4/5

ശ്രീറാം രാഘവന്‍, മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഈ സംവിധായകന്റെ പേര് തെളിയുന്ന സിനിമയെത്തുന്നത്. പതിനാല് വര്‍ഷത്തിനിടയില്‍ അഞ്ച് സിനിമകള്‍ മാത്രമൊരുക്കിയിട്ടുള്ള
ചലച്ചിത്രകാരന്‍. ബോളിവുഡിന്റെയും നമ്മുടെ വാണിജ്യ സിനിമകളുടെയും ശീലപ്പഴമകളെ പൂര്‍ണതോതില്‍ വിട്ട് സഞ്ചരിച്ചവയാണ് ആ സിനിമകളെല്ലാം. നിരാശ തീര്‍ത്ത ഏജന്റ് വിനോദ് പോലും ശ്രീറാമിന്റെ ആവിഷ്‌കാരമിടുക്കിനെ അടയാളപ്പെടുത്തിയിട്ടുണ്ട്. ത്രില്ലറുകളുടെ ആഖ്യാനരീതിയില്‍ നിരന്തരം പരീക്ഷണങ്ങള്‍ക്ക് മുതിരുന്ന, സിഗ്നേച്ചര്‍ ശൈലി കൈവിടാത്ത ബോളിവുഡിന്റെ മാസ്റ്ററുടെ പുതിയ ചിത്രമാണ് അന്ധാധുന്‍. സംഗീതവും ബ്ലാക്ക് ഹ്യൂമറും സമന്വയിപ്പിച്ചുള്ള ത്രില്ലര്‍. ദ പിയാനോ ട്യൂണര്‍ എന്ന ഫ്രഞ്ച് ഹ്രസ്വചിത്രത്തെ ഉപജീവിച്ചാണ് സിനിമ. ഫ്രഞ്ച്-കൊറിയന്‍ സിനിമകളുടെ സ്വാധീനം വയലന്‍സ് ചിത്രീകരണത്തിലും കഥാപാത്രനിര്‍മ്മിതിയിലും ശ്രീരാം നേരത്തെയും പിന്തുടര്‍ന്നിട്ടുണ്ട്. പിയാനോയിലൂടെ പായുന്ന വിരലുകള്‍ അന്തരീക്ഷത്തില്‍ മാസ്മരിക സംഗീതം നിറയ്ക്കുന്ന അതേ ഇടത്തില്‍ തോക്കുകളുടെ വന്യസംഗീതം സൃഷ്ടിച്ചുള്ള ശ്രീറാമിന്റെ രംഗവിന്യാസപാടവം ഏജന്റ് വിനോദിലെ ഗാനരംഗത്തിലുണ്ട്. ആ രംഗം ഓര്‍മ്മപ്പെടുത്തുംവിധമാണ് സിനിമയിലെ അന്ധാധുനിലെ ചില സീനുകള്‍.

ഓപ്പണിംഗ് സീന്‍ മിസ് ചെയ്യരുതെന്ന ശ്രീറാമിന്റെ പതിവ് മുന്നറിയിപ്പ് ഈ സിനിമയിലും പാലിക്കേണ്ടി വരും. കഥയുടെ ആകെത്തുകയെക്കുറിച്ച്, താളക്രമത്തെക്കുറിച്ച് കുറിച്ചുള്ള കൃത്യമായ സൂചന ആയിരുന്നുവെന്ന് സിനിമ തീരുമ്പോള്‍ മാത്രം പിടികിട്ടുന്നൊരു രസികന്‍ രംഗത്തിലാണ് അന്ധാധുന്‍ ആരംഭിക്കുന്നത്. പിന്നെയങ്ങോട്ട് അതിസാധാരണ കഥാന്തരീക്ഷത്തിലേക്കുള്ള ക്ഷണം. സാധാരണക്കാരായ കഥാപാത്രങ്ങളിലേക്കും പ്രവേശിക്കുന്നു. ആകസ്മികതകളിലേക്കും അപ്രതീക്ഷിതത്വത്തിലേക്കും അസാധാരണ തലത്തിലേക്കുള്ള ടേണ്‍ ആണ് പിന്നീട്. ആകാശ് ആണ് ആയുഷ്മാന്‍ ഖുരാനയുടെ കഥാപാത്രം. പിയാനിസ്റ്റും ഗായകനുമാണ് ആകാശ്. അപ്രതീക്ഷിതമായുണ്ടായ അപകടം പൂനയിലെ കുടുസുമുറി ജീവിതത്തില്‍ നിന്ന് റസ്റ്റോറന്റിലെ പ്രധാന പിയാനിസ്റ്റായി മാറാന്‍ ആകാശിന് അവസരമാകുന്നു. ആ അവസരം അയാളുടെ തുടര്‍ജീവിതത്തിന്റെ താളം മാറ്റി മറിക്കുന്നു.

മന്ദതാളത്തില്‍, റിയലിസ്റ്റിക് പരിസരത്ത് നിന്നാണ് അന്ധാധുന്‍ തുടങ്ങുന്നത്. അനില്‍ ധവാന്‍ അവതരിപ്പിക്കുന്ന പ്രമോദ് സിന്‍ഹയെന്ന ആദ്യകാല സൂപ്പര്‍താരം. പേരിലും കഥാപാത്ര നിര്‍മ്മിതിയിലും മറ്റൊരാളാണെങ്കിലും ധവാന്റെ ഹിറ്റ് സിനിമാ ശകലങ്ങളും, ഗാനരംഗങ്ങളും സ്വീകാര്യതയും തന്നെയാണ് പ്രമോദ് സിന്‍ഹയെ വിശ്വസനീയമാക്കാന്‍ ശ്രീറാം ഉപയോഗിക്കുന്നത്. ബോളിവുഡിന്റെ തിരക്കുകളില്‍ ഉള്‍പ്പെടാതെ പൂനയിലെ ഫ്‌ളാറ്റില്‍ ഭാര്യ സിമി സിന്‍ഹയുമൊത്ത് റിട്ടയേര്‍ഡ് ജീവിതത്തിലാണ് പ്രമോദ് സിന്‍ഹ. തബുവാണ് സിമി സിന്‍ഹയുടെ റോളില്‍. ശ്രീരാം രാഘവന്‍ ട്രയിലര്‍ പുറത്തുവന്ന ഘട്ടത്തില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ അന്ധാധുനിലെ തബുവിന്റെ റോളിനെക്കുറിച്ച് പറയുന്നുണ്ട്. ഫീഡ് ബാക്ക് ലഭിക്കാനായി രാധികാ ആപ്‌തേയോട് സിനിമയുടെ കഥ പറഞ്ഞു, ആ ഘട്ടത്തില്‍ അവര്‍ ആദ്യം ചോദ്യം സിമിയുടെ റോളില്‍ ആരാണെന്നാണ്?. ആ റോള്‍ തബുവിന്‍ മനസില്‍ കണ്ടാണ് ചെയ്തതെന്നായിരുന്നു ശ്രീറാമിന്റെ മറുപടി. തബുവിന് എന്തെങ്കിലും തരത്തില്‍ വിസമ്മതം ഉണ്ടായാല്‍ താന്‍ ആ റോള്‍ ചെയ്യാമെന്ന് ഹുമാ ഖുറേഷി പറഞ്ഞതായും ശ്രീറാം പറയുന്നുണ്ട്. പക്ഷേ അന്ധാധുന്‍ കണ്ടിറങ്ങിയാല്‍ തബുവിന് പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാനാകില്ല സിമി സിന്‍ഹയില്‍.

പ്രതാപകാലത്തെ അയവിറക്കി സമയം ചെലവഴിക്കുകയാണ് പ്രമോദ് സിന്‍ഹ. ഗാനരംഗങ്ങളിലും ഹാസ്യരംഗങ്ങളിലും പ്രണയ രംഗങ്ങളിലുമുള്ള തന്റെ പ്രകടനം ടെലിവിഷനിലൂടെ വീണ്ടും വീണ്ടും ആസ്വദിച്ചുള്ള ജീവിതം. അടുക്കളയില്‍ ഞണ്ടിനെ പാകം ചെയ്യുന്നൊരു മുഹൂര്‍ത്തത്തില്‍ അപ്രതീക്ഷിതമായ കോപാകുലയായി വിറയ്ക്കുന്ന സിമി സിന്‍ഹയെ ആദ്യ സീനുകളില്‍ കാണിക്കുന്നുണ്ട്. അതൊരു തമാശയായിരുന്നുവെന്ന് അടുത്ത നിമിഷം മനസിലാകും. സിമിയുടെ മുഖത്ത് അത്തരമൊരു രൗദ്രത പിന്നീടൊരു ഘട്ടത്തിലും നമ്മള്‍ കാണുന്നില്ല. പ്രവൃത്തിയില്‍ വന്യതയും രൗദ്രതയുമൊക്കെ സംഭവിക്കുമ്പോഴും അവര്‍ ശാന്തയും പ്രസന്നവതിയുമാണ്. ഈയൊരു വൈരുദ്ധ്യവും അപ്രതീക്ഷിതത്വവും ശ്രീറാമിന്റെ ആഖ്യാന ഘടനയിലുമുണ്ട്. നായകന്‍-പ്രതിനായകന്‍ ടെംപ്ലേറ്റുകളില്ലാതെ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്ന മനുഷ്യരെ പല വിധങ്ങളിലായും തലങ്ങളിലായും കാട്ടുകയാണ് മുന്‍പെന്നത് പോലെ സംവിധായകന്‍. ബദ്‌ലാപൂരില്‍ വരുണ്‍ ധവാന്റെ കഥാപാത്രത്തിന്റെ പ്രതികാരത്തോട് ഐക്യപ്പെടുമ്പോഴും അയാളില്‍ നിന്നുള്ള എല്ലാ പ്രവൃത്തികള്‍ക്കും കൂട്ടുനില്‍ക്കാനാകുമായിരുന്നില്ല പ്രേക്ഷകര്‍ക്ക്. ഇവിടെ അത്തരമൊരു സെമി റിയലിസ്റ്റിക് പ്രതലം ഇല്ലെങ്കില്‍ പോലും ആകാശിനോട് മാത്രമായൊരു കൂറ് പുലര്‍ത്താന്‍ സംവിധായകന്‍ ആവശ്യപ്പെടുന്നില്ല.

സ്പൂഫും ബ്ലാക്ക് ഹ്യൂമറും മ്യൂസിക്കല്‍ ത്രില്ലറുമൊക്കെയായുള്ള നിറഭേദങ്ങളിലാണ് അന്ധാധുനിന്റെ കഥ പറച്ചില്‍. വൈരുദ്ധ്യങ്ങളില്‍ നിന്ന്, ഏറ്റവും വിശ്വസനീയ സാഹചര്യത്തില്‍ നിന്ന് അവിശ്വസനീയവും യുക്തിശൂന്യവുമായ ഒരു സംഭവം സൃഷ്ടിക്കുക. അതിനെ വിശ്വസിപ്പിച്ചെടുക്കുക എന്ന ആയാസകരമായ ദൗത്യത്തിലാണ് ശ്രീറാം വിജയിച്ച് മുന്നേറുന്നത്.  ്‌സിന്‍ഹയുടെ വീട്ടിലേക്ക് പ്രൈവറ്റ് കണ്‍സര്‍ട്ടിനായി ആകാശ് എത്തുന്ന രംഗം. അവിടെ തുടങ്ങുന്ന ട്വിസ്റ്റ് അവസാനിക്കുന്നത് എന്‍ഡ് ക്രെഡിറ്റിനൊപ്പമാണ്. ആകാശ് കണ്‍സര്‍ട്ടിന് എത്തുന്നതിന് തൊട്ടുമുമ്പ് അയാളെ കുറിച്ചുള്ള ഒരു വസ്തുത പ്രേക്ഷകരും തിരിച്ചറിയുന്നുണ്ട്.

ആകാശ് തന്നെ ആര്‍ട്ടിസ്റ്റ് എന്ന് പരിചയപ്പെടുത്തിയത് എത്രമാത്രം വിശ്വാസയോഗ്യമാണെന്ന് മനസിലാക്കുന്ന രംഗമാണ് അയാളുടെ പിയാനോ വായനയ്ക്ക് സമാന്തരമായി ഒരു കൊലപാതകത്തെ മറച്ചുവയ്ക്കാനും മൃതദേഹം മറവ് ചെയ്യാനുമായി നടത്തുന്ന നീക്കങ്ങള്‍ക്ക് മുന്നിലുള്ള പ്രകടനം. പിന്നീട് ആലോചിക്കുമ്പോള്‍ അസംബന്ധ നാടകമെന്ന് തോന്നുന്ന സംഭവങ്ങളുടെ ഘോഷയാത്ര തന്നെ അരങ്ങേറുമ്പോള്‍ അതിലൊന്നും യുക്തിയോ, വിശ്വാസ്യതയോ തെരയാന്‍ സമയം കിട്ടാതെ ത്രസിപ്പിച്ചും രസിപ്പിച്ചുമിരുത്തുകയാണ് ശ്രീറാം രാഘവന്‍. പ്രേക്ഷകര്‍ മനസിലാക്കിയ ആ വസ്തുതയെ കേന്ദ്രീകരിച്ചാണ് സ്വകാര്യ കണ്‍സര്‍ട്ടിനിടെ അരങ്ങേറുന്ന സംഭവങ്ങള്‍. അന്ധനായ പിയാനിസ്റ്റ് ആകാശ്, റസ്‌റ്റോറന്റ് ഉടമയുടെ മകള്‍ സോഫി, ഇന്നലെകളുടെ സൂപ്പര്‍താരം പ്രമോദ് സിന്‍ഹ അയാളുടെ ഭാര്യ സിമി സിന്‍ഹ എന്നിവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും സിനിമ. നായകനെയോ നായികയെ പ്രതിനായകനെയോ അല്ല മനുഷ്യന്‍ നായകനും പ്രതിനായകനുമായി ജീവിതത്തില്‍ മാറിമറിയുന്ന സമയങ്ങളെ സര്‍ഗാത്മകമായി ഉപയോഗപ്പെടുത്തുകാണ് ഇക്കുറിയും ശ്രീറാം രാഘവന്‍. സീന്‍ കൊറിയോഗ്രഫിയിലെ മിടുക്ക് തന്നെയാണ് എടുത്തുപറയാനുള്ളത്. ആകാശ് ഫ്‌ളാറ്റിലെത്തുന്ന രംഗം തന്നെ എടുക്കുക, സംഭാഷണങ്ങളെ പൂര്‍ണമായും ഉപേക്ഷിച്ച്, പിയാനോയുടെ സംഗീത പശ്ചാത്തലത്തിനൊത്ത് ഒരു നിശബ്ദ സിനിമയിലെന്ന പോലെയാണ് ആ സീന്‍. ആകാശിന്റെ പിയാനോ കണ്‍സര്‍ട്ട് പുരോഗമിക്കുമ്പോള്‍ ഫ്രെയിമില്‍ ഒരു കോണില്‍ തളം കെട്ടിയ രക്തം ശ്രദ്ധയിലെത്തുന്നു. അവിടെ നിന്ന് മൃതദേഹം നീക്കം ചെയ്യാനുള്ള നീക്കം, തൊട്ടടുത്ത നിമിഷം ആകാശ് ബാത്ത് റൂമിലേക്ക് പ്രവേശിക്കുമ്പോഴുള്ള സീന്‍. ഈ രംഗങ്ങളിലെ അഭിനേതാക്കളുടെ ചലനങ്ങളും, പ്രവൃത്തിയും ഭാവവിനിമയവും. ഇന്ത്യന്‍ സിനിമ കണ്ട സമീപകാലത്ത് ഏറ്റവും മികച്ച സീന്‍ കൊറിയോഗ്രഫിയുടെ ഉദാഹരണവുമാണ്.

ഓരോ കഥാപാത്രത്തെയും പൂര്‍ണമായും പിടികിട്ടിയിരിക്കുന്നുവെന്ന് പ്രേക്ഷകര്‍ വിശ്വസിക്കുന്നിടത്ത് നിന്ന് ഓരോ അട്ടിമറിച്ചിലും. കൗശലപൂര്‍ലമുള്ള ഒരു ഗെയിം പോലെ. റിയലിസ്റ്റിക് കഥാ പരിസരത്തില്‍ നിന്ന് സിനിമാറ്റിക് ട്രാക്കിലേക്ക് വഴിതിരിയുകയും പിന്നീടൊരു absurd play സ്വഭാവത്തിലേക്ക് നരേറ്റീവ് തലതിരിയുകയും ചെയ്യുന്നിടത്തെല്ലാം മറ്റൊന്നും ചിന്തിക്കാന്‍ ഇടംനല്‍കാതെ പിടിച്ചിരുത്തുന്ന ക്രാഫ്റ്റ്മാന്‍ഷിപ്പ് ശ്രീറാം അനുഭവപ്പെടുത്തുന്നുണ്ട്. അതിന് ഇളക്കമുണ്ടാകുന്നത് കിഡ്‌നാപ്പും അവയവ തട്ടിപ്പും പണിപൂര്‍ത്തിയാകാത്ത ഫ്‌ളാറ്റിലെ കൊലപാതകരംഗങ്ങളുമൊക്കെ ഉള്‍പ്പെടുന്ന എപ്പിസോഡിലാണ്. ഇവിടെ നഷ്ടമാകുന്ന താളം വളരെ പെട്ടെന്ന് തന്നെ പഴയ മുറുക്കവും വേഗവും തിരിച്ചുപിടിച്ച് വീണ്ടും മുന്നോട്ട്. അതികായരോ, അമാനുഷികരോ അല്ലാത്ത സാധാരണ മനുഷ്യര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യത്തിന്റെ വ്യാഖ്യാനത്തിനാണ് ശ്രീറാം ഇക്കുറിയും മുതിര്‍ന്നിരിക്കുന്നത്. കഥാപാത്രങ്ങളെ വികസിപ്പിച്ച രീതിയും, ഓരോ കഥാപാത്രങ്ങള്‍ക്കുമായി തെരഞ്ഞെടുക്കപ്പെട്ട അഭിനേതാക്കളും ശ്രീറാമിന്റെ കണ്‍കെട്ടിന് കയ്യടി നേടിക്കൊടുക്കാന്‍ പ്രാപ്തവുമായിരുന്നു. ഓട്ടോക്കാരന്റെയും ലോട്ടറി വില്‍പ്പനക്കാരിയായ ഭാര്യയുടെയും കഥയുടെ നിര്‍ണായകഭാഗത്തേക്കുള്ള വരവ് തന്നെ എന്ത് രസകരമായിട്ടാണ്. അതുവരെ പല രംഗങ്ങളിലായി അപ്രധാനികളായി അവരുണ്ടായിരുന്നു. ഒന്നും ഒളിച്ചുവയ്ക്കാതെ കൊലപാതകവും, കൊലപാതകിയെയും കൊലയ്ക്ക് ഇടയാക്കിയ സാഹചര്യവുമെല്ലാം പതിവുപടി ശ്രീറാം വിശദീകരിക്കുന്നുണ്ട്. പിന്നെയുള്ളത് തന്നിലെ കൊലപാതകിയെ മറച്ചുവയ്ക്കാന്‍ പാടുപെടുന്ന ആളും, ദൃക്‌സാക്ഷിയും നടത്തുന്ന പന്തയമാണ്. പിടിക്കപ്പെടാതിരിക്കാന്‍ ഏതറ്റം വരെയും ശ്രമം തുടരുന്നവര്‍. അതുകൊണ്ട് തന്നെ ഈ ശ്രമങ്ങളോരോന്നും അത്രമേല്‍ പ്രവനാത്മകവും ഉദ്വേഗഭരിതവുമാണ്.

തബു അവതരിപ്പിക്കുന്ന സിമി സിന്‍ഹ ലേഡി മാക്ബത്ത് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. സങ്കീര്‍ണതകളുള്ള, വൈരുദ്ധ്യങ്ങളേറെയുള്ള കഥാപാത്രമാണ് സിമി. തബുവിന് മാത്രം സാധിക്കുന്ന പ്രകടനമെന്ന് തോന്നുംവിധമാണ് സാഹചര്യങ്ങള്‍ക്കൊത്ത് ഭാവവൈവിധ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ഈ കഥാപാത്രത്തെ ഈ അഭിനേത്രി അതുല്യമാക്കിയത്. അടുക്കളയില്‍ നിന്ന് പ്രമോദ് സിന്‍ഹയോട് തമാശ കാട്ടുന്ന രംഗവും, സ്വകാര്യ കണ്‍സര്‍ട്ടില്‍ കൊലപാതകം മറച്ചുവയ്ക്കുന്ന രംഗവും, ആകാശിന്റെ വീട്ടിലെ രംഗവും മാത്രം മതി ഈ നടിയുടെ റേഞ്ച് പിടികിട്ടാന്‍. മനോഹരമായ ഒരു കണ്‍സര്‍ട്ടിനൊത്ത് ഒരാള്‍ക്ക് പോലും ചുവട് പിഴയ്ക്കാത്തൊരു നൃത്തത്തിന്റെ അനുഭവാന്തരീക്ഷമാണ് സിനിമയുടേത്.


ഒരാള്‍ പോലും പിഴവിലേക്ക്, സിനിമയുടെ ആഖ്യാനതാളത്തിന് പുറത്തേക്ക് വഴുതിപ്പോകാത്ത പ്രകടനം. ആയുഷ്മാന്‍ ഖുരാനയുടെ ആകാശ് അന്ധതയുടെ രണ്ട് ഘട്ടങ്ങളില്‍ നടത്തുന്ന പ്രകടനം, സിമിയുമൊത്തുള്ള സന്ദര്‍ഭങ്ങളിലെ പ്രകടനം, ശ്രദ്ധ പതറാതെ തുടരുന്ന കണ്‍സര്‍ട്ട്് എന്നീ വേളകളിലെല്ലാം അതിശയിപ്പിക്കുന്നുണ്ട്. അസ്വസ്ഥനും അസംതൃപ്തനുമായ പോലീസ് ഓഫീസറുടെ റോളിലെത്തിയ മാനവ് വിജ്, അയാളുടെ ധര്‍മ്മസങ്കടങ്ങള്‍, നഷ്ടപ്രതാപത്തില്‍ നിന്ന് മോചനം നേടാത്ത അനില്‍ധവാന്റെ പ്രമോദ് സിന്‍ഹ, ടെലിവിഷനില്‍ സ്വന്തം സിനിമകള്‍ ആസ്വദിക്കുന്ന അയാളുടെ രംഗങ്ങള്‍.

അനില്‍ ധവാന്റെ കാസ്റ്റിംഗ് പോലും ശ്രീറാമിന്റെ ഗംഭീര തീരുമാനങ്ങളിലൊന്നാണ്. കൃത്യമായി ഗൃഹാതുരത തീര്‍ക്കാന്‍ പ്രാപ്തമാകുന്ന, ഒപ്പം 70കളുടെയും 80കളുടെയും ഗൃഹാതുര ദൃശ്യങ്ങളും ഗാനങ്ങളും ഉപയോഗപ്പെടുത്താനാകുന്ന പ്രമോദ് സിന്‍ഹയെന്ന പേര് മറന്ന് അനില്‍ ധവാനിലേക്ക് ഓര്‍മ്മയെത്തിപ്പിക്കുന്ന തരത്തിലൊരു കാസ്റ്റിംഗ്. ദൃശ്യപ്രധാനമായ ആഖ്യാനത്തിലെ സാധ്യതകളുടേത് കൂടിയാണ് ഈ കാസ്റ്റിംഗ്.

സോഫി രാധികാ ആപ്‌തേയിലെ പെര്‍ഫോര്‍മര്‍ക്ക് വലിയ സാധ്യത നല്‍കുന്ന കഥാപാത്രമൊന്നുമല്ല. രാധിക ഈ സിനിമയുടെ ഭാഗമാകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. മറാത്തി താരം ഛായാ കദം അവതരിപ്പിച്ച മൗഷി അവരുടെ സിഗ്നേച്ചര്‍ മാനറിസം പ്രയോജനപ്പെടുത്തിയ ഒരു കഥാപാത്രമായി നിലനിന്നു. സംഗീതവും വയലന്‍സും ചേര്‍ത്തുള്ള സങ്കലനത്തില്‍ താളക്രമം തീര്‍ക്കുന്നതില്‍ കെ യു മോഹനന്റെ ക്യാമറയും അമിത് ത്രിവേദിയുടെ സംഗീതവും പൂജാ ലാധയുടെ എഡിറ്റിംഗും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

കഥാപാത്രസൃഷ്ടിയിലും അവരുടെ സ്വഭാവ വ്യാഖ്യാനത്തിലും സൃഷ്ടിക്കുന്ന വൈരുദ്ധ്യതലം സംഭാഷണങ്ങളിലും കാണാം. ബ്ലാക്ക് ഹ്യൂമറില്‍ നിന്ന് സ്പൂഫിലേക്ക് ഒരൊറ്റ അട്ടിമറിച്ചിലാണ്. സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ കൊലപാതക പരമ്പര നടത്തിയ ആളോട് നേഷന്‍ വാണ്ട്‌സ് ടു നോ എന്ന് പറയുന്നതും, ഷോലെ ഡയലോഗിനെ ഹാസ്യാത്മകമായി അനുകരിക്കുന്നതുമൊക്കെ പൊട്ടിച്ചിരി സൃഷ്ടിക്കും. ആകാശ് സ്വകാര്യ കണ്‍സര്‍ട്ടിനിടെ ഭയപ്പാടോടെ ബാത്ത് റൂമില്‍ പ്രവേശിക്കുന്ന രംഗത്തിലും ഭീതിത സാഹചര്യത്തെ ചിരിയിലേക്ക് വഴിതിരിക്കുന്നുണ്ട്. ഇത്തരത്തില്‍ വൈരുദ്ധ്യങ്ങളിലെ രസപ്പകര്‍ച്ചകളിലാണ് സംവിധായകനും ഹരം കണ്ടെത്തുന്നത്. സാങ്കേതിക പരിചരണത്തിലെ മികവ് സൂചിപ്പിക്കുമ്പോള്‍ സൗണ്ട് ഡിസൈനും ഗ്രാഫിക്‌സും അവഗണിക്കാനാകില്ല. മുയല്‍ കുതിക്കുന്നതും കാര്‍ നിലം പതിക്കുന്നതുമായ രംഗത്തിലെ ഗ്രാഫിക്‌സ് മികവും ശബ്ദ സങ്കലനവും ഗംഭീരമാണ്. ശ്രീറാം രാഘവന്‍ എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന് കയ്യടിച്ച് മാത്രം പുറത്തിറങ്ങാനാകുന്ന സിനിമയെന്ന് ചുരുക്കം.