ദുല്‍ഖര്‍ സല്മാന് മലയാള സിനിമയിലെത്തിയത് ഒരു സര്‍പ്രൈസ് എന്‍ട്രിയിലൂടെയാണ്. ലിംഗുസ്വാമിയുടെ സംവിധാനത്തില്‍ തമിഴ് ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്മാന് നായകനാകുന്നുവെന്ന് 2011ല്‍ വാര്‍ത്തകള്‍ വന്നിരുന്നു. ദുല്‍ഖറിന്റെ സിനിമാ പ്രവേശത്തെ കുറിച്ച് ആ ഘട്ടത്തില്‍ മമ്മൂട്ടി പറഞ്ഞു കേട്ടതുമില്ല. പിന്നീട് 2011ല്‍ അന്‍വര്‍ റഷീദ് ചിത്രം ‘ഒരു ബിരിയാണിക്കഥ’യില്‍ ദുല്‍ഖര്‍ നായനാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നു. മലയാളത്തിലെയോ തമിഴിലെയോ സൂപ്പര്‍ഹിറ്റ് സംവിധായകര്‍ക്കൊപ്പം താരപുത്രന്റെ നായകഅരങ്ങേറ്റം പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തെറ്റി. പുതുമയുള്ള ഒരു പരീക്ഷണത്തിനായി കൈകോര്‍ത്ത പുതിനിരയ്ക്കൊപ്പം അവരിലൊരാളായി ദുല്‍ഖര്‍ സല്മാന് ക്യാമറയ്ക്ക് മുന്നിലെത്തി. മലയാളത്തിലെ മെഗാതാരത്തിന്റെ മകന് എന്ന മേല്‍വിലാസം ആനുകൂല്യവും സാധ്യതയുമാക്കാതെ സെക്കന്‍ഡ് ഷോ എന്ന ചിത്രം തുടങ്ങി. ചാനല്‍ ക്യാമറകള്‍ക്കോ സോഷ്യല്‍ മീഡിയാ പ്രചാരകര്‍ക്കോ പിടി കൊടുക്കാതെ ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രം ബഹളമേതുമില്ലാതെ പൂര്‍ത്തിയാക്കി. ശ്രീനാഥ് രാജേന്ദ്രന് എന്ന സംവിധായകനൊപ്പം സണ്ണി വെയിന്‍ എന്ന സഹതാരത്തിനൊപ്പം പുതിയ തിരക്കഥാകൃത്തിനും സംഗീത സംവിധായകനുമൊപ്പം അവരിലൊരാളായി ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ സിനിമ.
വാണിജ്യസാധ്യതയുള്ള സിനിമ പരിഗണിക്കാതെ അരങ്ങേറ്റ ചിത്രത്തില്‍ തന്നെ നൂറ് ശതമാനം പരീക്ഷണത്തിന് തന്നെ വിട്ടുനല്‍കിയ നടനുമാണ് ദുല്‍ഖര്‍ സല്മാന്. മമ്മൂട്ടിയുടെ മകന്റെ ആദ്യ ചിത്രം എന്ന ടാഗ് ഇല്ലാതെയാണ് സിനിമ തിയറ്ററുകളിലെത്തിയത്. വന്‍വിജയമായില്ലെങ്കിലും ദുല്‍ഖര്‍ സല്‍മാന്റെ ആറ് വര്‍ഷത്തെ കരിയറില്‍ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിലൊന്നായി സെക്കന്‍ഡ് ഷോ ഉണ്ട്. സിനിമയുടെ റിലീസിന് ശേഷവും ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലും പ്രചരണത്തിനായുള്ള അഭിമുഖങ്ങളിലും ദുല്‍ഖറിനെ കണ്ടില്ല. കുറച്ചുകൂടി സിനിമകള്‍ ചെയത ശേഷം സംസാരിക്കാമെന്ന മറുപടിയുമായാണ് ദുല്‍ഖര്‍ ചാനല്‍ ക്യാമറകളെ നേരിട്ടത്.
സെക്കന്‍ഡ് ഷോ മുതല്‍ മഹാനടി വരെ, ഇരിപ്പുറപ്പിക്കുന്ന നടന്
ആറ് വര്‍ഷം കൊണ്ട് 25 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ദുല്‍ഖര്‍ സല്മാനിലെ അഭിനേതാവിനും കൂടുതല്‍ പാകത കൈവന്നിരിക്കുന്നു. മമ്മൂട്ടിയുടെ മകന് എന്ന രീതിയില്‍ മമ്മൂട്ടിയുടെ ശൈലിയുമായി ദുല്‍ഖറിനെ താരതമ്യം ചെയ്യുന്നത് ശബ്ദഗാംഭീര്യവും നടപ്പിലെ സമാനതയും പരിഗണിച്ചാണ്. തുടക്കത്തിലെ കഥാപാത്രങ്ങളിലാണ് ഇത് കൂടുതലായി കണ്ടിരുന്നത്. എന്നാല്‍ മമ്മൂട്ടിയും ദുല്‍ഖറും അഭിനേതാവ് എന്ന രീതിയില്‍ രണ്ട് ശൈലിയുടെ വക്താക്കളാണ്. ശൈലീകൃത അഭിനയത്തിന്റെ സാധ്യതകളെയാണ് ദുല്‍ഖര്‍ തുടക്കം മുതല്‍ ഉപയോഗപ്പെടുത്തിയത്. വൈകാരിക രംഗങ്ങള്‍ അനായാസേന കൈകാര്യം ചെയ്യാനാകാത്തതും ഹാസ്യരംഗങ്ങള്‍ ഉള്‍പ്പെടെയുള്ള അയവില്ലായ്മ ഘട്ടം ഘട്ടമായി പരിഹരിച്ച് പാകപ്പെടുന്നതിനാണ് പ്രേക്ഷകര്‍ സാക്ഷിയായത്. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെത്തിയപ്പോള്‍ സങ്കീര്‍ണമായ വൈകാരിക തലമുള്ള കഥാപാത്രത്തെയും തന്മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ പ്രാപ്തനാണെന്ന് ദുല്‍ഖര്‍ സല്മാന് തെളിയിച്ചു. ദുല്‍ഖറിന്റെ കരിയറിലെ തന്നെ മികച്ച റോളുകളിലുമൊന്നാണ് മഹാനടിയിലെ ജെമിനി ഗണേഷന്.
താരത്തെ വഹിച്ച ശരീരഭാഷയിലും മാനറിസങ്ങളിലും കാഴ്ചക്കാരെ തന്നിലേക്കാകര്‍ഷിക്കാന്‍ ദുല്‍ഖറിന് നേരത്തെ കഴിഞ്ഞു. അഭിനയത്തില്‍ നാടകീയാംശമില്ലാതെ വിശ്വസനീയമായ വിനിമയത്തിന്റെ ഊഷ്മളത ദുല്ഖറില് കാണാനാകുന്നുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡേയ്സ്, സിഐഎ, പറവ, സോളോ മഹാനടി എന്നീ ചിത്രങ്ങളില്‍ ഇത് ഭംഗിയോടെ കാണാനാകും. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി. കാതല്‍ മന്നന് എന്ന വിശേഷണത്തിന് അപ്പുറത്ത് സാവിത്രിയുടെ വളര്‍ച്ചയില്‍ അപകര്‍ഷതയും അസൂയയുമായി നില്ക്കുന്ന പ്രതിനായക ഭാവമുണ്ട് ജെമിനിക്ക്. മദ്യപാനിയായി നിലതെറ്റി നില്ക്കുന്ന രംഗങ്ങളുണ്ട്. ദുല്‍ഖറിന് മലയാളത്തില്‍ ഇതുവരെ ലഭിച്ചതിനേക്കാള്‍ സങ്കീര്‍ണതയുള്ള കഥാപാത്രമാണ്. കഥാപാത്രത്തോളം അത്രയേറെ ഉള്പ്പേറിയിട്ടുണ്ട് ദുല്‍ഖര്‍. തെലുങ്ക് അരങ്ങേറ്റം ഗംഭീരമാക്കി.
ബിജോയ് നമ്പ്യാരുടെ സോളോയില്‍ നാല് കഥകളിലായി ശേഖര്‍, ത്രിലോക്, ശിവ, രുദ്ര എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ദുല്‍ഖറിന്റെ ശേഖറിനോടും, ശിവയോടുമാണ് കൂടുതലിഷ്ടം തോന്നിയത്. വിക്കുള്ള,മുടി നീട്ടിയ(വിഗ്ഗ് എന്ന് തോന്നിപ്പിക്കാത്ത)ചങ്ങാത്തത്തിലും പ്രണയത്തിലും തുറന്ന് ഇടപെടുന്ന ശേഖറിനെ മനോഹരമാക്കിയിട്ടുണ്ട് ദുല്‍ഖര്‍. അടുത്ത ചിത്രത്തിലേക്ക് കടന്നാല്‍ ഉള്ളില്‍ തീയെരിയുന്ന, ഏത് നിമിഷവും സംഹാരരുദ്രനാകുന്ന ശിവയെ ശരീരഭാഷയിലും ഭാവചലനങ്ങളിലും സൂക്ഷ്്മതയോടെ ഏറ്റെടുത്തിട്ടുമുണ്ട് ദുല്‍ഖര്‍. ഡോക്ടര്‍ ത്രിലോകിലെത്തുമ്പോള് അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ പുഞ്ചിരിയാക്കി മാറ്റിയ വ്യക്തിയെ സ്വാഭാവികതയോടെ അവതരിപ്പിച്ചിട്ടുണ്ട് ദുല്‍ഖര്‍.
വീട് വിട്ടോടുന്ന നായകന്, ബൈക്കില്‍ പറക്കുന്ന സഞ്ചാരി
ദുല്‍ഖറിന്റെ 20 ചിത്രങ്ങളെയും ചേര്ത്തുനോക്കുമ്പോള് ആവര്‍ത്തിക്കുന്ന ചില സമാനതകള്‍ കാണാം. കുടുംബാന്തരീക്ഷത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ കൂട് പറിച്ചെറിഞ്ഞ് പുറപ്പെട്ടുപോകുന്ന അസ്തിത്വവ്യഥയുള്ള നായകനെയാണ് ദുല്‍ഖര്‍ കൂടുതലായി അവതരിപ്പിച്ചത്. തന്നെ നിരന്തരം തേടുകയും ഏതോ ഒരു മുഹൂര്‍ത്തത്തില്‍ തിരികെപ്പിടിച്ച് മടങ്ങുന്നതുമായ നായകന്. കലിയില് തന്നോട് തന്നെ പൊരുതുകയും ആത്മനിയന്ത്രണത്തിന് പാടുപെടുകയും ചെയ്യുന്ന നായകനാണ് ദുല്‍ഖര്‍. കമ്മട്ടിപ്പാടത്തില്‍ അയാള്‍ മുംബെയില്‍ നിന്ന് തിരികെ വണ്ടികയറുന്നത് ഇടയ്ക്കെപ്പോഴോ നഷ്ടമായ തന്നെ വീണ്ടെടുക്കാനാണ്. പുറപ്പെട്ടുപോക്കില്‍ നിന്ന് തിരികെ വരവിലേക്കുള്ള മാറ്റം കമ്മട്ടിപ്പാടത്തിലുണ്ട്. ജോമോനിലും പലതും തിരികെ നേടാനുള്ള നാട് വിടലാണ് ഇതിവൃത്തം. പുറപ്പെട്ടുപോക്കിന്റെ പല കാലങ്ങളെയും പല തലങ്ങളെയും ഉസ്താദ് ഹോട്ടല്‍, എബിസിഡി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡേയ്സ്, ഞാന്‍, വിക്രമാദിത്യന്, ചാര്‍ലി എന്നീ സിനിമകള്‍ കാണിച്ചു തന്നു. സെക്കന്‍ഡ് ഷോ മുതല്‍ ചാര്‍ലി വരെ ദുല്‍ഖറിലെ നായകന്റെ ജീവിതയാത്ര ബൈക്കിലേറിയായിരുന്നു. ബൈക്കിലേറിയ നായകന് ദുല്‍ഖര്‍ ചിത്രങ്ങളും മിനിമല്‍ പോസ്റ്ററായിരുന്നു. ജോമോന്റെ സുവിശേഷങ്ങളിലും കോമ്രേഡ് ഇന്‍ അമേരിക്കയിലും സോളോയിലുമെല്ലാം ഈ പുറപ്പെട്ടുപോക്ക് ഉണ്ട്.
തുടക്കക്കാര്‍ക്കൊപ്പം തുഴ പിടിച്ച്
മലയാളത്തില്‍ ഏറ്റവുമധികം നവാഗത സംവിധായകര്‍ക്ക് അവസരമൊരുക്കിയ താരമായാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ദുല്‍ഖറും പിന്നിലല്ല. അഭിനയിച്ച 25 ചിത്രങ്ങളില്‍ എട്ട് സിനിമകളും തുടക്കക്കാരോടൊപ്പം ആണ്. ആദ്യചിത്രമായ സെക്കന്‍ഡ് ഷോയില്‍ ശ്രീനാഥ് രാജേന്ദ്രന്, രൂപേഷ് പീതാംബരന്(തീവ്രം), അഴകപ്പന്‍(പട്ടം പോലെ), ശരത് ഹരിദാസന്(സലാല മൊബൈല്‍സ്), ബാലാജി മോഹന്‍(സംസാരം ആരോഗ്യത്തിന് ഹാനികരം), ജനൂസ് മുഹമ്മദ് (100 ഡേയ്സ് ഓഫ് ലവ്) സൗബിന് ഷാഹിര്‍ പറവ,
യമണ്ടന്‍ പ്രണയകഥ(ബി സി നൗഫല്‍).
ബോളിവുഡിലും തെലുങ്കിലും തമിഴിലും ഇടമുറപ്പിച്ച്
വായ മൂടി പേശവും, ഓക്കെ കണ്മണി എന്നീ രണ്ട് ചിത്രങ്ങളാണ് ദുല്‍ഖര്‍ തമിഴില്‍ ചെയ്തത്. ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും വലിയ വിജയമായില്ല. മണിര്തനം ചിത്രമായ ഓകെ കണ്മണിയില് നായകനായ ദുല്‍ഖറിന് അമിതാബ് ബച്ചന് മുതല്‍ ഗൗതം വാസുദേവ മേനോന് വരെയുള്ളവരുടെ പ്രശംസ പിടിച്ചുവാങ്ങാനായി. സാവിത്രിയുടെ ജീവചരിത്ര സിനിമയായ മഹാനടിയില്‍ പ്രതിനായക ഭാവമുള്ള റോളായിരുന്നിട്ടും ജെമിനി ഗണേശനിലൂടെ ദുല്‍ഖറിന് തെലുങ്കിലും തമിഴിലും ഒരു പോലെ സ്വീകാര്യത വര്‍ധിപ്പിക്കാനായി. മലയാളത്തില്‍ നിന്നുള്ള യുവതാരങ്ങളില്‍ തെലുങ്കില്‍ നായകപദവിയിലൂടെ ജനപ്രിയത നേടാനായതും ദുല്‍ഖറിനാണ്. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന സിനിമയിലൂടെ തമിഴിലേക്ക്് നാലാമത്തെ ചിത്രവുമായി എത്തുകയാണ് ദുല്‍ഖര്‍. ഇര്ഫാന് ഖാനോടൊപ്പമുള്ള കര്വാന് ദുല്‍ഖറിന് ബോളിവുഡ് എന്‍ട്രിയാണ്. ബോളിവുഡിലും സോയാ ഫാക്ടര്‍ എന്ന ചിത്രവും ഡിക്യുവിന്റേതായി ഒരുങ്ങുന്നു. പൃഥ്വിരാജിന് ശേഷം ബോളിവുഡില്‍ മുന്‍നിര സംവിധായകര്‍ക്കൊപ്പം അവസരം ലഭിച്ച നടനുമാണ് ദുല്‍ഖര്‍. സോയാ ഫാക്ടര്‍ ബോളിവുഡ് ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കുമെന്ന പ്രതീക്ഷിക്കുന്ന റോം കോം ചിത്രം കൂടിയാണ്.
ബോക്സ് ഓഫീസിനും പ്രിയനായകന്
യുവതാരങ്ങളില്‍ ബോക്സ് ഓഫീസ് ഇനീഷ്യലില്‍ തുടര്‍ച്ചയായി റെക്കോര്‍ഡ് സ്വന്തമാക്കിയ താരമാണ് ദുല്‍ഖര്‍. ചാര്‍ലി, കലി, കമ്മട്ടിപ്പാടം എന്നീ ദുല്‍ഖര്‍ ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷന്‍ റിലീസ് വേളയില്‍ റെക്കോര്‍ഡ് ആയിരുന്നു. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ പ്രേക്ഷകരുടെ പ്രതീക്ഷ തുടര്‍ച്ചയായി നിലനിര്‍ത്തുന്നതും കഥാപാത്രങ്ങളിലെ വൈവിധ്യതയുമാണ് ദുല്‍ഖറിന് സ്വീകാര്യത വര്‍ധിപ്പിച്ചത്.
‘സ്വാധീനശേഷിയുള്ള യുവതാരം’
പരിമിതികള്‍ പുറത്തറിയിക്കുന്ന പ്രകടനമാണ് ആദ്യചിത്രങ്ങളില്‍ ദുല്‍ഖര്‍ സല്മാന് നടത്തിയിരുന്നത്. സെക്കന്‍ഡ് ഷോയില്‍ നിന്ന് കര്വാനിലെത്തുമ്പോള് തന്നിലെ പോരായ്മകളെ പരിഹരിച്ചുമുന്നേറുന്ന നടനെയാണ് ദുല്ഖറില് കാണാനാകുന്നത്. ജിക്യു മാഗസിന്റെ ഇന്ത്യയിലെ സ്വാധീനശേഷിയുള്ള യുവാക്കളുടെ പട്ടിക ഉണ്ടാക്കിയപ്പോള്‍ നാലാമനായി ദുല്‍ഖറും ഇടംപിടിച്ചു. വിരാട് കോഹ്ലിയെ പിന്നിലാക്കിയായിരുന്നു ദുല്‍ഖറിന്റെ നേട്ടം.