഈ കണ്ണി കൂടി, മറ്റൊരാള്‍ എന്നീ സിനിമകള്‍ കൂടി വായനകളിലൂടെ പുതുക്കപ്പെടുമ്പോള്‍ കഥനരീതിയിലെ സവിശേഷതയാല്‍ ചര്‍ച്ചയാകുമ്പോള്‍ കെ ജി ജോര്‍ജ്ജിനെ ബോധപൂര്‍വ്വം വിസ്മരിച്ച സംസ്ഥാന-ദേശീയ പുരസ്‌കാര നിര്‍ണയം കൂടിയാണ് വരുംകാലങ്ങളില്‍ ചോദ്യം ചെയ്യപ്പെടുക. റിയലിസത്തിലൂന്നി എല്ലാത്തരം പ്രേക്ഷകരോടും വിനിമയം ചെയ്യപ്പെടുന്ന രീതിയില്‍ എല്ലാകാലത്തേക്കുമായി അദ്ദേഹമൊരുക്കിയ സിനിമകള്‍ക്ക് തന്നെയാണ് പുരസ്‌കാരപ്പെരുമഴകളെക്കാള്‍ മൂല്യം.

വേദനയുള്ള സത്യങ്ങള്‍ പറയുകയെന്നത് കലയുടെ ധര്‍മ്മമാണെന്ന് വിശ്വസിച്ച ചലച്ചിത്രകാരന്, അനുപമമായ കയ്യടക്കത്താല്‍ സിനിമയെന്ന മാധ്യമത്തില്‍ അത്ഭുതങ്ങള്‍ ആവര്‍ത്തിച്ച മാസ്റ്റര്‍ക്ക്, സിനിമാ പാരഡീസോ ക്ലബ്ബ് CPC CINE AWARDS 2017-ലെ സ്പെഷ്യൽ ഹോണററി പുരസ്‌കാരം സമര്‍പ്പിക്കുമ്പോള്‍ മൂല്യമുണ്ടാകുന്നതും അര്‍ത്ഥപൂര്‍ണമാകുന്നതും ഈ പുരസ്‌കാരം തന്നെയാണെന്നാണ് നമ്മൾ വിശ്വസിക്കുന്നു..