4/5

ലിജോ പെല്ലിശേരി പ്രിയ സംവിധായകരിലൊരാളാണ്. ആസ്വാദന ശീലങ്ങളെ പരിലാളിക്കാതെ ഓരോ സിനിമയിലും സമീപനത്തിലും അവതരണത്തിലുമെല്ലാം അടിമുടി പൊളിച്ചെഴുത്തിന് മുതിരുന്ന ചലച്ചിത്രകാരന്‍. ചില വിയോജിപ്പുകള്‍ നില്‍ക്കെ തന്നെ സിറ്റി ഓഫ് ഗോഡ് കാലം തെറ്റി പിറന്ന സിനിമയെന്ന് തോന്നിയിരുന്നു.
നമ്മുടെ സിനിമകളിലെ പരീക്ഷണങ്ങള്‍ പലതും ക്ഷമാപരീക്ഷണമായിരുന്നിടത്ത് ‘ആമേന്‍’ മാജിക്കല്‍ റിയലിസത്തിന്റെ സാധ്യത മനോഹര ദൃശ്യഭാഷയ്‌ക്കൊപ്പം ഉപയോഗപ്പെടുത്തിയ സിനിമയെന്നതായിരുന്നു അനുഭവം. ഔട്ട് ഓഫ് ദ ബോക്‌സ് പരീക്ഷണങ്ങളോട് അഭിനിവേശമുള്ള ഫിലിംമേക്കറെയാണ് ഡബിള്‍ ബാരലില്‍ കണ്ടത്.
എമിര്‍ കുസ്തുറിക്കയോട് കടുത്ത ആരാധനയുള്ള ചലച്ചിത്രകരാനായി ലിജോ ചില സിനിമകളെങ്കിലും അനുഭവപ്പെടുത്തിയിരുന്നു. കഥാപരിചരണത്തില്‍, രംഗാവിഷ്‌കാരത്തില്‍
അതിഗംഭീരമായ ക്രാഫ്റ്റ് അനുഭവപ്പെടുത്തുന്ന ലിജോ സിനിമകളില്‍ വ്യക്തിപരമായി ഏറ്റവും പ്രിയപ്പെട്ടതാണ് ഈ മ യൗ.

സിനിമ ഉദയം കൊണ്ട കാലം മുതല്‍ക്കുള്ള ഫോര്‍മുലകള്‍ വിട്ടുപിടിക്കാതെയും, പരിചരണത്തിലെ സമകാലിക മാറ്റങ്ങളെ പരിഗണിക്കാതെയും മുന്നേറുന്ന സൃഷ്ടികള്‍ക്കിടയില്‍ ഈ മ യൗ മാറിയ മലയാള സിനിമയുടെ മുഖചിത്രമാണ്.

സെമി റിയലിസ്റ്റിക് സ്വഭാവത്തില്‍ നിന്ന് റിയലിസ്റ്റിക് പരിചരണമുള്ള സിനിമയിലേക്ക്് പ്രവേശിക്കുകയാണ് ഇ മ യൗവിലൂടെ ലിജോ. മരണമാണ് ഇവിടെ കേന്ദ്രകഥാപാത്രം. ഒരു മനുഷ്യന്റെ മരണം അതുവരെയുള്ള അയാളുടെ ജീവിതത്തിന്റെ പൂര്‍ണവിരാമമാണ്. ഇവിടെ വാര്യത്ത് പറമ്പില്‍ ചോറി മകന്‍ വാവച്ചന്‍ മേസ്തിരിയെന്ന ദരിദ്രനും അതിസാധാരണക്കാരനുമായ മനുഷ്യനാണ് മരിക്കുന്നത്. നാട്ടുകാര്‍ക്ക് അയാള്‍ ഒറ്റത്തടിയില്‍ അള്‍ത്താര പണിത വാവച്ചനാശാനാണ്. ആ അള്‍ത്താരയാണ് ചെല്ലാനത്ത് വാവച്ചനാശാന് മേല്‍വിലാസം. വീടും നാടും നോക്കാതെ അവധൂതനെ പോലെയോ, അരാജകപാതയിലോ ജീവിച്ചയാളാണ് മേസ്തിരിയെന്ന് മരണാനന്തരം ചിലരിലൂടെ പറയുന്നുണ്ട്. വാവച്ചന്‍ മേസ്തിരിയുടെ അതുവരെയുള്ള ജീവിതം മറ്റ് പലരിലൂടെ വ്യാഖ്യാനിക്കപ്പെടുകയാണ്. പരിചിതരും അപരിതരുമായ മനുഷ്യരുടെ ആഖ്യാനങ്ങളിലും വ്യാഖ്യാനങ്ങളിലുമാണ് വാവച്ചനെ പ്രേക്ഷകരും വായിച്ചെടുക്കേണ്ടത്. മരണപ്പെട്ടയാളെ സംബന്ധിച്ചിടത്തോളം അതൊരു ദുര്യോഗമാണ്. മരണത്തിന് വിധേയനായിട്ടും വാവച്ചനാശാന്‍ സ്വതന്ത്രനാകുന്നില്ല. അയാള്‍ക്ക് ചുറ്റും ജീവിച്ചിരുന്ന മനുഷ്യരാല്‍, സമൂഹത്താല്‍, മതസ്ഥാപനങ്ങളാല്‍ അയാളുടെ മൃതശരീരം വിചാരണ ചെയ്യപ്പെടുകയാണ്.

മരണവീടിന്റെ അന്തരീക്ഷത്തിലും സഹജവാസനകളെ, സ്വഭാവ വൈചിത്രങ്ങളെ പ്രകാശിപ്പിച്ച് ആത്മസുഖം തേടുന്ന മനുഷ്യരിലൂടെ സഞ്ചരിക്കുകയാണ് ഷൈജു ഖാലിദിന്റെ ക്യാമറ. ഞായറാഴ്ച പോലും പള്ളിയില്‍ പോകാത്തവരെന്ന വിലയിരുത്തലില്‍ ആ കുടുംബത്തിലെ മരണത്തില്‍ മതം കയറി ഇടപെടുന്നുണ്ട്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതം അതിന്റെ സകലകരുത്തും ഉപയോഗിച്ച് ഒറ്റത്തടിയില്‍ അള്‍ത്താര പണിതയാളെ മരണശേഷവും അവഹേളിക്കുന്നത് കാണാം. പള്ളിയില്‍ കാശ് കൊടുക്കാത്ത കൊണ്ട് പേര് വെട്ടിയിട്ടുണ്ടെന്നും അതിന്റെ കെറുവ് വികാരിയച്ചനുണ്ടാകുമെന്നും വാവച്ചന്റെ മകന്‍ ഈശിയും ഭയക്കുന്നുണ്ട്. ഈശിക്ക് വലുത് അച്ഛന് കൊടുത്ത വാക്ക് പാലിക്കലാണ്. തന്റെ അച്ഛന്റേത് പോലെ കെമണ്ടന്‍ ശവമടക്കാണ് വാവച്ചനാശാന്‍ ആഗ്രഹിച്ചിരുന്നത്.

ഒരു കടലോര ഗ്രാമത്തിന്റെ ദൈനംദിന ജീവിതവും കരയോടും കടലിനോടും മല്ലിട്ടുള്ള അതിജീവനവും ചുരുങ്ങിയ ദൃശ്യങ്ങളില്‍ പരിചയപ്പെടുത്തിയാണ് ഈ മ യൗ തുടങ്ങുന്നത്. വാവച്ചന്റെ മരണവും ഈശിയുടെ നെട്ടോട്ടവുമായി സിനിമ മുന്നേറുന്നതിന് സമാന്തരമായി മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകളിലേക്ക് ചെറു വാതിലുകള്‍ തുറന്നിട്ടാണ് സിനിമ
മുന്നേറുന്നത്. പശ്ചാത്തല സംഗീതത്തെ പൂര്‍ണമായും ഉപേക്ഷിച്ചൊണ് ചിത്രം. സിനിമാറ്റിക് ടേണുകളെന്ന തോന്നലിലേക്ക് ഒരു ഘട്ടത്തിലും പ്രവേശിക്കാതെ ഒരു മരണവീടിന്റെ അകത്തും പുറത്തും ചുറ്റുവട്ടത്തും തൊട്ടടുത്തുമായി കാഴ്ചക്കാരനെ നിര്‍ത്തുകയാണ് സംവിധായകന്‍. ഷൈജു ഖാലിദിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ചതെന്ന് പറയാവുന്ന ഛായാഗ്രഹണമാണ് ഈ മ യൗവിലേത്. സിനിമയുടെ ഭാവാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതില്‍ അത്രത്തോളം പങ്കാളിത്തമുണ്ട് ഷൈജുവിന്റെ ക്യാമറാ ചലനങ്ങള്‍ക്ക്. റിയലിസത്തില്‍ നിന്ന് മാജിക്കല്‍ റിയലിസത്തിലേക്ക് സമാന്തര സഞ്ചാരമുണ്ട്. പക്ഷേ സ്വാഭാവികാന്തരീക്ഷത്തില്‍ നിന്ന് തെല്ലും മാറാതെയാണ് ദൃശ്യപരിചരണം. വൈഡ് ഫ്രെയിമില്‍ കടലില്‍ നിന്ന് കരയിലേക്കും കരയില്‍ നിന്ന് കടലിലേക്കും ദൈനംദിന ജീവിതത്തിന്റെ തുടര്‍ച്ചയില്‍ കയറിയിറങ്ങിപ്പോകുന്ന മനുഷ്യരിലാണ് ഷൈജു ചെല്ലാനത്തെ കടലോര ജീവിതം അടയാളപ്പെടുത്തുന്നത്. സൂക്ഷ്മതയോടെ, കഥാപാത്രത്തിന്റെ മനോതലത്തെ കൂടി ഉള്‍ക്കൊണ്ടാണ് ഓരോ കഥാപാത്രത്തെയും ക്യാമറ പിന്തുടരുന്നത്. കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളുന്ന ഇടങ്ങളെ കൃത്യതയോടെ പകര്‍ത്തിയും, ഹാന്‍ഡ് ഹെല്‍ഡ് ഷോട്ടുകളുടെ ചലനാത്മകതയിലും, കൃത്രിമ പ്രകാശ ക്രമീകരണത്തിന്റെ അഭംഗിയില്ലാത്ത രാത്രിയെ മനോഹരമായി ചിത്രീകരിച്ചും കടലോര ജീവിതവും, മരണവും ഭാവവും അനുഭവവുമായി വരുന്ന രംഗങ്ങള്‍ ഇ മ യൗവില്‍ കാണാം.

ലിജോയുടെ മുന്‍സിനിമകളില്‍ നിന്ന് ഈ മ യൗവിനുള്ള പ്രധാന സവിശേഷത സിനിമയുടെ ആഖ്യാന ഘടനയാണ്. ഓരോ കഥാപാത്രങ്ങളെയും പിന്തുടര്‍ന്നാണ് ആഖ്യാനരീതി
മരിക്കാന്‍ കൊതിക്കുന്ന ശവമടക്കായിരുന്നു തന്റെ അച്ഛന്റേതെന്ന് ഈശിയോട് വാവച്ചനാശാന്‍ പറയുന്നുണ്ട്. മെത്രാനച്ചന്‍ ആശിര്‍വാദത്തിനെത്തിയ വാദ്യഘോഷങ്ങളുടെ അകമ്പടിയുണ്ടായ ആ ശവമടക്കിന് ഈശിയും സാക്ഷിയാണ്. അതുപോലൊന്ന് തന്റെ അച്ഛനും അര്‍ഹിക്കുന്നുണ്ടെന്ന് ഈശിയ്ക്ക് അറിയാം. അവിടെ മുതല്‍ വാവച്ചനാശാന്‍-ഈശി (അപ്പന്‍-മകന്‍) ബന്ധത്തിന്റെ തീവ്ര വൈകാരിക തലങ്ങളിലൂടെ സഞ്ചരിച്ചുതുടങ്ങുന്നുണ്ട് സിനിമ. നില തെറ്റിപ്പോകുന്ന നിസഹായതയിലും, കൈവിട്ടുപോകുന്ന സാഹചര്യങ്ങളിലും അയാള്‍ക്ക് പാലിക്കേണ്ടത് ജീവിച്ചിരിപ്പില്ലാത്ത അച്ഛന് നല്‍കിയ വാക്കാണ്. മകനെന്ന നിലയ്ക്കുള്ള കടമ എന്നതിന് ഉപരി വാവച്ചന്‍ മേസ്തിരിക്ക് അര്‍ഹിക്കുന്ന ആദരമായി കൂടിയാണ്
ഈശി അയാളുടെ ആഗ്രഹത്തെ കണക്കാക്കുന്നത്. ജീവിതം അസംബന്ധ നാടകമായി മാറുന്ന ചില ഘട്ടങ്ങളിലേക്ക്് പ്രവേശിക്കുമ്പോള്‍ ബ്ലാക്ക് ഹ്യൂമറിലാണ് സംഭാഷണങ്ങളെ കാര്യമായി പ്രതിഷ്ഠിച്ചിരിക്കുന്നത്. അവനവനിലേക്ക് തന്നെ തിരിച്ചെത്തുന്ന ക്രൂരഫലിതങ്ങളായാണ് കറുത്ത ഹാസ്യം നിലയുറപ്പിക്കുന്നത്. ലിജോയുടെ പരീക്ഷണങ്ങള്‍ക്ക് ഏറ്റവും യോജിച്ച എഴുത്തുകാരില്‍ ഒരാളാണ് പി എഫ് മാത്യൂസെന്ന് ഇ മ യൗ കാണുമ്പോള്‍ തോന്നുന്നുണ്ട്. മരണത്തിലൂടെ ജീവിതത്തെ/സമൂഹത്തെ/മനുഷ്യനെ വായിച്ചെടുക്കുന്ന ആഖ്യാന സാമര്‍ത്ഥ്യം ഈ മ യൗവിന്റെ രചനയിലുണ്ട്. അരമണിക്കൂറില്‍ താഴെ മാത്രമാണ് വാവച്ചനാശാന്‍ ജീവനോടെ പ്രേക്ഷകര്‍ക്ക് മുന്നിലുള്ളത്. എന്നാല്‍ കഥാവഴിയിലുടനീളം അയാളെ ജീവിപ്പിച്ച് നിര്‍ത്തുന്നതാണ് ആഖ്യാന രീതി. ചെല്ലാനം-കൊച്ചി ഭാഷാഭേദമാണ് കഥാപാത്രങ്ങള്‍ക്ക്. വാവച്ചനാശാനെ അവതരിപ്പിച്ച കൈനകരി തങ്കരാജില്‍ മാത്രമാണ് ഇതിന്റെ കൃത്യതയുള്ള രൂപം കുറഞ്ഞുപോയത്.

അതിഗംഭീര കാസ്റ്റിംഗിന്റെ പ്രതിഫലനം കൂടിയാണ് ഈ മ യൗ. കൈനകരി തങ്കരാജ് ശരീരഭാഷയിലും, ശബ്ദക്രമീകരണത്തിലും ഭാവചലനങ്ങളിലുമായി വാവച്ചനാശാന്‍ എന്ന മനുഷ്യന്റെ അതുവരെയുള്ള ജീവിതം അനുഭവപ്പെടുത്തുന്നുണ്ട്. അയാളിലെ നിഷേധിയെ, സ്‌നേഹസമ്പന്നനായ പിതാവിനെ, കുഞ്ഞിനോളമുള്ള നിഷ്‌കളങ്കതയെ, തിരസ്‌കാരങ്ങളോടുള്ള ആത്മവ്യഥയെ അനുപമമാക്കിയിരിക്കുന്നു തങ്കരാജ്. വാവച്ചനാശാനെ തന്നെ മറ്റൊരു പ്രായത്തില്‍ പ്രതിനിധീകരിക്കുന്ന ഒരാളായാണ് ഈശിയെ ചിത്രീകരിക്കുന്നത്. തന്നോട് തന്നെ സംസാരിക്കുന്ന വാവച്ചനാശാനെ തുടക്കത്തില്‍ കാട്ടുന്നുണ്ട് സിനിമ. അതൊരു പരാതിയായി ഈശി പറയുന്നുമുണ്ട്. കഥാന്ത്യത്തിലെത്തുമ്പോള്‍ ഈശി പിറുപിറത്തും തന്നോട് തന്നെ സംസാരിച്ചും വാവച്ചനാശാനെ വേരടക്കം ഉള്‍പ്പേറുന്നത് കാണാം. ചെമ്പന്‍ അതില്‍ പകരമില്ലാത്ത കാസ്റ്റിംഗുമാണ്. ചെമ്പന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച കഥാപാത്രവുമാണ് ഈശി. വാവച്ചന്റെ മരണശേഷം വാവച്ചന്റെ മനസ് കൂടി ഈശി ഏറ്റെടുക്കുകയാണ്. അയാളിലെ ദ്വന്ദ്വം സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളുണ്ട്. അത് ചിലപ്പോഴൊക്കെ അയാളുടെ നിയന്ത്രണത്തിന് അപ്പുറവുമാണ്. മരണം പൂര്‍ണമായും തളര്‍ത്തിക്കളഞ്ഞ ഈശിയും, ഈശിയിലൂടെ ആഗ്രഹനിര്‍വൃതിക്കായി കാത്തുനില്‍ക്കുന്ന വാവച്ചനും അത്രമേല്‍ സ്വാഭാവികമാണ് ചെമ്പന്റെ പ്രകടനം. അപ്പന്റെ മരണം ഉറപ്പായപ്പോള്‍ ഈശി ആദ്യം വിളിക്കുന്നത് മെംബര്‍ അയ്യപ്പനെയാണ്. ദളിത് പഞ്ചായത്തംഗം. വിനായകന്‍ അവതരിപ്പിക്കുന്ന അയ്യപ്പന്‍ ഈശിക്ക് ജനപ്രതിനിധിയല്ല ആശ്രയവും ആത്മവിശ്വാസവുമായി കൂടെയുള്ള ചങ്ങാതിയാണ്. അയ്യപ്പനെത്തുന്നതോടെ ഈശി തളരാതെ താങ്ങിനില്‍ക്കുന്നത് അയാളിലാണ്. ധൈര്യമായിരിക്കെടാ എന്ന് ഈശിയോട് പറയുന്ന അതേ അയ്യപ്പന് പിന്നൊരിക്കല്‍ നിയന്ത്രണം നഷ്ടമാകുന്നുണ്ട്. മരണം ഒരാളില്‍ നിന്ന് പലരിലേക്ക് മരണതുല്യമായ മാനസികാവസ്ഥയായി പടര്‍ന്നുകയറുന്നതിനെ അവിശ്വസനീയമാംവിധം വിശ്വസനീയതയോടെ ചിത്രീകരിച്ചിട്ടുണ്ട്

ലിജോ പെല്ലിശേരി. അത്തരമൊരു അവസ്ഥയിലേക്ക് ഒരേ സമയത്ത് അല്ല പലരും പ്രവേശിക്കുന്നത്. പ്രതികാര നിര്‍വഹണത്തിനും, സ്വാര്‍ത്ഥതയ്ക്കും, വാശി തീര്‍ക്കാനുമൊക്കെ മരണത്തെ ഉപയോഗപ്പെടുത്തുന്ന ചിലരെ കാണിക്കുന്നുണ്ട്. മരണത്തിന്റെ തണുപ്പ് അവരിലേക്ക് അരിച്ചിറങ്ങുമ്പോള്‍ അവരും നിസ്സാരരായ മനുഷ്യരായി ചുരുങ്ങുന്നു.

അപ്പനും മകനുമുള്ള വീട്ടിലെ പെണ്‍ജീവിതം,അവര്‍ക്കിടയിലെ ഒരുമയും പോരുമെല്ലാം സമാന്തരമായി കാണാം. പെണ്ണമ്മയും സബേത്തും നിസയും അവരുടെ ലോകത്ത് നിന്ന് ഈ മരണത്തെ സമീപിക്കുന്നത് ഈശിയില്‍ നിന്ന് വ്യത്യസ്ഥമായാണ്. സംഭാഷണങ്ങളെക്കാള്‍ കഥാപാത്രങ്ങളുടെ ഭാവചലനങ്ങളിലൂടെ സഞ്ചരിക്കുകയാണ് പ്രധാന ഭാഗങ്ങളില്‍ സിനിമ.

ലിജോ ഇതുവരെ ചെയ്ത സിനിമകളെല്ലാം സിനിമയുടെ ഭാവത്തോട് ലയിച്ചുനീങ്ങുന്ന അല്ലെങ്കില്‍ അത്തരമൊരു അനുഭവപരിസരം സൃഷ്ടിച്ചെടുക്കുന്ന താളമുണ്ടായിരുന്നു. ആമേനിലും ഡബിള്‍ ബാരലിലും അങ്കമാലിയിലും ഈ താളം സിനിമയുടെ ഹൃദയതാളവുമായിരുന്നു. ലിജോ ഇവിടെ അത്തരമൊരു സാധ്യതയെ/ സൗകര്യത്തെ ഉപേക്ഷിക്കുകയാണ്.
കൊച്ചാല്‍ബിയുടെ പൊട്ടിയ ക്ലാരനെറ്റില്‍ നിന്നുള്ള അപതാളമാണ് സിനിമയുടെ താളം. അത് മരണവീട്ടിലെ, മരണത്തിന്റെ താളവുമായി മാറുന്നുണ്ട്. പോലീസുകാരനാകേണ്ടയാള്‍ പാതിരിയായെന്ന നിരീക്ഷണത്തെ പ്രസക്തമാക്കുന്ന വികാരിയച്ചനെയാണ് ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്നത്. ഒരു കുറ്റാന്വേഷകന്റെ ശരീരഭാഷയും മാനസികനിലയുമായി ജീവിക്കുന്ന വികാരിയച്ചന്‍ അതേ സമയം അധികാരചിഹ്നമായി മാറിയ മതത്തെ ഉപയോഗപ്പെടുത്തുന്നയാളുമാണ്. മനുഷ്യര്‍ ഏറ്റവും ദുര്‍ബലമായ സാഹചര്യത്തെ കൃത്യമായി ചൂഷണം ചെയ്യുന്ന മതസംവിധാനങ്ങളെയും സിനിമ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. ഉള്ളില്‍ ക്രൗര്യവും അധികാരവും പേറുന്ന കുശാഗ്രബുദ്ധിയുളള വൈദികനെ ശക്തനായ ഒരു പ്രതിനായക കഥാപാ്ത്ത്രിന്റെ തലത്തിലേക്ക് പ്രകടനം കൊണ്ട് ദീലീഷ് പോത്തന്‍ എത്തിച്ചിട്ടുണ്ട്. ദിലീഷിന്റെ ചില സിഗ്നേച്ചര്‍ മാനറിസങ്ങളില്‍ കൂടിയാണ് വികാരിയെ വരച്ചുവയ്ക്കുന്നത്.

ഒരു മരണത്തിന് ചുറ്റും ഓരോ മനുഷ്യരും ഓരോ അജണ്ടകളുമായി നിലകൊള്ളുമ്പോള്‍ മരണാനന്തര ചടങ്ങുകളിലും ക്രമീകരണങ്ങളിലും മാത്രം ശ്രദ്ധയര്‍പ്പിച്ച് മറ്റൊന്നും പ്രശ്‌നമാക്കാതെ നില്‍ക്കുന്ന മണിക്ക് എന്ന കഥാപാത്രത്തെ കാണാം. മരണത്തിന്റെ പുണ്യാളനെ മുട്ടുകുത്തി വണങ്ങിയവര്‍ക്കരികിലേക്ക് ജീവിതം കൊണ്ട് നന്മ ചൊരിയുന്ന മനുഷ്യനായ് കര്‍മ്മ നിരതനാവുന്ന മണീക്ക്. പന്തല്‍ തകര്‍ന്നുവീഴുമ്പോഴും, കോലാഹലമുണ്ടാകുമ്പോഴും സംയമനം വിടാതെ ധ്യാനബുദ്ധനെ പോലെ കര്‍മ്മനിരതനാണ് മണീക്ക്. ഈ സിനിമയുടെ രൂപകമാണോ മണീക്ക് എന്ന് തോന്നിപ്പോകുന്നുണ്ട്. പോളി വല്‍സനെ ക്യാമറയ്ക്ക് മുന്നില്‍ വന്നുമറയുന്ന റോളുകളിലാണ് കൂടുതലും കണ്ടിട്ടുള്ളത്. ഇ മ യൗവിലെ പെണ്ണമ്മ പോളി വല്‍സന്‍ എന്ന നടിയുടെ റേഞ്ച് എത്രയെന്ന് മനസിലാക്കിത്തരും. സങ്കടത്തിലേക്കും കോപത്തിലേക്കും പതം പറച്ചിലേക്കും മാറി മറയുന്ന പെണ്ണമ്മയെ ഭാവസമ്പന്നമാക്കിയിട്ടുണ്ട് പോളി. മലയാളം ഇനിയും ഈ അഭിനേത്രിയെ ഉപയോഗിക്കാതിരിക്കരുതെന്ന് പറയാന്‍ തോന്നും. ചെമ്പനോടൊപ്പം എടുത്തുപറയേണ്ട പ്രകടനമാണ് വിനായകന്റേത്. എത്ര പ്രതിസന്ധിയിലും ഈശിയെ കൈവിടാത്ത ചങ്ങാതിയാണ് അയ്യപ്പന്‍. കൂട്ടുകാരന്റെ അച്ഛന് ഒരു മനുഷ്യന്‍ അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കാന്‍ വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറെടുക്കുന്ന അയ്യപ്പന്‍. അയ്യപ്പന്‍ അയാളെ തന്നെയാണ് ആശാനില്‍ കാണുന്നത്. എവിടെയും പ്രകോപിതനാകാത്ത, സംയമനത്തോടെ നീങ്ങുന്ന, ശാന്തനായ അയ്യപ്പനായി അതിഗംഭീരമായിരിക്കുന്നു വിനായകന്‍. ചവറോ, ലാസര്‍ എന്നീ കഥാപാത്രങ്ങളും ഗംഭീരമായിട്ടുണ്ട് ഒപ്പം മണീക്കിനെ അവതരിപ്പിച്ച നടനും. സബേത്തിന്റെ റോളിലെത്തിയ ആര്യയും, രക്ഷാധികാരി ബൈജു ഫെയിം കൃഷ്ണാ പത്മകുമാര്‍ എന്നിവരും മികച്ച പ്രകടനമാണ് സമ്മാനിച്ചത്.

അന്തരീക്ഷ സൃഷ്ടിയിലെ കൃത്യതയും അതിസൂക്ഷ്മതയുമാണ് ഇ മ യൗവിന്റെ സൗന്ദര്യം. പശ്ചാത്തല സംഗീതമില്ലാത്ത സിനിമയില്‍ രംഗനാഥ് രവിയുടെ ശബ്ദരൂപകല്‍പ്പന നിര്‍ണായക റോള്‍ ഏറ്റെടുത്തിട്ടുണ്ട്. മരണവീട്ടിലെ മൂകത, മരണവീട്ടിലെത്തിയവര്‍, കടലോര ഗ്രാമത്തെ കാറ്റിലൂടെയും തിരയിലൂടെയും കടലിലൂടെയും സ്വാഭാവികതയോടെ അനുഭവപ്പെടുത്തിയത്.
ചിത്രീകരണത്തിലും ശബ്ദരൂപകല്‍പ്പനയിലും സകലഭാവങ്ങളോടെ മഴ ഏറ്റവും വിശ്വസനീയമായി വന്ന മലയാള സിനിമയാണ് ഈ മ യൗ. മരണവീട്ടിലെ മഴ എന്നതിനൊപ്പം മഴ പല തലത്തില്‍ കഥാന്തരീക്ഷത്തോട് ചേര്‍ന്ന് വരുന്നത് കാണാം. ശബ്ദരൂപകല്‍പ്പനയും ശബ്ദസംവിധാനവുമൊക്കെ റിയലിസ്റ്റിക് സിനിമയുടെ നിര്‍മ്മിതിയില്‍ എത്രത്തോളം നിര്‍ണായകമാണെന്ന് മനസിലാക്കാന്‍ ഈ സിനിമ കണ്ടാല്‍ മതി. രംഗനാഥ് രവിയെന്ന സൗണ്ട് ഡിസൈനര്‍ക്ക് കൂടി കയ്യടിക്കാതെ ഈ മ യൗ കണ്ടിറങ്ങാനാകില്ല.

മരണത്തിന്റെ തണുപ്പില്‍ നിന്നും മരവിപ്പില്‍ നിന്നും മാജിക്കല്‍ റിയലിസത്തിന്റെ അനുഭവാന്തരീക്ഷത്തിലേക്കുള്ള സമാന്തര സഞ്ചാരം പൂര്‍ത്തിയാക്കുന്നുണ്ട് ഈ മ യൗ. ബര്‍ഗ്മാന്റെ സെവന്‍ത് സീലിലെ ചെസ് കളിയെ ഓര്‍മ്മപ്പെടുത്തുന്നതാണ് മഴയും മരണവും തോല്‍വിയും ജയവും നന്മയും തിന്മയും ദൈവവും ചെകുത്താനും വ്യാഖ്യാന സാധ്യതയാകുന്ന ചീട്ടുകളി. വിശ്വാസിയെയും അവിശ്വാസിയെയും പിടികൂടുന്ന മരണത്തിലേക്ക് നായയും താറാവുമൊക്കെ എത്തുമ്പോള്‍ ബര്‍ഗ്മാന്‍ ട്രിബ്യൂട്ട് ഫീല്‍ ചെയ്യുന്നുണ്ട്. ആമേനിലെ സംഗീത പ്രപഞ്ചത്തോടും, മാജിക്കല്‍ റിയലിസം ഫീല്‍ ചെയ്യുന്നതിലേക്കും ഒരു പോലെ ചേര്‍ത്തുവയ്ക്കുന്നുണ്ട് പ്രശാന്ത് പിള്ളയുടെ സാന്നിധ്യമുള്ള രംഗം.

2018ല്‍ കേരളത്തിന്റെ ഇന്റര്‍നാഷനല്‍ സിനിമ സുഡാനി ഫ്രം നൈജീരിയ ആളെ നിറച്ച തിയറ്ററുകളിലേക്കാണ് ഈ മ യൗ വരുന്നത്. നവനിരയിലെ ശ്രദ്ധേയനായ മറ്റൊരു
സംവിധായകന്‍ ആഷിക് അബു നിര്‍മ്മാണമേറ്റെടുത്തും, വിതരണക്കാരനായും ഈ മ യൗ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതും നമ്മുടെ സിനിമയെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണ്. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമയെന്നതാണ് വ്യക്തിപരമായ അഭിപ്രായം.