സിനിമ ആയാലും രാഷ്ട്രീയമായാലും പ്രതിഛായാ നിര്‍മ്മിതി സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവിക്കാറുണ്ട്. സിനിമയിലോ രാഷ്ട്രീയത്തിലോ മറ്റേതെങ്കിലും മേഖലയിലോ ആവട്ടെ, ഒരാളുടെ പൊതുസ്വീകാര്യത ഉയര്‍ത്താനും ഇടിക്കാനും സാമൂഹിക മാധ്യമങ്ങള്‍ക്ക് ശേഷിയുണ്ട്. സമാന്തര മാധ്യമമായും, നവമാധ്യമമായും ഫേസ്ബുക്കും വാട്ട്‌സ് ആപ്പും ട്വിറ്ററും ഉത്തരവാദിത്വം വര്‍ധിപ്പിച്ചപ്പോള്‍ ദുരുപയോഗവും ഉയര്‍ന്നു. അബുദാബിയില്‍ വച്ച് മോഹന്‍ലാല്‍ ഉമ്മ വയ്ക്കാന്‍ ഓടിയടുത്ത ആരാധകനെ തള്ളി മാറ്റുന്ന വീഡിയോയും, കൊല്ലത്ത് തന്നെ പിന്നില്‍ നിന്ന് നുള്ളാന്‍ ശ്രമിച്ച ആരാധകന് നേരെ ടോവിനോ തോമസ് തെറി പറഞ്ഞതും, ആള്‍ക്കൂട്ടത്തിനിടയില്‍ ശരീരത്തില്‍ ചുറ്റിപ്പിടിക്കാന്‍ ശ്രമിച്ച ആരാധകനെതിരെ വിദ്യാ ബാലന്‍ പൊട്ടിത്തെറിച്ചതും സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. മാധ്യമങ്ങളിലും ഇത് വാര്‍ത്തകളായി. ആരാധകനെ തള്ളി മാറ്റിയ മോഹന്‍ലാലിന്റെ പ്രവര്‍ത്തിയും ടോവിനോയുടെ തെറിവിളിയും മറ്റ് ചില താരങ്ങളുടെ ആരാധകര്‍ ആയുധമാക്കുകയും ചെയ്തു. താരങ്ങള്‍ ആരാധകരോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള ക്ലാസുകളും ട്രോളുകളും ഫേസ്ബുക്കില്‍ നിറയുന്നുണ്ട്. പെരുമാറ്റച്ചട്ടം ഈ വിധമാണെന്ന് ചിലര്‍ സ്ഥാപിക്കുന്നുമുണ്ട്. മോഹന്‍ലാലോ വിദ്യാ ബാലനോ ടോവിനോയോ ആരുമാകട്ടെ താരങ്ങള്‍ തങ്ങളുടെ കളിപ്പാട്ടങ്ങളാണെന്ന് മനോഭാവത്തിന്റെ കുഴപ്പങ്ങളാണ് ഇവയിലേറെയും. സ്‌നേഹപ്രകടനമെന്ന വ്യാജേനയുള്ള തട്ടലും മുട്ടലും തോണ്ടലും തലോടലുമൊക്കെ സ്ത്രീ അഭിനേതാക്കളോടാണെങ്കില്‍ അത് സിനിമയ്ക്ക് പുറത്തും വിനോദോപാധിയാകേണ്ട ഉടലാണ് അവരെന്ന മനോവൈകൃതത്തില്‍ നിന്നുള്ളതാണ്. രണ്ട് വര്‍ഷം മുമ്പ് മുകേഷും സണ്ണി വെയിനും നേരിട്ട സദാചാര വിചാരണയുടെ തുടര്‍ച്ചയുമാണ് മോഹന്‍ലാലും ടോവിനോയും ഇപ്പോള്‍ നേരിടുന്നത്. അന്ന് നടന്‍മാരായ മുകേഷിന്റെയും സണ്ണി വെയ്നിന്റെയും ശബ്ദത്തിലുള്ള റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണവും അതിലടങ്ങിയ തെറിവിളിയുമാണ് ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലുമായി ആഘോഷിക്കപ്പെട്ടത്. ഈ സംഭാഷണങ്ങള്‍ മുകേഷിന്റെയും സണ്ണി വെയ്നിന്റേയും പെരുമാറ്റദൂഷ്യത്തിനുള്ള ഉത്തമ ഉദാഹരണമായും, അവരുടെ സാംസ്‌കാരിക നിലവാരത്തിന്റെ സൂചികയുമായി വിലയിരുത്തപ്പെടുകയായിരുന്നു.

മമ്മൂട്ടിയോ മോഹന്‍ലാലോ പൃഥ്വിരാജോ ടോവിനോയോ അതുമല്ലെങ്കില്‍ ഒരു സിനിമയില്‍ മാത്രം അഭിനയിച്ച താരമോ ആകട്ടെ സ്‌ക്രീനിന് പുറത്ത് അവര്‍ സാധാരണ മനുഷ്യര്‍ മാത്രമാണ്. ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുന്നത് പോലെ തന്നെ ശാരീരികമായി ആക്രമിക്കപ്പെട്ടാല്‍ കൈവീശി അടിക്കാനും സാധ്യതയുള്ള മനുഷ്യശരീരങ്ങള്‍. ആരാധകരും ഫാന്‍സ് ഗ്രൂപ്പുകളും ‘മാനുഷികതയുടെയും എളിമയുടെയും നിറകുട’വുമായും കണ്‍കണ്ട ദൈവമായും എത്രതന്നെ ആഘോഷിച്ചാലും യഥാര്‍ത്ഥ ജീവിതത്തില്‍ മനുഷ്യരെ പോലെ മാത്രമേ ഈ താരരൂപങ്ങള്‍ക്ക് പ്രതികരിക്കാനാവൂ. സ്‌ക്രീനില്‍ അവര്‍ അവതരിപ്പിച്ച നീതിമാന്റെയും,ദൈവപുത്രന്റെയും, നന്മമരത്തിന്റെയും പ്രതിരൂപമായി വ്യക്തിജീവിതത്തിലും അവരെ കാണേണ്ടതില്ല. ആള്‍ക്കൂട്ടത്തിലൊരുവനായാലും, ആരാധകനായാലും ശാരീരികമായ ആക്രമണത്തോടും, അതിരുകടന്ന സ്‌നേഹപ്രകടനങ്ങളോടും ഈ താരങ്ങള്‍ പ്രതികരിക്കുന്നത് പച്ചമനുഷ്യരായിട്ടായിരിക്കും.
അബുദാബിയില്‍ ആരാധകരെ കാണാനെത്തിയ മോഹന്‍ലാല്‍ മുന്നറിയിപ്പില്ലാതെ തന്നെ ഉമ്മ വയ്ക്കാന്‍ ഓടിയടുത്ത ആരാധകനെ തള്ളിമാറ്റുന്നതായിരുന്നു പ്രചരിച്ച വീഡിയോകളില്‍ ഒന്ന്. പിന്നീട് ക്ഷമ പറഞ്ഞെന്നും തന്നെ മനസിലാക്കാതെ ലാലേട്ടന്‍ പെരുമാറിയതാണെന്നും ആരാധകരന്‍ കൈലാസ് പ്രതികരിച്ചെങ്കിലും ആള്‍ക്കൂട്ട വിചാരണയില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് മോഹന്‍ലാലിനെയാണ്. ഒരു പൊതുചടങ്ങില്‍ വച്ച് മുന്നറിയിപ്പില്ലാതെ ഒരാള്‍ തന്റെ ശരീരത്തില്‍ തൊടാനോ, ഉമ്മവയ്ക്കാനോ വന്നാല്‍ മുതിര്‍ന്നാല്‍ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്താനാകുന്നതെങ്ങനെ. സമാനമായ സാഹചര്യമായിരുന്നു ടോവിനോയുടേതും. ടോവിനോ തോമസ് കൊല്ലത്ത് ഒരു മെക്‌സിക്കന്‍ അപാരതയുടെ പ്രമോഷനെത്തിയപ്പോള്‍ പ്രേക്ഷകര്‍ താരത്തെ പൊതിഞ്ഞു. ഇതിനിടയില്‍ ആരോ ടോവിനോയെ ശാരീരികമായി ഉപദ്രവിച്ചു. ഇതിനെ കപടവിനയം കാട്ടി നേരിടുന്നതിന് പകരം വൈകാരികമായി താരം ചോദ്യം ചെയ്തു. മറ്റൊരു ഘട്ടത്തില്‍ സ്വന്തം വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുന്ന വേളയിലായിരുന്നു ശാരീരികമായി ഉപദ്രവിക്കാനുള്ള ശ്രമം. ഈ ഘട്ടത്തില്‍ അക്ഷോഭ്യനായി ടോവിനോ തോമസ് പ്രതികരിക്കുന്ന വീഡിയോയും പെരുമാറ്റദൂഷ്യമായി പ്രചരിപ്പിക്കപ്പെടുകയാണ്.
ഫേസ് ബുക്ക് ലൈവും സെല്‍ഫി വീഡിയോയുമെല്ലാം ജനപ്രിയമായ കാലത്ത് താരങ്ങളെ സ്വന്തം മൊബൈല്‍ ക്യാമറയിലാക്കാന്‍, ഒപ്പം നിര്‍ത്തി വീഡിയോ പകര്‍ത്താനും ചങ്ങാത്തം ഫേസ്ബുക്കില്‍ ലൈവാക്കാനും കൂടുതല്‍ പേരെത്തും. പക്ഷേ സഹജീവിയോടെന്ന പേരില്‍, താരവേഷത്തിനുള്ളിലെ മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയും സ്വകാര്യതയെയും ഹനിക്കാത്ത രീതിയിലാകണം പെരുമാറേണ്ടത്. ഒരാളോട് മോശമായി പെരുമാറിയിട്ട് തിരിച്ചുള്ള പ്രതികരണം പെരുമാറ്റദൂഷ്യമായിപ്പോയെന്ന് വിലപിക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്. മുമ്പൊരിക്കല്‍ മോഹന്‍ലാല്‍ വിദേശ ഷോയ്ക്കിടെ സ്‌റ്റേജിലേക്ക് ഓടിക്കയറിയ ആരാധകനെ തള്ളിമാറ്റിയതും ഇതേ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തങ്ങള്‍ സിനിമാ ടിക്കറ്റിലൂടെ വളര്‍ത്തിയ താരത്തിന്റെ മോശം പെരുമാറ്റം എന്ന രീതിയിലാണ് പലരും ഇതിനെ വിലയിരുത്തിയത്. ഓര്‍ക്കേണ്ടത് ഒരു കാര്യമാണ്. സ്‌ക്രീനിലെ കഥാപാത്രങ്ങളിലൂടെ ആസ്വദിപ്പിക്കേണ്ടത് മാത്രമാണ് ഈ താരങ്ങളുടെ ഉത്തരവാദിത്വം. കാണുന്നിടത്തെല്ലാം സിനിമയിലെ നായക/നായികാ കഥാപാത്രങ്ങളുടെ ഹൃദയവിശാലതയോടെ കയ്യേറ്റത്തോടും, സ്വകാര്യതാ ലംഘനത്തോടും പ്രതികരിക്കണം എന്നത് അവരുടെ കടമയല്ല. ആസ്വാദകരാല്‍ സൃഷ്ടിക്കപ്പെട്ട താരം ആസ്വാദകരുടെ ആഗ്രഹത്തിനൊത്ത് കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ശഠിക്കാം എന്നാല്‍ ആസ്വാദഭൂരിപക്ഷത്തിന്റെ ഇംഗിതത്തിനൊത്ത് വ്യക്തിജീവിതത്തിലും പെരുമാറണമെന്ന് വാശി പിടിക്കരുത്. മോഹന്‍ലാലിന്റെ മോശം പെരുമാറ്റമായി അബുദാബി സംഭവത്തെ ചിത്രീകരിക്കാന്‍ എതിര്‍വിഭാഗം ആരാധകര്‍ ശ്രമിച്ചപ്പോള്‍ ഇതിനുള്ള മറുപടി മമ്മൂട്ടി ആരാധകരിലൊരാളെ കൈവീശിയടിക്കുന്ന വീഡിയോ ആയിരുന്നു. ആരാധകരെ അഭിവാദ്യം ചെയ്ത് തുറന്ന വാഹനത്തിലൂടെ നിങ്ങുന്നതിനിടയില്‍ തന്റെ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചിടാന്‍ നോക്കിയ ആളിനോടാണ് മമ്മൂട്ടി ഇങ്ങനെ പ്രതികരിച്ചത്. ഓടുന്ന വാഹനത്തില്‍ നിന്ന് വലിച്ച് താഴെയിട്ടാല്‍ പരുക്കേല്‍ക്കാതെ മണ്ണില്‍ സേഫ് ലാന്‍ഡിംഗ് നടത്താന്‍ മമ്മൂട്ടി സ്‌ക്രീനിന് പുറത്ത് രാജമാണിക്യമോ, കോട്ടയം കുഞ്ഞച്ചനോ അല്ല. വീണാല്‍ പരുക്കേല്‍ക്കുന്ന, നുള്ളിയാല്‍ വേദനിക്കുന്ന, തള്ളിയാല്‍ താഴെ വീണുന്ന മനുഷ്യനാണ്. ഷര്‍ട്ടില്‍ വലിച്ചു വീഴ്ത്താന്‍ ശ്രമിച്ച ആളെ പോലീസില്‍ ഏല്‍പ്പിക്കാത്തതിനോടാണ് ആ നടന് നന്ദി പറയേണ്ടിയിരുന്നത്. മറ്റൊരു ഘട്ടത്തില്‍ റോഡില്‍ കാര്‍ നിര്‍ത്തി മമ്മൂട്ടി ചെറുപ്പക്കാരോട് ദേഷ്യപ്പെടുന്നതാണ് പ്രചരിപ്പിക്കപ്പെട്ടത്. ഊടുവഴികളിലൂടെ തന്റെ കാറിനെ അപകടരമാംവിധം പിന്തുടര്‍ന്നവരോടായിരുന്നു അന്ന് പ്രതികരിച്ചിരുന്നത്. സമാനമായ പ്രതികരണം സമീപകാലത്ത് കേരളത്തിലെത്തിയ സൂര്യയും നടത്തി. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സൂര്യയെ അമിതവേഗതയില്‍ ബൈക്കില്‍ പിന്തുടരുകയും മൊബൈലില്‍ വീഡിയോയായി ഇത് പകര്‍ത്തുകയും ചെയ്ത യുവാക്കളെയാണ് തന്റെ കാര്‍ നിര്‍ത്തി സൂര്യ ശാസിച്ചത്. ആരാധന ജീവന്‍ കളയും വിധം അതിരുകടക്കരുതെന്നും താരം ഇവരോട് പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തിലെ ഒരു മുന്‍നിര നായിക വിവാഹിതയായ ദിവസം വ്യാപകമായി പ്രചരിച്ച ഒരു മെസ്സേജ് ഇങ്ങനെയായിരുന്നു. ”ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യവല്‍ക്കരിച്ചു” ചലച്ചിത്രമേഖലയിലുള്ളവരെ, പ്രത്യേകിച്ച നടീനടന്‍മാരെ ശരാശരി മലയാളി എങ്ങനെ പരിഗണിക്കുന്നു എന്നത് ഈ മെസ്സേജിന്റെ ഉളളടക്കത്തിലുണ്ട്. ഇതിന് തുടര്‍ച്ചയാണ് മോഹന്‍ലാലും, ടോവിനോയും, മുകേഷും സണ്ണിവെയ്നും പരിഹാസബിംബങ്ങളായും അഹങ്കാരികളായും ആഘോഷിക്കപ്പെടുന്നതിലെ യുക്തി പരിശോധിക്കേണ്ടത്. അതിലുപരി ഒളിനോട്ടസംതൃപ്തിയും, സ്വകാര്യതകളും സാമൂഹികജീവിതവും കവര്‍ച്ച ചെയ്യാന്‍ കൊതിക്കുന്ന സദാചാര പോലീസിംഗുമെല്ലാം ആള്‍ക്കൂട്ട വിചാരണകള്‍ക്ക് പിന്നിലുണ്ട്.
താരങ്ങളെ പ്രകോപിപ്പിച്ച് അവരിലെ സഹിഷ്ണുത നഷ്ടപ്പെടുത്തി അവരുടെ രൂക്ഷപ്രതികരണം പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഛായ തകര്‍ക്കാനുള്ള നീക്കങ്ങളും ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലുണ്ട്. മുകേഷിനെയും സണ്ണി വെയ്നിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ഫോണില്‍ അവരുടെ തെറിവിളി പകര്‍ത്തിയ ആളുടെ സാഹസികതയെ പരോക്ഷമായി അഭിനന്ദിച്ചത് പോലെ മോഹന്‍ലാലിനെയും ടോവിനോയെയും പ്രതിക്കൂട്ടിലാക്കി അവര്‍ക്ക് നേരെ കയ്യേറ്റശ്രമം നടത്തിയ ആളെ പരിഗണിക്കാതിരിക്കുകയായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ പേരും.
മുമ്പ് പൃഥ്വിരാജിന് നേരെയുണ്ടായ ആക്രമങ്ങളുടെ തുടര്‍ച്ചയാണ് ടോവിനോയ്ക്ക് നേരെയും ഉണ്ടായത്. നിലപാടുകള്‍ വ്യക്തതയോടെ അവതരിപ്പിക്കുകയും വിനയം അഭിനയിക്കാതിരിക്കുകയും ചെയ്തിരുന്ന കാലത്താണ് പൃഥ്വിരാജ് പൃഥ്വിരാജപ്പനും, അഹങ്കാരിയുമായത്. പൃഥ്വിയെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ പൃഥ്വിരാജപ്പന്‍ എന്ന വീഡിയോയും പുറത്തുവന്നിരുന്നു. ലൊക്കേഷനില്‍ കാത്തിരിക്കുന്നവരോട് ചിരിച്ചും കൈവീശിക്കാണിച്ചും ഇടപെടുന്നില്ലെന്നും ജാഡയാണെന്നുമായിരുന്നു പൃഥ്വിക്കെതിരെയുള്ള വിമര്‍ശനം. വിനയമോ, ചിരിയോ അഭിനയിച്ച് മുന്നിലെത്തുന്ന ആളുകളോട് ഇടപെടാനാകില്ലെന്നായിരുന്നു പൃഥ്വി ഇതിനോട് പ്രതികരിച്ചത്.
സ്വകാര്യ ചടങ്ങുകളിലും ഉദ്ഘാടന ചടങ്ങുകളിലും പങ്കെടുക്കാനെത്തുന്ന നടിമാരുടെ വസ്ത്രം നീങ്ങിയത് പകര്‍ത്തുകയും, അവരെ ശാരീരികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചത് യൂട്യൂബിലെത്തിക്കുകയും ചെയ്യുന്നതിലാണ് മറ്റൊരു വിഭാഗത്തിന്റെ വോയറിസ്റ്റ് പ്ലഷറും, പീഡക തൃപ്തിയും. ഇക്കൂട്ടരാണ് മുമ്പ് മുകേഷിനെയും സണ്ണി വെയ്നിനെയും തെറി വിളിയുടെ പേരില്‍ ആക്രമിച്ചിരുന്നത്. ഞങ്ങളുടെ പണം കൊണ്ട് തിന്ന് തടിച്ച് പ്രശസ്തനായ നിങ്ങള്‍ക്ക് ഞങ്ങളെ തെറിവിളിക്കാന്‍ മാന്യതയില്ലേ എന്നാണ് പൊതുസമൂഹത്തിന്റെ സ്വയംപ്രഖ്യാപിത പ്രതിനിധിയായി അന്നൊരാള്‍ വീഡിയോയിലൂടെ ചോദിച്ചത്. ഞങ്ങളിലൊരാളെ അവഹേളിച്ചതിന് തുടര്‍കാലത്ത് ആള്‍ക്കൂട്ട വിചാരണ നേരിടേണ്ടി വരുമെന്നും ഭീഷണി തുടരുന്നുണ്ടായിരുന്നു.
 നടിയും നടനും പൊതുസ്വത്തായതിനാല്‍ ഏത് സമയത്തും പൊതുസമൂഹത്തോട് സംസാരിക്കാനും സഹിഷ്ണുതയോടെ ഇടപെടാനും, സ്വകാര്യതകളെ ഉപേക്ഷിച്ച് സമൂഹം നിശ്ചയിക്കുന്ന ജീവിതക്രമത്തിന് തയ്യാറാവുകയും വേണമെന്ന് ശഠിക്കുന്നത് എന്തിനാണ്? കേരളത്തിലെ ഏതെങ്കിലും തിരക്കേറിയ ട്രാഫിക് ജംഗ്ഷനിലെ ബ്ളോക്കില്‍ ചെന്ന് ശബ്ദം പകര്‍ത്താനിറങ്ങിയാല്‍ ഇതിനേക്കാള്‍ മുഴുത്തതും മുഴക്കമുള്ളതുമായ തെറി കേള്‍ക്കാനാകും. ഇതിനേക്കാള്‍ വലിയ അസഹിഷ്ണുത നേരിട്ട് അനുഭവിക്കാനുമാകും.
കലാകാരന്‍മാര്‍ സമൂഹത്തിന്റെ സമ്പാദ്യമാണ് അല്ലാതെ സമൂഹത്തിന്റെ കളിപ്പാട്ടങ്ങളല്ല, നടീനടന്‍മാര്‍ പൊതുമുതലെടുപ്പിനുള്ള ഉപകരണങ്ങളുമല്ല. അവരുള്‍പ്പെടുന്ന കലാമേഖല അവര്‍ക്ക് തൊഴിലിടം കൂടിയാണ്. സഹജീവികളോടുള്ള മാനുഷിക പരിഗണനയാണ് അവരോടും വേണ്ടത്. താരങ്ങള്‍ സ്‌ക്രീനിലാണ് വിനോദവും വിനോദോപാധിയാകുന്നത്. അവരുടെ സ്വകാര്യതയെയും വ്യക്തിജീവിതത്തെയും മറ്റേതൊരു പൗരന്റേതെന്ന പോലെ മാനിക്കേണ്ടതുമാണ്. സ്വകാര്യതയുടെ കവര്‍ച്ചയും ഒളിഞ്ഞുനോട്ടയുക്തിയും ആഘോഷിക്കാതിരിക്കാന്‍ അത് പകര്‍ത്തുന്നവനേക്കാള്‍ പ്രചരിപ്പിക്കുന്നവനും ബാധ്യതയുണ്ട്.