ഈ മ യൗ ലിജോയുടെ ഇതുവരെയുള്ള സിനിമകളില്‍ നിന്നെല്ലാം എല്ലാ തരത്തിലും വേറിട്ട ആഖ്യാന സ്വഭാവമുള്ള സിനിമയാണ്. തീര്‍ത്തും റിയലിസ്റ്റിക്കായ പരിചരണം. മുന്‍സിനിമകളിലേത് പോലെ ഒരു ആഖ്യാതാവിലൂടെയുള്ള കഥ പറച്ചിലുമല്ല. മരണത്തില്‍ കേന്ദ്രീകരിച്ച് കഥ പറയുന്ന സിനിമ എന്ന ആശയത്തിലേക്ക് എത്തിയത് എങ്ങനെയാണ്? 
ഡബിള്‍ ബാരല്‍ വരെ കണ്‍വെന്‍ഷനല്‍ ആയ സ്‌പേസുകള്‍ കൂടുതലായി ഉപയോഗിക്കുകയായിരുന്നു ഞാന്‍. വേറിട്ടൊരു അപ്രോച്ചിനുള്ള ശ്രമമായിരുന്നു അങ്കമാലി ഡയറീസിലേത്. മറ്റൊരു പെര്‍സ്‌പെക്ടീവിലൂടെയും സിനിമയെ കാണാന്‍ ശ്രമിക്കുകയായിരുന്നു. ചിരപരിചിതമായ ചില സങ്കേതങ്ങളെ പിന്തുടരുന്ന നിര്‍മ്മാണ രീതിയായിരുന്ന അതുവരെ ചെയ്തിരുന്നത്. സീനുകളെ ഗ്രാമര്‍ കണ്‍വേ ചെയ്യുന്നതിനുള്ള ഷോട്ട് ഡിവിഷന്‍, ആ സീനിലേക്ക് പ്രവേശിക്കുമ്പോള്‍ ഇന്നയിന്ന ഷോട്ടുകള്‍ അങ്ങനെ, പരമ്പരാഗത മെത്തേഡുകളിലൂടെയായിരുന്നു സിനിമ ചെയ്തിരുന്നത്. അങ്കമാലി ഡയറീസ് ചെയ്തപ്പോള്‍ കഥ പറച്ചിലിന് ഊന്നല്‍ നല്‍കി, കഥയോടൊപ്പം കാഴ്ചക്കാര്‍ സഞ്ചരിക്കുന്ന രീതിയിലാവണം സിനിമയെന്ന് തോന്നി. കഥയില്‍ ദൃക്‌സാക്ഷിയായി പ്രേക്ഷകന്‍ പിന്തുടരുന്ന തരത്തില്‍.  ഇ മ യൗവിലും ട്രീറ്റ്‌മെന്റ് ചിട്ടപ്പെടുത്തിയത് അത്തരത്തിലാണ്. ഈ മ യൗ സ്‌ക്രിപ്ട് വായിച്ചപ്പോള്‍ ഈ സിനിമ ആവശ്യപ്പെടുന്ന പരിചരണ രീതി റിയലിസം ആണെന്ന് ബോധ്യപ്പെട്ടു. ഈ മ യൗവില്‍ അങ്കമാലിയില്‍ ഉണ്ടായിരുന്ന കാന്‍ഡിഡ്‌നെസ് ( candidnsse) തുടരാന്‍ തന്നെയാണ് ഞാന്‍ ശ്രമിച്ചത്. അതേ സമയം കാന്‍ഡിഡ് ആയ സീനുകള്‍ക്ക് കുറേക്കൂടി റിയലിസ്റ്റിക്കും സ്‌റ്റൈലൈസ്ഡുമായ ലുക്ക് കൊടുക്കാന്‍ നോക്കി. ഷൈജു ഖാലിദിനെ പോലൊരു ഛായാഗ്രാഹകന്‍ വന്നപ്പോള്‍ നമ്മള്‍ ആഗ്രഹിച്ച രൂപകല്‍പ്പനയില്‍ വേറെയും ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായി.  അങ്കമാലിയിലും ഇ മ യൗവിലും ഞങ്ങള്‍ പിന്തുടര്‍ന്ന വിഷ്വല്‍ ട്രീറ്റ്‌മെന്റ് ഏതാണ്ട് സമാനമാണ്. ഈ മ യൗവില്‍ നമ്മള്‍ വിഷയത്തെ സമീപിക്കുന്ന രീതി മാറിയിട്ടുണ്ട്. കഥാപാത്രങ്ങളെ പിന്തുടര്‍ന്ന് മാത്രം വികസിക്കുന്ന സിനിമയെന്ന് പറയാനാകില്ല. സിറ്റ്വേഷന്‍ തന്നെയാണ് ഇവിടെ എക്‌സ്‌പ്ലോള്‍ ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നത്. അങ്കമാലിയിലേത് പോലെ ഒരു എക്‌സ്‌പ്ലോഷന്‍ സംഭവിച്ചതിന് ശേഷമുള്ള വഴിത്തിരിവുകളല്ലെന്ന് മാത്രം. വാവച്ചനാശാന്റെ മരണം എന്ന സന്ദര്‍ഭത്തില്‍ നിന്നാണ് ഈ മ യൗ തുടങ്ങുന്നത്. പിന്നെ ഉള്ളത് പി എഫ് മാത്യൂസേട്ടന്റെ തിരക്കഥയുടെ ഡൈനമിക്‌സിന്റേതാണ്. തിരക്കഥ വായിക്കുമ്പോള്‍ കിട്ടുന്ന ഒരു ഇംപാക്ട് ഉണ്ട്. ആ അനുഭവ തലം സ്‌ക്രീനിലും സൃഷ്ടിക്കാനാണ് നോക്കിയത്.
ഡബിള്‍ ബാരലിന് ശേഷമുള്ള ഷിഫ്റ്റിനെക്കുറിച്ച് പറഞ്ഞല്ലോ, അത് ആ സിനിമയുടെ വാണിജ്യപരാജയം മൂലം സംഭവിച്ചതാണോ, അതോ മലയാളത്തില്‍ റിയലിസ്റ്റിക് പരിചരണവും മൗലികതയുമുള്ള സിനിമകള്‍ കൂടുതലായി വന്നതാണോ കാരണം.? 
എന്റെ സിനിമയിലെ വലിയൊരു ഷിഫ്റ്റ് പരിഗണിക്കുകയാണെങ്കില്‍ അതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള സിനിമ ദിലീഷ് പോത്തന്‍ ചെയ്ത മഹേഷിന്റെ പ്രതികാരം ആയിരുന്നു. ഞാന്‍ അതുവരെ സിനിമയെ നോക്കിക്കണ്ടിരുന്ന രീതി മാറ്റാന്‍ തന്നെ ആ സിനിമ കാരണമായിട്ടുണ്ട്. എനിക്ക ഭയങ്കര മോട്ടിവേഷണല്‍ ആയിരുന്നു അതേ സമയം ഇന്‍സ്പിരേഷനും ആയിരുന്നു. നമ്മുടെ ചെറിയൊരു സ്‌പേസില്‍ നിന്നുകൊണ്ട് വളരെ ചെറിയൊരു വിഷയം നമ്മുക്ക് സിനിമയായി പറയാം. അങ്ങനെയൊരു ഒരു ധൈര്യം കൂടിയാണ് ദിലീഷ് തന്നത്.
വിദേശ സിനിമകളുടെ ദൃശ്യശൈലികളെ പിന്തുടരുന്നതിന് ഉപരിയായി തദ്ദേശീയമായി മൗലികതയും തനിമയുമുള്ള സിനിമ ചെയ്യാമെന്ന തരത്തിലാണോ ഈ പറഞ്ഞത്? 
അതായത് നമ്മുടെ ഇടത്തില്‍ നിന്ന് നമ്മുക്ക് ഒരു ഗ്ലോബല്‍ സിനിമ ഉണ്ടാക്കാം. പുറത്തുനിന്നുള്ള സിനിമയുടെ ശൈലിയോ, മൂഡോ സൃഷ്ടിക്കുന്നതില്‍ അല്ല ഇവിടെ നിന്ന് മൗലികമായി ലോകസിനിമയോട് കിടപിടിക്കുന്ന സിനിമ സൃഷ്ടിക്കുന്നതിലാണ് കാര്യം. അങ്ങനെയൊരു ധൈര്യമാണ് ദിലീഷിന്റെ സിനിമ നല്‍കിയത്. കഥ പറച്ചില്‍ രീതിയെക്കുറിച്ച് കൂടിയാണ് ഈ പറയുന്നത്. നമ്മള്‍ ഓരോ സിനിമയും ചെയ്ത് മുന്നോട്ട് പോകുമ്പോഴാണല്ലോ സ്വയം വിലയിരുത്തുന്നതും പുതിയ തിരിച്ചറിവുണ്ടാകുന്നതും. ഞാന്‍ ചെയ്ത ആറ് സിനിമകളും അത്തരത്തില്‍ കൂടിയാണ് കാണുന്നത്. ആറ് സിനിമ മാത്രം പ്രായമുള്ള സംവിധായകന് കിട്ടുന്ന എക്‌സ്പീരിയന്‍സും തിരിച്ചറിവുകളുമുണ്ടല്ലോ അതില്‍ നിന്നാണ് അടുത്ത സിനിമയെടുക്കുമ്പോള്‍ ഉള്ള ധാരണകള്‍ രൂപപ്പെടുന്നതും തീരുമാനങ്ങള്‍ ഉണ്ടാകുന്നതും.
നമ്മുടെ ചുറ്റുമുള്ള ജീവിതമാണല്ലോ നമ്മുക്ക് ഏറ്റവും അടുത്തറിയാവുന്നത്. തീര്‍ച്ചയായും ഏറ്റവും നന്നായി പറയാനാകുന്നതും ആ ജീവിതമായിരിക്കും. നമ്മളിപ്പോ ഹോളിവുഡിലോ, ജെര്‍മനിയിലോ, ഫ്രഞ്ചിലോ ഉള്ള സിനിമ നോക്കിയാല്‍ അവര്‍ പറയാന്‍ ശ്രമിക്കുന്നതും ചിത്രീകരിക്കുന്നതും അവരുടെ ജീവിതവും ജീവിത ശൈലിയും അവരുടെ രീതികളുമാണ്. മറ്റൊരു സ്ഥലത്ത് പോയി കഥ പറയാന്‍ സിനിമ ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ മാത്രം നമ്മള്‍ ആ കഥ അത്തരത്തില്‍ പറഞ്ഞാല്‍ മതി. നമ്മുക്ക് ഇവിടെ നിന്നുകൊണ്ട് തന്നെ ഗംഭീര ആക്ഷന്‍ സിനിമ വേണമെങ്കില്‍ എടുക്കാം. ലോകത്ത് ഏത് കോണിലുള്ള ആള്‍ക്കും ഈ സിനിമ ആസ്വദിക്കണം എന്ന ചിന്തയില്‍ നമ്മളൊരു സിനിമയെടുത്താല്‍ പിന്നെ ഭാഷയോ ദേശമോ പ്രശ്‌നമല്ല. ലോകത്തിന്റെ മറ്റൊരു അറ്റത്ത് എന്ത് നടക്കുന്നുവെന്ന് അറിയാനാണ് അവര്‍ക്കും താല്‍പ്പര്യം. കഥകളെല്ലാം ഹ്യൂമന്‍ തന്നെയാണല്ലോ, അപ്പോള്‍ നമ്മള്‍ നമ്മുടെ ചുറ്റുപാടില്‍ നിന്നുകൊണ്ട് ലോകസിനിമകളോട് കിടപിടിക്കാവുന്ന സിനിമ ചെയ്യുകയെന്നേയുള്ളൂ. മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതവും ചിന്തയും ഭാവനയുമാണല്ലോ ലോകത്ത് എവിടെ ആണേലും സിനിമയായി പുറത്ത് വരുന്നത്. നമ്മുക്ക് ആ കഥ പറയാന്‍ ഈ ചുറ്റുപാട് ഉപയോഗപ്പെടുത്താമല്ലോ.

ഡബിള്‍ ബാരലിന് ശേഷം സെമി റിയലിസ്റ്റിക്- റിയലിസ്റ്റിക് സിനിമകളിലേക്ക് കൂടിയാണല്ലോ വഴിതിരിഞ്ഞത്. അതെല്ലാം താരതമ്യേന കുറഞ്ഞ ബജറ്റിലുള്ള സിനിമകളുമാണ്. ഈ മ യൗ ചിത്രീകരിച്ചത് 18 ദിവസം കൊണ്ടാണ്. മഹേഷ് നല്‍കിയ പ്രചോദനത്തിന് അപ്പുറം നിര്‍മ്മാണച്ചെലവിലും മിനിമലിസം ഉണ്ടായില്ലേ. ഡബിള്‍ ബാരല്‍ പോലെ വലിയ ബജറ്റിലുള്ള സിനിമയ്ക്കുണ്ടായ തിരിച്ചടി ഇതിന് കാരണമായോ? 
ബോധപൂര്‍വ്വം അങ്ങനെ ചെയ്‌തെന്ന് എനിക്ക് മുഴുവനായും പറയാന്‍ പറ്റില്ല. തീര്‍ച്ചയായും ഒരു പര്‍പ്പസ് ഉണ്ടായിരുന്നു. ഡബിള്‍ ബാരല്‍ കഴിഞ്ഞപ്പോള്‍ അറ്റ് ഓള്‍ടൈം ലോ ( at all time low) എനിക്ക് മനസിലായത്, അതല്ലെങ്കില്‍ ഈ വര്‍ക്ക് ചെയ്യാന്‍ ഞാന്‍ പ്രാപ്തനാണോ എന്ന് എനിക്ക് എന്നോട് പറയണമായിരുന്നു. അതിലേക്കുള്ള സ്‌റ്റെപ് ആയിരുന്നു അങ്കമാലി ഡയറീസ്. വലിയ സൗകര്യങ്ങളും താരനിരയുമില്ലാതെ ഒരു സിനിമ ചെയ്യാന്‍ പറ്റും എന്ന് എന്നോട് തന്നെ പ്രൂവ് ചെയ്യണമായിരുന്നു. ആ രീതിയിലാണ് അങ്ങനെയൊരു സിനിമ ചെയ്തത്. ഇക്കാര്യം തന്നെ വേറെ ഒരുപാട് പേരോടും പറയാനുണ്ടായിരുന്നു. ഞാന്‍ കണ്‍സീവ് ചെയ്ത സിനിമ ആവശ്യപ്പെടുന്ന ബജറ്റില്‍ തന്നെയാണ് അങ്കമാലിയും ഈ മ യൗവും ചെയ്തത്. അല്ലാതെ ചെറിയ ബജറ്റിലേക്ക് സബ്ജക്ടിനെ ചുരുക്കിയതല്ല. ഞാന്‍ ഇനിയെടുക്കാന്‍ പോകുന്ന സിനിമ 100 കോടിയുടേതാണ് എന്ന് തീരുമാനിച്ച് ആ ബജറ്റിലേക്ക് സിനിമയെയും സബ്ജക്ടിനെയും എത്തിച്ച് ചെയ്യുന്നത് മണ്ടത്തരമാണ്. ഇനി എടുക്കുന്ന സിനിമ രണ്ട് കോടിയില്‍ തീര്‍ക്കാവുന്നതാണ് എന്ന് ചിന്തിച്ച് അതിനൊത്ത വിഷയം കണ്ടെത്തി ഷിഫ്റ്റ് ചെയ്യുന്നതിലും കാര്യമില്ല. നമ്മള്‍ ആദ്യം ഒരു സബ്ജക്ടിലെത്തി, അത് നമ്മളെ എക്‌സൈറ്റ് ചെയ്യിക്കുന്നുണ്ടേല്‍ അതിനുള്ള ബജറ്റ് നിശ്ചയിക്കപ്പെടുകയാണ്. അത്തരമൊരു ഓപ്ഷന്‍ വന്നപ്പോള്‍ താരങ്ങളില്ലാത്ത, ഏറ്റവും ചുരുങ്ങിയ ബജറ്റിലേക്ക് പോകാനാകുന്ന നമ്മളെ എക്‌സൈറ്റ് ചെയ്യിക്കുന്ന സക്രിപ്ടിലേക്ക്് എത്തിച്ചേര്‍ന്നു. അങ്കമാലി ഡയറീസും ഈ മ യൗവും ചെയ്തത് കൊണ്ട് ഇനി ചെയ്യുന്ന എല്ലാ സിനിമകളും ചുരുങ്ങിയ ബജറ്റില്‍ ആയിരിക്കുമെന്ന് അര്‍ത്ഥമില്ല. കഥയും ട്രീറ്റ്‌മെന്റും ഡിമാന്‍ഡ് ചെയ്യുന്ന ബജറ്റായിരിക്കും സിനിമയ്ക്ക് ഉണ്ടാവുക. അങ്കമാലി ഡയറീസ് തന്നെ നോക്കൂ, ആ സിനിമയുടെ ക്ലൈമാക്‌സ് കണ്‍വെന്‍ഷനല്‍ സിനിമാ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ചെയ്തിരുന്നതെങ്കില്‍ അത് നല്ലൊരു ബജറ്റിലാവും. ഇവിടെ ആ ക്ലൈമാക്‌സ് ക്രിയേറ്റ് ചെയ്യാന്‍ ആ നാട്ടുകാരുടെ വലിയ തോതിലുള്ള സഹകരണം ഉണ്ടായി. ലിറ്ററലി നമ്മള്‍ ഒന്നുമില്ലായ്മയില്‍ നിന്ന് മികച്ച ഒന്നിനെ കണ്ടെത്തുക തന്നെയാണ്. നെസസിറ്റി ഇസ് മദര്‍ ഓഫ് ഇന്‍വന്‍ഷന്‍ ( necessity is mother of invention) എന്ന് പറയുന്നില്ലേ, അത് തന്നെ.
ഈ മ യൗവിലേക്ക് വരാം, ലിജോയുടെ സിനിമകളില്‍ മരണരംഗങ്ങളെ സവിശേഷമായി അല്ലെങ്കില്‍ സിനിമയുടെ സാമ്പ്രദായിക രീതിയില്‍ നിന്ന് മാറി അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്, അല്ലേല്‍ മരണം പ്രഹരശേഷിയുള്ളതാവും. നായകനിലും, സിറ്റി ഓഫ് ഗോഡിലും, ആമേനിലും, അങ്കമാലിയിലൊക്ക ഇങ്ങനെയുണ്ട്.. ഈ മ യൗവില്‍ ഒരു മനുഷ്യന്റെ മരണത്തില്‍ നിന്ന് സാമൂഹികാഖ്യാനത്തിന് കൂടിയാണ് ശ്രമം. മരണം പശ്ചാത്തലമാകുന്ന സിനിമ അത് എങ്ങനെയായിരിക്കണം എന്ന് ഈ മ യൗ സ്‌ക്രിപ്ട് ഉണ്ടാകുന്നത് മുമ്പ് ആലോചിച്ചിട്ടുണ്ടോ? 
ലോകത്ത് എവിടെയുള്ള സിനിമയിലും ഞാന്‍ കണ്ട ഏറ്റവും ഇംപാക്ട് ഉള്ള സീനുകള്‍ മരണം ചിത്രീകരിച്ചവയാണ്, അല്ലെങ്കില്‍ മരണത്തോട് ബന്ധിപ്പിച്ചുള്ളതാണ്. ഗോഡ്ഫാദറില്‍ മൂത്തയാളുടെ മരണം, അത് തന്നെയാണ് മറ്റൊരു തലത്തില്‍ തമിഴില്‍ കമല്‍ഹാസന്റെ നായകനിലുള്ളത്. പോപ്പുലര്‍ സിനിമയെന്ന നിലയിലാണ് ഗോഡ്ഫാദര്‍ എടുത്ത് പറഞ്ഞെന്നേയുള്ളൂ.  വാര്‍ത്താ എന്ന സിനിമയില്‍ മരണത്തെക്കുറിച്ച് ഒരു സംഭാഷണമുണ്ട്. ഇന്ത്യന്‍ ജീവിതത്തില്‍ മരണം ആഘോഷിക്കുന്നതിനെക്കുറിച്ചാണ് ഡയലോഗ്. വിവിധ മതങ്ങള്‍ മരണം ആഘോഷിക്കുന്നതിനെക്കുറിച്ച്. ഞാന്‍ ചെയ്യുന്ന ഒരു സിനിമയില്‍ മരണം ചിത്രീകരിക്കപ്പെടുമ്പോള്‍ അത് ഇങ്ങനെയാവണം എന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ച് ഒന്നും ചെയ്യുകയല്ല. മരണത്തിന്റെ ആഘാതവും തീവ്രതയുമൊക്കെ ജീവിതത്തില്‍ പല ഘട്ടങ്ങളില്‍ നമ്മുക്ക് ബോധ്യപ്പെട്ടതായിരിക്കുമല്ലോ. സിനിമകളില്‍ തന്നെ നോക്കിയാല്‍ വേണു നാഗവള്ളി സാര്‍ സുഖമോ ദേവി എന്ന സിനിമയില്‍ ലാലേട്ടന്‍ അവതരിപ്പിക്കുന്ന കാരക്ടറിന്റെ മരണം സൃഷ്ടിക്കുന്ന ഇംപാക്ട് ഉണ്ടല്ലോ. സുഖമോ ദേവിയില്‍ ലാലേട്ടന്റെ മരണം കാണിക്കുന്നേയില്ല. ഇത് പോലെ തന്നെ സ്വാഗതം എന്ന സിനിമയില്‍ മരണത്തെ ഉപയോഗിച്ചതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഈ മ യൗവില്‍ മരണത്തെ അതിനൊത്ത ഗൗരവത്തോടെയും തീവ്രതയോടെയും സമീപിക്കണമെന്ന് തീരുമാനിച്ചിരുന്നു. മാത്യൂസേട്ടന്റെ (പി എഫ് മാത്യൂസ് ) സ്‌ക്രിപ്ട് മരണത്തെ വിവിധ മാനങ്ങളോടെ സമീപിച്ചിട്ടുള്ളതാണ്. ഞാന്‍ മനസില്‍ വിഷ്വല്‍സ് കാണുമ്പോള്‍ ആദ്യം ഒരു സറ്റയര്‍ എന്ന നിലയ്ക്കാണ് ആലോചിച്ചിരുന്നത്. പക്ഷേ അതില്‍ ജീവിതത്തെ തുല്യമായ അളവില്‍ തീക്ഷ്ണതയോടെ കൊണ്ടുവന്നത് മാത്യൂസേട്ടന്റെ എഴുത്താണ്. മാത്യൂസേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ ഒരു അറ്റത്തില്‍ നിന്ന് മറ്റേയറ്റത്തേക്ക് നോക്കാനാകുന്നത് ഒരാളുടെ മരണത്തിലാണെന്ന്. സ്‌ക്രിപ്ടില്‍ മരണത്തെ വലിയൊരു ഉള്‍ക്കാഴ്ചയോടെയും രാഷ്ട്രീയ മാനങ്ങളോടെയും സമീപിച്ചിട്ടുണ്ടായിരുന്നു മാത്യൂസേട്ടന്‍. അത്ര തന്നെ ഇംപാക്ട് ട്രീറ്റ്‌മെന്റിലും സിനിമയും ഉണ്ടാകണമെന്ന് എനിക്കും നിര്‍ബന്ധമുണ്ടായിരുന്നു.

ഈ മ യൗ ലിജോ ചെയ്ത സിനിമകളില്‍ കുറേക്കൂടി ഇരുണ്ട തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയാണ്. സിറ്റി ഓഫ് ഗോഡ് ആയിരുന്നു കുറച്ച് ഡാര്‍ക്ക് മൂഡിലുള്ള സിനിമ. ഇവിടെ പ്രധാനമായും ഒരു മരണവീടിനെ കേന്ദ്രീകരിച്ചുള്ള ആഖ്യാനമാണ്. നായകന്‍ മരിച്ചാല്‍ സിനിമയുടെ വിപണിസാധ്യത സംശയിക്കപ്പെടുന്നിടത്ത് മരണവീട്ടില്‍ ശോകാന്തരീക്ഷത്തില്‍ കഥ പറയുന്ന സിനിമ തിയറ്ററില്‍ സ്വീകരിക്കപ്പെടുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായില്ലേ?,
ഇ മ യൗ ഫസ്റ്റ് കട്ട് കാണാന്‍ നേരം ഷൈജു ഖാലിദ് ഉണ്ടായിരുന്നു. പുള്ളിക്ക് ആ വേര്‍ഷന്‍ വളരെ ഇഷ്ടപ്പെട്ടു. അന്ന് ഷൈജു പറഞ്ഞു, ഈ സിനിമ തിയറ്ററില്‍ എങ്ങനെയാണ് സ്വീകരിക്കപ്പെടുക എന്നറിയാന്‍ ഷൈജുവിന് വലിയ ആഗ്രഹമുണ്ടെന്ന്. ഈ മ യൗ പോലൊരു സിനിമ തിയറ്ററില്‍ ആളെക്കൂട്ടിയാല്‍ അത് വലിയൊരു ചുവടുവയ്പ്പാകുമെന്ന
അര്‍ത്ഥത്തിലാണ് ഷൈജു അന്നങ്ങനെ പറഞ്ഞത്. പ്രേക്ഷകര്‍ക്ക് മാത്രമല്ല ഫിലിം മേക്കേഴ്‌സിനും അത് വലിയ ധൈര്യവും പ്രചോദനവുമായി തീരുമെന്ന് കൂടി പറഞ്ഞു. ഞാനതിനെ വേറൊരു രീതിയിലാണ് ആലോചിച്ചത്. നമ്മള്‍ പലപ്പോഴും പ്രേക്ഷകരുടെ സെന്‍സിബിലിറ്റിയെ വില കുറച്ച് കാണുകയാണ്. ഓരോ പോയിന്റിലും നമ്മള്‍ തന്നെ ചിന്തിച്ചിട്ടുണ്ട്  ഓഡിയന്‍സ് ഇവിടെ എങ്ങനെ പ്രതികരിക്കും, ഈ ഭാഗം എങ്ങനെയെടുക്കുമെന്നൊക്കെ?. സത്യത്തില്‍ അങ്ങനെയല്ലല്ലോ ചിന്തിക്കേണ്ടത്.  പ്രേക്ഷകര്‍ എല്ലാ കാലത്തും അവരുടെ അഭിരുചിയെയും ആസ്വാദനത്തെയും പുതുക്കുന്നുണ്ട്. നല്ല സിനിമകളെ സ്വീകരിക്കാന്‍ അവര്‍ തയ്യാറുമാണ്. നല്ല രീതിയില്‍ അവരിലേക്ക് എത്തിക്കണമെന്ന് മാത്രം. ഈ മ യൗ പോലൊരു സിനിമ ഫാമിലി പ്രേക്ഷകര്‍ കാണില്ല, മരണം പ്രമേയമായത് തിരിച്ചടിയാകുമെന്ന് എന്നോട് തന്നെ ചിലര്‍ പറഞ്ഞിരുന്നു. സംഭവിച്ചത് നേരേ തിരിച്ചാണ്, ഈ മ യൗ കുടുംബ പ്രേക്ഷകരാണ് ഏറ്റവും കൂടുതല്‍ കണ്ടത്.
പലരും വ്യക്തിജീവിതത്തില്‍ ഉണ്ടായ മരണങ്ങളുമായി കണക്ട് ചെയ്ത് സിനിമ കണ്ടുവെന്നും തോന്നുന്നു, ആസ്വാദനക്കുറിപ്പുകളും അത്തരത്തില്‍ വന്നിരുന്നു? 
അതെ, അതുണ്ടായി. അടുത്ത് ഒരു ഇന്റര്‍വ്യൂവില്‍ മാത്യൂസേട്ടന്‍ പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചിരുന്നു, നമ്മള്‍ ഒരു ത്രില്ലര്‍ ഉണ്ടാക്കുകയോ, ഫാന്റസിയോ ഹ്യൂമറോ പറയുകയോ ചെയ്യുന്നത് പോലെ തന്നെയാണ് ജീവിതം റിയലിസ്റ്റിക്കായി അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നതെന്ന്. അതും വലിയ തോതില്‍ ഓഡിയന്‍സ് ആസ്വദിക്കുന്നുണ്ട്. എനിക്ക് തോന്നിയിട്ടുള്ളത് പേടിയുള്ളവരാണ് കൂടുതലും ഹൊറര്‍ സിനിമ കാണാന്‍ ശ്രമിക്കുന്നത്. അത് ആ ഇമോഷന്‍ എക്‌സ്പീരിയന്‍സ് ചെയ്യാന്‍ ഉള്ള താല്‍പ്പര്യത്താലാണ്. അതുപോലെയാണ് മരണം പ്രമേയമായി വന്ന സിനിമയും. അദ്ദേഹം ആ അഭിമുഖത്തില്‍ ചോദിച്ചത് പോലെ ആളുകളെ നമ്മള്‍ എത്രകാലം ഇക്കിളിപ്പെടുത്തിക്കൊണ്ടിരിക്കും, ജീവിത യാഥാര്‍ത്ഥ്യവും അവരോട് പറയേണ്ടതുണ്ടല്ലോ.

സിനിമയ്ക്ക് വേണ്ടി മ്യൂസിക് ക്രിയേറ്റ് ചെയ്യുന്ന വേളയാണ് ഏറ്റവും ആസ്വദിക്കുന്നതെന്ന് ലിജോ നമ്മള്‍ സംസാരിച്ചപ്പോള്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ലിജോയുടെ സിനിമകള്‍ക്കെല്ലാം ഓരോ താളവുമുണ്ട്. ഈ മ യൗവില്‍ കൊച്ചാല്‍ബിയുടെ ക്ലാരനെറ്റിലെ അപതാളമാണ് സിനിമയുടെ താളം, മരണവീട്ടിലെ പശ്ചാത്തല അന്തരീക്ഷവും, കാറ്റും മഴയുമൊക്കെ സംഗീതത്തിന് പകരമാവുകയാണ്. സിനിമയില്‍ സംഗീതത്തോടെ സൃഷ്ടിക്കപ്പെടുന്ന താളത്തെ ഉപേക്ഷിച്ച് ഈ സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത് എപ്പോഴാണ്. ഈ മ യൗ സ്‌ക്രിപ്ടിംഗ് ഘട്ടം മുതല്‍ക്കേയാണോ?  
തുടക്കത്തില്‍, മ്യൂസിക്കലി ചെയ്യാനിരുന്ന സിനിമയാണ് ഈ മ യൗ. ഞങ്ങള്‍ ബോസ്‌നിയയില്‍ അവിടത്തെ ലോക്കല്‍ ആര്‍ട്ടിസ്റ്റുകളെ കോര്‍ഡിനേറ്റ് ചെയ്ത് ബ്രാസ് ബാന്‍ഡ് സെഷന്‍ റെക്കോര്‍ഡ് ചെയ്യാനായി എല്ലാം സജ്ജീകരിച്ചിരുന്നതാണ്. അവിടെ ഒരു സ്റ്റുഡിയോ ബുക്ക് ചെയ്യേം ചെയ്തു. ഐഡിഎസ്എഫ്‌കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജൂറിയായിരുന്നു ഞാന്‍. അവിടെ ഡേയ്‌സ് ഓഫ് ഓട്ടം ( Days of Autum) എന്നൊരു ഷോര്‍ട്ട് ഫിലിം കണ്ടിരുന്നു. പശ്ചാത്തലത്തിലുള്ള സൗണ്ട് വച്ചാണ് ആ സിനിമയുടെ താളം ക്രിയേറ്റ് ചെയ്തിരിക്കുന്നത്. സീസണല്‍ ചേയ്ഞ്ചസ് ലിറ്ററലി നമ്മളെ ഫീല്‍ ചെയ്യിക്കുന്നുണ്ട്. അവിടന്നാണ് സൗണ്ട് യൂസ് ചെയ്ത് തിയറ്ററില്‍ ഇരിക്കുന്ന പ്രേക്ഷകനെ പല സീസണിലൂടെ കൊണ്ടുപോകാമെന്ന് ഫീല്‍ ചെയ്തത്. ഇത്തരത്തിലൊരു സാധ്യതയും തോന്നി.. ഈ മ യൗവില്‍ സിനിമയുടെ താളവും സംഗീതവും പശ്ചാത്തലത്തിലെ ശബ്ദങ്ങളെ ഉപയോഗപ്പെടുത്തിയാകണമെന്ന് തീരുമാനിച്ചു. അതിപ്പോ കാറ്റായാലും, മഴയായാലും, പൗളിച്ചേച്ചിയുടെ കരച്ചിലായാലും സിനിമയുടെ മ്യൂസിക് ഡിസൈന്‍ പോലെ തന്നെയാണ് ഞാന്‍ കണ്ടിരിക്കുന്നത്. ബാന്‍ഡ് വായനയും സിനിമയുടെ താളമാണ്.  ഈ മ യൗവില്‍ അവസാനം നമ്മളൊരു തേഡ് ഡൈമെന്‍ഷനിലേക്ക് പോകുമ്പോള്‍ മാത്രമാണ് ശരിക്കും മ്യൂസിക് അവിടേക്ക് പ്രവേശിക്കുന്നത്. അത് പോലും ഹ്യൂമന്‍ വോയ്‌സ് ആണ് യൂസ് ചെയ്തിരിക്കുന്നത്. കോറസായിട്ടൊക്കെ. ഓപ്പണിംഗ് ക്രെഡിറ്റ്‌സിലുള്ളത് പോലും ശവസംസ്‌കാരചടങ്ങിന്  വേണ്ടിയുള്ള ബാന്‍ഡ് വായന ലൈവ് റെക്കോര്‍ഡ് ചെയ്തതാണ്. ഇവിടെ രംഗയുടെ (രംഗനാഥ് രവി)സൗണ്ട് ഡിസൈന്‍ തന്നെയാണ് സിനിമയുടെ മ്യൂസിക് ആയി മാറിയിരിക്കുന്നത്. രംഗയ്‌ക്കൊപ്പം കണ്ണന്‍ ഗണപതിനെയും (റീ റെക്കോര്‍ഡിംഗ് മിക്‌സര്‍) ചേര്‍ത്ത് പറയണം. അവര് രണ്ട് പേരുമാണ് സൗണ്ട് ഡിസൈനിലെ മേജര്‍ ആളുകള്‍. ഈ മ യൗ കണ്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ മ്യൂസിക് മിസ്സ് ചെയ്തിട്ടില്ലെന്ന് തന്നെയാണ് തോന്നിയത്. ഒരിടത്ത് പോലും എനിക്ക് മ്യൂസിക് വേണ്ടിയിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടില്ല. ഫസ്റ്റ് കട്ട് കഴിഞ്ഞപ്പോ ഞാന്‍ പ്രശാന്തിനെ(പ്രശാന്ത് പിള്ളയെ) വിളിച്ച് പറഞ്ഞു, എനിക്ക തോന്നുന്നു, മ്യൂസിക് വേണ്ടി വരില്ല എന്ന്. ചെലപ്പോ അവസാനഭാഗത്ത് വേണ്ടി വരും അത് ഞാന്‍ പറയാമെന്നും അറിയിച്ചു. ആദ്യം മൂന്നോ നാലോ സ്ഥലത്ത് മ്യൂസിക് ഉണ്ടായിരുന്നു. ശവപ്പെട്ടി ഓട്ടോയില്‍ കൊണ്ടുവരുന്ന സ്ഥലത്ത്, വാവച്ചനാശാന്‍ ചവടക്കിന്റെ പുണ്യാളനെ വീട്ടിന് പുറത്ത് നിന്ന് കണ്ട് സംസാരിക്കുന്ന സമയത്ത്, ചൗരോയെ തല്ലിയ ശേഷം ഒറ്റയ്ക്ക് വീട്ടിലേക്ക് നടക്കുന്ന ഭാഗത്ത്, പിന്നീട് അതൊക്കെ വേണ്ടെന്ന് വച്ചു. സിനിമ മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുന്നിടത്ത് സംഗീതവും കടന്നുവരുന്ന രീതിയിലാക്കി.
ലിജോ സിനിമയില്‍ ഹ്യൂമറിനെക്കാള്‍ ബ്ലാക്ക് ഹ്യൂമറിനെയാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ മ യൗവില്‍ ഹാസ്യമെല്ലാം ബ്ലാക്ക് ഹ്യൂമറായാണ് വരുന്നത്. അവിടെ ആക്ഷേപ ഹാസ്യവും സാമൂഹ്യവിമര്‍ശനവുമൊക്കെ സാധ്യതയുമാണ്?
ഞാന്‍ വ്യക്തിപരമായി ബ്ലാക്ക് ഹ്യൂമര്‍ നന്നായി എന്‍ജോയ് ചെയ്യുന്നയാളാണ്. ഹ്യൂമറും അത് പോലെ ആസ്വദിക്കുന്നയാളുമാണ്. വളരെ ഡ്രൈ ആയിട്ടുള്ള ബ്ലാക്ക് ഹ്യൂമര്‍ നല്ല ഇഷ്ടമാണ്. അതായത് ഒരു ലുക്കിലോ റിയാക്ഷനിലോ ഒക്കെ സൃഷ്ടിക്കപ്പെടുന്ന ഹ്യൂമര്‍ ഉണ്ടല്ലോ. ഇതില്‍ വിനായകന്റെ അയ്യപ്പന്‍ ചെമ്പനെ ഡ്രോപ്പ് ചെയ്യുമ്പോ ചെമ്പന്‍ ചോദിക്കുന്നുണ്ട്. എടാ നിനക്ക് രൂപതയില്‍ വല്ല പിടിയുണ്ടോ, എന്തിനാണെന്ന് ചോദിക്കുമ്പോ പറയും, മെത്രാനെ കിട്ടാനാണെന്ന്. അതിനുള്ള മറുപടി ഒരു നോട്ടമാണ്. ഒന്നും പറയുന്നില്ല. കാണുന്ന ആളുകള്‍ക്ക് ഹ്യൂമര്‍ കിട്ടുന്നുണ്ട്. ഞാന്‍ അത്തരത്തിലുള്ള സീന്‍ നന്നായി എന്‍ജോയ് ചെയ്യാറുണ്ട്. പിന്നെ തൃശൂര്, കുന്നംകുളം അവിടുന്നിങ്ങോട്ട് അങ്കമാലി, ആലുവയൊക്കെ ഉള്ള എന്റയര്‍ സ്‌പേസിലുള്ളവര്‍ ലൈഫിനെ കുറേക്കൂടി സര്‍ക്കാസ്റ്റിക് ആയിട്ട് സമീപിക്കുന്നവരാണെന്ന് തോന്നീട്ടുണ്ട്. ഭയങ്കര സീരിയസ് ആയിട്ടുള്ള കാര്യങ്ങളൊക്കെ ഈസിയായിട്ട് തമാശയൊക്കെ കലര്‍ത്തി പറയുന്നത് കാണാറുണ്ട്.
സിനിമയിലെ സ്ത്രീവിരുദ്ധതയും സ്ത്രീകളുടെ പ്രതിനിധാനവുമൊക്കെ ചര്‍ച്ചയാകുന്ന കാലമാണ്. ലിജോയുടെ സിനിമകളില്‍ അതീവ ധൈര്യശാലികളായ സ്ത്രീകളെയാണ് കണ്ടിട്ടുള്ളത്, ആമേനില്‍ സോളമനെക്കാള്‍ ധൈര്യശാലിയായ ശോശന്ന, അത്ര തന്നെ ധീരയായ സഹോദരി ക്ലാര. ഈ മ യൗവില്‍ സബേത്തും പെണ്ണമ്മയും നിസയും. അങ്കമാലിയില്‍ ലിച്ചി,സിറ്റി ഓഫ് ഗോഡിലെ നാല് സ്ത്രീ കഥാപാത്രങ്ങള്‍. എഴുത്തുകാരിലൂടെ മാത്രം സൃഷ്ടിക്കപ്പെടുകയായിരുന്നോ ഇവരെല്ലാം. നമ്മുടെ ഭൂരിഭാഗം സിനിമകളും സ്ത്രീവിരുദ്ധ പൊതുബോധത്തെ പിന്തുടരുമ്പോള്‍ സ്വന്തം സിനിമയില്‍ സ്ത്രീകള്‍ എങ്ങനെ അവതരിപ്പിക്കപ്പെടണം എന്നതില്‍ ലിജോ എന്ന സംവിധായകന് എന്തെങ്കിലും നിര്‍ബന്ധങ്ങളുണ്ടോ? 
നമ്മള്‍ എത്ര ഫിക്ഷനെന്ന് പറഞ്ഞാലും സമൂഹത്തിന്റെ റെപ്രസന്റേഷന്‍ തന്നെയാണല്ലോ പ്രധാനമായും സിനിമയില്‍ വരിക. ചിലപ്പോ അത് സിനിമാറ്റിക് ആയിരിക്കും മറ്റ് ചിലപ്പോള്‍ റിയലിസ്റ്റിക് ആയിരിക്കും എന്നേയുള്ളൂ. സത്രീയ്ക്കും പുരുഷനും തുല്യതയുള്ള സമൂഹത്തിലാണ് ജീവിക്കേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. യഥാര്‍ത്ഥ ജീവിതത്തിലും കരുത്തുള്ള, വ്യക്തിത്വമുള്ള എത്രയോ സ്ത്രീകളെ കണ്ടിരിക്കുന്നു. അപ്പോള്‍ സിനിമയെടുക്കുമ്പോള്‍ സ്ത്രീകളെ മാത്രം തരംതാഴ്ത്തി കാണിക്കേണ്ടതില്ലല്ലോ. ഞാന്‍ സൊസൈറ്റിയെ കാണുന്ന തരത്തിലാണ് മിക്കപ്പോഴും ആ സ്ത്രീ കഥാപാത്രങ്ങള്‍ വന്നിട്ടുണ്ടാവുക. ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ള ഒരു പാട് സ്ത്രീകള്‍ വളരെ സ്‌ട്രോംഗ് ആയിട്ടുള്ളവരാണ്. എന്റെ അമ്മ ആയിക്കോട്ടെ, അവരുടെ ജീവിതത്തില്‍ ധൈര്യത്തോടെ പൊരുതുന്നതും സര്‍വൈവ് ചെയ്യുന്നതുമൊക്കെ നമ്മള്‍ അടുത്ത് കണ്ടിട്ടുള്ളതാണ്. ഒരു തീരുമാനമെടുക്കാനാകാതെ ഞാന്‍ പതറി നിന്നപ്പോള്‍ വളരെ സ്‌ട്രോംഗ് ആയി കൂടെ നിന്ന് ധൈര്യം തന്നവരാണ് ഇവരൊക്കെ. നമ്മളൊരു സിനിമ ചെയ്യുമ്പോള്‍ സ്വാഭാവികമായും അതിലുള്ള സ്ത്രീ കഥാപാത്രങ്ങള്‍ വ്യക്തിത്വമുള്ളവരായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇതില്‍ സിറ്റി ഓഫ് ഗോഡ് മൂന്ന് സ്ത്രീകളുടെ കാഴ്ചപ്പാടില്‍ കഥ പറയാന്‍ ശ്രമിച്ച സിനിമയാണ്.
സാമ്പ്രദായിക രീതിയില്‍ സിനിമ എടുക്കാനില്ലെന്ന് തീരുമാനിച്ചയാളാളാണ് ലിജോ. ഓരോ സിനിമ പിന്നിടുമ്പോഴും ലിജോയുടെ ശൈലിയിലുള്ള സിനിമയ്ക്കുള്ള പ്രേക്ഷകരുടെ എണ്ണം കൂടുന്നുണ്ട്. സമകാലിക ലോകസിനിമയിലെ മാറ്റങ്ങളെ പിന്തുടരുന്ന സിനിമകള്‍ക്ക് മലയാളത്തിലും വലിയൊരു വിഭാഗം പ്രേക്ഷകര്‍ രൂപപ്പെട്ടിട്ടുണ്ട്.  ഈ മ യൗ ഒക്കെ ഹൗസ് ഫുള്‍ ആകുന്നതും വിജയമാകുന്നതും അങ്ങനെയാണല്ലോ, ഇത്തരത്തില്‍ സ്വീകാര്യത ആദ്യ സിനിമകള്‍ക്കൊന്നും കിട്ടിയിട്ടില്ല. അന്ന് ഈ വഴിമാറി നടത്തം അത്രയ്ക്ക് ഗുണം ചെയ്യില്ല തിരികെ വാണിജ്യസിനിമയുടെ സ്ഥിരം ട്രാക്കിലേക്ക് കയറാം എന്ന് തോന്നിയിട്ടുണ്ടോ? 
ഞാനങ്ങനെ തീരുമാനിച്ചിറങ്ങിയ ആളൊന്നുമല്ല. ചെയ്യുന്ന സിനിമയില്‍ ഉറപ്പായിട്ടും കഥ പറച്ചില്‍ വേറിട്ടതായിരിക്കണമെന്ന് ചിന്തിച്ചിട്ടുണ്ട്. യൂഷ്വല്‍ ആയി പറയാവുന്ന കഥയാണെങ്കിലും പറച്ചില്‍ രീതി മാറ്റാമല്ലോ. അത്രയ്‌ക്കൊക്കെ അല്ലേ കഥയും ഴോണറുകളും ഉള്ളൂ. കുറച്ചൊക്കെ മാറി സമീപിക്കുമ്പോഴാണല്ലോ സിനിമ ചെയ്യുന്നയാള്‍ എന്ന നിലയ്ക്ക് എനിക്കും എന്‍ജോയ് ചെയ്യാനാകുന്നത്. തുടര്‍ച്ചയായി നല്ല സിനിമകള്‍, ക്വാളിറ്റിയുള്ള സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വയ്ക്കാന്‍ നമ്മുക്ക് കഴിഞ്ഞാല്‍ ഉറപ്പായും പ്രേക്ഷകര്‍ അഭിരുചിയെ പുതുക്കുകയും ഏത് തരം പരീക്ഷണങ്ങളെയും ഏറ്റെടുക്കുകയും ചെയ്യും. ഒരേ തരം സിനിമകള്‍ നല്‍കി നമ്മള്‍ അവരുടെ ആസ്വാദനത്തെക്കുറിച്ച് പരാതിപ്പെട്ടിട്ട് ഒരു കാര്യവുമില്ല.
ഒരു സിനിമ ചെയ്യാമെന്ന് ലിജോ തീരുമാനിക്കുന്നത് എപ്പോഴാണ്? അടുത്ത സിനിമ ഈ സ്വഭാവത്തിലാവണം, ഇന്ന ഴോണര്‍ ആകാം എന്ന് ഉറപ്പിച്ചതിന് ശേഷം അതിനൊത്ത സ്‌ക്രിപ്ട് തേടുകയാണോ? 
ഒരു സിനിമ സിനിമ കഴിയുമ്പോള്‍ നമ്മള്‍ പലയിടത്തും പല ആള്‍ക്കാരോട് സംസാരിച്ചിരിക്കുന്ന വിഷയങ്ങള്‍ ഉണ്ടാകും. ഇഷ്ടപ്പെട്ട സിനിമകളുണ്ടാകും, കഥകള്‍ കാണും, അതില്‍ നിന്ന് ഒന്നിലേക്ക് എത്തുകയാണ്. ഇതിപ്പോ ഈ മ യൗ കഴിഞ്ഞ് ഒരു സിനിമ ചെയ്യാനിറങ്ങുമ്പോള്‍ എനിക്ക് മുന്നിലുള്ളവയില്‍ ഏതാണ് അത്രയും എക്‌സൈറ്റ് ചെയ്യിക്കുന്നതെന്ന് നോക്കും. ഏത് തരത്തിലുള്ള സിനിമയാണ് ഇപ്പോള്‍ ട്രൈ ചെയ്യാനാകുക എന്ന് ആലോചിക്കും. ഓരോ സിനിമയും പൂര്‍ത്തിയായ ശേഷം ഫ്രഷ് ആയി അങ്ങനെ ആലോചനയിലേക്ക് എത്തുകയാണ്.
അങ്ങനെയെങ്കില്‍ നാളെ ആമേന്‍ പോലൊരു ട്രീറ്റ്‌മെന്റ് ഡിമാന്‍ഡ് ചെയ്യുന്ന സബ്ജക്ടില്‍ ആകൃഷ്ടനായാല്‍ അത്തരമൊരു സിനിമ ചെയ്യുമോ, ആമേന്‍ പോലൊരു സിനിമ ലിജോ എക്‌സ്പീരിയന്‍ ചെയ്തുകഴിഞ്ഞതാണല്ലോ?
ഞാനങ്ങനെ ഒരു ബ്ലോക്കും വയ്ക്കുന്നില്ല. ഓക്കേ, ഇപ്പോ ആമേന്‍ പോലെ ഒരു ട്രീറ്റ്‌മെന്റ് ഉള്ള പ്ലോട്ട് കിട്ടിയാല്‍ എന്ത് കൊണ്ട് അത് ചെയ്തുകൂടാ. ശ്രമിക്കുന്നത് ഒരേ തരത്തിലുള്ള സിനിമകള്‍ പ്രേക്ഷകര്‍ക്ക് കൊടുക്കാതിരിക്കുക എന്നതിനാണ്. ഒരു കംഫര്‍ട്ട് സോണില്‍ പെട്ടുപോവാതിരിക്കുക എന്നതാണ് ഒരു ഫിലിംമേക്കറാണേലും ആര്‍ട്ടിസ്റ്റാണേലും ചെയ്യാനുള്ളത്. അയാളുടെ വര്‍ക്ക് ഓഫ് ആര്‍ട്ട് അയാളെ ചലഞ്ച് ചെയ്യുന്നില്ലേല്‍ പിന്നെ എന്താണ് എക്‌സൈറ്റ്‌മെന്റ്. എന്തേലും ഒരു വെല്ലുവിളി വേണ്ടേ. ആമേന്‍ ഞാന്‍ ശരിക്കും കണ്‍സീവ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത് ഒരു പാട് വലിപ്പത്തില്‍ ആയിരുന്നു. ഡബിള്‍ ബാരല്‍ നമ്മുടെ ഇന്‍ഡസ്ട്രിക്ക് അകത്ത് നിന്ന് ചെയ്യാന്‍ കഴിയാത്തത്ര വലിയതായിട്ടായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. ആന്റി ക്രൈസ്റ്റ് ഞങ്ങള്‍ ചിന്തിച്ചപ്പോള്‍ ഉണ്ടായിരുന്ന രൂപത്തില്‍ ആയിരിക്കില്ല ഇനി എപ്പോഴെങ്കിലും ആ സിനിമ ചെയ്യുമ്പോള്‍ ഉണ്ടാവുക. മുന്നോട്ടുള്ള പോക്കില്‍ ഉണ്ടാകുന്ന തിരിച്ചറിവുകളും, ഇഷ്ടങ്ങളും ആകര്‍ഷണങ്ങളും ഒക്കെ തന്നെയാണ് അപ്പോഴുള്ള സിനിമകള്‍ എങ്ങനെയെന്ന് തീരുമാനിക്കുന്നതിന് പിന്നില്‍.
തിരിച്ച് ഈ മ യൗവിലേക്ക് വന്നാല്‍, അതില്‍ മരണത്തിന്റെ ദാര്‍ശനിക തലം കാണിക്കുന്നത് ബര്‍ഗ്മാന്റെ സെവന്‍ത് സീലിനെ ഓര്‍മ്മപ്പെടുത്തുന്ന ട്രാക്കിലൂടെയാണ്. ചെസ് കളിക്കാരന് പകരം രണ്ട് ചീട്ടുകളിക്കാര്‍. ഒരു ക്ലാസിക് സിനിമയെ ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഉപയോഗപ്പെടുത്തുകയായിരുന്നോ?
നമ്മള്‍ മരണത്തെക്കുറിച്ചാണല്ലോ സംസാരിക്കുന്നത്, അതിന്റെ ഒരു തേഡ് ഡയമെന്‍ഷന്‍ എന്ന നിലയ്ക്കാണ് തീരത്തെ ചീട്ടുകളിക്കാര്‍ വരുന്നത്. മരണം യാഥാര്‍ത്ഥ്യമായിരിക്കെ തന്നെ മരണാനന്തരം എന്ത് എന്ന ചോദ്യം എല്ലാവരുടെയും മനസിലുണ്ടല്ലോ. നരകം, സ്വര്‍ഗം എന്നൊക്കെയുള്ള വാദങ്ങളുണ്ടല്ലോ, എന്തുവായിക്കൊള്ളട്ടേ. നമ്മളൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഫ്രെയിം ചെയ്ത് പ്ലേസ് ചെയ്യുകയാണ്. അവിടെ ഗുഡ് ആന്‍ഡ് ബാഡ് എന്നത് എവിടെയെന്ന് പറയുന്നില്ല. അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രം കറുപ്പും വെളുപ്പുമാക്കിയത് ബോധപൂര്‍വമാണ്. മരിച്ചവരെ കൂട്ടിക്കൊണ്ടുപോകുന്നവര്‍, അതേ സമയം അവര്‍ താറാവിനെയും നായയെയും കൊണ്ടുപോകുന്നുണ്ട്. നായയും താറാവും എങ്ങോട്ട് പോകും എന്നതും ചോദ്യമാണ്. അതിനൊന്നും ഉത്തരമില്ല. ചീട്ടുകളി തീര്‍ച്ചയായും സെവന്‍ത് സീലിനുള്ള ട്രിബ്യൂട്ട് പോലെ തന്നെയാണ് കണ്ടിരിക്കുന്നത്. മാത്രവുമല്ല ചീട്ടുകളിക്കിടെയുള്ള അവരുടെ സംസാരം നമ്മള്‍ പറയുന്ന കഥയുടെ പാരലല്‍ സ്വഭാവമുള്ളതുമാണ്. അവരുടെ സംസാരം അസ്വാഭാവികത തോന്നിപ്പിക്കാതെയാണ് ചെയ്തത്. അവരെല്ലാം അറിയാവുന്ന രണ്ട് ആള്‍ക്കാരാണ്. ഈ രണ്ട് പേരും കാഴ്ചക്കാരുടെ കൂട്ടത്തില്‍ നില്‍ക്കുന്നതായി ഞങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. പിന്നീട് അത് വേണ്ടെന്ന് വച്ചു. പിന്നീടൊരു ഘട്ടത്തില്‍ ആ സെഗ്മെന്റ് തന്നെ റിമൂവ് ചെയ്താലോ എന്നും ആലോചിച്ചിരുന്നു. കാം ആഫ്റ്റര്‍ സ്റ്റോം എന്നൊരു മാനസികാവസ്ഥ ആ സീക്വന്‍സിനുമുണ്ട്. അവസാനത്തെ സെഗ്മെന്റ് എടുത്ത് മാറ്റാന്‍ ഒരു ആലോചനയുണ്ടായിരുന്നു. അവര് രണ്ട് പേരും വേറെ സ്ഥലത്ത് നിന്ന് വന്നവരാണെന്ന് തോന്നിപ്പിക്കുന്ന ഭാഗം. പക്ഷേ ക്ലൈമാക്‌സിലെ ഡാര്‍ക്ക് രണ്ട് രീതിയില്‍ ഗുണമായിട്ടുണ്ട്. ഒന്ന് റിയലിസ്റ്റിക്കായ ഭാഗത്തിന്റെ പര്യവസാനം. ഇരുട്ടിനപ്പുറം എന്ത് എന്നൊരു കാഴ്ചയും. ഫിലിംമേക്കര്‍ എന്ന നിലയിലും എനിക്ക് തൃപ്തി തന്നതാണ് ഈ എന്‍ഡിംഗ്. ആഷിക് അബു ഇതിന്റെ നിര്‍മ്മാണം ഏറ്റെടുത്ത ശേഷം ആഷിക്കും റിമയും സിനിമ കണ്ടിരുന്നു. ഞാന്‍ അപ്പോള്‍ പറഞ്ഞിരുന്നു തിയറ്റര്‍ റിലീസില്‍ നമ്മുക്ക് ഈ ഭാഗം റിമൂവ് ചെയ്യാം. പിന്നീട് ഓപ്ഷനല്‍ എന്‍ഡിംഗ് ആയി വയ്ക്കാം എന്നായിരുന്നു ആലോചന. പിന്നീട് ആഷിക് വിളിച്ചപ്പോള്‍ പറഞ്ഞു റിമ സിനിമ കണ്ടപ്പോള്‍ രണ്ട് തരത്തിലും ആളുകള്‍ക്ക് ഫീല്‍ ചെയ്യിക്കാനാകുമല്ലോ ഇങ്ങനെ എന്‍ഡിംഗ് വന്നാല്‍ എന്ന് പറഞ്ഞതായി സൂചിപ്പിച്ചു. അങ്ങനെയാണ് ഈ രീതിയില്‍ തന്നെ പ്ലേസ് ചെയ്യാമെന്ന് തീരുമാനിച്ചത്.
മതത്തിന്റെ അധികാരഘടനയെ ചോദ്യം ചെയ്യുന്ന മനുഷ്യരെ ആമേനിലും ഈ മ യൗവിലും കാണുന്നുണ്ട്?
ഒരു ക്രിയേറ്ററുടെ കാഴ്ചപ്പാടും നിലപാടും രാഷ്ട്രീയവും എന്തായാലും സിനിമയില്‍ പ്രതിഫലിക്കുമല്ലോ, അത് നമ്മുക്ക് ഒരിക്കലും ഒളിച്ചുവയ്ക്കാനുമാകില്ല. നമ്മുക്ക് പറയാനുള്ളത്
നമ്മുടെ മാധ്യമത്തിലൂടെ എങ്കിലും പറയണമല്ലോ. ഈ സിനിമകളില്‍ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞത് കൊണ്ട് അത് ആ വിഭാഗത്തിലെ മതഅധികാരഘടനയെ മാത്രം വിമര്‍ശിച്ചതാണെന്നും പറയാനാകില്ല. ഈ മ യൗ വിമര്‍ശിക്കുന്നത് സാധാരണ ജീവിതം നയിക്കാന്‍, അല്ലെങ്കില്‍ റൈറ്റ് ടു ലിവ്, റൈറ്റ് ടു ഡൈ സാധ്യമാകാതെ വരുന്ന സാഹചര്യത്തെക്കുറിച്ചാണ്. മതമെന്ന പോലെ രാഷ്ട്രീയവും സ്‌റ്റേറ്റുമെല്ലാം പ്രതിസ്ഥാനത്ത് നില്‍ക്കും. എല്ലാ അധികാരസ്ഥാപനങ്ങളും വിമര്‍ശനവിധേയമാകും. ഇതിപ്പോ മറ്റൊരു മതവിഭാഗത്തിലേക്ക്  പ്ലേസ് ചെയ്താല്‍ അവിടെയും കാണാം മനുഷ്യന്റെ സൈ്വര്യജീവിതം താറുമാറാക്കുന്ന ചില അധികാര സംവിധാനങ്ങള്‍. ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയിലാണെന്ന് മാത്രം. ഒരു മതത്തെ മാത്രം ഫോക്ക്‌സ് ചെയ്ത് കാണേണ്ടതുമില്ല. എനിക്ക് പരിചിതമായ ചുറ്റുപാട്, ഞാന്‍ ജനിച്ച് വളര്‍ന്ന സാഹചര്യത്തില്‍ കുറേക്കൂടി അടുത്തറിയാവുന്ന കാര്യങ്ങള്‍ പറയുന്നുവെന്ന് മാത്രം. അേ്രത ഉള്ളൂ. ലോകത്തുള്ള എല്ലാ പുരോഹിതന്‍മാരും മോശമാണെന്ന നിലയിലുമല്ല ഇത്.
സംവിധായകന്റെ രാഷ്ട്രീയവും നിലപാടുകളും സിനിമയിലൂടെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കണം എന്നാണോ, ഈ മാധ്യമത്തെ അത്തരത്തില്‍ ഉപയോഗിക്കണമെന്നാണോ? 
സിനിമയെന്ന മാധ്യമം നമ്മുടെ കാഴ്ചപ്പാടും വിവിധ വിഷയങ്ങളിലെ നിലപാടുകള്‍ കൂടി പറയാനുള്ള വേദിയായി കൂടി എടുക്കണം. പല വിഷയങ്ങളിലും നമ്മള്‍ മുന്നോട്ടിറങ്ങി, റോഡിലിറങ്ങി ഫൈറ്റ് ചെയ്യുന്നതിന് തുല്യമാണ് അത് അത്രതന്നെ തീവ്രതയോടെ ഈ മാധ്യമത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. അങ്ങനെ കൂടിയാണ് ഒരു കലാകാരന്‍ അയാള്‍ ചെയ്യുന്ന ആര്‍ട്ട്‌ഫോമിലൂടെ പ്രതികരിക്കേണ്ടത്. ഞാന്‍ മനസിലാക്കിയത്, ഞാന്‍ ചെയ്യുന്ന, ഒരു പരിധി വരെ എനിക്ക് ചെയ്യാന്‍ അറിയാവുന്ന ജോലി മാറ്റിവച്ചിട്ട് വേണം ഒരു പ്രൊട്ടസ്റ്റുമായി ഇറങ്ങാന്‍. അപ്പോള്‍ എനിക്ക് അറിയാവുന്ന സ്വാധീനശേഷിയുള്ള ഒരു മാധ്യമത്തെ മാറ്റി വച്ച് ഫിസിക്കലി, വോക്കലി പ്രൊട്ടസ്റ്റ് ചെയ്യുന്നതല്ല ശരിയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മുന്‍പ് ഞാന്‍ പല വിഷയങ്ങളിലും പ്രതികരിക്കുകയോ കമന്റ് ഇടുകയോ ചെയ്തിരുന്നു.
റെവനന്റിന് ശേഷം ഇനരിറ്റു ഒരു സംഭാഷണത്തില്‍ പറഞ്ഞിരുന്നു. You become a creature of your own work. Sometimes you are God and sometimes you are a creature. And here you are just a creature surviving your own creation. ഫിലിംമേക്കര്‍ എന്ന നിലയില്‍ ഓരോ സിനിമയിലും അത്തരം അവസ്ഥകളിലൂടെ കടന്നുപോകാറുണ്ടോ, അതോ റിലാക്‌സ്ഡ് ആയി ചെയ്യുന്നതാണോ ഫിലിംമേക്കിംഗ് പ്രോസസ്? 
മറ്റുള്ളവര്‍ എങ്ങനെ നോക്കികാണുന്നു എന്ന് എനിക്കറിയില്ല. എനിക്ക് ഫിലിം മേക്കിംഗ് പ്രോസസ് ബുദ്ധിമുട്ടി കടന്നുപോകുന്ന ഒന്നാണ്. അത് ഞാന്‍ പറയുന്നത് ഫിസിക്കല്‍ ആന്‍ഡ് മെന്റല്‍ സ്‌ട്രെസ് ആണോ എന്ന് അറിയില്ല. ഫിലിം മേക്കിംഗ് പ്രോസസ് കൃത്യമായും സീരിയസ് ആയും കാണേണ്ടുന്ന ഒന്നായിട്ടാണ് തോന്നിയിട്ടുള്ളത്. അവിടെ എനിക്ക് ചുറ്റുമുള്ള ആളുകളുമായി തമാശ ഷെയര്‍ ചെയ്യാനോ, ആ സ്‌പേസില്‍ ഒരു പിക്‌നിക് സ്‌പോട്ട് പോലെ എന്‍ജോയ് ചെയ്യാനോ പറ്റാറില്ല. അങ്ങനെ ആ പ്രോസസില്‍ പെട്ടുപോകണം എന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്.
പരമ്പരാഗത ഫോര്‍മുലാ സിനിമകളില്‍ നിന്ന് മാറി ആസ്വാദനത്തെ നവീകരിക്കുന്ന സിനിമകളും നല്ല രീതിയില്‍ മലയാളത്തില്‍ സ്വീകരിക്കപ്പെടുന്നു. മഹേഷും തൊണ്ടിമുതലും ഈ മ യൗവും മായാനദിയുമെല്ലാം അത്തരത്തില്‍ വിജയം വരിച്ചവയാണ്. മലയാളത്തില്‍ ഒരു പരീക്ഷണ ചിത്രം 100 കോടിയിലെത്താവുന്ന സാഹചര്യം പ്രതീക്ഷിക്കാനാകുമോ? 
സിനിമകള്‍ ആഘോഷിക്കപ്പെടുന്നത് അത് തിയറ്ററില്‍ നിന്ന് നേടുന്ന വരുമാനത്തിന്റെ പുറത്ത് മാത്രമല്ല എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. 100 കോടി മാര്‍ക്ക് ചെയ്ത് അതിനൊത്തുള്ള സിനിമ സൃഷ്ടിക്കാനുമല്ല ആഗ്രഹം. ഇതുപോലുള്ള സിനിമകള്‍ ഒരു പാട് പേര്‍ കാണുന്ന അവസ്ഥയുണ്ടാകട്ടേ. അങ്ങനെ വരുമ്പോള്‍ സ്വപ്‌നം കാണാനും ചിന്തിക്കാനുമുള്ള വലുപ്പം ഒരുപാടാണ്.  അങ്ങനെയൊരു സ്‌പേസിലേക്ക്് സിനിമ എത്തട്ടേ എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്.
ഇന്ത്യയില്‍ തന്നെ പ്രാദേശിക ഭാഷാ സിനിമകള്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. മലയാള സിനിമ ബോളിവുഡിനെ വെല്ലുന്നതാണെന്ന് ശേഖര്‍ കപൂര്‍ പറയുന്നു. അങ്കമാലിയെയും ഈ മ യൗവിനെയും പ്രകീര്‍ത്തിച്ച് അനുരാഗ് കശ്യപ് വന്നിരുന്നു. ഇന്ത്യയാകെ ശ്രദ്ധിക്കപ്പെടുന്ന ഒരു സിനിമ ചെയ്യാന്‍ ബോളിവുഡിലേക്ക് വണ്ടി കയറേണ്ടതില്ലെന്ന സാഹചര്യമില്ല. ലിജോയ്ക്ക് മറ്റൊരു ഭാഷയില്‍ സിനിമ ചെയ്യാമെന്ന് തോന്നിയിട്ടുണ്ടോ? 
മലയാളത്തിന് പുറത്തേക്ക് പറയേണ്ട വിഷയമാണെങ്കില്‍ തീര്‍ച്ചായും മറ്റൊരു ഭാഷയില്‍ സിനിമ ചെയ്യും. അതിനേക്കാള്‍ നമ്മള്‍ വാദിക്കുന്നതും ആഗ്രഹിക്കുന്നതും ലോകത്ത് ഏതൊരു ഭാഷയില്‍ ഉണ്ടാകുന്ന സിനിമയും ഏതൊരാള്‍ക്കും കാണാനും ആസ്വദിക്കാനും സാധിക്കണമെന്നാണ്. മലയാളമോ, തമിഴോ ഹിന്ദിയോ ഏത് വേണമെങ്കിലും ആവാം. അപ്പോകലിപ്‌ടോ പോലൊരു സിനിമ മെല്‍ഗിബ്‌സണ്‍ ഇംഗ്ലീഷില്‍ അല്ല ചെയ്തിരുന്നത്. അത് ലോകം മുഴുവന്‍ പോപ്പുലര്‍ ആയില്ലേ. പാഷന്‍ ഓഫ് ക്രൈസ്റ്റ് ഇംഗ്ലീഷില്‍ അല്ലായിരുന്നു. പൗരാണികമായ അരാമിക് ഭാഷയിലാണ് ആ സിനിമ വന്നത്. സിനിമ പോലൊരു വിഷ്വല്‍ മീഡിയത്തെ സംബന്ധിച്ച് ഭാഷ ഒരു പ്രധാന ടൂള്‍ ആയി മാറുന്നില്ല.
നമ്മള്‍ ഇന്ത്യയിലെ ഭാഷാ ചിത്രങ്ങളെക്കുറിച്ചാണ് സംസാരിച്ച് വന്നത്. സമകാലിക ഇന്ത്യന്‍ സിനിമയില്‍ ലിജോ പെല്ലിശേരിയെന്ന ഫിലിംമേക്കറെയും പ്രേക്ഷകനെയും ഏറ്റവും സ്വാധീനിച്ച, താല്‍പ്പര്യം തോന്നിയ പുതുനിര ചലച്ചിത്രകാരന്‍മാര്‍ ആരൊക്കെയാണ്.? 
ഞാന്‍ അടുത്ത കാലത്ത് കണ്ടതില്‍ ഒരു ഫൈന്‍ ഫിലിം മേക്കര്‍ എന്ന് തോന്നിയിരിക്കുന്നത് ദിലീഷ് പോത്തനെയാണ്. മറ്റിടങ്ങളില്‍ ഉള്ള സിനിമകള്‍ കാണാനും അവിടെയുള്ള സിനിമകളുടെ രീതി നോക്കി കാണാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് പേഴ്‌സണലി ഇംപ്രസിവ് ആയി തോന്നിയ ഇന്ത്യന്‍ സിനിമകളില്‍ നിന്ന് ദിലീഷ് പോത്തനെയാണ് മികച്ച ഫിലിംമേക്കറായി തെരഞ്ഞെടുക്കുക.

മലയാളത്തില്‍ പല ഴോണറുകളിലും ഇപ്പോഴും പേരിന് പോലുമൊരു ശ്രമം ഉണ്ടാകുന്നില്ല. നല്ലൊരു ക്രൈം നോയര്‍ സിനിമയോ ഹൊറര്‍ ചിത്രമോ ഇവിടെ ആരും ട്രൈ ചെയ്യുന്നില്ല. ലിജോ എടുക്കാനാഗ്രഹിക്കുന്ന സിനിമകളില്‍ അത്തരം സിനിമകള്‍ ഉണ്ടോ?
ഇതൊക്കെ എനിക്കും വ്യക്തിപരമായി ഇഷ്ടപ്പെട്ട ഴോണറുകളാണ്. പക്ഷേ നമ്മള്‍ ഇങ്ങനെയൊരു സിനിമയെടുക്കുമ്പോള്‍ നമ്മളെ അത്രയും മോഹിപ്പിക്കുന്ന പ്ലോട്ടുകള്‍ ഉണ്ടാകണം.
അതായത് ഇതുവരെ പറയാത്ത തരത്തില്‍ ഒരു വിഷയം ഹൊറര്‍ ഡ്രാമയായോ ക്രൈം ഡ്രാമയായോ പറയാം എന്ന തോന്നല്‍ ഉണ്ടാകണമല്ലോ. ഇന്ന ഴോണര്‍ എന്നൊന്നുമില്ല. എനിക്ക് തന്നെ ഒരു പക്കാ എന്റര്‍ടെയിനര്‍ ചെയ്യണമെന്ന ആഗ്രഹമുണ്ട്. ഉദാഹരണത്തിന് വിജയ് ഒക്കെ ചെയ്യുന്നത് പോലുള്ള സിനിമ, വൈ നോട്ട്, സിനിമ നമ്മുക്ക് അത്തരത്തില്‍ ഫ്രീഡവും ലിബര്‍ട്ടിയും തരുന്ന സ്‌പേസ് ആണല്ലോ. എല്ലാം റിയലായി പറയാന്‍ സിനിമയും നിര്‍ബന്ധിക്കുന്നില്ലല്ലോ. സ്വപ്‌നം കാണാനും ഫാന്റസി പറയാനും നമ്മുക്ക് സിനിമയില്‍ അല്ലേ പറ്റൂ. ജീവിതത്തില്‍ പറ്റില്ലല്ലോ,സൂപ്പര്‍ഹീറോകള്‍ ജീവിതത്തില്‍ ഇല്ലല്ലോ.

ഏതൊക്കെയോ കാലത്ത് നാടകങ്ങളെ രൂപപരമായും ഭാവപരമായും നമ്മുടെ സിനിമ പിന്തുടര്‍ന്നപ്പോള്‍ അഭിനയം അതിനാടകീയമാവുകയും രംഗസൃഷ്ടിയിലും സംഭാഷണങ്ങളിലും വൈകാരികതയിലുമൊക്കെ അതിഭാവുകത്വവും കടന്ന് കൂടി. അതേ സമയം നാടകം അമ്പരപ്പിക്കുന്ന കലാകാരന്‍മാരെ സമ്മാനിച്ചു, പുതുതലമുറ സിനിമകളില്‍ കാസ്റ്റിംഗില്‍ ഉള്‍പ്പെടെ തിയറ്ററിന്റെ വലിയ പിന്തുണയുണ്ട്. അച്ഛന്‍ ജോസ് പെല്ലിശേരിക്കൊപ്പമുളള നാടക അനുഭവം ലിജോ പറഞ്ഞ് കേട്ടിട്ടുണ്ട്. തിയറ്റര്‍ ലിജോയുടെ സിനിമാ ജീവിതത്തില്‍ എത്രമേല്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.

നാടകങ്ങളില്‍ ആദ്യകാലത്ത് മൈക്ക് ഇല്ലായിരുന്നല്ലോ, അതിനാല്‍ ഏറ്റവും പിറകില്‍ ഉള്ളയാള്‍ക്കും സംഭാഷണങ്ങള്‍ കേള്‍ക്കണമെന്ന തരത്തിലാവാം ലൗഡ് ആക്ടിംഗ് ഉണ്ടായത്. അത്രയും ഉച്ചത്തില്‍ സംസാരിക്കണമല്ലോ. മൈക്കുകള്‍ വന്നപ്പോഴും ഇത് തന്നെ ഫോളോ ചെയ്തിരുന്നിരിക്കണം. ഇപ്പോഴുള്ള നാടകങ്ങളിലൊക്കെ നാടകീയത കുറഞ്ഞാണ് സ്‌റ്റേജില്‍ കഥാപാത്രങ്ങളെന്നത്. നാടകത്തില്‍ നിന്ന് സിനിമയില്‍ വന്നപ്പോള്‍ പെര്‍ഫോര്‍മന്‍സിലെ അനായാസതയാണ് അവരുടെ മികവെന്ന് തിരിച്ചറിഞ്ഞ എത്രയോ പേരുണ്ട്. തിലകന്‍ ചേട്ടനായിക്കോട്ടെ, ഇപ്പോ അലന്‍സിയറേട്ടന്‍ ആവട്ടെ, അവരെല്ലാം സിനിമയില്‍ വന്നപ്പോള്‍ അഭിനയത്തിലെ ഈസിനസ് ആണ് ഉപയോഗപ്പെടുത്തിയത്. മീഡിയത്തിന്റെ ഷിഫ്റ്റ് മനസിലാക്കിയാണ് ഇവരെല്ലാം സിനിമയിലേക്ക് വന്നത്.

ലൈവ് ഓഡിയന്‍സിനെ നേരേ അഭിമുഖീകരിക്കുന്നവരാണല്ലോ നാടകത്തിലുള്ളവര്‍, അത് ആ അനുഭവം കൈമുതലാണ്. ഞാന്‍ ചില നാടകങ്ങളുടെ ലൊക്കേഷനിലേക്ക് വണ്ടിയില്‍ കൂടെ പോയിരുന്നു. നമ്മുക്കറിയാം, ഓരോ ഷോയുടെ പ്രതികരണങ്ങളെ എങ്ങനെയാണ് ഇവര് കാണുന്നതെന്ന്. ചിലപ്പോള്‍ പറയും, അടുത്ത ഷോ തൃശൂരാണ്. ഹ്യൂമര്‍ കറക്ടറായിരിക്കണം, എന്നാലേ നല്ല റെസ്‌പോണ്‍സ് ഉണ്ടാവൂ എന്ന്. ചില സ്ഥലങ്ങളില്‍ എന്ത് പറഞ്ഞാലും ചിരിക്കും. അങ്ങനെ പ്രാദേശികമായി പോലും ആളുകളുടെ പ്രതികരണം ജഡ്ജ് ചെയ്താണ് നാടകം ചെയ്യുന്നവര് പോകുന്നത്. നാടകം എന്നിലുണ്ടാക്കിയത് ഇവര്‍ക്കൊപ്പമുള്ള യാത്രയുടെ റിഹേഴ്‌സല്‍ അനുഭവങ്ങളുടെയും ഇവരുടെയെല്ലാം ജീവിതരീതികളുടെയും ഒക്കെ ഓവറോള്‍ എക്‌സ്പീരിയന്‍സ് ആണ്. മൂന്ന് നാടകങ്ങള്‍ വരെ ഒരു ദിവസം ചെയ്യുന്നത് കണ്ടിട്ടുണ്ട്. പെര്‍ഫോം ചെയ്യുന്ന ആളുകളുടെ തളര്‍ച്ചയൊക്കെ അടുത്ത് കണ്ടിട്ടുണ്ട്. അതിനാടകീയമായ സംഭാഷണം പോലും തിലകന്‍ ചേട്ടന്‍ പ്രസന്റ് ചെയ്ത് മറ്റൊരു തലത്തിലെത്തിക്കും. അത് മറ്റൊരാള്‍ പറഞ്ഞാല്‍ നമ്മുക്ക് കേട്ടിരിക്കാന്‍ പോലും പറ്റില്ല. നെടുമുടി വേണു ചേട്ടനും ഇത് പോലെ തന്നെയാണ്. രാജന്‍ പി ദേവ് സിനിമയിലേക്ക് വന്നപ്പോള്‍ അദ്ദേഹത്തിന്റെ അഭിനയരീതിയില്‍ വന്നൊരു ഷിഫ്റ്റ് ഉണ്ടല്ലോ. അത് രണ്ട് മീഡിയത്തെയും മനസിലാക്കിയതിനാലാണ്.

Also read :  രാജീവ് രവി അഭിമുഖം: എന്റര്‍ടെയിന്‍മെന്റ് എന്ന വാക്കില്‍ തന്നെ വിശ്വസിക്കുന്നില്ല

ആഷിക് അബു അഭിമുഖം