കഥ പറച്ചിലിലും സാങ്കേതിക പരിചരണത്തിലും പുതുമ സമ്മാനിക്കുന്നതിനൊപ്പം ആസ്വാദനനവീകരണത്തിലൂടെ മുന്നേറുന്ന മലയാള സിനിമയിലെ പുതുനിരയില്‍
ശ്രദ്ധേയസാന്നിധ്യമാണ് അഞ്ജലി മേനോന്‍. വിമന്‍ ഇന്‍ സിനിമാ കളക്ടീവിനൊപ്പം സിനിമയിലെ സ്ത്രീപ്രാതിനിധ്യവും ലിംഗസമത്വവും ചര്‍ച്ചയാകുമ്പോള്‍ ആ കൂട്ടായ്മയിലും
അഞ്ജലി സജീവമായുണ്ട്. കോഴിക്കോട് സ്വദേശിയായ അഞ്ജലിയുടെ കുട്ടിക്കാലവും സ്‌കൂള്‍ വിദ്യാഭ്യാസവും ഗള്‍ഫിലായിരുന്നു. അഞ്ജലിയുടെ പ്രവാസ ജീവിതം മഞ്ചാടിക്കുരുവിലും, ഉസ്താദ് ഹോട്ടലിലും ഗൃഹാതുരതയായും, നാടിനോടും കുടുംബ വേരുകളിലേക്കുമുള്ള യാത്രയായും കടന്നുവരുന്നുമുണ്ട്. കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളേജില്‍ കൊമേഴ്‌സില്‍ ബിരുദപഠനത്തിന് ശേഷം പൂനെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ടെലവിഷന്‍ പ്രൊഡക്ഷനില്‍ ബിരുദാനന്തര ബിരുദം. ടെലിവിഷന്‍ പ്രോഗ്രാമുകളും, ഡോക്യുമെന്ററികളും കോര്‍പ്പറേറ്റ് ഫിലിമുകള്‍ ഒരുക്കിയിരുന്ന അഞ്ജലി ലണ്ടന്‍ ഇന്റര്‍നാഷനല്‍ ഫിലിം സ്‌കൂളില്‍ നിന്ന് ചലച്ചിത്ര സംവിധാനത്തില്‍ മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളുമായി സജീവമായിരുന്ന അഞ്ജലിയുടെ ആദ്യ ഫീച്ചര്‍ ഫിലിമായാണ് മഞ്ചാടിക്കുരു ഒരുക്കിയത്. ചെറുപ്പത്തിന്റെ കളങ്കമില്ലായ്മയിലേക്ക്, ഗൃഹാതുരതയിലേക്കും തിരികെ നടത്തിയ ആദ്യ സിനിമ മഞ്ചാടിക്കുരുവിന് മുമ്പേ അഞ്ജലി ഭാഗമായ കേരളാ കഫേ തിയറ്ററുകളിലെത്തിയിരുന്നു. പത്ത് സംവിധായകരുടെ നേതൃത്വത്തില്‍ 2009ല്‍ പുറത്തുവന്ന കേരളാ കഫേ എന്ന ചലച്ചിത്ര സമാഹാരത്തില്‍ ശ്രദ്ധിക്കപ്പെട്ട ഹാപ്പി ജേണി എന്ന ചെറുചിത്രം അഞ്ജലിയുടേതായിരുന്നു. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ക്കൊപ്പം തിരക്കഥയ്ക്ക് ഉള്‍പ്പെടെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ മഞ്ചാടിക്കുരുവിന് ലഭിച്ചിരുന്നു. കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍ നവാഗത സംവിധാനത്തിന് അഞ്ജലിയ്ക്ക് പുരസ്‌കാരം ലഭിച്ചു. അഞ്ജലിയുടെ നേതൃത്വത്തിലുള്ള ലിറ്റില്‍ ഫിലിംസ് ഇന്ത്യ നിര്‍മ്മിച്ച മഞ്ചാടിക്കുരു ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് തിയറ്ററുകളിലെത്തിയത്. മഞ്ചാടിക്കുരു തിയറ്ററുകളില്‍ സാമ്പത്തിക വിജയമായിരുന്നില്ല. മറ്റൊരു സംവിധായകന് വേണ്ടി തിരക്കഥയെഴുതിയാണ് അഞ്ജലി മലയാളത്തില്‍ രണ്ടാമത്തെ സിനിമയുടെ ഭാഗമായത്. അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയമായതിനൊപ്പം രണ്ട് ദേശീയ പുരസ്‌കാരങ്ങളും സ്വന്തമാക്കി. ജനപ്രിയചിത്രത്തിനും, സംഭാഷണ രചനയ്ക്ക് അഞ്ജലിക്കും. അഞ്ജലി സംവിധായികയായി എത്തിയ രണ്ടാമത്തെ ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സ് മലയാളത്തിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്താണ് വിജയം കൈവരിച്ചത്. മുംബൈയില്‍ ഭര്‍ത്താവിനും മകനുമൊപ്പം സ്ഥിരതാമസമാക്കിയ അഞ്ജലി മേനോന്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഒരുക്കിയ ചിത്രമാണ് കൂടെ. ചലച്ചിത്ര ജീവിതത്തെക്കുറിച്ച്, സിനിമയെ സ്ത്രീ പ്രാതിനിധ്യക്കുറിച്ച്, മലയാള സിനിമയിലെ ദൃശ്യശൈലീനവീനതയെക്കുറിച്ച്, ലിംഗരാഷ്ട്രീയത്തെക്കുറിച്ച് അഞ്ജലി സംസാരിക്കുന്നു.

നമ്മുടെ സിനിമ ഉള്ളടക്കത്തിലും തദ്ദേശീയമായി മാറുകയാണ്. നരേറ്റീവില്‍ യൂണിവേഴ്‌സല്‍ അപ്പീല്‍ ഉണ്ടാകുമ്പോഴും നാടന്‍ കഥകളിലേക്കാണ് പുതുനിര സിനിമകള്‍ ചെല്ലുന്നത്. അഞ്ജലിയുടെ സിനിമകളെടുത്താല്‍ കേരളത്തിന് പുറത്ത് ജീവിച്ച ഒരു മലയാളിയുടെ കാഴ്ചയെന്ന് പലപ്പോഴും തോന്നാറുണ്ട്. ലോക്കല്‍-ഇന്‍ഡീ സിനിമകളിലേക്ക് പുതുനിര സിനിമകള്‍ മാറുമ്പോള്‍ അഞ്ജലി അതിനെ എങ്ങനെയാണ് കാണുന്നത്.?

ലോക്കല്‍ ആവുക എന്നത് വളരെ പ്രാധാന്യമേറിയ സംഗതിയാണ്. നമ്മളത്രയും പ്രാദേശികമായി പോകുമ്പോള്‍ അവിടെയാണ് റൂട്ട്‌സ് ഉണ്ടാകുന്നത്. എത്ര തന്നെ ലോക്കലായി പോയാലും നമ്മള്‍ പകര്‍ത്തുകയും പറയുകയും ചെയ്യുന്ന മനുഷ്യവികാരങ്ങള്‍ ഒരു പോലെയാണ്, അതുകൊണ്ട് അക്കാര്യത്തില്‍ ആശങ്കകളുണ്ടാവില്ല. തദ്ദേശീയമായി ഒരു നാടിന്റെ ഉള്‍ത്തുടിപ്പ് പകര്‍ത്തിക്കൊണ്ട് സിനിമകള്‍ ഉണ്ടാവുന്നത് വലിയ കാര്യമാണ്. ആ നാടിനെയും അവിടെയുള്ള മനുഷ്യരെയും അവരുടെ ചിന്താഗതിയും സംസ്‌കാരവുമൊക്കെ നമ്മുക്ക് മനസിലാക്കാനും അടുത്തറിയാനും സാധിക്കുന്നതും അങ്ങനെയുള്ള സിനിമകള്‍ ഉണ്ടാകുമ്പോഴാണ്. ഇന്റര്‍നാഷനല്‍ ഓഡിയന്‍സിന് മുന്നില്‍ ഈ സിനിമകള്‍ എത്തുമ്പോഴും അവയ്ക്ക് ഒരു പുതുമയുണ്ടാകും. നമ്മള്‍ എത്രയോ ഫ്രഞ്ച് സിനിമകളും മറ്റ് വിദേശ ഭാഷാ സിനിമകളും കാണുന്നു. നമ്മുക്ക് ആ പ്രദേശങ്ങളെയും അവിടെയുള്ള മനുഷ്യരെയും പരിചയമുള്ളത് കൊണ്ടല്ലല്ലോ അവ ആസ്വദിക്കുന്നത്. അവരുടെ കള്‍ച്ചര്‍ നമ്മളെ ഫാസിനേറ്റ് ചെയ്യുന്നുണ്ട്. ചില കാര്യങ്ങള്‍ നമ്മളില്‍ പുതിയ താല്‍പ്പര്യങ്ങള്‍ ജനിപ്പിക്കുന്നുമുണ്ട്. അതുപോലെ തന്നെ തിരിച്ചുമുണ്ടാക്കാന്‍ സാധിക്കും. തദ്ദേശീയമായ സവിശേഷതകളിലൂടെയും മനുഷ്യരിലൂടെയും സഞ്ചരിക്കുന്ന സിനിമകള്‍ ലോക്കലായിരിക്കെ തന്നെ കണ്ടന്റ് എന്ന നിലയ്ക്ക് ഇന്റര്‍നാഷനലായി നിലനില്‍ക്കും. ഏലിയന്‍ കള്‍ച്ചറും നരേറ്റീവും കണ്ട് ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകസമൂഹം നമ്മുക്ക് പുറത്തുണ്ട്. ഇനിയൊരു എക്‌സ്‌ചേഞ്ചിലേക്ക് തന്നെയാണ് വരേണ്ടത്. ഇത്രയും കാലം അവരുണ്ടാക്കുന്ന സിനിമകള്‍ നമ്മള്‍ കണ്ടുവെന്നതല്ലാതെ നമ്മുടെ അത്രയധികം സിനിമകളൊന്നും പുറത്തുള്ളവര്‍ കണ്ടിട്ടില്ല. ഇനി അങ്ങനെ കാണട്ടേ. ലോക്കലാകുമ്പോള്‍ അതിലൊരു സത്യസന്ധതയുണ്ടാകും. വിദേശത്ത് ഞാനൊരു ഫിലിം ഫെസ്റ്റിവലില്‍ പോയപ്പോള്‍ അവിടെയുള്ളവര്‍ നമ്മുടെ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ എടുത്ത് പറയുന്നത് അരവിന്ദന്‍ സാറിന്റെയും അടൂര്‍ സാറിന്റെയും സിനിമകളെക്കുറിച്ചാണ്. അവര്‍ക്കറിയാവുന്നത് ഈ സംവിധായകരെ മാത്രമാണ്. ഇപ്പോഴത്തെ ഫിലിം മേക്കേഴ്‌സിനെ കുറിച്ച് അവര്‍ക്ക് അറിയില്ല. പുറത്തുള്ളവരുടെ കാഴ്ചപ്പാടിനെയല്ല പരിഗണിക്കേണ്ടത്, നമ്മുടെ സിനിമകള്‍, പുറത്ത് വലിയൊരു പ്രേക്ഷക സമൂഹത്തിലേക്ക് എത്തേണ്ടതുണ്ട്. അതിനുള്ള ഡിസ്ട്രിബ്യൂഷന്‍ സംവിധാനമാണ് മെച്ചപ്പെടേണ്ടത്. എവിടെയുള്ള പ്രേക്ഷകര്‍ക്കും മലയാളം സിനിമ കാണാനാകുന്ന സംവിധാനം ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളൊക്കെ സജീവമാകുന്നത് അങ്ങനെയൊരു സാധ്യത കൂട്ടും.

ഡിജിറ്റല്‍ ഫിലിം മേക്കിംഗിലേക്കുള്ള മാറ്റത്തിനൊപ്പമാണ് മലയാള സിനിമയില്‍ സമീപവര്‍ഷങ്ങളില്‍ ദൃശ്യശൈലീ നവീനത സംഭവിക്കുന്നത്. അന്ന് ഉള്ളടക്കത്തിലും വിദേശ ശൈലി തന്നെയാണ് പിന്തുടര്‍ന്നിരുന്നത്. കൂടുതല്‍ മൗലികവും തദ്ദേശീയവുമായ മാറ്റം ഫിലിംമേക്കര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം എന്താണ്?

നമ്മുടെ നാട്ടിലുള്ള കഥകള്‍ പറയാനൊരുങ്ങുമ്പോള്‍ അത് പല തരം ഫോമുകളില്‍ പ്രസന്റ് ചെയ്യാനാകുമെന്ന വലിയ സാധ്യതയുണ്ട്. ഏറ്റവും ലോക്കലായ കഥകളെ ഏത് വിധത്തില്‍ വേണേലും പറയാം. പള്‍പ്പ് ഫിക്ഷന്‍ സിനിമയുടെ പോലത്തെ കഥകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഫോം ആണ് അതിനെ ആകര്‍ഷകമാക്കിയത്. പല സ്വഭാവത്തിലുള്ള സിനിമകളെ ഏറ്റെടുക്കാന്‍ തയ്യാറായ പ്രേക്ഷകര്‍ ഇവിടെ രൂപപ്പെട്ടത് വലിയ കാര്യമാണ്. അത് ഫിലിംമേക്കേഴ്‌സിലും വലിയ ധൈര്യമായി. ഒരു ടേക്ക് ഓഫ് ഉണ്ടാകുമ്പോള്‍ തന്നെ ഒരു അങ്കമാലി ഡയറീസ് ഉണ്ടാകുന്നു, അതേ സമയത്ത് ഒരു പറവ ഉണ്ടാകുന്നു, അതിന് പിന്നാലെ സുഡാനി വരുന്നു. ഈ സിനിമകളൊന്നും മറ്റൊന്ന് പോലെയല്ല, അത് ഇന്ററസ്റ്റിംഗാണ്. ടേക്ക് ഓഫ് എന്ന് പറഞ്ഞാല്‍ അതൊരു വൈഡ് ഫോര്‍മാറ്റില്‍ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടാവുന്ന സിനിമയാണ്. അതേ സമയം തന്നെ കമേഴ്‌സ്യല്‍ എലമെ്ന്റ് ഉണ്ട്. സുഡാനിയിലേക്ക് വന്നാല്‍ അതൊരു പക്കാ ഇന്‍ഡീ ഫിലിം എന്ന് പറയാവുന്ന സിനിമയാണ്. അതേ സമയം ആര്‍ട്ടിസ്റ്റിക് എന്ന് പറയാനാകുന്ന ചിത്രവുമാണ്. ഞാനീ പറഞ്ഞതൊന്നും ടിപ്പിക്കല്‍ മസാലാ സിനിമകളേയല്ല.

കുറേക്കൂടി റിയലിസ്റ്റിക് ആണ് കഥ പറച്ചില്‍, സെമി റിയലിസമെന്നോ, സിനിമാറ്റിക് റിയലിസമെന്നോ പറയാവുന്ന തരത്തില്‍ യാഥാര്‍ത്ഥ്യ ജീവിത പരിസരങ്ങളെ ഗൗരവമായി പരിഗണിക്കുന്നുണ്ട് എന്നും തോന്നിയിട്ടില്ലേ?

തീര്‍ച്ചയായും, വൈവിധ്യതയെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഓഡിയന്‍സിന്റെ എണ്ണം കൂടുന്നത് വളരെ റിഫ്രഷിംഗ് ആണ്. ഫിലിംമേക്കര്‍ക്ക് വലിയൊരു സ്വാതന്ത്ര്യവും സൗകര്യവും ഇവിടെ ഉണ്ടായിട്ടുണ്ട്. എന്റെ തന്നെ കൂടെയുടെ കാര്യമെടുത്താല്‍ റിയലിസത്തിലൊക്കെ വെള്ളം ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ റിയലിസ്റ്റിക് അന്തരീക്ഷത്തില്‍ തന്നെയാണ് കഥയെ പ്ലേസ് ചെയ്തിരിക്കുന്നത്. ഒരു പാട് ഫാന്റസി എലമെന്റ്‌സ് ഉണ്ട്. കൂടെ എന്ന സിനിമ ഞാന്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെട്ടത് ഇത്തരമൊരു സിനിമയ്ക്കും ഇവിടെ പ്രേക്ഷകരുണ്ടെന്ന് മനസിലാക്കി തന്നെയാണ്. അതോടൊപ്പം തന്നെ നമ്മള്‍ കുറേക്കൂടി വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്താല്‍ ഓഡിയന്‍സ് സ്വീകരിക്കുമെന്ന വിശ്വാസം വന്നിട്ടുണ്ട്.

അഞ്ജലി സിനിമകളില്‍ ആളുകളെ യാഥാര്‍ത്ഥ്യങ്ങളില്‍ അകപ്പെടുത്തി വേദനിപ്പിക്കാനോ, അധികനേരം സമ്മര്‍ദ്ദത്തിലാക്കാനോ ശ്രമിക്കേണ്ടതില്ലെന്ന് തീരുമാനമെടുക്കുന്നത് പോലെ ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. ഓണ്‍സ്‌ക്രീന്‍ വയലന്‍സും ട്രാജഡിയുമെല്ലാം വേണ്ടെന്ന് വയ്ക്കല്‍. ഫീല്‍ഗുഡ് അന്തരീക്ഷമായിരിക്കണം കൂടുതല്‍ നേരമെന്ന തീരുമാനമാണോ ഇതിന് പിന്നില്‍, ബാംഗ്ലൂര്‍ ഡേയ്‌സില്‍ നിത്യയുടെ മരണ രംഗം ചിത്രീകരിച്ച രീതിയൊക്കെ. ഷോ ബിസിനസ് ആയി കാണുമ്പോള്‍ ഫീല്‍ ഗുഡ് സിനിമയ്ക്കുള്ള വൈഡ് റീച്ച് പരിഗണിച്ചാണോ?

പുറമേയ്ക്ക് വിശദീകരിച്ച് കാണിക്കുക എന്നതിനേക്കാള്‍ അകമേ എത്രയാണ് ആഘാതമെന്ന് അനുഭവപ്പെടുത്താനാണ് ഈ പറഞ്ഞയിടങ്ങളിലൊക്കെ ഞാന്‍ ശ്രമിച്ചിട്ടുള്ളത്. imply ചെയ്യുന്നതിനാണ് എനിക്ക് താല്‍പ്പര്യം. അങ്ങനെയുള്ളപ്പോ നമ്മള്‍ കഥാപാത്രങ്ങള്‍ നേരിട്ട ദുരന്തവും, പ്രതിസന്ധിയും സംഘര്‍ഷവുമൊക്കെ എത്രമാത്രമായിരിക്കും എന്ന് ചിന്തിക്കാന്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുകയാണ്. മിനിമലായി ചെയ്യുകയാണ്. ഈ പറഞ്ഞ നിത്യയുടെ കഥാപാത്രത്തിന്റെ മരണം, അത് ദാസിലുണ്ടാക്കിയ ആഘാതം, അവരുടെ കുടുംബത്തിന്റെ വേദനയൊക്കെ എത്രമാത്രമാണെന്ന് ആ ഒരു രംഗത്തിന് അപ്പുറവും പ്രേക്ഷകര്‍ക്ക് ചിന്തിക്കാനും മനസിലാക്കാനും അവസരമുണ്ടാകുന്നുണ്ട്. അത് ഇത്രയാണെന്ന് ഞാന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നില്ല. എന്റെ സിനിമയുടെ ഗ്രാഫ് വരയ്ക്കുമ്പോള്‍ കഥയുടെ ഗ്രാഫാണെങ്കില്‍ ചിലയിടങ്ങളിലൊക്കെ ഓഡിയന്‍സ് പൂരിപ്പിക്കേണ്ടതായി വരും. ഓരോ കാഴ്ചക്കാരനും അവരുടെ ജീവിതാനുഭവങ്ങള്‍ ചേര്‍ത്താണ് സിനിമയെ ആസ്വദിക്കുന്നുണ്ടാവുക. ഞാന്‍ ചെയ്യുന്നത് പ്രേക്ഷകരുടെ കൂടെ സിനിമയാണ്. അവര്‍ക്ക് കൂടി ഇടപെടാനുള്ള ഇടമുണ്ട്. ചിലര്‍ എന്നോട് സിനിമയക്ക് ശേഷം അത്തരത്തില്‍ സംസാരിക്കാറുണ്ട്. അവര്‍ ഇന്നത് കൊണ്ടല്ലേ ആ സീനില്‍ ഇങ്ങനെ പറഞ്ഞത്, അത് ഇങ്ങനെയാവില്ലേ സംഭവിച്ചത്. അങ്ങനെ പല തരത്തിലുള്ള വ്യാഖ്യാനങ്ങളും പൂരിപ്പിച്ചെടുക്കലുകളും. പ്രേക്ഷകരുടെ കൂടി ഒരു നരേറ്റീവ് കാഴ്ചയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ ദുല്‍ഖര്‍ ചെയ്ത അര്‍ജ്ജുന്റെ അച്ഛനെയും അമ്മയെയും കാണിക്കുന്നില്ല. സംഭാഷണത്തില്‍ വന്ന് പോകുന്നതേയുള്ളൂ. ബാക്കിയൊന്നും അവരെക്കുറിച്ച്് പറയുന്നുമില്ല. പക്ഷേ പ്രേക്ഷകര്‍ക്ക് ഓരോരുത്തര്‍ അവരുടേതായ കാഴ്ചയില്‍ ആ അച്ഛനമ്മമാരെ കണ്ടിട്ടുണ്ടാകും. എന്നോട് തന്നെ പഴയ സിനിമകളുടെ കഥ ചോദിച്ചാല്‍, എന്റെ അസിസ്റ്റന്‍സിന്റെയൊക്കെ അടുത്ത് ഡിസ്‌കസ് ചെയ്യാന്‍ നേരത്ത് ഞാന്‍ പറയും, ആ സിനിമയുടെ എന്‍ഡ് ഇങ്ങനെയാണോ എന്ന് എനിക്ക് ഉറപ്പില്ല, ഞാന്‍ ആഗ്രഹിച്ച എന്‍ഡ് ഇങ്ങനെയായിരുന്നു എന്ന്. അത് ഞാന്‍ വിസ്തരിച്ച് പറയും. അവര്‍ ചിലപ്പോ ഞാന്‍ പറഞ്ഞ് കേട്ടത് അനുസരിച്ച് സിനിമ കാണുമ്പോള്‍ അത് വേറെത്തന്നെ ആവും(ചിരിക്കുന്നു). മറ്റൊരാള്‍ എന്ന സിനിമയുണ്ടല്ലോ, എന്റെ മനസിലുള്ള ആ സിനിമയുടെ എന്‍ഡ് ഞാന്‍ അന്ന് ഇമാജിന്‍ ചെയ്‌തെടുത്തതാണ്.മനീഷ് ഇപ്പോള്‍ എന്നോട് നിങ്ങളുടെ വീടിനെക്കുറിച്ചാണ് പറയുന്നതെങ്കില്‍ ആ സംസാരത്തിനിടയില്‍ ഞാന്‍ സങ്കല്‍പ്പിച്ചെടുക്കുന്ന ഒരു വീട് ഉണ്ടല്ലോ. അത് മനസില്‍ വച്ചാവും ഞാന്‍ സംസാരിക്കുന്നതും കേള്‍ക്കുന്നതും. കൂടെ ചെയ്യുന്നതിന് മുമ്പ് വരെ ചെയ്ത സിനിമകളെല്ലാം തന്നെ വോയ്‌സ് ഓവര്‍ ഡ്രിവന്‍
ആയിരുന്നു. കൂടെ ചെയ്യാന്‍ നേരം ഞാന്‍ ഈ സിനിമയില്‍ വോയ്‌സ് ഓവര്‍ ഉപയോഗിക്കില്ല എന്ന് തീരുമാനിച്ചു. ഐ വാണ്ട് ടു ഗ്രോ, മുമ്പ് ചെയ്തതില്‍ നിന്ന് മാറിച്ചെയ്യണമല്ലോ.
ശരിക്കും പറഞ്ഞാല്‍ അത്രയൊന്നും ഡയലോഗിന്റെ ആവശ്യം തന്നെ സിനിമയില്‍ ഇല്ലല്ലോ. നമ്മള്‍ സിനിമയില്‍ കാണുന്ന അത്രയൊന്നും ജീവിതത്തില്‍ സംസാരിക്കാറുമില്ലല്ലോ.

കൂടെ ബാംഗ്ലൂര്‍ ഡേയ്‌സ് പോലെയല്ല. വളരെയേറെ റിയലിസ്റ്റിക് ആയി നീങ്ങുന്നതിന് ഇടയിലോ നടുവിലോ ഒരു വലിയ ഫാന്റസി എലമെന്റ്. അതിലൊരു റിസ്‌ക് ഉണ്ടായിരുന്നു. ആ ഫാന്റസി വര്‍ക്ക് ആകണമെങ്കില്‍ അതുവരെയുള്ള സിറ്റ്വേഷന്‍ റിയലായിരിക്കണമായിരുന്നു. ഈ ഫാന്റസി തന്നെ ഉണ്ടാകുന്നത്, ഒരു ട്രോമ കാരണമാണ്. ഒരു പാട് ക്ലൂവും കാര്യങ്ങളുമൊക്കെ ഇട്ടിട്ടുണ്ടെങ്കിലും എത്ര പേര്‍ക്ക് ഫാന്റസി എലമെന്റിലേക്കുള്ള ഷിഫ്റ്റ് പിടികിട്ടുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. പക്ഷേ സിനിമ വന്നപ്പോള്‍ ആശങ്ക അസ്ഥാനത്തായി. ബാംഗ്ലൂര്‍ ഡേയ്‌സിലും ഉസ്താദ് ഹോട്ടലിലുമൊക്കെ ഒരാള്‍ക്ക് പ്രശ്‌നങ്ങളൊക്കെ വരുമ്പോള്‍ അതൊക്കെ എളുപ്പം പരിഹരിച്ച് ഹാപ്പിയാക്കി ഒരു ബോ കെട്ടി വിടുന്ന ലൈനായിരുന്നു. കൂടെയില്‍ ഞാന്‍ അങ്ങനെ ചെയ്തില്ല. സ്പൂണ്‍ ഫീഡിംഗിനും ശ്രമിച്ചില്ല.

ഫിലിംമേക്കിംഗിലും പ്രേക്ഷകരിലും വന്ന മാറ്റം ഇന്‍ഡസ്ട്രിയെയും മറ്റൊരു തരത്തില്‍ മാറ്റിയിട്ടില്ലേ?

കളക്ടീവ് എഫര്‍ട്ട് എന്ന നിലയ്ക്ക് നമ്മുടെ സിനിമ മുന്നേറുന്നുണ്ട്. പുതുതായി വരുന്നവരും നോക്കുന്നത് കഥ പറച്ചിലിനെ പുതുക്കുക എന്നതിലാണ്. അതേ സമയം തന്നെ പഴയ ഫോര്‍മാറ്റിലും ചില സിനിമകള്‍ സ്വീകരിക്കപ്പെടുന്നുണ്ട്. പിന്നെ സംവിധായകര്‍ തന്നെ നിര്‍മ്മാതാക്കളായി സജീവമാണ്. അവര്‍ മറ്റൊരാളുടെ സിനിമയ്ക്ക് വേണ്ടി എല്ലാ നിലയ്ക്കും
കൂടെ നിക്കുന്നുണ്ട്. അത് വേറൊരു എനര്‍ജിയല്ലേ കൊണ്ടുവരുന്നത്. ഒരു സിനിമയെന്ന് പറയുമ്പോള്‍ ഒരിക്കലും ഒരാളുടെ കാഴ്ചപ്പാടില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാവുന്നേയില്ല. അതൊരു കോമ്പിനേഷനാണ്. ഇന്ന ഇന്ന വ്യക്തികള്‍ ചേര്‍ന്നുവരുന്ന കോമ്പിനേഷനാകുന്നു. അതില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നവരുമുണ്ട്. ഇപ്പോള്‍ തന്നെ ലിജോ പെല്ലിശേരി, അദ്ദേഹത്തിന്റെ ഒരു സിനിമ കണ്ട് അടുത്ത സിനിമയുടെ സ്വഭാവം നമ്മുക്ക് പ്രവചിക്കാനാകില്ല. നമ്മള്‍ കണ്ടൊരു സിനിമയുമായി പോലും താരതമ്യം ചെയ്യാനുമാകില്ല. പല തരത്തിലുള്ള ഫിലിമേക്കേഴ്‌സിന് അവരുടെ ആഗ്രഹത്തിനൊത്ത സിനിമ ചെയ്യാനുള്ള അന്തരീക്ഷം ഇവിടെ നിലനില്‍ക്കുന്നുണ്ട്. എല്ലായിടത്തും അത് ഇല്ല. അക്കാര്യം സന്തോഷമേകുന്നുണ്ട്.

ഒരു ഇടവേളയുണ്ട് അഞ്ജലിയുടെ സിനിമകള്‍ക്ക്, അങ്ങനെ വരുമ്പോള്‍ മലയാളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം ഫിലിംമേക്കര്‍ എന്ന നിലയ്ക്ക് എന്‍ജോയ് ചെയ്യുകയാണോ, വെല്ലുവിളി ആയി ഏറ്റെടുക്കുകയാണോ?

സത്യമായും ഇപ്പോള്‍ എന്‍ജോയ് ചെയ്യുകയാണ്. കൂടെ എന്ന സിനിമയിലേക്ക് കടന്നപ്പോള്‍ അത്രമാത്രം മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ മനസിലാക്കിയിരുന്നില്ല. പക്ഷേ ഇപ്പോള്‍ എന്നോട് ചോദിക്കുമ്പോള്‍ ഫിലിംമേക്കര്‍ എന്ന നിലയില്‍ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യം കൂടിയിട്ടുണ്ട്. ഇവിടെ സംഭവിക്കുന്ന ഗംഭീര സിനിമകളും ഏത് രീതിയിലുള്ള മാറ്റവും ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുള്ള പ്രേക്ഷകരുമാണ് അത് നല്‍കുന്നത്. അടുത്തതായി ഞാന്‍ ചെയ്യാന്‍ പോകുന്നത് എന്നെ അത്രയധികം എക്‌സൈറ്റ് ചെയ്യിക്കുന്ന, ഇതുവരെ ചെയ്തതില്‍ നിന്ന് പൂര്‍ണമായും വ്യത്യസ്ഥത അവകാശപ്പെടാനാകുന്ന സിനിമയായിരിക്കുമെന്ന് ഇപ്പോള്‍ തോന്നുന്നുമുണ്ട്.

അതൊരു ഔട്ട് ഓഫ് ദ ബോക്‌സ് ശ്രമം ആയിരിക്കുമോ?

ടോട്ടലി ഔട്ട് ഓഫ് ദ ബോക്‌സ് സിനിമയായിരിക്കും. ഞാന്‍ ചെയ്യുന്ന ഏത് തരം സിനിമകളെയും ഏറ്റെടുക്കുന്ന ഓഡിയന്‍സ് ഇവിടുണ്ട് എന്ന ധൈര്യമാണ് ഉണ്ടാകുന്നത്. അത് ചെറിയ കാര്യമല്ല. നമ്മുടെ കംപ്ലീറ്റ് ഒറിജിനേഷന്‍ എഴുത്ത് മുതലാണല്ലോ തുടങ്ങുന്നത്. കൂടെ ഷൂട്ട് തുടങ്ങുന്നതിന് തൊട്ട് മുമ്പാണ് ലിജോയുടെ സിനിമയും സുഡാനിയുമൊക്കെ ഇവിടെ സ്വീകരിക്കപ്പെട്ടിരുന്നതെങ്കില്‍ അത് വേറെ തരത്തില്‍ എന്റെ എഴുത്തിന് ഗുണമായേനേ(ചിരിക്കുന്നു). കഴിഞ്ഞ വര്‍ഷം ഞാന്‍ ഒരു ഫെസ്റ്റിവലില്‍ ജൂറിയിലുണ്ടായിരുന്നു. അവരെനിക്ക് ഫൈനല്‍ നോമിനേഷന്‍സ് മാത്രം അയച്ചുതന്നു. അഞ്ച് സിനിമകളില്‍ രണ്ട് പടങ്ങളാണ് ഞാന്‍ നേരത്തെ കണ്ടിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി കൂടെയുടെ പുറകിലായിരുന്നു. കയ്യില്‍ കിട്ടിയ സിനിമകള്‍ കണ്ട് തുടങ്ങിയപ്പോള്‍ ഭയങ്കര നല്ല സിനിമകളാണെന്ന് തോന്നി. അപ്പോള്‍ തന്നെ ബാക്കി സിനിമകള്‍ കൂടി അയച്ച് തരാന്‍ ആവശ്യപ്പെട്ടു. ഒരാഴ്ച കൊണ്ട് ആ സിനിമകള്‍ കണ്ടു. നമ്മള്‍ നിര്‍ബന്ധപൂര്‍വ്വം അങ്ങനെ കാണുകയാണ്. oh my god, this is great എന്ന് പറയില്ലേ. എല്ലാം ഒന്നിനൊന്ന് മികച്ചവ. അവസാന റൗണ്ടിലെ അഞ്ച് സിനിമകളില്‍ ഏത് സിനിമയ്ക്ക് അവാര്‍ഡ് കൊടുത്താലും കുഴപ്പമില്ലെന്ന്് തോന്നും. എല്ലാ നിലയ്ക്കും നിലവാരമുള്ള സിനിമകള്‍. മലയാള സിനിമയെന്ന പേരില്‍ നമ്മുക്ക് ആഘോഷിക്കാനാകുന്നവ. നമ്മുടെ ഇന്‍ഡസ്ട്രിയുടെ കൂടി വിജയവുമാണ്. ഇങ്ങനെയാണെങ്കില്‍ എനിക്കും വ്യത്യസ്ഥമായി എന്തേലും ചെയ്യണം എന്ന് ചിന്തിപ്പിക്കുന്ന സിനിമകളുമായിരുന്നു അവയെല്ലാം. പക്ഷേ ഞങ്ങള്‍ അപ്പോഴേക്കും ഈ സിനിമയുടെ എഡിറ്റിംഗിലെത്തിയിരുന്നു.(ചിരിക്കുന്നു) അപ്പോ അടുത്ത പ്രാവശ്യം അങ്ങനെ ഔട്ട് ഓഫ് ദ ബോക്‌സ് ഒരു സിനിമയിലേക്ക് കടക്കണമെന്ന് തന്നെ തോന്നി. കൂടെ, ആണേലും അതിന്റെ അതിന്റേതായ ഒരു റിസ്‌ക് ഉണ്ടായിരുന്നു. ആ സബ്ജക്ട് ഡിമാന്‍ഡ് ചെയ്യുന്ന ട്രീറ്റ്‌മെന്റ് തന്നെയാണ് നല്‍കിയത്. പക്ഷേ അതൊരു ഫീല്‍ഗുഡ് സ്‌പേസിലാണ് നില്‍ക്കുന്നത്. അതിന് പുറമേ ചില ഭാവങ്ങളും ഈ സിനിമയ്ക്ക് ഉണ്ട്. ഫീല്‍ഗുഡ് സിനിമയാണ് വലിയൊരു വിഭാഗം പ്രേക്ഷകരുടെ ആകര്‍ഷണം.

അഞ്ജലി തന്നെയാണല്ലോ തിരക്കഥയും, എഴുതുന്നയാളുടെ തൃപ്തിയെ ആണോ അതോ മറുവശത്ത് സിനിമ കാണാനിരിക്കുന്ന പ്രേക്ഷകരെ കണ്ടുകൊണ്ടാണോ എഴുതുന്നത്. ഫീല്‍ ഗുഡ് സിനിമ എന്നിടത്ത് ആസ്വാദകരുടെ തൃപ്തിയെ മുന്‍കൂര്‍ കണ്ടെഴുതുക എന്നതും വരില്ലേ?

എഴുതുമ്പോള്‍ ആളുകള്‍ എങ്ങനെ എടുക്കും, അവരുടെ intention എങ്ങനെയാകും എന്ന് നോക്കി ഞാനെഴുതാറില്ല. എനിക്ക് തോന്നിയത് ഞാനെഴുതും. പക്ഷേ ഞാനെന്ന സംവിധായിക തിരക്കഥയെ സമീപിക്കുമ്പോള്‍ അവിടെ വേറെ തന്നെയാണ്. ഒരു തീരുമാനം ഞാന്‍ എടുക്കേണ്ടതായുണ്ട്. കമേഴ്‌സ്യലി വൈഡ് അപ്പീലിന് വേണ്ടിയാണോ അതോ ആര്‍ട്ടിസ്റ്റിക് വോയ്‌സ് കാണിക്കാനാണോ സിനിമ ചെയ്യുന്നത് എന്നതില്‍ തീരുമാനം ഉണ്ടാകണം. ഡയറക്ടറുടെ ചോയ്‌സ് ആണ്. അക്കാര്യം നന്നായി മനസിലായത് ഉസ്താദ് ഹോട്ടല്‍ ചെയ്യുമ്പോഴാണ്. ഞാന്‍ മഞ്ചാടിക്കുരു എഴുതിയത് പോലെ തന്നെ ഒരു സ്‌ക്രിപ്ട് ഉസ്താദ് ഹോട്ടലിന് വേണ്ടിയും എഴുതി. തീര്‍ച്ചയായും സബ്ജക്ട് ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ ഉണ്ടായിരുന്നു. ഞാനാണ് അത് ഡയറക്ട് ചെയ്തതെങ്കില്‍ അത് വേറെ തന്നെ ഒരു ടൈപ്പ് സിനിമയാകും. ഉസതാദ് ഹോട്ടല്‍ സിനിമയായപ്പോള്‍ അന്‍വര്‍ അതിന് മറ്റൊരു തലം രൂപപ്പെടുത്തി. എങ്ങനെയാണ് അത് പറയുക എന്നറിയില്ല. ആ സിനിമയുടെ ലൈറ്റ്‌നസ്, കളര്‍ അങ്ങനെ അതിന്റെ ട്രീറ്റ്‌മെന്റിലെ മാറ്റങ്ങള്‍. ഞാന്‍ എഴുതുമ്പോഴൊന്നും അത്ര കളര്‍ഫുളായ ഒരു സിനിമ മനസില്‍ കണ്ടിട്ടില്ലായിരുന്നു. ഞാനും അപ്പോള്‍ ആലോചിച്ചു, തിരക്കഥയില്‍ നിന്ന് വീണ്ടും ട്രീറ്റ്‌മെന്റിലും കളറിലുമായി മറ്റൊരു തലത്തിലേക്ക് സിനിമയെ വളര്‍ത്തുകയാണ്. കമേഴ്‌സ്യലി സിനിമ ചെയ്യുമ്പോള്‍ ഉണ്ടാക്കുന്ന മാറ്റമാണ് അത്. കമേഴ്‌സ്യല്‍ സിനിമ ചെയ്യുമ്പോള്‍ പ്രേക്ഷകരുടെ പ്രതിനിധിയോ, പകരക്കാരനോ ആയാണ് ഡയറക്ടര്‍ ഇരിക്കുന്നത്. ഡയറക്ടറുടെത് വലിയൊരു റോള്‍ ആണ്. ചെറിയ തീരുമാനം പോലും അവിടെ നിര്‍ണായകമാണ്, ആര്‍ട്ടിസ്റ്റുകളുടെ കാര്യത്തിലും ക്രൂവിന്റെ കാര്യത്തിലുമെല്ലാം തീരുമാനം പ്രധാനമാണ്. പാട്ടിലെ ഒരു വരിയാണേലും അത് മനസിലാകാതെ വരുമോ, ടൈറ്റില്‍ എഴുത്തില്‍ വാക്കുകള്‍ കൃത്യമായി മനസിലാകില്ലേ എന്നതുമൊക്കെ കാര്യമായി എടുക്കണം. പിന്നെ ഓഡിയന്‍സ് എന്ന് പറയുന്നത് ഒരിക്കലും monolith അല്ലല്ലോ. പല വിധത്തിലുള്ള, വിവിധ രുചികളുള്ള ആളുകളാണല്ലോ. അവിടെ എവിടെയെങ്കിലും ഒരു പിടിവള്ളി ഉണ്ടാക്കണം. ഒരു കണക്ഷന്‍ ഇവരില്‍ ഏതെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുമായി ഉണ്ടാകണം. ഇത്രയൊക്കെ സംഭവിച്ചാലും ഓരോ സിനിമയ്ക്കും അതിന്റേതായ റിസ്‌കും ഉണ്ട്. മഞ്ചാടിക്കുരുവും എന്നെ സംബന്ധിച്ചിടത്തോളം ഫിലിം മേക്കര്‍ എന്ന നിലയില്‍ മഞ്ചാടിക്കുരുവും ബാഗ്ലൂര്‍ ഡേയ്‌സും ഞാന്‍ രണ്ട് രീതിയില്‍ അനുഭവം സമ്പാദിച്ച സിനിമകളാണ്.

മഞ്ചാടിക്കുരുവിന്റെ നിര്‍മ്മാതാവും അഞ്ജലി ആയിരുന്നല്ലോ, നല്ല സിനിമയെന്ന അംഗീകാരം നേടിയെങ്കിലും സിനിമ ഒട്ടും സാമ്പത്തിക വിജയവുമായിരുന്നില്ലല്ലോ. ഉസ്താദ് ഹോട്ടലിന് ശേഷമായിരുന്നു മഞ്ചാടിക്കുരു ചെയ്തതെങ്കില്‍ ഇപ്പോള്‍ പറഞ്ഞ കമേഴ്‌സ്യല്‍ അപ്പീലിന് വേണ്ടി ഡയറക്ടര്‍ എന്ന നിലയ്ക്ക് തീരുമാനം എടുക്കുമായിരുന്നോ?

അയ്യോ, മഞ്ചാടിക്കുരു ഇസ് ഫ്രം മൈ ഹാര്‍ട്ട്. ഉസ്താദ് ഹോട്ടല്‍ ഫ്രം മൈ ഹെഡ്. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ. ആ വ്യത്യാസവും അങ്ങനെ കിട്ടക്കട്ടേ. ഹൃദയത്തില്‍ നിന്നുള്ള സിനിമ ഒരു ട്രിപ്പ് പോലെയാണ്. മഞ്ചാടിക്കുരു എന്ന് ചെയ്താലും അത് അങ്ങനെ തന്നെയിരിക്കും. ഫിലിം മേക്കര്‍ എന്ന നിലയില്‍ എന്റെ ഐഡന്റിറ്റി രൂപപ്പെടുത്തുന്നത് മഞ്ചാടിക്കുരുവിലാണ് എന്നാണ് വിശ്വാസം. അണ്‍ എക്‌സ്‌പ്ലോര്‍ഡ് ലാന്‍ഡ്‌സ്‌കേപിലുണ്ടാക്കിയ സിനിമ പോലാണ്. മഞ്ചാടിക്കുരു അത് പോലെ അല്ലാതെ മറ്റൊരു തരത്തില്‍ എടുക്കണമെന്ന് ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിട്ടുമില്ല, ആഗ്രഹിക്കുന്നുമില്ല.

ഉസ്താദ് ഹോട്ടല്‍ അഞ്ജലിയുടെ എഴുത്തില്‍ നിന്ന് സിനിമയായപ്പോള്‍ അതിന്റെ ട്രീറ്റ്‌മെന്റിലുണ്ടായ പ്രത്യേകതകളെക്കുറിച്ച് പറഞ്ഞു. ബാംഗ്ലൂര്‍ ഡേയ്‌സിലും കൂടെയിലും തിരക്കഥാകൃത്തും സംവിധായികയും അഞ്ജലി തന്നെയാണ്. കഥ പറയേണ്ട വിധവും പരിചരണവുമൊക്കെ സ്‌ക്രിപ്ടിംഗ് ഘട്ടത്തില്‍ തന്നെ തീരുമാനിക്കപ്പെടാറുണ്ടോ ഇപ്പോള്‍?

നോട്ട് യൂഷ്വലി, ഞാനെഴുതുന്ന ആദ്യത്തെ ഡ്രാഫ്റ്റില്‍ അതൊരിക്കലും വരില്ല. പിന്നെ ഞാനൊരു സ്‌ക്രിപ്ടിലേക്ക് കടക്കുമ്പോള്‍ ഇത് ആരാണ് ഡയരക്ട് ചെയ്യുന്നത്, അവരുടെ ഫ്‌ളേവര്‍ എന്തായിരിക്കുമെന്നൊക്കെ ആലോചിക്കാറുണ്ട്. പിന്നീടുള്ള ആ ഡ്രാഫ്റ്റില്‍ ഈ ആലോചനകള്‍ക്ക് അനുസരിച്ചുള്ള മാറ്റമുണ്ടാകും. ഞാനല്ല മറ്റൊരാളാണ് സിനിമ ഡയരക്ട് ചെയ്യുന്നതെങ്കില്‍ എങ്ങനെയാണ് അവര്‍ ഇത് ചെയ്യാന്‍ പോകുന്നത് എന്ന ചിന്ത എഴുത്തിലേക്കുമെത്തും. ആ ചിന്തയെ മുന്‍നിര്‍ത്തിയായിരിക്കും തുടര്‍ന്നുള്ള എഴുത്ത്.

മൂന്ന് സൂപ്പര്‍ഹിറ്റുകള്‍ ക്രെഡിറ്റിലുള്ള ഫിലിമേക്കറുടെ ആദ്യ സിനിമ മഞ്ചാടിക്കുരു ഇപ്പോഴും സംപ്രേഷണ അവകാശം നല്‍കാതെ കയ്യില്‍ തന്നെ ഇരിപ്പാണ്. ഇനി നെറ്റ് ഫ്‌ളിക്്‌സ് പോലുള്ള സ്ട്രീമിംഗ് പ്ലാറ്റ് ഫോം സാധ്യതയാണല്ലോ?

നല്ല ക്വാളിറ്റിയില്‍ ചെയ്ത സിനിമ എന്ന ആത്മവിശ്വാസവുമായാണ് ഞാന്‍ മഞ്ചാടിക്കുരു പൂര്‍ത്തിയാക്കി തിയറ്ററുകളിലെത്തിക്കാന്‍ തീരുമാനിച്ചത്. അന്ന് സിങ്ക് സൗണ്ടില്‍ ചെയ്ത സിനിമയാണ്. പക്ഷേ ആ സിനിമയുടെ റിലീസിന് ശ്രമിച്ചപ്പോള്‍ കുറേ വലിയ സിനിമകള്‍ക്കിടയില്‍ വന്ന് തല കാണിച്ച് പോകാനുള്ള സാഹചര്യവും അവസരവും മാത്രമാണ് നമ്മുക്കുള്ളത് എന്ന് മനസിലായി. ആ സമയത്ത് സിനിമയുടെ സാറ്റലൈറ്റ് അവകാശവും പ്രധാനപ്പെട്ടതാണ്. ഞാന്‍ പലരെയും സമീപിച്ചപ്പോഴും അന്ന് സിനിമയ്ക്ക് നല്‍കാമെന്ന് പറഞ്ഞ തുകയൊക്കെ അത്ര നിസാരമായിരുന്നു. അന്ന് തന്നെ ഞാന്‍ സിനിമയുടെ ടെലിവിഷന്‍ അവകാശം വില്‍ക്കേണ്ടെന്ന് വച്ചു. ഇപ്പോഴും ആര്‍ക്കും സംപ്രേഷണാവകാശം നല്‍കിയിട്ടില്ല. ആ സിനിമ അര്‍ഹിക്കുന്ന പരിഗണന അവരില്‍ നിന്ന് ലഭിക്കാത്തത് തന്നെയാണ് കാരണം. തീര്‍ച്ചയായും സ്ട്രീമിംഗ് പ്ലാറ്റ് ഫോം പോലുള്ള സാധ്യത മുന്നിലുണ്ട്. അങ്ങനെ മഞ്ചാടിക്കുരു വീണ്ടും കുറേയേറെ പ്രേക്ഷകരിലേക്ക് എത്തിക്കാനാകുമെന്നാണ് കരുതുന്നത്. ഒരു കാലത്ത് മഞ്ചാടിക്കുരു കാണാനുള്ള ആളുകളുണ്ടാകും, അത് വാങ്ങാനാളുകള്‍ വരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. മറ്റൊരു കൗതുകം, മഞ്ചാടിക്കുരുവിന് വേണ്ടി സമീപിച്ച ഇതേ ചാനലുകള്‍ ബാംഗ്ലൂര്‍ ഡേയ്‌സ് ഈ മൂന്ന് വര്‍ഷത്തിനിടെ നൂറിലേറെ പ്രാവശ്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. ഏതെങ്കിലുമൊരു ആഴ്ചയില്‍ ഉസ്താദ് ഹോട്ടലോ ബാംഗ്ലൂര്‍ ഡേയ്‌സോ കാണാം. ആരും വാങ്ങാനില്ലെങ്കിലും മഞ്ചാടിക്കുരു ഞാനെന്റെ കയ്യില്‍ വയ്ക്കും. എന്ത് ചെയ്യാനാണ് ഉദ്ദേശമെന്ന് ചോദിച്ചാല്‍, അത് കയ്യില്‍ തന്നെ നില്‍ക്കട്ടേ, അതൊരു ടൈം ബൗണ്ട് ആയിട്ടുള്ള സിനിമയാണെന്ന് എനിക്ക് തോന്നിയിട്ടില്ല.

അഞ്ജലി മേനോന്‍ എന്ന ഫിലിംമേക്കറുടെ ഷിഫ്്റ്റ് ആയിരുന്നോ ബാംഗ്ലൂര്‍ ഡേയ്‌സ്, മഞ്ചാടിക്കുരു പോലെയല്ല ഉസ്താദ് ഹോട്ടല്‍ പോലെ വൈഡ് കമേഴ്‌സ്യല്‍ അപ്പീല്‍ ഉള്ള സിനിമയാണ് വേണ്ടത് എന്നൊരു തീരുമാനം?

ഉസ്താദ് ഹോട്ടല്‍ കഴിഞ്ഞ് എനിക്കൊരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. എന്റെ മനസിലുണ്ടായിരുന്ന സബ്ജ്ക്ട് അന്‍വറിനോട് പറഞ്ഞപ്പോള്‍ നിര്‍മ്മിക്കാമെന്ന് അന്‍വര്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു, അന്‍വര്‍ ഇത് എങ്ങനത്തെ രീതിയിലുള്ള സിനിമ ആയാണ് ആലോചിക്കുന്നതെന്ന്, അന്‍വര്‍ പറഞ്ഞു, എനിക്ക് വേണ്ടത് എന്റര്‍ടെയിന്‍മെന്റാണെന്ന്. അങ്ങനെ ഒരു പ്രോപ്പര്‍ കമേഴ്‌സ്യല്‍ സിനിമയെന്ന നിലയ്ക്ക് ചിന്തിച്ചാണ് ബാംഗ്ലൂര്‍ ഡേയ്‌സ് ചെയ്യുന്നത്. ഞാന്‍ മാന്‍ഡേറ്റ് വച്ച് ചെയ്ത സിനിമ തന്നെയാണ് ബാംഗ്ലൂര്‍ ഡേയ്‌സ്.

ബോക്‌സ് ഓഫീസിന് വേണ്ടിയുള്ള ഫിലിംമേക്കറുടെ വീട്ടുവീഴ്ചയുമാണോ?

അതില്‍ കോംപ്രമൈസ് ഒന്നുമില്ലല്ലോ, കമേഴ്‌സ്യലി സക്‌സസ് ആവുന്ന സിനിമകള്‍ക്ക് പിന്നിലും ക്രാഫ്റ്റും ആര്‍ട്ടിസ്റ്റിക് വാല്യുവുമൊക്കെ ഉണ്ടല്ലോ. പിന്നെ തിയറ്ററില്‍ ഓടുന്ന സിനിമ എനിക്ക് വഴങ്ങുമോ എന്ന് എന്നെയും ബോധ്യപ്പെടുത്തണമായിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ് കൃത്യമായി ഓഡിയന്‍സിന പരിഗണിച്ച് തന്നെ ചെയ്ത സിനിമയാണ്. അവര്‍ എന്താണോ പ്രതീക്ഷിക്കുന്നത് ആ രീതിയില്‍ തന്നെയാണ് ട്രീറ്റ്‌മെന്റ്. അപ്പോഴും കഥ പറച്ചിലിലും അവതരണത്തിലുമൊക്കെ പ്രത്യേകതകള്‍ ഉണ്ടാകണം എന്ന നിര്‍ബന്ധവുമുണ്ട്. ആ വോയ്‌സ് ഓവര്‍ പോര്‍ഷന്‍ ഇല്ലേല്‍ പടം പൊളിഞ്ഞ് താഴേ കിടക്കുമെന്ന് തോന്നിയിട്ടുണ്ട്(ചിരിക്കുന്നു).

വോയ്‌സ് ഓവറിലൂടെയുള്ള നരേറ്റീവ്, മലയാളത്തില്‍ പുതുനിര സിനിമകളില്‍ ആവര്‍ത്തിക്കുന്ന സംഗതിയാണ്, അതൊരു തരത്തില്‍ ക്രാഫ്റ്റില്‍ എളുപ്പമുണ്ടാക്കുകയല്ലേ? പ്രേക്ഷകരെ കണ്ടീഷന്‍ ചെയ്‌തെടുക്കാനൊക്കെ കഥ പറച്ചിലുകാരന് എളുപ്പമല്ലേ?

അങ്ങനെയല്ല, വോയ്‌സ് ഓവറിലും ഒരു ക്രാഫ്റ്റ് വര്‍ക്ക് ആകുന്നുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നരേറ്റീവില്‍ നമ്മള്‍ എന്ത് കാണിക്കുകയാണെങ്കിലും അതിലേക്ക് വോയ്‌സ് ഓവര്‍ വരുമ്പോള്‍ അവിടെ മറ്റൊരു ലെയര്‍ ഉണ്ടാകുന്നുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ തന്നെ ദിവ്യയെ റാങ്ക് ഹോള്‍ഡറായി കാട്ടിയിട്ട് അവിടെ നിന്ന് നേരേ മാട്രിമോണിയല്‍ സൈറ്റിലേക്ക് പോകുമ്പോള്‍ കിസ്മത്താണ് മോളേ എന്ന് പറയുന്നിടത്ത് അവിടെ ഒരു അഡീഷണല്‍ ലെയര്‍ വര്‍ക്ക് ഔട്ട് ആകുന്നുണ്ട്. വേറെ ചില റിസ്‌കുകള്‍ എടുക്കാന്‍ വോയ്‌സ് ഓവര്‍ നമ്മളെ എനേബിള്‍ ചെയ്യുന്നുണ്ട്. മൂന്ന് കസിന്‍സിന്റെ കഥ പറയുന്ന സിനിമയില്‍ അതിനെ ലിങ്ക് ചെയ്ത് കൊണ്ടുപോകാന്‍ വോയ്‌സ് ഓവര്‍ സഹായകമാകുന്നുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ അങ്ങനെ തന്നെയാണ്. ആ സിനിമയുടെ തുടക്കം എങ്ങനെ ആയിരിക്കണമെന്ന് എനിക്ക് ഭയങ്കര കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. പിന്നെയാണ് നിവിന്റെ പാര്‍ട്ട് വച്ച് തുടങ്ങാമെന്ന് തീരുമാനിച്ചത്. സിനിമ ഷൂട്ട് ചെയ്തതിന് ശേഷം വോയ്‌സ് ഓവറിലൂടെ ഇതിനെ ലിങ്ക് ചെയ്തത് എനിക്ക് ഫിലിം മേക്കര്‍ എന്ന നിലയ്ക്ക് എന്റിച്ചിംഗ് പ്രോസസ് തന്നെയായിരുന്നു. ഞാന്‍ എന്റെ ഒരു രീതിയില്‍ മാത്രം പടമെടുത്ത് പോകുന്നതില്‍ കാര്യമില്ലല്ലോ, അതുമല്ല എന്റെ ഒരു രീതി എന്താണെന്ന് എനിക്ക് അങ്ങനെ മനസിലായിട്ടുമില്ല. മഞ്ചാടിക്കുരു ചെയ്തപ്പോള്‍ ഞാന്‍ പഠിച്ച കുറേ കാര്യങ്ങളുണ്ട്. അവിടെ നിന്ന് ഉസ്താദ് ഹോട്ടലിലേക്കും ബാംഗ്ലൂര്‍ ഡേയ്‌സിലേക്കും കൂടെയിലേക്കും എത്തുമ്പോള്‍ റൈറ്റര്‍ എന്ന നിലയ്ക്കും ഡയറക്ടര്‍ എന്ന നിലയ്ക്കും നമ്മള്‍ എക്‌സ്്പീരിയന്‍സ് ചെയ്യുന്ന കാര്യങ്ങളുമുണ്ടല്ലോ. കൂടെ ചെയ്തപ്പോ ഡയലോഗ് പരമാവധി എടുത്ത്് മാറ്റുകയായിരുന്നു. കൂടെയുടെ സെറ്റില്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഡയലോഗ് പറഞ്ഞുകൊടുക്കുന്ന സമയത്തും കുറേ സംഭാഷണങ്ങള്‍ വെട്ടിക്കുറച്ചു. രഞ്ജിത്ത് സാര്‍ എന്നോട് ചോദിച്ചു, നീ എന്തിനാണ് ഇങ്ങനെ ഡയലോഗ് കുറയ്ക്കുന്നത്, നിനക്ക് അവാര്‍ഡ് വരെ സംഭാഷണ രചനയ്ക്ക് കിട്ടിയിട്ടുള്ളതല്ലേ, ഡയലോഗ് ഇരുന്നോട്ടേ എന്ന്. ഡയലോഗ് ഒരു സ്‌ട്രെംഗ്ത് അല്ലേ എന്നും പറഞ്ഞു. യെസ്, അതൊരു സ്‌ട്രെംഗ്ത് തന്നെയാണ്. എന്റെ ഒരു സ്‌ട്രെംഗ്ത് ആയ സംഗതി ഞാനെടുത്ത് മാറ്റുന്നു, അതിലൊരു ചാലഞ്ച് ഉണ്ടല്ലോ. അതേ സമയം വൈഡ് അപ്പീല്‍ ഏറ്റവും നന്നായി നടക്കുന്നത് സംഭാഷണ രചനയിലാണെന്ന് തോന്നിയിട്ടുണ്ട്. അത് ഉസ്താദ് ഹോട്ടലിലായാലും ബാംഗ്ലൂര്‍ ഡേയ്‌സില്‍ ആണെങ്കിലും. കുട്ടന്‍ പറയുന്ന ഒരു ഡയലോഗിന് ലഭിക്കുന്ന കയ്യടി അടുത്ത സീന്‍ ആയിട്ടും അവസാനിക്കാതിരിക്കുന്നതൊക്കെ ബാംഗ്ലൂര്‍ ഡേയ്‌സ് ടൈമില്‍ കണ്ടിട്ടുണ്ട്.

അഞ്ജലി തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്, കുടുംബത്തിനാണ് പ്രഥമ പരിഗണനയെന്ന്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് കൂടെ, കുടുംബത്തിന് തുല്യപരിഗണന നല്‍കുന്നതിനാലാണോ വലിയ ഇടവേള സംഭവിക്കുന്നത് അതോ അമ്മയും ഭാര്യയുമായ വനിതാ ഫിലിംമേക്കര്‍ എന്ന നിലയില്‍ പരിമിതിയുണ്ടോ?

പേഴ്‌സണലി പറഞ്ഞാല്‍, ഇന്നത്തെ കാലത്ത് വിമന്‍, മെന്‍ എന്നൊന്നുമില്ല. ഭാര്യ ജോലി ചെയ്യുകയും വീട്ടിലെ കാര്യങ്ങള്‍ നോക്കി അവിടെ നില്‍ക്കുന്ന പുരുഷന്‍മാരില്ലേ. അതേ സമയം ഫാമിലിക്ക് പ്രയോരിറ്റി കൊടുക്കണം എന്ന് തീരുമാനിച്ചാല്‍ അത് സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും നമ്മുക്ക് സിനിമയില്‍ നൂറ് ശതമാനം സജീവമാവുക എളുപ്പമല്ല.
സിനിമയെന്ന ഫീല്‍ഡിനെ സംബന്ധിച്ചിടത്തോളം 24 മണിക്കൂര്‍ ഇന്‍വോള്‍വ്‌മെന്റ് വേണ്ട ഇടമാണ്. അത് വേറൊരു ലോകമാണ്. നമ്മുക്ക് ഒരിക്കലും 9 ടു 5 ജോലിയായി പരിഗണിക്കാനാകില്ല. അങ്ങനെ വരുമ്പോള്‍ സ്ത്രീ ആണേലും പുരുഷന്‍ ആണേലും ഫാമിലിയെയും സിനിമയെയും ഒരു പോലെ കൊണ്ടുപോകണമെങ്കില്‍ നല്ല പ്രയത്‌നം വേണ്ടിവരും. തിരക്കഥയെഴുത്തൊക്കെ വീട്ടില്‍ തന്നെ നടക്കും. പക്ഷേ സിനിമാ ഷൂട്ടിംഗിലേക്ക് കടന്നാല്‍ നമ്മള്‍ ആ സ്‌പേസിലേക്ക് എത്തിച്ചേരണം. പിന്നെ കുറച്ചുനാള്‍ നമ്മള്‍ വീടിന് പുറത്തൊരു സ്‌പേസിലാണ്. എന്റെ കാര്യമെടുത്താല്‍ മോന് അഞ്ച് വയസ്സാകുന്നത് വരെ അവന്റെ കൂടെ ചെലവിടണമെന്ന് ആഗ്രഹിച്ചിരുന്നു. കാരണം നമ്മുടെ ജീവിതത്തിലെ ഏറ്റവും മൂല്യമുള്ള സമയമാണ്. മകന്റെ വളര്‍ച്ച. ഞാന്‍ ഗര്‍ഭിണിയായിരിക്കേ ആണ് ഉസ്താദ് ഹോട്ടല്‍ എഴുതി തുടങ്ങുന്നത്. ഡെലിവറി കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ ഉസ്താദ് ഹോട്ടലിന്റെ സ്‌ക്രിപ്ടിംഗിലേക്ക് വീണ്ടും കടന്നു. മോന്‍ ജനിച്ച് 90 ദിവസം ആയപ്പോള്‍ അവനേം കൂട്ടി ചെന്നൈയില്‍ പോയാണ് മഞ്ചാടിക്കുരുവിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ചെയ്തത്. എന്നിട്ടാണ് പടം ഇറക്കിയത്. അവന് രണ്ട് വയസായപ്പോള്‍ ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങി. ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ കൂടിയാണല്ലോ ഇതിനൊപ്പം കടന്നുപോകുന്നത്. എന്തായാലും ഫാമിലിയാണ് എന്റെ പ്രയോരിറ്റിയെന്ന് എനിക്കറിയാം. അതുകൊണ്ടാണ് അവന് വേണ്ടി കുറച്ചൂടെ സമയം മാറ്റിവച്ചത്. ഇപ്പോള്‍ അവന് ആറ് വയസായി. അവനിപ്പോള്‍ കാര്യങ്ങള്‍ അറിയാം. കൂടെ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ അവനെയും കൂട്ടി ഊട്ടിയിലേക്ക് മാറി താമസിക്കുകയായിരുന്നു. മകനെ ഊട്ടിയിലെ സ്‌കൂളില്‍ ചേര്‍ത്തു. അവന്‍ അവിടെ പഠിച്ചു. നമ്മള്‍ എന്താണ് ചെയ്യുന്നതെന്ന് അവനറിയാം. അവന്‍ വരും സെറ്റിലേക്ക്. അവന്റെ കൂടെ അമ്മ ഇല്ലാത്ത സമയത്ത് അമ്മ എവിടെയാണെന്ന് അവനറിയാം. വാ തോരാതെ സംസാരിക്കുന്ന ഒരു കുട്ടി സെറ്റില്‍ വന്നിട്ട് സിങ്ക് സൗണ്ടാണെന്ന് പറയുമ്പോള്‍ അത് മനസിലാക്കി പെരുമാറുന്നുണ്ട്. കുടുംബത്തെ പരിഗണിച്ച് സിനിമ ചെയ്യുമ്പോള്‍ അച്ഛന്‍ അമ്മ ഭര്‍ത്താവ് അങ്ങനെ കുടുംബമൊക്കെ ഫിലിം ചെയ്യുന്നയാള്‍ക്കൊപ്പം പോകേണ്ടിവരുന്ന സാഹചര്യമുണ്ടാകും. മോന്റെ കാര്യം നോക്കിയാല്‍ അവന് ഇതൊരു നല്ല ലൈഫ് എക്‌സീപീരിയന്‍സ് ആണെന്നാണ് എനിക്ക് തോന്നിയത്. ഞാനും ഈ രണ്ട് സംഗതികളും ബാലന്‍സ് ചെയ്യാനാണ് നോക്കുന്നത്. മോന് കുറച്ചൂടെ പ്രായമായാല്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ നോക്കേണ്ടതില്ല. എന്റെ കുഞ്ഞിനൊപ്പം അഞ്ച് വയസാകുന്നത് വരെ അവനൊപ്പം ചെലവഴിക്കാനായി എന്ന് വച്ച് നോക്കുമ്പോള്‍ എനിക്ക് അത്ര വലിയ ഗ്യാപ്പ് സിനിമയില്‍ ഉണ്ടായതായി തോന്നിയിട്ടില്ല. പിന്നെ ഇവയൊക്കെ ഓരോ വ്യക്തികളെ കൂടെ ആശ്രയിച്ചുള്ള കാര്യമാണ്. ഫാമിലി റെസ്‌പോണ്‍സിബിളിറ്റീസ് ഇല്ലാത്ത ആളാണേല്‍ നോ പ്രോബ്ല്രം. കുടുംബത്തിന്റെ കാര്യത്തില്‍ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്ന് കരുതുന്ന ആളാണ് ഞാന്‍.

ലിംഗരാഷ്ട്രീയം എല്ലാ മേഖലയിലും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. മലയാള സിനിമാ മേഖലയുടെ കാര്യമെടുത്താല്‍ സിനിമയ്ക്കകത്തും ഫിലിം ഇന്‍ഡസ്ട്രിയിലും സത്രീവിരുദ്ധ നയങ്ങളും നിലപാടുകളും ചോദ്യം ചെയ്യപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. ആ വിഷയങ്ങളിലേക്കുള്ള മുഖവുരയായി ചോദിച്ചാല്‍, സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്, അതിനെ അഞ്ജലി സമീപിക്കുന്നത് എങ്ങനെയാണ്? പൊളിറ്റിക്കലി കറക്ടാവുന്ന സിനിമ സര്‍ഗാത്മകമായി പരിധി നിശ്ചിക്കുന്നുമില്ലേ?

സിനിമ പൊളിറ്റിക്കലി കറക്ടാവണമെന്നത് ഏത് നിലയ്ക്കാണെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. തീര്‍ച്ചയായും പൊളിറ്റിക്കലി കറക്ടാവണമെന്ന നിര്‍ബന്ധം ക്രിയേറ്റീവ് പാര്‍ട്ടില്‍ ലിമിറ്റേഷനാവും. അതേ സമയം തന്നെ നമ്മള്‍ ഒരു സിനിമയെടുക്കുമ്പോള്‍ അതിലുള്ള വോയ്‌സ് ആരുടെതാണ്, ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്നത് നോക്കിയാല്‍ മതി. കമേഴ്‌സ്യല്‍ സിനിമകള്‍ വൈഡ് അപ്പീലിന് വേണ്ടി സൃഷ്ടിക്കപ്പെടുന്നതാണ്. അങ്ങനെ സിനിമയെടുക്കുന്ന സംവിധായകര്‍ ഓഡിയന്‍സിനെയാവും പരിഗണിക്കുന്നുണ്ടാവുക.
ഞാന്‍ ഒരു സിനിമ എടുക്കുമ്പോള്‍ അത് ഏത് തരത്തിലുള്ള സിനിമയാണ്, അതിലൂടെ എന്താണ് പറയുന്നത് എന്ന കാര്യത്തില്‍ എല്ലായ്‌പ്പോഴും ഞാന്‍ കോണ്‍ഷ്യസ് ആണ്. അതേ സമയം ഞാന്‍ എന്റെ പൈസയ്ക്ക് ഞാനൊരു സിനിമ ചെയ്യുമ്പോള്‍ എനിക്കിഷ്ടമുള്ള രീതിയില്‍ സിനിമ ചെയ്യും. നേരേ മറിച്ച് ഞാന്‍ മറ്റൊരു പ്രൊഡ്യൂസര്‍ക്ക് വേണ്ടി സിനിമ ചെയ്യുമ്പോള്‍ അവിടെ അങ്ങനെ നമ്മുക്ക് പറയാനുള്ളത് മാത്രം വച്ച് സിനിമ ചെയ്യാനാകില്ല. അവിടെ ആ നിര്‍മ്മാതാവ് നമ്മളെ വിശ്വസിച്ചാണ് കൂടെ നില്‍ക്കുന്നത്. അദ്ദേഹം എടുക്കുന്ന ഒരു റിസ്‌കിന്റെ കമ്യൂണിക്കേഷന്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടാകുമല്ലോ. അതേ സമയം നല്ല റിസ്‌ക് എടുക്കാനുള്ള നിര്‍മ്മാതാവാണെങ്കില്‍ ഞാന്‍ സന്തോഷമായി എന്നെ മാത്രം എല്ലാ നിലയ്ക്കും തൃപ്തിപ്പെടുത്തുന്ന സിനിമ ചെയ്യും. എന്റെ സിനിമകള്‍ തന്നെ നോക്കിയാല്‍ എന്റെ ഏറ്റവും പൊളിറ്റിക്കലായ സിനിമയെന്ന് വിശ്വസിക്കുന്നത് ഹാപ്പി ജേണിയാണ്. ചെറിയ സമയദൈര്‍ഘ്യത്തിലുള്ള സിനിമയാണെങ്കിലും എന്റെ പൊളിറ്റിക്‌സ് എവിടെ നില്‍ക്കുന്നുവെന്ന് ഞാന്‍ കമ്യൂണിക്കേറ്റ് ചെയ്തിട്ടുണ്ട്. അന്ന് ആ സിനിമയുടെ നിര്‍മ്മാതാവ് അതിനൊപ്പം നിന്നു. തീര്‍ച്ചയായും ഹാപ്പി ജേണി പോലെ പൊളിറ്റിക്കലായി കൂടി കമ്യൂണിക്കേറ്റ് ചെയ്യുന്ന സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോള്‍ ഇവിടെ സിനിമകള്‍ക്കൊപ്പം പ്രേക്ഷകരിലും വന്ന മാറ്റം ആ ആഗ്രഹത്തിലേക്ക് എളുപ്പത്തില്‍ പോകാനാകുമെന്ന ധൈര്യവുമാണ്.

wcc അങ്ങനെ നോക്കിയാല്‍ കേരളത്തില്‍ വിപ്ലവകരമായ തുടക്കമിട്ട സംഘടനയാണ്. ലിംഗവിവേചനത്തെ തുറന്നെതിര്‍ക്കാനും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഉറപ്പാക്കാനും ആ സംഘടന ധീരമായ ശ്രമങ്ങള്‍ തുടരുന്നു. നടി ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ അനിവാര്യമായിരുന്ന ഒരു കൂട്ടായ്മ എന്നതിനപ്പുറം ഒരു വര്‍ഷം പിന്നിടുമ്പോള്‍ wccക്ക് ചലച്ചിത്രമേഖലയിലും നമ്മുടെ സാമൂഹ്യഘടനയിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന വിശ്വാസമുണ്ടോ?

കാലങ്ങളായി ഞങ്ങള്‍ കുറേ പേരിലുണ്ടായ ആശയത്തില്‍ നിന്ന് തന്നെയാണ് ആ സംഘടനയുടെ തുടക്കം. വിമന്‍ ഇന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പോലെ ലോകവ്യാപകമായി സജീവമായ സംഘടനകള്‍ നമ്മുക്ക് മുന്നിലുണ്ട്. 2012ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ 25 സ്ത്രീകളെ ഈ സംഘടന ഒരുമിച്ച് ആദരിക്കുകയുണ്ടായി. അന്നാണ് ഞാന്‍ ആ സംഘടനയെക്കുറിച്ച് അറിയുന്നത്. കുറേക്കൂടി വിശാലമാണ് ആ സംഘടനയുടെ പ്രവര്‍ത്തന രീതി. സ്ത്രീകള്‍ക്ക് സുരക്ഷിതവും സ്വതന്ത്രവുമായ തൊഴില്‍ സാഹചര്യമുണ്ടാക്കാനും വിവിധ മേഖലയിലെ സ്ത്രീ പ്രശ്‌നങ്ങള്‍ പഠിക്കാനും ഇടപെടാനുമൊക്കെ സാധിക്കുന്ന സംഘടനയാണ് അത്. കേരളത്തില്‍ ഇത്തരമൊരു സംഘടന ഇല്ലാതെ വയ്യ എന്ന് തോന്നിയ സാഹചര്യത്തിലാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രൂപപ്പെടുന്നത്. അനിവാര്യമായിരുന്ന സാഹചര്യം തന്നെയായിരുന്നു. ഒരു വര്‍ഷമേ ആയിട്ടുള്ളൂ വിമന്‍ ഇന്‍ കളക്ടീവ് നിലവില്‍ വന്നിട്ട്. പ്രാരംഭ ദശയിലാണ് സംഘടന. അതിന്റെ അടിത്തറ രൂപപ്പെട്ട് വന്നതേയുള്ളൂ. അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും ഘടനയും എങ്ങനെയാണെന്ന് ആലോചിക്കേണ്ടതുണ്ട്, ചിലതൊക്കെ ആലോചനകളില്‍ നിന്ന് തീരുമാനമായിട്ടുണ്ട്. വലിയ ഒരു സംഘടന എന്നതിനേക്കാള്‍ ഇടപെടല്‍ സാധ്യമാകുന്ന ഒരു കൂട്ടായ്മ എന്നതിന് തന്നെയാണ് മുന്‍ഗണന. ഒരു പാട് കാര്യങ്ങള്‍ നമ്മുക്ക് ചെയ്യാനുണ്ട്. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം രൂപപ്പെടുത്തുക എന്നത് തന്നെയാണ് അതില്‍ പ്രധാനം.

ലിംഗവിവേചനം, അല്ലെങ്കില്‍ ചൂഷണം അത് തന്നെയാണല്ലോ ചലച്ചിത്രമേഖലയിലും സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അഞ്ജലി നിര്‍മ്മാതാവും സംവിധായികയുമാണ്, നമ്മുടെ ചലച്ചിത്രമേഖലയില്‍ ഇക്കാര്യത്തില്‍ എന്ത് മാറ്റമുണ്ടാക്കാനാകും എന്നാണ് വിശ്വസിക്കുന്നത്?

ഇവിടെ gender awarenessന്റെ പ്രശ്‌നം കാര്യമായുണ്ട്. പലപ്പോഴും gender politics എന്ന നിലയ്‌ക്കൊക്കെ ചര്‍ച്ച വരുമ്പോള്‍ ചിലരുടെ എതിര്‍വാദം കേട്ടാല്‍ നമ്മുക്ക് മനസിലാകും, ദൈവമേ ഇവര്‍ക്ക് ഇതല്ലാത്ത ഒരു ലോകം ഉണ്ടെന്ന് മനസിലാകുന്നില്ലല്ലോ എന്ന്. നമ്മളോട് തന്നെ അവര്‍ സംസാരിക്കുമ്പോള്‍ പറയുന്ന കാര്യങ്ങളൊക്കെ വളരെ വിചിത്രമായി തോന്നും. ലിംഗവിവേചനമുള്ള സാമൂഹ്യ അന്തരീക്ഷത്തിന് പുറമേ തന്നെ അത്രയേറെ അസ്വീകാര്യമായ കാര്യമാണ് അവര്‍ പറയുന്നത്. അവരുടെയൊക്കെ വാദം എത്രമാത്രം ബോധ്യമില്ലാതെയാണെന്ന് മനസിലാകും. സോഷ്യലി, പൊളിറ്റിക്കലി ഇന്‍കറക്ടായി പോയി, ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ല എന്നൊക്കെ ചിന്തിക്കുന്ന കാര്യങ്ങളൊക്കെ വളരെ ലാഘവത്തോടെയാണ് പലരും പറയുന്നത്. സംവിധായിക എന്ന നിലയ്ക്ക് എനിക്ക് എന്റെ സിനിമയില്‍ ചെയ്യാനാകുന്നത് ലിംഗസമത്വത്തിനുള്ള അന്തരീക്ഷം ഉണ്ടാക്കുകയെന്നതാണ്. അത്തരമൊരു തൊഴില്‍ സാഹചര്യം സൃഷ്ടിക്കുക എന്നത്. അതിന് പറ്റുന്ന ആള്‍ക്കാരെ എടുക്കുക എന്നത്. സത്യം പറയാലോ, ഞാന്‍ അസിസ്റ്റന്‍സിനെ റിക്രൂട്ട് ചെയ്തപ്പോള്‍ ഓരോരുത്തര്‍ക്കും ഓരോ ലെറ്റര്‍ തന്നെ അയച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ലിംഗ വിവേചനം ഉണ്ടെങ്കില്‍ അത് വ്യക്തമാക്കണം, അങ്ങനെ ഉണ്ടേല്‍ എന്റെ ടീമിലേക്ക് ഞാന്‍ സ്വാഗതം ചെയ്യാനാകില്ല എന്നായിരുന്നു ഞാന്‍ അവരെ അറിയിച്ചത്. അങ്ങനെ പറ്റാവുന്ന ആളുകളേ വന്നിട്ടുള്ളൂ. അപ്പോഴും നമ്മുടെ ശ്രദ്ധയില്‍ പെടാത്ത അറിയാത്ത പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം.

ലിംഗവിവേചനം അങ്ങനെ പെട്ടെന്ന് അവസാനിക്കുന്ന സംഗതിയല്ല. ഞാന്‍ ഇതിനെ മറ്റൊരു തലത്തില്‍ കൂടെയാണ് കാണുന്നത്. ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍
ഒക്കെ കള്‍ച്ചറല്‍ ഗ്യാപ്പില്‍ നിന്ന് കൂടെയാണ് വരുന്നത്. ജനറേഷന്‍ ഗ്യാപ് എന്ന് പറയുന്നത് പോലെ തന്നെ കള്‍ച്ചറല്‍ ഗ്യാപ്പ് എന്നതുമുണ്ട്. നമ്മുക്ക് പരിചിതമായ, കാലങ്ങളായി നടക്കുന്ന കുറേ കാര്യങ്ങളുണ്ട്. അതിലൊന്നും സ്ത്രീകള്‍ എവിടെയും ഭാഗമല്ല. തീരുമാനങ്ങളില്‍ അവരുണ്ടാകില്ല. സ്ത്രീകളെ അവിടെയൊന്നും പരിഗണിച്ച് ആര്‍ക്കും ശീലവുമില്ല.
സ്ത്രീകളെ എന്നും സംരക്ഷിച്ച് നിര്‍ത്തണം. പുരുഷന്‍മാരും മുതിര്‍ന്നവരുമൊക്കെ പറഞ്ഞാല്‍ സ്ത്രീകള്‍ അത് പോലെ കേള്‍ക്കണം അങ്ങനെ പല തരത്തിലുള്ള നിയന്ത്രണങ്ങളാണ് അവര്‍ ശീലമാക്കിയിരിക്കുന്നത്. അതൊരു ഗ്രൂപ്പ് ആളുകളാണ്. അവരായിരിക്കും ഇന്‍ഡസ്ട്രിയില്‍ കൂടുതല്‍. അവരൊക്കെ എക്‌സ്പീരിയന്‍സ്ഡ് ആളുകളുമാകും. പക്ഷേ ഇപ്പോ വരുന്ന ഒരു ജനറേഷനുണ്ട്. അവര്‍ക്ക് എന്തിനാണ് ഈ വിവേചനം എന്ന് തന്നെ മനസിലാകുന്നില്ല. അവര്‍ക്കൊരു ആക്ടീവ് റോള്‍ വേണം. അവര്‍ക്ക് തീരുമാനങ്ങളുടെ ഭാഗമാകണം. അവര്‍ തുല്യതയുള്ളിടത്താണ് വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നത്. സ്വീകാര്യമല്ലാത്ത പെരുമാറ്റങ്ങളെ അവര്‍ ചോദ്യം ചെയ്യുന്നുമുണ്ട്. ഞാന്‍ നേരത്തെ പറഞ്ഞ എന്റെ സിനിമയില്‍ ആക്ടേഴ്‌സ് അല്ലാതെ ഉണ്ടായിരുന്ന 16 സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് കേരളത്തില്‍ നിന്ന് വന്നയാള്‍. ബാക്കിയെല്ലാവരും കേരളാ ഒറിജിന്‍ ആയിരിക്കാം പക്ഷേ മറ്റ് പല സ്ഥലത്ത് നിന്നുമാണ്. അവര്‍ക്ക് ഒട്ടും പരിചിതമല്ലാത്ത വളരെ ട്രെഡീഷണല്‍ അല്ലാത്ത പല രീതികളും സെറ്റില്‍ കണ്ടേക്കാം. പക്ഷേ അങ്ങനെ വര്‍ക്ക് ചെയ്താല്‍ മാത്രമേ, അത്തരം സാഹചര്യങ്ങളെ നേരിട്ടാല്‍ മാത്രമേ പരമ്പരാഗത രീതി വിട്ട് സ്ത്രീകളോട് പെരുമാറാത്ത ആളുകളും മാറുകയുള്ളൂ. സിനിമയില്‍ ജെന്‍ഡര്‍ എന്നതിനൊന്നുമല്ല പ്രസക്തി. ആര് എന്ത് ജോലി ചെയ്യുന്നു എന്നതിനാണ്. ഇതൊരു സ്റ്റാര്‍ട്ടിംഗ് ട്രബിളാണ്. സ്ത്രീക്കും പുരുഷനും തുല്യത പറ്റില്ലെന്ന് ശഠിക്കുന്നവരൊക്കെ പുറത്തുപോവുകയേ ഉള്ളൂ. പ്രാക്ടീസിംഗ് ഫിലിംമേക്കേഴ്‌സും അത്തരത്തില്‍ മാറേണ്ടിവരും. ഇനിയുള്ള കാലത്ത് ജെന്‍ഡറിന് അല്ല പ്രസക്തി, ഒരാള്‍ സിനിമയില്‍ വന്ന് എന്ത് ചെയ്യുന്നുവെന്നതിലാണ്. അല്ലാതെ റിസര്‍വേഷന്‍ കൊണ്ടൊന്നും കാര്യമില്ല. ഞാന്‍ എന്റെ ഫിലിമില്‍ സ്ത്രീകളെ കൂടുതല്‍ എടുക്കാമെന്ന നിലയില്‍ റിസര്‍വേഷന്‍ സെറ്റ് ചെയ്താല്‍ അത് പണിയാകും. അതിനെക്കാള്‍ വര്‍ക്ക് ആര് നന്നായി ചെയ്യുന്നുവോ അയാളെ പരിഗണിക്കുന്നു.

സിനിമയിലെ തൊഴില്‍ സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഇല്ലേ?

വളരെ ബേസിക് ആയ കാര്യം പറയാം. നമ്മളൊരു സിനിമ ചെയ്യുമ്പോള്‍ യൂണിയന്‍ മെംബേഴ്‌സിനെ തന്നെ എടുക്കണമെന്ന് ഈ യൂണിയനുകള്‍ ഡിമാന്‍ഡ് ചെയ്യുന്നുണ്ട്. ഇല്ലേല്‍ വലിയ പ്രശ്‌നങ്ങള്‍ ആണല്ലോ. ഓക്കേ, അങ്ങനെ മെംബേഴ്‌സിനെ തന്നെ എടുക്കുമ്പോള്‍ തിരിച്ച് യൂണിയന്‍ എന്താണ് നമ്മുക്ക് നല്‍കുന്ന ഉറപ്പ്?. നമ്മള്‍ അഷ്വര്‍ ചെയ്യുന്നു അവരെ എടുക്കാമെന്ന്. ബാറ്റ പ്രകാരം പ്രതിഫലവും കൊടുക്കാം. തിരിച്ച് യൂണിയന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ടല്ലോ. യൂണിയന് എളുപ്പത്തില്‍ ഉറപ്പ് തരാനാകുന്ന കാര്യമാണ് ഈ വ്യക്തികളെല്ലാം പോലീസ് വെരിഫൈഡ് ആകണം എന്ന കാര്യം. അവര്‍ക്കെല്ലാം യൂണിയന്‍ കാര്‍ഡ് ഉണ്ട്. അവരാരും ക്രിമിനല്‍ കേസ് പ്രതികള്‍ അല്ല എന്നതൊക്കെ ഈ യൂണിയന് ഉറപ്പുതരാനാകുന്ന കാര്യമാണല്ലോ. ഒരാള്‍ അങ്ങനെ കുറ്റകൃത്യം ആവര്‍ത്തിച്ചുള്ള ആളാണെങ്കില്‍ അത്തരം പശ്ചാത്തലമുള്ള ആളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുക, മാറ്റി നിര്‍ത്തുക. കാരണം നമ്മള്‍ക്ക് യൂണിറ്റിലെ എല്ലാ മേഖലയിലേക്കും റിക്രൂട്ട് ചെയ്യാനൊന്നുമാകില്ല. ഈയൊരു ചെക്ക് യൂണിയന്‍ ഉറപ്പ് നല്‍കണം. ചിലപ്പോ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് റേഞ്ചോ വിനിമയ സൗകര്യങ്ങളോ കാണില്ല. പലപ്പോഴും രാത്രിയോ പകലോ നോക്കാതെയാവും ഷൂട്ടിംഗ്. യൂണിറ്റില്‍ മദ്യപാനമോ, ലഹരി ഉപയോഗമോ നടത്തുന്നവരല്ലെന്നും ഉറപ്പുവരുത്തണം. ഇതൊക്കെ യൂണിയന്‍ ഉറപ്പാക്കേണ്ട കാര്യങ്ങളല്ലേ. ശരിക്കും പറഞ്ഞാല്‍ ഇതൊക്കെ ഇവിടെയുള്ള സംഘടനകള്‍ക്ക് എളുപ്പത്തില്‍ നടപ്പാക്കാവുന്നതേയുള്ളൂ.

സ്ത്രീ സംവിധായിക ആയതിനാല്‍ ഇങ്ങനെ ട്രീറ്റ് ചെയ്യപ്പെടുന്നു, പുരുഷനായിരുന്നേല്‍ ഇത്തരമൊരു അനുഭവം ഉണ്ടാകുമായിരുന്നില്ല, അഞ്ജലി അത്തരത്തില്‍ ലിംഗവിവേചനം നേരിട്ടിട്ടുണ്ടോ? തീരെ അപരിചിതമായ ചലച്ചിത്രമേഖലയിലേക്കാണ് ആദ്യ സിനിമയുമായി വന്നത്?

സത്യം പറഞ്ഞാല്‍ ഞാന്‍ വളര്‍ന്ന് വന്ന സാഹചര്യത്തില്‍ ലിംഗവിവേചനത്തെക്കുറിച്ചൊന്നും അത്ര കാര്യമായി മനസിലാക്കാന്‍ പറ്റിയിട്ടില്ലായിരുന്നു. എന്റെ വീട്ടില്‍ എന്റെ ചേട്ടന്‍മാര്‍ക്കുള്ള അതേ സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ഒരു സ്‌പേസില്‍ എതിര്‍പ്പ് നേരിടുമ്പോള്‍ അതിന്റെ ഞാന്‍ സ്ത്രീ ആയതിനാലാണോ എതിര്‍പ്പ് എന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. മഞ്ചാടിക്കുരു ചെയ്യുമ്പോള്‍ ഓരോ പ്രതിബന്ധങ്ങള്‍ നേരിടുമ്പോഴും അതെല്ലാം ആദ്യമായി സംവിധാനം ചെയ്യുന്നയാള്‍ നേരിടുന്ന പ്രശ്‌നങ്ങളായിരിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. അതിന് അനുസരിച്ച് ഞാന്‍ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വച്ചടി വച്ചടി എല്ലാം പ്രശ്‌നത്തിലേക്ക് തന്നെ ചെന്നെത്തുന്നു. പിന്നെ ഒരു സാഹചര്യം വന്നപ്പോള്‍ ഒരു കൂട്ടം ആളുകള്‍ നമ്മുക്ക് എതിരായി നില്‍ക്കുന്നു. അപ്പോഴും എനിക്ക് അത് മനസിലാകുന്നില്ല. പിന്നെ ഒരു സ്റ്റേജ് എത്തിക്കഴിഞ്ഞപ്പോളാണ് മനസിലാകുന്നത്, ഇതെല്ലാം ഒരു ഫസ്റ്റ് ടൈം ഫിലിംമേക്കര്‍ നേരിടുന്ന പ്രശ്‌നങ്ങളല്ല, ഇത് ഞാന്‍ വ്യക്തിയോടുള്ള പ്രശ്‌നങ്ങളാണ്. അല്ലാതെ ഇതെന്റെ സിനിമയോട് പോലുമല്ല. വ്യക്തിപരമായി അവര്‍ക്ക് എന്നോട് എന്തോ ഇഷ്യൂ ഉണ്ട്. അത് എന്തായിരിക്കും എന്നാണ് ആലോചിച്ചത്. ഞാന്‍ ഇവിടെ ജനിച്ച് വളര്‍ന്നുവന്ന ആളാണെങ്കില്‍ ഇത് എനിക്ക് എളുപ്പം പിടികിട്ടിയേനേ. അത് മനസിലാക്കാന്‍ ഞാന്‍ നല്ല സമയമെടുത്തു. അത് നമ്മുക്ക് കിട്ടുന്ന ഒരു ഫില്‍ട്ടറാണ്. ഞാനെന്ന സ്ത്രീയോടാണ് ഈ എതിര്‍പ്പെന്ന നിലയില്‍ മനസിലായാല്‍ പിന്നെ നമ്മള്‍ക്ക് ഏത് ഘട്ടത്തിലും ഇത് പിടികിട്ടും. മഞ്ചാടിക്കുരു കഴിഞ്ഞ് അത് പുറത്തിറക്കാന്‍ പറ്റാതെ വന്നപ്പോള്‍ നിങ്ങള്‍ ഇതെല്ലാം വിട്ട് വീട്ടിലേക്ക് പോയ്‌ക്കോളൂ എന്ന് പറഞ്ഞവരുണ്ട്, ഇത് വിട്ടേക്കൂ വേറെ സിനിമ നോക്കൂ എന്ന് പറഞ്ഞവരുമുണ്ട്.

ഞാന്‍ അതിനെ മറ്റൊരു തരത്തില്‍ കൂടിയാണ് കാണുന്നത്. ആദ്യ സിനിമ ചെയ്യുമ്പോള്‍ എനിക്ക് ഈ ഇന്‍ഡസ്ട്രിയുടെ സ്വീകാര്യത ഇല്ല. പക്ഷേ ഉസ്താദ് ഹോട്ടലും ബാംഗ്ലൂര്‍ ഡേയ്‌സും കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ മാറി. നമ്മളുണ്ടാക്കുന്ന സിനിമയുടെ ബോക്‌സ് ഓഫീസ് തന്നെയാണ് ആ മാറ്റമുണ്ടാക്കുന്നത്. അതാണ് റിയാലിറ്റി. അവിടെ പിന്നെ ലിംഗവിവേചനത്തിനൊന്നും സാഹചര്യമില്ല. മഞ്ചാടിക്കുരു ചെയ്ത് കഴിഞ്ഞാണ് ഞാന്‍ ഉസ്താദ് ഹോട്ടല്‍ ചെയ്തത്. ഉസ്താദ് ഹോട്ടല്‍ വലിയ ഹിറ്റാണ്. എനിക്ക് ആ സിനിമയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ഓഫേഴ്‌സ് വന്നിട്ടുള്ളത് തിരക്കഥയ്ക്കാണ്. സംവിധാനം ചെയ്യൂ സിനിമ നിര്‍മ്മിക്കാം എന്ന ഓഫറുമായി ഒരു നിര്‍മ്മാതാവും വന്നില്ല. ഞാന്‍ അന്ന് സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നത്. അന്ന് ആലോചിച്ചു, ഞാനെഴുതിയ ഒരു സിനിമ സൂപ്പര്‍ഹിറ്റായി. അതുകൊണ്ട് തിരക്കഥയ്ക്ക് ഡിമാന്‍ഡുണ്ട്, ഞാന്‍ സംവിധാനം ചെയ്ത ഒരു സിനിമ സൂപ്പര്‍ഹിറ്റായാല്‍ ഇതേ സ്വീകാര്യത ഞാനെന്ന ഡയറക്ടര്‍ക്കും കിട്ടും. ബോക്‌സ് ഓഫീസ് സക്‌സസ് വന്നാല്‍ പിന്നെ നമ്മളുടെ ജെന്‍ഡര്‍ ഒന്നും വിഷയമല്ല. അവിടെ പണവും മാര്‍ക്കറ്റും തന്നെയാണ് പ്രധാനം. അതേ സമയം വേറൊരു കാര്യമുണ്ട്, ഞാനൊരു സിനിമ ചെയ്യുമ്പോള്‍ എനിക്ക് ലിംഗവിവേചനം നേരിടേണ്ടി വരില്ലായിരിക്കും, പക്ഷേ എന്റെ കൂടെ ഉള്ള ക്രൂ മെംബേഴ്‌സ് ഉണ്ടല്ലോ. അവരുടെ കാര്യം തിരിച്ചായിരിക്കാം. കൂടെയില്‍ തന്നെ ഞങ്ങള്‍ പതിനാറ് സ്ത്രീകള്‍ ഉണ്ടായിരുന്നു. ആക്ടേഴ്‌സ് അല്ലാതെ. അവരുടെ അനുഭവങ്ങള്‍ ഓരോ സിനിമ കഴിയുമ്പോഴും എത്രത്തോളം മാറുന്നുണ്ടെന്നത് നോക്കണം.

ഷോ ബിസിനസ് എന്ന നിലയ്ക്ക് വലിയ രീതിയില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയ സിനിമ ചെയ്ത ഫിലിംമേക്കറുടെ കാര്യത്തില്‍ സ്ത്രീയെന്ന വിവേചനം കാണില്ലെന്നത് സമ്മതിച്ചു, അപ്പോഴും ഇതേ ബോക്‌സ് ഓഫീസ് വിജയത്തിന്റെ ഭാഗമായ നായികമാര്‍ തുടര്‍ന്നും ലിംഗവിവേചനത്തിന് ഇരയാകുന്നില്ലേ. പാര്‍വതി അവര്‍ കേന്ദ്രകഥാപാത്രമായ സിനിമയില്‍ പ്രതിഫല വിവേചനം ഉണ്ടായിരുന്നുവെന്ന് സമീപകാലത്ത് വെളിപ്പെടുത്തിയിരുന്നു?

ഇക്കാര്യം ആലോചിച്ചാല്‍ ജെന്‍ഡറില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് തന്നെയാണ് നമ്മള്‍ തിരിച്ചുവരേണ്ടി വരിക. നമ്മളൊരു സിനിമയുടെ മാര്‍ക്കറ്റ് എങ്ങനെയാണ് നിര്‍ണയിക്കുന്നത്. സാറ്റലൈറ്റ്് വാല്യു ആണ് മിക്കപ്പോഴും നോക്കുന്നത്. സാറ്റലൈറ്റ് അവകാശം ചര്‍ച്ച ചെയ്്താല്‍ നേരെ അവര്‍ എത്തുന്നത് ഈ സിനിമയിലെ മെയില്‍ ലീഡ് ആരാണെന്ന ചോദ്യത്തിലാവും. അവിടെയാണ് സിനിമയുടെ മാര്‍ക്കറ്റ് വാല്യു സെറ്റ് ആകുന്നത്. ഇപ്പോള്‍ ഒന്നോ രണ്ടോ ഫിമെയില്‍ ലീഡുകള്‍ക്കാണ് അവര്‍ അഭിനയിക്കുന്ന പടമാണെന്ന് പറഞ്ഞാല്‍ മാര്‍ക്കറ്റ് ഉള്ളത്. അങ്ങനെ ഒരു നിരയിലേക്ക് കൂടുതല്‍ പേര്‍, കൂടുതല്‍ സ്ത്രീകള്‍ വരണം. ഇപ്പോള്‍ രണ്ട് വ്യക്തികള്‍ മാത്രമേ നമ്മുക്കുള്ളൂ, മഞ്ജുവും പാര്‍വതിയും. അവര്‍ക്ക് തന്നെ അവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എത്ര പടങ്ങള്‍ കിട്ടുന്നുണ്ട്?. അങ്ങനെയുള്ള സിനിമകള്‍ കൊണ്ട് മാത്രം അവര്‍ക്ക് സര്‍വൈവ് ചെയ്യാന്‍ പറ്റുന്നുണ്ടോ എന്നും നോക്കണം. പിന്നെ അവരും അവര്‍ക്ക് യോജിക്കുന്ന പ്രൊജക്ടുകള്‍ ഉണ്ടാക്കുകയാണ്. പാര്‍വതിയുടെ ടേക്ക് ഓഫ് അങ്ങനെ ഉണ്ടാക്കിയ പ്രൊജക്ടായിരുന്നു. അങ്ങനെയൊരു പ്രൊജക്ട് വിജയമായത് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമായിരുന്നു.

ടേക്ക് ഓഫ് പാര്‍വതിയുടെ കഥാപാത്രത്തിലൂന്നിയ സിനിമയായിരിക്കേ തന്നെ പ്രതിഫലത്തില്‍ വിവേചനം നേരിട്ടെന്നാണ് അവര്‍ പിന്നീട് പറഞ്ഞത്?

അതും ഞാന്‍ നേരത്തെ പറഞ്ഞ മാര്‍ക്കറ്റിനെ ആശ്രയിച്ചാണ്. ഈ സിനിമ വിറ്റാല്‍ അവര്‍ക്ക് എവിടെ നിന്നാണ് പൈസ കിട്ടുന്നത്. സാറ്റലൈറ്റിലൂടെ. ആ സാറ്റലൈറ്റ് തുക ആ സിനിമയില്‍ അഭിനയിച്ച പുരുഷതാരങ്ങളെ ആശ്രയിച്ചാണ്. രണ്ട് പേരുടെയും സ്റ്റാര്‍ഡം വച്ച് താരതമ്യം ചെയ്യുമ്പോള്‍ ആര്‍ക്കാണ് വിപണി മൂല്യം കൂടുതല്‍ എന്നത് നോക്കുന്നതും സാറ്റലൈറ്റ് തുക ഉള്‍പ്പെടെ നോക്കിയല്ലേ. അതാണ് ഇവിടെയുള്ള മാര്‍ക്കറ്റ് സ്വഭാവം. അതിനെയാണ് മറികടക്കേണ്ടത്. അതൊക്കെയൊരു ദീര്‍ഘകാല പരിശ്രമത്തിലൂടെ മാത്രമേ
സാധിക്കൂ.

wccയെ ചലച്ചിത്രമേഖലയിലെ ഇതരസംഘടനകളും ഇന്‍ഡസ്ട്രിയിലെ നല്ലൊരു വിഭാഗവും കാണുന്നത് ചലച്ചിത്രമേഖലയെ സംഘര്‍ഷഭരിതമാക്കുന്ന കൂട്ടായ്മ എന്ന നിലയ്ക്കാണ്. വിവിധ സംഘടനാ വക്താക്കളുടെ വാക്കുകളിലും ഈ അതൃപ്തി കാണാം. ചലച്ചിത്രമേഖലയെ നിയന്ത്രിക്കുന്ന സംഘടനകള്‍ കൂടെയാണ് അസ്വാരസ്യമെന്ന നിലയ്ക്ക് കാര്യങ്ങളെ കാണുന്നത്?

ഏതൊരു മാറ്റത്തിന്റെയും തുടക്കം ഇത്തരത്തിലുള്ള അസ്വാരസ്യങ്ങളല്ലേ, അവിടെ നിന്ന് കാര്യങ്ങള്‍ മാറിത്തുടങ്ങും. ഈ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തന്നെ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ തൊഴില്‍ സാഹചര്യത്തില്‍ മാറ്റം വന്ന് തുടങ്ങിയിട്ടുണ്ട്. ഞാന്‍ കരുതുന്നത് ലിംഗസമത്വത്തെക്കുറിച്ച് കൃത്യമായ ബോധവല്‍ക്കരണം നടത്തുകയാണ് വേണ്ടതെന്നാണ്. ഇന്‍ഡസ്ട്രിയില്‍ പുരുഷന്‍മാരിലും സ്ത്രീകളിലും ഒരു പോലെ ഇത്തരമൊരു വിദ്യാഭ്യാസം നടത്തണം. മീഡിയ പോലും മൈക്രോസ്‌കോപ്പിക് ലെവലില്‍ ആണ് ഇത്തരം ഇഷ്യൂസിനെ കൈകാര്യം ചെയ്യുന്നത്. ഇന്ന ആള്‍ ഇന്നയാളെക്കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞു എന്ന നിലയ്ക്ക് അല്ല ഈ വിഷയങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടത്. ഞങ്ങള്‍ പല തലമുറകളായി ഇങ്ങനെയാണ് ഇടപെടാറുള്ളത്, അതില്‍ എന്താണ് തെറ്റ് എന്ന് ചോദിക്കുന്നവരെയാണ് അഡ്രസ് ചെയ്യേണ്ടത്. അവരിലാണ് കൃത്യമായ വിദ്യാഭ്യാസവും ബോധവല്‍ക്കരണവും നടത്തേണ്ടത്. ലോകം മാറി, നിങ്ങളും മാറണം എന്നാണ് അവരോട് പറയേണ്ടത്. ഈ ക്ലാഷുകള്‍, അത് നല്ലതിനാണ്. ഇതിന് മുമ്പ് ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ അന്നൊന്നും കേള്‍ക്കാന്‍ ആരും ഉണ്ടായില്ല. നമ്മളെ ഡിസ്‌കറേജ് ചെയ്യുന്ന ഒരു പാട് കാര്യങ്ങള്‍ ഉണ്ട്. ഒരു പാട് പേര് ലിംഗസമത്വം വേണമെന്നും അത്തരമൊരു തൊഴില്‍ സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും വിശ്വസിക്കുന്നവരാണ്. പക്ഷേ അവരുടെ മൗനമാണ് ദോഷകരമാകുന്നത്. ഈ മൗനം തെറ്റായി വ്യാഖ്യാനിക്കപ്പെടും. അങ്ങനെ സൈലന്‍സ് ഉണ്ടാകുമ്പോള്‍ ഒരു പാട് പേരുടെ അഭിപ്രായം അവര്‍ അവിടെയാണോ ഇവിടെയാണോ എന്ന് മനസിലാക്കാന്‍ സാധിക്കാതെ വരും. മൗനം വിദ്വാന് ഭൂഷണം എന്നാണ് പണ്ട് പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ ആ മൗനം അപകടകരമാണ്. മൗനം സമ്മതം എന്നുമാണല്ലോ. നിങ്ങള്‍ ഒരു നിര്‍ണായക കാര്യമുണ്ടാകുമ്പോള്‍ നിശബ്ദമായാല്‍ എല്ലാവരും ധരിക്കുന്നത് നിങ്ങള്‍ എതിര്‍വിഭാഗത്തുള്ള ആളുകള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നാണ്.

ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ നീതി ലഭിച്ചില്ലെന്ന് കാട്ടി താരസംഘടനയില്‍ നിന്ന് രാജി വച്ചു. നേരത്തെ തിലകനെ ഇതേ സംഘടന പുറത്താക്കിയതിന് പിന്നാലെ അഭിനയത്തില്‍ നിന്ന് തന്നെ വിലക്ക് നേരിട്ടിരുന്നു. പുറത്ത് പോയ ഈ നാല് പേരും, സംഘടനയ്‌ക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചവരും ഇനി ചലച്ചിത്രമേഖലയില്‍ നിന്ന് നേരിടുന്നതും സമാന അനുഭവങ്ങളായിരിക്കില്ലേ?

ഇപ്പോഴത്തെ ഫിലിംമേക്കേഴ്‌സ് അങ്ങനെയാണെന്ന് തോന്നുന്നുണ്ടോ? അവരില്‍ കൂടുതല്‍ പേര്‍ക്കും വ്യക്തികളുടെ ഇന്‍വിഡ്വാലിറ്റിയാണ് ഇഷ്ടം. പഴഞ്ചന്‍ രീതികളിലൂടെ ഔട്ട് ഡേറ്റഡ് ആവുന്നവര്‍ കാണുമായിരിക്കും. പക്ഷേ ഒരു കാര്യമുണ്ട്. ഈ ഫീല്‍ഡ് സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് കൂടിയാണ്. നമ്മളില്‍ പഴഞ്ചന്‍ മൂല്യങ്ങളും, സ്ത്രീവിരുദ്ധ ചിന്തകളുമൊക്കെ മുറുകെ പിടിക്കുന്നവരുണ്ടെങ്കില്‍ അവരാണ് പുറത്തുപോകാന്‍ പോകുന്നത്. ഇപ്പോഴത്തെ സിനിമകള്‍ തന്നെ നോക്കൂ, എത്രയോ നല്ല സിനിമകളാണ് വരുന്നത്. ഇപ്പോള്‍ ഓടുന്ന സിനിമകള്‍ ഏതാണെന്ന് നോക്കിയാല്‍ അറിയില്ലേ, പ്രേക്ഷകരുടെ അഭിരുചി ആര്‍ക്കൊപ്പമാണെന്ന്. അല്ലാതെ ഈ പറയുന്നവരുടെ സിനിമകള്‍ ഓടുന്നുണ്ടോ?(ചിരിക്കുന്നു). അത് ആരും എന്താണ് ശ്രദ്ധിക്കാത്തത്?.

അങ്ങനെ തീര്‍ത്തും പറയാനാകില്ലല്ലോ, നമ്മുടെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് സിനിമകള്‍ പലപ്പോഴും ഉള്ളടക്കത്തില്‍ സ്ത്രീവിരുദ്ധത ഉല്‍പ്പാദിപ്പിക്കുന്നവയും. പഴഞ്ചന്‍ മൂല്യങ്ങളെ താലോലിക്കുന്നവയുമല്ലേ?, സിനിമയ്ക്ക് അകത്തും പുറത്തും ലിംഗരാഷ്ട്രീയം ചര്‍ച്ചയാകേണ്ടതില്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് തന്നെ വലിയ വിജയമുണ്ടാക്കാനും സാധിക്കുന്നില്ലേ?. ബാഹുബലി ആദ്യഭാഗം വന്നപ്പോള്‍ rape of avanthika എന്ന പേരില്‍ തമന്നയുടെ കഥാപാത്രത്തിന് മേല്‍ നായകന്‍ നടത്തുന്ന ലൈംഗിക ആക്രമണത്തെ ചോദ്യം ചെയ്ത് ലേഖനം തന്നെ വന്നിരുന്നു. പുലിമുരുകനിലെ സ്ത്രീകഥാപാത്രങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ചും ഇത്തരത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

ഞാനൊരു കാര്യം പറയാം, എന്റെ ഒരു അസിസ്റ്റന്റ് അടുത്തിടെ പറഞ്ഞു, മാം, ഞാന്‍ മായാനദി തിയറ്ററില്‍ കണ്ടപ്പോള്‍ സൗബിന്‍ ഷാഹിര്‍ അയാളുടെ സഹോദരിയെ തല്ലുന്ന രംഗം വന്നപ്പോള്‍ തിയറ്ററില്‍ കൂറ്റന്‍ കയ്യടിയായിരുന്നുവെന്ന്. അതൊരു ഷോക്കിംഗ് സീനാണല്ലോ, എന്നിട്ടും എന്ത് കൊണ്ട് അവിടെ കയ്യടി ഉണ്ടായി എന്ന് ആലോചിച്ചാല്‍ ഈ ചോദ്യങ്ങള്‍ക്കും ഉത്തരമായി. നമ്മള്‍ സിനിമ ചെയ്യുമ്പോള്‍ ആലോചിക്കേണ്ടത് ബോക്‌സ് ഓഫീസ് ഹിറ്റിന് വേണ്ടി സ്ത്രീയെ ഇകഴ്ത്തുന്ന രംഗങ്ങള്‍ ഉണ്ടാക്കണോ എന്നതാണ്. അവിടെയാണ് gender awareness ആവശ്യമായി വരുന്നത്. അക്കാര്യത്തില്‍ പ്രേക്ഷകര്‍ക്കും ഉത്തരവാദിത്വമുണ്ട്. നമ്മുടെ സ്ത്രീകള്‍ എന്തുകൊണ്ട് തീരുമാനിക്കുന്നില്ല പ്രകടമായ സ്ത്രീവിരുദ്ധത ഉള്ള സിനിമകള്‍ കാണില്ലെന്ന്. രസം എന്താണെന്ന് വച്ചാല്‍ നമ്മുടെ അപ്പൂപ്പന്‍മാരെയും അമ്മൂമമാരെയുമൊക്കെ എന്റര്‍ടെയിനറെന്ന പേരില്‍ വീട്ടുകാര്‍ കൊണ്ട് കാണിക്കുന്നത് പോലും ഏറ്റവും വൃത്തികെട്ട ഡയലോഗും ചിത്രീകരണവുമൊക്കെ ഉള്ള സിനിമകളാണെന്നതാണ്. എന്തുകൊണ്ട് നമ്മുടെ കുടുംബങ്ങളില്‍ ഉള്ള സ്ത്രീകള്‍ക്ക് നിലപാട് എടുത്തുകൂട. പിന്നെ സെന്‍സറിംഗിന്റെ കാര്യം. ഇവിടെ വയലന്‍സ് ഉണ്ടെങ്കില്‍ എ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട്. എന്തുകൊണ്ട് ഇത്തരത്തില്‍ നോണ്‍സെന്‍സ് ഉണ്ടായാല്‍ കൊടുത്തുകൂട.
ഒരു പ്രൊഡ്യൂസര്‍ ഒരു സ്‌ക്രിപ്ട് വായിച്ചിട്ട്. വേണ്ട മോനേ, ഇത് പോലുള്ള സീന്‍ വേണ്ടാ എന്ന് പറയുന്നത് എപ്പോഴാണെന്ന് അറിയുമോ, അത് സിനിമയെ സാമ്പത്തികമായി ബാധിക്കുമെന്ന് മനസിലാക്കുമ്പോഴാണ്. അവിടെയാണ് സെന്‍സര്‍ ബോര്‍ഡിന് ഇത്തരത്തില്‍ ഇടപെടാനാവുന്നത്. സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് ഇതൊക്കെ കട്ട് ചെയ്യണമെന്നല്ല ആ സിനിമകള്‍ മെച്വേഡ് ആയ ഓഡിയന്‍സിനെ കാണിച്ചാല്‍ മതി, അത് ഇന്ന വിഭാഗത്തിലാണെന്ന് കൃത്യമായി വ്യക്തമാക്കുകയും വേണം. അത്തരമൊരു സ്റ്റെപ് എടുത്താല്‍ മാത്രമേ സിനിമയില്‍ അങ്ങനെ മാറ്റം വന്ന് തുടങ്ങൂ. സിനിമ വിടൂ, ഇവിടെയുള്ള ടെലിവിഷന്‍ സീരിയലുകളില്‍ എന്താണ് നടക്കുന്നത്?. നമ്മുടെ വീടുകളില്‍ ദിവസേന നാല് മണിക്കൂറോളമാണ് സീരിയലുകള്‍ കാണുന്നത്. ഓരോ തരം പിന്തിരിപ്പന്‍ വാല്യൂസ് ഇങ്ങനെ അടിച്ചേല്‍പ്പിക്കുകയല്ലേ. അമ്മമാരുടെ കൂടെ ഇരുന്ന് സീരിയലുകള്‍ കാണുന്ന കുട്ടികളുണ്ട്. അവര്‍ അടുത്ത തലമുറയാണ്. ആഴ്ചയില്‍ ഒരിക്കല്‍ പുറത്ത് നിന്ന് കഴിക്കുന്ന ഭക്ഷണത്തെക്കാള്‍ നന്നായിരിക്കേണ്ടത് വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണല്ലോ. സിനിമ ആഴ്ചയില്‍ ഒരിക്കല്‍ ഉള്ള ചോയ്‌സ് മാത്രമാണ്. ടെലിവിഷന്‍ അങ്ങനെ അല്ലല്ലോ. ടെലിവിഷന്‍ വലിയ സ്വാധീനശക്തിയുള്ള മാധ്യമമാണ്. അതുകൊണ്ടാണ് സെന്‍സറിംഗിനെ കുറിച്ച് പറഞ്ഞത്.

സെന്‍സര്‍ഷിപ്പ് ഒക്കെ അക്കാര്യത്തില്‍ പരിഹാരമാണോ? സ്‌റ്റേറ്റിന്റെ അജണ്ടകള്‍ കൂടി നടപ്പാക്കുന്ന തരത്തില്‍ ആവിഷ്‌കാരസ്വാതന്ത്ര്യം ഹനിക്കുംവിധമാണ് നമ്മുടെ രാജ്യത്ത് സെന്‍സറിംഗ് പോലും നടക്കുന്നത്.?

സ്റ്റേറ്റ് എന്തായാലും കുറേ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്. സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ എന്തായാലും ഉണ്ട്. അപ്പോള്‍ അത് കുറച്ച് ഗുണകരമായ കാര്യങ്ങള്‍ക്ക് കൂടി ആവട്ടേ. സിനിമയില്‍ ആനിമല്‍ വെല്‍ഫെയറിന് നമ്മുക്ക് ബോര്‍ഡ് വയ്ക്കണം, മുന്‍കരുതലുകള്‍ വേണം, അത് സര്‍ട്ടിഫൈ ചെയ്യുകയും വേണം. അതിന് പല പ്രോസസുകള്‍ ഉണ്ട്. അപ്പോള്‍ സിനിമയിലെ ഫിമെയില്‍ വെല്‍ഫെയറും, ചൈല്‍ഡ് വെല്‍ഫെയറും ആര് നോക്കും?. സ്ത്രീവിരുദ്ധത എന്നത് ഒരു കഥാപാത്രത്തെ മാത്രം ആശ്രയിച്ചല്ലല്ലോ, ടോട്ടല്‍ ഒരു സിനിമ സ്ത്രീയെ എങ്ങനെ പരിഗണിക്കുന്നു എന്നത് തന്നെയാണ്. വളരെ മോശപ്പെട്ട ഒരു രംഗം കാണിച്ചാലാണ് ഏറ്റവും ഇഫക്ടീവ് എങ്കില്‍ ജൂഡി ഫോസ്റ്ററിന്റെ ദ അക്യൂസ്ഡ് ചിത്രീകരിച്ച രീതി നോക്കൂ. അതില്‍ ടോട്ടല്‍ ബ്രേക്ക് ഡൗണ്‍ ആകുന്ന സീന്‍ കണ്ടാല്‍ റേപ്പ് എത്രമാത്രം ഭീതിതവും ക്രൂരവുമാണെന്നാണ് മനസിലാവുക. സിനിമ മുന്നോട്ട് വയ്ക്കുന്ന വീക്ഷണം പുരോഗമനാത്മകമാണോ എന്നതിലാണ് കാര്യം. അതോ റിഗ്രസീവ് ആണോ എന്നതുമാണ്. എന്റര്‍ടെയിന്‍മെന്റിന് വേണ്ടി റേപ്പ് കാണിക്കുമ്പോഴാണ് ഇങ്ങനെ വരുന്നത്. ഉദ്ദേശ്യ ശുദ്ധി വളരെ പ്രധാനമാണ്. ഫിലിംമേക്കറുടെ ഉദ്ദേശ്യം എന്താണ്. ഒരു രംഗത്തിന്റെ തീവ്രതയ്ക്ക് വേണ്ടിയാണോ ശരീരം കാണിക്കുന്നത്, അതോ വിപണി സാധ്യത നോക്കിയാണോ എന്നത് നോക്കണം. അത് തിരിച്ചറിയാനുള്ള വിവേകം ഫിലിം സര്‍ട്ടിഫൈ ചെയ്യുന്ന മെംബേഴ്‌സിന് ഉണ്ടാകുമല്ലോ. അവര്‍ അങ്ങനെ തീരുമാനിക്കട്ടേ. സ്ത്രീവിരുദ്ധത ചിത്രീകരിക്കുന്ന സിനിമകള്‍ പ്രത്യേകം സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശിപ്പിക്കട്ടേ. അല്ലെങ്കില്‍ പിന്നെ ഈ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് എന്നൊന്നും പറയുന്നതില്‍ കാര്യമില്ലല്ലോ.

വിമന്‍ ഇന്‍ സിനിമാ കളക്ടീവിലേക്ക് വന്നാല്‍, wcc വാര്‍ഷികത്തിന് രേവതി പറഞ്ഞ ഒരു കാര്യം സിനിമയിലെ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കാന്‍ ബെക്‌ഡെല്‍ ടെസ്റ്റ് (echdel tets)പാസാകുന്നതിനെക്കുറിച്ചും അത്തരം സിനിമകള്‍ക്ക് പുരസ്‌കാരം നല്‍കുന്നതിനെക്കുറിച്ചുമാണ്. സിനിമകളിലെ സ്ത്രീപ്രാതിനിധ്യമൊക്കെ ഉറപ്പാക്കേണ്ടത് ഇത്തരം ലളിതമാര്‍ഗ്ഗങ്ങളിലാണോ?ഈ ടെസ്റ്റ് പാസാവുന്നത് നല്ല സിനിമ എന്ന വാദമൊക്കെ വരുന്നത് തന്നെ സിനിമയുടെ ഗുണമേന്‍മയുടെ കാര്യത്തില്‍ പ്രതികൂലമാകില്ലേ?

അത്രയും എളുപ്പത്തില്‍ ക്വാളിഫൈ ചെയ്യാവുന്ന സംഗതിയായി എനിക്കും ഈ ടെസ്റ്റിനെയൊന്നും തോന്നിയിട്ടില്ല. ഇതൊക്കെ വളരെ സങ്കീര്‍ണമായ ചിന്തകളാണ്. പുരുഷനും സ്ത്രീയും എന്ന് വച്ചാല്‍ ഞാന്‍ അങ്ങനെ രണ്ട് ഐഡന്റിറ്റീസായി ഞാന്‍ കാണുന്നില്ല. ഫെമിനിന്‍ ക്വാളിറ്റീസ് എന്ന് പറയുന്നതും മാസ്‌കുലിന്‍ ക്വാളിറ്റീസ് എന്ന് പറയുന്നതും പുരുഷനിലും സ്ത്രീയിലും ഉണ്ട്. ഒരു സെന്‍സിറ്റീവ് മാന്‍, ഐ ലവ് ടു സീ യു ഓണ്‍ ദ സ്‌ക്രീന്‍. bechdel test എന്നൊക്കെ പറയുന്നത് സിംപ്ലിസ്റ്റിക് അപ്രോച്ച് അല്ലേ. നമ്മുടെ കള്‍ച്ചര്‍ എടുത്ത് നോക്കൂ, അതിലെത്രയോ ശ്രേണികളുണ്ട്. നമ്മുടെ സാമൂഹ്യഅന്തരീക്ഷം നോക്കിയാല്‍ പാട്രിയാര്‍ക്കി അത്രകണ്ട് ശക്തമായി കിടപ്പുണ്ടെന്നും കാണാം. കേരളത്തില്‍ അതേ സമയം മാട്രിലിനീല്‍ കള്‍ച്ചറും സ്‌ട്രോംഗായി കിടപ്പുണ്ട്. ഒരു സിനിമയില്‍ സ്ത്രീകള്‍ പുരുഷനെക്കുറിച്ചല്ലാത്തെ സംസാരിക്കുന്നതൈാക്കെ നോക്കിയാല്‍ ഒരു ഭാഗം മാത്രമേ നമ്മള്‍ അഡ്രസ് ചെയ്യുന്നുള്ളൂ. അങ്ങനെ ആ ഒറ്റ ടെസ്റ്റിലൂടെ നമ്മുക്ക് സിനിമകളെ നല്ലതോ മോശമോ എന്ന് പറയാനും പറ്റില്ല. ഒരു വ്യക്തി മാത്രമുള്ള സിനിമയാണെങ്കിലോ അപ്പോള്‍ എന്ത് ചെയ്യും. കാസ്റ്റ് എവേ എന്ന സിനിമ, അതില്‍ ടോംഹാങ്ക്‌സിന്റെ കഥാപാത്രത്തെ നോക്കൂ, ആ കഥാപാത്രം ഏറ്റവുമധികം ചിന്തിക്കുന്നത് ഒരു സ്ത്രീയെ കുറിച്ചാണ്. പക്ഷേ നമ്മള്‍ ഭൂരിഭാഗവും കാണുന്നത് അയാള്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന സാഹചര്യമാണ്. ഫൈനലി അയാള്‍ രക്ഷപ്പെട്ടിട്ടും അയാളുടെ ചിന്തയില്‍ അവരാണ്. ഒരു പരിധി വരെ ഇത്തരം ടെസ്റ്റുകളുടെ ഉദ്ദേശം എനിക്ക് മനസിലാക്കാന്‍ സാധിക്കും. ഞാന്‍ കരുതുന്നത് രേവതിച്ചേച്ചി അങ്ങനെ പറഞ്ഞിട്ടുണ്ടാവുക നല്ല ഇന്റന്‍ഷനിലായിരിക്കുമെന്നാണ്. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ഇവിടെ ഇങ്ങനെയും കാര്യങ്ങളുണ്ട് എന്ന് പറയാന്‍ വേണ്ടിയാവും അത്തരത്തില്‍ ഒരു വിഷയം കൊണ്ടുവന്നത്.

ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടനയുടെ തീരുമാനം, താരസംഘടനയില്‍ നിന്നുള്ള രാജി, അവരെ പിന്തുണച്ച് പൃഥ്വിരാജ് രംഗത്ത് വരുന്നു, പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നു ഇതേ സമയത്താണല്ലോ കൂടെ എന്ന സിനിമ നടക്കുന്നത്. പൃഥ്വിയും പാര്‍വതിയുമാണ് ഇതിലെ പ്രധാന താരങ്ങള്‍. മൈ സ്റ്റോറിയുടെ സംവിധായിക പറഞ്ഞത് ഈ രണ്ട് പേര്‍ക്കെതിരെ നടന്ന പ്രതിഷേധമാണ് സിനിമയെ ബാധിച്ചതെന്നാണ്. അഞ്ജലി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗവുമാണ്. കൂടെ എന്ന സിനിമയെ ഈ കാര്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ ബാധിച്ചോ?

എന്റെ സിനിമയെ അതൊരു തരത്തിലും ബാധിച്ചിട്ടില്ല. അതില്‍ ഉള്‍പ്പെട്ട താരങ്ങളെ ചിലപ്പോള്‍ ഇമോഷണലി ഒക്കെ ബാധിച്ചിട്ടുണ്ടാകും. പക്ഷേ ഞങ്ങളൊരു ടീമായും ഫാമിലിയായുമാണ് കൂടെ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തത്. എന്റെ ചില നിലപാടുകള്‍ കൂടെയിലുമുണ്ട്. എല്ലാം ഓഫ് സ്‌ക്രീനില്‍ മാത്രം നിര്‍ത്തേണ്ടതല്ലല്ലോ. സിനിമയുടെ ഉദ്ദേശം വളരെ വ്യക്തമാണ്. സിനിമ കണ്ടാല്‍ സംവിധായികയുടെ നിലപാട് എന്താണെന്ന് വളരെ വ്യക്തമാകും. നമ്മുടെ ഉള്ളിലുള്ള കഥ എന്ന പോലെ തന്നെ ആശയങ്ങളും കമ്മ്യൂണിക്കേറ്റ് ചെയ്യാനാകുന്ന മീഡിയം ആണല്ലോ സിനിമ.

(മാധ്യമം വാര്‍ഷികപ്പതിപ്പിന് വേണ്ടി സംസാരിച്ചത്)