ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കത്രിക വയ്ക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അവകാശമില്ല. ഉഡ്താ പഞ്ചാബ് എന്ന സിനിമയുടെ സെന്‍സറിംഗ് പ്രതിസന്ധി പരിഹരിച്ച ബോംബെ ഹൈക്കോടതി വിധിയെ പ്രധാന പരാമര്‍ശങ്ങളിലൊന്നാണ് ഇത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ എന്ന സംവിധാനത്തെ ഭരണകൂട ഉപകരണമാക്കി മാറ്റിയ അധ്യക്ഷന്‍ പഹലാജ് നിഹലാനിയുടെ ഫാസിസ്റ്റ് നിലപാടുകള്‍ക്കേറ്റ തിരിച്ചടിയെന്ന നിലയില്‍ കൂടിയാണ് കോടതി വിധിയെ വിലയിരുത്തേണ്ടത്. സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായി ചുമതലയേറ്റത് മുതല്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനും സാംസ്‌കാരിക മൂല്യസംരക്ഷണമെന്ന ലേബലില്‍ ചലച്ചിത്രസൃഷ്ടികളുടെ സ്വത്വവും സത്തയും വെട്ടിയില്ലാതാക്കാനുമാണ് നിഹലാനി ശ്രമിച്ചുകൊണ്ടിരുന്നത്.


പരിഷ്‌കാരങ്ങളെന്ന മുഖവുരയില്‍ സെന്‍സര്‍ ബോര്‍ഡില്‍ അവതരിപ്പിച്ച ഭേദഗതികളിലൂടെ ആവിഷ്‌കാരസ്വാതന്ത്ര്യം അട്ടിമറിക്കാനാണ് ചുമതലയേറ്റതിന് പിന്നാലെ നിഹലാനി തുനിഞ്ഞത്. സിനിമയില്‍ വന്നാല്‍ വെട്ടിനീക്കുകയോ നിശബ്ദമാക്കുകയോ ചെയ്യേണ്ട വാക്കുകളുടെ പട്ടിക തയ്യാറാക്കി നിഹലാനി സെന്‍സറിംഗ് സമീപനത്തെക്കുറിച്ച് ആദ്യസൂചന നല്‍കി. പ്രതിഷേധം കനത്തപ്പോള്‍ ആ പട്ടിക പിന്‍വലിച്ചെങ്കിലും സെന്‍സര്‍ഷിപ്പിന്റെ കത്രികയ്ക്ക് മൂര്‍ച്ചകൂട്ടി സിനിമയെ നേരിടാന്‍ തുടര്‍ന്നും നിഹലാനി ശ്രമിച്ചു. ദേരാ സച്ചാ സൗദാ തലവനും സ്വയംപ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മിത് രാംറഹീമിന്റെ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതിലെ വിയോജിപ്പിനെ തുടര്‍ന്നാണ് പഹ്ലലജ് നിഹലാനിയുടെ മുന്‍ഗാമി ലീലാ സാംസണ്‍ സിബിഎഫ്‌സി ചെയര്‍പേഴ്‌സണ്‍ സ്ഥാനമൊഴിഞ്ഞത്. ബലാല്‍സംഗവും കൊലപാതകവും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പങ്കുള്ള ഗുര്‍മിത് രാമിന്റെ രണ്ടാം ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ വെട്ടേല്‍ക്കാതെ തിയറ്ററുകളിലേക്ക് ആനയിച്ചത് നിഹലാനി നയിക്കുന്ന സെന്‍സര്‍ ബോര്‍ഡ് ആണ്.
2014ലെ തെരഞ്ഞെടുപ്പില്‍ ഹര്‍ഹര്‍ മോഡി എന്ന നരേന്ദ്രമോഡി പ്രകീര്‍ത്തന വീഡിയോ സംവിധാനം ചെയ്ത നിഹലാനി തലപ്പത്തിരിക്കുമ്പോള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഭരണകൂടവിധേയത്വത്തോടെ പ്രവര്‍ത്തിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. വിവേചനബുദ്ധിയോടെയല്ല കൃത്യമായ വിവേചനത്തോടെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലവിലെ പ്രവര്‍ത്തനമെന്ന് തെളിയുന്ന നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. സണ്ണി ലിയോണിയുടെ മസ്തിസാദെയും ഗുര്‍മീത് രാംറഹീമിന്റെ മെസഞ്ചര്‍ ഓഫ് ഗോഡും തീവ്രരാജ്യസ്‌നേഹം പേറുന്ന ബജ്‌റംഗി ഭായ്ജാനും എയര്‍ലിഫ്റ്റും നീരജയും അസഹറുമെല്ലാം നിഹലാനി നിയന്ത്രിത ബോര്‍ഡിന്റെ തലോടലേറ്റാണ് പ്രേക്ഷകരിലെത്തിയത്. അതേ സമയം വിദേശചിത്രങ്ങളായ ബോണ്ട് സീരീസിലെ സ്‌പെക്ടറിനെയും ടരന്റീനോയുടെ ഹേറ്റ്ഫുള്‍ എയ്റ്റും ജംഗിള്‍ബുക്കുമെല്ലാം സെന്‍സര്‍ഷിപ്പിന്റെ ചാട്ടയേറ്റാണ് തിയറ്ററുകളിലെത്തിയത്. ജംഗിള്‍ബുക്കിന് യുഎ സര്‍ട്ടിഫിക്കേഷനാണ് നല്‍കിയത്.
ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കലോ സര്‍ഗ പോഷണമോ അല്ല സാംസ്‌കാരിക മൂല്യങ്ങളുടെയും ഭാരതീയ പൈതൃകത്തിന്റെയും സംരക്ഷണമാണ് നയമെന്ന് ആദ്യദിനങ്ങളില്‍ തന്നെ വ്യക്തമാക്കി ആളുമാണ് പഹലാജ് നിഹലാനി. ഹന്‍സല്‍ മേത്തയുടെ അലിഗഡ് എന്ന ചിത്രം വെട്ടിമുറിച്ചത് സ്വവര്‍ഗപ്രണയരംഗങ്ങള്‍ പാടില്ലെന്ന യാഥാസ്ഥിതിക നിലപാടിനൊപ്പമാണ്. സെന്‍സര്‍ഷിപ്പ് മുക്തമായി ആഗോളതലത്തില്‍ സിനിമ കൂടുതല്‍ സര്‍ഗാത്മകവും സ്വതന്ത്രവുമായി നിലനില്‍പ്പ് തേടുമ്പോഴാണ് നമ്മള്‍ എന്ത് കാണണമെന്ന് ഭരണകൂടം നിശ്ചയിക്കാമെന്ന പിടിവാശിയിലേക്ക് നീങ്ങുന്നത്.


ഒരു ചിത്രം വിലയിരുത്തി പ്രദര്‍ശനയോഗ്യമാണോ എന്നും എത് ഗണത്തിലുള്ള സര്‍ട്ടിഫിക്കേഷനാണ് നല്‍കേണ്ടതെന്നും നിശ്ചയിക്കാന്‍ ചുമതലപ്പെട്ടവര്‍ മാത്രമാണ് സിബിഎഫ്‌സി. ഇതേ കര്‍ത്തവ്യമാണ് സംസ്ഥാന തലത്തിലുള്ള കീഴ്ഘടകങ്ങളുടേത്. എന്നാല്‍ നിഹലാനിയും സംഘവും രാജ്യത്തെ കാലിക രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തെ യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്ന സൃഷ്ടികളെ എങ്ങനെയൊക്കെ ഇല്ലാതാക്കാം എന്നതിനാണ് ശ്രമിക്കുന്നത്. ഉഡ്താ പഞ്ചാബിന് 89 വെട്ടുകളേല്‍ക്കേണ്ടിവന്നത് രാഷ്ട്രീയ കാരണങ്ങളാല്‍ കൂടിയാണ്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് അനുരാഗ് കശ്യപിന്റെ നിര്‍മ്മാണത്തില്‍ അഭിഷേക് ചൗബേ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. ഗോതമ്പുപാടങ്ങളുടെ നിറച്ചാര്‍ത്തിലും ട്രാക്ടറിലുള്ള പഞ്ചാബി ഗാനങ്ങളിലൂടെയുമാണ് ബോളിവുഡ് അതുവരെ പഞ്ചാബിനെ സമീപിച്ചിരുന്നത്. എന്നാല്‍ ഉഡ്താ പഞ്ചാബില്‍ ഈ സംസ്ഥാനത്തെ വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളുമായാണ് വന്നത്.


മയക്കുമരുന്നു മാഫിയ ദത്തെടുത്ത സംസ്ഥാനമായി മാറിയ യഥാര്‍ത്ഥ പഞ്ചാബിനെയാണ് ഉഡ്താ പഞ്ചാബ് അവതരിപ്പിക്കുന്നത്. ബിജെപിയും അകാലിദളും ഭരണനേട്ടങ്ങളുയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ഉഡ്താ പഞ്ചാബിലെ നഗ്നയാഥാര്‍ത്ഥ്യങ്ങള്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ഭരണമുന്നണി ഭയക്കുന്നുണ്ടെന്ന് തീര്‍ച്ച. പഞ്ചാബ് സര്‍ക്കാരും പഹലജ് നിഹലാനിയും ഒരേ ഭാഷ സംസാരിക്കുന്നതും അതുകൊണ്ടാവും. പഞ്ചാബ് എന്ന പരാമര്‍ശങ്ങള്‍ പൂര്‍ണമായും നീക്കണമെന്നും ജലന്ധര്‍ എന്നും ചണ്‍ഡീഗഡ് എന്നും അമൃതസര്‍ എന്നും ലുധിയാനയെന്നും കഥ നടക്കുന്ന ഇടങ്ങളെ വിളിക്കേണ്ടെന്നും സിനിമയുടെ തുടക്കത്തിലെ പഞ്ചാബ് എന്ന സ്ഥലസൂചിക വെട്ടിനീക്കണമെന്നും തെരഞ്ഞെടുപ്പ് എന്ന് മിണ്ടരുതെന്നും സെന്‍സര്‍ബോര്‍ഡ് ഉത്തരവിടുന്നത് സിനിമ പറയാനിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ഭയന്നാണെന്നും തീര്‍ച്ച. ഫലത്തില്‍ ഉഡ്താ പഞ്ചാബിന്റെ നിര്‍മ്മാതാവ് അനുരാഗ് കശ്യപ് ആരോപിച്ചത് പോലെ പഞ്ചാബിലെ മയക്കുമരുന്ന് ലോബിക്ക് വേണ്ടിയാണ് സെന്‍സര്‍ ബോര്‍ഡ് വാദിച്ചത്. പഞ്ചാബും അവിടുള്ള യുവതയും ലഹരിറാക്കറ്റുകളില്‍ പൊലിഞ്ഞുതീരുകയാണെന്ന കാര്യം പറയേണ്ടെന്നും ആ രംഗങ്ങളെല്ലാം നീക്കണമെന്നും പറയുന്നതില്‍ നിന്ന് മറ്റെന്ത് മനസിലാക്കണം. കേരളത്തില്‍ സെന്‍സര്‍ ബോര്‍ഡ് പ്രാദേശിക ബോര്‍ഡ് കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് കത്രിക വച്ചപ്പോഴും ന്യായവാദമായി ഉയര്‍ത്തിയത് ഇതാണ്. ചേരിയുടെ ഭാഷ അതേ പടി സിനിമയില്‍ അനുവദിക്കില്ല. ഒടുവില്‍ കഥകളി എന്ന ചിത്രം സെന്‍സര്‍ഷിപ്പ് നേരിടുന്നതും സാംസ്‌കാരികമൂല്യം നഷ്ടപ്പെടരുതെന്ന കപടയുക്തിയിലാണ്.

സമീപവര്‍ഷങ്ങളില്‍ ഇന്ത്യന്‍ സിനിമ രാജ്യാന്തര പ്രേക്ഷകസമൂഹത്തിന് മുമ്പില്‍ തലയുയര്‍ത്തിയ ചില പരീക്ഷണാത്മക സിനിമകളുടെ മികവിലാണ്. ഇന്ത്യന്‍ ജുഡീഷ്യറിയിലെ പുഴുക്കുത്തുകള്‍ തുറന്നുകാട്ടിയ കോര്‍ട്ട്, ഫാന്‍ഡ്രി, തിത്‌ലി പിന്നാലെയെത്തിയ മസാന്‍ തുടങ്ങിയ ചിത്രങ്ങള്‍. ഇപ്പോഴിതാ സായ്‌റാതും തിത്തിയും. ഈ സിനിമകളെല്ലാം തന്നെ റിയലിസ്റ്റിക് സമീപനങ്ങളിലൂടെ ശ്രദ്ധ നേടിയവയാണ്. തീവ്രദേശീയബോധത്തിലൂന്നി സമകാലിക രാഷ്ട്രീയ സാഹചര്യത്തെ പരാമര്‍ശിക്കാതെ പുറത്തിറങ്ങിയ സിനിമകളും നൂറ് കോടി ക്ലബ്ബിനായി രൂപ്പെടുത്തിയ തട്ടുപൊളിപ്പന്‍ കെട്ടുകഥകളും മാത്രമാണ് സെന്‍സര്‍ ബോര്‍ഡിനെ തട്ടും വെട്ടുമേല്‍ക്കാതെ പ്രദര്‍ശനത്തിനെത്തുന്നത്. റിയലിസ്റ്റിക് സമീപനത്തോടെ രാജ്യത്തെ രാഷ്ട്രീയമോ സാമൂഹികാവസ്ഥയോ വൈവിധ്യമുള്ള വിഷയങ്ങളോ പ്രമേയമാക്കിയ സിനിമകളെല്ലാം സെന്‍സര്‍ കുരുക്കിലകപ്പെട്ടിട്ടുണ്ട്. സിനിമകളുടെ രാഷ്ട്രീയം ഇനിയങ്ങോട്ട് ആ സൃഷ്ടികളുടെ ഭാവി നിര്‍ണ്ണയിക്കുമെന്ന് വേണം ഉഡ്താ പഞ്ചാബില്‍ നിന്ന മനസിലാക്കാന്‍. ഒരു ചിത്രത്തിന് വേണ്ടിയുള്ള കോടതി വിധിയല്ല സെന്‍സര്‍ ബോര്‍ഡ് സംവിധാനത്തെ അഴിച്ചുപണിയുന്ന ഭരണതീരുമാനമാണ് ഇനി ഉണ്ടാകേണ്ടത്.