3.5/5

ബ്ലാക്ക് ഹ്യൂമറിന്റെയും സോഷ്യല്‍ സറ്റയറിന്റെയും സ്ലാപ്സ്റ്റിക് ഹ്യൂമറിന്റെയും പലവിധ അടരുകളുള്ള അവതരണശൈലിയാണ് അമിത് രവിന്ദര്‍നാഥ് ശര്‍മ്മ സംവിധാനം ചെയ്ത ബദായി ഹോ എന്ന സിനിമയുടേത്. ‘പേരക്കുട്ടികളെയും നോക്കി നാമം ജപിച്ചിരിക്കേണ്ട സമയം’ എന്ന് പൊതുധാരണകള്‍ വിധിച്ച അമ്പതുകളില്‍ വിവാഹപ്രായമെത്തിയ മക്കള്‍ക്ക് ഇളയതായി ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന ദമ്പതികളുടേതാണ് ബദായി ഹോ. പി ബാലചന്ദ്രന്റെ തിരക്കഥയില്‍ ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പവിത്രം
സമാനപ്രമേയമായിരുന്നു. മകന്‍ വിവാഹമാലോചിക്കുന്ന വേളയില്‍ മധ്യവയസ്‌കയായ അമ്മ ഗര്‍ഭിണിയാകുന്നുവെന്ന സാദൃശ്യമൊഴിച്ചാല്‍ നരേറ്റീവിലും ഘടനയിലും സിനിമ മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടുകളിലുമെല്ലാം പവിത്രവും ബദായി ഹോയും വ്യത്യസ്ഥമാണ്.

പ്രത്യക്ഷത്തില്‍ റിയലിസ്റ്റിക് ട്രീറ്റ്‌മെന്റിലൂടെ മുന്നേറുന്ന ഒരു ക്ലീന്‍ എന്റര്‍ടെയിനറാണ് ബധായി ഹോ. പരമ്പരാഗത മൂല്യങ്ങളിലും, സദാചാരനിഷ്ഠകളിലുമായി കെട്ടിപ്പൊക്കിയ ഇന്ത്യന്‍ കുടുംബവ്യവസ്ഥയില്‍ ദാമ്പത്യവും സെക്‌സും ചര്‍ച്ച ചെയ്യപ്പെടുന്നത് എത്രമാത്രം പിന്തിരിപ്പന്‍ മട്ടിലാണെന്ന് വിശദീകരിക്കുന്നുണ്ട് സിനിമ. ബ്ലാക്ക് ഹ്യൂമറിന്റെ സാധ്യതകളെ ഉപയോഗിച്ച് പല അടരുകളിലായി അമിത് രവിന്ദര്‍നാഥ് പൊളിച്ചടുക്കുന്നതും പൊതുബോധങ്ങള്‍ക്കൊപ്പിച്ച് അവരവരെ ശരിപ്പെടുത്താന്‍ പാടുപെടുന്ന മനുഷ്യരെയാണ്.

ആയുഷ് മാന്‍ ഖുരാന അവതരിപ്പിക്കുന്ന നകുലിനെ പരിചയപ്പെടുത്തിയാണ് ചിത്രം തുടങ്ങുന്നത്. മാതാപിതാക്കളും അമ്മൂമ്മയും സഹോദരനും ഉള്‍പ്പെടുന്ന അയാളുടെ കുടുംബം ഒരു ഹൗസിംഗ് കോളനിയിലെ താമസക്കാരാണ്. നകുല്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവ വ്യാഖ്യാനത്തിലാണ് സിനിമയുടെ ഓപ്പണിംഗ്. റസിഡന്‍ഷ്യല്‍ കോളനിയിലെ അമ്മയുടെ കൂട്ടുകാരും അയല്‍ക്കാരും ഉള്‍പ്പെടുന്ന വെടിവട്ടത്തിനൊപ്പം ഇരിക്കാന്‍ നിര്‍ബന്ധിതനാകുന്ന നകുലിന്റെ അസ്വസ്ഥകളില്‍ നിന്ന് അയാളുടെ പ്രണയത്തിലേക്കും സൗഹൃദത്തിലേക്ക് സഞ്ചരിക്കുന്നു സിനിമ. കേന്ദ്രപ്രമേയത്തിലേക്ക് സ്വാഭാവികത ചോരാതെ നീങ്ങാനുള്ള തീരുമാനമാണ് സംവിധായകന്റേത്. സിനിമാറ്റിക് ടേണുകളിലേക്കും ഫീല്‍ഗുഡ് ട്രാക്കുകളിലേക്കുമാണ് ഈ സഞ്ചാരമെങ്കിലും ഓരോ കഥാപാത്രങ്ങളെയും രസകരമായി പരിചയപ്പെടുത്തിയും അവരെ വിശദീകരിച്ചുമാണ് കഥ പറച്ചില്‍.

കൗശിക് കുടുംബത്തെ പരിചയപ്പെടുത്താന്‍ അവലംബിച്ച ശൈലിയില്‍ തന്നെ സംവിധായകന്‍ മിടുക്ക് അറിയിക്കുന്നുണ്ട്. അമ്മയും അയല്‍ക്കൂട്ടവും നടത്തുന്ന ആഘോഷങ്ങള്‍ക്കിടയില്‍ അകപ്പെടുന്ന നകുല്‍ കൗശിക് തന്റെ കുടുംബത്തിന്റെ പഴഞ്ചന്‍ രീതികളില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹമുള്ള ചെറുപ്പക്കാരനാണ്. ടിക്കറ്റ് എക്‌സാമിനറായ അച്ഛനെ വീട്ടിലേക്ക് പിക്ക് ചെയ്യുന്ന രംഗത്തില്‍ തന്നെ ജീട്ടു എന്ന ജിതേന്ദര്‍ കൗശിക് എന്ന മധ്യവയസ്‌കനെ അടിമുടി വിശദീകരിക്കുന്നുണ്ട് സിനിമ. ആയുഷ് മാന്‍ ഖുരാനയുടെ നായകകഥാപാത്രത്തെക്കാള്‍ പ്രകടന മികവില്‍ സിനിമയെ മുന്നോട്ട് നയിക്കുന്നത് നീനാ ഗുപ്തയുടെ പ്രിയംവദാ കൗശികും ഭര്‍ത്താവ് ജിതേന്ദറായ ഗജരാജ് റാവുവുമാണ്.

കഥാപരിസരത്തെ സ്വാഭാവികതയിലേക്ക് പ്രതിഷ്ഠിച്ചുകൊണ്ട് തീര്‍ത്തും സിനിമാറ്റിക് ആയ ഫീല്‍ഗുഡ് എന്റര്‍ടെയിനറാണ് അമിത് ശര്‍മ്മ ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ നുറുങ്ങ് നര്‍മ്മങ്ങളുടെ കറുത്ത ഹാസ്യത്തിന്റെ അടരുകളിലൂടെ മാമൂലുകളില്‍ നിന്നും, പാട്രിയാര്‍ക്കിയുടെ പിടിയില്‍ നിന്നും പാരമ്പര്യവാദത്തില്‍ നിന്നും സദാചാര മനോനിലയില്‍ നിന്നുമൊക്കെ ഇനിയുമേറെ ദൂരം മുന്നേറേണ്ടുന്ന രാജ്യത്തെയും അവിടുള്ള കുടുംബവ്യവസ്ഥയെയും ആഴത്തില്‍ ചിത്രീകരിച്ചിട്ടുണ്ട് സിനിമ.

സമൂഹത്തിന്റെ മുന്‍വിധികളില്‍ കുരുങ്ങി ജീവിക്കുന്ന ഇന്ത്യന്‍ കുടുംബങ്ങളുടെ പരിച്ഛേദവുമാണ് ബധായി ഹോ. ചുറ്റുമുള്ളവര്‍ എന്ത് വിചാരിക്കും എന്ന ചിന്ത ആശങ്കയായും, അഭിമാനക്ഷതമായും, ഭയമായും, ഒളിച്ചോട്ടമായും, ത്യാഗമായും,മാനസികത്തകര്‍ച്ചയായും പരിണമിക്കുന്ന ജീവിതസാഹചര്യങ്ങളുടേതുമാണ് സിനിമ. മൂന്ന് തലമുറയില്‍ ഊന്നിയാണ് ബധായി ഹോ ഇന്ത്യന്‍ കുടുംബവ്യവസ്ഥയുടെ ഉള്ള് കാട്ടുന്നത്. പ്രായാധിക്യത്തില്‍ മകന്റെ സംരക്ഷണയില്‍ കഴിയുന്ന സുരേഖ സിക്രിയുടെ ദാദി, ജീട്ടുവും പ്രിയംവദയും പിന്നെ ഷീബാ ഛദ്ദയുടെ സംഗീതാ ശര്‍മ്മയും ഉള്‍പ്പെടുന്ന അടുത്ത തലമുറ, പുതുതലമുറയെ പ്രതിനിധീകരിച്ച് നകുലും റിനിയും നകുലിന്റെ സഹോദരനും.

സുപ്രധാന കഥാവഴിത്തിരിവുകള്‍ പിന്നിട്ട് മുന്നോട്ട് പോകുമ്പോള്‍ തീര്‍ത്തും പ്രവചനാത്മകമായ ശുഭസമാപ്തിയിലേക്കാണ് സിനിമയുടെ സഞ്ചാരമെങ്കിലും ഓരോ രംഗവും അവതരണ സൂക്ഷ്മതയാല്‍ മനോഹരമാണ്. നമ്മുടെ സെന്‍സര്‍ ബോര്‍ഡ് ലൈംഗിക പരാമര്‍ശങ്ങളെയും രംഗങ്ങളെയും ഭാരതീയ പാരമ്പര്യത്തിന് കളങ്കമെന്ന വാദമുന്നയിച്ച് വെട്ടിമാറ്റുന്ന കാലത്ത് പ്രസക്തവുമാണ് സിനിമ. ഇന്ത്യന്‍ കുടുംബത്തില്‍ ലൈംഗികത ചര്‍ച്ചകളില്‍ അയിത്തമുള്ള വിഷയമാവുന്ന സാഹചര്യവും ഉയര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

ഗജരാജ് റാവുവിന്റെ ജീട്ടുവിനെയും നീനാ ഗുപ്തയുടെ പ്രിയംവദയെയും ജീട്ടുവിന്റെ അമ്മയെയും ആശ്രയിച്ചാണ് സിനിമയുടെ ആദ്യപകുതി. പ്രിയംവദ ഗര്‍ഭിണിയായത് വിവാഹ പ്രായമെത്തിയ മകനിലും, കുടുംബത്തിലും ജീട്ടുവിലും കുടുംബത്തിലും ചുറ്റുവട്ടത്തുമുണ്ടാക്കുന്ന പ്രതിഫലനങ്ങളില്‍ കേന്ദ്രീകരിച്ച് മുന്നോട്ട് നീങ്ങുന്ന ഈ ഭാഗമാണ് ഏറ്റവും ആസ്വാദകരമായതും. രണ്ടാം പകുതിയിലേക്ക്് കടക്കുമ്പോള്‍ നകുലിന്റെയും റനിയുടെയും പ്രണയത്തിലേക്കും ഫീല്‍ ഗുഡ് ക്ലൈമാക്‌സിലേക്കുമായി വേഗത്തിലെത്താനുള്ള ശ്രമമായി മാറുന്നുണ്ട് സന്ദര്‍ഭങ്ങളും കഥാഗതിയും. കിസാ കുര്‍സി കായിലൂടെ അരങ്ങേറ്റം കുറിച്ച സുരേഖ സിക്രിയുടെ അമ്മൂമ്മയും നീനാ ഗുപ്തയുടെ പ്രിയംവദയുമാണ് പെര്‍ഫോര്‍മന്‍സ് കൊണ്ട് ബധായി ഹോ എന്ന സിനിമയെ അത്രയേറെ ആസ്വാദ്യകരമാക്കിയത്. സുരേഖയുടെ മുത്തശി കഥാപാത്രം സൃഷ്ടിക്കുന്ന പൊല്ലാപ്പുകളും മകന്‍ ജീട്ടുവിനെ ചോദ്യം ചെയ്യുന്ന രംഗങ്ങളും മരുമകളോടുള്ള കലഹവുമൊക്കെ ഈ അഭിനേത്രിയുടെ അസാധ്യ പ്രകടനത്തിന്റെ കാഴ്ചാനുഭവമാണ്. മക്കള്‍ക്ക് മുന്നില്‍ ഉരുകിനില്‍ക്കുന്ന പ്രിയംവദയെ അതുല്യമാക്കിയിട്ടുണ്ട് നീനാ ഗുപ്ത. സ്റ്റൈലിഷ് പെര്‍ഫോര്‍മന്‍സ് എന്നതിനപ്പുറം കയ്യൊപ്പുള്ള പ്രകടനം ഓര്‍ത്തുവയ്ക്കാന്‍ ഇല്ലാത്ത ആയുഷ്മാന്‍ ഖുരാന അന്ധാധുന്‍, ബധായി ഹോ എന്നീ സിനിമകളിലൂടെ നടന്‍ എന്ന നിലയ്ക്കും അതിഗംഭീരമായി മുന്നേറുന്നുണ്ട്.

സാനു ജോണ്‍ വര്‍ഗ്ഗീസിന്റേതാണ് ക്യാമറ. റെയില്‍വേ ജീവനക്കാരന്റെ ഹൗസിംഗ് കോളനിയുടെ പരിമിത സാഹചര്യങ്ങളിലെ ജീവിതവും,കഥാപാത്രങ്ങളിലൂന്നിയുള്ള കഥ പറച്ചിലും ആസ്വാദ്യകരമാക്കുന്നതില്‍ സാനുവിന്റെ ക്യാമറയും കാര്യമായ റോള്‍ നിര്‍വഹിച്ചിട്ടുണ്ട്.

ഗജരാജ് റാവു അവതരിപ്പിക്കുന്ന ജീതേന്ദര്‍ കൗശികിന്റെ ഭാവങ്ങള്‍ ഇടയ്ക്ക് മിസ്റ്റര്‍ ബീന്‍ മാനറിസം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. സന്യാ മല്‍ഹോത്രയുടെ റിനീ മികച്ച കഥാപാത്രസൃഷ്ടിയാണ്. കഥാപാത്രസൃഷ്ടിയുടെയും കാസ്റ്റിംഗിന്റെയും മികവ് കൂടിയാണ് ബധായി ഹോ. ബോളിവുഡില്‍ ഈ വര്‍ഷം പുറത്തുവന്നതില്‍ പരിചരണം കൊണ്ടും പ്രമേയം കൊണ്ടും വേറിട്ട് സഞ്ചരിക്കുന്ന സിനികമളിലൊന്നുമാണ് ബധായി ഹോ.