ജയലളിതയുടെ വിയോഗം താല്‍ക്കാലികമായെങ്കിലും തമിഴ്ജനതയില്‍ സൃഷ്ടിച്ച രാഷ്ട്രീയ അനാഥത്വത്തില്‍ നിന്നാണ് ദ്രാവിഡ രാഷ്ട്രീയം ഇനി ആരില്‍ കേന്ദ്രീകരിക്കുമെന്ന ചര്‍ച്ചകളുടെ തുടക്കം.  എഐഡിഎംകെയെ ചിതറാതെ നയിക്കാന്‍ ആര്‍ക്കാകുമെന്നതിനൊപ്പം തന്നെ തമിഴകത്തിന് തലൈവരാ/തലൈവിയാകാന്‍ പ്രാപ്തമായ സര്‍സമ്മതത്വം
ആരിലുണ്ടെന്ന ചോദ്യമുയര്‍ന്നത് ജയലളിതയുടെ സ്വീകാര്യതയെ മുന്‍നിര്‍ത്തിയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഇരിപ്പിടത്തിലേക്ക് പോലും കാര്യമായി ആളെയെത്തിക്കാനാകാതിരുന്ന ഡിഎംകെയുടെ രാഷ്ട്രീയ നിര്‍ജ്ജീവതയും, തലവനായ കരുണാനിധിയുടെ പ്രായാധിക്യവും ചേര്‍ത്തുവച്ചാണ് ചലച്ചിത്രലോകത്തേക്ക്
ദ്രാവിഡ രാഷ്ട്രീയ നിരീക്ഷകര്‍ വീണ്ടും കണ്ണയച്ചത്. ജയലളിതയുടെ മരണശേഷം തമിഴ് നാട്ടിലെ രാഷ്ട്രീയ കാലാവസ്ഥ പ്രവചനാത്മകമായിരുന്നു.

ജയലളിതയില്‍ സമ്പൂര്‍ണ്ണവിധേയത്വമുള്ള എ ഐ ഡി എം കെ അവരുടെ മരണാനന്തരം ഏറെ താമസിയാതെ പിളര്‍പ്പിലേക്കും അധികാര തര്‍ക്കത്തിലേക്കുമെത്തിയത് ആരെയും അത്ഭുതപ്പെടുത്തിയിരുന്നില്ല, മറുവശത്ത് കരുണാനിധി തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച എം കെ സ്റ്റാലിന്‍ നിലവിലെ ദയനീയ കക്ഷിനിലയില്‍ നിന്ന് ഡിഎംകെ അട്ടിമറിനേട്ടത്തിലെത്തിക്കുമെന്ന പ്രതീക്ഷയും രാഷ്ട്രീയ നിരീക്ഷകരിലുണ്ടായില്ല. ഇവിടെയാണ് രജനീകാന്തിന്റെയും കമല്‍ഹാസന്റെയും അജിത്തിന്റെയും വിജയ്‌യുടെയും രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായത്. ഭരണതലത്തിലും രാഷ്ട്രീയ തലത്തിലും നിലനില്‍ക്കുന്ന അനിശ്ചിതത്വം മറികടക്കാന്‍ ഒരു സര്‍വ്വസമ്മത മുഖം തമിഴ് നാടിന്റെ രക്ഷകനാകണമെന്ന് ആഗ്രഹിച്ചതില്‍ ചരിത്രപരമായി തെറ്റ് കാണാനാകില്ല. സിനിമകളിലെ കല്‍പ്പിതകഥകളിലൂടെ സാധിച്ചെടുക്കുന്നത് കക്ഷിരാഷ്ട്രീയത്തിലൂടെ ആവര്‍ത്തിക്കാനാകുമെന്ന് ബോധ്യപ്പെടുത്തിയ രാഷ്ട്രീയ ഭൂമികയാണ് തമിഴകം. അതേ സമയം സിനിമയുടെ ജനപ്രിയതയില്‍ നിന്ന് രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഭരണനേതൃത്വത്തിലേക്കും എം ജി രാമചന്ദ്രനെയും ജയലളിതയെയും പോലെ ഏറെ പേരൊന്നും പിന്നീട് വന്നിരുന്നില്ല. സൂപ്പര്‍താരങ്ങളായിരുന്ന ശരത്കുമാറും വിജയകാന്തും പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുന്നേറിയെങ്കിലും ഭരണനിയന്ത്രത്തിന് പ്രാപ്തമായ രാഷ്ട്രീയ മുന്നേറ്റമൊന്നും സാധ്യമായില്ല. ജയലളിതയ്ക്ക് ശേഷം തമിഴകത്തെ ഒന്നാകെ കയ്യിലെടുക്കാനാകുന്ന വ്യക്തിപ്രഭാവവും താരപ്രതിച്ഛായയും ഇരുവര്‍ക്കും നിലവില്‍ ഇല്ലെന്നും പറയാം. അവിടെയാണ് രജനീകാന്തിന്റെയും വിജയ്‌യുടെയും അജിത്ത് കുമാറിന്റെയും കമല്‍ഹാസന്റെയും പേരുകള്‍ക്ക് രാഷ്ട്രീയ ഭാവം കൈവന്നത്. തമിഴ് നാട്ടിലെ രാഷ്ട്രീയ അസ്ഥിരതയുടെ പര്യവസാനം ജനസമ്മതിയുള്ള ഒരു നേതാവിനെ കണ്ടെത്തുന്നതോടെയാവും എന്ന രാഷ്ട്രീയ നിരീക്ഷണം കൂടി കണക്കെടിലെടുക്കുമ്പോഴാണ്
മെര്‍സലിന് നേരെയും, വിജയ്‌യെ ലക്ഷ്യമിട്ടും ബിജെപി നടത്തിയ ആക്രമണവും മതസ്വത്വത്തിലൂന്നിയ വിദ്വേഷ പ്രചരണവും യാദൃശ്ചികമായിരുന്നില്ലെന്ന് ബോധ്യപ്പെടുന്നത്.

ഒരു ദശാബ്ദത്തോളമായി വിജയ് എന്ന താരത്തിന്റേതായി പുറത്തുവരുന്ന സിനിമകളുടെ രൂപവും സ്വഭാവവും ആവര്‍ത്തിക്കപ്പെട്ട സൃഷ്ടിയായിരുന്നു മെര്‍സല്‍. ഒരു തട്ടുപൊളിപ്പന്‍ മാസ് മസാലാ ചിത്രം. ഈ സിനിമയിലെ സംഭാഷണങ്ങളില്‍ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതും, പ്രകോപിതരായി നായകതാരത്തെ ഉന്നം വച്ച് രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ ആക്രമണം നടത്തിയതും സാന്ദര്‍ഭികമായി സംഭവിച്ചതല്ലെന്നുറപ്പാണ്. ജയലളിതയുടെ മരണാനന്തരം എഐഡിഎംകെയിലുണ്ടായ പിളര്‍പ്പിനെയും തമിഴകത്തെ ഭരണ
അസ്ഥിരതയെയും മുതലെടുത്ത് ദ്രാവിഡ രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം കൊണ്ടുപിടിച്ചു നടക്കുന്നതിനിടെയാണ് മെര്‍സല്‍ വിവാദമുണ്ടാകുന്നത്. ദ്രാവിഡ സ്വത്വത്തിലൂന്നിയ രാഷ്ട്രീയത്തില്‍ വിള്ളലുണ്ടാക്കി മാത്രമേ ആ സംസ്ഥാനത്ത് താമര വിരിയിക്കാനാകൂ എന്ന് ബിജെപിക്ക് നന്നായറിയാം. ഇടത് വലത് മുന്നണികള്‍ മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തെ തകര്‍ത്ത് ഹിന്ദുധ്രുവീകരണം സാധ്യമാക്കുകയാണ് ബിജെപിയുടെ അജണ്ട. മെര്‍സല്‍ വിവാദം കത്തിച്ച് തമിഴ്‌നാട്ടില്‍ പയറ്റാനൊരുങ്ങിയതും സമാനമായ രാഷ്ട്രീയ തന്ത്രമാണ്. തമിഴ് ദേശീയതയില്‍ അഭിമാനം കൊള്ളുന്ന ദ്രാവിഡ ജനതയെ മതധ്രുവീകരണത്തിലൂടെ പിളര്‍ത്തുക. അത് വഴി ഹിന്ദുത്വ രാഷ്ട്രീയത്തിന് കളമൊരുക്കല്‍. എ ഐ ഡി എം കെയെ വിധേയത്വത്തില്‍ നിര്‍ത്തി തമിഴ്‌നാട്ടില്‍ പാവ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ മുന്‍നിര്‍ത്തി നടത്തിയ നീക്കങ്ങളും പിന്നീട് പനീര്‍ശെല്‍വത്തെ കൂടെ നിര്‍ത്തി നടത്തിയ രാഷ്ട്രീയ തന്ത്രവുമൊക്കെ പരാജയപ്പെട്ടപ്പോഴാണ് ബിജെപിക്ക് മെര്‍സല്‍ വിവാദം വീണുകിട്ടിയത്. അത് അടുത്ത രാഷ്ട്രീയ കരുനീക്കവുമാക്കി.
നരേന്ദ്രമോഡി സര്‍ക്കാരിന്റെ അഭിമാന പരിഷ്‌കാരങ്ങളെന്ന് വിശേഷിപ്പിച്ചിരുന്ന ഡിജിറ്റല്‍ ഇന്ത്യയും ജിഎസ്ടിയും വിമര്‍ശിക്കപ്പെട്ടതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്നാണ് ബിജെപിയുടെ തമിഴ്‌നാട് ഘടകം അധ്യക്ഷ തമിളിസൈ സൗന്ദരരാജനും, ദേശീയ സെക്രട്ടറി എച്ച് രാജയും പിന്നീട് വിശദീകരിച്ചത്. ഒരു മാസ് മസാലാ സിനിമയില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നയവൈകല്യങ്ങള്‍ വിമര്‍ശിക്കപ്പെട്ടതില്‍ അല്ല മറിച്ച് തമിഴകത്തെ ഏറ്റവും ജനപ്രിയതയുള്ള താരത്തിലൂടെ വിമര്‍ശനം നേരിടേണ്ടി വന്നതിലായിരുന്നു ബിജെപിയുടെ പരിഭ്രാന്തി. തിയറ്ററുകളില്‍ ഈ സംഭാഷണങ്ങള്‍ നിറകയ്യടിയോടെ ആഘോഷിക്കപ്പെട്ടപ്പോള്‍ തമിഴ് മണ്ണില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഉയര്‍ത്താനിരുന്ന ‘വികസന മുദ്രാവാക്യങ്ങള്‍’
ഈ സംഭാഷണത്തിന് കയ്യടിച്ച അതേ ജനക്കൂട്ടം തള്ളിക്കളയുമെന്ന് ബിജെപി ഭയന്നു. ആ ഭയപ്പാടില്‍ നിന്നാണ് പൊതുജീവിതത്തിലുടനീളം വിജയ് എന്നറിയപ്പെടുന്ന താരത്തെ ജോസഫ് വിജയ് എന്ന മതസ്വത്വത്തില്‍ പ്രതിഷ്ഠിച്ച് ബിജെപി ആക്രമണം തുടങ്ങിയത്. നരേന്ദ്രമോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സംഭാഷണങ്ങള്‍ ഉള്ള സിനിമയ്‌ക്കെതിരെ പ്രതിഷേധിക്കുക എന്നതിനൊപ്പം തമിഴകത്ത് വന്‍ ജനസ്വാധീനമുള്ള താരത്തെ ദേശവിരുദ്ധനായി ചിത്രീകരിച്ച് സ്വീകാര്യത തകര്‍ക്കുക എന്ന അജണ്ടയും ബിജെപി പയറ്റിനോക്കി. തമിഴകം ഒരൊറ്റ മനസ്സോടെ ഈ ഗൂഢ അജണ്ടയെ തള്ളിക്കളയുന്നതാണ് തുടര്‍ദിനങ്ങളില്‍ കണ്ടത്. ബിജെപിയെയും നരേന്ദ്രമോഡി സര്‍ക്കാരിനെയും ഒരു ഘട്ടത്തിലും വിമര്‍ശിക്കാതിരുന്ന സൂപ്പര്‍താരം രജനീകാന്ത് ഉള്‍പ്പെടെ വിജയ്ക്ക് പിന്തുണയുമായി എത്തിയതും മെര്‍സലില്‍ വിവാദം കത്തിച്ച് ധ്രുവീകരണം നടപ്പാക്കാനുള്ള ബിജെപി മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി.

എന്തുകൊണ്ട് ജോസഫ് വിജയ് ?

തമിഴകത്ത് സിനിമയിലും രാഷ്ട്രീയത്തിലും മുന്‍നിരക്കാര്‍ക്കെല്ലാം അവരുടെ ജനപ്രിയതയെ നിര്‍വചിക്കൊന്നൊരു വിളിപ്പേരുണ്ടാകും. സ്വാഭാവികമായി കൈവന്നതോ രാഷ്ട്രീയമായി നിര്‍മ്മിച്ചെടുത്തതോ ആയ ഓമനപ്പേര്. ജയലളിതയെ മക്കള്‍ സെല്‍വിയെന്നും പുരൈട്ചി തലൈവിയെന്നുമാണ് വിളിച്ചിരുന്നത്. എംജിആര്‍ അവര്‍ക്ക് മക്കള്‍ തിലകവും തലൈവരുമായിരുന്നു. മുത്തുവേല്‍ കരുണാനിധി കലൈഞ്ജരായിരുന്നു. തമിഴ് സിനിമ എംജിആറിലൂടെയും കരുണാനിധിയിലൂടെയും ജയലളിതയിലൂടെയും ദ്രാവിഡരാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള രാജപാതയായി പരിണമിച്ചിരുന്നിടത്ത് ഈ വിളിപ്പേരുകള്‍ക്ക് മറ്റൊരു ദൗത്യമുണ്ടായിരുന്നു. ആരാധക വൃന്ദത്തെ രാഷ്ട്രീയ അണികളാക്കിമാറ്റുകയെന്ന നിയോഗം. പിന്നീടുള്ള തലമുറയിലെ രജനീകാന്ത് തമിഴകത്തിന് തലൈവരും, അജിത്ത് തലയും, വിജയ് ദളപതിയുമായി (മെര്‍സലിന് മുമ്പ് വരെ ഇളയദളപതി). തങ്ങളെ നയിക്കേണ്ടയാള്‍ എന്നതിന്റെ പര്യായങ്ങളാണ് ഈ വിളിപ്പേരുകളെല്ലാം.

വിജയ് ഇളയദളപതിയില്‍ നിന്ന് ദളപതിയാകുന്നത് അദ്ദേഹത്തിന്റെ 43ാം വയസ്സില്‍ 59ാമത്തെ സിനിമ പുറത്തുവന്നപ്പോഴാണ്. രാഷ്ട്രീയത്തില്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ആണ് അണികളുടെ ദളപതി എന്നത് മറ്റൊരു കൗതുകം. എന്നാല്‍ വിജയ്ക്ക് ദളപതിയിയായി സ്ഥാനക്കയറ്റമുണ്ടാകുന്നതോടെ തമിഴകത്തിന് രണ്ട് ദളപതിമാര്‍ ഉണ്ടാവുകയല്ല, ദളപതിയെന്നത് വിജയ്‌യിലേക്ക് ചുരുങ്ങുന്ന വിശേഷണമാവും. രജനീകാന്തിനെ മറികടക്കുന്ന ആരാധക പിന്തുണയും സ്വീകാര്യതയും കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ വിജയ് നേടിയെടുത്തിട്ടുണ്ട് എന്നത് തന്നെയും ദളപതി ഒറ്റനായകനിലെത്തുമെന്നതിനുള്ള വിശദീകരണം. ആരാധക ബാഹുല്യം വച്ച് നോക്കുമ്പോള്‍ രാഷ്ട്രീയ പ്രവേശനമുണ്ടായാല്‍ രജനീകാന്തിനേക്കാള്‍ സ്വീകാര്യത ലഭിക്കാനിടയുള്ളത് വിജയ്ക്കാണ്. മെര്‍സല്‍ വിവാദത്തിലെ വിഷയത്തിലേക്ക് കടക്കുന്നതിന് പകരം വിജയ, ജോസഫ് വിജയ് ആണെന്ന കാര്യം മറക്കരുതെന്ന് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പ്രസിദ്ധീകരിച്ച് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ ആദ്യമേ പറഞ്ഞതിന് പിന്നിലും ഈ സ്വീകാര്യതയിലുള്ള ഭീതിയാണ്. നാളെ രാഷ്ട്രീയ അണികളായേക്കാവുന്ന ആരാധകരില്‍ ജിഎസ്ടിയുടെയും ഡിജിറ്റല്‍ ഇന്ത്യയുടെയും പരാജയത്തേക്കാള്‍ ചര്‍ച്ചയാകേണ്ടത് വിജയ്‌യുടെ മതസ്വത്വമാകണമെന്ന് ബിജെപി നിശ്ചയിച്ചിരുന്നു . മെര്‍സല്‍ എന്ന സിനിമ നേടുന്ന ജനപ്രീതിക്കൊപ്പം സിനിമ മുന്നോട്ട് വച്ച് വിമര്‍ശനം ജനങ്ങളിലെത്തുമെന്ന് ബിജെപി ഭയപ്പെട്ടു. തമിഴ് രാഷ്ട്രീയത്തിലും ജനതയിലും വിജയ് ആരാധകരിലുമായി ഒരു ധ്രുവീകരണമാണ് ലക്ഷ്യമിട്ടതെങ്കില്‍ അത് ഒടുക്കം പ്രതിസന്ധിയിലും പിന്‍വലിയാനാകാത്ത വിഷമവൃത്തത്തിലുമാക്കിയത് ബിജെപിയെ തന്നെയാണ്. അഭിനന്ദിക്കേണ്ടത് ഈ വിഷയത്തെ പക്വതയോടെ നേരിട്ട തമിഴ് ജനതയെയും ഇതര രാഷ്ട്രീയ കക്ഷികളെയുമാണ്. ചലച്ചിത്രലോകവും ആരാധകരും ഒന്നടങ്കം വിജയ്‌ക്കൊപ്പം നിലയുറപ്പിച്ചു. 100 കോടി ക്ലബ്ബിലെത്തി പ്രദര്‍ശനം പൂര്‍ത്തിയാക്കേണ്ടിയിരുന്ന ചിത്രത്തെ 200 കോടി കടത്തി വന്‍ വിജയമാക്കാനും വിവാദമുണ്ടാക്കിയ ബിജെപി ഫലത്തില്‍ സഹായിച്ചു.

ചികിത്സാ സൗകര്യങ്ങളില്ലാത്ത ഉള്‍ഗ്രാമങ്ങളില്‍ അമ്പലമല്ല ആശുപത്രികളാണ് ഉയരേണ്ടത് എന്ന കഥാപാത്രത്തിന്റെ പരാമര്‍ശം ക്രൈസ്തവ വിശ്വാസിയായ നടന്റെ ഹിന്ദുവിരുദ്ധ പരാമര്‍ശമായി മാറ്റാനുള്ള ആസൂത്രിത നീക്കമാണ് തുടക്കത്തില്‍ തന്നെ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിക്കുന്നത് ജോസഫ് വിജയ് ആണെന്ന് ട്വീറ്റ് ചെയ്തതും ഇതിനൊപ്പമാണ്. വിജയ് എന്ന താരത്തിന്റെ മുഴുവന്‍ പേര് അദ്ദേഹത്തിന്റെ ആരാധകര്‍ക്കോ ചലച്ചിത്രമേഖലയ്‌ക്കോ പുതിയ അറിവല്ല. വിക്കിപ്പീഡിയയിലും പേരിന് പൂര്‍ണരൂപമാണുള്ളത്. പക്ഷേ ചലച്ചിത്ര ജീവിതത്തിലും പൊതുജീവിതത്തിലും വിജയ് എന്ന പേരില്‍ അറിയപ്പെടുന്ന താരത്തെ മതസ്വത്വത്തില്‍ നിര്‍ത്തി ആക്രമിക്കുന്നതിലെ ഗൂഢലക്ഷ്യം ബിജെപിക്ക് പുതിയതായിരുന്നില്ല. ദേശീയ ഗാനവിവാദത്തില്‍ കമലിനെ കമാലുദ്ദീനെന്ന് വിശേഷിപ്പിച്ചതിന് മുന്‍പ് തന്നെ ബിജെപിയിലെ പ്രമുഖര്‍ പേരിലെ മതസ്വത്വത്തെ മുന്‍നിര്‍ത്തിയുള്ള ആക്രമണം പലര്‍ക്കുമെതിരെ നടത്തിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ എം ലിംഗ്‌ദോയുമായി ഇടഞ്ഞപ്പോള്‍ നരേന്ദ്രമോഡി അദ്ദേഹത്തിനെതിരായ വിമര്‍ശനം നടത്തിയത് ജെയിംസ് മൈക്കല്‍ ലിംഗ്‌ദോ എന്ന മുഴുവന്‍ പേരിലെ മതസ്വത്വത്തെ പ്രത്യാക്രമണ സാധ്യതയാക്കിയാണ്. ആശുപത്രിയല്ല ആതുരാലയമാണ് വേണ്ടതെന്ന സംഭാഷണത്തെ ആക്രമിക്കാന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ പണി കഴിപ്പിച്ച ദേവാലയങ്ങളുടെ കണക്ക് മതം തിരിച്ചെടുത്ത് ക്രൈസ്തവ ദേവാലയങ്ങളാണ് എണ്ണത്തില്‍ കൂടുതലെന്ന് സ്ഥാപിച്ച് സിനിമയിലെ രാഷ്ട്രീയത്തെ വര്‍ഗ്ഗീയമാക്കിയെടുക്കുകയാണ് ബിജെപി ചെയ്തത്. ഖുശ്ബുവിനും നയന്‍താരയ്ക്കും എംജിആറിനുമെല്ലാം ക്ഷേത്രം പണിയാന്‍ തയ്യാറായ ആരാധകരുടെ ഇടം കൂടിയാണ് തമിഴ്‌നാടെന്ന കാര്യം ഈ പാര്‍ട്ടിക്കും എച്ച് രാജയ്ക്കും അറിയാത്ത കാര്യമല്ല. അത്തരമൊരു സാമൂഹികാന്തരീക്ഷത്തില്‍ പണിയേണ്ടതും പെരുകേണ്ടതും ആരാധനാലയമല്ല ആതുരാലയങ്ങളാണെന്ന സംഭാഷണം കാലിക പ്രസക്തവുമായിരുന്നു.

വിജയ് ദ്രാവിഡ കക്ഷികളുടെ സ്ഥിരം എതിരി

ബിജെപി വിജയ്‌ക്കെതിരെ നടത്തിയ വിദ്വേഷ പ്രചരണത്തിനും ആക്രമണത്തിനും പല മാനങ്ങള്‍ കാണേണ്ടതുണ്ട്. ജനപ്രിയതയില്‍ മുന്‍പന്തിയിലുള്ള ആള്‍ എന്നതിനപ്പുറം ഈ താരത്തിന്റെ അതത് കാലങ്ങളിലുള്ള രാഷ്ട്രീയ നിലപാടുകള്‍ പരിശോധിക്കേണ്ടി വരും. ഓരോ ചിത്രത്തിനൊപ്പവും ജനപ്രിയത കൂടുമ്പോഴും ദ്രാവിഡ കക്ഷികളോട് സമദൂരം പുലര്‍ത്തുകയായിരുന്നു വിജയ്. ഇതേ കാരണത്താല്‍ എഐഡിഎംകെയുടെയും ഡിഎംകെയുടെയും ഭരണകാലത്ത് ഏറ്റവും കൂടുതല്‍ ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്ന താരവുമാണ് വിജയ്.
ഒരു ഘട്ടത്തില്‍ ജയലളിതയോട് അനുഭാവം വ്യക്തമാക്കിയിരുന്നുവെങ്കിലും ദീര്‍ഘകാലം തുടര്‍ന്നില്ല. 2009ല്‍ വിജയ് ആരാധകരെ മക്കള്‍ ഇയക്കം എന്ന സാംസ്‌കാരിക സംഘടന പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍ രൂപീകരിച്ചതിന് പിന്നാലെയാണ് ദ്രാവിഡ കക്ഷികള്‍ വിജയ് യെ ഒരു പോലെ എതിര്‍പക്ഷത്ത് പ്രതിഷ്ഠിച്ചത്. വിജയുടെ അമ്പതാം ചിത്രം സുറയുടെ മുന്നോടിയായിരുന്നു ഈ സംഘടനാ രൂപീകരണം. പിന്നീട് വിജയ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച ഭരണ കക്ഷിയായ ഡിഎംകെയെ പ്രകോപിപ്പിച്ചു. മക്കള്‍ ഇയക്കം രാഷ്ട്രീയ കക്ഷിയാകുമെന്ന് ചന്ദ്രശേഖര്‍ സൂചന നല്‍കിയതും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കാവലന്‍ മുതലുള്ള വിജയ് സിനിമകളുടെ പ്രദര്‍ശനം പിന്നീടൊരിക്കലും സുഖകരമായിരുന്നില്ല. പിന്നീട് തുപ്പാക്കി, തലൈവാ, കത്തി എന്നീ സിനിമകളുടെ റിലീസ് വേളകളില്‍ ഭരണകക്ഷിയുടെയോ പ്രതിപക്ഷ കക്ഷിയുടെയോ പിന്തുണയോടെ സിനിമകള്‍ക്കെതിരെ വിവിധ കേസുകളുമായി പേരിലൊതുങ്ങുന്ന സംഘടനകളെത്തി.

കാവലന്‍ എന്ന ചിത്രത്തിന്റെ റിലീസ് വൈകിച്ചതും നിയമക്കുരുക്കിലാക്കിയതിലും ഡിഎംകെ സര്‍ക്കാരിന് പങ്കുണ്ടെന്ന് വാദമുണ്ടായിരുന്നു. ഡിഎംകെ സര്‍ക്കാര്‍ വിജയ് ചിത്രങ്ങളെ തകര്‍ക്കാന്‍ നടത്തിയ നീക്കങ്ങള്‍ക്കുള്ള മറുപടിയെന്നോളം 2011ലെ തെരഞ്ഞെടുപ്പില്‍ മക്കള്‍ ഇയക്കം ജയലളിതയ്ക്ക് പിന്തുണ നല്‍കി. വിജയ് മക്കള്‍ ഇയക്കം തമിഴകത്ത് രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നുവെന്നാണ് ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അന്ന് എസ് എ ചന്ദ്രശേഖര്‍ പറഞ്ഞത്. മെര്‍സല്‍ വിവാദത്തിന് തൊട്ടുമുന്‍പ് വരെ വിജയ് തന്റെ രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിച്ചിരുന്നത് അച്ഛനിലൂടെയായിരുന്നു. എന്നാല്‍ ബിജെപിക്കുള്ള മറുപടിയായി സി ജോസഫ് വിജയ് എന്ന ലെറ്റര്‍ ഹെഡില്‍ നിന്നുള്ള വിശദീകരണത്തോടെ ഇനിയുള്ള കാര്യങ്ങള്‍ നേരിട്ടാകാം എന്ന് വിജയ് തന്നെ നിലപാടെടുത്തെന്ന് തോന്നുന്നു. മതസ്വത്വത്തില്‍ അല്ല ദ്രാവിഡ ദേശീയതയിലാണ് തമിഴകത്തിന്റെ ഒരുമയെന്ന് പറയാതെ പറയുന്നതുമാണ് വിജയ്‌യുടെ നന്ദി അറിയിച്ചുള്ള കത്ത്.

ജയലളിത വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയപ്പോഴും വിജയ് സിനിമകളുടെ ശനിദശ തുടര്‍ന്നു. തലൈവാ എന്ന് വിജയ് ചിത്രത്തിന് പേരിട്ടതും ടൈം ടു ലീഡ് എന്ന ടാഗ് ലൈനും ഈ സിനിമയെ കുഴപ്പത്തിലാക്കി. കോടതി വ്യവഹാരങ്ങള്‍പ്പെട്ട് മുന്‍നിശ്ചയിച്ച തിയതിയില്‍ നിന്ന് പതിനൊന്ന് ദിവസത്തോളം വൈകിയാണ് തലൈവാ തിയറ്ററുകളിലെത്തിയത്. മുരുഗദോസ് സംവിധാനം ചെയ്ത കത്തി എന്ന ചിത്രം വന്നപ്പോള്‍ ആ സിനിമയുടെ നിര്‍മ്മാതാക്കള്‍ തമിഴ് വംശീയ കൂട്ടക്കൊലയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കിയ സിംഹളരാണെന്ന വാദവുമായി ചില രാഷ്ട്രീയ കക്ഷികളെത്തി. നിര്‍മ്മാതാക്കളുടെ പേര് നീക്കിയാണ് പിന്നീട് സിനിമ റിലീസ് ചെയ്തത്. ഈ നിരോധന നീക്കങ്ങളെല്ലാം ലക്ഷ്യമിട്ടത് സിനിമകളെ ആയിരുന്നില്ല വിജയ്‌യെ ആയിരുന്നു. ഡിഎംകെയുടെ സ്ഥാനത്ത് എഐഡിഎം സര്‍ക്കാരാണ് ഇവിടെ വിജയ്‌യെ ലക്ഷ്യമിട്ടതെന്ന് മാത്രം. ജയയുടെ അന്ത്യകാലം വരെ ജയലളിത-വിജയ് ബന്ധം സുഖകരമായിരുന്നില്ല.

വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ ഈ രണ്ട് ദ്രാവിഡ കക്ഷികള്‍ക്കൊപ്പമാവില്ലെന്നും കരുതേണ്ടി വരും. അവിടെയാണ് ദ്രാവിഡ പാര്‍ട്ടികള്‍ക്കൊപ്പം ബിജെപിക്കും വിജയ് എതിരാളിയാകുന്നത്. രജനീകാന്തിന്റെയും അജിത്തിന്റെ കാര്യം ഇവര്‍ക്കാര്‍ക്കും ഇത്തരത്തില്‍ ആശങ്കകളില്ലെന്നതും ശ്രദ്ധേയമാണ്. ഇളയദളപതി ദളപതിയാകുന്നതും നരേന്ദ്രമോഡി സര്‍ക്കാരിന്റെ നയവൈകല്യങ്ങളെക്കുറിച്ച് വിജയ് ചിത്രത്തില്‍ സംഭാഷണമുണ്ടാകുന്നതിലും രാഷ്ട്രീയമില്ലെന്ന് കരുതാനാകില്ല. എന്നാല്‍ വിജയ് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നതിന്റെ സൂചനയായി ഇതിനെ വ്യാഖ്യാനിക്കുന്നത് മണ്ടത്തരമാകും. ഒന്നരപ്പതിറ്റാണ്ട് മുമ്പ് തന്നെ രജനീകാന്ത് തന്റെ സിനിമകളില്‍ ഇത്തരത്തില്‍ പഞ്ച് ഡയലോഗുകളും രാഷ്ട്രീയ പ്രതികരണങ്ങളും ഉള്‍പ്പെടുത്തുമായിരുന്നു. എന്നാല്‍ ഒരു രാഷ്ട്രീയ കക്ഷിയെയോ ഭരണകൂടത്തെയോ നേരിട്ട് വിമര്‍ശിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ലെന്ന് മാത്രം.

മെര്‍സല്‍ എന്ന സിനിമയില്‍ വിജയ്‌ക്കൊപ്പം ആദ്യന്തം സുപ്രധാന റോളിലെത്തിയത് വടിവേലുവാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജയലളിതയെ പേരെടുത്ത് കളിയാക്കിയതിന് ചലച്ചിത്ര വനവാസം നേരിടേണ്ടി വന്ന താരമാണ് വടിവേലു. ഹാസ്യതാരമായി കത്തിനിന്നിരുന്ന വടിവേലുവിന് ഈ പരിഹാസത്തിന്റെ പേരില്‍ പത്ത് വര്‍ഷത്തോളം വീട്ടിലിരിക്കേണ്ടി വന്നു. ആ വടിവേലുവിനെ തന്റെ സിനിമയിലൂടെ തിരിച്ചെത്തിച്ചാണ് വിജയ് മെര്‍സല്‍ പുറത്തുവരും മുന്‍പേ രാഷ്ട്രീയം വ്യക്തമാക്കിയത്. പാരിസില്‍ വച്ച് കാലി പഴ്‌സ് ഉയര്‍ത്തി ഡിജിറ്റല്‍ ഇന്ത്യയായതില്‍ കയ്യില്‍ നയാപൈസയില്ല എന്ന ഡയലോഗ് പറയുന്നതും വടിവേലുവാണ്.

ഒന്നുകില്‍ തമിഴ് രാഷ്ട്രീയത്തിലേക്ക് ഏത് വേളയില്‍ പ്രവേശനം പ്രതീക്ഷിക്കാവുന്ന താരമായി വിജയ് പരിഗണിക്കപ്പെടണമെന്ന് നടനും അദ്ദേഹത്തിനൊപ്പമുള്ളവരും ആഗ്രഹിക്കുന്നു. രജനീകാന്തിനെ പോലെ ഓരോ സിനിമകള്‍ക്കൊപ്പം താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകണമെന്നും. അധികാരത്തിലേറുന്ന രാഷ്ട്രീയ കക്ഷികള്‍ അത് ഡിഎംകെ ആയാലും എഐഡിഎംകെ ആണെങ്കിലും വിജയ്‌യുടെ സ്വാധീന ശേഷിയും സ്വീകാര്യതയും മനസിലാക്കിയുള്ള പരിഗണനയും ആദരവും താരത്തിന് നല്‍കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അക്കാര്യം സംവദിക്കുക എന്ന ദൗത്യം കൂടി മെര്‍സലിനുണ്ട്. അതേ സമയം ആരാധകരോട്/ അണികളോട്./ തമിഴ് മക്കളോട് മറ്റൊരു ദൗത്യമാണ് മെര്‍സലിനും വിജയ്ക്കുമുള്ളത്. തമിഴകത്തെ നയിക്കാന്‍ പ്രാപ്തനായ നേതാവ് എന്ന നിലയിലേക്ക് വിജയ് ഉയര്‍ന്നിരിക്കുന്നു. ജീവിക്കുന്ന കാലത്തെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളെ ജാഗ്രതയോടെയാണ് അദ്ദേഹം കാണുന്നത്. മെര്‍സലില്‍ വിജയ് അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളുടെ ഇന്‍ട്രോ ശ്രദ്ധിക്കുക. ഒരാള്‍ എംജിആറിന്റെ ഹിറ്റ് ഗാനം കേട്ടുകൊണ്ട് പോലീസിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ്. പോലീസ് വാനിലേക്ക് കയറുമ്പോള്‍ അയാള്‍്ക്ക്, അവരുടെ നേതാവിന് ഐക്യദാര്‍ഡ്യം കൈവീശി അറിയിക്കുന്ന ആള്‍ക്കൂട്ടത്തെ കാണാം. വിജയ് വിദേശത്ത് എയര്‍പോര്‍ട്ടില്‍ മുണ്ടുടുത്ത ദ്രാവിഡനായാണ് ഡോ. മാരനെ കാണിക്കുന്നത്. അവിടെ തമിഴ് ദേശീയതയെക്കുറിച്ചാണ് കഥാപാത്രം വാചാലനാകുന്നത്

ജയലളിത ജീവിച്ചിരിക്കുന്ന കാലത്ത് പാര്‍ട്ടിയോടും ജയയോടും നല്ല അടുപ്പത്തിലായിരുന്നു അജിത്ത്. ജയയുടെ മരണശേഷം അഭ്യൂഹമെന്ന നിലയ്ക്കാണെങ്കിലും പിന്‍ഗാമിയായി ഉയര്‍ത്തിക്കാട്ടിയ പേരുകളിലൊന്നും അജിത്തിന്റേതായിരുന്നു. ഇടയ്ക്കുണ്ടായ പിണക്കങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ രജനീകാന്ത് രണ്ട് ദ്രാവിഡ കക്ഷികളോടും ഒരേ അടുപ്പം പുലര്‍ത്തിയ ആളാണ്. ബിജെപിക്ക് പ്രിയപ്പെട്ടയാളുമാണ് രജനീകാന്ത്. അടുത്തിടെ രജനിയുടെ രാഷ്ട്രീയ പ്രവേശവും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമൊക്കെ വലിയ ചര്‍ച്ചയായപ്പോള്‍ ബിജെപി ചേരിയിലേക്കായിരിക്കും തലൈവരുടെ വരവെന്ന രീതിയിലാണ് തുടര്‍ചര്‍ച്ചകളുണ്ടായത്. നരേന്ദ്രമോഡിയുമായും നല്ല ബന്ധം പുലര്‍ത്തുന്നയാളാണ് രജനീകാന്ത്. രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെയും ബിജെപി ശുഭപ്രതീക്ഷയോടെയാണ് കാണുന്നത്. അജിത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനം തുടക്കത്തില്‍ ചര്‍ച്ചയായപ്പോഴും ബിജെപിയിലേക്കെന്ന രീതിയിലാണ് പ്രചരണമാണുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി അജിത് കൂടിക്കാഴ്ച നടത്തുമെന്നും ബിജെപിയുടെ ഭാഗമാകുമെന്നുമായിരുന്നു പ്രചരിച്ചത്. പിന്നീട് അജിത്തിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ തന്നെ ഈ പ്രചരണങ്ങള്‍ നിഷേധിച്ചു.

ഏത് ചേരിയിലാകും രജനിയും അജിത്തും കമലും

അണികളോട്/ തമിഴ് ജനതയോട് തലൈവര്‍ നടത്തുന്ന രാഷ്ട്രീയ പ്രസ്താവനകളെന്ന നിലയില്‍ തന്നെയാണ് രജനിയുടെ വിഖ്യാതമായ പഞ്ച് ഡയലോഗുകള്‍ പലതും പരിഗണിച്ചിരുന്നത്. പടയപ്പയും ബാഷയും ശിവാജിയും പുറത്തിറങ്ങിയ വേളയില്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്കെന്ന സൂചനകള്‍ ബലപ്പെടുത്തിയതും ഈ പ്രഹരശേഷിയുള്ള ഡയലോഗുകളായിരുന്നു. ബാബാ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചത് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയായുള്ള വരവെന്നായിരുന്നു. മറ്റൊരു തരത്തില്‍ രജനിയുടെ മക്കള്‍ക്ക് മുന്നിലുളള പ്രകടന പത്രിക. പക്ഷേ ബാബ തിയറ്റര്‍ പ്രകടനത്തില്‍ ദയനീയമായി നിലം പൊത്തിയതോടെ രജനിയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചയ്ക്കും അടുത്ത സിനിമ വരെ ഇടവേളയുണ്ടായി.

കബാലിക്ക് ശേഷമുള്ള രജനീകാന്ത് ചിത്രം യെന്തിരന്‍ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നതിന് എത്രയോ മാസങ്ങള്‍ മുമ്പാണ് പല ഇടങ്ങളിലായി രജനി രസികരുടെ സംഗമം നടന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധക സംഗമത്തെ രജനീകാന്ത് അഭിസംബോധന ചെയ്തു. ഓഗസ്റ്റില്‍ തിരുച്ചിറപ്പള്ളിയില്‍ നടന്ന കൂറ്റന്‍ ആരാധക സംഗമത്തില്‍ രജനി രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് സുഹൃത്ത് പ്രഖ്യാപിക്കുകയും ചെയ്തു. കമല്‍ഹാസന്‍ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തുടര്‍ച്ചയായി ചര്‍ച്ചകളില്‍ ഇടം പിടിച്ചപ്പോള്‍ നടനായത് കൊണ്ട് മാത്രം രാഷ്ട്രീയത്തില്‍ ശോഭിക്കില്ലെന്നാണ് രജനി പറഞ്ഞത്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രസ്താവന. അമ്പതാം വയസിലായിരുന്നു എംജിആറിന്റെ രാഷ്ട്രീയ പ്രവേശം.
രജനീകാന്തിന് 66 പിന്നിട്ടിരിക്കുന്നു. വിവിധ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ഇടയ്ക്കിടെ ചികിത്സയിലുമാണ്. പുതിയൊരു കക്ഷി രൂപീകരിച്ചുള്ള രാഷ്ട്രീയ പ്രവേശനത്തിന് രജനീകാന്ത് തയ്യാറാകുമോ എന്നാണ് കാത്തിരുന്നറിയേണ്ടത്. ബിജെപി പിന്തുണയോടെ പുതിയ രാഷ്ട്രീയ കക്ഷിയുമായി രജനി രാഷ്ട്രീയത്തിലിറങ്ങുമെന്നായിരുന്നു നേരത്തെയുണ്ടായ അഭ്യൂഹങ്ങള്‍. തമ്മില്‍ത്തല്ലിന് പിന്നാലെ എ ഐ ഡി എം കെ അപ്രസക്തമായാല്‍ മാത്രമാണ് പുതിയൊരു രാഷ്ട്രീയ കക്ഷിക്കുള്ള സാധ്യത. സിനിമയില്‍ നിന്ന് വിരമിച്ചാണോ രാഷ്ട്രീയ പ്രവേശം എന്ന ചോദ്യവും രജനിക്ക് മേല്‍ ഉയരാം.

ശശികലാ-പനീര്‍ ശെല്‍വം പോരില്‍ പനീര്‍ ശെല്‍വത്തിന് പരസ്യപിന്തുണ നല്‍കിയ കമല്‍ഹാസന്‍ പിന്നീട് സര്‍ക്കാരിനെ രൂക്ഷവിമര്‍ശനങ്ങള്‍ നേരിടുന്നതാണ് കണ്ടത്.
രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ട് കൊണ്ട് രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാക്കി നിലനിര്‍ത്തുന്നുണ്ട് കമല്‍ഹാസന്‍. എന്നാല്‍ കമല്‍ഹാസന്റെ ജനപ്രിയത ഈ മൂന്ന് താരങ്ങളെ അപേക്ഷിച്ച് എത്രയോ പിന്നിലാണ്. പുതിയൊരു രാഷ്ട്രീയ കക്ഷിയുമായെത്തി തമിഴകത്ത് തരംഗമുണ്ടാക്കുക കമലിന് എളുപ്പമല്ല.

എം കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെ വേദിയിലിരുത്തി സിനിമയില്‍ ഡിഎംകെ നടത്തുന്ന അനാവശ്യ കൈകടത്തലിനെതിരെ പരസ്യ പ്രതികരണം നടത്തിയിട്ടുള്ള താരമാണ് അജിത് കുമാര്‍. ജയലളിതയുമായി വളരെ അടുത്ത ബന്ധവും അജിത്തിനുണ്ടായിരുന്നു. 2017ല്‍ ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സന്ദര്‍ശകരായി ആദ്യം എത്തിയവരില്‍ അജിത്ത് ഉണ്ടായിരുന്നു. പോയസ് ഗാര്‍ഡനില്‍ അജിത്തിനും ശാലിനിക്കുമായി ജയലളിത നടത്തിയ വിവാഹ സല്‍ക്കാരം വലിയ വാര്‍ത്തയുമായിരുന്നു. വിവാഹത്തിന് ജയ പങ്കെടുത്തത് ജീവിതത്തില്‍ മറക്കാനാകാത്ത മുഹൂര്‍ത്തമെന്നാണ് പിന്നീട് അജിത്ത് വിശേഷിപ്പിച്ചിരുന്നത്. ഒരു സ്വകാര്യചടങ്ങില്‍ അജിത്തിനെ സ്വന്തം മകനെന്ന രീതിയില്‍ ജയ വിശേഷിപ്പിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. ജയയയുടെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ച നടത്താന്‍ ബള്‍ഗേറിയയിലെ ചിത്രീകരണം നിര്‍ത്തിവച്ച് അജിത്ത് എത്തിയത് ചില കന്നഡ പത്രങ്ങ്ള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം എന്ന രീതിയില്‍ വാര്‍ത്തയാക്കുകയും ചെയ്തു. എഐഡിഎംകെ നേതൃത്വം അജിത്ത് ഏറ്റെടുക്കുമെന്നായിരുന്നു വാര്‍ത്തകള്‍. ഇതില്‍ കഴമ്പില്ലെന്ന് പിന്നീട് മനസിലായി. എഐഡിഎംകെ നേതൃത്വം പിളര്‍പ്പിലോ ഒരുമയിലോ ഏതെങ്കിലും ഘട്ടത്തില്‍ അജിത്തിന്റെ പേര് ഉയര്‍ത്തുമെന്ന് ചിന്തിക്കാനാകില്ല.

എംജിആറിനെയും ജയലളിതയെയും പോലെ സിനിമയിലും രാഷ്ട്രീയത്തിലും തുല്യമായി വിഗ്രഹവല്‍ക്കരിക്കപ്പെട്ട ഒരാള്‍ ഇനി തമിഴകത്ത് നിന്നുണ്ടാകുമോ എന്ന് കണ്ട് തന്നെ അറിയണം. ഏതായാലും കക്ഷി രാഷ്ട്രീയത്തോട് അകലം പാലിക്കുന്നവരാകില്ല തങ്ങളെന്ന് രജനീകാന്തും വിജയ്‌യും കമല്‍ഹാസനും ഏറെക്കുറെ വ്യക്തമാക്കിക്കഴിഞ്ഞു. സ്വാധീനശേഷി ഇടക്കിടെ ഓര്‍മ്മപ്പെടുത്താനുള്ള തന്ത്രമെന്നതിനപ്പുറം ഇവരില്‍ നിന്ന് രാഷ്ട്രീയ പ്രവേശന തീരുമാനം ഉണ്ടാകുമോ എന്ന് കാത്തിരുന്നറിയാം.