ആകര്‍ഷകമോ കൗതുകം ജനിപ്പിക്കുന്നതോ ആയ പേര് സിനിമയിലേക്ക് ക്ഷണിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മലയാള സിനിമയ്ക്ക് ഇംഗ്ളീഷ് പേരുകള്‍ കൂടിയെന്ന പരാതിക്കിടെയും പല കാലങ്ങളിലായുള്ള പേര്മാറ്റങ്ങളുടെ കണക്കെടുത്താല്‍ അമ്പരപ്പ് ബാക്കിയാകും. ആദ്യ ആലോചനയില്‍ ഒരു പേരും പുറത്തിറങ്ങിയപ്പോള്‍ വേറെ പേരിലുമെത്തിയ സിനിമകള്‍,വിവാദങ്ങളെ തുടര്‍ന്ന് പേര് മാറ്റിയ ചിത്രങ്ങള്‍,കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പുതിയ പേര് സ്വീകരിച്ച ചിത്രങ്ങള്‍ ഇങ്ങനെ പെട്ടെന്ന് ഓര്‍മ്മയിലെത്തുന്ന ചില പേര് മാറ്റങ്ങള്‍ ഇതാ.
പൊന്‍മുട്ടയിടുന്ന തട്ടാന്‍  പൊന്മുട്ടയിടുന്ന താറാവ്
പൊന്‍മുട്ടയിടുന്ന തട്ടാന്‍ എന്ന പേര് സമുദായത്തെ ആക്ഷേപിക്കുന്നതാണെന്ന തട്ടാന്‍ സമുദായംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് രഘുനാഥ് പലേരിയുടെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ പൊന്‍മുട്ടയിടുന്ന താറാവ് എന്ന് പേരിലേക്ക് മാറി
രാക്ഷസരാമനില്‍ നിന്ന് രാക്ഷസ രാജാവ്
ശ്രീരാമനെ രാക്ഷസനാക്കിയെന്ന ഹിന്ദുസംഘടനകളുടെ പരാതിയും കൂടുതല്‍ ഗാംഭീര്യമുള്ള പേരാകണം എന്ന ആലോചനയും രാക്ഷസരാമന്‍ എന്ന് ആദ്യം പേരിടാനിരുന്ന മമ്മൂട്ടി-വിനയന്‍ ചിത്രത്തെ രാക്ഷസരാജാവ് എന്ന പേരിലെത്തിച്ചു
നൊമ്പരങ്ങളേ സുല്ല് സുല്ല്  റാംജിറാവു സ്പീക്കിംഗ്
തൊഴിലില്ലായ്മയും നൊമ്പരവുമായി പെടാപ്പാട് വരുന്നവരുടെ കഥ എന്ന നിലയിലാണ് സിദ്ധിഖ് ലാല്‍ ആദ്യം നൊമ്പരങ്ങളെ സുല്ല് സുല്ല് എന്ന പേരിട്ടത്. സുല്ല് സുല്ല് എന്ന് ആദ്യം തന്നെ പറയുന്നത് അറംപറ്റുമെന്ന് ചിലര്‍ പറഞ്ഞതിനാല്‍ രാംജിറാവ് സ്പീക്കിംഗ് എ്ന്ന് പേര് മാറ്റിയതെന്ന് അറിയുന്നു
എന്റെ മാമാട്ടുകുട്ടിയമ്മയ്ക്ക് എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്
എന്റെ മാമാട്ടുകുട്ടിയമ്മയ്ക്ക് എന്ന പേര് ടൈറ്റിലായി ഡിസൈന്‍ ചെയ്തപ്പോള്‍ മാമാട്ടുക്കുട്ടിയമ്മ എന്നതിന് പകരം മാമാട്ടികുട്ടിയമ്മയ്ക്ക് എന്ന് തെറ്റായി എഴുതുകയും,മാമാട്ടി എന്ന പേരിലെ ആകര്‍ഷണം പരിഗണിച്ച് ആ പേര് നിലനിര്‍ത്തുകയുമായിരുന്നു.
പാമരം,അരയന്‍ പിന്നെ അമരം
പൊന്നരയന്‍ എന്ന് ആദ്യം പേരിടുകയും പിന്നീട് അരയന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്ത ചിത്രമാണ് ഒടുവില് അമരമായത്. ഇടയ്ക്ക് പാമരം എന്ന പേരിലേക്ക് മാറുകയും ചെയ്തു. സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് അമരം എന്ന പേര് സ്വീകരിച്ചു.
ബുദ്ധ യോദ്ധയായി
ബുദ്ധമത വിശ്വാസികളുടെ എതിര്‍പ്പുണ്ടാകുമെന്ന് കരുതി ബുദ്ധ യോദ്ധയായി മാറുകയായിരുന്നു.
മീശയില്‍ നിന്ന് മീശ മാധവന്‍
തിരകഥാകൃത്ത് രഞ്ജന്‍ എബ്രഹാം മീശ എന്ന് പേര് നിര്‍ദ്ദേശിച്ചു. നായകന്റെ പേര് ചേര്‍ത്ത് മീശ മാധവന്‍ എന്ന് പേരിടാം എന്ന നിര്‍ദ്ദേശം യൂണിറ്റംഗങ്ങളില്‍ നിന്ന് ഉണ്ടായി. തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ മീശ മാധവന്‍ എന്ന പേര് ഒരു പ്രത്യേക ഡിസൈനില്‍ എഴുതിയത് കണ്ട് ഇഷ്ടമായ ലാല്‍ ജോസും രഞ്ജനും തുടര്‍ന്ന് ഈ പേര് സ്വീകരിച്ചു
സ്വര്‍ണ്ണം ഉടയോന്‍ ആകുന്നു
ആട് തോമയെ വെല്ലുന്ന അഭിനയസാധ്യതകളുള്ള മോഹന്‍ലാല്‍ ചിത്രമായി സ്വര്‍ണ്ണം എന്ന പേരിലാണ് ഭദ്രന്‍ ആദ്യം ചിത്രം അനൗണ്‍്‌സ ചെയ്തത്. അന്തിമഘട്ടത്തില്‍ ഉടയോന്‍ എന്ന പേര് സ്വീകരിച്ചു.
ചെങ്കൊടി സ്റ്റാലിന്‍ ശിവദാസ്
ചെങ്കൊടി എന്ന പേരില്‍ അനൗണ്‍സ് ചെയ്ത മമ്മൂട്ടി ചിത്രമാണ് പിന്നീട് സ്റ്റാലിന്‍ ശിവദാസ് ആയത്.
വേനലിന്റെ കളനീക്കങ്ങള്‍ ആഗസ്റ്റ് ക്ളബ്ബ്
പത്മരാജന്റെ മകനും എഴുത്തുകാരനുമായ പി അനന്തപദ്മനാഭന്റെ ഇതേ പേരിലുള്ള കൃതിയാണ് കെ ബി വേണു ചലച്ചിത്രമാക്കിയത്. വേനലിന്റെ കളനീക്കങ്ങള്‍ എന്ന പേരില്‍ ചിത്രീകരണമാരംഭിച്ച സിനിമ ഓഗസ്റ്റ് ക്‌ളബ്ബ് എന്ന പേരിലാണ് തിയറ്ററുകളിലെത്തിയത്.
 
ഓലക്കുടയും കുംഗ്ഫുപാണ്ടയും ഓംശാന്തി ഓശാന
തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ് നിര്‍ദ്ദേശിച്ച ഓലക്കുടയും കുങ്ഫു പാണ്ടയും എന്ന പേരിലാണ് ഓം ശാന്തി ഓശാന പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയത്. പിന്നീട് പേര് മാറി.
ക്രേസി റാസ്‌കല്‍,  റണ്‍ ഗോപാല റണ്‍ – ക്രേസി ഗോപാലന്‍
ആദ്യ രണ്ട് പേരുകളെ ഉപേക്ഷിച്ച് ക്രേസി ഗോപാലന്‍ എന്ന മൂന്നാംപേരിലാണ് ദീപു കരുണാകരന്റെ ആദ്യ ചിത്രം എത്തിയത്. കട്ടിള കള്ളന്‍ എന്ന പേരും ചിത്രത്തിനായി പരിഗണിച്ചെന്നറിയുന്നു.
ഹേമമാലിനി മായാമോഹിനി
ഹേമമാലിനി എന്ന പേരാണ് സിബി കെ തോമസ് -ഉദയകൃഷ്ണ കൂട്ടുകെട്ട് ചിത്രത്തിന് നിര്‍ദ്ദേശിച്ചത്. പിന്നീട് കഥാപാത്രത്തിന്റെ പേരും സിനിമയുടെ പേരും മാറി.
ബുദ്ധേട്ടന്‍   വില്ലാളിവീരന്‍
ബുദ്ധമത സംഘടനകളുടെ എതിര്‍പ്പും പ്രതിഷേധവും പരിഗണിച്ചാണ് ചിത്രീകരണഘട്ടത്തില്‍ ദിലീപ് ചിത്രം ബുദ്ധേട്ടന്‍ വില്ലാളിവീരനായി മാറിയത്.
ചക്കരപൊട്ടന്‍ ചക്കരമുത്ത് ആയി
ലോഹിതദാസ് ചക്കരപ്പൊട്ടന്‍ എന്ന് ആദ്യം പേരിട്ട ചിത്രമാണ് പിന്നീട് ചക്കരമുത്ത് എന്ന പേരില്‍ തിയറ്ററുകളിലെത്തിച്ചത്.
ഇതാണോ വല്യ കാര്യം
അക്കു അക്ബര്‍ ദിലീപിനെ നായകനാക്കി ഒരുക്കിയ വെള്ളരിപ്രാവിന്റെ ചങ്ങാതിക്ക് ആദ്യമിട്ട പേര് ഇതാണോ വല്യകാര്യം എന്നാണ്,പേര് സിനിമയ്ക്ക് തിരിച്ചടിയാകുമെന്ന അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്നാണ് മാറ്റിയത്.
മൈ ഫാമിലിയില്‍ നിന്ന് ദൃശ്യം
മൈ ഫാമിലി എന്ന പേര് താല്‍ക്കാലികമായിരുന്നു. സിനിമയുടെ പ്രമേയത്തോട് കൂടുതല്‍ അനുയോജ്യമായ പേര് എന്ന നിലയില്‍ ദൃശ്യം എന്ന് പേരിട്ടു
ഒരു ബിരിയാണിക്കഥ ഉസ്താദ് ഹോട്ടലായി
അന്‍വര്‍ റഷീദ് ഇടവേള അവസാനിപ്പിച്ച സംവിധാന രംഗത്തേക്ക് എത്തിയ ഉസ്താദ് ഹോട്ടലിന് ആദ്യം കരുതിവച്ച പേര് ഒരു ബിരിയാണിക്കഥ എന്നായിരുന്നു. ആഷിക് അബു ചിത്രം സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഒരു ദോശയുണ്ടാക്കിയ കഥ എന്ന ടാഗ് ലൈനിനൊപ്പം എത്തിയത് പരിഗണിച്ചാണ് പേര്മാറ്റം
പിന്നെയും ചില പേര് മാറ്റങ്ങള്‍
മാരത്തോണ്‍ /     ഇന്‍ ഹരിഹര്‍ നഗര്‍
ക്യാമറമാന്‍ വേണുവിനൊപ്പം രേണുക / റണ്‍ ബേബീ റണ്‍
മലബാര്‍ / ബാവൂട്ടിയുടെ നാമത്തില്‍
ജഡ്ജ്‌മെന്റ,് ഇത് വേറൊരാള്‍ / സൈലന്‍സ്
മൈക്ക് ഫിലിപ്പോസ് / ലൗഡ് സ്പീക്കര്‍
ലവ് ഇന്‍ ബാങ്കോക്ക്/ലവ് ഇന്‍ സിങ്കപ്പൂര്‍
സ്പീഡ് ട്രാക്ക് / ഫാസ്റ്റ് ട്രാക്ക്
വിശുദ്ധന്‍ മാമച്ചന്‍   /വെള്ളിമൂങ്ങ
കനേഡിയന്‍ താറാവ് / ടു കണ്‍ട്രീസ്
ട്രാക്ക് വിത്ത് റഹ്മാന്‍ /  ദ ട്രെയിന്‍
ശ്രദ്ധാഞ്ജലി /മേഘം
ഹനുമാന്‍ ജംഗ്ഷന്‍ /പുലിവാല്‍ കല്യാണം
ശ്രീകൃഷ്ണലീല /വെട്ടം
കിളി തെക്കേക്കര /സൂപ്പര്‍ഫാസ്റ്റ്
അത് നീ തന്നെയാണ് /വിസ്മയത്തുമ്പത്ത്
സ്വപ്‌നവ്യാപാരി /സ്വപ്‌നസഞ്ചാരി
കടല്‍ക്കാറ്റിലൊരു ദൂത് / സീസണ്‍
അറം/ കരിയിലകാറ്റ് പോലെ
ഷേക്ക് ഹാന്‍ഡ് / മരുഭൂമിയിലെ ആന
വെള്ളക്കടുവ / സ്വര്‍ണ്ണക്കടുവ
ആലോചനാ തുടക്കത്തിലെ ആദ്യപേര് പരിഷ്‌കരിച്ചും മാറ്റിയുമെത്തിയ ചിത്രങ്ങളും,അനൗണ്‍സ് ചെയ്ത പേരില്‍ അല്ലാതെ പുറത്തിറങ്ങിയ സിനിമകളും ഇനിയുമേറെയുണ്ട്. പേരിടാത്ത ചിത്രമായി തിയറ്ററുകളിലെത്തുകയും  പ്രേക്ഷകരില്‍ നിന്ന് പേരു ക്ഷണിച്ചശേഷം രണ്ടാംവാരം മുതല്‍ ടോക്കിയോ നഗറിലെ വിശേഷങ്ങള്‍ എന്ന പേരിലേക്ക് ചേക്കേറുകയും ചെയ്ത സിനിമയും മലയാളത്തിലുണ്ട്.