3/5
മലയാളത്തില്‍ സമീപകാലത്ത് പുറത്തുവന്ന ഗംഭീര സിനിമകളിലൊന്നാണ് ഷെറി രചനയും സംവിധാനവും നിര്‍വഹിച്ച കഖഗഘങ. സൈദ്ധാന്തിക കാപട്യങ്ങള്‍ക്കും, അധികമാനമുണ്ടാക്കാന്‍ വേണ്ടി ഒരുക്കിവയ്ക്കുന്ന ഗിമ്മിക്കുകള്‍ക്കും അപ്പുറം മലയാളത്തിലെ സ്വതന്ത്ര സിനിമാധാരയില്‍ നിന്ന് പുറത്തുവന്ന മികച്ച സിനിമകളിലൊന്ന്. ആര്‍ട്ട് ഹൗസ് സിനിമകളുടെ സാമ്പ്രദായിക ഹാംഗോവറുകളൊന്നുമില്ലാതെ ഫിലിംമേക്കറുടെ ക്രാഫ്റ്റ് അനുഭവപ്പെടുത്തിയിരുന്ന മണ്‍റോതുരുത്തിന്റെ വിധി ഷെറിയുടെ ചിത്രത്തിന് ഉണ്ടാകരുത്. ദൃശ്യഭാഷയുടെയും ശബ്ദവിന്യാസത്തിന്റെയും സാധ്യതകളിലൂന്നി സിനിമയെന്ന മാധ്യമത്തില്‍ നടക്കുന്ന പുതുക്കിപ്പണിയലുകളും, പരീക്ഷണങ്ങളും അനുഭവപ്പെടുത്തുന്ന സിനിമയാണ് കഖഗഘങ. (സ്വതന്ത്ര സിനിമകളില്‍ ശവം,കരി, ക്രൈം നമ്പര്‍ 89 എന്നിവയിലാണ് റിയലിസ്റ്റിക് കഥ പറച്ചില്‍ അടുത്തകാലത്ത് ഭംഗിയായി നിര്‍വഹിച്ചതായി അനുഭവപ്പെട്ടിരുന്നത്)
കാലനൂട്ട് എന്ന പ്രാദേശികമായ ആചാരക്രമത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. വടക്കേ മലബാറാണ് പശ്ചാത്തലം. മരണവീട്ടിലെത്തി കാലനെ ഊട്ടുന്നതാണ് കാലനൂട്ട്. കാലനൂട്ട് നടത്തുന്ന വയോധികനായ കഥാപാത്രം നാട്ടുകാര്‍ക്ക് കാലനാണ്. കോക്കാട് നാരായണന്‍ എന്ന നാടകപ്രവര്‍ത്തകനാണ് ഈ കഥാപാത്രം. ഒരു ഡോക്യുഫിക്ഷന്‍ സ്വഭാവത്തില്‍ കാലനൂട്ടിനെയും, കാലനൂട്ട് ചടങ്ങിനെത്തുന്ന കാലന്‍ എന്ന കഥാപാത്രത്തെയും പിന്തുടര്‍ന്നാണ് ഷെറി സിനിമ തുടങ്ങുന്നത്. മരണത്തിന് പിന്നാലെ കരിതേച്ച് കാലനായി എത്തുന്നയാളാണ് ഈ കാലന്‍. ഒരു മരണവീട്ടിലേക്കുള്ള കാലന്റെ വരവിലാണ് കഥ പറഞ്ഞ് തുടങ്ങുന്നത്. ഓരോ മരണത്തിനുമൊപ്പം സ്വയം മരണം അനുഭവിച്ചുകൊണ്ടേയിരിക്കുന്ന മനുഷ്യനാണ് കാലനെന്ന് തോന്നും. എല്ലാവരും അയാളുടെ പരിചയക്കാരാണെങ്കിലും അയാളോട് സൗഹൃദവും കരുതലും ഉള്ള കൂട്ടുകാരന്‍ ഒരാള്‍ മാത്രമാണ്. കാലനെ കേള്‍ക്കാനും സംസാരിക്കാനുമായി വീട്ടിലേക്ക് എത്തുന്നയാള്‍. കാലനെ ഏറ്റവും നന്നായി മനസിലാക്കിയ ആളും ഈ കൂട്ടുകാരനാണ്.
എന്നോ വീട് വിട്ടുപോയ മകന്‍ മൈത്രേയന്‍ പെട്ടെന്നൊരു ദിവസം കാലനുള്ള വീട്ടിലേക്ക് വരുകയാണ്. യാഥാര്‍ത്ഥ്യങ്ങളില്‍ ജീവിക്കാന്‍ ആഗ്രഹിക്കാത്ത(ഓര്‍മ്മകളോ/മുറിവുകളോ/രോഗമോ അനുവദിക്കാത്ത)കഥാപാത്രമാണ് മൈത്രേയന്‍. എന്നോ വീട് വിട്ട് ഊര് ചുറ്റിത്തുടങ്ങിയ ആള്‍. പ്രണയിച്ച പെണ്ണിനെ വിവാഹം ചെയ്ത് പുറംനാടുകളില്‍ എവിടെയൊക്കെയോ ജീവിച്ച് മായാജാലവും മാനസിക അസ്വാസ്ഥ്യവും ജയിലുമൊക്കെയായി ജീവിതം തിരിഞ്ഞും മറിഞ്ഞും കീഴ്‌മേല്‍ മറിഞ്ഞും പോയിടത്ത് നിന്നാണ് മൈത്രേയന്‍ വീട്ടിലെത്തുന്നത്. സാമൂഹിക ബോധ്യത്തില്‍ തോറ്റ മനുഷ്യരെയാണ് മൈത്രേയന്‍ ജേതാക്കളായി കാണുന്നത്. ട്രെയിന്‍ അപ്രത്യക്ഷമാക്കുമെന്ന് പ്രഖ്യാപിച്ച് ആള്‍ക്കൂട്ടത്തിനെ സാക്ഷിയാക്കി സ്വയം മറഞ്ഞ മജീഷ്യനായ ഉസ്താദ് അയാളുടെ കാഴ്ചയിലെ വിജയിയാണ്. ഉസ്താദും ഭാര്യയും മക്കളും അയാളുടെ തകരപ്പെട്ടിയിലെ ഫോട്ടോശേഖരം മാത്രമാണ്. കാലമോ,തീയതിയോ,സമയമോ അയാളുടെ കണക്കുകൂട്ടലുകളില്‍ ഇല്ല, ജീവിക്കുന്ന കാലത്തില്‍ നിന്നും സമയത്തില്‍ നിന്നുമെല്ലാം ഓടിയോടി മറയാന്‍ ആഗ്രഹിക്കുന്ന മൈത്രേയന് വലിയൊരു മാജിക് ചുറ്റുമുള്ള മനുഷ്യര്‍ക്ക് വേണ്ടി ചെയ്യണമെന്നുണ്ട്. അതിലൊരു ലോക റെക്കോര്‍ഡിടണമെന്നും അയാള്‍ പറയുന്നുണ്ട്. ‘മജീഷ്യനായ’ മൈത്രേയന് തീവണ്ടിയെ അപ്രത്യക്ഷമാക്കി തിരികെവരാമെന്ന് പറഞ്ഞ് സ്വയം അപ്രത്യക്ഷനായ ഉസ്താദിനോടാണ് കൂട്ടും ഗുരുത്വവുമെന്ന് സിനിമ പറയുന്നുണ്ട്. അമ്മയെയും സഹോദരിയെയും അച്ഛന്‍ കൊലപ്പെടുത്തിയതാണെന്നാണ് മൈത്രേയന്റെ വാദം,അത് ആത്മഹത്യയാണെന്ന് ആണയിട്ട് മൈത്രയനെ തിരുത്തുകയും
അയാളോട് കോപിക്കുന്നുമുണ്ട് അച്ഛന്‍. അതേ സമയം തന്നോടൊപ്പമുള്ള ജീവിതം ദുസഹമായപ്പോള്‍ മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്യുകയായിരുന്നു ഭാര്യയെന്ന് മൈത്രേയന്‍ പറയുന്നുണ്ട്. അവരെ താന്‍ കൊന്നതാണെന്ന ഉപബോധം മൈത്രയനെ വിട്ടൊഴിയുന്നുമില്ല. കാഴ്ചയിലും വായനയിലും പല അടരുകളിലേകകും പലവിധ രാഷ്ട്രീയമാനങ്ങളിലേക്കും വളരുന്നതാണ് ഷെറിയുടെ സിനിമ.
മായാലോകത്ത് സ്ഥിരതാമസം കൊതിക്കുന്ന മൈത്രേയനും, കാലനൂട്ട് (അനുഷ്ഠാനം) നടത്തി ഓരോ മരണത്തിനുമൊപ്പം സ്വന്തം മരണത്തെ അനുഭവിക്കുന്ന അച്ഛനും ഉള്‍പ്പെടുന്ന കഥാപരിസരത്ത് നിന്നുകൊണ്ട് ഷെറി സൃഷ്ടിക്കുന്ന കാഴ്ചയുടെ ലോകം അമ്പരപ്പിക്കുന്നതാണ്. മൈത്രേയന്‍/ കാലന്‍ എന്നീ രണ്ട് കഥാപാത്രങ്ങളെ പിന്തുടര്‍ന്നാണ് സിനിമ. മൈേേത്രയനെ അവതരിപ്പിക്കുന്ന സംവിധായകന്‍ മനോജ് കാനയാണ്. മനോജ് കാനയെ മുമ്പ് തെരുവുനാടകങ്ങളിലാണ് കണ്ടിട്ടുള്ളത്. ഇവിടെ യാഥാര്‍ത്ഥ്യങ്ങളിലും ഭ്രമാത്മകതയിലും സ്‌കീസോഫ്രീനിയയിലുമായി കഴിയുന്ന മൈത്രേയനായി ഗംഭീര പെര്‍ഫോര്‍മന്‍സാണ് മനോജ് കാനയുടേത്. ശലഭമായി മറുപിറവിയുള്ള തന്റെ മാജിക്കിനെ വിവരിക്കുന്ന രംഗത്തില്‍ പുഴുവായി ജനിച്ച് തുടങ്ങുന്ന തന്നെ വാല്‍സല്യത്തോടെ നോക്കണമെന്ന് മൈത്രേയന്‍ അപ്പനോട് പറയുന്നുണ്ട്. മനോജിലെ നടന്റെ റേഞ്ച്, അഭിനേതാവ് എന്ന നിലയ്ക്കുള്ള സൂക്ഷ്മതയും ഭാവഭദ്രതയും മനസിലാക്കാന്‍ ഈ രംഗം തന്നെ ധാരാളം. ജലീല്‍ ബാദുഷയാണ് ക്യാമറ. മുമ്പ് ഷെറിയുടെ തന്നെ കടല്‍ത്തീരത്ത് എന്ന ഹ്രസ്വചിത്രം സമ്മാനിച്ച ഹൃദ്യമായൊരു ദൃശ്യപഥമുണ്ട്. ആദിമധ്യാന്തത്തിലും മണ്ണിലും മരത്തിലും പുഴയിലും ചെറുജീവികളിലുമായി കഥ പറയാന്‍ ശ്രമിക്കുന്ന ചലച്ചിത്രകാരനെ കാണാമായിരുന്നു. ഇവിടെ പ്രകൃതിയും ചുറ്റുപാടും ജീവജാലങ്ങളുമെ്ല്ലാം മൈത്രേയന്‍ കാഴ്ചയുടെയും മായാകിനാവിന്റെയും ദൃശ്യപഥങ്ങളായി മാറുന്നുണ്ട്. മനോഹരമായ ദൃശ്യപരിചരണത്തിനൊപ്പവുമാണ് കഥ പറച്ചില്‍.