2.5/5

ഒരു മാസ് മസാലാ സിനിമയുടെ ചിരപരിചിത രീതികളെയോ ചേരുവയെയോ ഉപേക്ഷിച്ചൊരുക്കിയ സിനിമയല്ല കാലാ. പ്രമേയവും കഥ പറച്ചിലും പരിഗണിച്ചാല്‍ പക്കാ കമേഴ്‌സ്യല്‍ സിനിമാ ക്ലീഷേകളെ ഏതാണ്ടെല്ലാം തട്ടിലും ഉള്‍ക്കൊള്ളിച്ചുള്ള സിനിമ. ഇന്ത്യന്‍ സമകാലികതയോട് ചേര്‍ന്ന് നിന്ന് കാലാ എന്ന സിനിമ ഉറക്കെ സംസാരിക്കുന്ന രാഷ്ട്രീയവും കഥാപാത്ര നിര്‍മ്മിതിയിലും, ഉള്‍പ്പടര്‍പ്പുകളിലും നടത്തുന്ന നിര്‍ണായക പ്രസ്താവനകളുമാണ് വിയോജിപ്പുകള്‍ നില്‍ക്കെ തന്നെ കാലായെ സവിശേഷമാക്കുന്നത്.

രജനിയും കമലും വിജയ്‌യും ഉലകത്തമിഴനെയാണ് മിക്കപ്പോഴും സ്‌ക്രീനില്‍ പ്രതിനിധീകരിക്കുന്നത്. ദ്രാവിഡസ്വത്വത്തെക്കാള്‍ തമിഴ് ഭാഷാസ്വത്വത്തെ/ സാംസ്‌കാരിക സ്വത്വത്തെ ഉടുപ്പാക്കിയ കഥാപാത്രങ്ങള്‍. മെര്‍സല്‍ എന്ന സിനിമയില്‍ മുണ്ടുടുത്ത്, തമിഴ് സംസാരിച്ചതിന്റെ പേരില്‍ സുരക്ഷാ പരിശോധനയില്‍ തനിക്കുണ്ടായ അപമാനത്തെയും ആക്രമണത്തെയും നേരിടുന്ന വിജയ് പഞ്ച് ഡയലോഗിനാല്‍ ഊറ്റം കൊള്ളിക്കുന്നത് ഭാഷാ സ്വത്വത്തിലുള്ള അഭിമാനം അറിയിച്ചാണ്. ദശാവതാരത്തിലെ കമലും, സിങ്കം സീരീസുകളിലെ സൂര്യയും, ശിവാജിയിലെ രജനിയും ദ്രാവിഡസ്വത്വത്തെക്കാള്‍ തമിഴ് ഐഡന്റിറ്റിയിലൂന്നിയാണ് കഥാപാത്രങ്ങളായത്. ഉലകത്തമിഴന്‍ സ്വഭാവമുള്ള തമിഴ് സിനിമകളില്‍ ഒരു യു ടേണ്‍ ഉണ്ടായത് പാ രഞ്ജിത്തിലൂടെയാണ്. കബാലിയിലും കാലായിലും നായകന്‍ തമിഴനാണ്, അതേ സമയം നൂറ്റാണ്ടുകളായി സവര്‍ണാധികാരത്താല്‍ ചവിട്ടിമെതിക്കപ്പെടുന്ന വിഭാഗത്തിന്റെ പ്രതിനിധിയുമാണ്. ബ്രാഹ്മണ്യ ജാതിവാഴ്ചാ ക്രമം നിരന്തരം പിന്നിലേക്ക് തട്ടിമാറ്റിയ ദ്രാവിഡസ്വത്വമാണ് പാ രഞ്ജിത്തിന്റെ കഥാപാത്രങ്ങള്‍. ഉടലിന്റെ കറുപ്പിനാല്‍, ജാതിയാല്‍ മുഖ്യധാരയിലെത്താന്‍ ഇനിയും പോരാടേണ്ട മനുഷ്യവിഭാഗത്തെ അണിനിരത്തിയാണ് അയാള്‍ കഥ പറയുന്നത്.

മദ്രാസില്‍ പൂരിപ്പിക്കാനുണ്ടായത്, കബാലിയില്‍ ചെറുതായി പറഞ്ഞുപോയത്, കാലായിലൂടെ ഉച്ചത്തിലാക്കുകയാണ് പാ രഞ്ജിത്ത്. നിലത്തിന്റെ രാഷ്ട്രീയത്തില്‍ നിന്ന് നീലയുടെ രാഷ്ട്രീയത്തിലേക്കുള്ള പൂരിപ്പിക്കല്‍. സിനിമാറ്റിക് യൂണിവേഴ്‌സില്‍ തന്നെ നിന്ന് കൊണ്ട് നവരാഷ്ട്രീയ ധാര ഏറ്റെടുത്ത ദളിത്-അംബേദ്കറൈറ്റ് രാഷ്ട്രീയത്തെ കൃത്യതയോടെയും വ്യക്തതയോടെയും പറയുന്നു. അതേ സമയം തന്നെ രാഷ്ട്രീയ പ്രസ്താവനകള്‍ക്ക് വേണ്ടി സൃഷ്ടിച്ചെടുത്തതെന്ന് തോന്നുന്ന പശ്ചാത്തലങ്ങളുടെ ആവര്‍ത്തനവും, ആകര്‍ഷകമായ കഥ പറച്ചിലിന് മുതിരാതെ രാഷ്ട്രീയ ഘോഷണത്തിന് പ്രാമുഖ്യം നല്‍കിയതുമാണ് കാഴ്ചാനുഭവം എന്ന നിലയില്‍ കാലായെ ദുര്‍ബലമാക്കുന്നത്. അട്ടക്കത്തി ഒഴിച്ച് നിര്‍ത്തിയാല്‍ തമിഴ് നവനിരയിലെ ക്രാഫ്റ്റിനാല്‍ അമ്പരപ്പിക്കുന്ന സംവിധായകരുടെ ഗണത്തില്‍ ഉള്‍ക്കൊള്ളിക്കാനാകുന്നയാളല്ല പാ രഞ്ജിത്ത്. കാര്‍ത്തിക് സുബ്ബരാജും, വെട്രിമാരനും, ത്യാഗരാജന്‍ കുമാരരാജയും, മണികണ്ഠനും ഉള്‍പ്പെടുന്ന പുതുനിര സിനിമയെന്ന മാധ്യമത്തിലെ നവസാധ്യതകളിലൂന്നി കയ്യടക്കത്തോടെയും മിതത്വത്തോടെയും തങ്ങളുടെ രാഷ്ട്രീയം തീവ്രതയോടെ പറയുമ്പോള്‍ പാ രഞ്ജിത്ത് രാഷ്ട്രീയ ഉള്ളടക്കത്തില്‍ മാത്രം കേന്ദ്രീകരിച്ച് നീങ്ങുന്നുവെന്നാണ് തോന്നിയിട്ടുള്ളത്. രാഷ്ട്രീയമുദ്രാവാക്യങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍ തന്നെ പാ രഞ്ജിത്തെന്ന ക്രാഫ്റ്റ്മാന്‍ ദുര്‍ബലനായിപ്പോകുന്നുണ്ട് കാലായില്‍.

കാലാ ഓഡിയോ ലോഞ്ചില്‍ രജനീകാന്ത് പാ രഞ്ജിത്തിനെക്കുറിച്ച് പറഞ്ഞത് ഈ പ്രായം വരെ ഇതുപോലെ ഒരാളെ കണ്ടിട്ടില്ലെന്നാണ്. രഞ്ജിത് സംവിധായകനായി മാത്രം ജീവിതം അവസാനിപ്പിക്കുന്ന ആളായിരിക്കില്ല, വേറെ ഏതോ വലിയ ആളായി മാറുമെന്നാണ് കരുതുന്നതെന്നും രജനി അവിടെ പറഞ്ഞു. ഏറ്റവും സ്വാധീന ശേഷിയുള്ള മീഡിയത്തിലൂടെ താന്‍ ജീവിക്കുന്ന കാലത്തിന് അനിവാര്യമായ രാഷ്ട്രീയം അത്ര തന്നെ പോപ്പുലറായ താരത്തിലൂടെ പറയുക എന്നതിനാവാം പാ രഞ്ജിത്ത് ഊന്നല്‍ നല്‍കിയത്. അതുകൊണ്ടാണ് സവര്‍ണാധികാരത്തോടും മൂലധനശക്തികളോടും മമതയുള്ള രജനീകാന്തിന്റെ സ്പിരിച്വല്‍ പൊളിറ്റിക്‌സും, പാ രഞ്ജിത്തിന്റെ അംബേദ്കറൈറ്റ് രാഷ്ട്രീയവും സിനിമയ്ക്ക് പുറത്ത് കലഹിക്കുന്നത്. സിനിമയിലെ കാലായും സിനിമയ്ക്ക് പുറത്തെ രജനീകാന്തും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നത്.

പ്യുവര്‍ മുംബെയില്‍ നിന്ന് സിങ്കാര ചെന്നൈ എന്ന ഹോര്‍ഡിംഗ്‌സിലേക്കാണ് ക്ലൈമാക്‌സിലെത്തുമ്പോള്‍ കാലാ പ്രവേശിക്കുന്നത്. സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും ചേരികളില്‍ നിന്നുള്ള ഒറിജനല്‍ ഫുട്ടേജിലാണ്. ദളിതരും ന്യൂനപക്ഷങ്ങളും തുടച്ചെറിയപ്പെടുന്ന വംശീയശുദ്ധീകരണത്തിനെതിരെയുള്ള പോരാട്ടത്തെ വിശാലമായ അര്‍ത്ഥത്തില്‍ തന്നെയാണ് രഞ്ജിത് സമീപിച്ചത് എന്നതില്‍ സംശയമില്ല. രജനീകാന്ത് സിനിമയില്‍ എത്രമാത്രം രജനീകാന്തിന്റെ താരപ്രഭാവം ഉപയോഗപ്പെടുത്താം എന്നതിനെക്കാള്‍ രജനിയെന്ന താരത്തില്‍ നിന്ന് എത്രമാത്രം പുറത്തിറങ്ങി സിനിമ ചെയ്യാം എന്നതിനാണ് കബാലിക്ക് പിന്നാലെ കാലായിലും സംവിധായകന്‍ ശ്രമിച്ചത്.

കബാലിയില്‍ നിന്ന് കാലായിലേക്ക് എത്തിയത് എങ്ങനെയാണെന്നും രജനികാന്ത് കാലായുടെ ഓഡിയോ ലോഞ്ചില്‍ പറഞ്ഞിരുന്നു. ധനുഷ് നിര്‍മ്മിക്കാന്‍ തീരുമാനിച്ച സിനിമയുടെ ചര്‍ച്ചയില്‍ ധാരാവിയിലെ തമിഴ്മക്കളെ കുറിച്ചുള്ള കഥ നിര്‍ദ്ദേശിച്ചത് രജനിയാണ്. തമിഴ്മക്കളുടെ ഉയിരായ നായകന്‍ എന്നതിനപ്പുറം ധാരാവികഥയില്‍ രജനി പ്രതീക്ഷിച്ച് കാണില്ല. പാ രഞ്ജിത്ത് മുരളിയെന്ന ഛായാഗ്രാഹകനിലൂടെ, സന്തോഷ് നാരായണനെന്ന സംഗീത സംവിധായകനിലൂടെ, കാലായ്‌ക്കൊപ്പമുള്ള ഉപകഥാപാത്രങ്ങളിലൂടെ ധാരാവിയെ ഇന്ത്യയുടെ ദളിത് ഭൂമികയായാക്കി മാറ്റുകയായിരുന്നു. രോഹിത് വെമുലയും ഉനയും രോഹിത് വെമുലയുമെല്ലാം സിനിമയുടെ അകപഥത്തിലുണ്ട്. ദളിത്-മുസ്ലീം ഐക്യത്തിലൂടെ ഉയര്‍ന്നുവരുന്ന അംബേദ്കറൈറ്റ് നവരാഷ്ട്രീയധാരയെ കൃത്യമായി പ്ലേസ് ചെയ്യുകയാണ് രഞ്ജിത്ത്. പ്രപഞ്ചത്തിലെ സര്‍വ്വത്ര പ്രശ്‌നങ്ങള്‍ക്കും അമാനുഷികനായ നായകന്‍ ഒറ്റമൂലിയാകുന്ന പരമ്പരാഗത ാസ് മസാലയാകുന്നുമില്ല കാലാ. പക്ഷേ പാ രഞ്ജിത്ത് പതറുന്നത് ഉറക്കെപ്പറയുന്ന രാഷ്ട്രീയത്തിനൊപ്പം സമാന്തരമായി രജനിയെയും രസികര്‍കളെയും പരിഗണിച്ചിടത്താണ്.

ഇവിടെ കരികാലനാണ് രജനീകാന്ത്, വിളിപ്പേരില്‍ കാലാ. തമിഴ്‌നാട്ടില്‍ നിന്ന് ബോംബെയിലെ ധാരാവി ചേരിയിലേക്ക് കുടിയേറിയവര്‍. രൂപത്തിലും പറഞ്ഞുപോകുന്ന രാഷ്ട്രീയത്തിലും പെരിയോറിനെ മാതൃകയാക്കിയൊരുക്കിയ വെങ്കയ്യയുടെ മകനാണ് കരികാലന്‍. പെരിയോറിനെ ഇല്ലാതാക്കുന്നത് ബ്രാഹ്മണിക് ഭരണകൂടവും അതിന്റെ അധികാര ശ്രേണികളുമാണ്. വെങ്കായുടെ ദൗത്യം മകനിലെത്തുമ്പോള്‍ കാലായെന്ന കരികാലന്‍ ധാരാവിയുടെ നായകനാണ്. ഗാംഗ് ലീഡര്‍. ധാരാവിയെന്ന വിസ്തൃതിയുള്ള നിലത്തെ പിടിച്ചെടുത്ത് തങ്ങളുടെ മൂലധനതാല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാണ് ഭരണകൂടവും കോര്‍പ്പറേറ്റുകള്‍ കാലങ്ങളായി ശ്രമിക്കുന്നത്. അതിനുള്ള ഏക തടസം കാലാണ്, അയാള്‍ക്ക് പിന്നില്‍ അണിനിരക്കുന്ന ധാരാവി ജനതയും. പോലീസിനെയും ബ്യൂറോക്രാറ്റുകളെയും ഉപയോഗിച്ച് ചേരിയെ തകര്‍ത്ത് കോര്‍പ്പറേറ്റുകള്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തെ സമരം കൊണ്ട് നേരിടുകയാണ് പുയലും ലെനിലും അടങ്ങുന്ന യുവത. അവരുടേത് മാര്‍ക്‌സിസ്റ്റ്- അംബേദ്കറൈറ്റ് രാഷ്ട്രീയമാണ്. ലെനിന്‍ കാലായുടെ ഇളയമകനാണ്. കാലായുടെ വീട്ടിലും അംബേദ്കറിനൊപ്പം ലെനിന്റെ ചിത്രം കാണാം. അച്ഛന്റേത് സമാന്തര അധികാര സംവിധാനമാണെങ്കില്‍ മകന്‍ ജനാധിപത്യ വഴിയില്‍ സംഘടിത സമരമാര്‍ഗങ്ങളിലാണ് ശരിയെ വിശ്വസിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ ലെനിനും സംഘവും തോല്‍ക്കുമ്പോഴാണ് ധാരാവിയുടെ നാട്ടുകൂട്ടം കാലായെ വിളിക്കുന്നത്. പൂഴിക്കടകന്‍ മറിയാതെ മണ്ണില്‍ ചവിട്ടി നിന്ന് രജനിയുടെ ഇന്‍്‌ട്രോ( ക്രിക്കറ്റ് ഗ്രൗണ്ടിലെ മണ്ണില്‍). ചേരിയില്‍ മറ്റൊരിടത്ത് ക്രിക്കറ്റ് കളിക്കുകയാണ് കാലാ. എതിര്‍ ടീം കുട്ടികളാണ്. കാലായുടെ ടീം സ്വന്തം ഗാംഗ്. കുട്ടികളോട് തര്‍ക്കിക്കുന്ന, ഔട്ടാകാന്‍ മടിക്കുന്ന രജനി. ഹോ എന്തൊരു ലോ പ്രൊഫൈല്‍ ഇന്‍ട്രോ എന്ന് വേണേല്‍ അതിശയശബ്ദമിടാം. (ബാലരമ വായിച്ചോണ്ടിരിക്കുകും ടോം ആന്‍ഡ് ജെറി കാണുകയും കുട്ടികള്‍ക്കൊപ്പം കളിച്ച് തോല്‍ക്കുകയും ചെയ്യുന്ന മികപ്പെരിയ നായകന്റെ ചെറിയ ഇന്‍ട്രോ ആവര്‍ത്തിച്ച് മടുപ്പായ ഒന്നാണെന്ന് പറയാതെ വയ്യ)

മുംബൈ മഹാനഗരമായപ്പോള്‍ ആ നാട്ടിലെ തൂപ്പുകാരനും കൂലിവേലക്കാരനും തോട്ടിയും താമസിക്കുന്ന ചേരി ഭരണകൂടത്തിനും കോര്‍പ്പറേറ്റുകള്‍ക്കും ‘ശുദ്ധീകരിക്കേണ്ട’ ഇടമായി മാറി. രാജ്യം അഴുക്കുകളില്ലാത്തതും ശുദ്ധിയുള്ളതുമാക്കണമെങ്കില്‍ ധാരാവിയെ ആദ്യം വൃത്തിയാക്കണമെന്നാണ് ഭരണകൂടം പറയുന്നത്. വംശീയ ശുദ്ധീകരണമാണ് ഭരണകൂടത്തിന്റെ ആഗ്രഹം. ഇന്ത്യന്‍ സമകാലിക സാഹചര്യങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ദൃശ്യങ്ങളിലൂടെയും രാഷ്ട്രീയധ്വനിയിലൂടെയുമാണ് ദേശീയവാദിയെന്ന് സ്വയം അവകാശപ്പെടുകയും ആവര്‍ത്തിക്കുകയും ചെയ്യുന്ന ഹരിഅഭയങ്കാറിനെയും അയാളുടെ പ്രഖ്യാപനങ്ങളെയും കാണിക്കുന്നത്. നാനാ പടേക്കറാണ് ഹരി അഭയങ്കാര്‍. മുംബെയുടെ സമാന്തര ഭരണകൂടം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെയും മുഖം. ധാരാവിയിലുള്ള ചേരിമനുഷ്യരെ തൂത്തെറിഞ്ഞ് അവിടെ വ്യവസായ സ്ഥാപനങ്ങളും നഗരകേന്ദ്രീകൃത പദ്ധതികളും നടപ്പാക്കാനാണ് ഹരിദാദയും ഭരണകൂടവും ശ്രമിക്കുന്നത്. അതിന് അവര്‍ക്ക് മുന്നിലുള്ള കടമ്പ കാലായാണ്.

ധാരാവി തങ്ങളുടേതാണെന്ന ഹരിദാദയുടെ വാദത്തെ കാലാ നേരിടുന്നുണ്ട്. നിലം നിങ്ങള്‍ക്ക് അധികാരമാണ്, ഞങ്ങള്‍ക്കത് ജീവിതമാണെന്ന് അയാള്‍ പറയുന്നു. അവിടെ പുരാണകഥകള്‍ തനിക്കറിയാമെന്നാണ് ഹരിദാദയുടെ മറുപടി. രാമരാവണ യുദ്ധമായി കൊച്ചുമകളോടുള്ള സംഭാഷണത്തിലും ഹരിദാദ കാലായുമായുള്ള പോരാട്ടത്തെ വിശേഷിപ്പിക്കുന്നത് കാണാം. ഞങ്ങള്‍ക്ക് എതിരെ നില്‍ക്കുന്നത് നിങ്ങളുടെ കടവുളാണെങ്കില്‍ ആ കടവുളെയും നേരിടുമെന്നാണ് കാലാ പറയുന്നത്. (എന്നുടെ നെലത്തെ പരിക്കര്‍താന്‍ ഉന്നോടെയെ ധര്‍മവും ഉന്‍ കടവുളുടെ ധര്‍മവുന്നാ നാന്‍ ഉന്‍ കടവുളേ കൂടെ വിടമാട്ടെ) കാലാ മുന്നോട്ട് വയ്ക്കുന്ന നവരാഷ്ട്രീയത്തിന്റെ പ്രഹരശേഷി സംഭാഷണങ്ങളെ ആശ്രയിച്ചാണ്. പൊളിറ്റിക്കല്‍ കറക്ടായ പഞ്ച് ഡയലോഗുകള്‍ എന്ന് വേണമെങ്കില്‍ പറയാം. സ്വന്തം രാഷ്ട്രീയത്തെയും രജനി രസികര്‍കളെയും ഒരു പോലെ പരിഗണിച്ച് നീങ്ങുമ്പോഴാണ് കാലായുടെ കോലം മാറുന്നത്. കമേഴ്‌സ്യല്‍ സിനിമകളിലെ ശീലപ്പഴമ പോലെ തന്നെ കോര്‍പ്പറേറ്റ് ചതിക്കുഴികളില്‍ യുവവിപ്ലവകാരികള്‍ എളുപ്പത്തില്‍ വീഴുമെന്നും അവരെ കൈപിടിച്ചുയര്‍ത്താനും നേര്‍വഴിയിലാക്കാനും അവരത്രയും നാള്‍ ധിക്കരിച്ച് നീങ്ങിയ അനുഭവജ്ഞാനിയായ നായകന്‍ വരുമെന്നുമുള്ള ട്വിസ്റ്റ് ഒ്‌ക്കെ തമിഴ് സിനിമയോളം പഴക്കമുള്ളതാണ്. അംബേദ്കറൈറ്റ്-ദളിത് രാഷ്ട്രീയ മുന്നേറ്റം സമീപകാലത്ത് രാഷ്ട്രീയ മുഖ്യധാരയെ പിടിച്ചുകുലുക്കുംവിധം വരവറിയിച്ചത് രാജ്യത്തെ കാമ്പസുകളില്‍ നിന്നായിരുന്നുവെന്ന് പാ രഞ്ജിത്ത് ഓര്‍ക്കണമായിരുന്നു. ലെനിന്‍ ഹിന്ദുത്വഭരണകൂടത്തിന് എളുപ്പത്തില്‍ സ്വാധീനിക്കാനാകുന്ന രാഷ്ട്രീയക്കാരനാകുന്നതില്‍ വൈരുദ്ധ്യം അനുഭവപ്പെടുന്നുണ്ട്. ചേരിക്ക് എളുപ്പത്തില്‍ മുഖ്യധാരയിലെത്താന്‍ അവിടെ ഉയരുന്ന ഫ്‌ളാറ്റുകളും ഗോള്‍ഫ് ക്ലബ്ബും ഇംഗ്ലീഷ് സ്‌കൂളും മതിയാകുമെന്ന് ലെനിന്‍ തെറ്റിദ്ധരിക്കുകയാണ്. ലെനിന്റെ പിതാവ് രജനീകാന്ത് എന്ന സൂപ്പര്‍താരം അവതരിപ്പിക്കുന്ന കാലാ ആയതിനാല്‍ പിള്ളേരെല്ലാം അകപ്പെട്ട കെണി നേരത്തെയറിഞ്ഞത് അയാള്‍ മാത്രം. ലെനിനൊപ്പം കരികാലന്റെ പൂര്‍വകാമുകി സെറീനയും ഹരിദാദയുടെ കെണിയില്‍ വീണുപോയി. ലെനിനും സെറിനയും കരികാലനെ ധിക്കരിച്ച് മുന്നേറുകയും ധാരാവിയെ പുനരുദ്ധരിക്കാന്‍ ശ്രമിക്കുകയും പിന്നീട് അവരുടെ പരാജയത്തിന് മേല്‍ കാലാ പൊഴിക്കുന്ന മന്ദഹാസവുമെല്ലാം 80കള്‍ക്കുള്ള മുന്നേ വന്നു പോയ ക്ലീഷേകളുടെ തുടര്‍ച്ച തന്നെ. രജനീകാന്ത്് എന്ന സൂപ്പര്‍താരത്തിനും, രസികര്‍ക്കും വേണ്ടി നടത്തിയ വലിയ വിട്ടുവീഴ്ചയെ തുടര്‍ച്ചയില്‍ തിരുത്തുന്നുണ്ട് രഞ്ജിത്ത്. സമാന്തര ഭരണകൂടമായി നീങ്ങി ആയുധമേന്തിയ പോരാട്ടത്തില്‍ പരാജയപ്പെടുന്നുണ്ട് കാലാ. ഹരിദാദയെയും ഭരണകൂടത്തെയും ഞെട്ടിച്ചുള്ള കാലായുടെ നീക്കം ലെനിന്‍ സ്വീകരിച്ച സമരമാര്‍ഗ്ഗമാണ്. ഗുജറാത്തില്‍ ശുചീകരണ തൊഴിലാളികള്‍ നടത്തിയ സമരത്തിന് സമാനമായ പോരാട്ടം സ്‌ക്രീനില്‍. ധാരാവിയിലെ മനുഷ്യര്‍ തൊഴിലെടുക്കാതെ വീട്ടിലിരുന്നാല്‍ അസ്വസ്ഥമാകുന്ന, നിശ്ചലമാകുന്ന മുംബെയെ കാട്ടുന്നു സംവിധായകന്‍. കഥാന്ത്യത്തിലും ലെനിന്‍ നയിച്ച സമരപാതയിലേക്കാണ് കാലാ എത്തുന്നത്. അവിടെ ധാരാവിയിലെ മനുഷ്യര്‍ക്ക് ലെനിന്‍ മാതൃകയാകേണ്ടുന്നതിന് പകരം കാലാ മാതൃകയാകുന്നുവെന്നത് മാത്രമാണ് വൈരുദ്ധ്യം. ഒറ്റനായകനിലേക്ക്, ഒറ്റ നേതാവിലേക്ക് ചെന്നെത്തുന്ന പ്രതിവിധികളൊന്നും പ്രായോഗികമല്ലെന്ന് കാലായിലൂടെ രഞ്ജിത് പ്രഖ്യാപിക്കുന്നു. ഒറ്റനായകന്‍ ഒറ്റമൂലിയല്ലെന്ന പ്രസ്താവന. സംഘടിതമായ പോരാട്ടപാതയാണ് ശരിയെന്ന് കാലായുടെ ക്ലൈമാക്്‌സ് പറഞ്ഞുവയ്ക്കുന്നു. വിഭ്യാഭ്യാസം നേടി മുന്നേറാനും തെരുവിലിറങ്ങി പൊരുതി അവകാശങ്ങള്‍ നേടാനും ആഹ്വാനം ചെയ്ത് തന്നെയാണ് കാലാ അവസാനിപ്പിക്കുന്നത്. പാ രഞ്ജിത്ത് എന്ന സംവിധായകന്റെ ക്രാഫ്റ്റിലെ കൗശലം നന്നായി അനുഭവപ്പെട്ട ഇടവും ക്ലൈമാക്‌സ് ഭാഗമാണ്. സണ്ട പോട്ട് കാക്കറവന്‍ അവനാണ് കരികാലന്‍ എന്ന പഞ്ച് ഡയലോഗില്‍ ത്രസിച്ചുനിന്ന രസികര്‍കള്‍ക്ക് അമരത്വമുള്ള കാലായെ തിരികെ നല്‍കുകയും, മറ്റുള്ളവര്‍ക്ക് ഒരു കരികാലനില്‍ അവസാനിക്കാത്ത പോരാട്ടമുഖം തുറന്നിടുകയും ചെയ്തു രഞ്ജിത്. അംബേദ്കറും മാര്‍ക്‌സും പെരിയോറും കൈകോര്‍ക്കുന്ന നവരാഷ്ട്രീയത്തെ സ്‌ക്രീനില്‍ നിറയ്ക്കുന്നു രഞ്ജിത്ത്. നീലയും ചുവപ്പും കറുപ്പും സമന്വയിക്കുന്ന നവരാഷ്ട്രീയത്തിനുള്ള കയ്യടിയുമാണ് ഈ രംഗം. തൂത്തുക്കുടിയില്‍ വേദാന്തയുടെ ചെയ്തികളെ ന്യായീകരിച്ച് ഇത് പോലുള്ള സമരങ്ങള്‍ തമിഴ്‌നാട്ടിനെ ശവപ്പറമ്പാക്കുമെന്ന് പറഞ്ഞയാളാണ് രജനീകാന്ത്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള പരവതാനിയാകില്ല കാലാ. കാലായുടെ രാഷ്ട്രീയം ഒരിക്കലും ഉപയോഗപ്പെടുത്താനും രജനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.

കബാലിയില്‍ നിന്ന് കാലായിലെത്തുമ്പോള്‍ രജനീകാന്ത് താത്തായാണ്. സ്‌ക്രീനിലും 67കാരനായി, മുത്തച്ഛനായി രജനിയെത്തുന്നു. ഉടലാണ് ആയുധം അത് ലോകത്തിന് ബോധ്യപ്പെടുത്തണം, സംഘടിക്കൂ എന്ന് കാലാ ആഹ്വാനം ചെയ്യുമ്പോള്‍ അത് കറുപ്പിന്റെ വിളംബരം കൂടിയാണ്. പാ രഞ്ജിത്ത് കബാലിയെക്കുറിച്ച് സംസാരിച്ചപ്പോള്‍ മുള്ളും മലരും എന്ന സിനിമയിലെ കാളി എന്ന കഥാപാത്രത്തെ പോലെ അഭിനയം കൊണ്ട് കൂടെ അടയാളപ്പെടുത്തുന്ന രജനികാന്ത് ചിത്രമായിരിക്കും കബാലിയെന്നാണ് പറഞ്ഞത്. കാലായില്‍ 67 പിന്നിട്ട കരികാലനായി രജനീകാന്ത് ഗംഭീരമാണ്. മദ്യലഹരിയില്‍ പോലീസ് സ്‌റ്റേഷനിലെ രംഗങ്ങള്‍, സെല്‍വിയുമായും സെറീനയുമായും ഉള്ള പ്രണയ രംഗങ്ങള്‍, കാലാ-ഹരിദാദ കലഹം എന്നിവിടങ്ങളിലെല്ലാം രജനീകാന്ത് അടക്കമുള്ള പ്രകടനം നടത്തിയിരിക്കുന്നത് കാണാം. കബാലിയിലെ ഹൈലൈറ്റ് കബാലീശ്വരന്‍-കുമുദവല്ലി ട്രാക്ക് ആണ്. പ്രണയവും, വിരഹവും, കാത്തിരിപ്പും, പ്രായമേറിയതിന് ശേഷമുള്ള കണ്ടുമുട്ടലുമെല്ലാം അത്രമേല്‍ സ്വാഭാവികമായിരുന്നു. പ്രായമേറുമ്പോഴും വീര്യമേറുന്ന പ്രണയം കുമുദവല്ലി-കബാലി ട്രാക്കില്‍ പാ രഞ്ജിത് മനോഹരമാക്കിയിരുന്നു. ഇവിടെ കബാലി-കുമുദവല്ലി ട്രാക്കിനെ രണ്ടായി പകുത്ത് കാലാ-കര്‍പ്പൂരവല്ലി കരികാലന്‍-സെറീനാ ട്രാക്കായി മാറ്റിയിരിക്കുന്നു. പ്രണയതീവ്രതയും വിരഹവും അനുഭവപ്പെടുത്തുന്ന കണ്ണമ്മാ എന്ന ട്രാക്ക് കബാലിയിലെ മായാനദിയെന്ന ഗാനത്തെയും ചിത്രീകരണത്തെയും ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്. കണ്ണുകളില്‍ പ്രണയം പറയുന്ന രജനിയെ കാലായിലും കാണാം. എന്നെ ഉനക്ക് അവ്വളവ് പുടിക്കുമാ എന്ന ചോദ്യത്തിന് റൊമ്പ എന്ന കരികാലന്റെ മറുപടി രജനിയുടെ അഭിനയത്തിലെ സൂക്ഷ്മതലങ്ങളുടെ മനോഹാരിതയാണ്. സമീപവര്‍ഷങ്ങളില്‍ രജനീകാന്തിലെ നടനെ തിരിച്ചെടുത്ത സംവിധായകന്‍ പാ രഞ്ജിത്താണെന്ന് കാലായും സാക്ഷ്യപ്പെടുത്തുന്നു. രാധികാ ആപ്‌തേയുടെ പ്രകടനത്തോളം വരുന്നില്ലെങ്കിലും സെല്‍വിയും സറീനയും കഥാഘടനയില്‍ കരുത്താര്‍ന്ന് നിലയുറപ്പിക്കുന്നുണ്ട്. ഈശ്വരി റാവുവാണ് കര്‍പ്പൂരവല്ലിയെന്ന ശെല്‍വി, ഹുമാ ഖുറേഷിയാണ് സെറീന. നായകന് വളരാനും ആവശ്യമുള്ളിടത്ത് മാസ് എന്‍ട്രി കിട്ടാനുമുള്ള ഉപഗ്രഹങ്ങളാക്കി നായിക ഉള്‍പ്പെടെ എല്ലാവരെയും ഉപയോഗിച്ചതും കാലായുടെ പോരായ്മയാണ്. കഥാപാത്രം എന്ന നിലയ്ക്ക് അല്‍പ്പമെങ്കില്‍ ഐഡന്റിന്റി ലഭിച്ചത് അഞ്ജലി പാട്ടീല്‍ അവതരിപ്പിച്ച പുയലിനാണ്. പെര്‍ഫോര്‍മന്‍സിലും ഗംഭീരമായിരുന്നു അഞ്ജലി. നാനാ പടേക്കറുടെ ഹരിദാദയുടെ മികച്ച അണ്ടര്‍പ്ലേയിലുടെ സിനിമയ്‌ക്കൊത്ത വില്ലനായി മാറുന്നുണ്ട്.

മരുന്ന് മാഫിയയും, കുടിവെള്ള മാഫിയയും, അഴിമതി ഭരണകൂടവും ഹോസ്പിറ്റല്‍ മാഫിയയും, സ്വാശ്രയ മാനേജ്‌മെന്റും ശത്രുപക്ഷത്ത് നില്‍ക്കുമ്പോള്‍ രജനിയോ സൂര്യയോ വിജയ് യോ അവതരിപ്പിക്കുന്ന താരത്തിന്റെ അപരത്വമുള്ള നായകന്‍ രക്ഷാദൗത്യമേറ്റെടുക്കുന്നതാണ് സമീപവര്‍ഷങ്ങളിലെ തമിഴ് സിനിമയിലേറെയും. ഇവിടെ രജനീകാന്ത് അവതരിപ്പിക്കുന്ന കരികാലന്‍ പോരാട്ടത്തെ നയിക്കുന്ന ആളുകളില്‍ ഒരുവന്‍ മാത്രമാണെന്നും അണികളും, ഒരുമൈയും തന്നെയാണ് സംഘടിത സമരങ്ങളില്‍ വലുതെന്നും പാ രഞ്ജിത്ത് പറയാതെ പറയുന്നുണ്ട്.

മണിരത്‌നം രാവണില്‍ ചെയ്തത് പോലെ കാലായെ ഒരു തലയുള്ള രാവണനായും ഹരിദാദയെ രാമനായും പാ രഞ്ജിത്ത് വ്യാഖ്യാനിക്കുന്നു. പക്ഷേ മണിരത്‌നത്തെക്കാള്‍ രാഷ്ട്രീയബോധ്യമുള്ള നിര്‍മ്മിതിയാണ് കാലായിലെ രാമരാവണ രൂപകങ്ങള്‍. സംഭാഷണങ്ങളിലൂടെയും ദൃശ്യബിംബങ്ങളിലൂടെയും രാമന്‍-രാവണന്‍ ലെയറിനെ ബോധപൂര്‍വമെന്ന് തോന്നുംവിധം പെരുപ്പിച്ചെടുക്കുന്നതിലാണ് അസ്വാഭാവികത. സവര്‍ണജാതിശ്രേണിയും ഹിന്ദുത്വഭരണകൂടവും ധാരാവിക്ക് മേല്‍ കെട്ടി ഉയര്‍ത്തുന്ന പുതിയ നിര്‍മ്മാണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഹരിദാദയുടെ മനു എന്ന കമ്പനിയാണ്. ഹരി, മനു എന്ന പേരുകളുടെ തെരഞ്ഞെടുപ്പും കൃത്യമായ രാഷ്ട്രീയത്തെ പിന്‍പറ്റിയാണ്. രാമരാവണയുദ്ധത്തില്‍ വിജയം രാവണവനാണ്. പക്ഷേ ഒരു തലയുള്ള രാവണന് പകരം പോരാട്ടം ജീവിതമാക്കിയ ഒരു പാട് പേര്‍ ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയിലാണ് പാ രഞ്ജിത്് പറഞ്ഞുനിര്‍ത്തുന്നത്.

ബാഹുബലി പോലൊരു യുദ്ധവീരഗാഥയ്ക്ക് പകരം വര്‍ത്തമാന ഇന്ത്യയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയം ഉറക്കെ സംസാരിച്ച പോപ്പുലര്‍ സിനിമ രജനീകാന്ത് എന്ന സൂപ്പര്‍സ്റ്റാര്‍ വെഹിക്കിളിനെ ഉപയോഗിച്ച് സ്‌ക്രീനിലെത്തിച്ചതിലാണ് പാ രഞ്ജിത്തിന്റെ മിടുക്ക്. മാസ് മസാലാ സിനിമകളുടെ പതിവ് സങ്കേതങ്ങളെ അത് പോലെ തന്നെ ഉപയോഗിച്ച് മുദ്രാവാക്യ സിനിമയുടെ സ്വഭാവത്തിലായിരുന്നു ഈ രാഷ്ട്രീയ പ്രസ്താവനയെന്നതാണ് പോരായ്മ.