ജോണി വാക്കര്‍ പോലെ തിയറ്ററില്‍ വന്‍ വിജയം നേടിയ വാണിജ്യ സിനിമകളും ഫോര്‍ ദ പിപ്പീള്‍ പോലെ ട്രെന്‍ഡ് സെറ്റര്‍ ആയ ചിത്രങ്ങള്‍ ഒരുക്കിയ ജയരാജ് അതേ സമയം തന്നെ സമാന്തരധാരയില്‍ മലയാളത്തിന് അന്താരാഷ്ട്ര സ്വീകാര്യത സമ്മാനിച്ച സിനിമകളുമൊരുക്കി. ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഒറ്റാല്‍ എന്ന സിനിമയിലൂടെ ക്രിസ്റ്റല്‍ ബെയര്‍ ഇന്ത്യയിലെത്തിച്ച ജയരാജ് പുതിയ ചിത്രമായ ഭയാനകത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം വീണ്ടും മലയാളത്തിലെത്തിച്ചു. കളിയാട്ടത്തിനും ജയരാജിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. നവരസ പരമ്പരയിലെ ആറ് സിനിമകള്‍ പൂര്‍ത്തിയാക്കി അടുത്ത മൂന്ന് സിനിമകളുടെ ആലോചനകളിലാണ് ജയരാജ്. ഭയാനകത്തെക്കുറിച്ചും നവരസ പരമ്പരയിലെ സിനിമകളെക്കുറിച്ചും ചലച്ചിത്ര ജീവിതത്തെക്കുറിച്ചും ജയരാജ് സംസാരിക്കുന്നു.

സമാന്തര ശ്രേണിയില്‍ നിന്ന് വരുന്നതെല്ലാം നല്ല സിനിമയെന്നും, വാണിജ്യ സിനിമകള്‍ കച്ചവട സൃഷ്ടികളെന്നും വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ജയരാജ് രണ്ട് ധാരയിലും സിനിമ ചെയ്ത സംവിധായകനാണ്. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അംഗീകാരങ്ങളും ലഭിച്ചു. ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ജയരാജ് സ്വയം നിര്‍വചിക്കുന്നത് എങ്ങനെയാണ്?

എനിക്ക് തോന്നുന്നത്, ഇതുവരെയുള്ളത് ആത്യന്തികമായി ഏതോ ഒരു മികച്ച സിനിമ ചെയ്യാന്‍ വേണ്ടിയുള്ള ഒരു യാത്ര മാത്രമാണ്, അതിനുള്ള മുന്നൊരുക്കമായാണ് ഇതുവരെയുള്ള സിനിമകളെ ഞാന്‍ കാണുന്നത്. ബൈസിക്കിള്‍ തീവ്‌സും, റഷമോണും, വെര്‍ജിന്‍ സ്പ്രിംഗും പോലുള്ള ക്ലാസിക്കുകളാണ് സിനിമയിലെത്താന്‍ എനിക്ക് വലിയ പ്രചോദനമായിട്ടുള്ളത്. കാലാതീതമായി നില്‍ക്കുന്ന ഈ സൃഷ്ടികള്‍ തന്നെ ധൈര്യത്തില്‍ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. നമ്മളീ സംസാരിക്കുന്ന മൊമന്റ് വരെ ഈ പറഞ്ഞ സിനിമകളോടൊക്കെ കിടപിടിക്കാനാകുന്ന സിനിമകള്‍ ഞാന്‍ ചെയ്തിട്ടില്ലെന്നാണ് വിശ്വസിക്കുന്നത്. അംഗീകാരങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. അപ്പോഴും ആത്യന്തികമായ ലക്ഷ്യം നേരത്തേ പറഞ്ഞവയോട് കിടപിടിക്കാനാകുന്ന സിനിമകള്‍ ചെയ്യുകയെന്നതാണ്.

പിന്നെ, ഞാന്‍ ചെയ്ത് രണ്ട് ശ്രേണിയിലുള്ള സിനിമകളുടെ കാര്യം, എല്ലാ സിനിമകളും ആസ്വദിച്ച് തന്നെ ചെയ്തതാണ്. ചെയ്യാന്‍ പാടില്ലാത്ത സിനിമയായിരുന്നുവെന്ന തോന്നല്‍ പിന്നീട് ഉണ്ടായിട്ടില്ല. പുതിയ തലമുറയിലെ എത്രയോ പേര്‍ ജോണി വാക്കറിന് ആരാധകരായിട്ടുണ്ട്. ഞാനൊരു പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ പോയപ്പോള്‍ അവിടത്തെ ഓഫീസര്‍ എന്നോട് പറഞ്ഞു, എന്റെ കാറില്‍ ഇപ്പോഴും ആ സിനിമയിലെ പാട്ടുകളാണ് വയ്ക്കാറുള്ളതെന്ന്. അതുപോലെ ലൗഡ് സ്പീക്കര്‍ എപ്പോള്‍ ടിവിയില്‍ വന്നാലും കാണുമെന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. ശാന്തമാണ് നിങ്ങളുടെ മികച്ച സിനിമയെന്ന് പറയുന്നവരുണ്ട്, അല്ല ദേശാടനമെന്ന് പറയുന്നവരുണ്ട്. ഇതൊന്നുമല്ല വിദ്യാരംഭമാണ് നല്ല സിനിമയെന്ന് പറയുന്നവരുണ്ട്. സത്യത്തില്‍ ചെയ്ത സിനിമകളത്രയും ഞാന്‍ എന്‍ജോയ് ചെയ്ത് പൂര്‍ത്തിയാക്കിവയാണ്. പിന്നീട് വലിയ പരാജയങ്ങളായ സിനിമകളും ഞാന്‍ ചെയ്തത് ആസ്വദിച്ച് തന്നെയാണ്.
ഞാന്‍ മുമ്പ് അഭിമുഖത്തില്‍ മനീഷിനോട് തന്നെ പറഞ്ഞിട്ടുണ്ട്, അങ്ങനെ സംഭവിച്ച അഗാധമായ ചില വീഴ്ചകളില്‍ നിന്നാണ് അടുത്ത സിനിമയെടുക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജമുണ്ടാകുന്നതെന്ന്. അവിടെ തൊട്ടുമുമ്പത്തെ വീഴ്ച എനിക്ക് ഗുണമായിട്ടുണ്ട്. അപ്പോഴും മുന്നിലുള്ള ലക്ഷ്യം ഞാന്‍ സിനിമയിലെത്താന്‍ കാരണമായ, പ്രചോദനമായ സിനിമകളുടെ നിലവാരത്തിലുള്ള ചിത്രമെടുക്കുക എന്നത് തന്നെയാണ്.

സംവിധായകന്‍ ഭരതന്റെ ശിഷ്യനായാണ് സിനിമയിലെത്തിയത്. എന്നാല്‍ ഭരതന്റെ ശൈലിയല്ല ജയരാജ് പിന്തുടര്‍ന്നത്, എന്താണ് ഭരതനില്‍ നിന്ന് പഠിച്ചത്?

ഭരതേട്ടനില്‍ നിന്ന് ഞാന്‍ പലതും പഠിച്ചു. പരീക്ഷണങ്ങള്‍ക്കുളള ധൈര്യമൊക്കെ അവിടെ നിന്നു കിട്ടിയതാണ്. നിറങ്ങളെക്കുറിച്ച്, പാട്ടിനെക്കുറിച്ച് അങ്ങനെ സിനിമയിലെ പല സാധ്യതകളും അവിടെ നിന്ന് പഠിക്കാനായി. എന്നാല്‍ ഭരതേട്ടന്‍ സഞ്ചരിച്ച അതേ വഴികളിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നയാളല്ല ഞാന്‍. ഭരതേട്ടന്റെ ഒരു വിഷ്വല്‍ തോട്ട് ഉണ്ട്. ഒരു പ്രമേയം കിട്ടുമ്പോള്‍ അതിനെ ഏറ്റവും വൈകാരികമായി പ്രേക്ഷകരോട് അടുപ്പിക്കുന്ന രീതിയിലും, ദൃശ്യസാധ്യത ഉപയോഗപ്പെടുത്തിയും എവിടെ പ്ലേസ് ചെയ്യണം എന്ന അദ്ദേഹത്തിന്റെ തീരുമാനമൊക്കെ നമ്മളെ അമ്പരപ്പിച്ചുകളയും. ഒരു ചിത്രകാരന്‍ ചായപ്പലകയില്‍ സൃഷ്ടിച്ചെടുക്കുന്ന ചാരുതയുണ്ടല്ലോ, അത് ഭരതേട്ടന്റെ സിനിമകളില്‍ കാണാം. വിഷ്വലി കോണ്‍ഷ്യസാണ് ഭരതേട്ടന്‍. അദ്ദേഹം ഡ്രാമയിലേക്ക് അധികം പോകാറില്ല.സങ്കീര്‍ണമായ വൈകാരികതയേക്കാള്‍ ഭരതേട്ടന് ഇഷ്ടം സിനിമയെ കാവ്യാത്മകമാക്കാനാണ്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമ ഉണ്ടല്ലോ, ഞാന്‍ അസിസ്റ്റന്റായിരിക്കേ ഞാനായിട്ട് തെരഞ്ഞെടുത്ത് ഭരതേട്ടനെ നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതാണ് ആ സിനിമ. അത് എന്റെ മനസിന്റെ ജനുസില്‍ വരുന്ന പടമാണ്. ഭരതേട്ടന്റെ സിനിമകളിലും ഒറ്റപ്പെട്ട് നില്‍ക്കുന്നതാണ് ആ സിനിമ. എന്റെ മുത്തശന്റെയും മുത്തശിയുടെയും ജീവിതത്തിലെ കുറെ അനുഭവങ്ങളൊക്കെ ആ സിനിമയിലുണ്ട്.

മുന്‍തലമുറയില്‍ നിന്ന് പ്രചോദിപ്പിച്ച സംവിധായകരെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഭരതനെ കൂടാതെ അടൂരും കടന്നുവരാറുണ്ട്. ഇവരൊക്കെയാണോ മലയാളത്തില്‍ പ്രധാനമായും സ്വാധീനിച്ചതും?

ഭരതേട്ടനെ പോലെ സ്വാധീനിച്ചവരാണ് അടൂരും അരവിന്ദനുമൊക്കെ. ജോണ്‍ എബ്രഹാമിനെ ഇഷ്ടമാണ്. മനുഷ്യനെന്ന നിലയിലും ഫിലിം മേക്കറെന്ന നിലയിലും അദ്ദേഹം സാധ്യമാക്കിയ സ്വാതന്ത്ര്യമുണ്ടല്ലോ. ജീവിതത്തിന്റെയും സിനിമയുടെയും നിയതമായ കള്ളികളില്‍ കുടുങ്ങിനില്‍ക്കാതെ സ്വതന്ത്രമായി നീങ്ങിയിരുന്നു ജോണ്‍.

നവരസ പരമ്പരയില്‍ ഒമ്പത് സിനിമകള്‍, മൂന്നെണ്ണം പൂര്‍ത്തിയായാല്‍ ജയരാജ് എന്ന ചലച്ചിത്രകാരന്റെ പേരിനൊപ്പമുള്ള അപൂര്‍വ നേട്ടം കൂടിയാണ് നവരസാ സീരീസ്. നവ ഭാവങ്ങളില്‍ ഒരു സീരീസ് ഫിലിംസ് എന്നതിനപ്പുറം ഇങ്ങനെയൊരു ചിന്തയിലേക്ക് നയിച്ചത് മറ്റെന്തെങ്കിലും ആയിരിക്കുമല്ലോ, അതെന്താണ്?

ആസ്വാദകന്‍ എന്ന നിലയിലും മനുഷ്യനെന്ന നിലയിലുമൊക്കെ ഇമോഷനാണ് എന്നെ കാര്യമായി സ്പര്‍ശിക്കുന്നത്. ചെറുപ്പം മുതല്‍ക്കേ ഞാന്‍ നന്നായി ഉള്‍വലിവുള്ള ആളായിരുന്നു. കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ഹോണ്ട് ചെയ്തിട്ടുള്ളത് ബുദ്ധന്റെ കഥയാണ്. മുറിവേറ്റ അരയന്നത്തെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊക്കെ, അതൊക്കെ എല്ലാ കാലത്തും നമ്മുടെ മനസിലുണ്ട്. ചെറിയ വൈകാരിക സന്ദര്‍ഭം പോലും സൂക്ഷ്മമായി റിക്രിയേറ്റ് ചെയ്യാനാകും എന്ന ആത്മവിശ്വാസവും ഉണ്ടായിരുന്നു. നവരസ പരമ്പര പൂര്‍ത്തിയായാല്‍ എനിക്ക് തന്നെ എന്നിലെ ചലച്ചിത്രകാരനെ മനസിലാക്കാനാകുമെന്നാണ് വിശ്വാസം. അതിലൊരു ജീവിതം തന്നെയുണ്ടല്ലോ. നവരസ പരമ്പര സത്യത്തില്‍ തുടങ്ങുന്നത് മഴയുടെ പശ്ചാത്തലത്തില്‍ ഉള്ള ഒരു സിനിമയെക്കുറിച്ചുള്ള ആലോചനയിലാണ്. അങ്ങനെ ആലോചന മുന്നേറുമ്പോഴാണ് ഒരു സിനിമയില്‍ ഒതുങ്ങുന്നതല്ല മഴയെന്ന് ബോധ്യമാകുന്നത്. മഴ എല്ലാ എക്‌സ്പ്രഷനെയും എന്‍ഹാന്‍സ് ചെയ്യുന്നുണ്ട്. കരുണത്തില്‍ മഴത്തുള്ളികളാണ്. അവിടെ പാത്തറ്റിക് ആയ അവസ്ഥയില്‍ നിന്നാണ് മഴയുടെ ഭാവം വരുന്നത.് ശാന്തത്തില്‍ മഴ പെയ്ത് മാറിയിട്ടുണ്ട്. നനഞ്ഞ അന്തരീക്ഷമാണ്. ഒരു യുദ്ധം കഴിഞ്ഞ് അടുത്ത യുദ്ധത്തിന് മുമ്പുള്ള നിശബ്ദതയാണ്. അതൊരു ഭീകരാന്തരീക്ഷമാണ്. അടുത്ത മഴയ്ക്ക് തയ്യാറെടുക്കുന്ന അന്തരീക്ഷം. ഭയാനകത്തില്‍ യുദ്ധത്തിന്റെ ഭീതി അനുഭവപ്പെടുത്തുന്നത് മഴയാണ്. ഒമ്പത് സിനിമകളും ഒരുമിച്ച് കാണുമ്പോള്‍ പ്രേക്ഷകര്‍ക്കും ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഞാന്‍ വൈവിധ്യതകളെ സമീപിച്ച രീതി അനുഭവപ്പെടുത്താനാവും എന്ന് വിശ്വസിക്കുന്നു.

തകഴിയുടെ കയര്‍ എന്ന കൃതിയിലെ രണ്ട് അധ്യായങ്ങളില്‍ നിന്നാണ് ദേശീയ അവാര്‍ഡ് നേടിയ ഭയാനകം എന്ന സിനിമ ഉണ്ടായത്. ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും പ്രമേയമായ സിനിമയുമാണ്. ഇന്നുള്ള മലയാളിയുടെ ഓര്‍മ്മയില്‍ തന്നെ യുദ്ധാനുഭവം ഇല്ല. അവിടെയാണ് ഈ സിനിമ? എങ്ങനെ തകഴിയിലേക്കും കയറിലേക്കും ആലോചന എത്തി?

ഒന്ന് ഫോര്‍മുലാ സിനിമയെടുക്കാം, അടുത്തത് സമാന്തര സ്വഭാവത്തിലാക്കാം എന്നൊക്കെയുള്ള ബോധപൂര്‍വ്വ ശ്രമം ഒന്നുമില്ല. തകഴിയുടെ കയര്‍ എന്ന കൃതിയിലെ രണ്ട് ചാപ്റ്ററുകളില്‍ നിന്നാണ് ഈ സിനിമ. അതൊരിക്കലും ഫിക്ഷന്‍ അല്ല, ചരിത്രം തന്നെയാണ്. അതിലെ പോസ്റ്റ് മാനും ഗൗരിക്കുഞ്ഞമ്മയും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന കഥാപാത്രങ്ങളാണ്. കയറിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും ചരിത്രവുമായി കൂട്ടിയിണക്കിയിട്ടുണ്ട്. ഈ 650 പട്ടാളക്കാരെ ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട് എന്നത് ഒരു നിയോഗം പോലെ എന്നില്‍ വന്നെത്തിയതാണ്. 35 കൊല്ലം മുമ്പ് ഭരതേട്ടന്റെ അസിസ്റ്റന്റായിരിക്കേ ജോണ്‍പോളാണ് കയറിലെ ഈ ഭാഗം എന്നോട് പറയുന്നത്. തകഴിയുടെ കയറില്‍ രണ്ട് ചാപ്റ്ററിലൊരു പോസ്റ്റ്മാന്‍ വരുന്നുണ്ട്. അതൊരു സിനിമയാണ് ജയാ, എന്ന് ജോണ്‍പോള്‍ പറഞ്ഞു. അതങ്ങ് വിട്ടു. പിന്നീടൊരിക്കല്‍ ഞാനും ഭരതേട്ടനും, ജോണ്‍പോളും തകഴിച്ചേട്ടനെ കാണാന്‍ പോയിരുന്നു. ഭരതേട്ടന് രണ്ടിടങ്ങഴി വീണ്ടും സിനിമയാക്കാനുള്ള ആലോചനയിലായിരുന്നു അന്നത്തെ പോക്ക്. വീട്ടിലെത്തിയപ്പോള്‍ കാത്തച്ചേച്ചി പറയുന്നു, ഇപ്പോ പോയാല്‍ പഞ്ചായത്താപ്പീസില്‍ കാണുമെന്ന്. പോന്ന വഴി ചായക്കടയില്‍ കയറുന്നു, അവിടെ നിന്ന് അറിയുന്നു, ഇപ്പോ ചായകുടിച്ച് ഇറങ്ങിയതേയുള്ളു എന്ന്. വരമ്പിലൂടെ, ചേറിലൂടെ ഞങ്ങള്‍ തകഴിച്ചേട്ടനെ തേടി നടക്കുകയാണ്. പഞ്ചായത്താപ്പീസിലെത്തി. അവിടെ മേശയുടെ മോളില്‍ തോളത്തൊരു തോര്‍ത്ത് മാത്രമിട്ട് കര്‍ഷകരോട് സംസാരിച്ചിരിക്കുകയാണ് തകഴിച്ചേട്ടന്‍. കാലില്‍ ചേറൊക്കെ പുരണ്ടാണ് ഇരിപ്പ്. അതാണ് ആ മനുഷ്യന്‍. ലോകത്ത് നമ്മള്‍ മറ്റ് എഴുത്തുകാരെ നോക്കിയാല്‍ ഗുഡ് എര്‍ത്ത് എഴുതിയ പേള്‍ എസ് ബക്ക് ഉണ്ട്. ഒരു പാട് എഴുത്തുകാരുണ്ട്. പക്ഷേ തകഴിയെ പോലെ തകഴി മാത്രമേ ഉള്ളൂ. ഡൗണ്‍ ടു എര്‍ത്ത് എന്നല്ല മണ്ണിന്റെ, ചേറിന്റെ മണമുള്ള മനുഷ്യനെന്ന് തന്നെ പറയേണ്ടി വരും. കാലം ചുറ്റും പുരോഗമിക്കുമ്പോഴും കുട്ടനാട് ഇങ്ങനെയങ്ങ് നില്‍ക്കും. ആ ഭൂപ്രകൃതിയും മനുഷ്യരുമാണ് അദ്ദേഹത്തിന്റെ കൃതികള്‍ ഏറെയും. രണ്ടിടങ്ങഴിയൊക്കെ എത്ര ഗഹനമായ രചനയാണ്. അതുപോലെ ഞാന്‍ നോണ്‍ ഫീച്ചറായി ചെയ്ത വെള്ളപ്പൊക്കത്തില്‍, അതിന് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. പുരപ്പുറത്തൊരു നായ കയറിയിരുന്നു എന്ന ചിത്രത്തിലൂടെയാണ് വെള്ളപ്പൊക്കത്തിന്റെ ഭീതിയെ വരച്ചിടുന്നത്. നമ്മള്‍ കേട്ടിട്ടുപോലുമില്ലാത്ത വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള സൂക്ഷ്മ വിവരണമാണ്.

നവരസാ സീരീസില്‍ ഭയാനകം എന്ന ഭാവത്തിലേക്കും ചിന്തയിലേക്കും ഈ കൃതി എത്തിയതെങ്ങനെയാണ്?

കയര്‍ വായനയില്‍ ആ ചാപ്റ്ററുകളിലെക്ക് എത്തിയപ്പോള്‍ എന്നില്‍ ഉണ്ടായ വികാരം ഭയം ആണ്. യുദ്ധമാണ് നമ്മുടെ മനസ്സിനെ ഏറ്റവും ഭയപ്പെടുത്തുന്ന സംഗതി. ആ കഥ വായിക്കുമ്പോള്‍ സിനിമയായി പരിഗണിച്ചാല്‍ ഇതിനെ എങ്ങനെ ട്രീറ്റ് ചെയ്യാം എന്ന് ആലോചിച്ചു. നമ്മള്‍ ഓരോ കഥയിലേക്കും പ്രവേശിക്കുമ്പോള്‍ തന്നെ അറിഞ്ഞോ അറിയാതെയോ ഒരു താളം ഉണ്ടാകും. പിന്നെ ഒരു നിറവും. അതിനെക്കാള്‍ മൂഡ് എന്ന് പറയുന്നതാവും ശരി. ഞാന്‍ അസിസ്റ്റന്‍സിനോടും പറയാറുണ്ട് ഒരു സിനിമയിലേക്ക് കയറുമ്പോള്‍ ആദ്യം നിശ്ചയിക്കേണ്ടത് താളമാണെന്ന്. ഈ താളം എവിടെയെങ്കിലും നഷ്ടമാകുമ്പോഴാണ് സിനിമ മോശമാകുന്നത്. ഭയാനകത്തില്‍ സിനിമയുടെ മൂഡും നിറവും പ്രധാനമാണ്. നിറങ്ങളുണ്ടായിരുന്ന സ്ഥലം യുദ്ധം വന്നതിന് ശേഷം നിറങ്ങള്‍ നഷ്ടമായത് പോലെ തോന്നിപ്പിക്കുന്നതയിരുന്നു ഛായാഗ്രഹണ രീതി. അത് ഭംഗിയായി വന്നതിനാലാണ് നിഖിലിന് ഛായാഗ്രഹണത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചത്. എന്റെ തന്നെ ഫോര്‍ ദ പിപ്പിള്‍ എടുത്താല്‍ അതിന്റെ താളം വേറൊന്നാണ്. യുവത്വത്തിന്റെ ചടുലതയും ചലനവുമൊക്കെയാണ് ആ സിനിമയുടെ മൂഡ്. കരുണത്തിന് വേറൊരു താളമാണ്. ശാന്തം മറ്റൊന്നാണ്. സിനിമ മനസിലേക്ക് കയറുമ്പോള്‍ അതിനൊപ്പം വരുന്നതാണ് താളം. അങ്ങനെ ഓരോ സിനിമയും ആലോചിക്കുമ്പോള്‍ അതിന് യോജിക്കുന്ന താളവും മൂഡും ദൈവാധീനം പോലെ വന്നുകയറുന്നത് എന്റെ ഏറ്റവും വലിയ അനുഗ്രമായി കൂടി ഞാന്‍ കാണുന്നു. എന്റെ ഏറ്റവും മോശം സിനിമയെക്കുറിച്ചും ചിലരെങ്കിലും എന്നോട് നല്ലത് പറഞ്ഞിട്ടുണ്ട്. റെയിന്‍ റെയിന്‍ കം എഗയിന്‍ ഇഷ്ടമായെന്ന് സംസാരിച്ചവരുണ്ട്. ഞാന്‍ അത്ഭുതപ്പെട്ട കാര്യമാണ്. ആ സിനിമ കാണാന്‍ പറ്റുമോ എന്ന് ചോദിച്ച് മെയില്‍ ചെയ്തവരൊക്കെയുണ്ട്. സാഹിത്യബന്ധമുള്ള നിര്‍മ്മാതാവിനെ ലഭിച്ചത് കൂടി ഭയാനകം എന്ന സിനിമയുടെ നേട്ടമാണ്. ഡോ സുരേഷ്‌കുമാര്‍ മുട്ടത്താണ് ഭയാനകം നിര്‍മ്മിച്ചത്. അമേരിക്കയിലെ പ്രവാസിയാണ്. തകഴിയുടെ കഥ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ എക്‌സൈറ്റഡായാണ് ഈ സിനിമയ്ക്ക് നിര്‍മ്മാതാവായതാണ്.

ചരിത്രത്തില്‍ പോലും പേരില്ലാത്ത 650 കൂലിപ്പട്ടാളക്കാര്‍ക്കാണ് ഭയാനകം സമര്‍പ്പിക്കുന്നത്?

ഭയാനകം ഒരു പോസ്റ്റ് മാനിലൂടെയാണ് കഥ പറയുന്നത്. രണ്‍ജി പണിക്കരാണ് പോസ്റ്റ്മാന്‍. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരനാണ് ഈ പോസ്റ്റ് മാന്‍. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പാണ് ഇയാള്‍ പോസ്റ്റ്മാനായി കുട്ടനാട്ടിലെത്തുന്നത്. അയാളുടെ കാലിന് ചെറിയ തോതില്‍ വൈകല്യമുണ്ട്. യുദ്ധത്തില്‍ മുട്ടിന് വെടിയേറ്റതാണ്. 1930 ഓഗസ്റ്റിലാണ് പോസ്റ്റ്മാന്‍ കുട്ടനാട്ടിലേക്ക് വരുന്നത്. ഗൗരിക്കുഞ്ഞമ്മയുടെ വീട്ടിലാണ് അയാള്‍ താമസിക്കുന്നത്. ആശാ ശരത് ആണ് ഗൗരിക്കുഞ്ഞമ്മ. രണ്ട് മക്കളെയും പട്ടാളത്തില്‍ അയച്ച ഗൗരിക്കുഞ്ഞമ്മയ്ക്ക് പട്ടാളക്കാരോട് വലിയ ആരാധനയാണ്. അതിനാലാണ് പുതിയ പോസ്റ്റ്മാന് വീട്ടില്‍ താമസ സൗകര്യം കൊടുത്തിരിക്കുന്നത്. പോസ്റ്റ്മാനില്‍ നിന്ന് യുദ്ധകഥകളൊക്കെ കേള്‍ക്കുക അവരുടെ വിനോദവുമാണ്. യുദ്ധാനുഭവങ്ങളെ ആഘോഷിക്കുന്നയാളല്ല പോസ്റ്റ്മാന്‍, അയാള്‍ക്ക് അതിന്റെ കെടുതികളെക്കുറിച്ച് നന്നായറിയാം.
ഒരിക്കല്‍ യുദ്ധത്തില്‍ പങ്കെടുത്തതിന്റെ പരുക്കുകള്‍ അയാളുടെ ശരീരത്തില്‍ തന്നെയുണ്ട്. കുട്ടനാട്ടില്‍ നിന്ന് 650 ഓളം കൂലിപ്പട്ടാളക്കാര്‍ ബ്രിട്ടീഷുകാരോട് ചേര്‍ന്ന് എവിടേക്കോ പോയിട്ടുണ്ട്. പട്ടിണി കൊണ്ട് മാത്രമാണ് അവരത്രയും പട്ടാളത്തില്‍ പോയത്. കൊടുംപട്ടിണിയാണ് നാട്ടില്‍. പട്ടാളക്കാരുടെ വീട്ടിലേക്ക് കത്തും മണിയോര്‍ഡറുമായി എത്തുന്ന പോസ്റ്റ്മാന്‍ നാടിന് നല്ല ശകുനമായി മാറുകയാണ്. 1930ല്‍ ഓണം കഴിഞ്ഞ് മൂന്നാം ദിവസമൊക്കെ രണ്ടാം ലോകമഹായുദ്ധമാണ്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ പോസ്റ്റ് മാന്‍ ഭയാശങ്കളിലാകുന്നുണ്ട്. പക്ഷേ മറ്റുള്ളവര്‍ക്ക് യുദ്ധഭീതി അനുഭവപ്പെടുന്നുമില്ല. ഗൗരിക്കുഞ്ഞമ്മയ്ക്ക് പോലും അയാളുടെ പരിഭ്രമം മനസിലാകുന്നില്ല. കത്തുകള്‍ക്കായി തുഴഞ്ഞുപോകുന്ന പോസ്റ്റ്മാന്‍ തിരിച്ചെത്തുന്നത് കുറേ ടെലഗ്രാമുകളുമായാണ്. വടി കുത്തിയുള്ള പോസ്റ്റ്മാന്റെ വരവ് പിന്നീടങ്ങോട്ട് ദുശകുനമായി മാറുകയാണ്. ആ നാടിന് മരണദൂതനാവുകയാണ് ഈ പോസ്റ്റ്മാന്‍. വല്ലാത്ത ധര്‍മ്മസങ്കടമാണ് അയാളുടേത്. ഒരു പട്ടാളക്കാരനെ പോലും കാട്ടാതെ, വെടി ശബ്ദം പോലും കേള്‍പ്പിക്കാതെ, വടികുത്തി മുടന്തിനടക്കുന്ന ഒരു പോസ്റ്റ്മാനിലൂടെ
വെടിയൊച്ചയ്ക്ക് പകരം മുടന്തിനെ മറികടക്കാനുള്ള അയാളുടെ വടിയൊച്ചയിലൂടെ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭീകരത അനുഭവപ്പെടുത്താനാണ് ഭയാനകത്തില്‍ ശ്രമിച്ചത്.
സിനിമ തീരുമ്പോള്‍ നെഞ്ചിലൊരു ഭാരം എവിടെയൊക്കെയോ ഉണ്ടാകും. അതുകൊണ്ടാണ് ചരിത്രത്തില്‍ പോലും പേരില്ലാത്ത 650 കൂലിപ്പട്ടാളക്കാര്‍ക്ക് ഈ സിനിമ സമര്‍പ്പിച്ചത്. അത് നമ്മുടെ നാടിന്റെ ചരിത്രം തന്നെയാണ്. കുട്ടനാട്ടില്‍ ഇത്രയും വലിയ യുദ്ധക്കെടുതിയുണ്ടായിരുന്നുവെന്ന് നമ്മള്‍ അറിഞ്ഞില്ലല്ലോ എന്നും തോന്നാം.

കഥേതര വിഭാഗത്തില്‍ ദേശീയ അവാര്‍ഡ് നേരത്തേ കിട്ടിയത് തകഴിയുടെ വെള്ളപ്പൊക്കത്തില്‍ ഹ്രസ്വചിത്രമാക്കിയപ്പോഴാണ്. ഭയാനകത്തിലൂടെ വീണ്ടും തകഴിയിലേക്ക്. കോട്ടയംകാരനായ ജയരാജ് കുട്ടനാടിനെ അറിയുന്നത് തന്നെ തകഴിയില്‍ നിന്നാണോ?

ഞാന്‍ കുട്ടനാടിനെ അറിഞ്ഞത് തകഴിയിലൂടെ തന്നെയാണ്. കുട്ടനാടും ആലപ്പുഴയുമൊക്കെ കോട്ടയത്തിന് അടുത്താണ്. കടത്ത് കടന്ന് കായലിലൂടെ പോകുമ്പോഴൊക്കെ ഈ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കാറുണ്ടായിരുന്നു.. സഹസംവിധായകനാകാന്‍ വേണ്ടി ഒരു കഥ ഫാസിലിനോട് പറയാനാണ് കോട്ടയത്ത് നിന്ന് ആദ്യമായി ആലപ്പുഴയിലേക്ക് വരുന്നത്. കോട്ടയത്ത് നിന്ന് രാവിലെ ഏഴ് മണിക്കുള്ള ബോട്ടില്‍ വേമ്പനാട്ട് കായലിലൂടെ പോരുകയാണ്. അന്ന് മനോഹരമായ വിഷ്വല്‍സ് ആണ് നമ്മളെ എക്‌സൈറ്റ് ചെയ്യുന്നത്. കുട്ടനാടിന്റെയും കായലിന്റെയും പ്രകൃതി ഭംഗിയാണ് ആകര്‍ഷിച്ചത്, അവിടെയുള്ള ജീവിതം നമ്മളെ സ്പര്‍ശിക്കുന്നേയില്ല. തകഴിയിലൂടെയാണ് കുട്ടനാട്ടിലെ മനുഷ്യരിലേക്ക് എനിക്ക് പ്രവേശിക്കാനായത്.
രണ്ടിടങ്ങഴി വായിക്കുന്നത് മുപ്പത് കൊല്ലം മുമ്പാണ്. ഒരേ സമയം തകഴിയുടെയും കുട്ടനാടിന്റെയും ആരാധകനായിപ്പോയി. എന്തൊരു ഡീറ്റെയിലിംഗാണ്. പിന്നീട് കുട്ടനാട് കാണുമ്പോള്‍ ചേറ് കുത്തിപ്പൊക്കിയ കര്‍ഷകനെയും, സമുദ്രനിരപ്പില്‍ നിന്ന് താഴെ കൃഷിയൊരുക്കുന്ന കര്‍ഷകനെയും മുന്നില്‍ കാണും. പ്രകൃതി രമണീയതയ്ക്കപ്പുറം ഒരു ജനതയുടെ സഹനവും പ്രയത്‌നവും മനസില്‍ നിറയും അവരെക്കുറിച്ചൊക്കെ നമ്മള്‍ ചിന്തിക്കും. തകഴി എന്ന എഴുത്തുകാരന്റെ സംഭാവനകള്‍ നമ്മളുടെ തലമുറ വായനയിലൂടെ വീണ്ടും അറിയാന്‍ പോകുന്നതേയുള്ളൂ. ഞാന്‍, തോട്ടിയുടെ മകന്‍ അടുത്ത കാലത്ത് വീണ്ടും വായിച്ചിരുന്നു. എത്രയോ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതിയാണ്. അത് സിനിമയാക്കിയാലോ എന്ന് ആലോചിക്കുകയും ചെയ്തു. പിന്നീടാണ് മാന്‍ഹോള്‍ വരുന്നത്, അന്ന് സംസ്ഥാന അവാര്‍ഡും ലഭിച്ചു. അന്ന് ആ സംവിധായികയോട് ഞാന്‍ പറഞ്ഞിരുന്നു, മാന്‍ഹോള്‍ നിങ്ങള്‍ ചെയ്തിരുന്നില്ലേല്‍ തോട്ടിയുടെ മകന്‍ ഞാന്‍ ചെയ്തിരുന്നേനെ എന്ന്. മനുഷ്യന്റെ ജീവിതം ആഴത്തില്‍ നോക്കിക്കാണാനുള്ള സവിശേഷമായ കഴിവുള്ള എഴുത്തുകാരനായിരുന്നു തകഴി.
ചെമ്മീന്‍ മാത്രമാണ് തകഴി കുട്ടനാട് വിട്ട് കടലിനെക്കുറിച്ച് എഴുതിയത്. അതോ, കടല്‍ പശ്ചാത്തലമായ ലോകോത്തര രചനയായി മാറി. ജീവിതത്തെക്കുറിച്ച് അത്രമാത്രം ഉള്‍ക്കാഴ്ചയുള്ള സാഹിത്യകാരനായിരുന്നു തകഴി. എഴുതുമ്പോള്‍ ചെമ്പന്‍കുഞ്ഞോ പരീക്കുട്ടിയോ മനസില്‍ ഇല്ല എഴുതിത്തുടങ്ങുമ്പോള്‍ അങ്ങ് വരികയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. ഒറ്റ പ്രാവശ്യമേ എഴുതുകയുള്ളൂ, തിരുത്തിയെഴുത്തൊന്നുമില്ല. വായിച്ച് നോക്കുന്നുമില്ല. എന്തൊരു വലിയ എഴുത്തുകാരനാണ്.

നവരസ സീരീസ് എന്നതിനപ്പുറം ഓരോ സിനിമയ്ക്കും മറ്റ് പല ഭാവങ്ങളുമുണ്ടായിരുന്നില്ലേ? കൂട്ടത്തിലായിരിക്കേ തന്നെയുള്ള ഒറ്റപ്പെട്ടല്‍ ഒരു തീം എന്ന നിലയ്ക്ക് ഇതിനൊപ്പം വന്നിരുന്നോ?

ഒറ്റപ്പെടല്‍ എന്ന് നിര്‍വചിക്കാനാകില്ല. വേദനകള്‍ തന്നെ പലവിധമാണല്ലോ, മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട അച്ഛനമ്മമാര്‍ അനുഭവിക്കുന്ന വേദനയുണ്ട്. ശാന്തത്തില്‍ മക്കള്‍ പരസ്പരം വെട്ടിമരിക്കുന്നത് കാണേണ്ടി വന്ന വിധവയായ സ്ത്രീയുടെയും മറ്റൊരു അമ്മയുടെയും വേദനയുണ്ട്. ലൗഡ് സ്പീക്കറില്‍ സ്വന്തം വേദന ഉള്ളിലൊതുക്കി മറ്റുള്ളവരെ സന്തോഷിപ്പിച്ച് പോകുന്നയാളുടെ വേദനയുണ്ട്. അവിടെ അയാളുടെ നന്മയാണെങ്കിലും ആത്യന്തികമായി നിലനില്‍ക്കുന്ന കംപാഷനാണ്. ദേശാടനത്തില്‍ അത് നഷ്ടപ്പെടലാണ്. അവന്‍ പോലും ചിന്തിക്കാത്ത അര്‍ത്ഥതലങ്ങളിലേക്കാണ് ആ നഷ്ടപ്പെടല്‍. ബാലവേലയില്‍ പെട്ട് ഇരുളിലേക്ക് പോകുമ്പോഴാണ് ഒറ്റാലില്‍ ഒറ്റപ്പെടല്‍ അറിയുന്നത്. ഭയാനകത്തില്‍ ആശാ ശരത് അവതരിപ്പിക്കുന്ന ഗൗരിക്കുഞ്ഞമ്മ എന്ന കഥാപാത്രമുണ്ട്. അവരുടെ രണ്ട് മക്കളും പട്ടാളത്തിലാണ്. യുദ്ധത്തില്‍ ഓരോരുത്തരായി കൊഴിഞ്ഞുവീഴുമ്പോഴും എന്റെ മക്കള്‍ ഒരിക്കലും തോല്‍ക്കില്ലെന്നാണ് കുഞ്ഞമ്മ വിശ്വസിക്കുന്നത്. യുദ്ധത്തില്‍ മരിച്ചാലും വീരന്‍മാരാണല്ലോ. കുഞ്ഞമ്മയുടെ വീട്ടിലാണ് അവിടത്തെ പോസ്റ്റ്മാന്‍ താമസിക്കുന്നത്. ആ പോസ്റ്റ് മാന്റെ സഞ്ചിക്കകത്ത് ചിലപ്പോള്‍ അവരുടെ ഒരു മകന്റെ മരണമുള്ള ടെലഗ്രാം വച്ചിട്ടുണ്ടാകാം. മനുഷ്യര്‍ നേരിടുന്ന പലതരം വേദനകളിലൂടെ, അവ അടുത്തറിഞ്ഞ് സിനിമ ചെയ്യാനാണ് ശ്രമിച്ചത്.

ഒറ്റാല്‍ കഴിഞ്ഞപ്പോള്‍ നവരസ പരമ്പര പൂര്‍ത്തിയാക്കിയ ശേഷമേ മറ്റ് സിനിമകളിലേക്ക് കടക്കൂ എന്ന് പറഞ്ഞിരുന്നു. ഈ ഒമ്പത് സിനിമകളില്‍ നിന്ന് ജയരാജ് എന്ന ചലച്ചിത്രകാരനെ എങ്ങനെയാണ് ആസ്വാദകര്‍ക്കും അക്കാദമിക് തലത്തിലുമൊക്കെ വായിച്ചെടുക്കാനാവുക എന്ന് ചിന്തിച്ചിട്ടുണ്ടോ?

ആ സിനിമകളെല്ലാം ഒന്നിച്ച് റിലീസ് ചെയ്യുകയും. ഞാനും നിങ്ങളും ഒരുമിച്ച് കാണുകയും ചെയ്യുമ്പോള്‍ മാത്രം സംഭവിക്കേണ്ടതാണ് അത്തമൊരു വായനയും വിലയിരുത്തലും. എനിക്കും എന്നെക്കുറിച്ച് വലിയ പിടിയില്ല (ചിരിക്കുന്നു). നവരസ പരമ്പര ഞാനും കൂടെ കാണുമ്പോള്‍, അത് എനിക്കും ഒരു തിരിഞ്ഞുനോട്ടമാകും. എന്റെ ബലഹീനതയായോ, ഒബ്‌സഷനായോ വരുന്ന ചില ഇമോഷന്‍ ഉണ്ടാകും. ഓരോ സിനിമ ചെയ്യുന്നു, ചിലതില്‍ കാര്യമായി വീഴ്ചയുണ്ടാകുന്നു. അപ്പോഴും ഫിലോസഫിക്കലായ ചില സംഗതികള്‍ നമ്മുടെ ചിന്തയെയും ജീവിതത്തെയും സഹായിക്കുന്നുണ്ട്. നിയോഗങ്ങള്‍ എന്നൊക്കെ പറയാനാകുന്നത്. ദേശാടനത്തിന്റെ കാര്യത്തില്‍ തന്നെ ചില കാര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കാതെ സംഭവിച്ചതാണ്. കഥയെഴുതുന്നിടത്ത് കളിക്കാന്‍ വന്നിരുന്ന പെണ്‍കുട്ടിയെയാണ് ദേശാടനത്തിന്റെ കഥയിലേക്ക് കൊണ്ട് വന്നതാണ്. മൈലാപ്പൂരില്‍ എവിടെയോ ഗായത്രി ജപിച്ചിരുന്ന കുട്ടിയെ മനസിലോര്‍ത്താണ് ആ രംഗങ്ങളൊക്കെ സൃഷ്ടിക്കുന്നത്. ശാന്തം സിനിമയുടെ ക്ലൈമാക്‌സില്‍ ഇതുപോലെ സംഭവിച്ചിട്ടുണ്ട്. വാളുകള്‍ക്ക് മുന്നില്‍ കൈകള്‍ ഉയര്‍ത്തിയിരിക്കുന്ന അമ്മമാരിലാണ് ആ സിനിമ അവസാനിക്കുന്നത്. ഷൂട്ട് ചെയ്യുന്ന സമയത്ത് കൈകള്‍ക്ക് ഏറ്റവും മുന്നിലുള്ള വാളില്‍ ഒരു തുമ്പി വന്നിരുന്നു. റീ ടേക്കിലും ഏറ്റവും ഉയര്‍ന്ന വാളില്‍ ഇരിക്കുന്ന തുമ്പിയെ ലഭിച്ചു. പല ഫെസ്റ്റിവലിലും പലരും ചോദിച്ചത് ഈ ഷോട്ടിനെക്കുറിച്ചാണ്. അത് സത്യത്തില്‍ എന്റെ ഷോട്ട് അല്ല. അത്തരം അനുഗ്രഹങ്ങള്‍ ഒറ്റാലിലും സംഭവിച്ചിട്ടുണ്ട്. ഷൂട്ടിന് മുന്ന് ദിവസം മുമ്പും അതില്‍ അഭിനയിക്കേണ്ട ആളെ കിട്ടിയിട്ടില്ല. ഈ സിനിമയില്‍ അഭിനയിക്കാന്‍ യോഗമുള്ള ആള്‍ നമ്മുടെ മുന്നിലേക്ക് വരുമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ വേമ്പനാട്ട് കായലിലൂടെ പോകുമ്പോള്‍ വള്ളം തുഴഞ്ഞ് ഞങ്ങള്‍ക്കരികിലേക്ക് എത്തിയ ആളാണ് കുമരകം വാസവന്‍. അങ്ങനെ പലതും അനുഗ്രഹമായി സംഭവിച്ചിട്ടുണ്ട്. ആയിരത്തോളം വെള്ളക്കൊറ്റികള്‍ കുട്ടപ്പായി ഇറങ്ങി ഓടുമ്പോള്‍ പറന്ന് പോകുന്ന സീന്‍ ഇതുപോലെ ഉണ്ടായതാണ്. കുട്ടനാട്ടിലൂടെ പോയപ്പോള്‍ പ്രകൃതി ഞങ്ങളിലെത്തിച്ച സൗന്ദര്യവും സംഭാവനയുമാണ് പലതും. ഭയാനകത്തില്‍ യുദ്ധത്തിന്റെ ഭീതി അന്തരീക്ഷത്തില്‍ അനുഭവപ്പെടുത്താന്‍ മഴ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നു. മഴ കൃത്രിമമായി ഉണ്ടാക്കാന്‍ വണ്ടി കൊണ്ടുവരട്ടേയെന്ന് പ്രൊഡക്ഷന്‍ മാനേജര്‍ ചോദിച്ചു. പക്ഷേ അത് വേണ്ടി വന്നില്ല. പ്രകൃതി തന്നെ മഴയുമായി കൂടെ നിന്നു. ഞങ്ങള്‍ക്ക് വേണ്ടിയാണ് ആ സമയത്ത് മഴ പെയ്തിരുന്നതെന്ന് തോന്നിയിട്ടുണ്ട്. കാറ്റും ഇടി വെട്ടലും കൊറ്റികള്‍ പറക്കുന്നതുമെല്ലാം ആ സിനിമയ്ക്ക് ആവശ്യമുള്ള സമയത്തൊക്കെ സംഭവിച്ചതാണെന്ന് തോന്നിയിട്ടുണ്ട്.

ഇവിടെ രണ്ടാം ലോക മഹായുദ്ധകാലത്തെ പട്ടാളക്കാരനായി രണ്‍ജി പണിക്കരാണ്. അഭിനേതാക്കളുടെ കാര്യത്തില്‍ പതിവുകളെ ഉപേക്ഷിച്ച് നീങ്ങുകയെന്നത് മുമ്പും കണ്ടിട്ടുണ്ട്. ശാന്തം കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം പറഞ്ഞപ്പോള്‍ ഐ എം വിജയനായിരുന്നു, കളിയാട്ടത്തിലൂടെ ലാല്‍ അഭിനേതാവാകുന്നു, കരുണത്തില്‍ വാവച്ചന്‍, ഒറ്റാലില്‍ കുമരകം വാസവന്‍.

ബാഹ്യസമ്മര്‍ദ്ദങ്ങളില്‍ എനിക്ക് സിനിമ ചെയ്യാനാകില്ല. ലൊക്കേഷനില്‍ പുറത്തുനിന്ന് ആളുകളൊക്കെ വന്ന് അടുത്ത് നിന്നാല്‍ പോലും ഞാന്‍ അസ്വസ്ഥനാകും. അത്രയും ആളുകള്‍ കുറഞ്ഞ് ചിത്രീകരിക്കാനാവുക, ബഹളങ്ങളില്ലാത്ത ലൊക്കേഷനൊക്കെയാണ് എന്റെ ഇഷ്ടം. നമ്മുടെ മനസില്‍ കഥ കേള്‍ക്കുമ്പോള്‍ ഫോം ചെയ്യുന്ന മുഖങ്ങളുണ്ട്. അത് നമ്മുടെ പ്രധാന താരങ്ങളിലൊരാള്‍ ആവണമെന്നില്ല. ആ കഥയില്‍ നിന്ന് രൂപപ്പെടുന്ന കഥാപാത്രത്തിന്റെ മുഖമാണ്. അതിനോട് സാമ്യമുള്ള ആളുകളെ നമ്മള്‍ അന്വേഷിക്കുകയാണ്. അങ്ങനെയാണ് വാവച്ചനും വാസവനും ലാലുമൊക്കെ കഥാപാത്രങ്ങളാകുന്നത്. ഈ സിനിമയില്‍ രണ്‍ജി പണിക്കരിലേക്ക് എത്തിയതും അങ്ങനെയാണ്. എല്ലാ സമയത്തും ഈ സ്വാതന്ത്ര്യം ലഭിക്കണമെന്നില്ല. നിര്‍മ്മാതാവ് കൂടി ഈ കാര്യത്തില്‍ പിന്തുണയുമായി കൂടെയുണ്ടാകണം. കഥയിലേക്ക് കയറുമ്പോള്‍ എന്റെ മനസില്‍ രൂപപ്പെട്ടതിന് അനുയോജ്യമായ ആളുകളെ കിട്ടാന്‍ സ്വാതന്ത്ര്യം ലഭിച്ചത് എനിക്ക് വലിയ നേട്ടമായിരുന്നുവെന്നാണ് കരുതുന്നത്. ദേശാടനത്തിലാണ് അങ്ങനെ ആദ്യം അവസരം ലഭിച്ചത്. പിന്നീട് ഞാന്‍ ഈ സ്വാതന്ത്ര്യം ഞാന്‍ കളഞ്ഞുകുളിച്ചു. ആ സ്വാതന്ത്ര്യത്തിനുള്ള സാഹചര്യം തുടര്‍ന്ന് സൂക്ഷിക്കണമെന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പിന്നെ രണ്‍ജി പണിക്കരുടെ കാര്യം. രണ്‍ജി എന്റെ അടുത്ത സുഹൃത്താണ്. രണ്‍ജിയുടെ ഗോദ വരെയുള്ള സിനിമകള്‍ ഞാന്‍ കണ്ടതാണ്. പക്ഷേ എല്ലാ സിനിമകളിലും രണ്‍ജി പണിക്കരെ തന്നെ എനിക്ക് ഫീല്‍ ചെയ്യുമായിരുന്നു. ഈ സിനിമയില്‍ രണ്‍ജി ഇല്ല. ഇതില്‍ പോസ്റ്റ്മാന്‍ മാത്രമേ ഉള്ളൂ. നിങ്ങള്‍ ഈ സിനിമ കണ്ട് നോക്കൂ, സത്യത്തില്‍ ഈ സിനിമയില്‍ സംവിധായകനുള്ള ദേശീയ പുരസ്‌കാരത്തെക്കാള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നത് രണ്‍ജിക്ക് അഭിനയത്തിന് അവാര്‍ഡ് കിട്ടുമെന്നായിരുന്നു. അത്രയും സട്ടിലായി, ഗംഭീരമായി ചെയ്തിട്ടുണ്ട്. രണ്‍ജിയില്‍ ഇത്രയും മികച്ചൊരു നടനുണ്ടെന്ന് ഞാന്‍ മനസിലാക്കിയത് ഭയാനകത്തിന് ശേഷമാണ്.

മഴ പശ്ചാത്തലമായ സിനിമ എന്ന ആലോചയനില്‍ നിന്ന് നവരസാ സീരീസില്‍ എത്തി, മഴയുടെ നവഭാവങ്ങളുള്ള സിനിമകള്‍ കൂടിയാണോ ഈ സീരീസ്?

അതെ, അത്ഭുതത്തില്‍ മാത്രമാണ് മഴ വരാത്തത്. ഐ സി യുവില്‍ ദയാവധം കാംക്ഷിച്ചു കിടക്കുന്ന ഒരാളുടെ കഥയാണ് അത്ഭുതം. അവിടെ മഴ പശ്ചാത്തലമാക്കാനാകില്ല. പക്ഷേ അയാള്‍ മരണത്തിന് മുമ്പ് മഴയെക്കുറിച്ചും പുഴയെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ബീഭല്‍സത്തിലും മഴയുടെ സാന്നിധ്യമുണ്ട്. വീരം ഏറ്റവും വലിയ ദുരന്തനാടകമാകുന്ന അവസാന രംഗം മഴയുടെ കൂടെയാണ്. മഴയുടെ വീരഭാവമാണ്. ബര്‍മിംഗ് ഹാമിലെ കാടുകള്‍ നിനക്കെതിരെ വരുമ്പോഴാണ് നിന്റെ മരണമെന്ന് ഉള്ളത് തുളുനാടന്‍ കാടും മഴയുമെന്നാണ് ഞങ്ങള്‍ തിരുത്തിയത്. മഴയുടെ നവരസങ്ങള്‍ എന്നത് മനുഷ്യന്റെയും സമൂഹത്തിന്റെയും നവരസങ്ങളായും കാണാം. ദയാവധവും, അധികാരക്കൊതിയും, ചൈല്‍ഡ് അബ്യൂസും, ട്രാജഡി ഓഫ് അമ്പീഷനും, വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടലും എല്ലാ സമൂഹത്തിന്റെ ഭാവങ്ങളാണല്ലോ. രാജ്യാന്തര പ്രേക്ഷക സമൂഹത്തിന് മുന്നില്‍ നവരസ പരമ്പരയിലെ സിനിമകളെല്ലാം എത്തുമ്പോള്‍ വലിയ വായനാ സാധ്യതകളുണ്ടാകും എന്ന് തന്നെയാണ് വിശ്വാസം.

ഈ പരമ്പരയില്‍ ഇനി മൂന്ന് സിനിമകള്‍ കൂടി ഉണ്ട്. ഹാസ്യം,രൗദ്രം,ശൃംഗാരം ആ സിനിമകളിലേക്കുള്ള ആലോചനകളിലേക്ക് കടന്നോ?

ഹാസ്യം എന്ന സിനിമ ആലോചിക്കുമ്പോള്‍ എന്റെ മനസില്‍ രണ്ട് ചോദ്യങ്ങളാണ് ഉള്ളത്. എന്താണ് യഥാര്‍ത്ഥ ഹാസ്യം?. അത് ജീവിതത്തിന്റെയും ലോകത്തിന്റെയും സത്യങ്ങള്‍ മനസിലാക്കിയ ശേഷം നമ്മുടെ മുഖത്തെ പ്രകാശിപ്പിക്കുന്ന എന്‍ലൈറ്റ്‌മെന്റിന്റെ ചിരിയാണോ എന്നത് ആദ്യ ചോദ്യം. ബുദ്ധന്റെയും ശ്രീരാമകൃഷ്ണ പരമഹംസരുടെയും ജീസസിന്റെയുമൊക്കെ മുഖത്ത് കാണാനാകുന്ന ചിരിയാണ് ഈ പറഞ്ഞത്. അത് എന്നും നിലനില്‍ക്കുന്ന ചിരിയാണ്. അതേക്കുറിച്ചാണോ, താല്‍ക്കാലിക ആനന്ദത്തിന്റെ ഭാഗമായി നമ്മളില്‍ ഉണ്ടാകുന്ന ചിരിയാണോ ഞാന്‍ സിനിമയില്‍ പറയേണ്ടത് എന്ന ചോദ്യമുണ്ട്. ഞാന്‍ ഹാസ്യത്തില്‍ പറയാന്‍ ആഗ്രഹിക്കുന്നത് ആദ്യത്തെ ചിരിയാണ്. നമ്മള്‍ മുമ്പ് സംസാരിച്ചപ്പോള്‍ പറഞ്ഞത് പോലെ വാവച്ചന്റെ ചിരി. അത് ജന്മനാ ഉണ്ടായ ചിരിയാണ്. ലോകത്തെ ഏറ്റവും സുന്ദരമായ ചിരിയാണ് വാവച്ചന്റേത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വാവച്ചന്‍ ഒരിക്കലും ബയാസ്ഡ് അല്ല, നേരത്തെ തന്നെ എന്‍ലൈറ്റഡ് ആയ ആളാണ്. വാവച്ചന്റെ ചിരിയില്‍ ഉള്ളതല്ലേ ചിത്രീകരിക്കേണ്ട ഹാസ്യം എന്ന് തോന്നിയിട്ടുണ്ട്. വാവച്ചന്റേതാണോ, ബുദ്ധന്റേതാണോ ആ ചിരി എന്നതില്‍ ഞാന്‍ ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ല.

പിന്നെ ശൃംഗാരം, ഏറ്റവും സുന്ദരമായ ശൃംഗാരം വിപ്രലംബ ശൃംഗാരമാണ്. കാളിദാസന്‍ പോലും ശാകുന്തളത്തില്‍ പറഞ്ഞിട്ടുണ്ട്. പരസ്പരം ചേരാന്‍ ആഗ്രഹിക്കുന്നവര്‍ വേര്‍പിരിഞ്ഞിരിക്കുമ്പോഴുണ്ടാകുന്നത് കൂടിയാണ് ശൃംഗാരം. അതാണ് വിപ്രലംബം. അത് വലിയ വേദനയാണ്. നമ്മുടെ കുട്ടികള്‍ മിസ്സ് യൂ എന്നൊക്കെ ടൈപ്പ് ചെയ്ത് അയക്കുമല്ലോ, അത് പോലെയല്ല. ഒരു കമ്യൂണിക്കേഷനും സാധ്യമല്ലല്ലോ. കമ്യൂണിക്കേറ്റ് ചെയ്യാനും സഹിക്കാനും പറ്റാത്ത വേദനയാണ്. മേഘസന്ദേശത്തിലും ഇത് പറയുന്നുണ്ട്. എല്ലാ പ്രണയകാവ്യങ്ങളിലും വിരഹ വേദനയുണ്ട്. പിന്നെ രൗദ്രം. രൗദ്രത്തില്‍ രുദ്രതാണ്ഡവം തന്നെയാണ് എനിക്ക് മനസില്‍ രൂപപ്പെട്ടിരിക്കുന്നത്. അതില്‍ അന്വേഷണത്തിലൂടെ എത്തിച്ചേരേണ്ടിയിരിക്കുന്നു. അഘോരികളിലും ദിഗംബരന്‍മാരിലും എത്തിച്ചേരാം. എന്നാല്‍ ഈ പറഞ്ഞ മൂന്ന് രസങ്ങളില്‍ ഉള്ള സിനിമ എന്റെ മനസില്‍ രൂപപ്പെടുന്നതേയുള്ളൂ.

സമാന്തര സിനിമകളെന്നും വാണിജ്യസിനിമകളെന്നുമുള്ള വേര്‍തിരിവിനെ ഇല്ലാതാക്കുന്ന സിനിമകള്‍ മലയാളത്തില്‍ സംഭവിക്കുകയല്ലേ, തൊണ്ടിമുതലും സുഡാനിയും പോലുള്ള സിനിമകള്‍ ജീവിതത്തെ അത്രയേറെ സത്യസന്ധതയോടെ കലര്‍പ്പില്ലാത്ത ആവിഷ്‌കരിച്ച് വിജയിച്ചിട്ടുമുണ്ട്. റിയലിസ്റ്റിക് സിനിമകളെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ വര്‍ധിച്ച കാലത്ത് തിയറ്ററിന് വേണ്ടി കൂടിയല്ലേ ഇനി സിനിമകള്‍ വരേണ്ടത്. ?

പ്രോപ്പര്‍ലി റിലീസ് നടന്നിരുന്നെങ്കില്‍ ഒറ്റാല്‍ സൂപ്പര്‍ഹിറ്റായേനേ എന്നാണ് ഞാന്‍ കരുതുന്നത്. ഭയാനകവും അത്തരത്തില്‍ തിയറ്ററില്‍ റിലീസ് ചെയ്യാനാകുന്ന സിനിമയാണ്. കമേഴ്‌സ്യല്‍-ആര്‍ട്ട് ഹൗസ് വേര്‍തിരിവില്ലാതെ എത്തിയത് കൊണ്ടാണ് ദേശാടനം തിയറ്ററില്‍ വലിയ വിജയമായത്. അടൂര്‍ സാറിനോട് അന്ന് ഞങ്ങളിത് സംസാരിച്ചിരുന്നു അന്ന്. സാറിന്റെ കൊടിയേറ്റം വലിയ ഹിറ്റായിരുന്നു. പരീക്ഷണ സിനിമകള്‍ സൂപ്പര്‍ ഹിറ്റാവുന്ന കാലമാണ് ഞാനും കാത്തിരുന്നത്. 96ല്‍ ഞങ്ങളുടെ നിര്‍മ്മാണ കമ്പനിയുടെ പേര് ന്യൂജനറേഷന്‍ സിനിമ എന്നായിരുന്നു. പരീക്ഷണ ചിത്രം തിയറ്ററിലും വിജയിക്കുമെന്ന് പ്രൂവ് ചെയ്യാന്‍ നമ്മുക്ക് കഴിഞ്ഞു, പക്ഷേ അത് പോലുള്ള സിനിമകള്‍ തുടരാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അന്ന് സംവിധായകരാണ് മാറിയതെങ്കില്‍ ഇപ്പോള്‍ സംവിധായകര്‍ക്കൊപ്പം പ്രേക്ഷകരും വലിയ തോതില്‍ മാറി. നമ്മുടെ പുതിയ തലമുറയിലെ കുട്ടികള്‍ സത്യസന്ധമായ സിനിമ ചെയ്യുകയാണ്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സുഡാനി ഫ്രം നൈജീരിയ എന്നീ സിനിമകള്‍ നോക്കൂ, അത്രമാത്രം സത്യസന്ധമായ സിനിമകളാണ്. അതിഭാവുകത്വമേയില്ല. മനുഷ്യനോടും ജീവിതത്തോടും ചേര്‍ന്ന് നീങ്ങുന്ന സിനിമകളാണ്. നമ്മള്‍ വന്ന സിനിമാ പാറ്റേണില്‍ പോലും അത്രമാത്രം സൂക്ഷ്മതയുണ്ടായിരുന്നില്ല. പ്രേക്ഷകരും അത്രമാത്രം വളര്‍ന്നതിനാലാണ് ഇങ്ങനെയുള്ള സിനിമകള്‍ക്ക് പിന്തുണ വര്‍ദ്ധിക്കുന്നത്. ജീവിതത്തിന്റെ പരിച്ഛേദം അവതരിപ്പിക്കാണ് സുഡാനിയില്‍ സക്കറിയ ശ്രമിച്ചത്. പഴയ കണ്‍സെപ്ട് ആണേല്‍ നൈജീരിയക്കാരനെ കൊണ്ട് വീണ്ടും പന്ത് കളിപ്പിച്ച് കളി ജയിപ്പിക്കാം എന്നിട്ട് സിനിമ അവസാനിപ്പിക്കാം എന്നൊക്കെ ആലോചിക്കും.. അതൊക്കെ സക്കറിയ വേണ്ടെന്ന് വച്ചു. അതേ പോലെ നായകന്‍ മജീദിന് കാമുകിയോ നായികയോ ഇല്ല. യഥാര്‍ത്ഥ ജീവിതത്തിന്റെ ഏറ്റവും അടുത്തുനില്‍ക്കുന്ന അവതരണം തന്നെയായിരുന്നു സുഡാനി ഫ്രം നൈജീരിയ.

പുതുതലമുറയില്‍ ഇത്തരത്തില്‍ പ്രതീക്ഷ പുലര്‍ത്തുന്നവരെന്ന് തോന്നിയ സംവിധായകര്‍ ആരെയൊക്കെയാണ്?

ദിലീഷ് പോത്തനാണ് ഞാന്‍ ഇപ്പോള്‍ കണ്ടതില്‍ ഏറ്റവും പ്രോമിസിംഗ് ആയ ഫിലിം മേക്കര്‍. ദിലീഷിന് ജീവിതം അറിയാം,അത്ര തന്നെ സിനിമയും. ഇടുക്കിയില്‍ ഞാന്‍ ജീവിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഭാഷയും അവരുടെ സവിശേഷമായ ജീവിതവുമൊക്കെ അത്രമാത്രം സൂക്ഷ്മതയോടെയാണ് ദിലീഷ് പകര്‍ത്തിയിരിക്കുന്നത്. പോലീസുകാരെ നമ്മളും കഥാപാത്രങ്ങളായി അഭിനയിപ്പിച്ചിട്ടുണ്ട്. നല്ല പാടാണ് അവരെ അഭിനയിപ്പിക്കാന്‍, എന്നാല്‍ എത്രമാത്രം അനായാസമായാണ് തൊണ്ടിമുതലില്‍ പോലീസുകാരെ തന്നെ പോലീസ് റോളുകളില്‍ അഭിനയിപ്പിച്ചിരിക്കുന്നത്. അവതരണത്തില്‍ അവിടെ നിന്നും ഒരുപാട് മുന്നില്‍ പോയി സുഡാനി. സുഡാനി തന്നെയാണ് ശ്രദ്ധിക്കേണ്ട പടം. തൊണ്ടിമുതലില്‍ അനുരാഗ് കശ്യപൊക്കെ ചെയ്യുന്നത് പോലെ സാധാരണ ജീവിതത്തിലെ ചില േ്രഗ ഷേഡ് ഏരിയയൊക്കെ വരുന്നുണ്ട്. സുഡാനി അവിടെ നിന്നും ഒട്ടുമേ സിനിമാറ്റിക്കല്ലാത്ത പച്ച ജീവിതത്തിലേക്ക് കടന്നു. ബൈസിക്കിള്‍ തീവ്‌സില്‍ ക്ലൈമാക്‌സില്‍ മകന്‍ അച്ഛന്റെ കയ്യില്‍ പിടിക്കുമ്പോള്‍ നമ്മള്‍ അറിയാതെ വിങ്ങിപ്പൊട്ടിപ്പോകും. സുഡാനി കണ്ടിറങ്ങുമ്പോള്‍ നമ്മളുടെ മനസിലും ഒരു നന്മയുണ്ടാകുന്നുണ്ട്. സൂക്ഷ്മമായി നന്മയുടെ അംശമുണ്ട് സുഡാനിയില്‍.

ഞാനും വാവച്ചനും ഒരു ദിവസം പഥേര്‍ പാഞ്ചാലി കാണാനിരുന്നു. ഞാന്‍ പറഞ്ഞു, വാവച്ചാ, വാവച്ചന് മനസിലാകത്തില്ല, ഭാഷ വേറെയാണ് സബ് ടൈറ്റിലും വായിക്കാനാകില്ല എന്ന്. കുഴപ്പമില്ല ഞാന്‍ കണ്ടോളാം എന്ന് വാവച്ചന്‍. ദുര്‍ഗയുടെ മരണ രംഗത്ത് ഞാന്‍ കരയുമ്പോള്‍ അടുത്തിരുന്ന വാവച്ചനും കണ്ണ് തുടയ്ക്കുകയാണ്. സിനിമയുടെ സംവേദനത്തിന് ഭാഷ പോലും വേണ്ടെന്നല്ലേ മനസിലാക്കേണ്ടത്. സുഡാനിയിലും അതുപോലെയാണ് മാനുഷിക വികാരങ്ങള്‍ കണ്‍വേ ചെയ്യപ്പെട്ടത്. അത്രയേറെ സൂക്ഷ്മതയോടെ ജീവിതം പ്രതിഫലിപ്പിച്ചതിനാലാണ് സുഡാനിക്ക് ഭംഗി കൂടിയത്. ഒരിടത്തും അതിഭാവുകത്വം വന്നില്ല. വലിച്ചുനീട്ടലുണ്ടായില്ല. ആ സിനിമ എനിക്കും പാഠമാണ്. ഞാനെന്ന ചലച്ചിത്രകാരനെയും സക്കറിയ പഠിപ്പിക്കുകയാണ്. കണ്‍വെന്‍ഷനല്‍ രീതികളെ വിട്ടുപിടിച്ച് പോകുമ്പോഴും കുറേക്കൂടി സാമ്പ്രദായിക ശൈലികള്‍ എന്നില്‍ നിന്ന് പൊളിഞ്ഞ് പോകാനുണ്ടെന്നാണ് സുഡാനി കണ്ടപ്പോള്‍ തോന്നിയത്. നമ്മള്‍ വന്ന വഴികളിലും പഠിച്ചതിലുമൊക്കെയാണ് സാമ്പ്രദായികത പിടികൂടുന്നത്. കണ്ട് വളര്‍ന്ന സിനിമകളുടെ സ്വാധീനമാവാം നമ്മുടെ സിനിമകളിലും കാണുന്നത്. സുഡാനി കൂടെ കണ്ടപ്പോള്‍ ഈ തലമുറയില്‍ ഞാന്‍ ഏറ്റവും മുന്നില്‍ കാണുന്നത് സക്കറിയ എന്ന ഫിലിം മേക്കറിനെയാണ്. ഞാന്‍ സിനിമ കണ്ടയുടനെ അവനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. മലയാള സിനിമയിലെ വലിയ കണ്ടെത്തലാണ് സക്കറിയ. അവന് ഇനിയും മികച്ച സിനിമകള്‍ ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം പത്ത് വര്‍ഷം മുമ്പ് ഞാന്‍ ജൂറിയായ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ട്രാഫിക് ബ്ലോക്ക് എന്ന ഷോര്‍ട്ട് ഫിലിം സക്കറിയയുടേത് ഉണ്ടായിരുന്നു. ഞാന്‍ അത്ഭുതപ്പെട്ടുപോയി. അതിനായിരുന്നു ഒന്നാം സമ്മാനം. ഉറുമ്പുകള്‍ മാത്രം സഞ്ചരിക്കുന്ന വഴിയില്‍ ട്രാഫിക് ശബ്ദമിട്ടിരുന്നു. അന്ന് അത്രയും വലിയ ഉള്‍ക്കാഴ്ചയോടെ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തയാളാണ് സക്കരിയ. വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പ്രാപ്തിയുള്ള ചെറുപ്പക്കാരാണ് അവരൊക്കെ. ഇവര്‍ സിനിമയ്ക്ക് വേണ്ടി പുറപ്പെട്ടതുമല്ല, സിനിമയില്‍ എത്തി നിന്നെന്ന് മാത്രം. ഞാന്‍ സക്കരിയയോട് പറഞ്ഞു, മോനേ അടുത്ത സിനിമയാണ് നീ ശ്രദ്ധിക്കേണ്ടതെന്ന്. ഒരിക്കലും കണ്ടീഷന്‍ഡ് ആവരുത്. നാളെ വലിയൊരു ആക്ടര്‍
വിളിച്ച് ഡേറ്റ് തന്നാല്‍ കണ്ടീഷന്‍ഡ് ആയിപ്പോകും, അത് പാടില്ല. വിട്ടുവീഴ്ചയില്ലാതെ നമ്മുടെ സിനിമ തന്നെ ചെയ്യണം. അതുകൊണ്ടാണ് പലപ്പോഴും പരീക്ഷണങ്ങള്‍ ചെയ്ത
പലരെയും പിന്നെ കാണാതിരുന്നത്.

നമ്മുടെ സിനിമകള്‍ അറുപതുകളിലും എഴുപതുകളിലുമാണ് സാഹിത്യത്തെ കൂടുതലായി ഉപയോഗപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ സാഹിത്യകൃതികളില്‍ നിന്നുള്ള
സിനിമകള്‍ അപൂര്‍വമാണ്. താങ്കളും ഒരു പാട് സിനിമകള്‍ സാഹിത്യകൃതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചെയ്തത്. തകഴിയും ചെക്കോവും ഷേക്‌സ്പിയറുമാണ് അവയില്‍ പ്രധാനം. എന്തുകൊണ്ട് പുതിയ തലമുറയിലെ എഴുത്തുകാരും സാഹിത്യകൃതികളും സിനിമാ ചിന്തയ്ക്ക് പ്രചോദനമേകുന്നില്ല?

പുതിയ എഴുത്തുകാര്‍ നമ്മുടെ മനസിനെ അത്ര ആഴത്തില്‍ സ്പര്‍ശിച്ചതായി എനിക്ക് തോന്നുന്നില്ല. ഭാഷ കൊണ്ടുള്ള ആകര്‍ഷണത്തിനും സ്വാധീനത്തിനും അപ്പുറം നമ്മളെ വലിയ തോതില്‍ സ്പര്‍ശിക്കുകയും വിവിധ മാനങ്ങളിലേക്ക് വായനയെ എത്തിക്കുകയും ചെയ്യുമ്പോഴാണ് നമ്മള്‍ ഒരു കഥയിലെയോ നോവലിലെയോ സിനിമാ സാധ്യതയെക്കുറിച്ച്് ആലോചിക്കുന്നത്. ഭാഷ കൊണ്ടും പറച്ചില്‍ രീതി കൊണ്ടും ഭ്രമിപ്പിക്കുന്നതും, അന്തരീക്ഷ സൃഷ്ടി കൊണ്ട് അല്‍ഭുതപ്പെടുത്തുന്നതുമായ കഥകള്‍ വരുന്നുണ്ട്. ദസ്തയേവ്‌സ്‌കിയുടേതൊക്കെ പോലെ മനുഷ്യ മനസിന്റെ അഗാധതലങ്ങളെ തൊട്ടറിയുന്ന രചനകളില്ലാതെയായി. സൂക്ഷ്മമായ വിശകലനങ്ങള്‍ കാണാനില്ല. പുതിയ തലമുറയിലെ എഴുത്തുകാര്‍ ജനിച്ച കാലഘട്ടം കൂടി പരിഗണിക്കേണ്ടി വരും. അവരുടെ അനുഭവലോകം മറ്റൊന്നാണ്. ഫ്രാന്‍സിസ് നെറോണ എന്ന എഴുത്തുകാരനെ എനിക്ക് വലിയ ഇഷ്ടമാണ്. അതിമനോഹരമാണ് അദ്ദേഹത്തിന്റെ ഭാഷ. ഔട്ട്‌സ്റ്റാന്‍ഡിംഗ് റൈറ്ററാണ് അദ്ദേഹം. അദ്ദേഹത്തിന് മാത്രം സാധ്യമാകുന്നൊരു ഭാഷയിലാണ് എഴുതുന്നത്. ഞാന്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഫ്രാന്‍സിസിന്റെ രചനകളില്‍ എനിക്ക് എന്നെങ്കിലും സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഫ്രാന്‍സിസ് ആണ് സമീപകാലത്ത് എന്നെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരന്‍. മറ്റുള്ളവരിലൊന്നും എനിക്ക് അത്രയും ആകര്‍ഷണം ഉണ്ടായിട്ടില്ല. ഇപ്പോഴും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബര സ്മരണ എന്നെ വല്ലാതെ നോവിക്കുന്നുണ്ട്. അതൊരു ചെറിയ ജീവിത വീക്ഷണമായിരുന്നു. അത് നമ്മുടെ മനസിനെ വല്ലാതെ കുടയുന്നുണ്ട്. പുതിയ തലമുറയുടെ എഴുത്തില്‍ അത്തരമൊരു പിടച്ചില്‍ കാര്യമായി കാണുന്നില്ല. പക്ഷേ ഭംഗിയുള്ള ആകര്‍ഷകമായ രചനകളുണ്ട്. അവിടെയാണ് ഞാന്‍ നേരത്തെ പറഞ്ഞ തകഴിയുടെ പ്രസക്തി നിലനില്‍ക്കുന്നത്. തകഴി ഇനിയും ഒരു നൂറ് കൊല്ലത്തിനപ്പുറം എഴുത്തിലൂടെ ജീവിക്കും. കാലാതീതമായ സൃഷ്ടികള്‍ ഉണ്ടാവുക എന്നത് തന്നെയാണ് പ്രധാനം. നമ്മുടെ പുതുതലമുറ എഴുത്തുകാരെ വിമര്‍ശിക്കുകയോ വിലകുറച്ച് കാണുകയോ അല്ല. എനിക്ക് തോന്നുന്നത് അവരുടെ എഴുത്തിലെ ഉപരിപ്ലവതയാണ് ചൂണ്ടിക്കാട്ടുന്നത്. എനിക്ക് തോന്നുന്നത് ഇപ്പോഴൊക്കെ ചെറിയൊരു ഒരു കഥ എഴുതുമ്പോള്‍ തന്നെ നമ്മുക്ക് അംഗീകാരങ്ങളും പ്രകീര്‍ത്തനങ്ങളും ഒരു പാട് ലഭിക്കുന്ന സാഹചര്യമായി. തകഴിക്കോ,പൊന്‍കുന്നം വര്‍ക്കിക്കോ, എസ് കെ പൊറ്റെക്കാടിനോ ഒരിക്കലും കിട്ടാത്ത തരത്തിലുള്ള പ്രകീര്‍ത്തനങ്ങള്‍ ഈ എഴുത്തുകാരുടെ തുടര്‍ന്നുള്ള രചനകളെ ബാധിക്കും.

സിനിമയുടെ കാര്യത്തിലാണെങ്കില്‍ കഥ പറച്ചില്‍ രീതികളില്‍ തന്നെ പൊളിച്ചെഴുത്തുണ്ടാവുകയല്ലേ, തിരക്കഥ, അഭിനയരീതി, പരിചരണമൊക്കെ കൂടുതല്‍ ജീവിതത്തോട് ചേര്‍ന്ന തലത്തിലായില്ലേ?

പുതുതലമുറ വ്യത്യസ്ഥതകള്‍ക്ക് പിന്നാലെ പോകാന്‍ വലിയ താല്‍പ്പര്യമാണ് കാണിക്കുന്നത്. നൂറ് പരീക്ഷണങ്ങള്‍ക്ക് ഇടയിലാണ് ഒരു സുഡാനി ശ്രദ്ധിക്കപ്പെട്ടത്. ബാക്കി 99ഉം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. പുതിയ തലമുറ വ്യത്യസ്ഥതയിലേക്ക് തന്നെയാണ് അവരുടെ ശ്രമങ്ങളുമായി നീങ്ങുന്നത്. പുതുതലമുറയിലെ സംവിധായകരുടെ അവതരണ രീതി കണ്ടുപഠിക്കേണ്ടതാണ്. സ്‌ക്രിപ്ടിംഗ് തന്നെ മാറി മറിഞ്ഞു. അത്രയും കാലം മലയാളത്തില്‍ ഇല്ലാതെ പോയത് സ്‌ക്രിപ്ടില്‍ ഉള്ള ഇന്റന്‍ഷനായിരുന്നു. അതായിരുന്നു നമ്മുടെ പരാജയം. ഒരേ പാറ്റേണില്‍ പോകുന്ന എഴുത്തുകാരെ അതേ പടി സ്വീകരിച്ച് സിനിമ ചെയ്യുകയായിരുന്നു കൂടുതല്‍ പേരും. അത് പൊളിച്ചെഴുതാന്‍ പലരും ധൈര്യം കാട്ടിയില്ല. ഞാനുള്‍പ്പെടെയുള്ള സംവിധായകര്‍ റൈറ്റേഴ്‌സിനെ പൂര്‍ണമായും ആശ്രയിക്കുകയായിരുന്നു. ആ രീതി മാറി. പുതിയൊരു വഴി തുറക്കാന്‍ ഒരു കൂട്ടായ്മ തന്നെയുണ്ടായി. അതാണ് മലയാള സിനിമയില്‍ ഇപ്പോഴുള്ള മാറ്റത്തിന്റെ അന്തരീക്ഷത്തിന് കാരണം. അപ്പോഴും ജീവിതഗന്ധിയായ, യഥാര്‍ത്ഥ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സൃഷ്ടികളാണ് ശ്രദ്ധിക്കപ്പെടുന്നത് എന്ന കാര്യം ഓര്‍ക്കണം. അവയൊക്കെ വിജയിക്കുന്നുമുണ്ട്. പെരിഫറല്‍ ആയ പരീക്ഷണങ്ങള്‍ ഒന്നും ശ്രദ്ധിക്കപ്പെടുന്നുമില്ല. പേര് പോലും ഓര്‍ക്കപ്പെടുന്നുമില്ല. വള്ളുവനാടോ, കോട്ടയം വാമൊഴിയൊ ഒക്കെ ആവര്‍ത്തിക്കപ്പെട്ടിരുന്ന ഇടത്ത് എത്രയെത്ര പ്രാദേശിക വാമൊഴികളാണ് സിനിമയിലൂടെ വരുന്നത്. സുഡാനി തന്നെ മലപ്പുറത്തിന്റെ ഉള്‍നാടന്‍ വാമൊഴിയാണ്. ഇങ്ങനെ എത്രയോ ഉള്‍പ്രദേശങ്ങളിലടക്കം ജീവിക്കുന്ന മനുഷ്യരെ അറിയാനുള്ള വ്യഗ്രത ചലച്ചിത്രകാരന്‍മാരില്‍ ഉണ്ടായാല്‍ ഇനിയും മികച്ച സിനിമകളുണ്ടാകും. സാങ്കേതിക വിദ്യ അവര്‍ക്ക് പൂര്‍ണമായും അനുകൂലമാണ്. ഇന്നലെ ലോകത്തിന്റെ ഏതോ കോണില്‍ വന്ന സിനിമ വരെ അവന് വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് നല്ല രീതിയില്‍ ചിത്രീകരിക്കാനും അവര്‍ക്കറിയാം. എഡിറ്റിംഗിലും അത്ര തന്നെ പ്രാവീണ്യമുണ്ട്. ഇതെല്ലാം വിട്ടേക്കാം. എന്ത് പറയുന്നുവെന്നതിലാണ് കാര്യം. സംവിധായകനിലൂടെ പുറത്തുവരുന്ന ഉള്‍ക്കാഴ്ച കൂടിയാണ്. ദൃക്‌സാക്ഷിയും സുഡാനിയും ജനം ഏറ്റെടുക്കുന്നതോടെ മലയാളത്തില്‍ ഇനിയും ഗംഭീര സിനിമകള്‍ ഉണ്ടാകുമെന്നും അവ നല്ല രീതിയില്‍ സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷ തന്നെയാണ് നിലനില്‍ക്കുന്നത്. എഴുപതുകളില്‍ ഉണ്ടായ നവോത്ഥാനം പോലെ മറ്റൊരു നവോത്ഥാന കാലമാണ് ഇപ്പോള്‍ മലയാള സിനിമയില്‍ ഉണ്ടായിരിക്കുന്നത്. അന്ന് അടൂരും അരവിന്ദനും പിന്നീട് ഭരതനും പത്മരാജനും കൊണ്ടുവന്ന നവോത്ഥാനം ഒറ്റപ്പെട്ട നിലയിലായിപ്പോയി. ആ മാറ്റത്തെ ഏറ്റെടുക്കാന്‍ ഇത്രത്തോളം വലിയ ആസ്വാദകര്‍ ഉണ്ടായിരുന്നില്ല.

ആര്‍ട്ട് ഹൗസ് സിനിമ, അവാര്‍ഡ് സിനിമ എന്ന ലേബലുകളില്‍ നിന്ന് നല്ല സിനിമയെന്ന ഒറ്റ വിഭാഗം മാത്രം ഉണ്ടാവുമെന്നാണോ? ആസ്വാദനത്തിലെ മാറ്റം അത്തരമൊരു പ്രതീക്ഷയും സൃഷ്ടിക്കുന്നുണ്ടോ?

ലോകത്ത് ഇന്ത്യയിലൊഴികെ എല്ലായിടത്തും അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചാല്‍ അത് മാര്‍ക്കറ്റിംഗില്‍ പ്ലസ് ആണ്. സിനിമ തിയറ്ററിലെത്തുമ്പോള്‍ കാഴ്ച്ച്ക്കാരെ കൂട്ടാന്‍ അവാര്‍ഡുകള്‍ക്ക് കഴിയാറുണ്ട് അവിടെ. ഇവിടെ മൈനസാണ്. എടേ അവാര്‍ഡ് പടമാടേ എന്ന് പറഞ്ഞ് തിയറ്ററുകളില്‍ നിന്ന് ആളുകള്‍ പിന്തിരിയുന്നതാണ് പതിവ്. അത് മാറിയെന്ന് പറയാം. എന്റെ തന്നെ ഒറ്റാല്‍ എന്ന സിനിമ കാണാത്തവര്‍ കുറവാണ്. അന്ന് റിലീസ് ചെയ്ത രീതി വിട്ടേക്കൂ. സ്‌കൂളിലും കോളേജുകളിലും നടന്ന പ്രദര്‍ശനങ്ങളിലൂടെയും നെറ്റ് ഫ്‌ളിക്‌സിലൂടെയും ആണ് ആ സിനിമ കൂടുല്‍ പേര്‍ കണ്ടത്. ആസ്വാദനത്തില്‍ വന്ന മാറ്റം ലോകത്തിലെ തന്നെ മികച്ച സിനിമകള്‍ പിറക്കുന്ന ഇടമായി മലയാളത്തെ മാറ്റും. നമ്മുക്ക് സിനിമയല്ലാതെ വേറൊന്നുമില്ല. നമ്മുടെയെല്ലാവരുടെയും നൊസ്റ്റാള്‍ജിയ സിനിമയായി മാറി. എന്റെ നൊസ്റ്റാള്‍ജിയ സിനിമയാണെങ്കില്‍ എന്റെ മകന്റെ നൊസ്റ്റാള്‍ജിയയും അത് തന്നെയാവും. ഇപ്പോഴത്തെ തലമുറയിലെ ഫിലിംമേക്കേഴ്‌സില്‍ സത്യസന്ധരാണ്. അവരുടെ ക്വാളിറ്റി തന്നെയാണത്. ഞങ്ങളുടെ തലമുറയ്ക്ക് ഉള്ളത് തുറന്ന് പറയാന്‍ ഭയമായിരുന്നു. മാതാപിതാക്കള്‍ നമ്മളെ ഒരു ഭയത്തിന്റെ മേല്‍മൂടിയിട്ടാണ് നിര്‍ത്തിയിരിക്കുന്നത്. ഇവര്‍ ഉള്ളത് ഉള്ളത് പോലെ പറയുന്നവരാണ്. എഴുത്തിലും ഈ ഭയം ഉണ്ടായി. ഇവിടെ സൃഷ്ടികളും കുറേക്കൂടി സത്യസന്ധമായി. ഭയത്തില്‍ നിന്നുണ്ടാവുന്ന വിഷനില്‍ നിന്നാണ് ദസ്തയവേസ്‌കിയുടെ രചനകളൊക്കെ ഉണ്ടായത്. അതേ പോലെ ഭയമില്ലായ്മയിലെ വിഷനില്‍ നിന്നുളള സൃഷ്ടികളും ഉണ്ട്.

ഇന്ത്യയിലെ മറ്റ് പ്രാദേശിക ഭാഷാ ചിത്രങ്ങളുടേത് പോലെ സുപ്രധാന രാജ്യാന്തര മേളകളിലേക്ക് മലയാള സിനിമകളെത്തുന്നത് അപൂര്‍വമാണ്. സംവിധായകര്‍ അവരുടെ വ്യക്തിപരമായ പ്രയത്‌നത്താലാണ് രാജ്യാന്തര വേദികളിലേക്ക് എത്തുന്നത്. ഇതിന് പകരം സര്‍ക്കാര്‍ തലത്തില്‍ മലയാളത്തിന് ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാനാകുന്ന സിനിമകളെ പ്രമോട്ട് ചെയ്യാന്‍ പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കേണ്ടതില്ലേ?

കേരളാ സ്‌റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷനൊക്കെ തുടങ്ങുന്നത് തന്നെ മലയാളത്തിലെ മികച്ച സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയായിരുന്നു. ചിത്രാഞ്ജലിയും കെ എസ് എഫ് ഡി സി തിയറ്ററുകളുമൊക്കെ അതിന് വേണ്ടിയായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ശമ്പളം കൊടുക്കണമെങ്കില്‍ കമേഴ്‌സ്യല്‍ സിനിമകള്‍ സര്‍ക്കാര്‍ തിയറ്ററുകളില്‍ ഓടിക്കണം എന്ന അവസ്ഥ വന്നു. കെ എസ് എഫ് ഡി സിയുടെ തിയറ്റര്‍ ശൃംഖലയില്‍ എല്ലായിടത്തും ഒരു തിയറ്റര്‍ ഫെസ്റ്റിവല്‍ സ്വഭാവമുള്ള സിനിമകള്‍ക്കായി മാറ്റി വയ്ക്കണം. പരീക്ഷണ സിനിമകള്‍ക്കടക്കം ചുരുങ്ങിയത് രണ്ടാഴ്ച ഈ തിയറ്ററുകള്‍ കൊടുക്കണം. അത് ഒരു കണ്ടീഷനിംഗ് ആണ്. ഇത്തരം സിനിമകള്‍ സ്വീകരിക്കപ്പെടേണ്ടതാണ് എന്ന ചിന്ത രൂപപ്പെടും. കെ എസ് എഫ് ഡി സി നേരിട്ട് തന്നെ അതത് വര്‍ഷത്തെ മികച്ച മലയാള സിനിമകളെ ലോകത്തിലെ മുന്‍നിര ഫെസ്റ്റിവലുകളിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്യണം. മികച്ചൊരു പാക്കേജില്‍ കെ എസ് എഫ് ഡി സി മുന്‍കയ്യെടുത്ത് ഈ സിനിമകള്‍ മേളകളിലെത്തിക്കണം. കേരളത്തിലുമില്ല ഡല്‍ഹിയിലുമില്ല ഈ സൗകര്യം. നേരത്തെ 90കളിലൊക്കെ അവര്‍ വിളിക്കുമായിരുന്നു. നിങ്ങളുടെ പടം ഒന്നയക്കൂ കുറച്ച് ഫെസ്റ്റിവലില്‍ അയക്കാനാണ് എന്നൊക്കെ പറഞ്ഞ്. ഇപ്പോ അതുമില്ല. നമ്മള്‍ തന്നെ അയച്ച്, നമ്മള്‍ തന്നെ മേളകളിലെത്തിക്കേണ്ട അവസ്ഥയായി.

അതുപോലെ തന്നെ ക്യുറേറ്റേഴ്‌സ് ആണ് പ്രധാന ഫെസ്റ്റിവലുകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. നേരത്തെ പാവപ്പട്ടവന്റെ പടമൊക്കെ കൊള്ളാവുന്ന ഫെസ്റ്റിവലുകളില്‍ അയക്കാമായിരുന്നു (ചിരിക്കുന്നു), ഇപ്പോള്‍ ക്യുറേറ്റേഴ്‌സിന്റെ കോക്കസാണ് ഓരോ മേളയ്ക്കുമുള്ള സിനിമകള്‍ തീരുമാനിക്കുന്നത്. ബോംബെ ആസ്ഥാനമാക്കി കുറേ ക്യുറേറ്റേഴ്‌സ് ഉണ്ട്. അവരാണേല്‍ സിനിമയെക്കുറിച്ച് ഒരു ബോധവും ഇല്ലാത്തവരാണ്. ഇവര്‍ പല താല്‍പ്പര്യങ്ങളും കണ്ട് വ്യക്തമായൊരു കോക്കസ് ഉണ്ടാക്കിയിരിക്കുകയാണ്. അതൊരു മാര്‍ക്കറ്റിംഗ് ലോബിയായി മാറിയിട്ടുണ്ട. പല പ്രധാന ഫെസ്റ്റിവലുകളും പൊല്യൂട്ടഡ് ആവാനുള്ള കാരണം ഈ ക്യുറേറ്റേഴ്‌സ് ആണ്. ചലച്ചിത്ര മേളയുടെ സംഘാടകര്‍ സത്യത്തില്‍ അറിയുന്നില്ല, ഇവര്‍ കൊടുക്കുന്ന സിനികമള്‍ തന്നെയാണോ യഥാര്‍ത്ഥത്തില്‍ അവിടെ എത്താന്‍ യോഗ്യമായവ എന്ന്. ഇവരൊരു പാക്കേജ് സെറ്റ് ചെയ്ത് സിനിമകളെ അന്താരാഷ്ട്ര മേളകളില്‍ എത്തിക്കുകയാണ്. അത് ചിലപ്പോള്‍ ഹിന്ദി സിനിമയുടെ ഒരു പാക്കേജ് ആയിരിക്കും. മേളകള്‍ക്ക് അപ്പുറം ലോകത്ത് എവിടെയുമുള്ള പ്രേക്ഷകരെ നമ്മുടെ സിനിമ കാണിക്കാനുള്ള അവസരം ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ലഭിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സും ആമസോണും പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വന്നത് ഗുണകരമാണ്. നല്ല സിനിമയെടുത്തു ആരും കണ്ടില്ലെന്നൊക്കെ ഇനി പറയാനാകില്ല. തിയറ്ററിന് സമാന്തരമായ പ്രേക്ഷകരെ ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും കിട്ടുന്നുണ്ട്. ഒറ്റാല്‍ നല്ല വിലയ്ക്കാണ് നെറ്റ്ഫ്‌ളിക്‌സ് വാങ്ങിയത്. നല്ല ക്വാളിറ്റിയിലാണ് അവരുടെ പ്രദര്‍ശനവും.

നിലനില്‍പ്പിന് വേണ്ടിയാണ് വാണിജ്യ സിനിമകള്‍ ചെയ്തതെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ, കലാമൂല്യമുള്ള സിനിമകള്‍ നേടിയ അംഗീകാരത്തെ മുന്‍നിര്‍ത്തി ചെയ്ത വാണിജ്യ സിനിമകളെ തള്ളിപ്പറയുന്നതായിരുന്നില്ലേ ആ പ്രസ്താവന? അത്ര സത്യസന്ധമായ പ്രസ്താവനയായിരുന്നോ അത്, ജോണിവാക്കറും ഫോര്‍ ദ പിപ്പിളും നിലനില്‍പ്പിന് വേണ്ടി മാത്രം ചെയ്തതാണോ?

ഞാന്‍ ചെയ്ത കമേഴ്‌സ്യല്‍ സിനിമകളെ തള്ളിപ്പറഞ്ഞതല്ല. അവ ചെയ്യണമെന്ന് ആഗ്രഹിച്ച് തന്നെയാണ് ചെയ്തത്. പക്ഷേ അവയെല്ലാം ഓരോ ഫോര്‍മുലയില്‍ ഉള്ള സിനിമയായിരുന്നു. ഫോര്‍മുലാ സിനിമകള്‍ എന്ന അര്‍ത്ഥത്തിലാണ് ഇന്‍സ്ട്രിയിലെ നിലനില്‍പ്പിന് അത്തരം സിനിമകള്‍ ചെയ്‌തെന്ന് പറഞ്ഞത്. നമ്മള്‍ ഒരു പട്ം ചെയ്ത് വിജയിച്ച് അത്യാവശ്യം കാശ് കിട്ടിയാല്‍ പിന്നെ ചെയ്യാന്‍ പോകുന്ന കമേഴ്‌സ്യല്‍ സിനിമയും പരീക്ഷണ സ്വഭാവമുള്ളതായിരുന്നു. റെയിന്‍ റെയിന്‍ കം എഗയിന്‍ പോലും ഒരു പരീക്ഷണ ശ്രമമായിരുന്നു. അവിടെ നമ്മള്‍ പരാജയപ്പെട്ടേക്കാം. മേേലാു േശെേലഹള എന്ന് പറയുന്നത് ഒരു വലിയ വിജയമാണ്. നമ്മള്‍ അത്തരമൊരു പരീക്ഷണത്തിന് ശ്രമിച്ചു എന്നുണ്ടല്ലോ. ചില സംവിധായകരുണ്ടല്ലോ, ഞാന്‍ പേരെടുത്തൊന്നും പറയുന്നില്ല, ഒരു കംഫര്‍ട്ട് സോണ്‍ സെറ്റ് ചെയ്ത് വച്ച് അതേ വഴി പോകുന്നവര്‍. അവര്‍ക്ക് സുഖമാണ് ജീവിതം.

കുഞ്ചന്‍ നമ്പ്യാരുടെ ബയോപിക്ക് ആലോചന ഉണ്ടായിരുന്നില്ലേ, അത് ഡ്രീം പ്രൊജക്ടായും പറഞ്ഞു കേട്ടിരുന്നു.?

അത് ഭരതേട്ടന്‍ ചെയ്യാനിരുന്ന പ്രൊജക്ടാണ്. വിബികെ മേനോന്‍ ആയിരുന്നു പ്രൊഡ്യൂസ് ചെയ്യാനിരുന്നത്. ഭരതേട്ടന്‍ മരിച്ച ശേഷം വിബികെ മേനോന്‍ എന്നോട് ആ പ്രൊജക്ട് ചെയ്യാന്‍ പറഞ്ഞു. അന്ന് ഞാന്‍ പറഞ്ഞു എനിക്ക് അതിനുള്ള ത്രാണിയില്ലെന്ന്. ആ വാക്ക് തന്നെയാണ് ഉപയോഗിച്ചത്. ഭരതേട്ടന്‍ കണ്‍സീവ് ചെയ്ത പോലെ എനിക്ക് ചെയ്യാന്‍ പറ്റില്ല. വീണ്ടും ഭരതേട്ടന്റെ കഴിഞ്ഞ ഓര്‍മ്മദിവസം വിബികെ മേനോന്‍ അത് ആരും ചെയ്യില്ല, നിങ്ങള്‍ തന്നെ ചെയ്യണമെന്ന് പറഞ്ഞു. സത്യത്തില്‍ അത് ചെയ്യണമെന്ന് എന്റെ മനസിലുണ്ട്. പക്ഷേ ആ കഥാപാത്രം ആരെ വച്ച് ചെയ്യുമെന്നാണ് ആലോചിക്കുന്നത്. ഭരതേട്ടന്‍ അന്ന്
ജയറാമിനെ വച്ചാണ് പ്ലാന്‍ ചെയ്തിരുന്നത്. എന്റെ മനസിലുള്ള വിശ്വാസം കുഞ്ചന്‍ നമ്പ്യാരുടെ ശരീരഭാഷ അങ്ങനെ ഒന്നല്ല എന്നാണ്. മെലിഞ്ഞിട്ടുള്ള ഒരാളായിരിക്കും കുഞ്ചന്‍ നമ്പ്യാര്‍ എന്നാണ് തോന്നുന്നത്. അങ്ങനെ ഒരാളിലേക്ക് എത്തിയാല്‍ ചെയ്‌തേക്കാം.

കുഞ്ചന്‍ നമ്പ്യാര്‍ മനസിലുണ്ട് എന്ന് തന്നെ പറയാം?

മനസില്‍ നിറഞ്ഞുണ്ട്. അത് മാത്രമല്ല ദസ്തയവസ്‌കിയുടെ ക്രൈം ആന്‍ഡ് പണിഷ്‌മെന്റ് ചെയ്യണമെന്നുണ്ട്. ബ്രദേഴ്‌സ് കരംസോവ് ചെയ്യണമെന്നുണ്ട്. ചെക്കോവിന്റെ ദ ബെറ്റ് സിനിമയാക്കണമെന്നുണ്ട്.ഇതൊന്നുമല്ലാതെ നാളെയൊരു പത്രവാര്‍ത്തയില്‍ നിന്നും സിനിമ ഉണ്ടായേക്കാം. പണ്ട് തകഴിച്ചേട്ടന്‍ പറഞ്ഞൊരു കാര്യമുണ്ട്. സിനിമ ചെയ്യാന്‍ പോകുമ്പോള്‍, ഇപ്പോള്‍ എന്തിന് ഇത് പറയണം എന്ന ചോദ്യം നേരിട്ടാവണം സിനിമയിലേക്ക് കടക്കേണ്ടത് എന്നായിരുന്നു ചേട്ടന്റെ ഉപദേശം. സമൂഹത്തെ മാറ്റി മറിക്കാന്‍ അല്ലെങ്കില്‍ പോലും ഒരു സാമൂഹ്യ ബാധ്യത നമ്മള്‍ അറിയാതെ കൂടെയുണ്ട്. ഒറ്റാലിന് പുരസ്‌കാരങ്ങള്‍ കിട്ടിയപ്പോഴാണ് കമേഴ്‌സ്യല്‍ സിനിമ ഇനി ചെയ്യില്ലെന്ന തീരുമാനം എടുത്തത്. പുതുതലമുറയിലെ ഒരു പാട് പേരെ നമ്മളുടെ പല സിനിമകളും പ്രചോദിപ്പിച്ചിട്ടുണ്ട്. പി എച്ച് ഡിക്ക് വേണ്ടിയൊക്കെ ഷേക്‌സ്പീരിയന്‍ അഡാപ്‌റ്റേഷന്‍ മലയാളത്തില്‍ എന്ന രീതിയില്‍ കളിയാട്ടമൊക്കെ പലരും വീണ്ടും വായിക്കാന്‍ ശ്രമിക്കുന്നത് കാണുന്നുണ്ട്. ഈയടുത്ത് ഇംഗ്ലണ്ടില്‍ നിന്ന് ഇറങ്ങിയ ഒരു പുസ്തകം ഉണ്ടായിരുന്നു, ഷേക്‌സ്പിയര്‍ കൃതികളുടെ അഡാപ്‌ടേഷനെക്കുറിച്ചാണ്. അതിന്റെ കവര്‍ സുരേഷ് ഗോപിയുടെ കളിയാട്ടത്തിലെ കഥാപാത്രമായിരുന്നു. ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പുസ്തകമാണ്. ഷേക്‌സ്പീരിയന്‍ ഫിലിം ഫെസ്റ്റിവലില്‍ പല രാജ്യത്ത് നിന്നും കളിയാട്ടത്തെ ഉള്‍പ്പെടുത്തുമ്പോള്‍ അവിടെ അവരെ അമ്പരപ്പിച്ചത് അതിന്റെ പശ്ചാത്തലം കൂടെയായിരുന്നു. അത് എന്റെ ക്വാളിറ്റിയല്ല തെയ്യം എന്ന കലാരൂപത്തിന്റെ ശേഷിയാണെന്നാണ് വിശ്വസിക്കുന്നത്.

ദേശീയ അവാര്‍ഡ് ലഭിച്ച വേളയില്‍ ചലച്ചിത്ര പരിശീലനത്തിന് അക്കാദമി തുടങ്ങുന്ന കാര്യവും പറഞ്ഞല്ലോ?

സിനിമാ പരിശീലനത്തിനുള്ള അക്കാദമി എന്റെ സ്വപ്‌നം തന്നെയാണ്. അക്കാദമിക് ക്വാളിഫിക്കേഷന്‍ വച്ചായിരിക്കില്ല അവിടെ പ്രവേശനം. കുട്ടനാട്ടില്‍ നിന്നുള്ള ഒരു കര്‍ഷകത്തൊഴിലാളിയുടെ മകന് സിനിമ പഠിക്കണമെങ്കില്‍ അവന്റെ വിദ്യാഭ്യാസമോ ബിരുദമോ പരിഗണിക്കാതെ അവന്റെ സിനിമയോടുള്ള അഭിനിവേശം മാനദണ്ഡമാക്കിയായിരിക്കും പ്രവേശനം. ജീവിതാനുഭവവും സിനിമയോടുള്ള പാഷനുമായിരിക്കണം മാനദണ്ഡം. അത്തരമൊരു അക്കാദമി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. സ്‌പോര്‍ട്‌സില്‍ നോക്കൂ, ഫുട്‌ബോളിലെ മഹാരഥന്‍മാര്‍ അതിസാധാരണ കുടുംബത്തില്‍ നിന്ന് വന്നവരാണ്. അതുപോലെ ജീവിതാനുഭവങ്ങള്‍ ഉള്ള, ഉള്‍ക്കാഴ്ചയുള്ള ഒരു തലമുറയിലേക്ക് സിനിമയെത്തിക്കുക എന്നത് ലക്ഷ്യമായിട്ടായിരിക്കും അക്കാദമി. ആറ് മാസത്തെ ഫിലിം മേക്കിംഗ് കോഴ്‌സ് എന്ന നിലയിലാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അവിടെ സിനിമ മാത്രമല്ല, കളരിയും യോഗയുമൊക്കെ പഠിക്കണം. അഭിനയം പഠിക്കണം. അത് പോലെ തന്നെ സംഗീതത്തെക്കുറിച്ച് ഒരു പ്രാഥമിക പരിശീലനമുണ്ടാകും.
മേക്കപ്പും കോസ്റ്റിയൂമും എഡിറ്റിംഗും ക്യാമറയുമൊക്കെ അവിടെ പരിശീലിപ്പിക്കും. സംവിധായകന്‍ ആകാന്‍ ആഗ്രഹിക്കുന്നയാള്‍ സംവിധാനം മാത്രം പഠിച്ചാല്‍ പോരല്ലോ. ദിലീഷ് പോത്തനെ തന്നെ നോക്കൂ, അയാളുടെ ഫിലിം മേക്കിംഗില്‍ ദിലീഷിന് ഏറ്റവും ഗുണമായത് അയാളിലെ ആക്ടിംഗ് കൂടിയാണ്. കാസ്റ്റിംഗില്‍ അഭിനേതാക്കളുടെ പെര്‍ഫോര്‍മന്‍സ് എങ്ങനെ ചിട്ടപ്പെടുത്തണം എന്ന കാര്യത്തില്‍ അയാള്‍ക്കൊരു കൃത്യതയുണ്ട്. മാനസികമായും ശാരീരികമായുമൊക്കെ സജ്ജമാകണം. സാഹിത്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ഒരു ബോധ്യവും ഉണ്ടാകണം. ഭാഷയെക്കുറിച്ച് നല്ല ധാരണ ഉണ്ടാകണം. ഈ വര്‍ഷം തന്നെ ഫിലിം അക്കാദമി തുടങ്ങണമെന്നാണ് ആഗ്രഹം

കേരളത്തില്‍ തന്നെ സര്‍ക്കാര്‍ നേതൃത്വത്തില്‍ കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്, ഫിലിം കോഴ്‌സുകള്‍ ഉള്ള നിരവധി ഫിലിം സ്‌കൂളുകളും ഉണ്ട്. പക്ഷേ അങ്ങനെ പ്രോമിസിംഗ് ആയ സംവിധായകരെ സമ്മാനിക്കുന്ന നിലയിലേക്ക് വളര്‍ന്ന സ്ഥാപനങ്ങള്‍ ഇല്ല. ഈ അക്കാദമിക്ക് ഈ കുറവുകള്‍ പരിഹരിക്കാനാകുമോ?

മിക്ക സ്ഥാപനങ്ങളിലും ഫിലിം മേക്കിംഗ് എന്ന പേരില്‍ എന്താണ് പഠിപ്പിക്കുന്നത് എന്ന് നോക്കണമല്ലോ. എത്ര പേരാണ് ഓരോ വര്‍ഷവും സിനിമാ പഠനം കഴിഞ്ഞ് ഇറങ്ങുന്നത്, ഇവരില്‍ എത്ര പേര്‍ സിനിമയിലെത്തുന്നുണ്ട്, അവരില്‍ എത്ര പേരില്‍ നിന്ന് നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട് എന്ന് നോക്കൂ. കണ്‍വെന്‍ഷനല്‍ രീതിയില്‍ നടക്കുന്ന സ്ഥാപനങ്ങളാണ് ഇവയില്‍ പലതും. ഇത്തരം കണ്‍വെന്‍ഷനല്‍ ഫിലിം സ്‌കൂളില്‍ നിന്നല്ലല്ലോ സക്കരിയ ഒക്കെ വന്നത്. സക്കരിയ വന്നത് അവനിലെ ഫിലിം മേക്കര്‍ രൂപപ്പെട്ടത് അയാളുടെ ചുറ്റുപാടുകളില്‍ നിന്നാണ്. അങ്ങനെയുള്ള ഒരുപാട് പേരുണ്ട്. നല്ല ഉള്‍ക്കാഴ്ചയുള്ള, സിനിമയെന്ന മാധ്യമത്തോടുള്ള പാഷനില്‍ മാത്രം ഇവിടേക്ക് വരുന്നവരെയാണ് സിനിമ പഠിപ്പിക്കേണ്ടത്. കേരളത്തിലെ സിനിമാ മേഖലയ്ക്ക് വലിയ പ്രതീക്ഷയാകുന്നതാവും ഞാന്‍ കണ്‍സീവ് ചെയ്യുന്ന ഫിലിം അക്കാദമി എന്നാണ് വിശ്വസിക്കുന്നത്. എന്നോട് ചില അസിസ്റ്റന്‍സ് പിള്ളേര് പറയും. സാറേ ഞങ്ങള്‍ക്ക് പ്രൊഡ്യൂസറെ കിട്ടുന്നില്ലെന്ന്. ഞാനവരോട് പറയും, നീ താരത്തെയും നിര്‍മ്മാതാവിനെയും കാത്ത് നില്‍ക്കാതെ നീ ഇറങ്ങ്. ഒരു ക്യാമറ സംഘടിപ്പിച്ച്, വഴിയില്‍ നിന്ന് ആളുകളെ സംഘടിപ്പിച്ച് സിനിമ ചെയ്യൂ എന്നാണ് പറയാറുള്ളത്. നമ്മുടെ കൂടെ വന്ന പലരെയും ശ്രദ്ധിച്ചിട്ടുണ്ട്. അവര്‍ വഴിയില്‍ എവിടെയോ അതുവരെ ഉണ്ടായിരുന്ന ഫയര്‍ നഷ്ടപ്പെടുത്തും. ഒന്നോ രണ്ടോ അംഗീകാരങ്ങള്‍ ഒക്കെ ലഭിക്കുമ്പോള്‍ ചെയ്തത് മതിയെന്ന നിലയിലാവും. അത് പാടില്ല. ഞാന്‍ സൂക്ഷിക്കുന്ന ഫയര്‍ എന്റെ മനസിലുള്ള തൃഷ്ണയാണ്. ഉയര്‍ച്ചയെന്ന പോലെ വീഴ്ചയും ഉണ്ടാകുമ്പോഴാണ് എനിക്ക്് നല്ല സിനിമകള്‍ ഉണ്ടാകാന്‍ കഴിയുന്നതെന്നാണ് തോന്നാറുള്ളത്. അംഗീകാരങ്ങള്‍ എനിക്ക് പേടിയാണ്. അടുത്ത ചെയ്യാന്‍ പോകുന്ന സിനിമയുടെ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണ്ടി വരും. ഇനി നന്നായി ചെയ്യാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയാണ് അപ്പോള്‍ ഉണ്ടാകുന്നത്.

ഇത്തവണ കഥേതര വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചല്ലോ?

റീ ബര്‍ത്ത് എന്നൊരു ഡോക്യുമെന്ററിയായിരുന്നു. ഇന്റലക്ച്വലി ഡിസേബിള്‍ഡ് ആയ കുട്ടികളെ സാധാരണ ആള്‍ക്കാരെ പോലെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചായിരുന്നു അവാര്‍ഡ് ലഭിച്ചത്. വെള്ളപ്പൊക്കത്തിലിന് ശേഷം കഥേതര വിഭാഗത്തില്‍ ലഭിക്കുന്ന ദേശീയ പുരസ്‌കാരമാണ്.

MORE INTERVIEWS

ശ്യാം പുഷ്‌കരന്‍ അഭിമുഖം: ഞാനൊരു കഥയെഴുത്തുകാരനല്ല. സ്‌ക്രീന്‍ റൈറ്റര്‍ മാത്രമാണ്

ഫഹദ് അഭിമുഖം: ചില പ്രകടനങ്ങള്‍ ബോറടിപ്പിച്ചിട്ടുണ്ട്‌

രാജീവ് രവി അഭിമുഖം: എന്റര്‍ടെയിന്‍മെന്റ് എന്ന വാക്കില്‍ തന്നെ വിശ്വസിക്കുന്നില്ല