2018ല്‍ തിയറ്ററുകളിലെത്തിയവയില്‍ പ്രധാനമായും ഹിന്ദി, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ നിന്ന് കണ്ട സിനിമളെ ആധാരമാക്കിയാണ് ഈ പട്ടിക. മലയാളത്തില്‍ നിന്ന് മാത്രമായി പൂര്‍ണമായും തൃപ്തി നല്‍കി പത്ത് സിനിമകളെ ഉള്‍പ്പെടുത്താനായിട്ടില്ല. ആസ്വാദനതൃപ്തിയില്‍ മുന്നിലുള്ള നാല് സിനിമകള്‍ വച്ച് ബോളിവുഡ്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ നിന്ന് ഉള്‍പ്പെടുത്തുന്നു. ബോളിവുഡില്‍ മള്‍ട്ടിപ്ലെക്‌സ് കേന്ദ്രീകൃതമായി പരീക്ഷണാത്മ സിനിമകള്‍ വന്നുപോകാറുണ്ടെങ്കിലും മുഖ്യധാരാ സിനിമ ഭാഗികമായെങ്കിലും പരീക്ഷണത്തോടും കഥനരീതിയിലെ പുതുചലനങ്ങളോടും അടുപ്പം പുലര്‍ത്തി നീങ്ങുന്നതും അത്തരം സിനിമള്‍ സാമ്പത്തിക വിജയമാകുന്നതും 2018ല്‍ കാണാനായി. ബോക്‌സ് ഓഫീസ് ഗ്യാരണ്ടിയുള്ള ആമിര്‍ ഖാന്‍ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന വമ്പന്‍ ബജറ്റ് ചിത്ത്രതിലൂടെ പൂര്‍ണനിരാശ സമ്മാനിച്ചപ്പോള്‍ ഷാരൂഖിനും സല്‍മാന്‍ ഖാനുമൊന്നും സിനിമയുടെ സമകാലിക മുന്നേറ്റത്തിനോട് ചേര്‍ന്ന് നീങ്ങാനായില്ല. പരിചരണ രീതി കൊണ്ടും ക്രാഫ്റ്റ് കൊണ്ടും ഓരോ സിനിമയിലും വിസ്മയിപ്പിക്കാറുള്ള ശ്രീറാം രാഘവന്റെ അന്ധാധുന്‍ എനിക്ക് ഈ വര്‍ഷത്തെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ സിനിമയാണ്. തമിഴില്‍ നിന്നുള്ള പരിയേറും പെരുമാള്‍ മലയാളത്തിലെ ഈ മ യൗ, സുഡാനി ഫ്രം നൈജീരിയ എന്നീ സിനിമകളാണ് ഇവയ്ക്ക് പിന്നില്‍.

ഈ മ യൗ

സിനിമ ഉദയം കൊണ്ട കാലം മുതല്‍ക്കുള്ള ഫോര്‍മുലകള്‍ വിട്ടുപിടിക്കാതെയും, പരിചരണത്തിലെ സമകാലിക മാറ്റങ്ങളെ പരിഗണിക്കാതെയും മുന്നേറുന്ന സൃഷ്ടികള്‍ക്കിടയില്‍ ഈ മ യൗ മാറിയ മലയാള സിനിമയുടെ മുഖചിത്രമാണ്. കഥാപരിചരണത്തില്‍, രംഗാവിഷ്‌കാരത്തില്‍ അതിഗംഭീരമായ ക്രാഫ്റ്റ് അനുഭവപ്പെടുത്തുന്ന ലിജോ സിനിമകളില്‍ വ്യക്തിപരമായി ഏറ്റവും പ്രിയപ്പെട്ടതാണ് ഈ മ യൗ. മരണമാണ് ഇവിടെ കേന്ദ്രകഥാപാത്രം. ഒരു മനുഷ്യന്റെ മരണം അതുവരെയുള്ള അയാളുടെ ജീവിതത്തിന്റെ പൂര്‍ണവിരാമമാണ്. ഇവിടെ വാര്യത്ത് പറമ്പില്‍ ചോറി മകന്‍ വാവച്ചന്‍ മേസ്തിരിയെന്ന ദരിദ്രനും അതിസാധാരണക്കാരനുമായ മനുഷ്യനാണ് മരിക്കുന്നത്. വാവച്ചന്‍ മേസ്തിരിയുടെ അതുവരെയുള്ള ജീവിതം മറ്റ് പലരിലൂടെ വ്യാഖ്യാനിക്കപ്പെടുകയാണ്. പരിചിതരും അപരിതരുമായ മനുഷ്യരുടെ ആഖ്യാനങ്ങളിലും വ്യാഖ്യാനങ്ങളിലുമാണ് വാവച്ചനെ പ്രേക്ഷകരും വായിച്ചെടുക്കേണ്ടത്. മരണപ്പെട്ടയാളെ സംബന്ധിച്ചിടത്തോളം അതൊരു ദുര്യോഗമാണ്. മരണത്തിന് വിധേയനായിട്ടും വാവച്ചനാശാന്‍ സ്വതന്ത്രനാകുന്നില്ല. അയാള്‍ക്ക് ചുറ്റും ജീവിച്ചിരുന്ന മനുഷ്യരാല്‍, സമൂഹത്താല്‍, മതസ്ഥാപനങ്ങളാല്‍ അയാളുടെ മൃതശരീരം വിചാരണ ചെയ്യപ്പെടുകയാണ്. ലിജോ ഇതുവരെ ചെയ്ത സിനിമകളെല്ലാം സിനിമയുടെ ഭാവത്തോട് ലയിച്ചുനീങ്ങുന്ന അല്ലെങ്കില്‍ അത്തരമൊരു അനുഭവപരിസരം സൃഷ്ടിച്ചെടുക്കുന്ന താളമുണ്ടായിരുന്നു. ആമേനിലും ഡബിള്‍ ബാരലിലും അങ്കമാലിയിലും ഈ താളം സിനിമയുടെ ഹൃദയതാളവുമായിരുന്നു. ലിജോ ഇവിടെ അത്തരമൊരു സാധ്യതയെ/ സൗകര്യത്തെ ഉപേക്ഷിക്കുകയാണ്.കൊച്ചാല്‍ബിയുടെ പൊട്ടിയ ക്ലാരനെറ്റില്‍ നിന്നുള്ള അപതാളമാണ് സിനിമയുടെ താളം.

REVIEW: ഈ മ യൗ : കയ്യടിക്കേണ്ട മലയാളത്തിന്റെ നവസിനിമ

സുഡാനി ഫ്രം നൈജീരിയ

സക്കറിയ എന്ന നവാഗത സംവിധായകന്റെ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ ഭാഷ ഹൃദയത്തിന്റേതാണ്. കേവലനന്മയുടെ കപടസങ്കീര്‍ത്തനങ്ങളിലേക്കല്ല, നമ്മുടെ സിനിമയും, പൊതുബോധവുമൊക്കെ പല കാലങ്ങളിലായി അപരത്വം നല്‍കി അപകട ചിഹ്നമിട്ട് കെട്ടിമറച്ചുവച്ച മാനവികതയുടെ കുറേ തുരുത്തുകളിലേക്കാണ് ഈ സിനിമ കൂടെ നടത്തുന്നത്. ഇതുവരെ കണ്ടവയില്‍ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രിയ സിനിമകളിലൊന്നാണ് എനിക്ക് സുഡാനി ഫ്രം നൈജീരിയ. മലയാളത്തില്‍ സമീപവര്‍ഷങ്ങളില്‍ സംഭവിച്ച അതിഗംഭീര സിനിമകളിലൊന്ന്. ലോക സിനിമയിലേക്ക് മലയാളത്തിന് ഉയര്‍ത്തിക്കാട്ടാനാകുന്ന നവസിനിമ.

REVIEW: സുഡാനി ഫ്രം നൈജീരിയ: ഊറ്റം കൊള്ളാം വല്ലാതെ

വരത്തന്‍

ക്രാഫ്റ്റിലും വിഷ്വല്‍ കൊറിയോഗ്രഫിയിലും അമല്‍ നീരദ് എന്ന സംവിധായകന്റെ ആത്മവിശ്വാസം അനുഭവപ്പെടുത്തിയ സിനിമയാണ് ഇയ്യോബിന്റെ പുസ്തകം. അമല്‍ സിനിമകളില്‍ വ്യക്തിപരമായി പ്രിയപ്പെട്ട ചിത്രവും ഇയ്യോബ് ആണ്. സ്റ്റൈല്‍ ഓവര്‍ സബ്‌സ്റ്റന്‍സ് വിട്ടുപിടിച്ച് ദൃശ്യപ്രധാനമായി കഥ പറയാനുള്ള തന്നിലെ ചലച്ചിത്രകാരന്റെ പ്രാപ്തിയെ അമല്‍ ഒരിക്കല്‍ ബോധ്യപ്പെടുത്തിയ ചിത്രവുമാണ് വരത്തന്‍. പ്രധാനമായും രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ഒരേ സമയം അവരുടെ മാനസിക വ്യാപാരങ്ങളിലൂടെയും സമാന്തരമായി അവര്‍ക്ക് മുന്നിലുള്ള പ്രതിബന്ധങ്ങളെയും അനാവശ്യവിശദീകരണത്തോടെയല്ലാതെ ചിത്രീകരിച്ച് സമഗ്രതയില്‍ ക്രാഫ്റ്റ്മാന്‍ഷിപ്പിന് കയ്യടിപ്പിക്കുന്ന സിനിമ കൂടിയാണ് വരത്തന്‍.

മറഡോണ

നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്ത സിനിമയാണ് മറഡോണ. കഥ പറച്ചിലില്‍ നടപ്പുരീതികളെ പൂര്‍ണമായും കയ്യൊഴിഞ്ഞ് ഒറ്റവരിക്കഥയിലേക്ക് ചുരുക്കാവുന്നൊരു പ്ലോട്ടിനെ ആകര്‍ഷകമായ തലങ്ങളിലേക്ക് ട്രീറ്റ്‌മെന്റ് കൊണ്ട് വളര്‍ത്തിയെടുത്ത അവതരണ കൗശലത്തിന്റേതാണ് സിനിമ. മായാനദി എന്ന സിനിമ ടൊവിനോ തോമസ് എന്ന നടന്‍ മലയാളത്തിന് അത്രയേറെ പ്രതീക്ഷ പുലര്‍ത്താകാനാകുന്ന ആളാണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. മറഡോണയില്‍ വിരുദ്ധ ഭാവതങ്ങളുള്ള, സങ്കീര്‍ണതയുള്ള കഥാപാത്രത്തെ ഉജ്വലമാക്കിയിട്ടുണ്ട് ടൊവിനോ തോമസ്. പ്ലോട്ടിലെ സാധ്യതകളിലേക്കും കൂടുതല്‍ അടരുകളിലേക്കും സഞ്ചരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചതിലെ വിയോജിപ്പ് ഒഴിച്ച് നിര്‍ത്തിയാല്‍ മറഡോണ മാറിയ മലയാള സിനിമയ്‌ക്കൊപ്പം സഞ്ചരിക്കുന്ന സൃഷ്ടിയായി വിലയിരുത്താനാകും.

ബോളിവുഡ്

അന്ധാധുന്‍

ത്രില്ലറുകളുടെ ആഖ്യാനരീതിയില്‍ നിരന്തരം പരീക്ഷണങ്ങള്‍ക്ക് മുതിരുന്ന, സിഗ്‌നേച്ചര്‍ ശൈലി കൈവിടാത്ത ബോളിവുഡിന്റെ മാസ്റ്റര്‍. സംഗീതവും ബ്ലാക്ക് ഹ്യൂമറും സമന്വയിപ്പിച്ചുള്ള ത്രില്ലറാണ് അന്ധാധുന്‍. ദ പിയാനോ ട്യൂണര്‍ എന്ന ഫ്രഞ്ച് ഹ്രസ്വചിത്രത്തെ ഉപജീവിച്ചാണ് സിനിമ. ഫ്രഞ്ച്-കൊറിയന്‍ സിനിമകളുടെ സ്വാധീനം വയലന്‍സ് ചിത്രീകരണത്തിലും കഥാപാത്രനിര്‍മ്മിതിയിലും ശ്രീരാം നേരത്തെയും പിന്തുടര്‍ന്നിട്ടുണ്ട്. പിയാനോയിലൂടെ പായുന്ന വിരലുകള്‍ അന്തരീക്ഷത്തില്‍ മാസ്മരിക സംഗീതം നിറയ്ക്കുന്ന അതേ ഇടത്തില്‍ തോക്കുകളുടെ വന്യസംഗീതം സൃഷ്ടിച്ചുള്ള ശ്രീറാമിന്റെ രംഗവിന്യാസപാടവം ഏജന്റ് വിനോദിലെ ഗാനരംഗത്തിലുണ്ട്. ആ രംഗം ഓര്‍മ്മപ്പെടുത്തുംവിധമാണ് സിനിമയിലെ അന്ധാധുനിലെ ചില സീനുകള്‍. സമഗ്രമേഖലയിലും കിടയറ്റ ക്രാഫ്റ്റ്മാന്റെ സ്പര്‍ശം അനുഭവപ്പെടുത്തിയ സിനിമയെന്ന മാധ്യമത്തില്‍ നടത്താനാകുന്ന പുതുപരീക്ഷണങ്ങളെ അനുഭവപ്പെടുത്തി മുന്നേറുന്ന സിനിമ. അഭിനേതാക്കളുടെ അസാധ്യപ്രകടനം കൊണ്ടും ശ്രദ്ധേയം.

Andhadhun Review : അന്ധാ ധുന്‍, കയ്യടിച്ചിരുത്തുന്ന കണ്‍കെട്ട്

തുമ്പാട്

റിയലിസ്റ്റിക് പരിസരത്ത് നിലയുറപ്പിച്ച് കൊണ്ട് ഒരുക്കിയ ഫാന്റസിയുടെ പല അടരുകളിലേക്കുള്ള സഞ്ചാരം. ഒരു ഫാന്റസി ഡ്രാമയുടെ അനുഭവതലം പരിചരണത്തിലും, ദൃശ്യവിന്യാസത്തിലും, ശബ്ദരൂപകല്‍പ്പനയിലും, ഗ്രാഫിക്‌സിലും, കഥാപാത്ര സൃഷ്ടിയിലുമെല്ലാം ആകര്‍ഷകമായി അവതരിപ്പിച്ചാണ് തുമ്പാട് കയ്യിലെടുക്കുന്നത്. വലിച്ചുനീട്ടലിലെ വിയോജിപ്പുകള്‍ വിസ്മരിപ്പിക്കാവുന്ന തലത്തിലുള്ള വിഷ്വല്‍ എക്‌സ്പീരിയന്‍ കൂടെയാണ് തുമ്പാട്. ഷിപ് ഓഫ് തിസ്യൂസ് എന്ന ഒറ്റ സിനിമ കൊണ്ട് ഇന്ത്യന്‍ പ്രേക്ഷരെ അമ്പരപ്പിച്ച ആനന്ദ് ഗാന്ധി സഹരചയിതാവായും ക്രിയേറ്റീവ് ഡയരക്ടറായും ഈ ചിത്രത്തിന് പിന്നണിയിലുണ്ടായിരുന്നു. അതിമനോഹരമായി രൂപകല്‍പ്പന ചെയ്യുകയും വിഷ്വല്‍ കൊറിയോഗ്രഫിയുടെ മിടുമിടുക്കിനാല്‍ അടുപ്പം കൂട്ടുകയും ചെയ്ത സിനിമ.

ഒക്ടോബര്‍

ബോളിവുഡിലെ ആസ്വാദന നവീകരണത്തില്‍ കാര്യമായ പങ്കുണ്ട് ഷൂജിത് സര്‍ക്കാരിനും അദ്ദേഹത്തിന്റെ തിരക്കഥാകൃത്തായ ജൂഹി ചതുര്‍വേദിക്കും. ദുരന്തപര്യവസായിയായ ഒരു പ്രണയകഥയെ ധ്യാനാത്മകമായ അനുഭവതലം സമ്മാനിക്കുന്ന തരത്തില്‍ അവതരിപ്പിച്ചു ഷൂജിത് സര്‍ക്കാര്‍. അനശ്വര പ്രണയത്തെ വ്യാഖ്യാനിക്കുന്ന സൃഷ്ടികള്‍ പലവട്ടം വന്നുപോയിട്ടുണ്ടെങ്കിലും ദൃശ്യപ്രധാനമായി, കഥാപാത്രങ്ങളെ പ്രകടനങ്ങളെ കേന്ദ്രീകരിച്ച് ഒരു ദുരന്തകഥ പറയുമ്പോള്‍ നേരിടാവുന്ന മെലോഡ്രമാറ്റിക് മുഹൂര്‍ത്തങ്ങളെയും ആവര്‍ത്തനങ്ങളെയും ഉപേക്ഷിച്ച് എത്ര ഗംഭീരമായി കഥ പറയാനാകുമെന്ന് അനുഭവപ്പെടുത്തിയ സിനിമ.

ബധായി ഹോ

പ്രത്യക്ഷത്തില്‍ റിയലിസ്റ്റിക് ട്രീറ്റ്മെന്റിലൂടെ മുന്നേറുന്ന ഒരു ക്ലീന്‍ എന്റര്‍ടെയിനറാണ് ബധായി ഹോ. പരമ്പരാഗത മൂല്യങ്ങളിലും, സദാചാരനിഷ്ഠകളിലുമായി കെട്ടിപ്പൊക്കിയ ഇന്ത്യന്‍ കുടുംബവ്യവസ്ഥയില്‍ ദാമ്പത്യവും സെക്സും ചര്‍ച്ച ചെയ്യപ്പെടുന്നത് എത്രമാത്രം പിന്തിരിപ്പന്‍ മട്ടിലാണെന്ന് വിശദീകരിക്കുന്നുണ്ട് സിനിമ. ബ്ലാക്ക് ഹ്യൂമറിന്റെ സാധ്യതകളെ ഉപയോഗിച്ച് പല അടരുകളിലായി അമിത് രവിന്ദര്‍നാഥ് പൊളിച്ചടുക്കുന്നതും പൊതുബോധങ്ങള്‍ക്കൊപ്പിച്ച് അവരവരെ ശരിപ്പെടുത്താന്‍ പാടുപെടുന്ന മനുഷ്യരെയാണ്.

Badhaai Ho Review: ചിരിയുടെ,ചിന്തയുടെ ‘കുടുംബ’ ചിത്രം

തമിഴ്

പരിയേറും പെരുമാള്‍

ജീവിക്കുന്ന കാലത്ത് പറയേണ്ട രാഷ്ട്രീയം ഉറക്കെപ്പറയുന്നതാണ് പരിയേറും പെരുമാള്‍. ജാതിയാല്‍ വിഭജിതമായ, സവര്‍ണാധികാര ഹുങ്ക് മനുഷ്യത്വരഹിതമായ ഇടപെടുന്ന ഒരു നാടിന്റെ പൈതൃകവും പെരുമയും പുറംമേനിയിലെ പൊള്ളത്തരമാണെന്ന് യാഥാര്‍ത്ഥ്യബോധമുള്ള കാഴ്ചകളിലൂടെ വിശ്വസിപ്പിക്കുന്ന സിനിമ. മാരി ശെല്‍വന്‍ സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ സംഭാഷണകേന്ദ്രീകൃതമായും, കഥാപാത്രങ്ങളുടെ പ്രകടനത്തില്‍ ഊന്നിയും നീങ്ങുന്ന സിനിമയാണ്. സംഭാഷണത്തെ ആശ്രയിച്ചുള്ള കഥനരീതിയില്‍ മുന്നേറുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിയോജിപ്പാകുമ്പോഴും ഹൃദയത്തില്‍ ആഴത്തില്‍ പതിക്കുംവിധമുള്ള അവതരണം കൊണ്ടും, ദളിത് വിരുദ്ധരാഷ്ട്രീയത്തെ ആഴത്തില്‍ പ്രശ്‌നവല്‍ക്കരിക്കുന്ന അപൂര്‍വം സിനിമകളിലൊന്ന് എന്ന നിലയ്ക്കും ഗംഭീരമാണ് പരിയേറും പെരുമാള്‍. ജാതി പൊതുബോധത്തിലും ഉപബോധത്തിലുമായി എത്രമേല്‍ മനുഷ്യത്വരഹിതമായി ഇടപെടുന്നുവതിന്റെ കാഴ്ച കൂടിയാണ് പരിയേറും പെരുമാള്‍.

മേര്‍ക്ക് തൊടര്‍ച്ചി മലൈ

അവര്‍ക്ക് ചുറ്റും സിനിമാറ്റിക് ആയോ, ട്വിസ്റ്റുകളായോ ഒന്നും സംഭവിക്കുന്നില്ല. തലമുറകള്‍ മാറുമ്പോഴും, ഭരണം മാറുമ്പോഴും, തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെടുമ്പോഴുമെല്ലാം അവര്‍ അന്നന്നത്തേക്കുള്ള ആഹാരത്തിനായും കുടുംബത്തിനായും എല്ലുമുറിയെ പണിയെടുക്കുന്നു. പശ്ചിമഘട്ടത്തിലെ തോട്ടം തൊഴിലാളികളുടെ സഹനവും സമരവും അതിജീവനവുമാണ് ലെനിന്‍ ഭാരതിയുടെ മേര്‍ക്ക് തൊടര്‍ച്ചി മലൈ. വിജയ് സേതുപതി നിര്‍മ്മിച്ചതാണ് ചിത്രം. പല വേളകളിലും കാണുന്നത് സിനിമയല്ല മണ്ണിലും മലയിലും അടിവാരത്തിലും പൊരുതുന്ന മനുഷ്യരെ മറയില്ലാതെയാണെന്ന് അനുഭവപ്പെടുത്തുന്ന സൃഷ്ടി.

വട ചെന്നൈ

സമഗ്രതലങ്ങളിലും പൂര്‍ണതയ്ക്കായി ശ്രമിക്കുന്ന അപൂര്‍വം ഫിലിംമേക്കേഴ്സില്‍ ഒരാളാണ് വെട്രിമാരന്‍. വടചെന്നൈ രൂപകല്‍പ്പന ചെയ്ത genreനോടും പൂര്‍ണമായും നീതി പുലര്‍ത്തുന്നതാണ് സിനിമ. മൗലിക ഭംഗിയുള്ള, ആവിഷ്‌കാര മികവുള്ള ചുരുക്കം ഇന്ത്യന്‍ സിനിമകളില്‍ ഒന്നായാണ് വടചെന്നൈ അനുഭവപ്പെട്ടത്.

Vadachennai Review: ചതിയുടെ ചതുരംഗം

96

പിടിച്ചിരുത്തുംവിധം ഹൃദ്യവും മനസിനെ ഉലയ്ക്കും വിധം കാവ്യാത്മകവുമാണ് സി പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച തമിഴ് ചിത്രം 96. പലവുരു സ്‌ക്രീനിലെത്തിയ പ്രമേയമായിരുന്നിട്ടും അത്രമേല്‍ സ്വാഭാവികവും സൂക്ഷ്മവുമായ രംഗാവിഷ്‌കാരത്തിലും, ഡീറ്റെയിലിംഗിലും, കഥ പറച്ചില്‍ രീതിയിലുമാണ് 96 സമീപകാലത്ത് പുറത്തുവന്ന മികച്ച തമിഴ് ചിത്രമാകുന്നത്. ജാനുവില്‍ നിന്നും റാമില്‍ നിന്നും അവരുടെ പ്രണയഭൂമികയില്‍ നിന്നും അടര്‍ത്തിമാറ്റാനാകാത്ത വിധം ലയിച്ചുനില്‍ക്കുന്ന സംഗീതം കൂടിയാണ് 96 എന്ന സിനിമ.

96 Movie Review: കാതലിന്‍ ഹൃദയമിടിപ്പ്

 

ALSO READ 

TOP 15 Malayalam Songs 2018: പ്രിയപ്പെട്ട 15 പാട്ടുകള്‍/ Malayalam Cinema 2018