5/5

സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന സ്ഥലത്തേക്ക് രാത്രി പോകാനിറങ്ങുമ്പോള്‍ കെടിസി അബ്ദുള്ളയുടെ കഥാപാത്രം പിന്തിരിഞ്ഞ് നോക്കാതെ കട്ടിലിലുള്ള സാമുവേലിന് നേരെ കൈവീശുന്നുണ്ട്. വയ്യാത്ത കയ്യുയര്‍ത്തി സാമുവേലും അയാളെ യാത്രയാക്കുന്നു.തന്റെ വീട്ടില്‍ ഇടവും, സ്വീകാര്യതയും ലഭിച്ച സാമുവേലിനെ അയാള്‍ പരിചയപ്പെടുന്നത് അതിന് തൊട്ടുമുമ്പാണ്. ഹൃദയഭാഷയിലാണ് അവര്‍ പരസ്പരം മനസിലാക്കിയത്. സക്കറിയ എന്ന നവാഗത സംവിധായകന്റെ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ ഭാഷ ഹൃദയത്തിന്റേതാണ്. കേവലനന്മയുടെ കപടസങ്കീര്‍ത്തനങ്ങളിലേക്കല്ല, നമ്മുടെ സിനിമയും, പൊതുബോധവുമൊക്കെ പല കാലങ്ങളിലായി അപരത്വം നല്‍കി അപകട ചിഹ്നമിട്ട് കെട്ടിമറച്ചുവച്ച മാനവികതയുടെ കുറേ തുരുത്തുകളിലേക്കാണ് ഈ സിനിമ കൂടെ നടത്തുന്നത്. ഇതുവരെ കണ്ടവയില്‍ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രിയ സിനിമകളിലൊന്നാണ് എനിക്ക് സുഡാനി ഫ്രം നൈജീരിയ. മലയാളത്തില്‍ സമീപവര്‍ഷങ്ങളില്‍ സംഭവിച്ച അതിഗംഭീര സിനിമകളിലൊന്ന്. ലോക സിനിമയിലേക്ക് മലയാളത്തിന് ഉയര്‍ത്തിക്കാട്ടാനാകുന്ന നവസിനിമ.

കഥാപാത്രങ്ങളില്‍ കൗതുകം സൃഷ്ടിക്കാനും സംഭാഷണങ്ങളില്‍ രസം പെരുപ്പിക്കാനുമാണ് നമ്മുടെ സിനിമകള്‍ മിക്കപ്പോഴും പ്രാദേശികതയെയും, നാട്ടുവാമൊഴിയെയും കൂട്ടുപിടിക്കുന്നത്. കാരിക്കേച്ചര്‍ റോളുകളുണ്ടാക്കി തമാശ സൃഷ്ടിക്കാനുള്ള ഉപാധിയുമാണ് തൃശൂരിലെയും കണ്ണൂരിലെയും കോഴിക്കോട്ടെയും വാമൊഴികള്‍. സുഡാനി ഫ്രം നൈജീരിയ മലപ്പുറത്ത് നിന്നാണ് കഥ പറയുന്നത്. അതേ സമയം മലബാറിനെ ആകമാനം പ്രതിനിധീകരിക്കുന്ന പ്രാദേശികത്വവും സിനിമയ്ക്കുണ്ട്. എന്തുണ്ടെടാ കാല്‍പ്പന്തല്ലാതെ, ഊറ്റം കൊള്ളാന്‍ വല്ലാതെ എന്ന ഷഹബാസിന്റെ വരികളിലെ വീറുള്ള ചോദ്യമെന്ന പോലെ കാല്‍പ്പന്തിനൊപ്പം ജീവിതം ഇരുട്ടിവെളുപ്പിക്കുന്ന കുറേ പേര്‍ക്കൊപ്പമാണ് സിനിമ തുടങ്ങുന്നത്. സ്വാര്‍ത്ഥലക്ഷ്യമോ, ലാഭേച്ഛയോ ഇല്ലാതെയാണ് പന്തിന് പിന്നാലെ ഇവരുടെ ഓട്ടം. ലോകകപ്പ് പോലും സെവന്‍സിനോളം ആവേശമുള്ളതല്ലെന്ന് കരുതുന്നവരില്‍ എം വൈ സി  ആക്കോടിന്റെ മാനേജര്‍ മജീദുണ്ട്. സ്വാഭാവിക ഹാസ്യത്തിന്റെ പുതുകാല പ്രതീകമായ സൗബിന്‍ ഷാഹിറാണ് മജീദ്. സെവന്‍സില്‍ സ്വന്തം ടീമിന്റെ നേട്ടത്തിന് മീതെ മറ്റൊന്നും അയാളെ ആഹ്ലാദിപ്പിക്കില്ല. സ്വകാര്യമായ ചില സങ്കടങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ് മജീദിന് ഫുട്‌ബോളും സെവന്‍സും. ടൈറ്റില്‍ സീക്വന്‍സുകളിലെ നാടന്‍ അനൗണ്‍സ്‌മെന്റില്‍ തുടങ്ങി ഗാലറിയിലേക്കും ഗ്രൗണ്ടിലേക്കും പ്രവേശിക്കുകയാണ് സിനിമ. മലപ്പുറമത്രയും വലിയൊരു ഫുട്‌ബോള്‍ ഗ്രൗണ്ടാണെന്ന് അനുഭവപ്പെടുത്തിയും അവരുടെ കളിക്കമ്പത്തിന് മുന്നില്‍ ലോകം തന്നെ ഒരു വലിയൊരു പന്താണെന്ന് വിശ്വസിപ്പിച്ചുമാണ് സിനിമ മുന്നേറുന്നത്. സുഡാനികളെന്ന വിളിപ്പേരിലുള്ള ആഫ്രിക്കന്‍ കളിക്കാരെ കരുത്താക്കിയാണ് ഓരോ ടൂര്‍ണമെന്റിലും മജീദിന്റെ ക്ലബ്ബ് മുന്നേറുന്നത്. ആഫ്രിക്കന്‍ കാടുകളില്‍ നിന്നുള്ള ഇറക്കുമതിയെന്ന് അവര്‍ തന്നെ പറയുന്നു. കൂട്ടത്തില്‍ സാമുവേല്‍ റോബിന്‍സണ്‍ ആണ് അവരുടെ തുറുപ്പ് ചീട്ട്. കൗതുകവും സ്‌നേഹവുമൊക്കെ ഉള്‍ച്ചേരുമ്പോള്‍ സുഡാനി വിളി സുഡുവെന്നാകും.

സ്‌പോയിലര്‍ അലര്‍ട്ട്

സ്വകാര്യതയിലും, സാമൂഹ്യജീവിതത്തിലുമെല്ലാം സെവന്‍സ് ടൂര്‍ണമെന്റിന്റെയും ഫുട്‌ബോള്‍ ക്ലബ്ബിന്റെയും സ്വാധീനം എത്രമാത്രമെന്ന് അവിശ്വസനീയമാംവിധം വിശ്വസനീയമായി അവതരിപ്പിക്കുകയാണ് സക്കരിയ. സിനിമാറ്റിക് ടേണുകളെന്ന് തോന്നിപ്പിക്കാതെ തീര്‍ത്തും ജൈവികമായ കഥ പറച്ചിലിനൊപ്പമാണ് സിനിമയുടെ സഞ്ചാരം. കമന്ററികളില്‍ നിന്ന് ഗാലറിയിലെ ആരവത്തിലേക്കും, അവിടെ നിന്ന് മൈതാനത്തേക്കും. കളിക്കാരേക്കാള്‍ ആവേശത്തോടെ കളിയില്‍ ജയമുറപ്പാക്കാന്‍ കരുനീക്കുന്ന ക്ലബ്ബുകളിലേക്ക്. അവിടെ നിന്ന് ഫുട്‌ബോള്‍ ലഹരി ഒരുമയെ നിര്‍വചിക്കുന്ന കവലകളിലേക്കും ഓട്ടോ സ്റ്റാന്‍ഡിലേക്കും വീട്ടുമുറ്റത്തേക്കും. ബൈക്കിലും ഓട്ടോയിലും ബസിലും കാറിലും പെണ്ണുകാണല്‍ യാത്രയിലും എന്തിന് ജീവിതത്തിലെ ഏത് മുഹൂര്‍ത്തത്തിലും അവര്‍ക്കൊപ്പം കാല്‍പ്പന്തിന് ഇടമുണ്ട്. കൈകാര്യം ചെയ്യുന്ന പ്രമേയത്തെ ഹൃദ്യവും സ്വാഭാവികവുമാക്കുന്നതിനായി ഇത്ര മനോഹരമായി ആഖ്യാനപദ്ധതി രൂപപ്പെടുത്തിയ സിനിമയ സമീപകാലത്ത് കണ്ടിട്ടില്ല. ഓരോ കഥാപാത്രങ്ങളെയും, അവര്‍ ഇടപെടുന്ന ജീവിതപരിസരങ്ങളെയും മുഹൂര്‍ത്തങ്ങളെയുമെല്ലാം തന്മയത്വത്തോടെ യഥാര്‍ത്ഥ ജീവിതത്തോളം ജൈവികമായി അവതരിപ്പിച്ചിടത്താണ് സക്കരിയ എന്ന നവാഗത സംവിധായകന്‍ മലയാളത്തില്‍ മികച്ച അരങ്ങേറ്റ ചിത്രമൊരുക്കിയവരില്‍ ഒരാളാകുന്നത്. ഒരു തുടക്കക്കാരന്റെ സിനിമയെന്ന് ഒരു ഘട്ടത്തിലും തോന്നിപ്പിക്കാത്ത വിധത്തില്‍ പൂര്‍ണത അവകാശപ്പെടാനാകുന്ന പരിചരണവുമാണ് സിനിമയുടേത്. പരീക്ഷണങ്ങള്‍ക്കും ശൈലീമാറ്റങ്ങള്‍ക്കും ഒപ്പം സഞ്ചരിക്കുന്ന മലയാളത്തിന്റെ പുതുധാരയില്‍ മുന്‍നിരയില്‍ തന്നെയാണ് ഇനി ഈ സംവിധായകന് ഇരിപ്പിടം. വാട്‌സ് ആപ്പില്‍ കാണാമെന്ന് പറഞ്ഞ് പിരിഞ്ഞ് വീട്ടിലേക്ക് തിരിക്കുന്ന ചങ്ങാതിക്കൂട്ടവും, എതിര്‍ടീമിനെ പ്രകോപിപ്പിക്കാന്‍ വേണ്ടിയുള്ള അവരുടെ വാശിയേറിയ അനൗണ്‍സ്‌മെന്റുകളും, ആഫ്രിക്കന്‍ പ്ലേയേഴ്‌സിനൊപ്പമുള്ള മജീദിന്റെ കൂട്ടുകാരുടെയും വെടിവട്ടവുമൊക്കെ സാമ്പ്രദായിക അവതരണ രീതിയെ ഉപേക്ഷിച്ച് സൃഷ്ടിച്ചിരിക്കുകയാണ് സക്കരിയ. സംഭാഷണങ്ങളിലെ സ്വാഭാവികതയിലൂടെ, മുന്‍മാതൃകകളില്ലാത്ത രംഗസൃഷ്ടിയിലൂടെ, അഭിനേതാക്കളെന്ന് വിശ്വസിക്കാന്‍ അനുവദിക്കാത്ത നാട്ടിന്‍പുറ കഥാപാത്രങ്ങളെ പിന്തുടരാനാകുന്നു പ്രേക്ഷകര്‍ക്ക്.

സാമുവേല്‍ ബാത്ത് മൂറില്‍ കാല്‍വഴുതി വീണതിനെ തുടര്‍ന്ന് മജീദിന് അയാളുടെ പരിചരണം ഏറ്റെടുക്കേണ്ടി വരുന്നു. ബാധ്യതയെന്ന നിലയ്ക്കാണ് സാമുവേലിനെ അയാള്‍ വീട്ടിലേക്ക് കൊണ്ടുവരുന്നത്. മജീദിന്റെ വീട് അയാള്‍ താമസിക്കുന്ന വീടിന്റെ വാതിലുകള്‍ക്ക് പുറത്തേക്ക് കൂടി വ്യാപിച്ചിരിക്കുന്നതാണെന്ന് സംവിധായകന്‍ ഇതിനോടകം പറഞ്ഞിട്ടുമുണ്ട്.
വീട്ടിലെ ഉമ്മയും അയല്‍വീട്ടിലെ ബീയുമ്മയും മജീദിന് ഉമ്മമാരാണ്. സാമുവേലിനെ അവര്‍ ഏറ്റെടുക്കുകയാണ്. സാമുവേലിന്റെ ഭാഷ അവര്‍ക്കും, അവരുടെ ഭാഷ സാമുവേലിനും അറിയില്ല. ആ നാട്ടിലെ കളിക്കമ്പക്കാര്‍ക്ക് സുഡാനികളോട് ഫുട്‌ബോളിന്റെ ഭാഷയില്‍ സംസാരിക്കാനാകുമായിരുന്നു. പക്ഷേ ഉമ്മമാര്‍ സുഡുവിനെ പരിചരിക്കുന്നത് സ്‌നേഹത്തിന്റെ ഭാഷയിലാണ്. ഭാഷയുടെ അപരിചിതത്വമോ ദേശത്തിന്റെയും മതത്തിന്റെയും സ്വത്വത്തിന്റെയും വേര്‍തിരിവോ ഇല്ലാതെ ലോകത്തിന്റെ രണ്ട് കോണില്‍ നിന്നുള്ള മനുഷ്യര്‍ ആര്‍ദ്രതയിലൂടെ ഒരുമയിലേക്ക് ഒഴുകിയെത്തുകയാണ്. സുഡുവിനെ മജീദിനെക്കാള്‍ മനസിലാക്കാന്‍ ജമീലയ്ക്കാകുന്നുണ്ട്. സുഡുവിനെ വീട്ടിലൊരാളായി കാണാനും പരിചരിക്കാനും ബീയുമ്മയ്ക്കും കഴിയുന്നുണ്ട്. വാതിലുകള്‍ക്കും മതില്‍ക്കെട്ടുകള്‍ക്കും ഗേറ്റുകള്‍ക്കും കൊട്ടിയടക്കാനും, കെട്ടിയടക്കാനുമാകാത്ത ചിലതിലാണ് ആ നാടിന്റെ ഒരുമയെന്ന് തുടര്‍ന്ന് ബോധ്യമാകുന്നു.
പച്ച ബെല്‍ട്ട് കെട്ടിയും, അയല്‍പ്പക്കത്ത് ആട്ടിനെ മേയ്ക്കാനെത്തി മതേതരത്വ ഉപന്യാസങ്ങള്‍ സംഭാഷണങ്ങളാക്കിയും, അറബി താളത്തിനൊപ്പം കല്യാണത്തിന് ഒപ്പന വട്ടംകൂട്ടിയും
നമ്മുടെ സിനിമയില്‍ സ്ഥിരപ്പെട്ടിരുന്ന ക്ലീഷേ മുസ്ലീം കഥാപാത്രങ്ങളെ ഈ സിനിമയില്‍ ഒരിടത്തും കാണാനാകില്ല. നാല് കെട്ടിയോ എന്ന് മുസ്ലിം കഥാപാത്രത്തോട് ചോദ്യമുയര്‍ത്തി പല കാലങ്ങളിലായി സൃഷ്ടിക്കുന്ന വംശീയ ഹാസ്യത്തെ തിരുത്തുകയും മതകാര്യങ്ങള്‍ മാത്രം ഉദ്ധരിക്കുന്ന മുസ്ലീം സ്ത്രീകഥാപാത്രങ്ങളുടെയും വാര്‍പ്പ് മാതൃകകളെ പൊളിക്കുകയും ചെയ്യുന്നിടത്ത് സുഡാനി ഫ്രം നൈജീരിയയുടെ രാഷ്ട്രീയ വായനയും ഗൗരവമുള്ളതാകുന്നു. സാമുവലിന്റെ മതം അവരുടെ സംസാരങ്ങളിലേക്ക്് വരുന്നത് അയാളുടെ വേണ്ടപ്പെട്ട ഒരാളുടെ മരണവുമായി ചേര്‍ന്നുള്ള ചര്‍ച്ചകളിലാണ്. അത് അയാള്‍ക്ക് വേണ്ടിയുമായിരുന്നു.

രംഗം കൊഴുപ്പിക്കാനോ,തമാശ സൃഷ്ടിക്കാനോ വേണ്ടി ഒരു കഥാപാത്രത്തെ പോലും ക്യാമറയ്ക്ക് മുന്നിലെത്തിക്കുന്നില്ല സിനിമ. ഒറ്റ സീനിലേക്ക് മാത്രമായി വാച്ചുമായി ഓടിയെത്തുന്ന ആള്‍ മുതല്‍ കളിക്കാന്‍ വാ സുഡുവെന്ന് വിളിക്കുന്ന പയ്യനില്‍ വരെ കാസ്റ്റിംഗിലെ പെര്‍ഫെക്ഷന്‍ അനുഭവപ്പെടുന്നുണ്ട്. സൗബിന്‍ ഷാഹിര്‍ മാറ്റി നിര്‍ത്തിയാല്‍ ഏറെയും പുതുമുഖങ്ങളാണ് സിനിമയില്‍. എന്നാല്‍ റിയലിസ്റ്റിക് പരിചരണത്തിനും ആഖ്യാന ഭദ്രതയ്ക്കും കോട്ടമുണ്ടാക്കുന്ന ഒരാള്‍ പോലുമില്ല കഥാപാത്ര വിന്യാസത്തില്‍. മജീദിന്റെയും സംഘത്തിന്റെയും ദരിദ്രസാഹചര്യങ്ങളെയും സുഡാനിയുടെ ദരിദ്ര ജീവിതാവസ്ഥയെയുമൊക്കെ സഹതാപപൂര്‍ണ നോട്ടമത്തിലൂടെയല്ലാതെ മിനിമല്‍ സ്വഭാവത്തില്‍ ചിത്രീകരിച്ചതിലുമുണ്ട് സൗന്ദര്യം.

മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹത്തിലെ തെരഞ്ഞെടുപ്പ്, സ്ത്രീകളുടെ സാമൂഹിക ജീവിതം തുടങ്ങിയ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന പൊതുബോധത്തെ പ്രതിരോധിക്കുന്നുണ്ട് സിനിമ. സാമുവേലിന്റെ പരിചരണവും സംരക്ഷണവും രണ്ട് സ്ത്രീകളുടെ നിശ്ചയദാര്‍ഡ്യം കൂടിയായിരുന്നു. നമ്മുടെ പതിവ് ‘ബോള്‍ഡ് നായിക’ സൂത്രവാക്യങ്ങളില്‍ അല്ല
ഈ ഉമ്മമാരെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മാനവികതയാണ് തങ്ങളിലെ മതബോധത്തിന്റെ കാതലെന്നും അവര്‍ പ്രവൃത്തികളിലൂടെ ബോധ്യപ്പെടുത്തുന്നുണ്ട്. മുഹ്‌സിന്‍ പരാരിയും സക്കരിയയും ചേര്‍ന്നാണ് സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. മുഹ്‌സിന്‍ സംവിധാനം ചെയ്ത കെ എല്‍ ടെന്‍ പത്ത് എന്ന സിനിമ മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ജ്വരമാണ് പശ്ചാത്തലമാക്കിയതെങ്കിലും ആ സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കം മലപ്പുറം എന്ന ദേശത്തിന്റെ സ്വത്വത്തിന് മറയിടുന്ന പൊതുധാരണകളെ നേരിട്ടുകൊണ്ടായിരുന്നു. ഇവിടെയും മുസ്ലീം പൗരന്റെ ജീവിതത്തിലേക്ക് അന്വേഷണ ഏജന്‍സികള്‍ എളുപ്പത്തില്‍ പ്രവേശിക്കുന്നതും സംശയം രേഖപ്പെടുത്തുന്നതുമെല്ലാം സിനിമയെ കാലികമാക്കുന്നുമുണ്ട്. കൃത്യമായ ചില രാഷ്ട്രീയ പ്രസ്താവനകള്‍ കൂടി ഇത്തരത്തില്‍ കടന്നുവരുന്നുണ്ട്. ആക്ഷന്‍ ഹീറോ ശരീരമുള്ള എസ് ഐ അല്ല സുഡാനിയിലേത്. പക്ഷേ ഭരണകൂട ഉപകരണമെന്ന നിലയില്‍ പോലീസിംഗ് പൗരന് മേല്‍ സൃഷ്ടിക്കുന്ന അരക്ഷിതത്വം ബ്ലാക്ക് ഹ്യൂമറിലും റിയലിസ്റ്റിക് ആംഗിളിലും വിശദീകരിക്കുന്നുണ്ട് സിനിമ. സിദാന്‍ മറ്റരാസിയെ ഇടിച്ചിട്ടത് ഓട്ടോയില്‍ സ്റ്റിക്കറായി വരുന്നതും, ഉമ്മയുടെ വിവാഹത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന പരിഹാസമേല്‍പ്പിച്ച മുറിവിനെക്കുറിച്ചുള്ള പരാമര്‍ശവും, മമ്പറത്ത് നേര്‍ച്ചയ്ക്ക് പോകുമ്പോള്‍ ഭക്ഷണം വിളമ്പി വച്ചതിനൊപ്പം ഭിക്ഷക്കാര്‍ക്ക് ചില്ലറ കരുതിവച്ച പാത്രം എടുത്തുകാട്ടുന്നതും, രണ്ട് ഉമ്മമാര്‍ക്കിടയില്‍ ദൃഢസൗഹൃദം വെളിപ്പെടുത്തുന്ന രംഗങ്ങളും സാമൂഹ്യനിരീക്ഷണമുള്ള സംവിധായകനെ കാട്ടുന്നുണ്ട്. പൊതുബോധ നിര്‍മ്മിതിയെ പ്രതിരോധിക്കുമ്പോള്‍ തന്നെ സമുദായത്തിനകത്ത് തിരുത്തേണ്ടതായി ഒന്നുമില്ലെന്ന ധ്വനി രൂപപ്പെടുന്നതും ‘കോഴിക്കോട്ടെ ഓട്ടോക്കാര്‍’ എന്ന നന്മ ലേബല്‍ പോലെ മാനവികതയും നന്മയും മാത്രം മുദ്രയായ മനുഷ്യര്‍ മാത്രമുള്ളതാണ് സമൂഹമെന്ന ചിത്രീകരിക്കപ്പെടുന്നതിലും അസ്വാഭാവികതയുണ്ട്.

ദൃശ്യപ്രധാനമായി കഥ പറയുന്നതിലൂടെയും, സൂക്ഷ്മാംശങ്ങളില്‍ ശ്രദ്ധയൂന്നിയും ചുരുങ്ങിയ ദൃശ്യആഖ്യാനങ്ങളില്‍ പ്രധാന കാര്യങ്ങളെ അവതരിപ്പിച്ചും ഒരിടത്തും മുഴച്ചുനില്‍ക്കാത്ത
ആസ്വാദന അനുഭവമാണ് സുഡാനി ഫ്രം നൈജീരിയ. റെക്‌സ് വിജയനും യാക്‌സണ്‍ ഗാരി പെരേരയും ചേര്‍ന്നൊരുക്കിയ പശ്ചാത്തല സംഗീതം സിനിമയുടെ സമഗ്രഭാവത്തിനൊപ്പവും വൈകാരിക താളത്തിനൊപ്പവും ലയിച്ച് ചേര്‍ന്നതാണ്. കുറാഹ് സോംഗിന്റെ പശ്ചാത്തലം സിനിമയുടെ ഹൃദയതാളവുമാകുന്നുണ്ട്. ഒരു മണ്ണിന്റെ കളിക്കമ്പത്തിനുള്ള ആദരം കൂടിയാണ് ഷഹബാസിന്റെ വരികളിലും ശബ്ദത്തിലുമുള്ള ഈ ഗാനം. ഹരിനാരായണന്റെ ചെറുകഥ പോലെ, അന്‍വര്‍ അലിയുടെ രചനയില്‍ കിനാവുകൊണ്ടൊരു തുടങ്ങിയ പാട്ടുകള്‍
സിനിമയുടെ മൂഡിനൊത്ത് നീങ്ങുന്നവയുമാണ്.

നെഞ്ചില്‍ തൊടുന്ന വൈകാരിക രംഗങ്ങളെ പക്വതയോടെ കൈകാര്യം ചെയ്തതിലെ മിടുക്ക് കൂടിയാണ് എടുത്ത് പറയേണ്ടത്. കണ്ണീര്‍ പരമ്പരകളെ വെല്ലുന്ന വൈകാരിക രംഗങ്ങള്‍ സംഭാഷണ കേന്ദ്രീകൃത ഗദ്ഗദങ്ങളും മടുപ്പിക്കുന്ന സിനിമകള്‍ക്കിടയിലാണ് മിനിമലിസത്തിന്റെ മനോഹാരിതയുമായി സുഡാനി മാതൃകയാകുന്നത്. മജീദിന്റെ അവഗണയെ നേരിടാനാകാതെ സെക്യൂരിറ്റി ജോലിയുള്ള സ്ഥലത്തേക്ക് കെടിസി അബ്ദുള്ളയുടെ കഥാപാത്രം പോകുന്ന രംഗം കണ്ണ് നിറയിക്കും. സുഡുവിന് മുന്നില്‍ മാത്രമാണ് മജീദ് തന്നെ വെളിപ്പെടുത്തുന്നത്. ആദ്യം അമര്‍ഷമായും പിന്നീട് അടുപ്പത്തോടെയും. എതിര്‍ടീമുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ സമയത്തും റഫറിയായി തല്ല് കിട്ടിയതിന് ശേഷവുമുള്ള രണ്ട് രംഗങ്ങളില്‍ സൗബിന്‍ ഷാഹിര്‍ എന്ന നടന്റെ റേഞ്ച് എത്രമാത്രം ഉയരെയാണ് എന്ന് കൂടെയാണ് വെളിപ്പെടുന്നത്. കനത്ത മുഖഭാവത്തിലെത്തി പിന്നീട് ചെറുചിരിയിലേക്ക് വഴിതിരിഞ്ഞ് കൗണ്ടറുകളിലൂടെ വലിയ ചിരിയോളങ്ങള്‍ ഉണ്ടാക്കുന്ന നടനെ ഉള്ളില്‍ നീറ്റലോടെയും, ധര്‍മ്മസങ്കടങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രമായി അസാമാന്യ പ്രകടനത്തിനൊപ്പം കാണാനാകുന്നു നൈജീരിയയില്‍

അപരിചിതനായ മറ്റൊരു മനുഷ്യനില്‍ ഒരാള്‍ക്ക് ഭാഷയെ ആശ്രയിക്കാതെ വലിയ പരിവര്‍ത്തനത്തിന് സാധിക്കുമെന്ന് പറയുന്നുണ്ട് സുഡാനി ഫ്രം നൈജീരിയ. ഫുട്‌ബോളിന്റെ ലഹരിയില്‍ തുടങ്ങി എല്ലാ വൈരങ്ങളെയും മറന്ന് മനുഷ്യന് കൈകോര്‍ക്കാനാകുന്ന മാനവികതയെക്കുറിച്ച് സംസാരിക്കുകയാണ് സിനിമ. കാല്‍പ്പന്തിന്റെ ലഹരിക്കൊപ്പം കൈമാറുന്ന മൂല്യം നിശ്ചയിക്കാനാകാത്ത ചങ്ങാത്തങ്ങളെ, അവര്‍ക്കിടയിലെ സ്വാര്‍ത്ഥതയില്ലാത്ത ഒരുമയെ ഒന്നരപ്പുറം സംഭാഷണങ്ങളോടൊപ്പമല്ലാതെ വിശദീകരിക്കുന്നുണ്ട് സിനിമ. അഭയാര്‍ത്ഥികളുടെ ലോകത്തെക്കുറിച്ച്, ഭരണ അസ്ഥിരതകളില്‍, ആഭ്യന്തര യുദ്ധങ്ങളില്‍ അരക്ഷിതരായ എല്ലാ മനുഷ്യരെക്കുറിച്ചും ആശങ്കപ്പെടുന്നുണ്ട് ഈ സിനിമ. പ്രിവിലജുകളായി ജീവിക്കുന്നവര്‍ ഫേസ്ബുക്ക് കുറിപ്പിനപ്പുറത്തേക്ക്് ഇത്തരം യാഥാര്‍ത്ഥ്യങ്ങളിലേക്ക് എത്തുന്നുണ്ടോ എന്നുള്ള ചോദ്യമുയര്‍ത്തി സ്വയം പരിശോധനയ്ക്ക് ആഹ്വാനം ചെയ്യുന്നുമുണ്ട് സുഡാനി ഫ്രം നൈജീരിയ. സ്വന്തം ചുവരുകള്‍ക്ക് പുറത്തുള്ള ലോകത്തെക്കുറിച്ച് ആശങ്കപ്പെടാനും സാമൂഹ്യജീവിയാകാനുമുള്ള സമയം അതിക്രമിച്ചെന്ന് ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. ഭിക്ഷക്കാരും ഇതരസംസ്ഥാനക്കാരും ആക്രമിക്കപ്പെടുന്ന കേരളത്തിന് നേര്‍ക്ക് കൂടിയാണ് സിനിമ വിരല്‍ചൂണ്ടുന്നത്.

രണ്ട് ജീവിതസാഹചര്യങ്ങളില്‍ കഴിയുമ്പോഴും സൗഹൃദത്താലും, ഹൃദയത്തിലെ ആര്‍ദ്രതയാലും ഒരേ മനസായി കഴിയുന്ന രണ്ട് ഉമ്മമാരുടേതുമാണ് സുഡാനി ഫ്രം നൈജീരിയ. ജമീലയും ബീയുമ്മയും. നമ്മുടെ ‘ബോള്‍ഡ് നായിക’ ടെംപ്ലേറ്റുകളെയും പൊളിച്ചെഴുതിയൊരു കഥാപാത്രനിര്‍മ്മിതി. ജമീലയായി സാവിത്രി ശ്രീധരനും, ബീയുമ്മയായി സരസ ബാലുശേരിയുമാണ്. മലപ്പുറം വാമൊഴിയിലും, ശരീരഭാഷയിലും കഥാമുഹൂര്‍ത്തങ്ങള്‍ക്കൊത്ത ഭാവഭദ്രതയിലും അതിശയിപ്പിക്കുന്നുണ്ട് ഈ അഭിനേത്രിമാര്‍. കെ ടി സി അബ്ദുള്ള അവതരിപ്പിക്കുന്ന പുയ്യാപ്ല കഥാപാത്രത്തെയും ഇതോടൊപ്പം പറയാവുന്നതാണ്. ചുരുങ്ങിയ സീനുകളിലും, സംഭാഷണങ്ങളിലാണ്, പ്രായാവശതകളുള്ള ഈ കഥാപാത്രത്തിന്റെ സാന്നിധ്യമുള്ളത്. . ഈ നടനെ എന്നുമോര്‍ക്കാന്‍ പര്യാപ്തമാണ് സുഡാനിയിലെ റോള്‍. ചെറിയ കുട്ടികളെ പോലെ കരയുകയും എല്ലാവരെയും ചുണ്ടിലൊരു കോണിലെത്തുന്ന ചിരിയിലൂടെ കയ്യിലെടുക്കുകയും ചെയ്യുന്ന സുഡാനിയെ അവതരിപ്പിച്ച സാമുവേല്‍ റോബിന്‍സണിന്റെയും ഗംഭീര പ്രകടനമാണ്.

മജീദും സുഡുവും ഉമ്മമാരും ഗാലറിയും മൈതാനവും കാല്‍പ്പന്തിന്റെ ലഹരിയും ഉള്‍ച്ചേര്‍ന്ന കഥാഭൂമികയെ റിയലിസ്റ്റിക് അനുഭവമാക്കുന്നതില്‍ ഷൈജു ഖാലിദിന് നിര്‍ണായക പങ്കുണ്ട്. കഥാപാത്രങ്ങള്‍ക്കൊപ്പം അവരുടെ ജീവിതപരിസരങ്ങളിലൂടെയും വൈകാരികതയിലൂടെയും പ്രേക്ഷകരെ കൂടെനടത്തുംവിധമുള്ള ദൃശ്യപരിചരണമാണ് ഷൈജു ഖാലിദിന്റെത്. സ്വാഭാവികാന്തരീക്ഷത്തെ നഷ്ടമാക്കുന്ന പ്രകാശ ക്രമീകരണമോ, സിനിമാറ്റിക് ഫ്രെയിമുകളോ കാണാനാകില്ല. ഫുട്‌ബോളിന്റെ ലഹരിയുടെ ഉയരക്കാഴ്ചയില്‍ നിന്ന് സുഡാനിയിലെത്തുമ്പോള്‍ അഭയാര്‍ത്ഥികളുടെ ലോകം എത്രമാത്രം അരക്ഷിതത്വം നിറഞ്ഞതാണെന്ന് കുറഞ്ഞ സീനുകളില്‍ നിന്ന് ബോധ്യപ്പെടുത്തുന്നുണ്ട് ഷൈജു. ഈ മ യൗ എന്ന പോലെ ഷൈജു ഖാലിദ് എന്ന ഛായാഗ്രാഹകന്റെ മാസ്റ്റര്‍ ക്രാഫ്റ്റ് അനുഭവപ്പെടുത്തുന്ന സിനിമ. സിനിമയുടെ മൂഡ് ഷിഫ്റ്റിനൊത്ത്, കഥ കേന്ദ്രീകരിക്കുന്ന ഇടങ്ങളില്‍ നിന്നുള്ള മാറ്റത്തിനൊപ്പം ആസ്വാദന താളം മുറിയാതെയാണ് നൗഫല്‍ അബ്ദുള്ളയുടെ എഡിറ്റിംഗ്.

മജിയുടെ ചങ്ങാതിക്കൂട്ടത്തിലെ രാജേഷും(ലുക്ക്മാന്‍), ലത്തീഫും (നവാസ് വള്ളിക്കുന്ന്), മുത്തുക്കാക്കയും (നാസര്‍), എതിര്‍ ഗ്രൂപ്പിലെ നിസാറും (അനീഷ് ജി മേനോന്‍) കളരി പാരമ്പര്യമുള്ള ഉണ്ണി നായരും ഭക്ഷണക്കൊതിയന്‍ ബ്രോക്കറും കുഞ്ഞിപ്പയും പിന്നെ പേരറിയാത്ത പലരും, അവരുടെ പ്രകടനങ്ങളിലൂടെ മികച്ച കുറേ സ്വഭാവ കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിക്കുന്നു.

സുഡുവും മജീദുമായുള്ള അവസാനത്തെ രംഗത്തില്‍, അവിടെ നടക്കുന്ന കൈമാറ്റത്തില്‍ മുദ്രാവാക്യമുയര്‍ത്താതെ മാനവികതയുടെ രാഷ്ട്രീയം ഉറക്കെ പറയുന്നു സംവിധായകന്‍. രാജ്യാന്തര മേളകളില്‍ മലയാളത്തെ പ്രതിനിധീകരിക്കാനുള്ള പ്രഹരശേഷിയുണ്ട് ഈ സിനിമയ്‌ക്കെന്നാണ് വിശ്വാസം. തിയറ്ററുകളെ നിറഞ്ഞ ഗാലറികളാക്കുന്നതിനൊപ്പം തന്നെ
ഈ സിനിമ മേളകളില്‍ കൂടി ആഘോഷിക്കപ്പെടേണ്ടതാണ്.

തമിഴ് സിനിമയിലെ നവനിരയുടെ മുന്നേറ്റം ചുറ്റുപാടുകളില്‍ നിന്നും, അവരുടെ സാംസ്‌കാരികവും രാഷ്ട്രീയവും പ്രാദേശികവുമായ സ്വത്വങ്ങളില്‍ നിന്നും കഥ കണ്ടെടുത്തായിരുന്നു. ആഖ്യാനരീതികളിലെ മാറ്റമുണ്ടാക്കിയ ഊര്‍ജ്ജം ആവേശപ്പെടുത്തുമ്പോഴും മൗലികതയുടെ അഭാവം മലയാളത്തിലെ പുതുനിര സിനിമകള്‍ക്കുണ്ടായിരുന്നു. മൗലികതയാലും ആശ്ചര്യപ്പെടുത്തുന്ന ജൈവിക ഘടനയാലും ആ പോരായ്മകളെ മറികടക്കുന്ന സിനിമകള്‍ മലയാളത്തിലും സംഭവിക്കുകയാണ്. ഇക്കൂട്ടത്തില്‍ സുഡാനി ഫ്രം നൈജീരിയ ഒന്നാംനിരയിലാണ്.

മലയാള സിനിമയുടെ ഭാവുകത്വപരിണാമം എവിടെയെത്തിയെന്ന ചോദ്യത്തിന് ഉത്തരമായി നമ്മുക്ക് ഇനി സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയും ഉണ്ട്. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമ.