4/5

പ്രണയത്തിന്റെ ബാഹ്യസൗന്ദര്യമല്ല ജീവിതത്തിന്റെ സൗന്ദര്യശാസ്ത്രമാണ് ‘അന്നയും റസൂലും’. ജീവിതത്തെ സിനിമയുടെ വര്‍ണ്ണചേരുവകളാല്‍ പൊലിപ്പിച്ച് അവതരിപ്പിക്കാതെ ജീവിതത്തിന്റെ ചേഷ്ടകളില്‍ ദൃശ്യശ്രാവ്യ സംവേദനത്തിന്റെ പുതുകാലസാധ്യകളുടെ ഉള്ളറിഞ്ഞൊരുക്കിയ ചിത്രം. മാറ്റത്തിന് മുഖം കൊടുത്ത മലയാളസിനിമയ്ക്ക് അഭിമാനിക്കാനുള്ള വകയുണ്ട് ഇതില്‍. ആസ്വാദകന്റെ സമയത്തിനൊപ്പിച്ച് വേഗവും താളവും അപ്രതീക്ഷിതവഴിത്തിരിവും തിരുകിനീങ്ങാതെ സ്വാഭാവികതയുടെ അതിസൗന്ദര്യം കൊണ്ടുള്ള അനുഭവം. അതുകൊണ്ട് തന്നെ നമ്മുടെ ആസ്വാദനശീലങ്ങളെ പരിചരിക്കുകയല്ല, കലര്‍പ്പില്ലാത്ത കാഴ്ചയൊരുക്കുമ്പോള്‍ സംഭവിക്കുന്ന ആസ്വാദനതാളത്തെ പരിശീലിപ്പിക്കുകയാണ് അന്നയും റസൂലും.

സാധാരണ പ്രണയകഥ തന്നെയാണ് ഇവര്‍ക്കും പറയാനുള്ളത്.മലയാളത്തിന്റെ നവനിരയുടെ ഇഷ്ടഭുപ്രദേശമായ ഫോര്‍ട്ട് കൊച്ചിയില്‍ നിന്നാണ് അത്. എന്നാല്‍ അന്നയെയും റസൂലിനെയും പറയാന്‍ സിനിമയുടെ ആവശ്യത്തിനൊത്ത് ഫോര്‍ട്ട് കൊച്ചിയെ കട്ടെടുത്ത് കാട്ടുകയല്ല. ഫോര്‍ട്ടുകൊച്ചിയുടെ യഥാര്‍ത്ഥ സാംസ്‌കാരിക മുഖത്തില്‍ നിന്ന് സിനിമ കാട്ടുകയാണ് സംവിധായകന്‍ രാജീവ് രവി.

കപ്പല്‍ജോലിക്കാരന്‍ ആഷ്‌ലിയെന്ന സണ്ണി വെയ്ന്‍ കഥാപാത്രത്തിന്റെ വിവരണത്തിലൂടെയാണ് ചിത്രം നീങ്ങുന്നത്. റസൂല്‍ എന്ന ടാക്‌സി ഡ്രൈവറുടെയും അന്ന എന്ന സെയില്‍ ഗേളിന്റെയും പ്രണയം. അതിസാധാരണ വഴികളിലൂടെയുള്ള ഒരു പ്രണയം അവതരണത്തിലെ അസാധാരണത്വത്തില്‍ നമുക്ക് പുതിയ അനുഭവമാകുന്നു. മതത്തിന്റെയും സമൂഹത്തിന്റെയും ശാഠ്യങ്ങള്‍ പരിഗണിക്കാതെ ഒരാളെ പ്രണയിച്ച് ജീവിക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാരന് നേരിടേണ്ടിവരുന്ന ജീവിത ദുരിതങ്ങളാണ് ചിത്രം.

റസൂലിനെ വരച്ചിട്ട മട്ടാഞ്ചേരിയെ നാഗരികഭ്രമമുള്ള ചേരിപ്രദേശമായാണ് കാട്ടുന്നത്.

മതമോ രാഷ്ട്രീയമോ ബാധ്യതയാക്കാത്ത സാധാരണ മനുഷ്യരുടെ ഇടം. പ്രണയസാക്ഷാല്‍ക്കാരത്തിനുള്ള എളുപ്പവഴികള്‍ക്കായി അയാള്‍ പിതാവ് ഉസ്മാനും മതസ്വത്വവുമുള്ള പൊന്നാനിയിലേക്കാണ് വണ്ടി കയറുന്നത്. അവിടെയും രക്ഷയില്ല. ചെങ്കൊടികള്‍ പുതച്ച മറ്റേതോ മലഞ്ചെരുവില്‍ അന്നയും റസൂലും ഒരുമിച്ച് വണ്ടിയിറങ്ങി. ആ രാഷ്ട്രീയകാലാവസ്ഥയും അയാളുടെ പ്രണയത്തെ കാക്കുന്നില്ല. കഥാപാത്രങ്ങളെ നായകനോ നായികയോ വില്ലനോ ആക്കി വിഭജിച്ചുനിര്‍ത്താതെ വെറും മനുഷ്യരായി അവതരിപ്പിക്കുന്നു ചിത്രം.

അന്നയും റസൂലും ഉസ്മാനും ആഷ്‌ലിയും അടങ്ങുന്ന രൂപഭാവങ്ങളിലും ഇത് കാണാം.

പ്രതികാരവും പ്രതിരോധവും നിസഹായതയും അതിജീവനവും കലര്‍പ്പില്ലാതെ കാട്ടുകയാണ് ചിത്രം. പ്രകാശവിതാനങ്ങളെ ഫോക്കസ് ഔട്ടില്‍ നിര്‍ത്തിയൊരുക്കിയ നിറക്കൂട്ടുകളില്ല ഇവിടെ അന്നയും റസൂലിന്റെയും ജീവിതം.അവര്‍ ജീവിക്കുന്ന,പ്രണയിക്കുന്ന,കലഹിക്കുന്ന പ്രദേശത്തിന്റെ, അന്തരീക്ഷത്തിന്റെ അതേ പ്രകാശവും നിറവും.

മധു നീലകണ്ഠന്‍ ഛായാഗ്രാഹകന്‍ കൂടിയാണ് ഈ സൗന്ദര്യമികവിന് പിന്നില്‍.

അഭിനേതാക്കളുടെ അമ്പരപ്പിക്കുന്ന പ്രകടനത്തില്‍ കൂടിയാണ് ആസ്വാദനസമഗ്രതയില്‍ ചിത്രത്തിന് സൗന്ദര്യം കൂടിയത്. അഭിനേതാവെന്ന നിലയില്‍ ഫഹദിനെ ഒരുപാടുയരങ്ങളില്‍ കൊണ്ടുനിര്‍ത്തി റസൂല്‍. നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഈ നടന്റെ പ്രയത്‌നത്തിന് കൂടി നല്‍കണം കയ്യടി. കണ്ണുകളില്‍ പോലും അന്നയെ ജീവിപ്പിച്ച് ആന്‍ഡ്രിയയും അടുപ്പം കൂട്ടി.പൊരുതുകയും ബഹളം കൂട്ടുന്ന നായിക മാത്രമല്ല നട്ടെല്ലുറപ്പുള്ള നായികയെന്ന് മൗനത്തിലും ആവര്‍ത്തിച്ച നിലപാടുറപ്പില്‍ അന്ന തെളിയിച്ചു.

റസൂലിന്റെ സഹോദരന്‍ ഹൈദറായി ആഷിക് അബു, പിതാവ് ഉസ്മാനായി രഞ്ജിത്,അബുവായി ഷൈന്‍, സൗബിന്‍,ശ്രിന്ദാ,സണ്ണിവെയ്ന്‍ ക്യാമറയില്‍ മുഖം കാട്ടി മടങ്ങിയവര്‍ പോലും കണ്ടിറങ്ങുമ്പോള്‍ കൂടെയുണ്ട്.

പുതിയ സംവിധായകന്റെ സ്വാഭാവികതാളം നമ്മള്‍ ശീലിച്ച ആസ്വാദനവ്യാകരണങ്ങള്‍ക്ക് കുറുകെ നില്‍ക്കുമ്പോള്‍ നീളക്കുടൂതലുണ്ട് ചിത്രത്തിന്. എന്നാല്‍ ഈ അസ്വസ്ഥത ആസ്വാദനത്തിലെ പുതിയ കാലത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പായി കണ്ടാല്‍ കയ്യടി മറുപടിയാകും.

സമീപകാലചിത്രങ്ങള്‍ തുടര്‍ന്നുപോന്ന നായകന്റെ കൂട്ടുകാരനെ കൊണ്ടുള്ള ഫ്‌ളാഷ് ബാക്ക് വിവരണവും, ഗാംഗ്‌സ് ഓഫ് വസേയ്പൂര്‍ മാതൃകയിലുള്ള അവതരണരീതിയും രാജീവ് രവിയും പിന്തുടരുന്നുണ്ട്. ടസമ്മീലൂനിട എന്ന ഗാനം തന്നെ കൂട്ടത്തില്‍ മനോഹരം. സ്‌പോട്ട് ഡബ്ബിംഗ് ചിലയിടങ്ങളില്‍ പോരായ്മയാകുന്നുണ്ട്. ഫ്‌ളാഷ് ബാക്ക് വിവരണത്തില്‍ കൂട്ടത്തില്‍ എന്റെ കഥയും ഇരിക്കട്ടെ എന്ന ആഷ്‌ലിയുടെ നിലപാടില്‍ സിനിമ ചെന്നെത്തിയതും ആസ്വാദനഭംഗമുണ്ടാക്കി.