ലോകത്തിന്റെ പല കോണുകളിലായി സിനിമയെന്ന മാധ്യമത്തില്‍ സംഭവിക്കുന്ന പരീക്ഷണങ്ങളെയും പുതുസങ്കേതങ്ങളുടെയും പ്രയോഗത്തെയും കാര്യമായി പരിഗണിക്കാതെ മുന്നോട്ട് നീങ്ങിയ ചലച്ചിത്രമേഖലയിലേക്കാണ് മഹേഷിന്റെ പ്രതികാരവുമായി ദിലീഷ് പോത്തന്‍ വരുന്നത്. അവതരണത്തില്‍ പരിചിത ശൈലിയെയോ മുന്‍മാതൃകകളെയോ പിന്തുടരാതെ ലളിതവും സ്വതന്ത്രവുമായ ആഖ്യാനത്തിലൂടെ മുന്നേറിയ മഹേഷിന്റെ പ്രതികാരം സമീപവര്‍ഷങ്ങളില്‍ മലയാളം ഏറ്റവുമധികം ചര്‍ച്ച ചെയ്ത സിനികമളിലൊന്നായി.

മുഖ്യധാരാ സിനിമകളില്‍ എണ്ണത്തിലേറെയും സ്ഥിരചേരുവകളിലായി ഒഴുക്ക് നിലച്ചിരിക്കുമ്പോഴാണ് മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും സംഭവിക്കുന്നത്.
വ്യവസ്ഥാപിത ചലച്ചിത്രഭാഷയെ നിഷേധിച്ചുകൊണ്ട് ജനപ്രിയ സിനിമയുടെ ഇതിവൃത്ത പ്രതിപാദന രൂപങ്ങളെ അപനിര്‍മ്മിച്ചാണ് ഈ രണ്ട് സിനിമകളും നമ്മുടെ സിനിമാ ചരിത്രത്തില്‍ ഇടമുറപ്പിച്ചത്. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് പലായനം ചെയ്തുള്ള സ്വപ്നലോക സൃഷ്ടിയാകാതെ ജീവിക്കുന്ന കാലത്തെയും ചുറ്റുപാടിനെയും അതിന്റെ രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളിച്ചാണ് ദിലീഷ് രണ്ട് ചിത്രങ്ങളുമൊരുക്കിയത്. സംഭാഷണകേന്ദ്രീകൃത കഥനരീതി ഉപേക്ഷിച്ച് സൂക്ഷ്മാംശങ്ങളിലൂന്നിയും ദൃശ്യഭാഷയുടെ ചാരുതയിലും കഥാപാത്രനിര്‍ണയത്തിലെ മികവിലും ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ ആവിഷ്‌കാര സാമര്‍ത്ഥ്യം അനുഭവപ്പെടുത്തിയിരുന്നു മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഗതകാലമൂല്യങ്ങളുടെ പ്രകീര്‍ത്തനമായും കേവലനന്മയുടെ ആഘോഷമായും നിലകൊണ്ട മുഖ്യധാരാ സിനിമയുടെ മിഥ്യാപരമായ ഉള്ളടക്കത്തെ പൊളിച്ചഴിച്ചാണ് യാഥാര്‍ത്ഥ്യ പരിസരങ്ങളില്‍ നിലയുറപ്പിച്ച് ദിലീഷ് രണ്ട് സിനിമകളുമൊരുക്കിയത്.

സെമി റിയലിസ്റ്റിക് ഘടനയില്‍ നിന്നുകൊണ്ട് സാന്ദര്‍ഭിക ഹാസ്യവും സിനിമാറ്റിക് ട്വിസ്റ്റുകളുമായി കഥ പറഞ്ഞ മഹേഷില്‍ നിന്ന് രണ്ടാം സിനിമയിലെത്തിയപ്പോള്‍ റിയലിസത്തിലേക്കും കഥ പറച്ചിലിന്റെ നവസാധ്യതകളിലേക്കും പ്രവേശിച്ചു ഈ ചലച്ചിത്രകാരന്‍. നവോത്ഥാന മേന്മ പേറുന്ന നാടിന്റെ അകങ്ങളിലെ ജാതിരാഷ്ട്രീയവും ഓരോ സംവിധാനങ്ങളിലേക്ക് അടക്കം ചെയ്യപ്പെട്ട മനുഷ്യരുടെ നിസഹായതയുമെല്ലാം തൊണ്ടിമുതലിന് പ്രമേയമായി. ആഷിക് അബുവിനൊപ്പം സഹസംവിധാന സഹായിയും മുഖ്യ സഹസംവിധായകനായും നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് ദിലീഷ് ആദ്യ സിനിമയിലേക്കെത്തുന്നത്.

കോട്ടയം കുറുപ്പന്തറ സ്വദേശിയാണ് ദിലീഷ് പോത്തന്‍. ചെറുപ്പം മുതല്‍ സിനിമാ മേഖലയിലേക്ക് ആഭിമുഖ്യമുണ്ടായിരുന്നു.കോട്ടയം കെ ഇ കോളജിലെ പ്രീഡിഗ്രിക്ക് ശേഷം മൈസൂര്‍ സെന്റ് ഫിലോമിനാസ് കോളേജില്‍ ബിരുദ പഠനം. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുത്ത ശേഷം ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കാലത്തും സിനിമാ കമ്പം വി്ട്ടുപോയില്ല. ഹ്രസ്വ ചിത്രങ്ങളും ആല്‍ബവുമൊരുക്കി സിനിമയോടുള്ള അഭിനിവേശം നിലനിര്‍ത്തി. പിന്നീട് ബാംഗ്ലൂരിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയാണ് തുടര്‍ തട്ടകമെന്ന് തീരുമാനിച്ചത്. ചെറുതും വലുതുമായി ഏഴ് സിനിമകളില്‍ സഹസംവിധായകനായി. പിന്നീടാണ് കാലടി ശ്രീ ശങ്കരാ സര്‍വകലാശാലയില്‍ എം എ തിയറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര പഠനം. എം എയും എംഫിലും പൂര്‍ത്തിയാക്കുന്ന കാലയളവില്‍ ദിലീഷ് പോത്തന്‍ ആഷിക് അബുവിന്റെ സഹസംവിധായകനായി മാറിയിരുന്നു. ചെറുറോളുകളില്‍ അഭിനേതാവായും സജീവമായി. പാതിരാപ്പടം എന്ന പേരില്‍ 2012ല്‍ ആദ്യചിത്രമൊരുക്കാന്‍ ആലോചനയുണ്ടായെങ്കിലും പിന്നീട് മഹേഷിന്റെ പ്രതികാരത്തിലെത്തി.

മുഖ്യധാരാ സിനിമകള്‍ ഏറെയും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതും പ്രശ്‌നങ്ങളെ മിഥ്യാപരമായി പരിഹരിക്കുന്നതുമായിരുന്നു. രാജീവ് രവിയും താങ്കളും  ഉള്‍പ്പെടെ അവിടെ റിയലിസത്തിന്റെ സാധ്യതകളെ അവതരിപ്പിച്ചു. നിരവധി സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് ആദ്യ സിനിമയിലെത്തിയത്. റിയലിസ്റ്റിക് ആഖ്യാനത്തിലാവണം ആദ്യ സിനിമയെന്ന് തീരുമാനിച്ചിരുന്നോ? 

റിയലിസ്റ്റിക് ശൈലി ബോധപൂര്‍വം സ്വീകരിച്ചതൊന്നുമല്ല. സംവിധാന സഹായിയായും സഹ സംവിധായകനായും ചീഫ് അസോസിയേറ്റായുമൊക്കെ ഞാന്‍ പ്രവര്‍ത്തിച്ച സിനിമകള്‍ പല സ്വഭാവത്തിലുള്ളവയാണ്. അവയൊക്കെ സ്വന്തമായി ഒരു സിനിമ ചെയ്യുക എന്ന ആഗ്രഹത്തിന് പുറത്തുള്ള പരിശീലന കളരികളായിരുന്നു. എനിക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമ ചെയ്യുക എന്നത് തന്നെയാണ് ആദ്യം ആഗ്രഹിച്ചത്. അതിന് അനുയോജ്യമായ പ്ലോട്ടിലേക്ക് എത്തിയപ്പോഴാണ് അവതരണത്തില്‍ റിയലിസം വന്നത്. ആ കഥ ഏറ്റവും നന്നായി എനിക്ക് പറയാനാവുക റിയലിസ്റ്റിക് രീതിയിലാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അത്തരമൊരു കഥ പറച്ചിലിലേക്ക് എത്തിയത്. റിയലിസ്റ്റിക് ആയ സിനിമ ചെയ്യാനൊരു കഥ തേടുകയായിരുന്നില്ല ആദ്യ സിനിമയിലും പിന്നീടും ഉണ്ടായത്.

ഹാന്‍ഡ് മേയ്ഡ് ഫിലിംസ് ആണ് ഞാന്‍ ചെയ്യുന്നത് എന്നാണ് തോന്നിയിട്ടുള്ളത്. ഇത്രേയുള്ളൂ, കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് വരെ പോകണം, യാത്രയ്ക്ക് വ്യക്തമായ പ്ലാന്‍ ഒക്കെ തയ്യാറാക്കി. പക്ഷേ അരൂര്‍ എത്തുമ്പോഴേക്കും പോകേണ്ട വഴി ബ്ലോക്ക് ചെയ്യുകയും വാഹനം ഇടത്തോട്ട് വഴി തിരിച്ചുവിടുകയും ചെയ്യുന്നു. ഇത് പോലെ തന്നെ സിനിമയുടെ മേക്കിംഗ് പ്രോസസിലുമുണ്ട്. സിനിമയിലേക്ക് കടക്കുമ്പോള്‍, തിരക്കഥയില്‍ നിന്ന് കഥാപാത്രത്തിന്റെ ഉള്ളിലേക്ക് കടക്കുമ്പോള്‍ പഴയ വഴി മാറുകയും പുതിയ വഴി വെട്ടുകയും ചെയ്യുന്നുണ്ട്. നമ്മള്‍ നേരത്തെ ആലോചിച്ച ചില കാര്യങ്ങള്‍ ചെയ്യുന്ന ആളാകില്ല ഈ കഥാപാത്രമെന്ന് തുടര്‍ചിന്തയിലും ചര്‍ച്ചയിലും മനസിലാകുമ്പോള്‍ ഉപകഥകളും ഉപാഖ്യാനങ്ങളും ഉണ്ടാകാം. ചെറിയ ബജറ്റില്‍ ചെറുസിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. അങ്ങനെ ശ്രമിക്കുന്നത് കൊണ്ട് കൂടിയാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്റെ വ്യക്തിജീവിതവും സാമൂഹിക ജീവിതവുമൊക്കെ എന്റെ സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ടാകാം. ഒരു സെറ്റ് ഇട്ട് അവിടെ ഒരു ഗ്രാമമെന്ന് പ്രതീതിയുണ്ടാക്കി സിനിമയുണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാകുമായിരുന്നില്ല.

മഹേഷിന്റെ പ്രതികാരം ചെയ്യുന്ന് മൂന്ന് വര്‍ഷത്തെ തയ്യാറെടുപ്പിന് ശേഷമാണ്. ഒരു പാട് അലച്ചിലിന് ശേഷമാണ് ഇടുക്കിയിലെത്തിയത്. പ്രകാശ് സിറ്റിയാണ് മഹേഷിന്റെ ഗ്രാമം എന്ന് തീരുമാനിക്കുന്നത് അവിടെ കുറേ ദിവസം കറങ്ങിയതിന് ശേഷമാണ്. അവിടെ ഒരു വീട് വാടകയ്‌ക്കെടുത്ത് ഷൂട്ട് തുടങ്ങുുന്നതിന് ആറ് മാസം മുമ്പ് താമസിച്ചു. അവിടെ ഇരുന്നാണ് തൊട്ടടുത്ത കവലയില്‍ നടക്കുന്ന സംഭവങ്ങള്‍ സൃഷ്ടിച്ചത്. അവിടെയും പ്രായോഗികമായ ചില വെല്ലുവിളികളുണ്ടായിരുന്നു. ആ കവലയുടെ നടുവില്‍ വലിയൊരു മരമുണ്ട്. ഷൂട്ടിന് രണ്ടാഴ്ച മുമ്പ് ആ മരം വെട്ടാന്‍ ഉത്തരവ് ഉണ്ടായി. ആ മരം വെട്ടുന്നതോടെ ആ കവലയുടെ സ്വഭാവും മാറും. നമ്മള്‍ മനസില്‍ കണ്ടതും ചിത്രീകരണത്തിനായി രൂപപ്പെടുത്തിയതുമായ ദൃശ്യങ്ങളിലും മരത്തിന്റെ തണലിലാണ് കവല. ആ മരവും മരത്തില്‍ തൂങ്ങിക്കിടക്കുന്ന ക്രിസ്മസ് നക്ഷത്രങ്ങളുമൊക്കെ പ്രകാശ് സിറ്റിയുടെ കാരക്ടറായാണ് തിരക്കഥയില്‍ വരുന്നത്. പിന്നീട് നാട്ടുകാരുടെ സഹകരണത്തോടെ ഒരു അപേക്ഷയൊക്കെ തയ്യാറാക്കി കൊടുത്തപ്പോഴാണ് മരം ഉടന്‍ മുറിക്കേണ്ടെന്ന ഉത്തരവുണ്ടാകുന്നത്.

തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരിനൊപ്പം ചെറുതോണി ഡാമിന് താഴെയുള്ള പ്രദേശത്ത് രണ്ട് മാസത്തിലേറെ താമസിച്ചു. അവിടെ പരിചയക്കാരായും സുഹൃത്തുക്കളായും സഹായികളായും എത്തിയ ഞങ്ങളുടെ ദൈനം ദിന ജീവിതത്തില്‍ ഇടപെടേണ്ടി വന്ന പലരിലൂടെയും മഹേഷിലെ കഥാപാത്രങ്ങള്‍ക്ക് കൃത്യമായ രൂപമുണ്ടായി. കാണാനെത്തുന്നയാള്‍ക്ക് കഥാപാത്രങ്ങളുടെ മാനസികാവസ്ഥയിലേക്ക് പ്രവേശിക്കാനാകണമെങ്കില്‍ അത്രമേല്‍ താദാത്മ്യം പ്രാപിക്കാനാകുന്ന ആഖ്യാനമുണ്ടാകണം. കഥാപാത്രങ്ങളും കഥാപരിസരവും അവതരണവുമൊക്കെ കൂടുതല്‍ സ്വാഭാവികമായപ്പോള്‍ അതെല്ലാം സംഭവിച്ചു.

പുതുമയോട്, പുതിയ ഒന്നിനോട് നമ്മുടെ തന്നെ താല്‍പ്പര്യമുണ്ടല്ലോ. മഹേഷിന്റെ പ്രതികാരം ചെയ്തപ്പോ ആ സിനിമയുടെ ആശയവുമായി അതിനെ പ്രതിഷ്ഠിക്കാനാകുന്ന ഒരു പ്രാദേശികതയിലേക്ക് ചെല്ലുകയാണ്. അങ്ങനെ ഇടുക്കിയിലെത്തുന്നു. ഇടുക്കിയിലെ ഉള്‍പ്രദേശങ്ങളിലെത്തുമ്പോള്‍ എന്നിലുണ്ടായ ചില ആശ്ചര്യവും കൗതുകവുമുണ്ട്. അത് പോലെ ശ്യാം പുഷ്‌കരന് ഉണ്ടായ എക്‌സൈറ്റ്‌മെന്റ് ഉണ്ട്. ആ പ്രദേശത്തോടും അവിടത്തെ ആളുകളോടും തോന്നിയ കൗതുകങ്ങളിലേക്ക് അവിടെ കണ്ടെത്തുന്ന ചില സവിശേഷതകളിലേക്ക് നമ്മള്‍ ഈ കഥ ചേര്‍ക്കുകയാണ്. ആസൂത്രിതമായി നിര്‍മ്മിച്ചെടുക്കുന്നതല്ല, നമ്മുടെ സെന്‍സിബിലിറ്റിക്ക് ചേര്‍ന്ന സിനിമയ്ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ യാദൃശ്ചികമായി സംഭവിക്കുന്നതാണ്, അതാണ് വാസ്തവം. ഉദാത്തമായ ഒരു സിനിമ ഉണ്ടാക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമായിരുന്നില്ല മഹേഷിന്റെ പ്രതികാരം

സ്‌റ്റൈല്‍ ഓവര്‍ സബ്‌സ്റ്റന്‍സ് എന്ന രീതിയിലൊക്കെ ഉള്ളടക്കത്തില്‍ മൗലികതയില്ലാതെ കഥനരീതിയില്‍ പുതുശൈലി പരിചയപ്പെടുത്തുന്ന തരത്തിലായിരുന്നു തുടക്കത്തില്‍ നവതലമുറ സിനിമകള്‍ ശ്രമിച്ചത്. അന്നയും റസൂലും, മഹേഷുമൊക്കെയാപ്പോള്‍ ഈ ശ്രമം പൂര്‍ണതയിലേക്ക് പ്രവേശിച്ചു. രണ്ടാം സിനിമയിലെത്തുമ്പോഴും പോത്തേട്ടന്‍ ബ്രില്യന്‍സ് എന്ന പേരില്‍ സംവിധായകന്റെ സവിശേഷ രീതികളെ ആഘോഷിക്കുകയായിരുന്നു സാമൂഹ്യ മാധ്യമങ്ങള്‍? 

മഹേഷിന്റെ പ്രതികാരം തിയറ്ററിലെത്തിക്കുമ്പോള്‍ വൃത്തിയുള്ള ഒരു സിനിമയാണ് പ്രേക്ഷകരിലെത്തിക്കുന്നത് എന്ന വിശ്വാസമാണ് എന്നത് മാത്രമായിരുന്നു ചിന്തിച്ചിരുന്നത്. പിന്നീട് സാമൂഹിക മാധ്യമങ്ങളിലും നിരൂപകരാലും പ്രേക്ഷകരാലും ആ ചിത്രത്തിന്റെ പല തലങ്ങളിലുള്ള ചര്‍ച്ചകള്‍ വന്നു. നമ്മള്‍ ചെയ്‌തൊരു സിനിമയിലെ ചെറുകാര്യങ്ങള്‍ വരെ ശ്രദ്ധിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യാവുന്നതും നല്ല കാര്യം തന്നെയാണ്. പക്ഷേ പലപ്പോഴും മഹേഷിന്റെ പ്രതികാരത്തെക്കുറിച്ചുള്ള ചില വായനകളും നിരീക്ഷണങ്ങളുമൊക്കെ അനാവശ്യമെന്നോ അല്ലെങ്കില്‍ അല്‍പ്പം ഓവറായിപ്പോകുന്നുണ്ടോ എന്നൊക്കെ തോന്നിയിട്ടുണ്ട്. ചില കാര്യങ്ങള്‍ എക്‌സൈറ്റ്‌മെന്റ് ആയി ചിലര്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ അതായിരുന്നില്ല ആ സിനിമയുടെ പ്രത്യേകതയെന്ന് തോന്നിയിട്ടുണ്ട്. മഹേഷിലെ ഓരോ പ്രത്യേകതകള്‍ ഓരോന്നും എണ്ണിപ്പറയുമ്പോള്‍ എനിക്കറിയാം അതൊന്നും എന്നിലൂടെ മാത്രം സംഭവിച്ചതായിരുന്നില്ല. ഒരു ടീം വര്‍ക്കിന്റെ റിസല്‍ട്ടാണ് ആ സിനിമ. ആഷിക് അബുവിനൊപ്പം പ്രവര്‍ത്തിച്ചപ്പോഴും അങ്ങനെയാണ് ശീലിച്ചത്. എല്ലാവരില്‍ നിന്നുമുള്ള അഭിപ്രായങ്ങളെ മാനിക്കുകയും അതിനൊത്ത് ഇംപ്രവൈസേഷന്‍ വരുത്തുന്നുമുണ്ട്. എന്റെ സിനിമകള്‍ ഒരു ടീമില്‍ നിന്നുണ്ടായതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പല ഘട്ടങ്ങളിലായി ഒരു ടീമിന്റെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിച്ചാണ് മഹേഷും തൊണ്ടുമുതലും ഉണ്ടായത്. അല്ലാതെ ഒറ്റയ്ക്ക് ആലോചിച്ച് ഒറ്റയ്ക്ക് എഴുതി എന്നിലൂടെ മാത്രം ഒരു സിനിമ ഉണ്ടാക്കിയെടുക്കാനാകുമെന്ന് എനിക്ക് തോന്നുന്നില്ല.

നിയതമായ ഒരു തിരക്കഥാരൂപത്തെ പൂര്‍ണമായും ആശ്രയിച്ച് സിനിമ ചെയ്യുന്നവരല്ല ദിലീഷ് പോത്തന്‍ ഉള്‍പ്പെടുന്ന ചില നവതലമുറ സംവിധായകര്‍. ഫിലിം മേക്കിംഗിന്റെ ഓരോ പ്രക്രിയയിലുമായി തിരക്കഥയും സംഭാഷണവുമൊക്കെ പുതുക്കപ്പെടുന്നുണ്ട് അല്ലെങ്കില്‍ മാറിമറിയുന്നുണ്ട്. തിരക്കഥാകൃത്തും ആക്ടേഴ്‌സും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന കൂട്ടായ്മ ഈ പ്രക്രിയയുടെ ഭാഗമാവുന്നുമുണ്ട്. 

നമ്മള്‍ സിനിമയ്ക്കായി ഒരു ആശയം കേള്‍ക്കുമ്പോള്‍ അത് നമ്മളില്‍ എത്തരത്തില്‍ അനുഭവമുണ്ടാക്കുന്നു എന്നതിനെ ആശ്രയിച്ചാണല്ലോ ഇത് സിനിമയാക്കാം എന്ന് തീരുമാനിക്കുന്നത്. തിരക്കഥയിലെ അനുഭവത്തെ, വൈകാരികാംശത്തെ ദൃശ്യാവിഷ്‌കാരത്തിലൂടെ പുനര്‍നിര്‍മ്മിക്കുകയാണല്ലോ. മഹേഷ് നേരിട്ട അഭിമാനക്ഷതത്തിലൂടെയും വേദനയിലൂടെയും തിരസ്‌കാരത്തിലൂടെയും സമാന്തരമായി നമ്മളും സഞ്ചരിക്കുകയാണ്. അത് ഒരു ആക്ടറിനെ ഏല്‍പ്പിക്കുമ്പോള്‍ അയാളുടെ കൂടെ ഉള്‍ക്കൊള്ളലില്‍, നമ്മളില്‍ ഈ അനുഭവമുണ്ടാക്കിയ വൈകാരിക തലത്തെ ഒരു പടി മുകളിലെങ്കിലും അവതരിപ്പിക്കാനായിരുന്നു ശ്രമിച്ചത്.

ചിത്രീകരണത്തിന് മുമ്പ് തന്നെ സിനിമയുടെ കഥ നമ്മള്‍ പലര്‍ക്ക് മുന്നിലായി അവതരിപ്പിക്കുന്നുണ്ടല്ലോ, തിരക്കഥാ ചര്‍ച്ചയിലും അഭിനേതാക്കള്‍ക്ക് മുന്നിലെത്തുമ്പോഴും ഛായാഗ്രാഹകനോടും സംഗീതം ചെയ്യുന്നയാളോടും കഥ പറയുമ്പോള്‍ ഓരോ രംഗവും അവരിലുണ്ടാക്കുന്ന അനുഭവം നേരിട്ടറിയാനാകും. നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യുമെന്ന് കരുതിയ ചില കാര്യങ്ങള്‍ മറ്റൊരാളോട് പറയുമ്പോള്‍ ആ രീതിയില്‍ വര്‍ക്ക് ഔട്ട് ആയില്ലെന്ന് മനസിലാകും. ആ ഘട്ടത്തില്‍ അത്തരമൊരു രംഗത്തിന്റെ സാധ്യതയെക്കുറിച്ച് വീണ്ടും ആലോചിക്കുന്നുണ്ടാകും. അങ്ങനെ പല കൂട്ടിച്ചേര്‍ക്കലും ഒഴിവാക്കലുകളും ഉണ്ടാകുന്നുണ്ട്.

തിയറ്ററുകളിലൂടെയുള്ള വിപണം പരിഗണനയാകുന്ന സിനിമകള്‍ ആലോചനാ ഘട്ടം മുതല്‍ മറുപുറത്ത് പ്രേക്ഷകരെ കണ്ടുകൊണ്ടാണ് തയ്യാറാക്കുന്നത്, എവിടെ കയ്യടിയുണ്ടാകണം, ചിരിക്കണം, കരയിക്കാനാകണം എന്നൊക്കെ. അങ്ങനെ പ്രേക്ഷകരെ മറുപുറത്ത് കണ്ടുകൊണ്ടായിരുന്നോ ദിലീഷിന്റെ രണ്ട് സിനിമകളുടെയും നിര്‍മ്മാണ പ്രക്രിയ?

സിനിമയുടെ വാണിജ്യ വിജയം പരിഗണന തന്നെയാണ്. നമ്മുടെ സൃഷ്ടി കൂടുതല്‍ പേരിലെ്ത്തണം ആസ്വദിക്കപ്പെടണം എന്നാഗ്രഹിച്ചാണ് സിനിമ ചെയ്യുന്നത്. എനിക്ക് ഏറ്റവും പരിചയമുള്ള പ്രേക്ഷകന്‍ ഞാന്‍ തന്നെയാണ്. എന്റെ ആസ്വാദന നിലവാരം തന്നെയാണ് ചെയ്യുന്ന സിനിമകളില്‍ പ്രാഥമികമായി അളവുകോലാകുന്നത്. അല്ലാതെ മറുപുറത്ത് അജ്ഞാതരായ പ്രേക്ഷകരെ കണ്ടുകൊണ്ടല്ല ഒന്നും ചെയ്യുന്നത്. ബോധപൂര്‍വ്വം അതിന് ശ്രമിക്കുന്നില്ല. സിനിമ ഉണ്ടാക്കുന്ന പ്രക്രിയയേക്കാള്‍ സിനിമ കാണുന്നതാണ് ഞാന്‍ കൂടുതല്‍ ആസ്വദിക്കാറുള്ളത്. ഞാനെന്ന ആസ്വാദകനാണ് ഞാന്‍ ചെയ്യുന്ന സിനിമയിലും തുടക്കം മുതല്‍ ഇടപെടുന്നത്. സിനിമയുടെ പ്രാരംഭ ചര്‍ച്ചയിലും കഥാപാത്ര രൂപീകരണത്തിലും ചിത്രീകരണത്തിലുമെല്ലാം എന്നിലെ പ്രേക്ഷകനെ ഉള്‍ക്കൊണ്ടാണ് ഓരോന്നും ചെയ്യുന്നത്. അവിടെ ഈ സിനിമയുടെ തിരക്കഥാകൃത്തും മറ്റ് സാങ്കേതിക പ്രവര്‍ത്തകരും ഡയറക്ഷന്‍ ടീമും ഉള്‍പ്പെടുന്ന കൂട്ടായ്മയെത്തുമ്പോള്‍ ചര്‍ച്ചകള്‍ക്ക് പുതിയ മാനമുണ്ടാകും. എനിക്ക് ഉള്‍ക്കൊള്ളാനാകുന്നതും ഇഷ്ടപ്പെടുന്നതുമായ സിനിമകളാണ് ആത്യന്തികമായി ചെയ്യുന്നത്. എന്റെ ആസ്വാദനം അളക്കാനാകുന്ന പ്രക്രിയ കൂടിയാണിത്. മറുവശത്ത് പ്രേക്ഷകരെ കണ്ടുകൊണ്ട് സിനിമ ചെയ്യുമ്പോള്‍ നിരവധി പരിമിതകളില്ലേ?, പല തരം ആസ്വാദകരുണ്ട്, പല ജീവിത വീക്ഷണങ്ങളും ആസ്വാദന രീതികളും ഉള്ളവര്‍. എനിക്ക് ഇഷ്ടപ്പെടാത്തതും മറ്റൊരാള്‍ക്ക് ഇഷ്ടമുണ്ടാകുന്നതുമായ സിനിമ എനിക്ക് ചെയ്യാനാകില്ല. രണ്ട് സിനിമ ചെയ്തപ്പോള്‍ ശ്രമിച്ചത് അതിനാണ്. അതേ സമയം തന്നെ സിനിമ ഫൈനല്‍ പ്രൊഡക്ടിലേക്ക് എത്തുമ്പോഴൊക്കെ നമ്മള്‍ മറുപുറത്തുള്ള ആസ്വാദകന്‍ ഓരോ കാര്യങ്ങളും എടുക്കുമെന്നൊക്കെ ചിന്തിക്കുന്നുണ്ട്. നമ്മുടെ അനുഭവങ്ങളും തിയറ്റര്‍ എക്‌സീപീരിയന്‍ ഒക്കെ വച്ച് ഒരു വിലയിരുത്തലിന് അവസാന ഘട്ടത്തിലെ പ്രിവ്യൂ വേളയിലൊക്കെ ശ്രമമുണ്ടാകും. അവിടെ മുതലാണ് മറുവശത്തെ പ്രേക്ഷകരെ കുറേക്കൂടി അടുത്തു കാണാറുള്ളത്. നേരത്തെ ഞാന്‍ പറഞ്ഞ പോലെ നമ്മളീ കഥ പലര്‍ക്ക് മുന്നിലായി അവതരിപ്പിക്കുമ്പോള്‍ അത് എങ്ങനെയാണ് അവരില്‍ അനുഭവപ്പെട്ടതെന്ന് മനസിലാക്കുന്നുണ്ടല്ലോ, അവിടെയും പലതരം പ്രേക്ഷകരെയാണ് കാണുന്നത്. ചിലപ്പോള്‍ ഒരു സിനിമയ്ക്കായി ഉണ്ടാക്കുന്ന ചില രംഗങ്ങള്‍ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് നമ്മുക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കാം. അത് മറ്റൊരാളില്‍ ഇതേ വൈകാരിക തലം ഉണ്ടാക്കണമെന്നില്ല. അത്തരം കാര്യങ്ങളൊക്കെ വരുമ്പോള്‍ അത് മറ്റൊരാളില്‍ എങ്ങനെ അനുഭവപ്പെടുന്നുണ്ട് എന്ന് കൃത്യമായി നോക്കാറുണ്ട്.

 

നമ്മുടെ ഗ്രാമീണതയും ജീവിതപരിസരവുമൊക്കെ കുറേകാലമായി സിനിമകളില്‍ പ്രതിനിധീകരിക്കപ്പെട്ടത് പാടവരമ്പും, ചായക്കടയിലെ നന്മ മനുഷ്യരും കടന്നുവരുന്ന കപട നിഷ്‌കളങ്കത നിര്‍മ്മിച്ചെടുക്കലിലൂടെയാണ്. മഹേഷിലെത്തുമ്പോള്‍ ഗ്രാമീണതയെയും മനുഷ്യരെയും അടയാളപ്പെടുത്തുന്നത് കഥാപാത്രങ്ങളില്‍ നിന്ന് അവരുടെ ജീവിതപരിസരത്തിലേക്കും സമൂഹത്തിലേക്കും ഇറങ്ങിക്കൊണ്ടാണ്. ചുറ്റുപാടുകളെ പരിചയപ്പെടുത്തി കഥാപാത്രങ്ങളിലെത്തുകയല്ല കഥാപാത്രങ്ങളിലേക്ക് സൂക്ഷ്മമായി പ്രവേശിച്ച് അവരുടെ ഭൂമികയിലേക്ക് എത്തിച്ചേരുകയാണ്. മഹേഷില്‍ ഇടുക്കിയും തൊണ്ടിമുതലില്‍ തവണക്കടവും ഷേണിയും കടന്നുവരുന്നത് ആ പ്രദേശത്തിന്റെ സവിശേഷതകളെ ഉള്‍ക്കൊള്ളിച്ചാണ്.

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാള്‍ ജനിച്ചു വളര്‍ന്ന ഇടം ജീവിതത്തില്‍ പ്രധാനമാണ്. ഞാന്‍ എന്റെ കുട്ടിക്കാലവും യൗവനവും ചെലവഴിച്ച നാടിനാല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. വളര്‍ച്ചയില്‍ ആ നാടിന്റെ നിര്‍ണായക ഇടപെടലുകളുണ്ടായിട്ടുണ്ട്. പ്രസാദ് ആയാലും ശ്രീജയും മഹേഷുമായാലും അവര്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മണ്ണും ചുറ്റുപാടുമൊക്കെ വ്യക്തിയെ നിര്‍മ്മിച്ചെടുക്കുന്നതില്‍ എന്തൊക്കെയോ ദൗത്യം നിര്‍വഹിച്ചിട്ടുണ്ടാകും. പ്രസാദിന്റെയും ശ്രീജയുടെയും കാര്യത്തില്‍ അവര്‍ വേരാഴ്ന്ന മണ്ണില്‍ നിന്ന് ആരൊക്കെയോ അവരെ പറിച്ചുമാറ്റുകയാണ്. അവിടത്തെ കൃഷി, വെള്ളം മണ്ണ് ഒക്കെ അവരുടേത് കൂടിയായിരുന്നു. ആകെ ആയുസ്സില്‍ പകുതിയോളം ജീവിച്ചിരുന്ന ചുറ്റുപാടില്‍ നിന്നാണ് സമൂഹവും കുടുംബവും ഒക്കെ ഉള്‍പ്പെടുന്ന വ്യവസ്ഥിതിയുടെ നിര്‍ബന്ധത്തിലാണ് അവര്‍ സ്ഥലം മാറുന്നത്. അവര്‍ക്ക് അപരിചിതമായ ഒരു ഇടത്തേക്കാണ് രണ്ടാളും പോകുന്നത്. അതുകൊണ്ടാണ് തങ്ങള്‍ വാങ്ങിയ ഭൂമിയില്‍ ജലദൗര്‍ലഭ്യമുണ്ടെന്ന് അവര്‍ക്ക് മനസിലാകാതെ പോയത്. മഹേഷിന്റെ കാര്യമെടുത്താല്‍ പ്രകാശ് സിറ്റി അയാളുടെ വളര്‍ച്ചയ്ക്ക് സാക്ഷിയായ ഇടമാണ്. ആ ഇടത്തില്‍ അപമാനിതനാകുമ്പോഴാണ് അയാളില്‍ തിരിച്ചടിക്കാതെ ചെരുപ്പിടില്ലെന്ന വാശി ജനിക്കുന്നത്.

തൊണ്ടിമുതലും, അങ്കമാലി ഡയറീസും കമ്മട്ടിപ്പാടവുമൊക്കെ ആസ്വാദനത്തെ നവീകരിക്കുമ്പോള്‍ തന്നെയാണ് ബാഹുബലിയും പുലിമുരുകനും ഇവിടെ അമ്പത് കോടിയും നൂറ് കോടിയും കടന്ന് ആഘോഷിക്കപ്പെടുന്നത്? പ്രേക്ഷകരാണോ സിനിമയാണോ ആസ്വാദനത്തില്‍ വീണ്ടും പിന്നിലേക്ക് പോകാന്‍ താല്‍പ്പര്യപ്പെടുന്നത്?

റിയലിസ്റ്റിക് സിനിമകള്‍ മാത്രം മതി നമ്മുക്കെന്ന് വാശി പിടിക്കാനാകില്ല. ഓരോ ഫിലിം മേക്കറിനെ സംബന്ധിച്ചിടത്തോളം അയാളുടെ സൃഷ്ടി അല്ലെങ്കില്‍ ഉല്‍പ്പന്നത്തെക്കുറിച്ച് ഒരു പ്രതീക്ഷയും നിഗമനവും ഉണ്ടായിരിക്കും. കാഴ്ചക്കാരനും ഇതേ തരത്തില്‍ ചില പ്രതീക്ഷകളുമായാണ് എത്തുന്നത്. രണ്ടിടത്തും പ്രതീക്ഷ നിറവേറ്റാനാകുമ്പോഴാണ് സൃഷ്ടി വിജയിക്കുന്നത്. പൂര്‍ണമായി വിനോദിപ്പിക്കുമെന്ന മുന്‍വിധിയോ ഉറപ്പോ ആണോ നമ്മള്‍ നല്‍കുന്നതെങ്കില്‍ അത് നിറവേറ്റാനുള്ള ബാധ്യത ചലച്ചിത്രകാരനുണ്ട്. ട്രെയിലറിലും പോസ്റ്ററിലും പ്രീ റിലീസ് പരിചയപ്പെടത്തലുമെല്ലാം നമ്മള്‍ വാഗ്ദാനം ചെയ്യുന്നത് നിറവേറ്റാനായില്ലെങ്കില്‍ അവിടെ പ്രേക്ഷകരോട് അനീതിയുണ്ട്. ഒരു ട്രെയിലറും പോസ്റ്ററും അതേക്കുറിച്ച് നല്‍കുന്ന സൂചനകളും ഉള്‍ക്കൊള്ളാനാകുന്നതല്ലെന്ന് തോന്നുന്നുവെങ്കില്‍ അത് കാണാതിരിക്കുകയാണ് ബുദ്ധിമാനായ പ്രേക്ഷകന്‍ ചെയ്യേണ്ടത്. പൂര്‍ണമായും ഇതൊരു വിനോദ വിഭവമാണെന്ന മുന്‍വിധി നല്‍കിയാണ് ഈ പറഞ്ഞ സിനിമകള്‍ വരുന്നത്. അവിടെ അതേ പ്രതീക്ഷയിലെത്തുന്ന പ്രേക്ഷകരുടെ മുന്നില്‍ ആ സിനിമകള്‍ വിജയിക്കുന്നു.

ഇന്നലെ വരെ ഒരാള്‍ കണ്ടുകൊണ്ടിരുന്ന സിനിമകളുടെ അനുഭവത്തില്‍ നിന്നാണ് നാളെയെത്തുന്ന ഒരു സിനിമ ആസ്വദിക്കാനും വിലയിരുത്താനും പോകുന്നത്. വിരസതയുണ്ടാക്കുന്ന സമീപനങ്ങളും സങ്കേതങ്ങളും ആവര്‍ത്തിക്കുമ്പോള്‍ മുഷിപ്പുണ്ടാവുകയും അത്തരം സിനിമകളുടെ സ്വീകാര്യത നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. എല്ലാ തരം സിനിമകളും ഉണ്ടാകണം. ഫാന്റസി സിനിമകളും, മാസ് സിനിമകളും ത്രില്ലറുകളും ഹൊറര്‍ ചിത്രങ്ങളുമൊക്കെ വരട്ടേ. അവിടെ ആസ്വാദകകന് വൈവിധ്യത തെരഞ്ഞെടുക്കാനുള്ള സാഹചര്യമുണ്ടാകുമല്ലോ.

മുന്‍മാതൃകളും സക്‌സസ് ഫോര്‍മുലയും പിന്‍പറ്റുന്നത് സിനിമയുടെ മാത്രം പ്രശ്‌നമല്ല. അതിന്റെ സമൂഹത്തിന്റെ കൂടി പ്രതിഫലനമാണ്. നഴ്‌സിംഗിന് വലിയ മാര്‍ക്കറ്റുണ്ടാകുമെന്ന് കരുതി നഴ്‌സിംഗ് മിക്കവരും തെരഞ്ഞെടുക്കുന്നത് കണ്ടിട്ടില്ല, പിന്നീട് എഞ്ചിനിയറിംഗ് ഇത് പോലെയാണ്. കൃഷിയുടെ കാര്യത്തിലും ഈ പിന്തുടരല്‍ ഉണ്ടായിരുന്നു. സിനിമയില്‍ വലിയൊരു വിജയം സംഭവിക്കുമ്പോള്‍ അതിന്റെ ചേരുവയെ ഫോളോ ചെയ്യാന്‍ കൂടുതല്‍ പേര്‍ തയ്യാറാകുന്നു. ഒരേ അച്ചില്‍ കുറേ സൃഷ്ടികള്‍ ഉണ്ടാകുന്നു.

വലിയ തോതില്‍ ആസ്വാദനം നവീകരിക്കപ്പെട്ടിട്ടുണ്ടെന്ന് തന്നെയാണ് കരുതുന്നത് ?

സംശയമെന്താ, നമ്മള്‍ കാണുന്ന സിനിമകളുടെ കാര്യത്തിലും ആസ്വാദന രീതിയിലും വലിയ മാറ്റമുണ്ടായില്ലേ. ഏത് ഭാഷയിലുള്ള ചിത്രവും കാണാന്‍ അവസരമുണ്ടായി. ലോകത്തിന്റെ പല കോണുകളില്‍ നിന്ന് അപരിചിതമായ ഭാഷയില്‍ ഉണ്ടാകുന്ന സൃഷ്ടികള്‍ പോലും ഇവിടെയുള്ളവര്‍ കാണുന്നുണ്ട്. സ്വാഭാവികമായും സിനിമ എന്ന മാധ്യമത്തിലുണ്ടാകുന്ന മാറ്റവും കഥന രീതിയില്‍ പരീക്ഷിക്കുന്ന പുതുമകളൊക്കെ ഒരു പാട് പേര്‍ മനസിലാക്കുന്നുണ്ട്. സിനിമ കാണുക എന്നത് കൂടുതല്‍ സ്വകാര്യമായി മാറിയില്ലേ. തിയറ്ററിലോ ടെലിവിഷന് മുന്നിലോ ഒരു കൂട്ടം ഒരു സിനിമ കാണുന്നതില്‍ നിന്ന് മാറി സിനിമ കാണുകയെന്ന് കൂടുതല്‍ സ്വകാര്യമായി. റിലീസിംഗ് സിനിമകള്‍ മാറ്റിനിര്‍ത്തിയാല്‍ ഭൂരിപക്ഷവും സ്വകാര്യ സ്‌പേസില്‍ സിനിമ കാണുന്നവരായി. ആത് ആസ്വാദനത്തെ നവീകരിക്കുന്നുണ്ട്. നമ്മുടെ സാമൂഹ്യ സാഹചര്യങ്ങളിലും ജീവിത രീതികളിലും ഉണ്ടായ മാറ്റത്തില്‍ സിനിമ കാണല്‍ അല്ലാതെ ഒരു കുടുംബത്തിന് വാരാന്ത്യമൊക്കെ ചെലവഴിക്കാനുള്ള സ്‌പേസ് ഇ്ല്ലല്ലോ. കുറേ മുമ്പാണെങ്കില്‍ പരസ്പരം ചര്‍ച്ച ചെയ്യാനും ഒരുമിച്ചിരിക്കാനും സമയം ചെലവഴിക്കാനുമുള്ള ഒരു പാട് ഇടങ്ങളുണ്ടായിരുന്നു. പല ഇടങ്ങളും ഇല്ലാതായിട്ടുണ്ട്. കുടുംബമായാലും സൗഹൃദമായാലും അവരുടെ കൂടിച്ചേരലുകളുടെ ഇടം തിയറ്ററുകളാകുന്നുണ്ട്. അങ്ങനെ ജീവിതത്തിരക്കുകളില്‍ ഒഴിവു കിട്ടുന്ന ആകെ സമയത്തിന് അവര്‍ നല്‍കിയ മൂല്യം പരിഗണിക്കുന്ന സിനിമകള്‍ അംഗീകരിക്കപ്പെടുന്നുണ്ട്.


സാമൂഹ്യ ജീവിതത്തില്‍ സിനിമയ്ക്ക് പ്രാധാന്യം കൂടുമ്പോള്‍ ചലച്ചിത്രകാരനും ഉത്തരവാദിത്വ കൂടുതല്‍ ഇല്ലേ? സിനിമ സന്ദേശ ബന്ധിതമാകണമെന്നല്ല, പക്ഷേ ആസ്വാദനത്തെ, പുരോഗമന കാഴ്ചപ്പാടുകളെ ഒരു പടി എങ്കിലും ഉയര്‍ത്താനുള്ള ശ്രമം ചലച്ചിത്രമേഖലയില്‍ നിന്നും ഉണ്ടാകേണ്ടതില്ലേ? 

കച്ചവടത്തിനപ്പുറം ആര്‍ട്ട് ഫോം എന്ന നിലയില്‍ കൂടി ഈ മാധ്യമത്തെ പരിഗണിക്കണമല്ലോ, അവിടെ നിലവിലെ ആസ്വാദനത്തെ നവീകരിക്കാനും ആസ്വാദകരെ സര്‍ഗാത്മകമായി പരിപോഷിപ്പിക്കാനുള്ള ബാധ്യത ചലച്ചിത്രകാരനിലുണ്ട്. ചലച്ചിത്രകാരന് സമൂഹത്തോടുള്ള കാഴ്ചപ്പാടും, അയാളുടെ ജീവിത വീക്ഷണവും തന്നെയാവും സൃഷ്ടികളില്‍ പ്രതിഫലിക്കുക. ഒരാളിലെ കലാകാരന്‍ എത്രമാത്രം പുരോഗമനാത്മകമായാണ് ഈ മാധ്യമത്തെ/ സമൂഹത്തെ കാണുന്നതെന്ന് സൃഷ്ടിയിലൂടെ മനസിലാക്കാനാകും. അതൊന്നും ബോധപൂര്‍വം ഉണ്ടാക്കിയെടുക്കേണ്ടതില്ല. ഞാനെന്ന വ്യക്തിയുടെ ഇവിടത്തെ സമൂഹത്തോടും ഭരണകൂടത്തോടും നിലനില്‍ക്കുന്ന രാഷ്ട്രീയ അവസ്ഥകളോടുമുള്ള സമീപനം എന്റെ സൃഷ്ടിയിലുണ്ടാകും. അത് സിനിമയില്‍ മാത്രമല്ല, ചിത്രകാരന്റെ ചിത്രങ്ങളിലും കവിയുടെ കവിതകളിലുമൊക്കെ പ്രതിഫലിക്കും. അത്തരം നിലപാടുകള്‍ അവതരിപ്പിക്കാനുള്ള മാധ്യമം കൂടിയാണ് അയാള്‍ തെരഞ്ഞെടുക്കുന്ന കലാമേഖല. അതിനൊപ്പം ചരിത്രത്തിന്റെ രേഖപ്പെടുത്തല്‍ കൂടിയാണ് സിനിമ. 2012ല്‍ നടക്കുന്നുവെന്ന രീതിയില്‍ ഒരു കഥ പറയുമ്പോള്‍ സിനിമ ഫാന്റസിയൊന്നുമല്ലെങ്കില്‍ കാലഗണനയുടെ കാര്യത്തില്‍ അതില്‍ സംഭവിക്കുന്ന ഒരു തെറ്റ് എല്ലാ കാലത്തേക്കും നിലനില്‍ക്കും. നൂറ് വര്‍ഷം കഴിയുമ്പോള്‍ ആ സിനിമയ്ക്ക് മറ്റൊരു ദൗത്യം കൂടി നിര്‍വഹിക്കാനുണ്ടല്ലോ. കഴിഞ്ഞ തലമുറയിലെ മലയാളിയെയും അവരുടെ സാമൂഹിക ജീവിതത്തെയുമൊക്കെ കൂടുതലറിയാന്‍ അന്ന് സിനിമയെ ആശ്രയിക്കുന്നുണ്ടാകും.

മതധ്രുവീകരണവും ജാതിചിന്തയുമൊക്കെ നമ്മുടെ വര്‍ത്തമാന ജീവിതത്തെ കൂടുതല്‍ കലുഷിതമാക്കുന്നുണ്ട്. മതേതര ജീവിതവും പാരസ്പര്യവും ജാതിരഹിത ജീവിതവുമൊക്കെ വെല്ലുവിളിയാകുമ്പോഴാണ് മഹേഷിന്റെ പ്രതികാരത്തില്‍ കുറേക്കൂടി പുരോഗമനാത്മകമായി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരെ ആഘോഷിച്ചത്. തൊണ്ടിമുതലിലും ജാതി രാഷ്ട്രീയം കടന്നുവരുന്നുണ്ട്.? 

ഓരോ വ്യക്തിയുടെയും സ്വകാര്യതയാണ് അയാളുടെ മതം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവരുടെ വ്യക്തിപരമായ ആശ്വാസം കൂടിയാണ് മതം. എന്തുകൊണ്ടോ അവരൊക്കെ അതില്‍ സെറ്റില്‍ ആയിപ്പോയി, അല്ലേല്‍ വിശ്വാസം തുടരുന്നു. സ്വന്തം മതത്തില്‍ വിശ്വസിച്ച് സമാധാനത്തോടെ ജീവിക്കുന്നവര്‍ അങ്ങനെ തുടരുന്നുണ്ട്. അപ്പോള്‍ മതം ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പ് എന്ന് പരിഗണിച്ചാല്‍ കഥാപാത്രത്തില്‍ മഹേഷും സൗമ്യയും പ്രസാദുമൊന്നും മതബിംബങ്ങളിലൂന്നി അവതരിപ്പിക്കപ്പെടേണ്ടതില്ലല്ലോ. എന്റെ ശരികള്‍ മറ്റെയാളുടെയും ശരിയെന്ന് നമ്മള്‍ വാശി പിടിക്കാത്തിടത്ത് മതജീവിതവും കുഴപ്പമുണ്ടാക്കുന്നില്ല. മഹേഷ് അങ്ങനെ ഒരാളായിരുന്നു. മഹേഷ് ദുര്‍ബലമാകുന്നിടത്ത് അയാളെ ശക്തനാക്കുന്ന പല കാര്യങ്ങളും മതകേന്ദ്രീകൃതമായിരുന്നില്ല, അയാള്‍ ചുറ്റുമുള്ള മറ്റ് പലതുമായിരുന്നു.

കുടുംബത്തെയും സമൂഹത്തെയും ആത്മീയഛായയിലേക്ക് എത്തിച്ച് പുരോഗമന ജീവിതത്തെ റദ്ദ് ചെയ്ത് മതജീവിതത്തെ പ്രകീര്‍ത്തിക്കുന്ന സിനിമകളായിരുന്നു വാണിജ്യ സിനിമകളില്‍ കൂടുതലും. മഹേഷും തൊണ്ടിമുതലും അതിനെ നേരെ തിരിച്ചിട്ടു? 

മഹേഷിനെ നോക്കൂ, അയാളെ പോലൊരാള്‍ പ്രതിസന്ധിയില്‍ നേരെ ദൈവത്തിനടുത്തേക്ക് ഓടുന്നയാളല്ല.മെംബര്‍ താഹിറിനോട് മഹേഷ് തന്റെ മനപ്രയാസം പറയുമ്പോള്‍ നേരെ പള്ളിയിലേക്ക് പോയി കൊന്ത ചൊല്ലാന്‍ ആവശ്യപ്പെടുന്നുമില്ല. അവരില്‍ മതം സ്വകാര്യതയാണ്. സംവിധായകന്റെ രാഷ്ട്രീയമോ നിലപാടോ കാണിക്കുന്നതിനായി കഥാപാത്രത്തിലേക്ക് ഫോഴ്‌സ്ഡ് എന്തെങ്കിലും ചേര്‍ത്തുപോകാന്‍ ഞാന്‍ ആഗ്രഹിക്കാറില്ല. അങ്ങനെ ഒരു സമൂഹമല്ലല്ലോ നമ്മുടേത്. കൂടുതല്‍ നാടകീയത കൊണ്ടുവരാനാകും നമ്മള്‍ പലപ്പോഴും സിനിമയില്‍ മതബിംബങ്ങളെയും മത പ്രകീര്‍ത്തനങ്ങളും സൃഷ്ടിച്ചിട്ടുള്ളത്. ചിലപ്പോള്‍ സിനിമ ചെയ്ത വ്യക്തികളില്‍ മതം ഉണ്ടാക്കിയ സ്വാധീനം കഥാപാത്രങ്ങളിലും കഥാപശ്ചാത്തലങ്ങളിലും കടന്നുകൂടിയിട്ടുണ്ടാകും.

തൊണ്ടിമുതലിലാണേല്‍ ജാതി വരുന്നത് സമൂഹത്തെ പ്രതിനിധീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ്. സമൂഹത്തില്‍ ജാതി ഉണ്ടല്ലോ. അതുകൊണ്ടല്ലോ രണ്ട് ജാതിയില്‍ ജനിച്ചവരായതിനാല്‍ പ്രസാദിനും ശ്രീജ്‌യ്ക്കും ജനിച്ച നാട് വിട്ട് ഓടേണ്ടി വന്നത്. രാഷ്ട്രീയമായും സാമൂഹികവുമായ ഇടപെടലിന് എല്ലാ കാലത്തും ശേഷിയുള്ളത് കലാരൂപങ്ങള്‍ക്കാണ്. അത് നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മാത്രം. നേരേ ഒരു സന്ദേശമോ രാഷ്ട്രീയമോ പറഞ്ഞുപോവുകയല്ല, ആസ്വാദനത്തില്‍ ഒരാള്‍ക്ക് എന്റെ സിനിമയിലൂടെ അനുഭവപ്പെട്ടത് എന്തോ അതാണ് ആ സിനിമയിലൂടെ ഞാന്‍ കമ്യൂണിക്കേറ്റ് ചെയ്ത രാഷ്ട്രീയം.

കാലങ്ങളായുള്ള തര്‍ക്കമാണ്. വാണിജ്യ സിനിമ- സമാന്തര സിനിമ എന്ന വിഭജനത്തിലൂന്നിയുള്ളത്. ഈ വിഭജനം അപ്രസക്തമാണെന്നും നല്ല സിനിമ ചീത്ത സിനിമ എന്നീ വര്‍ഗീകരണം മതിയെന്നും വാദമുണ്ട്. സമാന്തര മേഖലയിലുള്ളലര്‍ എന്ന് അവകാശപ്പെടുന്നവരില്‍ ചിലരെങ്കിലും സമാന്തര സിനിമ സമം നല്ല സിനിമ എന്ന നിര്‍വചനവും നല്‍കുന്നുണ്ട്. അത് നിര്‍ണയിക്കാനുള്ള അവകാശം ആസ്വാദകന് നല്‍കുന്നുപോലുമില്ല. താങ്കളുടേത് ഉള്‍പ്പെടെ സിനിമകള്‍ ഈ വിഭജനത്തെ കുറേയൊക്കെ ഇല്ലാതാക്കിയിട്ടുണ്ട്. കച്ചവട സിനിമ, സമാന്തര സിനിമ എന്ന വിഭജനത്തെക്കുറിച്ച് ദിലീഷിന് എന്താണ് തോന്നിയിട്ടുള്ളത്? 

അങ്ങനെ ഒരു വിഭജനത്തിന്റെ ആവശ്യം സത്യത്തില്‍ ഇല്ല. നമ്മള്‍ ചെയ്യുന്ന സിനിമയോട് നൂറ് ശതമാനം നീതി പുലര്‍ത്തുക എന്നതിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. എന്തുകൊണ്ടാണ് ഈ വിഭജനം തുടരുന്നത് എന്ന് ചോദിച്ചാല്‍ എനിക്കുമറിയില്ല. ഒരു കലാസൃഷ്ടിയെ ഒരാള്‍ക്കെങ്കിലും ആസ്വദിക്കാനാകുന്നുണ്ടെങ്കില്‍ അതിനും ഒരു ആസ്വാദനമൂല്യമുണ്ട്. എണ്ണത്തില്‍ പെരുകുമ്പോള്‍ അത് കച്ചവട സാധ്യതയുള്ളതായി മാറും.

മറ്റ് കലാരൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സിനിമയ്ക്ക് സ്വാധീനശക്തി കൂടുതലാണ്. വിപണി സാധ്യതയും കൂടുതലാണ്. അവിടെയുണ്ടാകുന്ന ഇടിപിടികളാണ് ഈ വിഭജനത്തിലേക്ക് നയിക്കുന്നത്. എന്റെ മനസിലൊരു ആശയം ഉണ്ടാകുന്നു. പൊതുവേ സ്വീകരിക്കപ്പെടില്ലെന്ന് മനസിലാക്കിയിട്ടും വ്യക്തിപരമായ സംതൃപ്തിക്ക് അത് സിനിമയാക്കാന്‍ തീരുമാനിക്കുന്നു. ഈ കാലഘട്ടത്തില്‍ പറയേണ്ട വിഷയം എന്നതില്‍ ഊന്നിയാകാം ആശയം സിനിമയാക്കണമെന്ന് തീരുമാനിച്ചത്. വാണിജ്യസാധ്യത ഇല്ലാതിരുന്നിട്ടും അത്തരമൊരു ശ്രമം നടത്തുന്നത് ആ മാധ്യമത്തോടുള്ള സമര്‍പ്പണം കൊണ്ടാണ്. അത്തരമൊരു സിനിമ ചെയ്യുമ്പോള്‍ വിനോദമൂല്യം നോക്കി വരുന്നവരോട് വരേണ്ടെന്ന് തന്നെ പറയുന്നതാകും
നല്ലത്. ഞാന്‍ ആലോചിക്കുന്നത് അങ്ങനെയാകും.

കെ ജി ജോര്‍ജ്ജ് സാറിന്റെ ഏത് പടവും എടുത്തു നോക്കൂ, അവയില്‍ കൂടുതലും നമ്മളെ എക്‌സൈറ്റഡാക്കും. അത്രമേല്‍ ഉള്ളിലേക്കിറങ്ങുന്നതാണ് ഓരോ സിനിമയും. അവയെ ഏതെങ്കിലും ഒരു ധാരയോട് ചേര്‍ത്തുനിര്‍ത്തി പറയാനാകുമോ?. കൈകാര്യം ചെയ്ത വിഷയം ഏറ്റവും അനുഭവഭേദ്യമായാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ടാകുക. പഞ്ചവടിപ്പാലമോ യവനികയോ ആദാമിന്റെ വാരിയെല്ലുകളോ ഏതെടുത്താലും സമാനതകളില്ലാത്ത ക്രാഫ്റ്റ് അനുഭവപ്പെടും. എല്ലാ തരം സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ഏക്കാലത്തെയും സമ്പാദ്യമായാണ് ഞാന്‍ അദ്ദേഹത്തെ കാണാനാഗ്രഹിക്കുന്നത്. ഞാന്‍ കടുത്ത കെ ജി ജോര്‍ജ്ജ് ആരാധകനുമാണ്. അടൂര്‍ സാറിനെയും ഇതേ രീതിയില്‍ തന്നെയാണ് കാണുന്നത്. എലിപ്പത്തായം എത്ര തവണ കണ്ടിട്ടുണ്ടാകുമെന്ന് തന്നെ ഓര്‍ക്കുന്നില്ല. എങ്ങനെ ആക്ടേഴ്‌സിനെ ഉപയോഗിക്കുന്നു എന്ന് കണ്ട് അല്‍ഭുതപ്പെട്ടിട്ടുണ്ട്. പശു തെങ്ങിന്റെ ഓല തിന്നാനെത്തുമ്പോള്‍ കരമന റിയാക്ട് ചെയ്യുന്ന രംഗമൊക്കെ ഇടയ്‌ക്കെടുത്ത് കാണും.

മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും രണ്ട് സ്വഭാവമുള്ള സിനിമകളാണ്. തൊണ്ടിമുതലും പ്രഖ്യാപിച്ച സമയം മുതല്‍ ആളുകളുടെ ചോദ്യം മഹേഷ് പോലൊരു സിനിമയാണോ ഇതെന്നായിരുന്നു. ഏത് genre സിനിമയാണെന്ന് എനിക്കും പറയാനാകുമായിരുന്നില്ല. മഹേഷിന്റെ പ്രതികാരം സമയത്തും ഇതേ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. മഹേഷ് ഏത് genre എന്ന് അന്വേഷിച്ചപ്പോള്‍ സിനിമ ഇറങ്ങിയ ശേഷമാണ് കൃത്യമായി മറുപടി കൊടുത്തത്. തൊണ്ടിമുതല്‍ ഇറങ്ങിയപ്പോള്‍ ആകെ കുടുങ്ങി. (ചിരി) കുറച്ച് ത്രില്ലര്‍ ഉണ്ട്, റിയലിസ്റ്റിക് സ്വഭാവമുണ്ട് എന്നൊക്കെയല്ലാതെ കൃത്യമായ ഒരു genre നിര്‍വചിക്കാനാകുമായിരുന്നില്ല.

മിക്ക രംഗങ്ങളും നര്‍മ്മത്തിലേക്ക് അവസാനിക്കുന്ന ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. സെമി റിയലിസ്റ്റിക് അവതരണത്തിപ്പം ബോധപൂര്‍വ്വം തമാശ സൃഷ്ടിക്കും വിധമായിരുന്നു ആ സിനിമയുടെ ട്രീറ്റ്‌മെന്റ്. തൊണ്ടിമുതലിലെത്തുമ്പോള്‍ റിയലിസ്റ്റിക് സ്വഭാവവും പരീക്ഷണാത്മകതയും കൂടി. സിനിമാറ്റിക് അംശങ്ങള്‍ കുറവായിരുന്നു. മഹേഷ് ആദ്യ ചിത്രമായതാണോ തൊണ്ടിമുതല്‍ പോലൊരു ഔട്ട് ഓഫ് ദ ബോക്‌സ് പരീക്ഷണത്തിന് ലഭിച്ച ധൈര്യം? 

മഹേഷിന്റെ പ്രതികാരം കുറേക്കൂടി സിനിമാറ്റിക് അവതരണത്തിലായിരുന്നു. മഹേഷിന്റെ പ്രതികാരം നോക്കൂ അവിടെ മരണവീട്ടില്‍ മഹേഷ്- സൗമ്യ ബന്ധവും ആഴവും ചുരുങ്ങിയ സമയത്തിനുള്ളില്‍ വിശദീകരിക്കുകയായിരുന്നു ചെയ്യേണ്ടത്. പ്രണയം കാണിക്കുന്ന പതിവ് രീതികളില്‍ മാറി രംഗം വേണമെന്ന ആഗ്രഹവും അവിടെയുണ്ട്. മരണരംഗത്താണേലും ചന്തയിലാണെങ്കിലും ഏത് കാഴ്ചയിലേക്കാകണം ആരിലേക്കായിരിക്കണം ആസ്വാദകന്‍ ശ്രദ്ധ തിരിക്കേണ്ടത് എന്നതിന് നരേറ്റീവില്‍ സംവിധായകന്റെ ഒരു ഊന്നല്‍ ഉണ്ട്. അവിടെയാണ് നര്‍്മ്മത്തിന്റെ വരവ്. വൈയക്തികമായ തൃപ്തിക്കും ആനന്ദത്തിനുമായി ചെറു വാശികളിലും നിര്‍ബന്ധങ്ങളിലും നില്‍ക്കുന്ന ആളായാണ് മഹേഷിനെയും കാണിക്കുന്നത്.

തൊണ്ടിമുതലും എന്ന സിനിമയ്ക്ക് വേണ്ടിയുള്ള കഥ കേട്ടപ്പോഴാണ് അതിന്റെ ട്രീറ്റ്‌മെന്റിനെക്കുറിച്ച് ചിന്തിച്ചത്. നമ്മുക്കിടയില്‍ ഇത്തരമൊരു ദുരനുഭവം ഒരാള്‍ക്കുണ്ടായാല്‍ അതിന്റെ പ്രതിഫലനം എങ്ങനെയൊക്കെയായിരിക്കുമെന്ന ആലോചനയില്‍ നിന്നാണ് കൂടുതല്‍ റിയലിസ്റ്റിക്കായി ആഖ്യാനം മാറുന്നത്. അവിടെ സ്വാഭാവികതയെ കൈവിട്ട് സിനിമാറ്റിക്കായി അവതരിപ്പിച്ചാല്‍ സിനിമ നില്‍ക്കില്ല. എഴുത്ത് നടക്കുമ്പോള്‍ നമ്മള്‍ പോലീസ് സ്‌റ്റേഷനില്‍ പോയിട്ടില്ല. പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തുമ്പോഴാണ് കഥനരീതിയില്‍ പുതിയ സാധ്യത വരുന്നത്. ചിത്രീകരണത്തിന്റെ തലേദിവസവും പുതിയ കൂട്ടിച്ചേര്‍ക്കലുണ്ടാകുന്നുണ്ട്. മഹേഷ് അവതരിപ്പിച്ചത് പോലെയല്ല തൊണ്ടിമുതല്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. തൊണ്ടിമുതലും മഹേഷിന്റെയും പോസ്റ്ററുകളില്‍ തന്നെ വ്യത്യാസം അറിയാം.

മഹേഷിന് ശേഷമുള്ള എന്റെ സിനിമയ്ക്ക് പ്രേക്ഷകര്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ടെന്നത് എനിക്ക് മനസിലാക്കാനായിട്ടുണ്ട്. അത് സമ്മര്‍ദ്ദമുണ്ടാക്കുകയല്ല, ഉത്തരവാദിത്വക്കൂടുതല്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ലഭിച്ച ധൈര്യം തന്നെയാണ് തൊണ്ടിമുതലിലെത്തിച്ചത്.

രണ്ട് സിനിമകളും രണ്ട് സ്വഭാവമാണെന്ന് പറയുമ്പോഴും അത് യാഥാര്‍ത്ഥ്യലോകത്ത് നിന്ന് കഥ പറഞ്ഞവയാണ്. റിയലിസ്റ്റിക് ആഖ്യാനം തന്നെയാണോ തുടര്‍ന്നും അവലംബിക്കാന്‍ ആഗ്രഹിക്കുന്നത് ?

നേരത്തെ പറഞ്ഞല്ലോ, ഇവയില്‍ രണ്ടിടത്തും മുന്‍നിശ്ചയ പ്രകാരം റിയലിസം അപ്ലൈ ചെയ്തതല്ല. അടുത്ത സിനിമയുടെ സമീപനം, ആഖ്യാനം എന്നിവയൊന്നും നേരത്തേ നിശ്ചയിക്കുന്ന ആളല്ല ഞാന്‍. ഒന്നിലധികം ആശയങ്ങളില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ചിലത് എഴുതുന്നുമുണ്ട്. ചിന്തകള്‍ മുന്നോട്ട് പോകുന്നതിനൊപ്പമായിരിക്കും ഏത് തരം ചിത്രമെന്ന തീരുമാനമുണ്ടാകും. ഹ്യൂമറോ ത്രില്ലറോ ഹൊററോ ഫാന്റസി ഒക്കെയാവാം. റിയലിസ്റ്റിക് സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന് നിര്‍ബന്ധമില്ല.

നമ്മുടെ സിനിമകള്‍ കുറേക്കൂടി റിയലിസ്റ്റിക്കായിട്ടുണ്ട്. മനുഷ്യരുടെ ദൈനം ദിന ചുറ്റുപാടുകളില്‍ നിന്ന് കഥ പറയാനുള്ള ശ്രമം വര്‍ധിച്ചിട്ടുണ്ട്. ചേരുവകളില്‍ കുരുങ്ങി നില്‍ക്കാതെ കഥ പറച്ചിലില്‍ പുതുമ കണ്ടെത്താനാണ് പുതിയ ആളുകളും നോക്കുന്നത്. അഭിനയിക്കുന്നത് കൊണ്ട് കുറേ കഥകള്‍ കേള്‍ക്കുന്നുണ്ട്. അവയില്‍ ചില പടങ്ങള്‍ സംഭവിക്കുന്നില്ലെങ്കിലും മാജിക്കല്‍ റിയലിസവും, ഫാന്റസിയും ത്രില്ലറും തുടങ്ങി വൈവിധ്യതയിലേക്ക് കടന്നുചെല്ലാന്‍ വെമ്പുന്ന ഒരു പാട് നവാഗതരെ അടുത്തുകാണാനാകുന്നുണ്ട്. പുതിയ സംവിധായകരും എഴുത്തുകാരുമൊക്കെ ഇന്ററസ്റ്റിംഗായ ആശയമൊക്കെയായിട്ടാണ് വരുന്നത്. സിനിമയുടെ കാര്യത്തില്‍ കുറേക്കൂടി ആത്മവിശ്വാസത്തോടെയാണ് ഇവര്‍ വരുന്നത്. മാറ്റം ഉണ്ടാകും.
ഒരു മോശം സൃഷ്ടിക്കും അധിക കാലം പിടിച്ചുനില്‍ക്കാനാകില്ല.

തിയറ്റര്‍ ആര്‍ട്‌സിലായിരുന്നു ബിരുദാനന്തര ബിരുദം. നാടക കമ്പമാണ് പിന്നീട് സിനിമയിലേക്ക് മാറ്റപ്പെട്ടത്. നാടകത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ മലയാള സിനിമ പരിചരണത്തില്‍ പല കാലങ്ങളിലായി സമീപിക്കപ്പെട്ടത് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നാടക പരിചയവും പഠനവും ദീലീഷില്‍ ഏത് തരത്തില്‍ സ്വാധീനമുണ്ടാക്കി? 

നാടകവും സിനിമയും വ്യത്യസ്ഥമായ രണ്ട് കലാരൂപങ്ങളാണ്. രണ്ട് തരം സംവേദന രീതിയിലാണ് രണ്ടിന്റേയും. നാടക പശ്ചാത്തലവും പഠനവും എനിക്ക് വലിയ തോതില്‍ ഗുണം ചെയ്തിട്ടുണ്ട്. നടന്‍, ഫിലിം മേക്കര്‍ എന്നതിനപ്പുറം വ്യക്തിയെന്ന രീതിയിലുള്ള രൂപപ്പെടലിന് ഏറ്റവും സഹായിച്ചത് തിയറ്റര്‍ പഠനമാണ്. ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. വ്യക്തിയെന്ന നിലയില്‍ ഇപ്പോള്‍ എങ്ങനെയാണ് എന്നതിലേക്ക് എത്തിച്ചത് നാടകപഠനമാണ്. നാടക പഠനത്തില്‍ നാടകം മാത്രമല്ല പഠിക്കുന്ന വിവിധ പെര്‍ഫോര്‍മിംഗ് ആര്‍ട്‌സുകളുടെ ചരിത്രവും അതേക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പഠിക്കുന്നുണ്ട്.

ആഖ്യാനത്തില്‍ നാടകവും സിനിമയും രണ്ടും രണ്ടാണ്. അഭിനേതാക്കളുടെ കാര്യത്തില്‍ നാടക മേഖലയില്‍ നിന്നുള്ള അനുഭവസമ്പത്ത് വലിയ തോതില്‍ ഗുണം ചെയ്ത എത്രയോ പേരെ നമ്മുക്ക് എടുത്ത് കാണിക്കാനാകും. സിനിമയില്‍ ഒരാള്‍ നടുറോഡില്‍ ഭ്രാന്തനായി അഭിനയിക്കേണ്ടിവരുമ്പോള്‍ ചുറ്റും വലിയ ആള്‍ക്കൂട്ടമുണ്ടാകും. നോര്‍മല്‍ ആയ ഒരാളാണ് പെര്‍ഫോം ചെയ്യേണ്ടത്. അയാള്‍ നാടകമേഖലയില്‍ നിന്നാണേല്‍ അവിടത്തെ പരിശീലനവും അനുഭവവും പിന്തുണയുമാകും. ഫിലിമില്‍ നിന്ന് ഡിജിറ്റലില്‍ എത്തിയപ്പോള്‍ തന്നെ നമ്മുടെ സിനിമകളുടെ പരിചരണത്തിലും സമീപനത്തിലും വലിയ മാറ്റം ഉണ്ടായില്ലേ. സിനിമയില്‍ മാത്രം കാണാവുന്ന മേക്കപ്പും കോസ്റ്റിയൂമും ഒക്കെ മാറിയില്ലേ? ഇപ്പോള്‍ മേക്കപ്പ് ചെയ്യുന്നത് ലൈറ്റ് കിട്ടാന്‍ വേണ്ടി മാത്രമാണ്. മേക്കപ്പിനല്ല ഗെറ്റപ്പിനാണ് ഇപ്പോള്‍ പ്രാമുഖ്യം.

സിനിമയുടെ ആഖ്യാനം സംഭാഷണ കേന്ദ്രീകൃതമായി ക്രാഫ്റ്റില്‍ വലിയ ശ്രമങ്ങള്‍ ഉണ്ടാകാതെ പോയതിന് നാടകത്തോടുള്ള ആഭിമുഖ്യവും സാഹിത്യത്തെ തുടര്‍ച്ചയായി അവലംബിച്ചതിലുള്ള ഹാംഗ് ഓവറും കാരണമായിട്ടില്ലേ? 

ഒരു കാലത്ത് സാഹിത്യത്തെ കൂടുതലായി ആശ്രയിച്ചതിനാലാണ് സംഭാഷണ കേന്ദ്രീകൃതമായ ആഖ്യാനങ്ങള്‍ കൂടിയതെന്ന് വിശ്വസിക്കുന്നില്ല. നമ്മളുടേതിനെക്കാള്‍ നോവല്‍ അഡാപ്‌ടേഷനൊക്കെ വിദേശ സിനിമകളില്‍ ഇല്ലേ. അവിടെ ദൃശ്യകേന്ദ്രീകൃതമല്ലേ കൂടുതലും ആഖ്യാനം. അടുത്തിരിക്കുന്ന രണ്ട് പേര്‍ക്കിടയില്‍ പക ഉണ്ടെന്നാണ് പ്രേക്ഷകരോട് സംവദിക്കേണ്ടതെങ്കില്‍ അതിനെ രണ്ട് രീതിയില്‍ ചെയ്യാം. ഒരാള്‍ വന്ന് മറ്റേയാളോ എടാ നിന്നെ എനിക്ക് കണ്ണെടുത്താ കണ്ടുകൂടാ എന്ന് പറയാം, നിന്നോട് നല്ല കലിപ്പുണ്ടെന്ന് പറയാം. നേരേ മറിച്ച് അവര്‍ രസകരമായി സംസാരിച്ചാലും അവരുടെ മുഖത്ത് നിന്നും ഭാവങ്ങളില്‍ നിന്നും ശരീര ഭാഷകളിലും ഒരാള്‍ക്ക് മറ്റൊരാളോടുള്ള പക കണ്ടെടുക്കാം. ഇവിടെ എളുപ്പമുള്ള മാര്‍ഗ്ഗം സംഭാഷണത്തെ ആശ്രയിക്കലാണ്. ഇത് ഫിലിം മേക്കറിനെ ആശ്രയിച്ചിരിക്കും. രണ്ടിടത്തും ആസ്വാദന തലം രണ്ടായിരിക്കും. തിരക്കഥയില്‍ അതിമനോഹരമായി എഴുതി വയ്ക്കുന്ന വരികളില്‍ അല്ലല്ലോ ആസ്വാദനം.

ഫിലിം ഫെസ്റ്റിവലിന് ആസ്വാദന നവീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനായിട്ടുണ്ട്. ചെറുപ്പത്തില്‍ തിയറ്ററുകളില്‍ അപൂര്‍വമായി കാണുന്ന സിനിമകളായിരുന്നു ആകെയുള്ള ചലച്ചിത്ര അനുഭവം. പിന്നീട് അത് ടിവിയിലേക്ക് മാറി. അവിടെ കച്ചവട വിജയം നേടിയ സിനിമകള്‍ മാത്രമാണ് വരുന്നത്. പിന്നീട് ഫിലിം ഫെസ്റ്റിവലിലേക്ക് ആദ്യമായെത്തിയപ്പോള്‍ അതുവരെയുള്ള ആസ്വാദന തലം തന്നെ അട്ടിമറിക്കപ്പെടുകയാണ്. കേരളാ ചലച്ചിത്രമേളയൊക്കെ അതുവരെയുള്ള കാഴ്ചകളെ അപനിര്‍മ്മിച്ചിട്ടുണ്ട്. സ്‌ക്രീീനില്‍ നിശബ്ദതയുണ്ടായാല്‍ അത് ആസ്വാദിക്കാനാകുമെന്നൊക്കെ ഞെട്ടലോടെയാണ് അന്ന് മനസിലാക്കിയത്.

സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ കയ്യടിയുടെ മാനദണ്ഡമായിരുന്നു. സിനിമയില്‍ സ്ത്രീ പ്രതിനിധാനം ചെയ്യപ്പെടുന്നതും സ്ത്രീവിരുദ്ധ രാഷ്ട്രീയവും സമീപകാലത്ത് വലിയ തോതില്‍ ചര്‍ച്ചയാവുകയും ചെയ്തു. ദിലീഷ് ചെയ്ത രണ്ട് സിനിമകളിലും സ്ത്രീ കഥാപാത്രങ്ങളെ വ്യക്തിത്വത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീവിരുദ്ധത സംഭാഷണങ്ങളിലോ ഉള്ളടക്കത്തിലോ ഉണ്ടായിട്ടുമില്ല. ? 

നമ്മള്‍ ജീവിക്കുന്ന കാലത്തെ തന്നെയല്ലേ സിനിമയിലും കാണിക്കേണ്ടത്. അവിടെ സ്ത്രീ ദുര്‍ബലയോ, അടിച്ചമര്‍ത്തപ്പെടേണ്ടവളോ, തമാശയ്ക്കുള്ള പ്രോപ്പര്‍ട്ടിയോ അല്ല. സ്ത്രീ മുന്നേറ്റം വിവിധ മേഖലകളില്‍ അടയാളപ്പെടുത്തിട്ടുണ്ട്. സ്ത്രീയെക്കാള്‍ പരിഗണനയും അധികാരവും അവകാശവുമൊക്കെ പുരുഷന് ലഭിക്കേണ്ടതുണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പിന്നെന്തിന് സിനിമയിലൂടെ അത്തരമൊരു കാഴ്ചപ്പാട് സൃഷ്ടിക്കണം. സ്ത്രീകള്‍ വിവിധ മേഖലകളിലായി ശക്തിയും കരുത്തും തെളിയിക്കുമ്പോള്‍ അവരെ ദുര്‍ബലകളായും നിഴലുകളായും അവതരിപ്പിക്കുന്നത് പിന്തിരിപ്പന്‍ നിലപാടാണ്.

ജിന്‍സിയും ശ്രീജയുമൊക്കെ അതത് സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ ബോള്‍ഡ് ആകട്ടെ എന്ന് ചിന്തിച്ചുറപ്പിച്ച് സൃഷ്ടിച്ചതല്ല. ശ്രീജയെ പോലെ എന്റെ അമ്മ പ്രതികരിക്കുമോ എന്നറിയില്ല, പക്ഷേ എന്റെ പെങ്ങള്‍ അങ്ങനെ പ്രതികരിക്കുന്നയാളാണ്. സുഹൃത്തുക്കളായ സ്ത്രീകളില്‍ പലരിലും ജിന്‍സിയെ പോലുള്ളവരെ കണ്ടിട്ടുണ്ട്. തുല്യത സിനിമയില്‍ മാത്രം നടപ്പാക്കേണ്ട കാര്യവുമല്ല. എന്റെ അച്ഛന്‍ എന്നെ പോലെ എന്റെ പെങ്ങളെയും പരിഗണിക്കുന്നിടത്താണ് തുല്യത ആദ്യം നടപ്പാകുന്നത്. തൊണ്ടിമുതലില്‍ ശ്രീജയുടെ ചുറ്റുപാടുകള്‍ അങ്ങനെയാണ്. അവള്‍ക്ക് വീട്ടില്‍ അത്തരത്തില്‍ തുല്യതയും അംഗീകാരവും കിട്ടിയിട്ടുണ്ട്. അതാണ് അവളിലുള്ള ആത്മവിശ്വാസം. നേരേ തിരിച്ച് പ്രസാദിന്റെ ജീവിതാന്തരീക്ഷവും സാമൂഹികാവസ്ഥയും അയാളെ ആത്മവിശ്വാസക്കുറവിലാണെത്തിച്ചത്.

 


ആദ്യം പ്രസിദ്ധീകരിച്ചത് : ചലച്ചിത്ര സമീക്ഷ നവംബര്‍ ലക്കം