3.5/5

റൊമ്പ ദൂരം പോയിട്ടയാ റാം
ഉന്നെ എങ്കൈ വിട്ടയോ അങ്ക താന്‍ നിക്കറേന്‍…

കെ രാമചന്ദ്രന്‍ എന്ന റാമിന്റെയും എസ് ജാനകിയെന്ന ജാനുവിന്റെയും നഷ്ടങ്ങളില്‍ പെരുകുന്ന സങ്കടക്കടലിന്റെ ആഴമത്രയും ഈ ചോദ്യത്തിലും ഉത്തരത്തിലുമുണ്ട്.
96 എന്ന സിനിമയുടെ ഉള്‍പ്പൊരുളും ഈ സംഭാഷണമാണ്. പിടിച്ചിരുത്തുംവിധം ഹൃദ്യവും മനസിനെ ഉലയ്ക്കും വിധം കാവ്യാത്മകവുമാണ് സി പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച തമിഴ് ചിത്രം 96. പലവുരു സ്‌ക്രീനിലെത്തിയ പ്രമേയമായിരുന്നിട്ടും അത്രമേല്‍ സ്വാഭാവികവും സൂക്ഷ്മവുമായ രംഗാവിഷ്‌കാരത്തിലും, ഡീറ്റെയിലിംഗിലും, കഥ പറച്ചില്‍
രീതിയിലുമാണ് 96 സമീപകാലത്ത് പുറത്തുവന്ന മികച്ച തമിഴ് ചിത്രമാകുന്നത്. ജാനുവില്‍ നിന്നും റാമില്‍ നിന്നും അവരുടെ പ്രണയഭൂമികയില്‍ നിന്നും അടര്‍ത്തിമാറ്റാനാകാത്ത വിധം ലയിച്ചുനില്‍ക്കുന്ന സംഗീതം കൂടിയാണ് 96 എന്ന സിനിമ.

തഞ്ചാവൂരില്‍ നിന്നും, ചെന്നൈയില്‍ നിന്നും,  തിരികെ സഞ്ചരിക്കുന്തോറും മുറിവേല്‍പ്പിക്കുന്ന ഓര്‍മ്മകളില്‍ നിന്നുമൊക്കെ ഒളിച്ചോടിക്കൊണ്ടിരിക്കുന്നയാണ് കെ രാമചന്ദ്രന്‍.  അയാളെ പരിചയപ്പെടുത്തുന്ന പാട്ടില്‍ ട്രാവല്‍ ഫോട്ടോഗ്രാഫറും, ഫോട്ടോഗ്രഫി അധ്യാപകനുമായ രാമചന്ദ്രന്റെ ഏകാന്തജീവിതമാണ് നിറയുന്നത്. ഫോട്ടോഗ്രഫിക്ക് മാത്രമാണ് ജീവിതനിമിഷങ്ങളെ, കാലത്തെ തന്നെ ഫ്രീസ് ചെയ്യാനാകുകയെന്ന് അയാള്‍ വിദ്യാര്‍ത്ഥിയോട് പറയുന്നുണ്ട്. വീട് വീട്ട് നാട് ചുറ്റിയുള്ള ഫോട്ടോഗ്രഫി പോലും അയാളുടെ അതിജീവന ശ്രമമാണെന്ന് പിന്നീട് മനസിലാകും.  1996ല്‍, പതിനഞ്ചാം വയസ്സിലെ പ്രണയനഷ്ടത്തെയാണ് അയാള്‍ക്ക്‌ മറികടക്കാനാകാത്തത്. 9ാംക്ലാസില്‍ തുടങ്ങി പത്തിലെത്തുമ്പോള്‍ തീരുമാനത്തിലെത്തിച്ച ആദ്യ പ്രണയമാണ് എസ് ജാനകിയെന്ന ജാനു.

വിദ്യാര്‍ത്ഥി ഡ്രൈവറുടെ ദൗത്യം ഏറ്റെടുത്തുള്ള ചെന്നൈയിലേക്കുള്ള യാത്ര തഞ്ചാവൂരിലേക്ക് വഴിതിരിയുന്നിടത്താണ് നായകനെ ഫ്രീസ് ചെയ്ത് നിര്‍ത്തിയ കാലത്തേക്ക് സിനിമയുമെത്തുന്നത്. സിനിമാറ്റിക്കായി സംഭവിക്കുന്ന ആകസ്മികതകളെ സ്വാഭാവികമായി അനുഭവപ്പെടുത്തുന്നിടത്താണ് സി പ്രേംകുമാര്‍ എന്ന നവാഗത സംവിധായകനിലെ മികച്ച ക്രാഫ്റ്റ്മാന്റെ വിജയം. തുടക്കക്കാരായ സംവിധായകരില്‍ നിന്ന് അപൂര്‍വമായി മാത്രം സംഭവിക്കാറുള്ള രംഗാവിഷ്‌കാര പൂര്‍ണത 96ല്‍ കാണാം. രണ്ട് കാലങ്ങളിലൂടെ റാമിനും ജാനുവിനൊപ്പമുള്ള യാത്ര അനുഭവഭേദ്യമാകുന്നതും അതിനാലാണ്. തഞ്ചാവൂരെന്ന സ്വന്തം ഊരിലൂടെയുള്ള യാത്രയില്‍ ആരെയും കാണാതെ ആരോടും മിണ്ടാതെ പോകാനാണ് അയാള്‍ ശ്രമിക്കുന്നത്.  വിട്ടുപോകാനാത്ത ഓര്‍മ്മകള്‍ പിന്നിലേക്ക് വലിക്കുകയാണ്. അതുവരെ കണ്ട റാമില്‍ നിന്ന് പതിനഞ്ചുകാരാനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി കെ രാമചന്ദ്രനിലേക്ക്. എത്ര സൂക്ഷ്മമായാണ് പ്രേംകുമാറിന്റെ കഥാപാത്രനിര്‍മ്മിതിയെന്ന് ബോധ്യപ്പെടുത്തുന്ന രംഗമാണ് തുടര്‍ന്നുള്ളത്. വിജയ് സേതുപതിയുടെ രാമചന്ദ്രന്‍ സ്‌കൂള്‍ മുറ്റത്തേക്ക് അവിടെ നിന്ന് തടിഗോവണി കയറി താന്‍ പഠിച്ച ക്ലാസിലേക്ക് പോകുന്ന രംഗങ്ങള്‍ നോക്കുക, 22 വര്‍ഷങ്ങള്‍ പിന്നിലേക്ക് പോകുമ്പോള്‍, അന്ന് ആ സ്‌കൂള്‍ വിട്ടുപോയ വിദ്യാര്‍ത്ഥിയുടെ ചലനങ്ങള്‍, ശരീരഭാഷ അയാളില്‍ കയറിവരികയാണ്. ഗോവണിയുടെ തടിമുഴയില്‍ തഴുകി കിതച്ച് കയറുന്ന രംഗം റിയല്‍ ടൈം ചിത്രീകരണത്തിലൂടെ അത്രമേല്‍ സ്വാഭാവികമായി സംഭവിക്കുകയാണ്.   രാമചന്ദ്രനില്‍ ആ സ്‌കൂള്‍ അവശേഷിപ്പിക്കുന്ന ഓര്‍മ്മകള്‍ എന്താണെന്ന് തുടക്കത്തില്‍ വിശദീകരിക്കുന്നില്ല. സാവകാശം അയാളുടെ ഫോണ്‍
വിളികളിലൂടെ, വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെ, 96 ബാച്ച് റീ യൂണിയന്‍ ശ്രമങ്ങളിലൂടെ വിട്ടുപോയതെന്തോ ചേര്‍ത്തുകൊണ്ടുവരികയാണ്. ഉള്‍വലിവുള്ള, പ്രണയിനിയിയോട് തുറന്ന് സംസാരിക്കാന്‍ വിമുഖതയുള്ള റാം സ്‌കൂളിലെത്തുമ്പോള്‍ പ്രേക്ഷകരോടും ഒന്നും
വെളിപ്പെടുത്തുന്നില്ല. സ്‌കൂള്‍ മുറ്റത്തെത്തിയ നിമിഷം മുതല്‍
തടി ഗോവണിയിലൂടെ, വാട്ടര്‍ ടാപ്പിലൂടെ, ക്ലാസിലെ ബഞ്ചിലൂടെ, റീ യൂണിയന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ അതിസാധാരണമായ ഗൃഹാതുര നിമിഷങ്ങളില്‍ മുഴുകുകയാണ് അയാള്‍.
സഹപാഠികളും സുഹൃത്തുക്കളുമായ മുരളിയും സുഭാഷിണിയും കഥയിലേക്ക് പ്രവേശിക്കുമ്പോഴാണ് അവര്‍ക്കൊപ്പം ജാനുവിനെയും സംവിധായന്‍ പരിചയപ്പെടുത്തുന്നത്. അസ്വാഭാവികമായി ഗൃഹാതുരതയെ നിര്‍മ്മിച്ചെടുക്കാതെ ആവിഷ്‌കാര കൗശലത്തിനൊപ്പം പ്രേംകുമാര്‍ 1996 ബാച്ചിലേക്ക് സഞ്ചരിക്കുകയാണ്.

സഫലീകരിക്കപ്പെടാത്ത പ്രണയവും കാലങ്ങള്‍ക്കിപ്പുറമുള്ള യാദൃശ്ചികമായ പുനസമാഗമവും പലകുറി വന്ന് പോയ പ്രമേയമാണ്. റിച്ചാര്‍ഡ് ലിങ്കലറ്ററുടെ ബിഫോര്‍ ട്രിലജിയിലെ ബിഫോര്‍ സണ്‍സെറ്റും , മലയാളത്തില്‍ പുറത്തുവന്ന കമല്‍ ചിത്രം മേഘമല്‍ഹാറും, എംടിയുടെ വാനപ്രസ്ഥം ഉപജീവിച്ചൊരുക്കിയ തീര്‍ത്ഥാടനവും ഈ പ്രമേയത്തിന്റെ പലവിധ ആഖ്യാനങ്ങളായിരുന്നു.

ജാനുവിന്റെ വരവോടെയാണ് സിനിമ 96 കാലഘട്ടത്തില്‍ കേന്ദ്രീകരിക്കുന്നത്. വിജയ് സേതുപതിയും ത്രിഷയും കഥാപാത്രങ്ങളായ രാമചന്ദ്രനും ജാനകിയും 96ലേക്ക് കടക്കുമ്പോള്‍ ആദിത്യ ഭാസ്‌കറും ഗൗരി ജി കൃഷ്ണനുമാണ്. സമീപകാലത്ത് കണ്ട ഏറ്റവും മനോഹരമായ പീരിഡ് ചിത്രീകരണമാണ് തുടര്‍ന്നങ്ങോട്ട്. കളര്‍ടോണിലും ആര്‍ട്ട് ക്രമീകരണങ്ങളിലുമായി 22 വര്‍ഷം മുമ്പുള്ള കാലഘട്ടത്തെ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കാതെ ആ കാലയളവിനെ വിശ്വസനീയവും ഹൃദ്യവുമായി അനുഭവപ്പെടുത്താനാണ് സംവിധായന്‍ ശ്രമിച്ചിരിക്കുന്നത്.

ഇവിടെ കൗമാരക്കാരനായ രാമചന്ദ്രന്റെ ശബ്ദത്തിലുള്ള നരേഷന്‍ സംവിധായകന്‍ സ്വീകരിച്ച മികച്ച തീരുമാനമാണ്. ആ കാലത്തെയും ജാനുവിനെയും 15 കാരനായ രാമിനോളം മനോഹരമായി മറ്റൊരാള്‍ക്കും പറഞ്ഞുതരാനാകില്ലെന്ന് മനസിലാകും. തിരികെയെത്തേണ്ടത് അവിടെ തുടങ്ങുന്ന നഷ്ടത്തിലേക്കാണെന്നും ഒടുവില്‍ ബോധ്യപ്പെടും.
വിജയ് സേതുപതിയിലും ത്രിഷയിലുമായി കാലമെത്തിച്ചേരുമ്പോഴും കാഴ്ചയില്‍ നീറ്റലും നോവുമായി സംവിധായകന്‍ നിലനിര്‍ത്തുന്നത് കൗമാരക്കാരായ ജാനുവിനെയും രാമചന്ദ്രനെയുമാണ്. അന്ന് മുതല്‍ക്കുള്ള അവരുടെ നഷ്ടങ്ങളിലാണ്.

ഇത്തരമൊരു ഇതിവൃത്തത്തില്‍ കഥ പറഞ്ഞുപോകുമ്പോള്‍ ആവര്‍ത്തിക്കപ്പെടുന്ന മെലോഡ്രമാറ്റിക് ആയ മുഹൂര്‍ത്തങ്ങളെ അതിവിദഗ്ധമായി മറികടക്കുന്ന ആവിഷ്‌കാര കൗശലം സംവിധായകന്റെ ഭാഗത്ത് നിന്ന് കാണാം. റാമിനും ജാനുവിനും എവിടെ വച്ചാണ് വഴി പിരിയേണ്ടി വന്നത് എന്ന് വിശദീകരിക്കുന്ന രംഗം (സ്‌കൂള്‍ വിട്ടുപോകുന്ന സാഹചര്യം), പിന്നീട് കോളേജില്‍ ജാനുവിനെ കാണാനെത്തുന്ന രംഗം, രാം ആവശ്യപ്പെടാതിരുന്നതിനാല്‍ അതുവരെ പാടാത്ത പ്രിയഗാനം തുടങ്ങിയ രംഗങ്ങളിലൊക്കെ മെലോഡ്രമാറ്റിക് മൂഡിലേക്കുള്ള ഷിഫ്റ്റിന്
കഥാപാത്രങ്ങളില്‍ നിന്നുള്ള സ്വാഭാവിക പ്രതികരണങ്ങളിലൂടെ, മൂന്നാമതൊരു കഥാപാത്രത്തിന്റെ ഇടപെടലിലൂടെ മറികടക്കുന്നു സംവിധായകന്‍. അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വൈകാരിക സംഘര്‍ഷങ്ങളില്‍ പ്രേക്ഷകരെ നിര്‍ത്തി നിര്‍ണായക രംഗങ്ങളെ കൂടുതല്‍ വിശ്വസനീയമാക്കുകയാണ് സംവിധായകന്‍.

കഥാപാത്ര നിര്‍മ്മിതിയിലെയും കാസ്റ്റിംഗിലെയും മികവ് എടുത്തുപറയേണ്ടി വരും. സമാന പ്രമേയമുള്ള സിനിമകളില്‍ കാരക്ടര്‍ റോളിലെത്തുന്ന സഹപാഠി/ സുഹൃത്ത് കഥാപാത്രങ്ങള്‍ക്ക് നായികാനായകന്‍മാരെ കേന്ദ്രീകരിച്ചുള്ള സ്‌കൂള്‍ കാലഘട്ടം വിശദീകരിക്കലും അവരുടെ ബന്ധത്തിന്റെ തീവ്രത അനുഭവപ്പെടുത്തലുമായിരിക്കും ദൗത്യം. 96ലെ സുഭാഷിണിയെയും മുരളിയെയും  അവതരിപ്പിച്ചിരിക്കുന്നത് കൃത്യമായ സ്വഭാവ വിശദാംശങ്ങളിലൂടെയാണ്. ജാനുവിന് മുന്നിലെത്തുമ്പോഴുള്ള റാമിന്റെ ഉള്‍വലിവിനെ മനസിലാക്കി ഇടപെടുന്ന സുഭാഷിണിയും മുരളിയും റീ യൂണിയന്‍ കാലത്ത് അവരുടെ പ്രണയത്തില്‍ ഇടപെടുന്നത് എത്ര സ്വാഭാവികമായാണ്. സെമി റിയലിസ്റ്റിക് അവതരണത്തില്‍ നിന്നും സിനിമാറ്റിക് റിയലിസത്തിലേക്ക് തന്നെയാണ് സംവിധായകന്‍ കടക്കുന്നത്. പ്രണയ നഷ്ടത്തിന്റെയും വിരഹത്തിന്റെയും തീവ്രമുഹൂര്‍ത്തങ്ങളില്‍ നിന്ന് സ്വാഭാവിക ഹാസ്യത്തിലേക്ക് ജംപ് ചെയ്യുന്നുണ്ട് സിനിമ. ഈ ചാട്ടത്തിന് കൂടി സഹായകമാകും വിധമാണ് സുഭാഷിണിയുടെയും മുരളിയുടെയും കഥാപാത്രസൃഷ്ടി.

മ്യൂസിക്കല്‍ ലവ് സ്റ്റോറി കൂടെയാണ് 96. സിനിമയുടെ ട്രെയിലറിനെക്കാള്‍ ചിത്രത്തിനുള്ള കാത്തിരിപ്പ് സൃഷ്ടിച്ചത് ഗോവിന്ദ് വസന്തയുടെ കാതലേ എന്ന ഗാനമായിരുന്നു. ഗോവിന്ദിന്റെ പാട്ടുകള്‍ ജാനുവിന്റെയും റാമിന്റെയും പ്രണയത്തിന് ശ്വാസവേഗമാകുന്നുണ്ട്. അത്ര തന്നെ നിര്‍ണായകമാണ് ഗോവിന്ദിന്റെ പശ്ചാത്തല സംഗീതം. രാമിന്റെയും ജാനുവിന്റെ മൗനത്തെ, അയാളിലെ ഏകാന്തതയെ, ഉള്‍വലിവുകളെ, 22 വര്‍ഷങ്ങളെ ചുരുക്കിയെടുക്കുന്ന പ്രണയതീവ്രതയെ ഒക്കെ ഉപകരണ സംഗീതത്തിന്റെ വൈവിധ്യതയില്‍ വൈകാരിക തീവ്രമാക്കുന്നുണ്ട് ഗോവിന്ദ്. തിരക്കഥയില്‍ വിട്ടുപോയത് പൂരിപ്പിച്ചെടുക്കുംവിധമാണ് ഗാനങ്ങളുടെ വരികളും.

ഇളയരാജയുടെ ഗാനങ്ങള്‍ പാടുന്ന ജാനുവിലൂടെ വിന്റേജ് ഇളയരാജ, ഗൃഹാതുര അനുഭവമാകുമ്പോള്‍ ഇസൈജ്ഞാനിക്കുള്ള ഹൃദയാദരമാകുന്നുണ്ട് ഗോവിന്ദ് ഒരുക്കിയ ഗാനങ്ങള്‍. ടീനേജ് കാലഘട്ടത്തില്‍ ജാനു-റാം പ്രണയത്തെ ജാനു പാടുന്ന രാജയുടെ പാട്ടുകളിലൂടെ സംവിധായകന്‍ തീക്ഷ്ണമാക്കി നിലനിര്‍ത്തുമ്പോള്‍ അവരുടെ പ്രണയഭൂമികയെ വളര്‍ത്തിയെടുക്കുന്നത് ഗോവിന്ദിന്റെ പാട്ടുകളാണ്. വസന്തകാലങ്കള്‍, ഇരവിങ്ങു തീവായി തുടങ്ങിയ പാട്ടുകള്‍ എടുത്തുപറയേണ്ടതുമാണ്.

96ലെ വര്‍ത്തമാന കാലം കൂടുതലും രാത്രിയിലാണ്.  രണ്ട് കാലങ്ങളിലായി ഷണ്‍മുഖ സുന്ദരത്തിന്റെ ക്യാമറ രാമിന്റെയും ജാനുവിന്റെയും പ്രണയലോകത്തെ മനോഹരമായി പകര്‍ത്തിയിട്ടുണ്ട്.  പ്രധാനമായും ജാനു-റാം എന്നീ കഥാപാത്രങ്ങളിലേക്ക്, അവരുടെ കാഴ്ചകളിലാണ് ഫ്രെയിമുകള്‍ ഏറെയും.

രണ്ടാം പകുതി പിന്നിടുമ്പോള്‍ സദാചാര സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമെന്ന് വ്യാഖ്യാനിക്കുന്ന ബന്ധമായതിനാല്‍ ആവും കൈകള്‍ കോര്‍ത്തുപിടിക്കുന്നതില്‍ നിന്നും, ആലിംഗനത്തിലേക്കുള്ള ശ്രമങ്ങളില്‍ നിന്നുമൊക്കെ റാമിനെയും ജാനുവിനെയും വിലക്കാന്‍ സംവിധായകന്‍ ശ്രദ്ധ പതിപ്പിച്ചത് പോലെ തോന്നുന്നു. കഥാപാത്രങ്ങളില്‍ നിന്നുള്ള സ്വാഭാവിക നീക്കങ്ങളല്ല, അരുതെന്ന് പ്രഖ്യാപിച്ചുള്ള സംവിധായകന്റെ ഇടപെടലുകളാണ് ഇതെന്ന്  കാഴ്ചയില്‍ തോന്നി.  അവസാന രംഗങ്ങളിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകരെ വൈകാരിക സംഘര്‍ഷങ്ങളില്‍ അടിപ്പെടുത്തി നീങ്ങാനാകുന്നുണ്ട് സംവിധായകന്.

പ്രവചനാത്മകമായിരുന്നിട്ടും റാമിന്റെയും ജാനുവിന്റെയും പ്രണയത്തിനൊപ്പം അത് സഫലീകരിക്കുമെന്ന പ്രതീക്ഷയില്‍ പ്രേക്ഷകരെ മുന്നോട്ട് കൊണ്ടുപോവുകയാണ്
അടരുകളിലൂടെ പോകുമ്പോള്‍ ആ പ്രണയത്തെ സാര്‍ത്ഥമാക്കുകയാണ് സിനിമ. റാം അടച്ചുവയ്ക്കുന്ന ഓര്‍മ്മപ്പെട്ടിയില്‍, അയാളുടെ സൂക്ഷിപ്പുകളില്‍ ആ പ്രണയം ഉടയാതെയുണ്ട്.

15 കാരനായ കെ രാമചന്ദ്രനെ, പ്രണയത്തിലെ അയാളുടെ ഉള്‍വലിവുകളെ അനുഭവപ്പെടുത്തുകയാണ് വിജയ് സേതുപതി. അകമേ നീറുന്ന മനുഷ്യനെ, അയാളുടെ ഒറ്റപ്പെടലുകളെയും ഒളിച്ചോട്ടങ്ങളെയും ഉയിരിലും ഉടലിലും പേറിയിരിക്കുന്നു. ശ്വാസഗതിയില്‍ പോലും കെ രാമചന്ദ്രന്റെ കഥാപാത്രത്തിന്റെ നിസംഗതയും നൈരാശ്യവുമൊക്കെ അനുഭവപ്പെടുന്നുണ്ട്.
എന്ത് കൊണ്ട് തമിഴില്‍ നല്ല സിനിമകള്‍ സംഭവിക്കുന്നുവെന്നതിന് വിജയ് സേതുപതി എന്ന നടന്റെ തെരഞ്ഞെടുപ്പുകള്‍ കൂടിയാണ് ഉത്തരം.

വിണ്ണൈത്താണ്ടി വരുവായയിലെ ജെസ്സി എന്ന നഷ്ടനായികയെ ഓര്‍മ്മയില്‍ നിന്ന് മായ്ച്ച് കളഞ്ഞ് കൊണ്ട് ജാനകിയെന്ന ജാനുവിനെ പ്രകടനം കൊണ്ട് മുന്നിലേക്ക് നിര്‍ത്തുന്നു ത്രിഷ. ത്രിഷയുടെ കരിയര്‍ ബെസ്റ്റ് റോളുകളില്‍ ഉള്‍പ്പെടുത്താം ജാനുവിനെ. പ്രേക്ഷകര്‍ ആദ്യ അരമണിക്കൂറില്‍ പരിചയപ്പെടുത്തതും ഉള്ളില്‍ പതിപ്പിച്ചതും 15കാരിയായ ജാനകിയെയാണ്. ഭാവതലങ്ങളില്‍ ആ ജാനകിയുടെ തുടര്‍ച്ചയാകുന്നുണ്ട് ത്രിഷ. മൗനങ്ങളിലൂടെ, കണ്ണുകളിലൂടെ റാമിനോട് സംസാരിക്കുന്ന ജാനകിയെ കൂടെയാണ് ത്രിഷ മനോഹരമാക്കിയത്.

ടീനേജ് റാം-ജാനു ജോഡികളായ ആദിത്യ ഭാസ്‌കറും ഗൗരി കൃഷ്ണയും അതിഗംഭീര കാസ്റ്റിംഗ് ആണ്. ഈ രണ്ട് അഭിനേതാക്കളുടെ പ്രകടനമികവ് വിജയ് സേതുപതി-ത്രിഷാ പ്രകടനത്തിനും സഹായകമാകുന്നുണ്ട്.  മുരളിയുടെ റോളിലെത്തിയ ഭഗവതി പെരുമാളും സുഭാഷിണിയെ അവതരിപ്പിച്ച ദിവ്യദര്‍ശിനിയും നിര്‍ണായകമായ തങ്ങളുടെ റോളുകളെ ഭാവഭദ്രമാക്കിയിട്ടുണ്ട്. ഇവരുടെ കൗമാരകാലം അവതരിപ്പിച്ച താരങ്ങളും ഗംഭീരമാക്കിയിട്ടുണ്ട്.

പുതുസങ്കേതങ്ങളിലൂടെ കഥ പറച്ചിലിനെ ആകര്‍ഷകമാക്കുന്ന കാര്യത്തില്‍ തമിഴ് സിനിമയുടെ മുന്നേറ്റം അടയാളപ്പെടുത്തുന്ന സൃഷ്ടികള്‍ക്കൊപ്പമാണ് 96ന് ഇടം.
1996ല്‍ റാമിന്റെ പടപടാ മിടിക്കുന്ന നെഞ്ചിനടുത്തേക്ക് ജാനു ചെവി ചേര്‍ക്കുമ്പോള്‍ ചിരിയാണ് ഉയരുന്നതെങ്കില്‍ കഥ പറയുന്ന കാലത്തെത്തുമ്പോള്‍ പ്രണയത്തിന്റെ, പ്രണയ നഷ്ടത്തിന്റെ, നൈരാശ്യത്തിന്റെയും നിസഹായതയുടെ മിടിപ്പുകളായി അത് മാറുന്നുണ്ട്. സി പ്രേംകുമാര്‍ എന്ന സംവിധായകന്റെയും 96 എന്ന സിനിമയുടെയും വിജയവും അതാണ്.