3.5/5

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച ചിത്രമാണ് ഞാന്‍ പ്രകാശന്‍. മലയാള സിനിമയുടെ പുതുവേഗം, ദൃശ്യപ്രധാനമായ കഥപറച്ചിലിന്റെയും റിയലിസ്റ്റിക് പരിചരണരീതിയുടെയുമായി മാറിയ ഇടത്തേക്കാണ് ഒന്നരപ്പതിറ്റാണ്ടിന് ശേഷം ഈ കുട്ടുകെട്ടിന്റെ വരവ്. ഹാസ്യത്തെയും ആക്ഷേപഹാസ്യത്തെയും ദൃശ്യപ്രധാനമായും തികഞ്ഞ സ്വാഭാവികതയോടെ തന്മയത്വത്തോടെയും അവതരിപ്പിച്ച കൂട്ടുകെട്ട് കൂടിയാണ് ഇവര്‍. ദൃശ്യ-ശബ്ദ പരിചരണത്തില്‍ വിപ്ലവമൊരുക്കാനാകുന്ന ഡിജിറ്റല്‍ ഫിലിം മേക്കിംഗിന്റെ സാധ്യതകള്‍ വരവറിയിക്കുംമുമ്പേ തന്നെ റിയലിസ്റ്റിക് അന്തരീക്ഷസൃഷ്ടിയിലൂടെയും, കഥാപാത്രനിര്‍മ്മിതിയിലൂടെയും ഹാസ്യ-ആക്ഷേപഹാസ്യ സന്ദര്‍ഭങ്ങള്‍ ഗംഭീരമായി സത്യന്‍ അന്തിക്കാട് സിനിമകളില്‍ കടന്നുവന്നിരുന്നു. സുഡാനി ഫ്രം നൈജീരിയയും, മഹേഷിന്റെ പ്രതികാരവും, തൊണ്ടിമുതലും ദൃക്‌സാക്ഷിയും റിയലിസ്റ്റിക്-സെമി റിയലിസ്റ്റിക് നര്‍മ്മപരിസരങ്ങളുടെയും വൈകാരികതലങ്ങളുടെയും സമന്വയമായി മലയാളസിനിമയുടെ പുതിയകാലത്തെ പ്രതാപഭരിതമാക്കുമ്പോള്‍ അവയ്ക്ക് മുന്‍ഗാമികളായി പൊന്‍മുട്ടയിടുന്ന താറാവും, മഴവില്‍ക്കാവടിയും, നാടോടിക്കാറ്റും,പിന്‍ഗാമിയും,നാടോടിക്കാറ്റും ഇവിടുണ്ടായിരുന്നു. ഒരേ ചേരുവകളുടെ തുടര്‍ച്ചയായി അനുഭവപ്പെടുന്ന സാരോപദേശ സീരീസുകള്‍
കുടുംബ സിനിമകളെന്ന ലേബലില്‍ ആവര്‍ത്തിക്കപ്പെട്ടിടത്താണ് സത്യന്‍ അന്തിക്കാട് എന്ന മലയാളത്തിലെ മികച്ച ക്രാഫ്റ്റ്മാന്‍മാരില്‍ ഒരാള്‍ നിരാശപ്പെടുത്തിയതായി തോന്നിയിട്ടുള്ളത്. ഞാന്‍ പ്രകാശന്‍ ആത്യന്തികമായി സത്യന്‍ അന്തിക്കാട് എന്ന ഫിലിംമേക്കറുടെ മികച്ച തിരിച്ചുവരവാണ്. പുതുമയുള്ളതെന്ന് അവകാശപ്പെടാനാകാത്ത പ്രമേയത്തെ മുന്‍നിര്‍ത്തി തന്നെ കഥ പറച്ചിലിന്റെയും, കഥാപാത്ര നിര്‍മ്മിതിയുടെയും ചാരുതയില്‍ ആസ്വാദ്യകരമായ അനുഭവമാണ് ഞാന്‍ പ്രകാശന്‍. കേന്ദ്രകഥാപാത്രത്തിന് പുറത്തേക്ക് കഥ പറച്ചിലിനെ കൊണ്ടുപോയി ഉപകഥാപാത്രങ്ങളിലൂടെയും, ചെറുകഥാപാത്രങ്ങളിലൂടെയും സാന്ദര്‍ഭിക നര്‍മ്മങ്ങളുടെ രസക്കൂട്ടൊരുക്കുന്ന ചലച്ചിത്രകാരനെ ഞാന്‍ പ്രകാശനില്‍ വീണ്ടും കാണാനാകും.

മലയാളിയുടെ ഗ്രാമീണജീവിതത്തെയും, സാമൂഹിക ജീവിതത്തെയും, സ്വകാര്യതയെയും അപകര്‍ഷതയെയുമൊക്കെ രാഷ്ട്രീയമായും, അരാഷ്ട്രീയമായും അവതരിപ്പിച്ചവയാണ് സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ സിനിമകള്‍. ശരാശരി മലയാളിയുടെ സന്തോഷവും സങ്കടവും ആധിയുമെല്ലാം കണ്ണാടിയിലെന്ന പോലെ സത്യന്‍ അന്തിക്കാടിന്റെ ആദ്യകാല സിനിമകളില്‍ തെളിയുമായിരുന്നു. നുറുങ്ങുനര്‍മ്മങ്ങളുടെ ആവരണത്തില്‍ ചില സാമൂഹ്യഉത്തരവാദിത്വങ്ങളിലേക്ക് ആശയങ്ങള്‍ വിരല്‍ചൂണ്ടും. ആ ശൈലീഭദ്രതയുടെ തുടര്‍ച്ച ഞാന്‍ പ്രകാശനില്‍ ഉണ്ട്. അവിശ്വസനീയമാംവിധം വിശ്വസനീയമായ അന്തരീക്ഷസൃഷ്ടിയും കഥാപാത്രനിര്‍മ്മിതിയും കാസ്റ്റിംഗുമായിരുന്നു ആ സിനിമകളുടെ പ്രധാന സവിശേഷത. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റും,നാടോടിക്കാറ്റും, മഴവില്‍ക്കാവടിയുമെല്ലാം കല്‍പ്പിതകഥയുടെ സ്വാതന്ത്ര്യം വിശാലമായി ഉപയോഗിച്ച് കൊണ്ട് തന്നെ റിയലിസ്റ്റിക് ട്രീറ്റ്‌മെന്റില്‍ ഉറച്ച് നീങ്ങിയവാണ്. ഞാന്‍ പ്രകാശനിലെത്തുമ്പോള്‍ സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം സ്വാഭാവിക ഹാസ്യത്തിന്റെയും സ്വാഭാവിക അന്തരീക്ഷസൃഷ്ടിയുടെയും സാധ്യതകളെ ഫലപ്രദമായും ആസ്വാദ്യകരമായും ഉപയോഗപ്പെടുത്തുന്നത് കാണാനാകുന്നു. രംഗസൃഷ്ടിയില്‍ കഥാപാത്രങ്ങളെ ശൈലിയിലും,, ശരീരഭാഷയാലുമെല്ലാം അങ്ങേയറ്റം സ്വാഭാവിമാക്കാനുള്ള പ്രയത്‌നം ഫലം കാണുന്നുമുണ്ട്. അവതരണത്തിലെ സൂക്ഷ്മതയ്‌ക്കൊപ്പം ദൃശ്യ-സാങ്കേതിക പരിചരണത്തില്‍ ശ്രദ്ധയൂന്നി മുന്നേറുന്ന സംവിധായകനെ അനുഭവപ്പെടുത്തുന്നതുമാണ് ഞാന്‍ പ്രകാശന്‍. പ്രവചനാത്മക കഥാഗതിയെന്ന വിയോജിപ്പിനെ മറികടക്കാനാകുന്ന അനുഭവതലം സമ്മാനിക്കുന്നുണ്ട് ഞാന്‍ പ്രകാശന്‍.

 

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഫഹദ് ഫാസിലിന് രണ്ടാമൂഴമാണ്. ശ്രീനിവാസന്റെ രചനയിലും രണ്ടാം വട്ടം. സത്യന്‍ അന്തിക്കാട് സിനിമകളുടെ വിന്റേജ് ഫീല്‍ നല്‍കുന്ന ടൈറ്റില്‍ ഗ്രാഫിക്‌സിനൊപ്പമാണ് ചിത്രം തുടങ്ങുന്നത്. തിരക്കഥാകൃത്ത് ശ്രീനിവാസന്റെ ശബ്ദത്തില്‍ പ്രകാശന് മുഖവുര. പ്രകാശനൊപ്പം യാത്ര തുടങ്ങുമ്പോള്‍ വിനോദയാത്രയിലെ വിനോദിനെപ്പോലെയും, ജോമോന്റെ സുവിശേഷങ്ങളിലെ ജോമോനെപ്പോലെയും കുറുക്കുവഴികളിലൂടെ ജീവിതം സുരക്ഷിതമാക്കാനൊരുങ്ങുന്ന ആളെന്ന മുന്‍പരിചയമുണ്ടാകുന്നു. ആഗ്രഹത്തിനൊത്ത ജീവിതത്തിനായി പ്രകാശന്‍ തേടിപ്പിടിക്കുന്ന വഴികളും, ആ വഴികളിലുണ്ടാകുന്ന പ്രതിബന്ധങ്ങളുമാണ് സിനിമ. സത്യന്‍-ശ്രീനി കൂട്ടുകെട്ടിന്റെ മുന്‍സിനിമകളിലെന്ന പോലെ സാന്ദര്‍ഭിക ഹാസ്യത്തിലൂന്നിയാണ് പ്രകാശന്റെ നില്‍പ്പ്.

സത്യന്‍ അന്തിക്കാടിന്റെ തന്നെ ഇന്ത്യന്‍ പ്രണയകഥയിലെ അയ്മനം സിദ്ധാര്‍ത്ഥനോട് സാമ്യമുള്ള കഥാപാത്രസൃഷ്ടിയെന്ന് തുടക്കത്തില്‍ തോന്നുമെങ്കിലും കഥ മുന്നേറുമ്പോള്‍ പ്രകാശന്‍ അവിടം കൊണ്ടും വിലയിരുത്താനാകാത്ത ഉഴപ്പനാണെന്ന് പിടികിട്ടും. പ്രകാശനൊപ്പം നീങ്ങുന്ന സിനിമയില്‍,അയാളുടെ കൗശലങ്ങളും, കുറുക്കുവഴികളും, കുശാഗ്രതയുമെല്ലാം ഭാവതലങ്ങളാല്‍ പ്രകാശിതമാക്കിയിട്ടുണ്ട് ഫഹദ് ഫാസില്‍.

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-മോഹന്‍ലാല്‍ സിനിമകളുടെ വിന്റേജ് ശൈലിയെ ഓര്‍മ്മപ്പെടുത്ത രീതിയില്‍ ഫഹദ് ഫാസിലിനെ ചില ഘട്ടത്തില്‍ ഉപയോഗിച്ചിരിക്കുന്നത് കാണാം. ബര്‍ഗറുമായെത്തിയ പെണ്‍കുട്ടിയെ പ്രകാശന്‍ നേരിടുന്ന രംഗത്തിലും,സലോമിയുടെ വീട്ടിലെത്തുന്ന സീനിലും,ഗോപാല്‍ജിയെ പ്രകാശന്‍ കണ്ടുമുട്ടുന്ന രംഗത്തിലും ഈ കുട്ടുകെട്ടിന്റെ ആദ്യകാല സിനിമകളുടെ ഫീല്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.

ആദിമധ്യാന്തപ്പൊരുത്തമുള്ള കഥാഘടനയ്ക്ക് പകരം പ്രകാശന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവുകളുടെ എപ്പിസോഡിക് അവതരണമെന്ന നിലയ്ക്കാണ് സിനിമ. സത്യന്‍ അന്തിക്കാടിന്റെ ആദ്യകാല ഗ്രാമീണ ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് മിക്ക സന്ദര്‍ഭങ്ങളെയും നിര്‍മ്മിച്ചെടുത്തിട്ടുള്ളത്. സിനിമയ്ക്ക് വേണ്ടിയൊരുക്കിയ സെറ്റ് എന്ന് തോന്നിപ്പിക്കാത്ത വിധം വിശ്വസനീയമാണ് ചന്തയും,ബംഗാളി കോളനിയും,നാട്ടുവഴികളും ഉള്‍പ്പെടുന്ന കഥാപരിസരങ്ങള്‍. സംഭാഷണത്തിലും, വിഷ്വലൈസേഷനിലുമെല്ലാം തന്റെ സമീപകാലസിനിമകളില്‍ നിന്ന് ആദ്യകാല മികവുകളിലേക്ക് വഴിതിരിയുന്ന ചലച്ചിത്രകാരനെ കാണാനാകും. റിയലിസ്റ്റിക് അന്തരീക്ഷമുണ്ടാക്കി പ്രകടനകേന്ദ്രീകൃതമായി കഥ പറയുന്ന സത്യന്‍ അന്തിക്കാട് ശൈലിയിലേക്കാണ് ശ്രീനിവാസന്റെ ഹാസ്യ-ആക്ഷേപഹാസ്യ എഴുത്ത് ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. എസ് കുമാറിന്റെ ഛായാഗ്രഹണവും അനില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലൂടെ ശബ്ദരൂപകല്‍പ്പനയും റിയലിസ്റ്റിക് അനുഭവപരിസരം ഉണ്ടാക്കിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അളന്നുമുറിച്ചുള്ള സാഹിത്യഭാഷണങ്ങളുടെ ഭാരമില്ലാതെയും,
നാടകീയ സംഭാഷണങ്ങളിലേക്ക് വഴിതിരിയാതെയും, അതിവൈകാരികതയിലേക്ക് കൂപ്പുകുത്താതെയും തുടക്കം മുതല്‍ ഒടുക്കം വരെ പ്ലെയിന്‍ എന്റര്‍ടെയിനര്‍ സ്വഭാവം നിലനിര്‍ത്തുന്നുണ്ട് ഞാന്‍ പ്രകാശന്‍. ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത് കഥനരീതിയില്‍ സ്വയംപുതുക്കപ്പെടുന്നതിന്റെ ഭംഗിയും ഈ സിനിമയുടേതാണ്. അത്രമാത്രം ലൈവ് ഫീല്‍ സമ്മാനിക്കുന്ന തരത്തിലാണ് സംഭാഷണങ്ങളും സന്ദര്‍ഭസൃഷ്ടിയും രംഗാവിഷ്‌കാരവും. വിഷ്വല്‍ ഹ്യൂമര്‍ പാറ്റേണിലേക്ക് വീണ്ടുമെത്തുകയാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും. അതുകൊണ്ട് തന്നെ സമീപകാലത്ത് ശ്രീനിവാസന്റേതായി പുറത്തുവന്ന മികച്ച എഴുത്തുമാണ് പ്രകാശന്റേത്.

തനിക്ക് ഏറ്റവും വഴങ്ങുന്ന,അതിശയകരമായ അണ്ടര്‍പ്ലേയില്‍ നിന്ന്, സിഗ്നേച്ചര്‍ മാനറിസങ്ങളില്‍ നിന്ന് കുറേക്കൂടി ലൗഡ് ആയ കഥാപാത്രത്തിലേക്ക് പ്രവേശിക്കുകയാണ് ഫഹദ് ഫാസില്‍. അയാളിലെ ‘വ്യാജന്’/ കൗശലക്കാരന് യോജിക്കുന്ന ശരീരഭാഷയിലേക്കുള്ള ഷിഫ്റ്റ്. അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രത്തില്‍ അപരിചിതനായ ഒരാളെ ഫഹദ് അനുകരിക്കുന്നതിന്റെ അസ്വാഭാവികത അനുഭവപ്പെട്ടിരുന്നുവെങ്കില്‍ പ്രകാശനിലെത്തുമ്പോള്‍ സേഫ് സോണിന് പുറത്ത് പെര്‍ഫോം ചെയ്യുന്ന ഫഹദിനെ കാണാനാകുന്നുണ്ട്. കുറച്ചെങ്കിലും സാമ്യം തോന്നിയത് ഊടുവഴിയില്‍ സമ്പന്നനാകാന്‍ നിധി തേടുന്ന കാര്‍ബണിലെ സിബിയോടാണ്. എല്ലാ കോമ്പിനേഷന്‍ രംഗങ്ങളിലും ഹ്യൂമറിലെ ടൈമിംഗ് കൊണ്ടും, ശരീരഭാഷ കൊണ്ടും പ്രകാശന്റെ കഥാപാത്രത്തിന് ശൈലീസ്ഥിരത തീര്‍ക്കുന്നുണ്ട് ഫഹദ്. ആരോടും ആത്മാര്‍ത്ഥയില്ലാതെ, നുണകളുടെ ഘോഷയാത്രയിലൂടെ ജീവിതലക്ഷ്യത്തിലേക്ക് നീങ്ങുന്ന പ്രകാശന്‍ ടീനയുടെ വീട്ടില്‍ നിന്ന് ഗോപാല്‍ജിക്ക് മുന്നിലെത്തി പൊട്ടിക്കരയുന്ന രംഗമുണ്ട്. ഉള്ളില്‍ കനലെരിയുന്ന കഥാപാത്രങ്ങളെ എത്രത്തോളം ആഴത്തില്‍ പ്രതിഫലിപ്പിച്ചുവോ അത്രതന്നെ സൂക്ഷ്മതയില്‍ പൊട്ടിത്തകര്‍ന്ന് പൊട്ടിക്കരയുന്ന കഥാപാത്രമായി ഫഹദ് അമ്പരപ്പിക്കുന്നു. രണ്ട് തവണ കരയുന്നുണ്ട് പ്രകാശന്‍, ഒരു തവണ അയാള്‍ പ്രണയിനിയെ കയ്യിലെടുക്കാനുള്ള തന്ത്രമായുള്ള കള്ളക്കരച്ചിലാണ്, രണ്ടാം വട്ടം ഉള്ളില്‍ത്തട്ടിയും, രണ്ട് വട്ടവും വൈകാരികമായി രണ്ട് ഭാവങ്ങളെ ഭദ്രതയോടെ പ്രതിനിധീകരിക്കുന്നുണ്ട് ഫഹദ്.

കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടി ജീവിക്കുന്ന ‘തലതിരിഞ്ഞ’ ചെറുപ്പക്കാരെ വിനോദയാത്രയില്‍ വിനോദായും, ജോമോന്റെ സുവിശേഷങ്ങളില്‍ ജോമോനായും, ഇന്ത്യന്‍ പ്രണയകഥയില്‍ അയ്മനം സിദ്ധാര്‍ത്ഥനായും, സന്ദേശത്തില്‍ പ്രഭാകരന്‍ കോട്ടപ്പളളിയായും, സത്യന്‍ അന്തിക്കാട് മുമ്പും അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ വഴികാട്ടിയെ വഴിയേ കിട്ടിയ ശേഷമുള്ള തിരിച്ചറിവും, കുടുംബത്തിലേക്കുള്ള തിരിച്ചുവരവും ജോമോനിലും പ്രണയകഥയിലും വിശ്വസനീയമോ,യുക്തിഭദ്രമോ ആയിരുന്നില്ല. എന്നാല്‍ പ്രകാശനിലെത്തുമ്പോള്‍ അയാള്‍ ഇടപെടുന്ന മൂന്ന് സ്ത്രീകളാണ് തിരിച്ചറിവിലേക്കുള്ള വഴിയായി മാറുന്നത്. ഈ മൂന്ന് സാഹചര്യങ്ങളും, സന്ദര്‍ഭങ്ങളും യുക്തിഭദ്രമായും ആസ്വാദ്യകരമായും രൂപപ്പെടുത്തിയിട്ടുണ്ട്. പ്രകാശന്റെ മനംമാറ്റവും വിശ്വസനീയമാണ്. ആകെത്തുകയില്‍ ആവര്‍ത്തനമെന്ന് തോന്നുന്ന രംഗങ്ങള്‍ നിരവധി കാണാമെങ്കിലും കഥാപാത്രങ്ങളുടെ പ്രകടനങ്ങളിലൂടെയും നുറുങ്ങ് സംഭാഷണങ്ങളിലൂടെയും അവയെ മറികടക്കുന്നുമുണ്ട്. രോഗാവസ്ഥയെ സമീപിച്ച രീതിയും പ്രശംസനീയമാണ്.

റിയലിസ്റ്റിക് പരിചരണമുള്ള സിനിമകള്‍ക്ക് സ്വീകാര്യത വര്‍ദ്ധിച്ചപ്പോള്‍ പിന്നീട് പല സിനിമകളിലും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളെ മാത്രം കേന്ദ്രീകരിച്ച് ‘കൃത്രിമത്വം’ നിറച്ച സ്വാഭാവികത ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രകാശനിലെത്തുമ്പോള്‍ ലൈവ് സൗണ്ട് റെക്കോര്‍ഡിംഗിലൂടെ കഥാപാത്രങ്ങളുടെ ചലനങ്ങളിലും ശരീരഭാഷയിലും സംഭാഷണങ്ങളിലുമെല്ലാം സ്വാഭാവികത സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകളുടെ റിയലിസ്റ്റിക് ഫീലില്‍ പ്രധാന റോള്‍ വഹിച്ചതും സിങ്ക് സൗണ്ട് പ്രയോജനപ്പെടുത്തിയതായിരുന്നു. കഥാപാത്രങ്ങളുടെ സ്വാഭാവിക വിനിമയത്തിനൊപ്പം ഈ സിനിമയില്‍ ഗോപാല്‍ജിയുടെ ഇതരസംസ്ഥാന തൊഴിലാളികളുമായുള്ള ഇടപെടല്‍, അവരുടെ താമസകേന്ദ്രങ്ങള്‍, ലോംഗ് ഷോട്ട് ഓട്ടങ്ങളും നടത്തവും,പ്രകാശന്‍ ഇടപെടുന്ന ഇടങ്ങളിലെ പശ്ചാത്തലം എന്നിവയിലെല്ലാം സിങ്ക് സൗണ്ട് പ്രയോജനപ്പെടുത്തിയതിന്റെ നേട്ടം കാണാനുണ്ട്. സിങ്ക് സൗണ്ട് കഥ പറച്ചിലിന് എത്രത്തോളം സഹായകരമാകും എന്നതിന്റെ കാഴ്ചയുമാണ് പ്രകാശന്‍.

ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള ഷിഫ്റ്റില്‍ ചില മുന്‍നിര ഛായാഗ്രാഹകരെങ്കിലും കിതച്ചുപോയിട്ടുണ്ട്. ഞാന്‍ പ്രകാശന്‍ എസ് കുമാര്‍ എന്ന ഛായാഗ്രാഹകന്റെ മനോഹരമായ
ദൃശ്യപരിചരണത്തിന്റെ കൂടെ കാഴ്ചയാണ്. കഥ നീങ്ങുന്ന ഇടങ്ങളെ ഭംഗിയുള്ള പശ്ചാത്തലമാക്കി നിര്‍മ്മിച്ചെടുക്കാതെ വിഷ്വല്‍ നരേറ്റീവിന് ഊര്‍ജമാകുന്ന വിധത്തിലാണ് ഫ്രെയിമുകള്‍. സലോമിയുടെ തോപ്പുംപടി വീടും ചുറ്റുപാടും അവിടേക്കുള്ള പ്രകാശന്റെ വരവും, ഇതരസംസ്ഥാന തൊഴിലാളികളുടെ രാത്രികളെ കാണിക്കുന്ന ഹൈ ആംഗിള്‍ ഷോട്ടുകള്‍, പ്രകാശന്റെ ഉഴപ്പന്‍ ജീവിതത്തിന്റെ ചിത്രീകരണം, തിരിച്ചറിവിനൊപ്പമുള്ള അയാളിലെ മാറ്റം എന്നിവയിലൊക്കെ ക്യാമറാ ചലനങ്ങളിലും പ്രമേയത്തെ ഉള്‍ക്കൊള്ളുന്ന ഇടപെടല്‍ കാണാം.

 

25 ലക്ഷത്തിനടുത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനകം കേരളത്തില്‍ വിവിധ തൊഴില്‍മേഖലയില്‍ കര്‍മ്മനിരതരായിട്ടുണ്ട്. ഭൂരിഭാഗം പേരും ഇവിടെ താമസക്കാരുമാണ്. പക്ഷേ നമ്മുടെ സിനിമ കാലത്തെ പ്രതിനിധീകരിക്കുമ്പോള്‍ രാഷ്ട്രീയത്തെ പുറന്തള്ളുന്നത് പോലെ തന്നെ കേരളത്തിലെ അതിഥിതൊഴിലാളികളുടെ ജീവിതവും പറയാതെ വിട്ടുപോകാറാണ് പതിവ്. ലിജോ പെല്ലിശേരിയുടെ സിറ്റി ഓഫ് ഗോഡ്, വിശാഖിന്റെ മസാലാ റിപ്പബ്ലിക്, ആന്‍മരിയ കലിപ്പിലാണ് എന്നീ സിനിമകളിലാണ് കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിതം കടന്നുവന്നിട്ടുണ്ട്. നേരിട്ടുള്ള പറച്ചിലാണെങ്കിലും ഞാന്‍ പ്രകാശനില്‍ ബംഗാളിയും ബിഹാറിയും ആസാമിയുമായ മനുഷ്യര്‍ കൂടെ കെട്ടിപ്പടുക്കുന്നതാണ് കേരളമെന്ന് കൃത്യമായി പറഞ്ഞുപോകുന്നുണ്ട്. വിയോജിപ്പ് തോന്നിയത് ബംഗാളില്‍ ഭരണം മാറിയപ്പോഴാണ് കേരളത്തിലേക്ക് ബംഗാളികള്‍ കുറഞ്ഞതെന്ന ഗോപാല്‍ജി(ശ്രീനിവാസന്‍)യുടെ രാഷ്ട്രീയ പരാമര്‍ശത്തിലാണ്. വസ്തുതാപ്രകാരമാണോ അത്തരമൊരു പരാമര്‍ശമെന്നും ആലോചിക്കേണ്ടതാണ്.

ഫഹദ് ഫാസില്‍- ശ്രീനിവാസന്‍ കോമ്പിനേഷന്‍ രസകരമാണ്, ചെടിപ്പിച്ചത് നാടോടിക്കാറ്റ് സീരീസ് ഓര്‍മ്മപ്പെടുത്തുന്ന ബസിലെ സിഐഡി വരവും വീട്ടിലെ നെക്ലേസ് രംഗവുമാണ്.
ഷാന്‍ റഹ്മാന്റെ പാട്ടുകള്‍ കഥ പറച്ചിലിന്റെ താളം മുറിയാതെയാണ് നീങ്ങുന്നത്. സലോമിയുടെ വീടും,ബംഗാളികളുടെ താവളവും ഉള്‍പ്പെടെ വിശ്വസനീയ പശ്ചാത്തലമൊരുക്കുന്നതില്‍ കലാസംവിധായകന്‍ പ്രശാന്ത് മാധവും അഭിനന്ദനമര്‍ഹിക്കുന്നു. സിനിമയില്‍ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു പിടി അഭിനേതാക്കളുടെ മികച്ച പ്രകടനത്തിന്റേതുമാണ് ഞാന്‍ പ്രകാശന്‍. ടീന എന്ന കഥാപാത്രമായെത്തിയ ദേവിക കൂടുതല്‍ പ്രതീക്ഷിക്കാവുന്ന അഭിനേത്രിയാണ്. വൈകാരിക രംഗങ്ങളൊക്കെ മികച്ചതാക്കിയിട്ടുമുണ്ട്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം നിഖിലാ വിമലിന്റെ നല്ല കഥാപാത്രമാണ് സലോമി.മിതത്വമുള്ള പ്രകടനവുമാണ് നിഖിലയുടേത്. കെപി എസി ലളിത, ജയശങ്കര്‍,സബിതാ ആനന്ദ്, തുടങ്ങിവയരുടെ പ്രകടനവും എടുത്തുപറയാനാകും.