തിരക്കഥാകൃത്തുക്കള്‍ക്കും സംഭാഷണ രചയിതാക്കള്‍ക്കും മലയാള സിനിമയോളം സ്വീകാര്യതയും മാധ്യമശ്രദ്ധയും തമിഴകത്ത് ലഭിക്കാറില്ല. അക്കൂട്ടത്തില്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബാലകുമരന്‍ തമിഴ് സിനിമയില്‍ സവിശേഷ സ്ഥാനം ലഭിച്ചയാളാണ്. തല അജിത്തിനൊപ്പം വിഷ്ണുവര്‍ധന്‍ വീണ്ടും കൈകോര്‍ക്കുന്ന ചിത്രത്തിലൂടെ സഹരചയിതാവും സംഭാഷണരചയിതാവുമായി ബാലകുമരന്‍ തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്നഡയലോഗുകളുമായി തിരിച്ചെത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

അജിത് രാജരാജ ചോളനാകുന്ന ചരിത്ര സിനിമയായിരിക്കും ഇതെന്ന് വാര്‍ത്തകള്‍ ഉണ്ടായെങ്കില്‍ പിന്നീട് ഒന്നും കേട്ടില്ല. രജനീകാന്തിന്റെ സിഗ്നേച്ചര്‍ പഞ്ച് ഡയലോഗുകളായി പിന്നീട് മാറിയ
‘നാന്‍ ഒരു തടവ സൊന്നാ നൂറ് തടവ സൊന്ന മാതിരി.’, കെട്ടവങ്കളുക്കു ആണ്ടവന്‍ നെറായ കെടുപ്പാന്‍ ആനാ കൈവിടുവേന്‍, അയ്യാ എന്‍ പേര് മാണിക്കം, എനക്കു ഇന്നൊരു പേരും ഇറുക്ക് തുടങ്ങിയ മാണിക് ബാഷാ ഡയലോഗുകളുടെ സ്രഷ്ടാവ് എന്നതിനേക്കാള്‍ നായകന്‍, ഗുണാ എന്നീ സിനിമകളിലെ പ്രഹരശേഷിയും വൈകാരിക തീവ്രതയുള്ള കിടയറ്റ സംഭാഷണങ്ങള്‍ പിറന്ന പേനയുടെ ഉടമ ബാലകുമാരനോടാണ് കൂടുതല്‍ ഇഷ്ടം.

‘തപ്പ് ഇല്ലമ്മാ നാല് പേരു സാപ്പിട ഉദവുംന്നാ ഏതുവേ തപ്പില്ല’
നീങ്ക നല്ലവരാ, കെട്ടവരാ

ബാലകുമാരനെ സംഭാഷണ നിര്‍മ്മിതിയില്‍ പലരും പിന്തുടര്‍ന്നിരുന്നു. ഷങ്കറിന്റെ ജെന്റിമാന്‍, കാതലന്‍,ജീന്‍സ് തുടങ്ങിയ സിനിമകള്‍ക്ക് സംഭാഷണമൊരുക്കിയത് ബാലകുമരനാണ്.

അജിത്തിന് വേണ്ടി മുഖവരിയിലും, സിറ്റിസണിലും സംഭാഷണം രചിച്ചത് ബാലകുമരനാണ്. അജിത്തിന് കരിയര്‍ ബ്രേക്കായിരുന്നു നാലിലേറെ ഗെറ്റപ്പിലെത്തിയ സിറ്റിസണ്‍. പുതുപ്പേട്ടയില്‍ സെല്‍വരാഘനൊപ്പം സംഭാഷണ രചനയില്‍ പങ്കാളിയായി. 150 നോവലുകളും നൂറിലേറെ ചെറുകഥകളുമായി തമിഴ് സാഹിത്യത്തിലും ആനുകാലികങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ബാലകുമരന്‍. സിനിമയില്‍ വലിയ ഇടവേള സംഭവിച്ചപ്പോള്‍ വെബ്‌സൈറ്റിലൂടെയും ബ്ലോഗിലൂടെയും എഴുത്ത് തുടര്‍ന്നിരുന്നു. പണത്തിന് വേണ്ടി മാത്രമുള്ളതായിരുന്നു സിനിമയിലെ എഴുത്തെന്നാണ് ബാലകുമരന്‍ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.