3/5

മഹാനടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണേന്ത്യന്‍ അഭിനേത്രി സാവിത്രിയുടെ ജീവിതകഥയാണ് തമിഴില്‍ നടികയാര്‍ തിലകമായും തെലുങ്കില്‍ മഹാനടിയെന്ന പേരിലുമെത്തിയ ചിത്രം. ഇന്ത്യന്‍ സിനിമയുടെ ചരിത്രപഥത്തില്‍ സവിശേഷ സ്ഥാനമുള്ള ചലച്ചിത്രകാരിയാണ് സാവിത്രി. ജെമിനി ഗണേശനിലേക്കും, അദ്ദേഹത്തിന്റെ ഭാര്യയെന്ന ചേര്‍്‌ത്തെഴുത്തിലുമായി
ചുരുക്കിയാണ് സാവിത്രി പലപ്പോഴും പരാമര്‍ശിക്കപ്പെടാറുള്ളത്. വീരനായകത്വ ഗാഥകളിലൂടെ മാത്രം വലിപ്പം വച്ച ദക്ഷിണേന്ത്യന്‍ സിനിമയില്‍ നായകതാരങ്ങള്‍ തുല്യമായ താരസിംഹാസനം സ്വന്തമാക്കിയിരുന്നു സാവിത്രി. സ്ത്രീകേന്ദ്രീകൃത സിനിമകള്‍ക്കൊപ്പം അറുപതുകളില്‍ ആണധീശത്വം എല്ലാ തട്ടിലും നിലനിന്ന സിനിമാ വ്യവസായത്തില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി വനിതകളെ അണിനിരത്തി സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച അഭിനേത്രിയുമാണ് സാവിത്രി. ഈ മഹാനടിയെ അടയാളപ്പെടുത്തുകയെന്ന ദൗത്യം നിര്‍വഹിക്കുന്നുണ്ട് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം.

എന്‍ ടി രാമറാവുവും എംജി ആറും നാഗേശ്വര റാവുവും ജെമിനി ഗണേഷനും ശിവാജി ഗണേശനും വിളങ്ങി നില്‍ക്കെയാണ് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് നായകനിരയോട് പ്രകടനത്തില്‍ കിട പിടിച്ച് തെലുങ്കിലും തമിഴിലും കന്നഡയിലുമായി സാവിത്രി മഹാനടിയും നടികര്‍ തിലകവുമായത്. താരപ്പകിട്ടിന് പുറത്ത് സംഭവ ബഹുലമായിരുന്നു സാവിത്രിയുടെ
ജീവിതം. അഭിനയിച്ച സിനിമകളിലെ ദുരന്ത രംഗങ്ങള്‍ പോലും പിന്നിലാവുന്ന ജീവിത സാഹചര്യങ്ങളെയാണ് അവര്‍ നേരിട്ടത്. മൂന്നരപ്പതിറ്റാണ്ട് നീണ്ട ചലച്ചിത്രസപര്യയ്ക്ക് ശേഷം 1981ല്‍ നാല്‍പ്പത്തിയഞ്ചാം വയസിലാണ് സാവിത്രിയുടെ മരണം. 19 മാസത്തോളം കോമയില്‍ കിടന്നായിരുന്നു മരണം. സാവിത്രിയുടെ വ്യ്ക്തിജീവിതവും ചലച്ചിത്രജീവിതവുമാണ് മഹാനടി. നാനി നായകനായ യെവദേ സുബ്രഹ്മണ്യത്തിന് ശേഷം നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രവുമാണ് മഹാനടി. വിദ്യാബാലനെ തുടക്കത്തില്‍ പരിഗണിച്ചിരുന്ന റോളില്‍ സാവിത്രിയായി കീര്‍ത്തി സുരേഷാണ്. കീര്‍ത്തിയുടെ കാസ്റ്റിംഗ് പിഴച്ചില്ലെന്നും സമാനതകളില്ലാത്ത തെരഞ്ഞെടുപ്പുമായിരുന്നുവെന്ന് സിനിമ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ജീവചരിത്ര സിനിമകളുടെ സമീപന രീതിയില്‍ പല തലങ്ങളുണ്ട്. ബയോപ്പിക് ആധാരമാക്കിയ വ്യക്തിയുടെ ജീവിതത്തോടും യാഥാര്‍ത്ഥ്യങ്ങളോടും എത്ര മാത്രം നീതി പുലര്‍ത്തി?, സിനിമ എന്ന മാധ്യമത്തെ ഉപയോഗിച്ച് ഒരാളുടെ സംഭവ ബഹുല ജീവിതം വ്യാഖ്യാനിക്കുമ്പോള്‍ പരിചരണ മികവിനാല്‍ ആ സൃഷ്ടി എത്രകണ്ട് സവിശേഷമായി?, ആഖ്യാതാവ് എന്ന നിലയ്ക്ക് ചലച്ചിത്രകാരന്‍ ആ ജീവിതത്തെ ദൃശ്യഭാഷയിലൂടെ എങ്ങനെ വ്യാഖ്യാനിച്ചു എന്നതെല്ലാം ബയോപ്പിക്കുകളുടെ കാഴ്ചയില്‍ ആസ്വാദനത്തെ സ്വാധീനിക്കും. വാണിജ്യ സിനിമയുടെ ചിരപരിചിത ഫോര്‍മുലയിലേക്ക് ജീവിതകഥയെ പ്രതിഷ്ഠിച്ച്, അതിനൊത്ത വൈകാരിക പ്രതലം രൂപപ്പെടുത്തുന്നതിനാണ് ഇന്ത്യന്‍ ബയോപ്പിക്കുകളില്‍ കൂടുതലും ശ്രമിച്ചുള്ളത്. നായകന്‍(നായിക)-പ്രതിനായകന്‍(പ്രതിനായിക)ദ്വന്ദ്വങ്ങളെയോ ട്വിസ്റ്റുകളാകേണ്ട പ്രതിബന്ധങ്ങളെയോ കൃത്യമായ ഇടവേളകളിലേക്ക് ചേര്‍ത്തുവച്ച് ഫോര്‍മുലാ സിനിമയുടെ അതിസാധാരണ പരിസരത്തേക്ക് എത്തിച്ചേരുന്നിടത്താണ് ജീവചരിത്ര സിനിമകളെന്ന വിശേഷണമുള്ള മിക്ക സിനിമകളും അനഭവഭേദ്യമാകാതെ പോയിട്ടുള്ളത്. ഇക്കൂട്ടത്തില്‍ തിഗ്മാന്‍ഷൂ ധൂലിയയുടെ പാന്‍ സിംഗ് തോമാര്‍, ശേഖര്‍ കപൂറിന്റെ ബന്‍ഡിറ്റ് ക്യൂന്‍, പരേഷ് മൊകാഷിയുടെ ഹരിശ്ചന്ദ്രാചി ഫാക്ടറി തുടങ്ങിയവ ക്രാഫ്റ്റ്മാന്‍ഷിപ്പ് കൊണ്ട് സവിശേഷമായിരുന്നു. ഹന്‍സല്‍ മേത്തയുടെ അലിഗഡ്, ഷാഹിദ് പോലുള്ള ജീവിത പശ്ചാത്തലം ആധാരമായ സൃഷ്ടികളും പരിചരണ രീതിയിലെ വ്യത്യസ്ഥതയാലും സമീപനത്തിലെ സത്യസന്ധതയാലും മികച്ചുനില്‍ക്കുന്നവയെന്ന് തോന്നിയിട്ടുണ്ട്. ഭാഗ് മില്‍ഖാ ഭാഗും, ധോണിയും, മാഞ്ചിയും ആരാധനാ പൂര്‍വമുള്ള പ്രകീര്‍ത്തനങ്ങള്‍ക്കപ്പുറം ആസ്വാദ്യകരവുമായിരുന്നില്ല. നാഗ് അശ്വിന്‍ സാവിത്രിയുടെ ജീവിതത്തെ സമീപിച്ചിരിക്കുന്നത് ദക്ഷിണേന്ത്യയുടെ മഹാനടിക്കുള്ള ഹൃദയാദരം എന്ന നിലയ്ക്കാണ്. മാധ്യമങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ഓര്‍മ്മക്കുറിപ്പുകളിലൂടെയും പരാമര്‍ശിക്കപ്പെട്ട സാവിത്രിയുടെ ചലച്ചിത്ര ജീവിതത്തിലൂടെയും വ്യക്തിജീവിതത്തിലൂടെയുമാണ് സിനിമയുടെ സഞ്ചാരം. ദക്ഷിണേന്ത്യന്‍ സിനിമയിലെ മഹാനടിയെന്ന വിശേഷണത്തിലേക്കുള്ള സാവിത്രിയുടെ വളര്‍ച്ചയും, ദുരന്തപൂര്‍ണമായ വിടവാങ്ങലും വസ്തുതാപരമായി തന്നെ ചിത്രം അനാവരണം ചെയ്യുന്നുണ്ട്.

ഏറെക്കുറെ പോപ്പുലര്‍ ഫോര്‍മുലയിലും, ഫോര്‍മാറ്റിലുമാണ് മഹാനടി. ആദ്യ സിനിമയില്‍ തെലുങ്കിന്റെ രുചിശീലങ്ങളെ വിട്ട് പരീക്ഷണത്തിന് മുതിര്‍ന്ന സംവിധായകന്‍ ജീവചരിത്ര സിനിമയിലെത്തിയപ്പോള്‍ പരീക്ഷണ വ്യഗ്രതയെക്കാള്‍ സാവിത്രിയുടെ ജീവിതത്തെ സമഗ്രമായി പ്രതിപാദിക്കാനാണ് ശ്രമിച്ചത്. മൂന്നരപ്പതിറ്റാണ്ട നീണ്ട ചലച്ചിത്ര സപര്യയും 45ാം വയസ് വരെ മാത്രം നീണ്ട ജീവിതവും 177 മിനുട്ടില്‍ ഹൃദ്യമായി അവതരിപ്പിക്കാനുള്ള ശ്രമം.

1950 മുതല്‍ 80കളുടെ മധ്യം വരെയുള്ള കാലയളവിലാണ് സാവിത്രിയുടെ സിനിമാ ജീവിതം. മാധ്യമം എന്ന നിലയില്‍ സിനിമയില്‍ സാങ്കേതികമായും രൂപപരമായും സംഭവിച്ച മാറ്റങ്ങള്‍ക്കൊപ്പം അഭിനയരീതികളിലും കാര്യമായ പരിണാമം സംഭവിച്ചിട്ടുണ്ട്. നാടകീയതയും, അതിവൈകാരികതയുമൊക്ക ആവശ്യപ്പെട്ടിരുന്ന അഭിനയരീതി സ്വാഭാവികതയിലേക്ക് പ്രവേശിച്ചു. നിത്യ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഇടപെടലുകളുടെയും ചലനങ്ങളുടെയും തുടര്‍ച്ച തോന്നിക്കുന്ന ഭാവവിനിമയത്തിലേക്ക് സിനിമയും മാറി. ഡിജിറ്റല്‍ സാങ്കേതിക വിദ്യ സിനിമയുടെ സമഗ്രമേഖലയിലും ഇടപെടുന്ന കാലത്ത് ദക്ഷിണേന്ത്യന്‍ സിനിമയുടെ അമ്പതുകളെയും അറുപതുകളെയും എണ്‍പതുകളെയും വിശ്വസനീയമായി പുനരാവിഷ്‌കരിക്കുകയാണ് നാഗ് അശ്വിന്‍. സമഗ്രഭാവങ്ങളിലും ആ കാലത്തെ സിനിമയെ അനുഭവപ്പെടുത്താന്‍ പരിശ്രമിച്ചിടത്താണ് നാഗ് അശ്വിന്‍ വിജയിച്ചത്. അമ്പതുകള്‍ തുടങ്ങി എണ്‍പതുകളുടെ മധ്യത്തിലെത്തിയ ചലച്ചിത്രകാലത്തെ പ്രതിനിധീകരിക്കുന്നത് പുതുതലമുറയില്‍ നിന്നുള്ള കീര്‍ത്തിയും, ദുല്‍ഖറും നാഗചൈതന്യയും സമാന്തയുമാണ്. അമ്പതുകളിലെ കാലഗണനയും അന്തരീക്ഷവും സൃഷ്ടിക്കാനായി ചമയത്തിലും വസ്ത്രാലങ്കാരത്തിലും കലാസംവിധാനത്തിലും മാത്രമായി ‘പഴമ’ പണിതെടുക്കാതെ സമഗ്രതലത്തിലും വിന്റേജ് ഫീല്‍ റിക്രിയേറ്റ് ചെയ്തു സംവിധായകന്‍. സാവിത്രിയായ കീര്‍ത്തിയും ജെമിനി ഗണേശനായ ദുല്‍ഖര്‍ സല്‍മാനും പ്രേക്ഷകര്‍ക്ക് സുപരിചിതരായ ഇതിഹാസ താരങ്ങളെ അനുകരിക്കാന്‍ മുതിര്‍ന്നിട്ടേയില്ല. അമ്പതുകളിലെ സിനിമാ ചിത്രീകരണം കാണിക്കുമ്പോള്‍ ഫ്രെയിമില്‍ അവര്‍ ആ കാലത്തിനൊത്ത ഭാവചേഷ്ടകളും ശരീരഭാഷയുമായി സ്വാഭാവികതയോടെ പ്രത്യക്ഷപ്പെടുന്നുണ്ട്. തിരികെ സാവിത്രിയുടെയും ജെമിനിയുടെയും ജീവിതത്തിലേക്ക് വരുമ്പോള്‍ സ്വാഭാവികതയിലൂന്നിയാണ് ഇരുവരുടെയും പ്രകടനം.

അബോധാവസ്ഥയില്‍ സാവിത്രിയെ മകന്‍ ആശുപത്രിയിലെത്തിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. ആരെന്ന് തിരിച്ചറിയാതെ ഡോക്ടര്‍മാരാലും നഴ്‌സുമാരാലും അവഗണിക്കപ്പെട്ട രോഗിയെ കാത്ത് പുറത്ത് ആള്‍പ്പെരുപ്പമുണ്ടാകുമ്പോഴാണ് സാവിത്രിയുടെ ജീവിതം തെളിയുന്നത്. കരിയറില്‍ ബ്രേക്ക് കിട്ടാനായി മധുരവാണി എന്ന യുവമാധ്യമ പ്രവര്‍ത്തക (സമാന്ത പ്രഭു അക്കിനേനി) സാവിത്രിയുടെ ജീവിത കഥ ദിനപത്രത്തില്‍ എഴുതാന്‍ തീരുമാനിക്കുന്നു. സ്വന്തം തീരുമാനങ്ങള്‍ നിര്‍മ്മിച്ച വിധിയെ നേരിടാനാകാതെ ദുരന്തങ്ങളെ തുടര്‍ച്ചയായി നേരിട്ട് മരണത്തിന് കീഴടങ്ങിയ സാവിത്രി ഇച്ഛാശക്തിയുള്ള സ്ത്രീയെന്ന നിലയ്ക്കും അസാധാരണ പ്രതിഭയെന്ന നിലയ്ക്കും വാണിയെ എത്രമേല്‍ സ്വാധീനിച്ചുവെന്നും സിനിമ പിന്നീട് പറഞ്ഞുവയ്ക്കുന്നുണ്ട്. മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള സിനിമയില്‍ സാവിത്രിയുടെ മുഴുജീവിതം പരാമര്‍ശിക്കാന്‍ സംവിധായകന്‍ ചിട്ടപ്പെടുത്തിയ ആഖ്യാനപദ്ധതിയാണ് മധുരവാണിയുടെ അന്വേഷണത്തിലൂടെയുള്ള സാവിത്രിയുടെ ജീവിതത്തിന്റെ ഡോക്യുമെന്റേഷന്‍. അതൊരു പരിചിത ഫോര്‍മുലയാണ്. ഉദ്വേഗമോ, ആകര്‍ഷണീയതയോ അനുഭവപ്പെടേണ്ട ഈ ട്രാക്ക് ആണ് നിര്‍ഭാഗ്യവശാല്‍ സിനിമയില്‍ ഏറ്റവും ദുര്‍ബലം. മധുരവാണിയും അവളെ പ്രണയിക്കുന്ന ഫോട്ടോഗ്രാഫര്‍ വിജയ് ആന്തണിയും ഉള്‍പ്പെടുന്ന ട്രാക്കിന് സാവിത്രിയുടെ ജീവിതത്തിലെ നിര്‍ണായക സന്ദര്‍ഭങ്ങളെ കൂട്ടിയോജിപ്പിക്കുക എന്നതിനപ്പുറം കാര്യമായൊന്നും ചെയ്യാനുമില്ല. സാവിത്രിയുടെ കുട്ടിക്കാലം, അച്ഛനെ നഷ്ടമായ പെണ്‍കുട്ടിയുടെ ദു:ഖം, അവരിലെ പ്രതിഭയെ പ്രേക്ഷകരിലേക്ക് അനാവരണം ചെയ്യുന്ന രംഗങ്ങള്‍ ഇവയൊന്നും അവതരണത്തിലും ആസ്വാദ്യകരമല്ല. അവിടെ നിന്നും കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്ന കൗമാരക്കാരിയായ സാവിത്രിയിലേക്ക് മഹാനടി പ്രവേശിക്കുമ്പോഴാണ് സിനിമയ്ക്ക് ജീവന്‍ വയ്ക്കുന്നത്. സാവിത്രി ജെമിനി ഗണേശനെ ആദ്യമായി കാണുന്നതും അവര്‍ക്കിടയിലെ പ്രണയവും ദാമ്പത്യവും സിനിമയുടെ കേന്ദ്രപ്രമേയമായി മാറുന്നു. സിനിമയില്‍ തന്മയത്വത്തോടെ ചിത്രീകരിക്കപ്പെട്ടതും ഈ ഭാഗങ്ങളാണ്.

കഥാപരിചരണത്തില്‍ വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നില്ലെങ്കിലും സാങ്കേതിക പരിചരണത്തില്‍ നാഗ് അശ്വിന്റെ മിടുക്ക് കാണാം. അമ്പതുകളിലെ സിനിമാ ചിത്രീകരണവും അന്തരീക്ഷവും എണ്‍പതുകളുടെ അവസാനവും സ്‌ക്രീനില്‍ മാറി മാറി വരുമ്പോള്‍ രണ്ട് കാലഘട്ടത്തെയും രംഗാവിഷ്‌കാരത്തില്‍ അതീവ വിശ്വസനീയതയോടെ കൊണ്ടുവന്നിട്ടുണ്ട്. സ്പാനിഷ് ഛായാഗ്രാഹകന്‍ ഡാനി സാഞ്ചേ ലോപ്പസിന്റെ ക്യാമറാ ചലനങ്ങളും മിക്കി ജെ മിയറിന്റെ സംഗീതവും കഥ പറയുന്ന കാലവും പശ്ചാത്തല അന്തരീക്ഷ നിര്‍മ്മിതിയും അനുഭവപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്. കൃത്യമായൊരു പരിചരണ പദ്ധതിയില്‍ നിന്നാണ് മഹാനടിയുടെ ദൃശ്യപഥം സൃഷ്ടിച്ചെടുത്തതെന്ന് മനസിലാകും. മഹാനടി റിലീസായതിന് ശേഷം സാവിത്രി അഭിനയിച്ച ഒരു രംഗം കീര്‍ത്തി സിനിമയില്‍ ചെയ്തതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. സാവിത്രി തിളങ്ങി നിന്ന കാലം ചിത്രീകരിക്കുക എന്നതിനൊപ്പം അന്നത്തെ സിനിമയുടെ പരിചരണ രീതിയെയയും ക്യാമറാ ചലനത്തെയും റിയലിസ്റ്റിക്കായി പുനര്‍സൃഷ്ടിച്ചുവെന്നതും ശ്രദ്ധേയമാണ്. സാവിത്രിയുടെ പ്രധാന ചിത്രങ്ങളിലൂടെയാണ് ഒരു ഘട്ടം മുതല്‍ മഹാനടി നീങ്ങുന്നത്. ഓരോ സിനിമാ ശകലങ്ങളും യഥാര്‍ത്ഥ ഫുട്ടേജിനോളം വിശ്വസനീയമാക്കിയാണ് സിനിമയില്‍ വരുന്നത്. വിന്റേജ് ഫീലും നൊസ്റ്റാള്‍ജിയയും സൃഷ്ടിക്കാന്‍ കലാസംവിധാനത്തിലും വസ്ത്രാലങ്കാരത്തിലും മാത്രം വരുത്തുന്ന മാറ്റങ്ങള്‍ക്കപ്പുറം ദൃശ്യപരിചരണത്തില്‍ നടപ്പാക്കിയ റിയലിസ്റ്റിക് ഫീല്‍ എടുത്ത് പറയേണ്ടതാണ്. വിന്റേജ് ഫീല്‍ തരുന്ന ടോണും ഗ്രെയിന്‍സും ലഭിക്കാന്‍ സൂപ്പര്‍ 16എംഎംലും 80കളെ ഹാന്‍ഡ് ഹെല്‍ഡ് ഷോട്ടുകളില്‍ പ്രാധാന്യം നല്‍കിയും ചിത്രീകരിച്ചതിനെക്കുറിച്ച് ഛായാഗ്രാഹകന്‍ തന്നെ സിനിമ പുറത്തിറങ്ങുംമുമ്പ് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. ഡിജിറ്റല്‍ ഫിലിംമേക്കിംഗിന് മുമ്പുള്ള സിനിമയുടെ പ്രാരംഭകാലത്തെ വിശ്വസനീയമായി നിര്‍മ്മിച്ചെടുത്തത് ആസ്വാദനത്തിനും ഗുണമായിട്ടുണ്ട്.

മഹാനടി സാവിത്രിയുടെ ജീവിതത്തിലെയും ചലച്ചിത്ര സപര്യയിലെയും വഴിത്തിരിവുകളിലൂടെ മുന്നേറുമ്പോള്‍ മുന്നിലെത്തുന്ന രംഗങ്ങളില്‍ നമ്മള്‍ കണ്ട എത്രയോ സിനിമകളിലെ രംഗങ്ങളുടെ ആവര്‍ത്തനം അനുഭവപ്പെടാം. എന്നാല്‍ സിനിമയിലെ ട്വിസ്റ്റുകളെയും ദുരന്തങ്ങളെയും തോല്‍പ്പിക്കും വിധമുള്ള ഈ അനുഭവങ്ങളിലൂടെയായിരുന്നു ദക്ഷിണേന്ത്യയുടെ മഹാനടിയുടെ ജീവിത പ്രയാണമെന്ന് ഓര്‍ത്തെടുക്കുമ്പോള്‍ സിനിമയ്ക്ക് പുറത്തും ആ ജീവിതം നൊമ്പരപ്പെടുത്തും. സ്‌നേഹം കൊതിച്ചുള്ള ജീവിതത്തില്‍, പിതൃവാല്‍സല്യം തേടിയുളള നീണ്ട യാത്രയില്‍, സ്വയം സമര്‍പ്പിച്ചുള്ള പ്രണയത്തില്‍ സാവിത്രി എന്ന നടി സിനിമയ്ക്ക് പുറത്ത് ജീവിച്ചുതീര്‍ത്ത ജീവിതത്തെക്കുറിച്ചുള്ള ആലോചനകള്‍ ആസ്വാദനത്തില്‍ വിങ്ങലായി മാറും.

മലയാളത്തില്‍ പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിയിലാണ് കീര്‍ത്തി സുരേഷിന്റെ തുടക്കം. തമിഴില്‍ തിരക്കേറിയ നായികയായി മാറിയപ്പോഴും ലഭിച്ച കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയെന്നതിനപ്പുറം കീര്‍ത്തി സുരേഷിന്റെ ഔട്ട്സ്റ്റാന്‍ഡിംഗ് പെ്ര്‍ഫോര്‍മന്‍സ് എന്ന് വിശേഷിപ്പിക്കാവുന്ന സിനിമകള്‍ ഇല്ലായിരുന്നു. സാവിത്രിയില്‍ കീര്‍ത്തി ശരിക്കും അത്ഭുതപ്പെടുത്തി. വലിയൊരു പ്രേക്ഷകസമൂഹത്തിന് അഭിനയരീതി കൊണ്ട് സുപരിചിതയായ അഭിനേത്രിയെ ഭാവഭദ്രമാക്കുകയെന്ന ദൗത്യമായിരുന്നു കീര്‍ത്തിയുടേത്. മറ്റേത് കഥാപാത്രത്തെക്കാള്‍ പൂര്‍ണതയിലെത്തേണ്ടതും സാവിത്രിയാണ്. സാവിത്രിയുടെ സിനിമകളിലെ പ്രധാന രംഗങ്ങള്‍, ഗാനരംഗങ്ങള്‍ കീര്‍ത്തിയിലൂടെ പുനരാവിഷ്‌കരിക്കപ്പെടുന്നുണ്ട്. മായാബസാര്‍ രംഗത്തിന്റെ പുനരാവിഷ്‌കാരമൊക്കെ മികവുറ്റതാണ്. സാവിത്രിക്ക് വലിയ അംഗീകാരങ്ങളും പ്രശംസയും നേടിക്കൊടുത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ക്ക് പുനരവതരിപ്പിക്കപ്പെടുന്നുണ്ട്. സാവിത്രിയുടെ ചലച്ചിത്ര ജീവിതത്തിന് പുറത്ത് അവരുടെ കൗമാരവും, ദാമ്പത്യജീവിതവും ഗണേശനോടുള്ള പ്രണയവും മക്കളോടുള്ള വാല്‍സല്യവും സാമൂഹ്യജീവിയെന്ന നിലയ്ക്കുള്ള കരുണയും, കുട്ടിത്തത്തിന്റെ കുറുമ്പും അങ്ങനെ പല കാലങ്ങളില്‍, പല ഭാവങ്ങളിലൂടെ സാവിത്രിയെന്ന അഭിനേത്രിയോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന പ്രകടനം കാഴ്ച വച്ചിരിക്കുന്നു കീര്‍ത്തി സുരേഷ്. കീര്‍ത്തിയുടെ കരിയറിലെ വഴിത്തിരിവാകും ഈ സിനിമ. ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനാണ്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ്. കാതല്‍ മന്നന്‍ എന്ന വിശേഷണത്തിന് അപ്പുറത്ത് സാവിത്രിയുടെ വളര്‍ച്ചയില്‍ അപകര്‍ഷതയും അസൂയയുമായി നില്‍ക്കുന്ന പ്രതിനായക ഭാവമുണ്ട് ജെമിനിക്ക്. മദ്യപാനിയായി നിലതെറ്റി നില്‍ക്കുന്ന രംഗങ്ങളുണ്ട്. ദുല്‍ഖറിന് മലയാളത്തില്‍ ഇതുവരെ ലഭിച്ചതിനേക്കാള്‍ സങ്കീര്‍ണതയുള്ള കഥാപാത്രമാണ്. കഥാപാത്രത്തോളം അത്രയേറെ ഉള്‍പ്പേറിയിട്ടുണ്ട് ദുല്‍ഖര്‍. തെലുങ്ക് അരങ്ങേറ്റം ഗംഭീരമാക്കി.
പ്രണയാതുര രംഗങ്ങളിലും വൈകാരിക സംഘര്‍ഷങ്ങളിലും മികച്ച പെര്‍ഫോര്‍മന്‍സാണ് ദുല്‍ഖറിന്റേത്.
മികച്ച പ്രൊഡക്ഷന്‍ ഡിസൈനിലുടെ അമ്പതുകളിലെ ആദ്യകാല സിനിമയ്ക്കുള്ള ആദരമെന്ന നിലയിലേക്കും വളരുന്നുണ്ട് മഹാനടി.

ഇല്ലായ്മകളില്‍ നിന്ന് സിനിമയുടെ വര്‍ണപ്രഭയിലേക്കുള്ള വരവ്. താരശോഭയുടെ ഔന്നത്യത്തില്‍ നിന്നുള്ള നിലതെറ്റി വീഴ്ച, സിനിമകളെ വെല്ലുന്ന ട്വിസ്റ്റുകളുടെ സമാഹാരമായി ജീവിതം, ദുരന്തപൂര്‍ണമായ ജീവിതവിരാമം. ഇങ്ങനെ സംഭവബഹുലമായി താരജീവിതങ്ങള്‍ നേരത്തെയും സിനിമയായിട്ടുണ്ട്. കെ ജി ജോര്‍ജ്ജിന്റെ ലേഖയുടെ മരണം ഫ്‌ളാഷ് ബാക്ക് അത്തരത്തില്‍ വന്ന ശ്രദ്ധേയമായ സൃഷ്ടിയാണ്. ഇവിടെ ജീവിതത്തില്‍ ദുരന്തനായികയായി മാറിയ മഹാനടിയെ അവരുടെ ഔന്നത്യം വായിച്ചെടുക്കാനാകും വിധം അവതരിപ്പിച്ച സിനിമയെന്ന നിലയ്ക്കാണ് മഹാനടി അനുഭവപ്പെട്ടത്. ദേവദാസുമായി ബന്ധിപ്പിച്ച് ജെമിനി-സാവിത്രി പ്രണയ ജീവിതം അവതരിപ്പിക്കാനുള്ള ശ്രമവും പാതിവഴിയില്‍ നിര്‍ത്തിയിരിക്കുകയാണ് സംവിധായകന്‍. സമാന്തയുടെ ട്രാക്ക് അവസാനിപ്പിക്കുന്നതും തിടുക്കപ്പെട്ടാണ്. ചിലയിടങ്ങളില്‍ ഇന്റര്‍കട്ട് ആയി മധുരവാണിയുടെ ജീവിതത്തിലേക്ക് സിനിമയെത്തുമ്പോള്‍ ബോറടിക്കുന്നുമുണ്ട്. സമാന്ത നന്നായിട്ടുണ്ട്. അര്‍ജുന്‍ റെഡ്ഡി ഫെയിം വിജയ് ദേവര്‍കൊണ്ടയ്ക്ക് കാര്യമൊയൊന്നും ചെയ്യാനില്ലാത്ത റോളാണ്. സാവിത്രിയുടെ ജനപ്രിയത വര്‍ദ്ധിപ്പിച്ചത് അറിയിക്കാനായി ജെമിനി സാവിത്രിയെയും കൂട്ടി ടെറസിലെത്തുന്ന രംഗം ഇരുവറിലെ മോഹന്‍ലാല്‍ പ്രകാശ് രാജ് രംഗത്തിന്റെ ദുര്‍ബല അനുകരണമായി തോന്നി.

കാഴ്ചയില്‍ മനസിലൊരു നീറ്റല്‍ അവശേഷിപ്പിക്കും മഹാനടി. അവതരണ ഘടനയിലെ എല്ലാ വിയോജിപ്പുകള്‍ക്കുമപ്പുറം സാവിത്രി എന്ന മഹാനടിക്കുള്ള സ്മരണാഞ്ജലിയായി ഈ ചിത്രം ഓര്‍ക്കപ്പെടും. നന്ദി നാഗ് അശ്വിന്‍ അത്തരമൊരു ദൗത്യം ഏറ്റെടുത്ത് വിജയിപ്പിച്ചതിന്.

(മഹാനടിയുടെ തമിഴ് പതിപ്പായ നടികയാര്‍ തിലകമാണ് കണ്ടത്)