സ്‌ക്രീനില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ പ്രണയിക്കുമ്പോഴും സങ്കടടെുമ്പോഴും പാട്ടിന് കൂട്ട് യേശുദാസ് ആകണമെന്നത് പഴയ നിര്‍ബന്ധങ്ങളിലൊന്ന്. പതിവ് മാറിയപ്പോള്‍ പാട്ടുകളും മാറി. യേശുദാസ് മലയാളസിനിമയ്ക്ക് അപൂര്‍വമായെത്തുന്ന വിരുന്നുകാരന്‍ മാത്രമാണ്. പാട്ടിലെ പുതുസ്വരങ്ങള്‍ക്കൊപ്പം താരങ്ങളേറെയും പാട്ടുകാരാകുന്ന ട്രന്റിലെത്തിയിരിക്കുന്നു നമ്മുടെ സിനിമ. ബോളിവുഡിന്റെയും കോളിവുഡിന്റെയും ചുവടിനൊത്ത് നായകരെല്ലാം ഗായകരാകുന്ന പുതുശീലത്തെ
വിമര്‍ശനാത്മകമായി സമീപിക്കുകയാണ് ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം

തലതിരിഞ്ഞ തലമുറമാറ്റം

പാടാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം പിന്നണിഗായകരാക്കുന്നത് ചലച്ചിത്രസംഗീതമേഖയുടെ നിലവാരത്തകര്‍ച്ചയാണ്. നീലക്കുയില്‍ മുതല്‍ ഇങ്ങോട്ട് സ്വത്വസൗന്ദര്യമുള്ള പാട്ടുകള്‍ പിറന്ന ഇടമാണ് നമ്മുടേത്. ട്രന്‍ഡുകള്‍ക്ക് വേണ്ടിയും സിനിമയ്ക്ക് റിലീസിംഗ് വേളയില്‍ ലഭിക്കാവുന്ന ചീപ്പ് പബ്‌ളിസിറ്റിക്ക് വേണ്ടിയാണ് താരങ്ങളെ ഗായകരാക്കുന്നത്. മറിച്ചൊന്നുമാലോചിക്കുന്നത് അഭിനേതാക്കള്‍ സംഗീതസംവിധായകന്റെ താളത്തിനൊത്ത് തുള്ളുകയും ചെയ്യുന്നു. ഫലമോ കേട്ടാലറയ്ക്കുന്ന പാട്ടുകളുടെ കമ്പോളമായി മലയാളം മാറി. എസ് പി ബാലസുബ്ര്മണ്യം ഒരിക്കല്‍ തമാശയായി പറഞ്ഞിട്ടുണ്ട്. ഞാന്‍ പാടിയിട്ടില്ലെങ്കില്‍ കമല്‍ഹാസന്‍ പാടും, സമയമൊപ്പിച്ച് കൂടുതല്‍ സിനിമകള്‍ക്കായി പാടുന്നത് എസ് ബി ബാലസുബ്രഹ്മണ്യത്തിന് ഒഴിവില്ലെങ്കില്‍ സ്വന്തമായി പാടാമെന്ന് കമല്‍ തീരുമാനിക്കുമെന്ന് പേടിച്ചാണ്. എസ്.പി ബിയുടെ തമാശയില്‍ പാതി കാര്യവുമാണ്. കമല്‍ഹാസന്‍ പാടാന്‍ കഴിവുള്ളയാളാണ്. മോഹന്‍ലാല്‍ സിനിമയില്‍ പാടിയിട്ടുള്ളത് അദ്ദേഹത്തിന്റെ സ്വരത്തിന് ഇണങ്ങുന്ന ഗാനങ്ങളാണ്. നീയറിഞ്ഞോ മേലേ മാനത്ത് മുതല്‍ ആറ്റുമണല്‍ പായയില്‍ എന്ന ഗാനം വരെ. അഭിനയിക്കുന്നവരെയെല്ലാം കൊണ്ട് പാട്ട് പാടിക്കാമെങ്കില്‍ പ്രമദവനവും കിരീടത്തിലെ കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി എന്നീ ഗാനങ്ങള്‍ യേശുദാസും എം.ജി ശ്രീകുമാറും പാടിയതിന് പകരം ലാലിന് തന്നെ പാടാമായിരുന്നു.

കല്ലെറിഞ്ഞ് നിര്‍ത്തിക്കേണ്ട തോന്ന്യാസം

ഒരു സിനിമയില്‍ അഭിനയിക്കുന്നവരെയെല്ലാം അണിനിരത്തി പാടിക്കുന്നതും ആലാപനയോഗ്യമല്ലാത്ത ശബ്ദമുള്ള നായകനെക്കൊണ്ട് പാടിക്കുന്നതും ശുദ്ധ തോന്ന്യാസമാണ്. എന്നുമോര്‍്ക്കുന്ന ഒരു പിടി നല്ല ഗാനങ്ങള്‍ അമൂല്യസമ്പത്തായി കരുതിപ്പോരുന്ന മലയാളികള്‍ കല്ലെറിഞ്ഞ് നിര്‍ത്തിക്കേണ്ടിയിരിക്കുന്നു ഈ അസംബന്ധത്തെ. മലയാളത്തില്‍ മികച്ച സംഗീതസംവിധായകര്‍ക്കൊപ്പം സംവിധായകര്‍ക്കൊപ്പവും ഗാനങ്ങളൊരുക്കാന്‍ അവസരം ലഭിച്ചയാളാണ് ഞാന്‍. പുതുതലമുറയുടെ കടന്നുവിനെയും സംഗീതത്തിലെ പുതുശൈലിയെയും ഹൃദയം കൊണ്ട് വരവേല്‍ക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. എന്റെ മകന്‍ ദീപാങ്കുരന്‍ പുതുതലമുറയിലെ സംഗീതസംവിധായകരിലൊരാളുമാണ്. എങ്കിലും ചലച്ചിത്രസംഗീതമേഖലയിലെ ദുഷ്പ്രവണതയെ പിന്തുണയ്ക്കാന്‍ തയ്യാറല്ല. നല്ല പാട്ടുകളൊരുക്കാന്‍ അവസരമില്ലാതായാല്‍ വീട്ടിലിരിക്കാന്‍ ഞാന്‍ തയ്യാറാണ്.

ദാസേട്ടനെ വിളിക്കാന്‍ ധൈര്യമില്ലാത്തവര്‍

സിനിമയില്‍ ഗാനത്തിനും സംഗീതസംവിധാനത്തിനും മാറ്റിവയ്ക്കുന്നത് ചുരുങ്ങിയ തുക മാത്രമാണ്. ഗാനങ്ങളുടെ ഓഡിയോ വിപണിയും ഇല്ലാതായതോടെയാണ്
ആര്‍ക്ക് വേണേലും പാടാമെന്ന അവസ്ഥയുണ്ടായത്. സ്വന്തം പ്രതിഭയില്‍ വിശ്വാസമില്ലാത്ത സംഗീതസംവിധായകന്‍ ഒളിച്ചോട്ടമാണ് സത്യത്തില്‍ ഇത്. താന്‍ ഈണമിട്ട പാട്ടുകള്‍ ആര് പാടിയാലും കുഴപ്പമില്ലെന്ന് വിശ്വസിക്കുന്ന സംഗീതസംവിധായകരുളളപ്പോള്‍ പാട്ടില്‍ ഒരു കൈ നോക്കിയ സിനിമാതാരങ്ങളെ എങ്ങനെ കുറ്റപ്പെടുത്താനാകും. മാംഗല്യം തന്തുനാനേനാ എന്നത് മാംഗല്യം തുന്തനാനേനാ എന്ന് പാരഡി പാടുന്നിടത്ത് നല്ല ഗാനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. പല ഭാഷകളിലെ ചലച്ചിത്രസംഗീതം പരിഗണിക്കുമ്പോഴും മലയാളത്തിനൊരു തലപ്പൊക്കം ഉണ്ടായിരുന്നു. വഴിയേ പോകുന്നവരും വരുന്നവരുമെല്ലാം പാടുകയും ഗായകനിരയെ ഇല്ലാതാക്കുകയും ചെയ്യുമ്പോള്‍ ചലച്ചിത്രസംഗീതശാഖയാണ് ഇല്ലാതാകുന്നത് എന്നോര്‍ക്കുന്നത് നല്ലത്. മുമ്പ് കൂട്ടായ്മയുടേതായിരുന്നു ചലച്ചിത്രസംഗീതം. സംവിധായകനും ഗാനരചയിതാവും സംഗീതസംവിധായകനും ഗായകനുമടങ്ങുന്ന സൗഹൃദത്തില്‍ നിന്നാണ് നല്ല പാട്ടുകളുണ്ടായത്. ഇന്ന് ഗാനരചയിതാവ് തന്റെ ഗാനത്തിനുണ്ടാകുന്ന രൂപമാറ്റം അറിയുന്നില്ല. ഗായകന്‍ ആരാണെന്നും അറിയുന്നില്ല. ദാസേട്ടന്റെ ശബ്ദം വേണ്ടെന്ന് വയ്ക്കുന്നതും നല്ല ഗാനങ്ങള്‍ ഉണ്ടാക്കാനുള്ള ആത്മവിശ്വാസം സംഗീതസംവിധായകര്‍ക്ക് ഇല്ലാതായിടത്താണ്. അഭിനയിക്കുന്ന നടന്‍മാരും നടികളുമെല്ലാം ആഘോഷത്തോടെ പാടുമ്പോള്‍ മലയാള സിനിമാഗാനശാഖയുടെ പൈതൃകം ഓര്‍ക്കുന്നതും നല്ലതാണ്. പ്രതിഭയുള്ള പുതുശബ്ദങ്ങളുടെ വഴിമുടക്കുക കൂടിയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.