4/5

വടചെന്നൈ എന്നാല്‍ വടക്കന്‍ ചെന്നൈ. വെട്രിമാരന്റെ ആദ്യചിത്രമായ പൊല്ലാതവനില്‍ പ്രഭുവിന്റെ (ധനുഷ്) സൈ്വര്യജീവിതം തകര്‍ക്കുന്നവരുടെ വരവ് വടചെന്നൈയില്‍ നിന്നായിരുന്നു. താമസിക്കുന്ന കോളനിക്ക് സമീപത്തെ കവലയില്‍ കാരംസ് കളിച്ച് നേരം പോക്കുന്നവനായിരുന്നു അതുവരെ പ്രഭു. അയാളുടെ ജീവിതം തകിടം മറിച്ചത് വടചെന്നൈയിലെ ശിവയും സെല്‍വനുമാണ്. ഏതൊരു നഗരത്തിലുമെന്നത് പോലെ ഈ നഗരത്തിന്റെ ഇരുണ്ട മറുപുറമാണ് വടചെന്നൈ എന്ന് വെട്രിമാരന്‍ പറഞ്ഞുതുടങ്ങിയിരുന്നു. പൊല്ലാത്തവനില്‍ കുറഞ്ഞ സമയത്തേക്ക് മാത്രം കയറിയിറങ്ങിയ വടചെന്നൈ വെട്രിമാരന് ഒരു സിനിമയില്‍ ഒതുങ്ങാത്ത കഥാഭൂമികയായിരിക്കുന്നു. വടക്കന്‍ ചെന്നൈയുടെ ചോരയാല്‍ രചിച്ച ചരിത്രമാണ് വടചെന്നൈ ട്രിലജി.

ഏതൊരു നഗരവും വികസനത്തിലേക്ക് കാഴ്ചകളെ തെളിക്കുമ്പോള്‍ മറുവശത്ത് കുറേ നിസ്വരുടെ കെട്ടിമറച്ചെതോ, ആട്ടിപ്പായിച്ചതോ, തെരുവിലേക്ക് തള്ളിയതോ ആയ അറിയാക്കാഴ്ചകളുണ്ടാകും. കൂര തകര്‍ത്തും കുടിയിറപ്പെട്ടും തെരുവിലായ മനുഷ്യരുടെ ചോര പുതഞ്ഞ ചതുപ്പിലാണ് നഗരം ആകാശത്തോളം ഉയര്‍ന്നതെന്ന ചരിത്രം. സെമി റിയലിസ്റ്റിക് ടോണ്‍ ഉള്ള ഗാംഗ്‌സ് സിനിമകളില്‍ മുമ്പും അവതരിപ്പിക്കപ്പെട്ടതാണ് ഈ പ്രമേയം. മുതലാളിത്ത-അധികാര ശ്രേണിയോട് പൊരുത്താന്‍ ഈ ചതുപ്പുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നായകനും അയാളുടെ സമാന്തര അധികാരകേന്ദ്രവും മിക്കപ്പോഴും ചരിത്രത്തിലേക്ക് കല്‍പ്പിതകഥയെ ചേര്‍ത്തുവച്ചുള്ള കളിയായിരിക്കും. വ്യാജഏറ്റുമുട്ടല്‍ കൊലകളുടെ കാലത്തെ  ഗൗരവപൂര്‍വം ഓര്‍മ്മിപ്പിച്ച വിസാരണൈയില്‍ നിന്ന് വടചെന്നൈയില്‍ എത്തുമ്പോള്‍ സിനിമാറ്റിക് സ്വാതന്ത്ര്യത്തെ കൂടുതലായി ഉപയോഗപ്പെടുത്തിയാണ് വെട്രിമാരന്റെ അവതരണം.
മൂന്ന് ഭാഗങ്ങളിലായി പറയുണ്ട വടചെന്നൈയുടെ ചരിത്രത്തിനുള്ള മുഖവുര മാത്രമാണ് ആദ്യഭാഗം.

ആക്രമണമോ പ്രത്യാക്രമണമോ അവസാനിച്ചതിന് ശേഷം പരിക്ഷീണരായ നാല് പേരില്‍ നിന്നാണ് വടചെന്നൈ തുടങ്ങുന്നത്. സമീപദൃശ്യങ്ങളില്‍ ചോരയിറ്റുന്ന വടിവാളുകളുണ്ട്. ആ കൊലപാതകമാണ് വടചെന്നൈയുടെ വിധി തിരുത്തിയത്. ഒരാള്‍ മരിച്ചാല്‍ തീരുന്ന യുദ്ധമല്ല ഇതെന്ന് രാജനും അന്‍പും പറയുന്നതും ചരിത്രബോധത്താലാണ്. ആദ്യപകുതി പ്രധാനമായും ജയിലിലാണ് നടക്കുന്നത്. സൗഹൃദത്തില്‍ നിന്ന് കുടിപ്പകയിലേക്ക് അധികാരത്തര്‍ക്കത്തിലേക്കും വഴിതിരിഞ്ഞ് രണ്ട് ഗാംഗുകളുടെ നിയന്ത്രണത്തിലുള്ള ജയില്‍. റിയലിസ്റ്റിക് അനുഭവതലങ്ങളിലൂടെ ജയിലിലെ സംഭവവികാസങ്ങള്‍. ചെറുകഥാപാത്രങ്ങളിലെത്തുമ്പോള്‍ വരെ നിലനിര്‍ത്തുന്ന ഡീറ്റെയിലിംഗും അവരിലൂടെ മുന്നോട്ടുള്ള കഥയെ വികസിപ്പിച്ചെടുക്കുന്ന ശൈലീസാമര്‍ത്ഥ്യവും. ആ ജയിലിലേക്ക് ധനുഷ് അവതരിപ്പിക്കുന്ന അന്‍പ് കടന്നുവരുന്നത് അതിസാധാരണമായാണ്. അപ്രതീക്ഷിത സാഹചര്യത്താല്‍ മാത്രം സംഘര്‍ഷങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ഭാഗമാകേണ്ടി വന്നയാള്‍ എന്ന സൂചന അന്‍പിനെ അവതരിപ്പിക്കുന്ന ഘട്ടത്തില്‍ തന്നെ സംവിധായകന്‍ നല്‍കുന്നുണ്ട്. മൂന്ന് കാലങ്ങളിലായി കഥ നടക്കുമ്പോള്‍, ഓരോ കാലത്തിനും സുദീര്‍ഘമായൊരു ചരിത്രമുണ്ടെന്നിരിക്കെ അതിലൊന്നും ആശയക്കുഴപ്പമുണ്ടാതെ കഥ പറച്ചിച്ചിലെ കൗശലത്താല്‍ 50ഓളം വരുന്ന കഥാപാത്രങ്ങളെയും അവരിലൂന്നിയ പൂര്‍വകാലത്തെയും അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുകയാണ് വെട്രിമാരന്‍.

വടചെന്നൈയുടെ ചോര വീണ ചരിത്രം അന്‍പിനുമറിയാം. പക്ഷേ അയാളുടെ കളിക്കളം കാരം ബോര്‍ഡാണ്. അവിടെയുള്ള വെട്ടിവീഴ്ത്തലും മുന്നേറ്റവും വിജയവുമാണ് അന്‍പിന്
ഹരം. വിജയാനന്തരം കൈ കൊടുത്തു പിരിയുന്നിടത്ത് തീരുന്നതുമാണ് എതിരാളിയോടുള്ള മനോഭാവം. പ്രതികൂലതകള്‍ മാത്രം നേരിടേണ്ടി വരുന്ന കോളനി ജീവിതത്തില്‍ നിന്ന്
വിടുതല്‍ നേടണമെങ്കില്‍ ചാമ്പ്യനാകണമെന്ന് രാജനും തമ്പിയും അന്‍പിനെ ഉപദേശിച്ചിട്ടുമുണ്ട്. കാരംസ് കോയിനുകള്‍ വഴങ്ങുന്ന കയ്യില്‍ കത്തി വഴങ്ങില്ലെന്ന് പലകുറി അവര്‍ അയാളെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. അന്‍പിനും അത്തരമൊരു വിടുതല്‍ എളുപ്പമായിരുന്നില്ല. ഗാംഗ്‌സ് കുടിപ്പകകളില്‍ നിന്ന് പിറവിയെടുക്കുന്ന നായകന്‍ ഗാംഗ്‌സ് ഓഫ് വസീപ്പൂരും, കമ്മട്ടിപ്പാടവും, ബോംബെ വെല്‍വെറ്റും വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അമേരിക്കയും പറഞ്ഞുപോയിട്ടുണ്ട്. വടചെന്നൈയുടെ ഇതിവൃത്തത്തിന് അനുരാഗ് കശ്യപിന്റെ വസീപ്പൂര്‍ സീരീസിന്റെ കഥാപ്രതലവുമായി അടുപ്പവുണ്ട. എന്നാല്‍ ഗാംഗ്‌സ് ചരിത്രകഥകളില്‍ തമിഴ് പ്രാദേശിക സത്തയും അവതരണത്തില്‍ മൗലികതയും സൃഷ്ടിക്കുന്നിടത്ത് വടചെന്നൈ വെട്രിമാരന്‍ എന്ന സംവിധായകന്റെ പേരില്‍ തെളിഞ്ഞുനില്‍ക്കുന്ന മികച്ച സൃഷ്ടിയായി നില്‍ക്കുന്നു.

പ്രവചനീയമായിരുന്നുവെന്ന് പിന്നീട് തോന്നുന്ന വഴിത്തിരിവുകളെ പോലും പ്രവചനാതീതമാക്കി മുന്നിലെത്തിച്ചിരിക്കുന്നു വടചെന്നൈ. അന്‍പിനെ നായകനാക്കി ഉയര്‍ത്തുന്ന ജയില്‍ രംഗം അതുവരെയുള്ള അയാളുടെ കഥാപാത്രവ്യാഖ്യാനത്തില്‍ സംവിധാനം പുലര്‍ത്തിയ സമര്‍ത്ഥമായ സമീപനം കൊണ്ടുണ്ടാകുന്ന ആസ്വാദ്യതയുടേതാണ്. വടചെന്നൈയുടെ വലിയൊരു ചരിത്രം, മൂന്ന് മണിക്കൂറില്‍ ആ ചരിത്രം ചുരുക്കിപ്പറയണം, ഒപ്പം ഈ സമയദൈര്‍ഘ്യത്തിനുള്ളില്‍ പ്രധാന കഥാപാത്രങ്ങളെല്ലാം വ്യക്തതയോടെ മുന്നിലെത്തണം. ഈ വെല്ലുവിളിയെ മനോഹരമായി മറികടന്നിട്ടുണ്ട് സിനിമ. അതുകൊണ്ട് തന്നെ ഇരുപതിനടുത്ത് വരുന്ന പ്രധാന കഥാപാത്രങ്ങളെയെല്ലാം ശ്രദ്ധാപൂര്‍വം പിന്തുടരടേണ്ട ഉത്തരവാദിത്വം പ്രേക്ഷകരെ ഏല്‍പ്പിക്കുന്നുണ്ട്.

ഒരു ചതിയിലാണ് സിനിമയുടെ തുടക്കം, ചതി വെട്രിമാരന്‍ സിനിമകളുടെ ട്രേഡ് മാര്‍ക്കുമാണ്. പൊല്ലാത്തവനിനും ആടുകളത്തിലും വിസാരണൈയിലും ചതിയുടെ വൈവിധ്യതയുള്ള വ്യാഖ്യാനങ്ങളാണ് കാണിച്ചിരിക്കുന്നത്. ഇവിടെ രണ്ടാമത്തെ കാണിക്കുന്ന മറ്റൊരു ചതിയിലാണ് വഴിത്തിരിവ്. ചെയ്തിലെ നന്മതിന്മകളില്‍ അല്ല വിശ്വസ്തത ആരോടാണ് എന്നതിലാണ് കാര്യമെന്ന് അന്‍പ് വെളിപ്പെടുത്തുന്നിടത്ത് വടചെന്നൈയില്‍ ചതിയുടെ ചരിത്രം കൂടി വെളിപ്പെടുകയാണ്. ഓരോ കഥാപാത്രങ്ങള്‍ക്കൊപ്പം അവരെ പിന്തുടര്‍ന്നുള്ള വഴിത്തിരിവുകളിലും ഉദ്വേഗമുയര്‍ത്തുന്ന ബാക്ക് സ്റ്റോറി സൃഷ്ടിച്ചെടുത്ത തിരക്കഥയിലെയും ആഖ്യാനത്തിലെയും കൗശലത്തിന് കൂടിയാണ് കയ്യടിക്കേണ്ടത്. സങ്കീര്‍ണതകളുള്ള ഒരു ഇതിവൃത്തത്തെ മുറുക്കത്തോടെയും പ്രേക്ഷകരില്‍ നിന്ന് ഒരു ഘട്ടത്തിലും രസച്ചരവ് വിട്ടുപോകാത്ത വിധം ഉദ്വേഗത്തോടെയും അവതരിപ്പിച്ചാണ് വെട്രിമാരന്‍ പതിനൊന്ന് വര്‍ഷങ്ങള്‍ക്കിടയിലെ നാലാമത്തെ സിനിമയില്‍ ശൈലീഭദ്രതയോടെ കയ്യൊപ്പിടുന്നത്.

ചെറുതല്ലാത്ത സമയമെടുത്താണ് വടചെന്നൈ അന്‍പിലേക്ക് എത്തുന്നത്, എന്നാല്‍ അന്‍പില്‍ അല്ല വടചൈന്നയയുടെ ചതിയുടെ ചരിത്രമെന്ന് പറയാന്‍ രാജനില്‍ എത്തുമ്പോള്‍ നായകനെക്കാള്‍ ഉയരെ മറ്റൊരു നായകനെ പ്രതിഷ്ഠിക്കുകയാണ് സംവിധായകന്‍. അന്‍പിനെ കുറച്ച് സമയത്തേക്ക് മാറ്റിവച്ച് രാജനിലേക്ക്, പുതിയൊരു കഥയിലേക്ക് സിനിമ വഴിതിരിയുമ്പോള്‍ ആ ബാക്ക്‌സ്‌റ്റോറി അന്‍പിന്റെ തന്നെ ചരിത്രമാക്കി മാറ്റിയെടുക്കുന്ന ആഖ്യാനത്തിലെ മിടുക്ക് എടുത്ത് പറയേണ്ടതാണ്. 1987, 1991,2000 എന്നീ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ചരിത്രത്തിലെ നിര്‍ണായകസന്ധികള്‍ കൂടെയാണ് രാജന്റെയും അന്‍പിന്റെയും ജീവിതം മാറ്റിമറിച്ചതെന്ന് തോന്നും. നോണ്‍ ലീനിയര്‍ സിനിമകളില്‍ ആകസ്മികതകള്‍ക്കുള്ള പ്രാധാന്യം അത് ചരിത്രത്തെ, ഫുട്ടേജുകളെ കൂട്ടുപിടിച്ച് വിശ്വസനീയമാക്കിയെടുക്കുകയാണ്. അതുകൊണ്ട് തന്നെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും, എംജി ആറിന്റെ മരണത്തെത്തുടര്‍ന്നുള്ള ദുഖാചരണവും കൂടിയാണ് ഇവരുടെ ജീവിതം തകിടം മറിച്ചതെന്ന് ചിലപ്പോള്‍ തോന്നാം. മാര്‍പ്പാപ്പയുടെ മദ്രാസ് സന്ദര്‍ശനം കൂടിയാണ് ചില നിര്‍ണായക തീരുമാനങ്ങളിലേക്കും കൂറ്മാറ്റങ്ങളിലേക്കും ഇവരെ നയിക്കുന്നതും. പരോക്ഷമായി ഈ ചരിത്രമുഹൂര്‍ത്തങ്ങള്‍ ഏതോ കോണില്‍ ഉള്ള മനുഷ്യരുടെ ജീവിതം തകിടം മറിക്കുമെന്ന യാഥാര്‍ത്ഥ്യം.

മുന്നിലെത്തുമ്പോള്‍ കണ്ണുടക്കുന്ന ഓരോ കഥാപാത്രത്തിനും പിടിതരാത്തൊരു ഭൂതകാലമുണ്ടെന്ന് കഥ മുന്നേറുമ്പോള്‍ മാത്രം പിടികിട്ടുന്ന വിധമാണ് വെട്രിമാരന്റെ ട്രീറ്റ്‌മെന്റ്. അന്‍പും, ചന്ദ്രയും തമ്പിയും ഇങ്ങനെ ഉദ്വേഗപ്പെരുക്കത്തിനൊപ്പം വിടര്‍ന്നുവരുന്ന കഥാപാത്രങ്ങളാണ്. അതുപോലെ നിര്‍ണായകമായ രണ്ട് കൊലപാതകങ്ങള്‍. ജാവാ പളനിയുടെയും രാജന്റെയും. കൊലപ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോക്കും പോകുമ്പോഴും അവര്‍ കരുതിവച്ച ആയുധം പിന്‍മാറുന്നില്ല. ഒളിച്ചുവച്ച ആയുധം താഴെ വീഴുമ്പോഴാണ് സ്വയരക്ഷയ്ക്കായി കൊല നടക്കുന്നത്. ഇത്തരമൊരു വ്യാഖ്യാനവും ആകര്‍ഷകമാണ്.

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് കണ്ട മികച്ച സീന്‍ കൊറിയോഗ്രഫിയുടെ കാഴ്ചയുമാണ് വടചെന്നൈ. രാജന്റെ കൊലപാതകത്തിലേക്കുള്ള ബില്‍ഡപ്പും കൊലപാത രംഗവും, ജയിലില്‍ അന്‍പിനെ വെളിപ്പെടുത്തുന്ന രംഗം(കൂടാരക്കെട്ടിനകത്തെ ഫൈറ്റ് സീന്‍), രാജന്റെ മരണമുഖത്തേക്ക് ആന്‍ഡ്രിയാ ജെര്‍മിയയുടെ ചന്ദ്ര എത്തുന്ന രംഗം എന്നിവയിലെല്ലാം എന്തുകൊണ്ട്് വെട്രിമാരന്‍ സിനിമയ്ക്കായി കാത്തിരിക്കണമെന്നതിന് ഉത്തരമുണ്ട്. വേല്‍രാജിന്റെ ഫ്രെയിമുകളും സന്തോഷ് നാരായണന്റെ പശ്ചാത്ത സംഗീതവും ശബ്ദ സംവിധാനവും ജി ബി വെങ്കടേഷിന്റെ ചിത്രസംയോജനവും സാങ്കേതിക പരിചരണത്തിലെ മികവില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

കിംഗ് ഓഫ് ദ സീ എന്ന തീം മ്യൂസിക്കിനൊപ്പമാണ് രാജനെ പരിചയപ്പെടുത്തുന്നത്. പരുത്തിവീരനും റാമും ഒരുക്കിയ സംവിധായകന്‍ അമീര്‍ സുല്‍ത്താന്‍ ആണ് രാജന്റെ റോളില്‍.
വടചെന്നൈയില്‍ ഏറ്റവും ആസ്വദിച്ച പ്രകടനം അമീറിന്റേതാണ്. സന്തോഷ് നാരായണന്റെ കംപോസിഷനില്‍ വടചെന്നൈയില്‍ മികച്ചത് കിംഗ് ഓഫ് ദ സീ ആണെന്ന് തോന്നി. രാജന്‍
ചില വേളകളില്‍ കമ്മട്ടിപ്പാടത്തിലെ ബാലനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. രണ്ട് കാലങ്ങളിലായി നിഷ്‌കളങ്കനായ അന്‍പിനെയും നിശ്ചയിച്ചുറപ്പിച്ച അന്‍പിനെയും അതിഗംഭീരമായി അവതരിപ്പിച്ച ധനുഷിനെ അഭിനന്ദിക്കുമ്പോള്‍ തന്നെ അമീര്‍ കഥാപാത്രവിവരണത്തിലെ ആനുകൂല്യത്തിലും, അതിനോട് പൂര്‍ണമായും നീതി പുലര്‍ത്തിയ പ്രകടനത്തിലും ധനുഷിന് മുകളില്‍ നില്‍ക്കുന്നുണ്ട്. ആന്‍ഡ്രിയയുടെ ചന്ദ്ര അവരുടെ കരിയര്‍ ബെസ്റ്റ് പ്രകടനമെന്ന് പറയാം. അന്നയും റസൂലും, തരാമണി എന്നീ സിനിമകള്‍ക്ക് ശേഷം വടാചെന്നൈയില്‍ ചന്ദ്രയായി ആന്‍ഡ്രിയയെ കാണുമ്പോള്‍ എത്രത്തോളം സൂക്ഷ്മമായാണ് അവര്‍ സ്വന്ത്ം കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നതും പ്രതിഫലിപ്പിക്കുന്നതുമെന്ന അതിശയം തോന്നുന്നു. അഭിനേതാക്കളുടെ തെരഞ്ഞെടുപ്പും എടുത്തുപറയേണ്ടതാണ്. ഐശ്വര്യാ രാജേഷ്, സമുദ്രക്കനി, ഡാനിയല്‍ ബാലാജി, കിഷോര്‍, പവന്‍, സുബ്രഹ്മണ്യം ശിവ, രാജേഷ് ശര്‍മ്മ തുടങ്ങിയ കഥാപാത്രങ്ങളെ പൂര്‍ണമായും പ്രകാശിപ്പിച്ച അഭിനേതാക്കള്‍.

പാ രഞ്ജിത് മദ്രാസ്, കാലാ എന്നീ സിനിമകളിലൂടെ സമാനപ്രമേയം അവതരിപ്പിച്ചപ്പോള്‍ ആഖ്യാനസങ്കേതങ്ങളെക്കാള്‍ ശ്രദ്ധപുലര്‍ത്തിയത് രാഷ്ട്രീയം ഉച്ചത്തില്‍ അവതരിപ്പിക്കാനാണ്. മദ്രാസിന് സമാനമായ പ്രമേയം വെട്രിമാരന്‍ കൈകാര്യം ചെയ്യുമ്പോള്‍ സംവിധായകന്റെ രാഷ്ട്രീയം ആദിമധ്യാന്തം സിനിമയുടെ ഉള്‍പ്പടര്‍പ്പുകളിലുണ്ട്. ഓരോ ഘട്ടത്തിലും പഞ്ച് ഡയലോഗുകളിലൂടെ അത് അന്തരീക്ഷത്തിലേക്ക് തള്ളുന്നില്ലെന്ന് മാത്രം. ഫിലിംമേക്കര്‍ എന്ന നിലയില്‍ വെട്രിമാരന്‍ തമിഴകത്ത് ഒന്നാംനിരയില്‍ ഇടമുറപ്പിക്കുന്നതും ഈ മിടുക്കിലാണ്.

സന്തോഷ് നാരായണന്റെ എട്ട് പാട്ടുകളും രണ്ട് കാരക്ടര്‍ തീം മ്യൂസിക്കുമാണ് വടാചെന്നൈയില്‍ ഉള്ളത്. പ്രണയത്തിന്റെയും മരണത്തിന്റെയും നായകന്റെ ഉയിര്‍പ്പിലെയും ഈണമായാണ് പാട്ടുകള്‍ വരുന്നതെങ്കിലും ഗാനശകലങ്ങളായി സന്ദര്‍ഭങ്ങളെ കൂട്ടിയിണക്കാനാണ് പാട്ടുകളെ ഉപയോഗിച്ചിരിക്കുന്നത്. അത് ഉല്‍സവത്തിന്റെയും മരണചടങ്ങിന്റെയും വിവാഹ ചടങ്ങുകളുടെയും പശ്ചാത്തലത്തിലേക്ക് സ്വാഭാവികമായാണ് കൊണ്ടുവന്നിരിക്കുന്നത്. മൂന്ന് സിനിമകളില്‍ ജിവി പ്രകാശ് കുമായിരുന്നു വെട്രിമാരന്റെ സംഗീത സംവിധായകന്‍. വടചെന്നൈയിലെത്തുമ്പോള്‍ ആ സിനിമയുടെ ഭാവതലം സൃഷ്ടിച്ചെടുക്കുന്ന സംഗീതസംവിധായകനെ തന്നെ വെട്രിമാരന് ലഭിച്ചെന്ന് അനുഭവപ്പെടുന്നു. കിംഗ് ഓഫ് മ്യൂസിക്, വടചെന്നൈ തീം എന്നിവ സിനിമയുടെ ആത്മാവ് ഉള്‍ക്കൊള്ളുന്നതാണ്.

സ്വയരക്ഷയ്ക്കായി മാത്രം ആയുധമെടുത്ത അന്‍പിനെ രാജന്റെ പിന്‍ഗാമിയായി ഉയര്‍ത്തി വടചെന്നൈയുടെ നായകനാക്കുന്ന വര്‍ത്തമാനകാലത്ത് നടക്കുന്ന ഷിഫ്റ്റ് മാത്രമാണ് അതിശയോക്തിയായി തോന്നിയത്. പൊല്ലാത്തവനില്‍ പ്രഭുവിന്റെ ക്ലൈമാക്‌സ് ഉയിര്‍ത്തെഴുന്നേല്‍പ്പും ഈ വിധം അവിശ്വസനീയമായിരുന്നു. ഈ മുഖവുരയില്‍ പറയാന്‍ വിട്ടുപോയതും അന്‍പിന്റെ പ്രതികാരവും വരാനിരിക്കുന്ന ഭാഗങ്ങളില്‍ വെട്രിമാരന്‍ പറയും. അന്‍പ്-പദ്മ പ്രണയം സഫലമാകുന്നതിലുമുണ്ട് ഇതേ അതിശയോക്തി. അഞ്ച് മണിക്കൂറോളം വരുന്ന സിനിമയില്‍ നിന്നാണ് 2 മണിക്കൂര്‍ നാല്‍പ്പത് മിനുട്ടിലേക്കുള്ള ആദ്യഭാഗം ചുരുക്കിയെടുത്തതെന്ന് വെട്രിമാരന്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. അതുകൊണ്ട് തന്നെ വടചെന്നൈയുടെ ആസ്വാദനപൂര്‍ണത അടുത്ത ഭാഗങ്ങള്‍ അവസാനിക്കുമ്പോഴാകുമെന്ന് വിശ്വസിക്കുന്നു.

സമഗ്രതലങ്ങളിലും പൂര്‍ണതയ്ക്കായി ശ്രമിക്കുന്ന അപൂര്‍വം ഫിലിംമേക്കേഴ്‌സില്‍ ഒരാളാണ് വെട്രിമാരന്‍. വടചെന്നൈ രൂപകല്‍പ്പന ചെയ്ത genreനോടും പൂര്‍ണമായും നീതി പുലര്‍ത്തുന്നതാണ് സിനിമ. മൗലിക ഭംഗിയുള്ള, ആവിഷ്‌കാര മികവുള്ള ചുരുക്കം ഇന്ത്യന്‍ സിനിമകളില്‍ ഒന്നായാണ് വടചെന്നൈ അനുഭവപ്പെട്ടത്.