വിനായകന്‍ കമ്മട്ടിപ്പാടത്തിന്റെ നെഞ്ചത്ത് ജനിച്ചുവളര്‍ന്നയാളാണ്. വിനായകന്റെ രൂപം പോലെ വേറെ ഒരാളെ കിട്ടാനുണ്ടോ?. അവനെ പോലെ വേറൊരാളെ കിട്ടുമോ? വിന്റേജ് ഐറ്റമല്ലേ? വല്ലാത്തൊരു താളമുണ്ട് വിനായകന്റെ നടപ്പിലും നില്‍പ്പിലുമെല്ലാം. എന്തുകൊണ്ട് ഗംഗയായി വിനായകനെ കാസ്റ്റ് ചെയ്തുവെന്ന ചോദ്യത്തിന് സംവിധായകന്‍ രാജീവ് രവി നല്‍കിയ ഉത്തരമാണിത്. നായകത്വത്തിന്റെ നടപ്പുരീതികളുടെ പൊളിച്ചെഴുത്തായിരുന്നു കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രം.

കമ്മട്ടിപ്പാടം എന്ന സിനിമ പ്രദര്‍ശിപ്പിച്ച നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച കൃഷ്ണനാണ്. എന്നാല്‍ സിനിമയിലേക്ക് പ്രവേശിക്കുമ്പോള്‍ കമ്മട്ടിപ്പാടത്തിനും കണ്ടിറങ്ങിയ കാഴ്ചക്കാരന്റെ ഹൃദയത്തിനും ഒരേ ഒരു നായകനായി ഗംഗ മാറുന്നു. പുറമ്പോക്കിനെ കിടപ്പാടമാക്കി ജീവിക്കുന്നവര്‍ നഗരവളര്‍ച്ചയില്‍ പുറന്തള്ളപ്പെടുമ്പോള്‍, ഒരു വിഭാഗം മനുഷ്യരുടെ ജീവിതസൗകര്യങ്ങള്‍ക്കായി ചതിക്കപ്പെട്ട് ചതുപ്പിനടിയിലായ നിസഹായരാകുമ്പോള്‍ അവരിലൊരാളുടെ ചിലമ്പിച്ച, ഭയപ്പാടുള്ള, നിസ്സഹയാതയില്‍ മുങ്ങിയ ശബ്ദമായിരുന്നു ഗംഗയ്ക്ക്. കൃഷ്ണാ ഞാനാടാ ഗംഗയാടാ എന്ന് മതില്‍ക്കെട്ടിന് മുകളില്‍ നിന്ന് ഗംഗ വിളിക്കുന്നതും പറങ്കി മജീദിനോടും ഉമ്മയോടും സ്‌നേഹത്തോടെ കലഹിച്ച് ബിരിയാണി കഴിക്കാനെത്തുമെന്ന് പറഞ്ഞ് വേച്ചുവേച്ചു നീങ്ങുമ്പോഴും ആസ്വാദന് മുന്നില്‍ സമീപകാലത്തെ ഏറ്റവും മികച്ച ഭാവപ്രകാശനം വിനായകനിലൂടെ സംഭവിക്കുകയായിരുന്നു. വിനായകന് ഇത് ഗംഗയെന്ന കഥാപാത്രത്തിനപ്പുറം അയാള്‍ ജനിച്ച, കളിച്ചുവളര്‍ന്ന, സ്വന്തം നാടിന്റെ ചരിത്രമായിരുന്നു കമ്മട്ടിപ്പാടം. കമ്മട്ടിപ്പാടത്തിനും അവിടെയുള്ള മനുഷ്യര്‍ക്കും എന്ത് സംഭവിച്ചുവെന്ന് നിങ്ങളൊന്ന് അന്വേഷിക്കൂ എന്ന് ആ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച ഒരു വേദിയില്‍ വൈകാരികമായി വിനായകന്‍ പറയുന്നുണ്ട്.

വിനായകന്‍ ശരീരഭാഷ കൊണ്ടും ശൈലീകൃത അഭിനയത്തിന്റെ ഗാംഭീര്യത്തിലും നേരത്തെ തന്നെ അംഗീകാരം നേടിയ നടനാണ്. എന്നാല്‍ ക്വട്ടേഷന്‍ കഥാപാത്രമായി സ്ഥിരപ്പെടാനായിരുന്നു സിനിമയിലെ അയാളുടെ ദുര്യോഗം. ഉടലിന്റെ കറുപ്പുനിറവും നമ്മുടെ ഹീറോ ഇമേജുകള്‍ക്ക് നിര്‍ബന്ധമെന്ന് കരുതിപ്പോന്ന ‘കോമളത്വ’മില്ലായ്മയും വിനായകന് കോളനിയിലെ ക്രിമിനലായും അപകടകാരിയായ ഗുണ്ടയായുമുള്ള വേഷങ്ങളാണ് സമ്മാനിച്ചത്. ക്വട്ടേഷന്‍കാരനാണ് ഗംഗയെ കമ്മട്ടിപ്പാടം ചിത്രീകരിച്ചപ്പോള്‍ അയാളിലെ വയന്‍സിനും, ഗംഗയുടെ ചെറുത്തുനില്‍്പ്പിനുമെല്ലാം കൃത്യമായ രാഷ്ട്രീയവിശദീകരണം നല്‍കിയിരുന്നു. ഗംഗനായി മൂന്ന് കാലഘട്ടങ്ങളിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് വിനായകന്‍ കാഴ്ച വച്ചത്. കഥയെത്തി നില്‍ക്കുന്ന കാലത്ത് ഭയം വരിഞ്ഞുമുറുക്കിയ ശരീരഭാഷയുമായി തോല്‍ക്കാന്‍ മനസ്സില്ലാതെ നീങ്ങുന്ന ഗംഗന്‍ സിനിമ വിട്ടിറങ്ങിയാലും മനസ്സകലാതെ നില്‍ക്കുന്നുണ്ട്.. മതില്‍ക്കെട്ടിലിരുന്ന് കൃഷ്ണനെ ഫോണ്‍വിളിക്കുന്ന രംഗം, അച്ഛന്റെ മുഖത്ത് നോക്കാതെ ഇറങ്ങിപ്പോകുന്ന രംഗം, ചെമ്പില്‍ അശോകന്റെ വീട്ടിലെത്തിയ രംഗം എന്നിവിടങ്ങില്‍ വിനായകന്‍ എന്ന നടന്റെ അതിഗംഭീരമായ അണ്ടര്‍ പ്ലേ കാണാം.

vinayakan stills

രാജീവ് രവിയും അമല്‍ നീരദും ആഷിക് അബുവും സമീര്‍ താഹിറും സിനിമയിലേക്ക വന്നിറങ്ങിയ മഹാരാജാസില്‍ നിന്ന് അവരുടെ ചങ്ങാതിയായാണ് വിനായകനും സിനിമയിലെത്തിയത്. ഇവര്‍ക്കെല്ലാം മുമ്പേ. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികം എന്ന സിനിമയില്‍. എറണാകുളം കമ്മട്ടിപ്പാടം സ്വദേശിയായ വിനായകന്‍ ഫയര്‍ ഡാന്‍സിലൂടെ ഉ്ത്സവവേദികളില്‍ സജീവമായിരുന്നു. ബ്ലാക്ക് മെര്‍ക്കുറി എന്ന ഗ്രൂപ്പിനൊപ്പമായിരുന്നു വിനായകന്റെ നൃത്ത പരിപാടികള്‍.

വിനായകന്റെ ഫയര്‍ ഡാന്‍സ് കണ്ടാണ് സംവിധായകന്‍ തമ്പി കണ്ണന്താനം മാന്ത്രികത്തിലേക്ക് ക്ഷണിച്ചത്. ചെറിയൊരു റോള്‍. പിന്നീട് മോഹന്‍ലാല്‍ നായകനായ ഒന്നാമനിലും തമ്പി കണ്ണന്താനം വിനായകനെ അഭിനയിപ്പിച്ചു. ഇവ രണ്ടും അത്ര ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നില്ല. ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത അന്യര്‍ എന്ന സിനിമയില്‍ അന്ധ കഥാപാത്രമായി ക്വട്ടേഷന്‍ സംഘത്തിനൊപ്പം വിനായനുണ്ടായിരുന്ന.ു പിന്നീട് ഛോട്ടോ മുംബൈ, ഛോട്ടാമുംബൈ, ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി,ക്വട്ടേഷന്‍, ഡാഡി കൂള്‍ തുടങ്ങിയ സിനിമകള്‍. ബെസ്റ്റ് ആക്ടറിലും ബാച്ചിലര്‍ പാര്‍ട്ടിയിലും നല്ല വേഷങ്ങളാണ് വിനായകന് ലഭിച്ചത്. അപ്പോഴും ക്വട്ടേഷന്‍ ടീമിലൊരാള്‍ എന്നത് തന്നെയായിരുന്നു വിനായകന് സ്ഥിരപ്പെട്ട കഥാപാത്രം. ഡാ പറങ്കി മജീദെ,ഞാൻ പൊവാട്രാ..ഉമ്മാ ഞാൻ ബിര്യാണി തിന്നാൻ വരാട്ടാ

1994ലാണ് സിനിമയില്‍ വന്നത്, ഇവിടെ എത്താന്‍ ഇത്രയും സമയമെടുത്തു എന്നാണ് സിനിമാ പാരഡീസോ ക്ലബ്ബിന്റെ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ച് വിനായകന്‍ പറഞ്ഞത്. തന്നിലെ നടനെ വേണ്ടവിധം പരിഗണിക്കാതെ പോയിട്ടുണ്ടെന്ന തുറന്നുപറച്ചില്‍ കൂടിയായിരുന്നു അത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പ് സോഷ്യല്‍ മീഡിയയും ഒറ്റക്കെട്ടായി വിനായകന് വേണ്ടി നിലയുറപ്പിച്ചിരുന്നു. കമ്മട്ടിപ്പാടത്തിലെ ഗംഗയെന്ന കഥാപാത്രത്തെ.

ഏഷ്യാനെറ്റ്, വനിതാ ഉള്‍പ്പെടെയുള്ള ചലച്ചിത്ര അവാര്‍ഡുകളിലും മികച്ച നടനായി വിനായകനെ പരിഗണിച്ചിരുന്നു. ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയായ സിനിമാപാരഡീസോ ക്ലബ്ബ് ആണ് ആദ്യമായി കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് വിനായകന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയത്. ഓഡിയന്‍പോളിലൂടെയും ജൂറി വിലയിരുത്തലിലൂടെയുമായിരുന്നു പുരസ്‌കാരം. നിറകണ്ണുകളോടെയാണ് വിനായകന്‍ ഈ പുരസ്‌കാരം നെഞ്ചോടടുക്കി വാങ്ങിയത്.
അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനേ, ഇക്കായല്‍ കയവും കരയും ആരുടേയുമല്ലെന്‍മകനേ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ ചരിത്രത്തിലെ പൊളിച്ചെഴുത്ത് കൂടിയാണ് വിനായകന് മികച്ച നടനുള്ള പുരസ്‌കാരം. സൂപ്പര്‍താരങ്ങൡലേക്കും മുഴുനീള നായകകഥാപാത്രത്തിലേക്കും മാത്രം ചുരുങ്ങിപ്പോയിരുന്ന മികച്ച നടനുള്ള പുരസ്‌കാരം ഒരു സിനിമയിലെ ഏറ്റവും മികച്ച അഭിനയത്തിന് ഉടമയ്ക്ക് നല്‍കാനാണ് പുരസ്‌കാര നിര്‍ണയ സമിതി ഇക്കുറി തീരുമാനിച്ചത്. തീര്‍ത്തും അഭിനന്ദനീയമാണ് ഈ പ്രവര്‍ത്തി.

പുരസ്‌കാരങ്ങള്‍ എത്രമേല്‍ തഴഞ്ഞാല്‍ ജനമനസുകളില്‍ ഈ നടന്റെ അതുല്യഅഭിനയം വിങ്ങലായി അവശേഷിക്കുന്നുണ്ടെന്നും അവര്‍ ഈ താരത്തെ നെഞ്ചേറ്റിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നതായിരുന്നു കൂറ്റനാട് നേര്‍ച്ചയില്‍ ആനകളേറ്റിയ തിടമ്പുകളിലൊന്നില്‍ വിനായകന്റെ ഗംഗയെ ആനയിച്ചത്. നേര്‍ച്ചയില്‍ ആഘോഷ കമ്മറ്റിക്കാര്‍ ഉയര്‍ത്തിയ വിവിധ തിടമ്പുകളില്‍ ഒന്ന് കമ്മട്ടിപ്പാടത്തിലെ ഗംഗയുടേതായിരുന്നു. ഫിദല്‍ കാസ്‌ട്രോവിന്റെതും അബ്ദുള്‍ കലാമിന്റെയും മുഖങ്ങളുള്ള തിടമ്പിനൊപ്പമായിരുന്നു ഗംഗയുടെയും സ്ഥാനം. വലിയ ആഘോഷത്തോടെയാണ് ചെര്‍പ്പുള്ളശ്ശേരി അനന്തപത്ഭനാഭന്റെ മുകളില്‍ വിനായകന്റെ മുഖമുള്ള തിടമ്പ് ഉയര്‍ത്തിയത്. ഒരു പക്ഷേ കേരളത്തില്‍ ഒരു നടനും ഈ ഭാഗ്യവും സ്‌നേഹവും ലഭിച്ചിട്ടുണ്ടാവില്ല.