2011 മുതല്‍ 2018 വരെയുള്ള കാലയളവ് പരിശോധിച്ചാല്‍ ചവര്‍പ്പന്‍ ഫോര്‍മുലകളില്‍ നിന്നും മാസ് കെട്ടുകാഴ്ചകളില്‍ നിന്നും സിനിമയെയും ആസ്വാദനത്തെയും നവീകരിക്കാന്‍ ശക്തമായ ശ്രമം മുഖ്യധാരാ സിനിമയില്‍ സമാന്തരമായി നടക്കുന്നത് കാണാനാകും. പരീക്ഷണങ്ങള്‍ക്ക് മുതിരാതെ ആവര്‍ത്തനങ്ങളെ ആഘോഷിച്ച് ആസ്വാദനത്തെ തുരുമ്പെടുപ്പിച്ചിടത്ത് നിന്നാണ് സമകാലിക ലോക സിനിമകളുടെ കഥ പറച്ചിലിനോടും സാങ്കേതിക പരിചരണത്തോടും ചേര്‍ന്നു നീങ്ങുന്ന സിനിമകള്‍ മലയാളത്തിലും ഉണ്ടാകുന്നത്. ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള സിനിമയുടെ മാറ്റവും, ലോകത്ത് ഏത് കോണിലുള്ള സിനിമകളും വിരല്‍ത്തുമ്പിലെത്തുന്നിടത്ത് ആസ്വാദകരില്‍ സംഭവിച്ച അഭിരുചി മാറ്റവും, നാടകീയതയില്‍ നിന്ന് കൂടുതല്‍ റിയലിസ്റ്റിക് രീതികളിലേക്ക് സിനിമകളുടെ സ്വഭാവം ഷിഫ്റ്റ് ചെയ്യപ്പെട്ടതുമെല്ലാം മലയാളത്തിലും മാറ്റത്തിന് കാരണമായി. കമേഴ്‌സ്യല്‍ സിനിമകളില്‍ ഇന്ത്യയിലെ ഏതൊരു ഭാഷാ ചിത്രത്തോടും കിടപിടിക്കുന്ന സിനിമകള്‍ പിറവിയെടുത്തിരുന്ന മലയാളം വീണ്ടുമൊരു ശൈലീമാറ്റത്തിന് തുടക്കമിട്ടപ്പോള്‍ ആ പരീക്ഷണങ്ങള്‍ തന്നെ വിട്ടുനല്‍കിയൊരു നടനുണ്ടായിരുന്നു. അതിനാടകീയത തുളുമ്പുള്ള അഭിനയരീതികളില്‍ നിന്ന് സ്റ്റേജ് നാടകങ്ങളോട് അടുത്ത് നില്‍ക്കുന്ന രംഗാവിഷ്‌കാരത്തില്‍ നിന്ന്, പലയാവര്‍ത്തിക്കഥകളില്‍ നിന്ന്, സംഭാഷണകേന്ദ്രീകൃത രചനകളില്‍ നിന്ന് ദൃശ്യശൈലീ നവീനതയിലേക്കുള്ള പ്രയാണം കരുത്താര്‍ജ്ജിച്ചപ്പോള്‍ അതിന് മുഖമേകിയ ഫഹദ് ഫാസില്‍. ബിഗ് ബിയും ചാപ്പാക്കുരിശും സിറ്റി ഓഫ് ഗോഡും ട്രാഫിക്കും സോള്‍ട്ട് ആന്‍ഡ് പെപ്പറും തുടങ്ങിയ ഒരു കൂട്ടം സിനിമകള്‍ ലോക സിനിമകളിലെ മാറ്റത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതുധാരയ്ക്കുള്ള ശ്രമം തുടങ്ങി. തുടക്കത്തില്‍ ഹൈപ്പര്‍ ലിങ്ക് നരേറ്റീവും, മെട്രോ സ്‌റ്റോറീസും, genre പരീക്ഷണങ്ങളും ഉള്‍ക്കൊള്ളുന്ന വിദേശ സിനിമകളിലെ സവിശേഷതകളെ പിന്തുടര്‍ന്നായിരുന്നു വഴിമാറി നടത്തം. മഹേഷിന്റെ പ്രതികാരവും, ഇയ്യോബിന്റെ പുസ്തകവും, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആമേനും എത്തിയപ്പോള്‍ ആ സിനിമകള്‍ കുറേക്കൂടി മൗലികവും പ്രാദേശികവുമായി.  താരകേന്ദ്രീകൃതമായ മീശ പിരിയന്‍ സിനിമകളില്‍ നിന്നും, സ്ത്രീവിരുദ്ധതയും വംശീയ വിരുദ്ധതയും ദ്വയാര്‍ത്ഥ ഹാസ്യവും തമാശയാക്കിയ ചേരുവാ ചവര്‍പ്പുകളില്‍ നിന്നും ഒരു കൂട്ടം ചെറുപ്പക്കാര്‍ നമ്മുടെ സിനിമയെ മികവിലേക്ക് വീണ്ടെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

അടിതെറ്റിയ അരങ്ങേറ്റത്തില്‍ നിന്ന് അതിശയ മികവിലേക്ക്

2011 മുതല്‍ 2018 വരെയുള്ള കാലയളവിലെ ശ്രദ്ധയേമായ പരീക്ഷണങ്ങളില്‍, കഥ പറച്ചിലിലും ആവിഷ്‌കരണത്തിലും നവീനത അനുഭവപ്പെടുത്തിയ സിനിമകളില്‍ ആവര്‍ത്തിക്കപ്പെട്ട മുഖമാണ് ഫഹദ് ഫാസില്‍. അടയാളപ്പെടുത്താനാകാതെ അടിതെറ്റിയ അരങ്ങേറ്റമായിരുന്നു ഈ നടന്റേത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ ഫാസില്‍,
മോഹന്‍ലാലിനെ മലയാളത്തിന് പരിചയപ്പെടുത്തിയ സംവിധായകന്‍ തന്നെയാണ് മകന്‍ ഫഹദിനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്. ഷാനു എന്ന വിളിപ്പേരിലെത്തിയ ഫഹദ് സച്ചിന്‍ മാധവന്‍ എന്ന നായക കഥാപാത്രമായാണ് ഈ പ്രണയ ചിത്രത്തിലെത്തിയത്. നിഷ്‌കളങ്കനോട്ടവും കട്ടിമീശയുമായി മലയാളിയുടെ കാല്‍പ്പനിക കാമുകരൂപത്തെ തിരയില്‍ പതിപ്പിച്ചിട്ടും പഴിയേറ്റ് പിന്‍വാങ്ങേണ്ടി വന്നു. മോശം അരങ്ങേറ്റമായിരുന്നു കയ്യെത്തും ദൂരത്ത് എന്ന സിനിമയിലേത്. കയ്യെത്തും ദൂരത്ത് സംഭവിച്ച് കഴിഞ്ഞതാണെന്നും ആ സിനിമയെക്കുറിച്ച് ഓര്‍ത്ത് നിരാശയോ നഷ്ടബോധമോ ഇല്ലെന്നുമാണ് ഫഹദ് പിന്നീട് പറഞ്ഞിട്ടുള്ളത്. ആ സിനിമ ഇനിയൊരിക്കല്‍ റീമേക്ക് ചെയ്യാനാകുമോ എന്ന് ആലോചിക്കുന്നതായും. സിനിമയെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ വേണ്ടത്ര ബോധ്യമില്ലാതെ എത്തിയ തുടക്കക്കാരനായിരുന്നു താനെന്നും ഫഹദ് ഫാസില്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. തുടര്‍ന്നുള്ള അവസരങ്ങള്‍ക്ക് ആദ്യപരാജയം തടസ്സമല്ലെന്ന് അറിയാമായിരുന്നിട്ടും സിനിമയില്‍ നിന്ന് സ്വയം പിന്‍വാങ്ങുകയാണ് ഫഹദ് ചെയ്തത്. തുടര്‍വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് തിരിച്ച ഫഹദ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത് ഏഴ് വര്‍ഷത്തിന് ശേഷമാണ്.

സര്‍വ്വസമ്മതത്വമുള്ള നായകരൂപം ആനുകൂല്യമാകാതെ കഷണ്ടി കയറി തലയും നീണ്ടു മെലിഞ്ഞ രൂപവുമായി കഥാപാത്രശരീരത്തിലൂടെ സ്വാഭാവികമായി ഇടപെടുന്ന നടനെയാണ് കേരളാ കഫേ എന്ന സിനിമാ സമുച്ചയത്തിലെ മൃത്യുഞ്ജയത്തില്‍ കണ്ടത്. 90കള്‍ക്കിപ്പുറം ശബ്ദരേഖയുടെയും പ്രൊഫഷണല്‍ നാടകങ്ങളുടെയും മിമിക്സ് ഷോകളുടെയും രീതിഭാവങ്ങളിലേക്ക് തെന്നിവീണ ചലച്ചിത്രമേഖല കഥപറച്ചിലിന്റെ നവരീതികളിലേക്ക് പ്രവേശിച്ചതിന്റെ ഉണര്‍വ്വ് പ്രകടമായ 2011ലാണ് ഫഹദിന്റെ രണ്ടാം വരവ് പ്രേക്ഷകര്‍ ഉള്‍ക്കൊണ്ടത്. ആ ഫഹദ് അല്ല, ഈ ഫഹദ് എന്ന ഉറപ്പാക്കലിലേക്ക് ചാപ്പാക്കുരിശ് എന്ന ചിത്രം പ്രേക്ഷകരെ നയിച്ചു. കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലെ ചോക്ലേറ്റ് ഹീറോയായ സച്ചിന്റെ പതര്‍ച്ചകളില്‍ നിന്ന് അര്‍ജുനന്‍ എന്ന നാഗരികയുവാവിന്റെ ശരീരഭാഷയിലേക്കുള്ള പാകപ്പെടല്‍. കഥാപാത്രമായി വിശ്വസനീയമായി പെരുമാറുകയാണ് ഫഹദ് ചെയ്തത്. സ്വയം പരിശീലിപ്പിച്ചെടുത്ത ഭാവവിനിമയരീതി, ഒരു തരം അണ്ടര്‍പ്ളേ, ഫോര്‍ട്ട് കൊച്ചിയിലെ ഡ്രൈവര്‍ റസൂലാകുമ്പോഴും ഭാവനാ സ്റ്റുഡിയോയിലെ മഹേഷാകുമ്പോഴും നത്തോലിയിലെ പ്രേമനും, ആമേനിലെ സോളമനും പേര് പോലും കട്ടെടുത്ത് ജീവിക്കുന്ന തൊണ്ടിമുതലിലെ കള്ളനിലും ആ കഥകളിലെ ജീവിതപരിസരങ്ങളില്‍ തന്നെ പാര്‍ക്കുന്നവരാണെന്ന് വിശ്വസിപ്പിച്ചെടുക്കുന്ന ഭാവഭദ്രത. ഫഹദ് ഫാസില്‍ എ്ന്ന നടനിലൂടെ കൂടെ മുന്നേറുന്നതായി മലയാളത്തിലെ പുതുതലമുറ സിനിമയുടെ ചരിത്രം

സമകാലീനരായ യുവതാരങ്ങളില്‍ കൂടുതല്‍ പേരും സേഫ്സോണിലേക്ക് തിരിയുകയോ വലിയ രീതിയില്‍ വെല്ലുവിളിയാകുന്ന കഥാപാത്രങ്ങളിലേക്ക് അടുക്കുകയോ ചെയ്യാതിരുന്നപ്പോള്‍ 30നടുത്ത സിനിമകളില്‍ ഫഹദിന്റെ പകര്‍ന്നാട്ടം എതിരാളികളില്ലാതെയാണ്. ഫോര്‍ട്ട് കൊച്ചിയിലെ ഡ്രൈവറായും, കാസര്‍ഗോഡെത്തുന്ന കള്ളനായും, ആലപ്പുഴയിലെ ഡ്രൈവറായും, ഉള്‍വലിവുള്ള സോളമനായും, വിപ്ലവവീര്യമുള്ള ഇയ്യോബായും മാറി മറിയുമ്പോള്‍ ശരീരഭാഷയിലും ചലനങ്ങളിലും ശൈലിയിലുമെല്ലാം ഈ പകര്‍ന്നാട്ടം അനുഭവപ്പെടുത്തി ഈ നടന്‍.

മഹേഷിന്റെ പ്രതികാരം, ഫഹദിന്റെയും

മികച്ച നടന്‍ എന്ന നിലയില്‍ പകരക്കാരില്ലാത്ത പ്രയാണത്തിലും  ഫഹദിന്റെ സിനിമകളില്‍ പലതും ജനപ്രിയത നേടിയിരുന്നില്ല. മലയാള സിനിമയിലെ ദൃശ്യശൈലീ നവീനതയ്ക്കും പരീക്ഷണങ്ങള്‍ക്കും തന്നിലെ നടനെ വിട്ടുനല്‍കിയ ഫഹദിന് ബോക്‌സ് ഓഫീസ് വിജയം അനിവാര്യമായ വേളയിലാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എത്തുന്നത്. അത് ഫഹദിന്റെ പിഴവില്ലാത്ത തെരഞ്ഞെടുപ്പുമായിരുന്നു. ഫഹദ് തെരഞ്ഞെടുത്ത സിനിമകളിലൂടെ നടക്കുന്ന ആസ്വാദന നവീകരണത്തിലേക്ക് പ്രേക്ഷകരില്‍ ഭൂരിപക്ഷവും എത്തിച്ചേര്‍ന്നിടത്താണ് മഹേഷ് വിജയമായത്.

ഏത് കഥാപാത്രങ്ങളിലേക്കും കുടിയേറാന്‍ പ്രാപ്തനായ നടന്‍ എന്ന നിലയില്‍ ഫഹദ് ഒരിക്കല്‍ കൂടി യുവതാരങ്ങള്‍ക്കിടയില്‍ പകരക്കാരില്ലാത്ത പ്രതിഭയാകുന്നു. വൈകാരിക രംഗങ്ങളില്‍ അതിഭാവുകത്വത്തിലേക്കോ നാടകീയതയിലേക്കോ പതറിച്ചിതറുന്ന സമകാലികര്‍ക്കിടയില്‍ ഫഹദ് നിയന്ത്രിതാഭിനയം കൊണ്ട് മാതൃക തീര്‍ക്കുന്നുണ്ട് ഈ സിനിമയില്‍. ചാച്ചനുമായുള്ള മുഹൂര്‍ത്തങ്ങള്‍. വിവാഹദിനത്തിലെ മഹേഷിന്റെ നോട്ടത്തില്‍ അയാളിലെ ഉള്‍വ്യഥയും സംഘര്‍ഷവും അതേ തീവ്രതയോടെ പ്രേക്ഷകരിലെത്തുന്നുണ്ട്. ഹര്‍ഷസംഘര്‍ഷങ്ങളിലേക്ക എത്ര അനായാസേനയാണ് ഈ നടന്‍ പടര്‍ന്നിറങ്ങുന്നതെന്ന് ഈ സിനിമ കണ്ടാലറിയാം.

എല്ലാ സിനിമയും എനിക്ക് സ്വതന്ത്രമാണ്. ഒരു സിനിമയും ആ സിനിമയുടെ സ്വഭാവവും റിപ്പീറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അന്നയും റസൂലും കഴിഞ്ഞ് ഞാന്‍ പോയി ചെയ്തത് നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയാണ്. പ്രേക്ഷകരോടും എനിക്ക് ഇത് തന്നെയാണ് പറയാനുള്ളത്. തിയറ്ററുകളില്‍ സിനിമ കാണുമ്പോള്‍ മാത്രം നിങ്ങള്‍ കഥാപാത്രത്തെ പിന്തുടര്‍ന്നാല്‍ മതി. അത് കഴിഞ്ഞ് ആ കഥാപാത്രത്തെ വിട്ടേക്കൂ. വ്യത്യസ്ഥമായ സിനിമാരീതികളിലേക്കും കാരക്ടറിലേക്കുമുള്ള ചാട്ടമാണ് ഞാന്‍ എന്‍ജോയ് ചെയ്തിട്ടുള്ളത്. അന്നയും റസൂലില്‍ നിന്ന് നത്തോലിയിലേക്കുള്ള ചാട്ടം, അവിടെ നിന്ന് ആമേനിലേക്ക്. ഇതൊക്കെ ഞാന്‍ എക്‌സൈറ്റഡായി ചെയ്ത കാര്യങ്ങളാണ്. പിന്നെ എനിക്കങ്ങനെ മാസ് എന്റര്‍ടെയിനര്‍ എന്നൊരു നിര്‍വചനത്തിന്റെ പുറത്തൊരു സിനിമയൊന്നും ചെയ്യാന്‍ അറിയില്ല. ഹൃദയം കൊണ്ട് നമുക്ക് ഫോളോ ചെയ്യാനാകുന്ന സിനിമകളാണ് ഞാന്‍ സെലക്ട് ചെയ്യാറുള്ളത്.  / ഫഹദ് ഫാസില്‍

നവശൈലിയിലേക്കുള്ള ഉയിര്‍പ്പില്‍ സിനിമയുടെ മുഖം

2011ല്‍ ചാപ്പാക്കുരിശ് എന്ന സിനിമയിലെ അര്‍ജ്ജുന്‍,  2012ല്‍ 22 ഫിമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ പ്രതിനായകനായ സിറില്‍ മാത്യു എന്ന കോട്ടയത്തുകാരന്‍,  ഡയമണ്ട് നെക്ലേസില്‍ ദുബായില്‍ ധൂര്‍ത്ത ജീവിതത്തിനൊടുവില്‍ നിലയില്ലാക്കയത്തിലായ ഡോക്ടര്‍ അരുണ്‍കുമാര്‍, ഫ്രൈഡേയില്‍ ഓട്ടോ ഡ്രൈവര്‍ ബാലു,  അന്നയും റസൂലിലെ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ റസൂല്‍,  നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയിലെ പ്രേമനും നരേന്ദ്രനും, റെഡ് വൈനിലെ സഖാവ് സി വി അനൂപ്, ആമേനിലെ സോളമന്‍, അകം എന്ന ചിത്രത്തിലെ ശ്രീനി, ഒളിപ്പോരിലെ അജയന്‍, ആര്‍ട്ടിസ്റ്റിലെ മൈക്കലാഞ്ചലോ, നോര്‍ത്ത് 24 കാതം എന്ന സിനിമയിലെ ഹരികൃഷ്ണന്‍, ഇന്ത്യന്‍ പ്രണയകഥയിലെ അയ്മനം സിദ്ധാര്‍ത്ഥന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയും വൈവിധ്യതയുള്ളതും വെല്ലുവിളിയേകുന്നതുമായ കഥാപാത്രങ്ങളെ അഭിനയിച്ച നടന്‍മാര്‍ പുതുതലമുറയില്‍ കാണില്ല.

2011 മുതല്‍ ഇങ്ങോട്ട് ആഖ്യാനത്തെയും ആസ്വാദനത്തെയും നവീകരിച്ച് മലയാള സിനിമ മുന്നോട്ട് നീങ്ങിയ ഓരോ ഘട്ടത്തിലും അത്തരം മികച്ച പരീക്ഷണങ്ങളുടെ മുഖമായി ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കപ്പെട്ട നടന്‍ ഫഹദ് ഫാസിലാണ്. ചാപ്പാക്കുരിശ്, അന്നയും റസൂലും, ആമേന്‍, ആര്‍ട്ടിസ്റ്റ്, ഇയ്യോബിന്റെ പുസ്തകം, നത്തോലി ഒരു ചെറിയ മീനല്ല, ഹരം, മഹേഷിന്റെ പ്രതികാരം ഒടുവില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും. 2012ല്‍ ഫഹദിന്റേതായി 12 സിനിമകളാണ് പുറത്തിറങ്ങിയത്. തട്ടുപൊളിപ്പന്‍ വാണിജ്യ സിനിമകളിലേക്ക് കൈവച്ചപ്പോള്‍ ആ തീരുമാനം തെറ്റാണെന്ന് ബോക്‌സ് ഓഫീസ് വിധിയെഴുതി. ഏഴ് സിനിമകളാണ് 2013ല്‍ എത്തിയത്. സിനിമകളുടെ എണ്ണം കുറയ്ക്കാനും ഏറ്റെടുത്ത പല സിനിമകളില്‍ നിന്നും അഡ്വാന്‍സ് തിരികെ നല്‍കി പിന്‍മാറിയും തന്നിലെ നടനെ സംരക്ഷിക്കാന്‍ ഫഹദ് തീരുമാനമെടുത്തത് 2015ലാണ്. മണിരത്‌നം, മറിയംമുക്ക്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, വണ്‍ ബൈ ടു, ഒളിപ്പോര്, അയാള്‍ ഞാനല്ല എന്നീ സിനിമകളുടെ പരാജയം ഫഹദിന്റെ തീരുമാനം ശരി വയ്ക്്കുന്നതായിരുന്നു. ഇതിന്റെ തുടര്‍ച്ചയിലാണ് മഹേഷിന്റെ പ്രതികാരം എത്തിയത്.

നമ്മുടെ നവതലമുറ സിനിമ ഒരേ സമയം അതുവരെ പിന്തുടര്‍ന്ന ശൈലിയെും വിപണിയെയും നവീകരിച്ചത് ഫഹദ് ഫാസില്‍ എന്ന നടന്റെ ചുമലിലേറിയാണ്. രണ്ട് തരം ഭാവവിനിമയ രീതികളാല്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ മുദ്ര പതിപ്പിച്ച മോഹന്‍ലാല്‍-മമ്മൂട്ടി താരദ്വന്ദ്വങ്ങളില്‍ നിന്ന് പിന്‍തലമുറയില്‍ ഒരു മികച്ച നടന്റെ കണ്ടെത്തല്‍ സംഭവിച്ചത് ഫഹദ് ഫാസിലിനൊപ്പമാണ്. അനായാസ വഴക്കങ്ങളിലും മാനറിസങ്ങളിലും ഫഹദിന്റെ പ്രകടനം പലപ്പോഴും മോഹന്‍ലാലുമായി താരതമ്യം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ എണ്‍പതുകളുടെ മധ്യത്തിലെ കഥാപാത്രങ്ങളായി പല പ്രകടനങ്ങളും ചേര്‍ത്തുവായിച്ചു.
മോഹന്‍ലാല്‍ എന്നും വിസ്മയിപ്പിച്ചിട്ടുള്ള നടനാണെന്ന് ഫഹദ് തന്നെ പറഞ്ഞിട്ടുണ്ട്.

” ‘എന്നെ വിസ്മയിപ്പിച്ചിട്ടുള്ള, അതിശയിപ്പിച്ചിട്ടുള്ള നടനാണ് ലാലേട്ടന്‍. ക്യാമറയ്ക്ക് മുന്നിലാണ് ആ മാജിക് സംഭവിക്കുന്നത്. അത് എന്താണെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. അല്ലാത്ത സമയങ്ങളില്‍ ലാലേട്ടന്‍ വളരെ കോണ്‍സ്റ്റന്‍ഡാണ്. നടത്തവും സംസാരവും ചിരിയുമെല്ലാം എന്നും എപ്പോഴും ഒരുപോലെ. പക്ഷേ ക്യാമറയ്ക്ക് മുന്നില്‍ അദ്ദേഹം മറ്റൊരാളായി മാറുകയാണ്. അത് ‘ദൃശ്യ’ത്തില്‍ കണ്ടതുപോലെയാകില്ല ‘കിരീട’ത്തില്‍. ‘നോക്കെത്താ ദൂരത്തില്‍ കണ്ടതുപോലെയാകില്ല ‘രാജാവിന്റെ മകനി’ല്‍. ‘തേന്മാവില്‍ കൊമ്പത്തി’ല്‍ കണ്ടതുപോലെയാകില്ല ‘ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റി’ല്‍. അതുകൊണ്ട് ഒരു താരതമ്യപഠനത്തിന് സാദ്ധ്യതയില്ല. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ആ മാജിക്കിനെക്കുറിച്ച് പറയാന്‍ ലാലേട്ടന് മാത്രമേ കഴിയൂ എന്ന്. ഞാന്‍ ലാലേട്ടന്റെ കടുത്ത ആരാധകനാകുന്നത് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്ന സിനിമ കണ്ടശേഷമാണ്. എന്താണ് അതിന്റെ പ്രകടനത്തെക്കുറിച്ച് ഞാന്‍ പറയേണ്ടത്. ഒറ്റവാക്കില്‍ ഗ്രേറ്റ്. മലയാളസിനിമയില്‍ ലാലേട്ടനുശേഷം വന്ന എല്ലാ നടന്മാരും അദ്ദേഹത്തെ പഠിച്ചിട്ടുണ്ട്. ആഴത്തില്‍ സ്വാധീനിച്ചിട്ടുമുണ്ട്. എന്നെയും സ്വാധീനിച്ചിട്ടുണ്ട്. അതുപക്ഷേ അദ്ദേഹമത് എങ്ങനെ ചെയ്തെന്ന് നോക്കാന്‍ മാത്രമേ കഴിയൂ. അതുപോലെ ഒരിക്കലും ചെയ്യാന്‍ കഴിയില്ല. സംവിധായകന്റെ പേര് പറയുന്നില്ല. കുറച്ചുനാളുകള്‍ക്ക് മുമ്പാണ്, അദ്ദേഹം എന്നെ സമീപിച്ചിരുന്നു. മുമ്പ് ലാലേട്ടന്‍ ചെയ്ത ഒരു സിനിമ റീമേക്ക് ചെയ്യണമെന്ന ആവശ്യവുമായി. പറ്റില്ലെന്ന് ഞാന്‍ തീര്‍ത്തും പറഞ്ഞു. എന്നെക്കൊണ്ട് കഴിയുകയുമില്ല. ലാലേട്ടന്റെ ആക്ടിംഗ് എന്‍ജോയ് ചെയ്യാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സ്വാധീനം ആക്ടിംഗില്‍ കടന്നുവരാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ലാലേട്ടനെപ്പോലെ ആക്ടിംഗിനെ സത്യസന്ധമായി സമീപിക്കാനാണ് എന്റെയും ശ്രമം.”

വീണ്ടും ഞെട്ടിച്ച് തൊണ്ടിമുതലും ദൃക്‌സാക്ഷിയും

പെരുമാറ്റത്തിലും ചലനങ്ങളിലും ഒരാള്‍ മറ്റൊരാളായി മാറി അഭിനയിച്ച് ഫലിപ്പിക്കുകയാണെന്ന തോന്നലുണ്ടാക്കാതെ കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ് ഫഹദ്. സൂപ്പര്‍താര ഇമേജുണ്ടാക്കാന്‍ ശ്രമിക്കാതെ മലയാള സിനിമയിലെ പുതുപരീക്ഷണങ്ങള്‍ക്ക് തന്നിലെ നടനെ വിട്ടുകൊടുത്തയാളാണ് ഫഹദ് ഫാസില്‍. മലയാള സിനിമയിലെ നവനിര ശ്രമങ്ങളുടെ വളര്‍ച്ച എത്ര ഉയരത്തിലേക്ക് പ്രവേശിക്കുമ്പോഴും ഫഹദ് ഫാസില്‍ എന്ന അഭിനേതാവിനെ കൂടി ആ വളര്‍ച്ചയുടെ വഴികളിലേറെയും ചേര്‍ത്തെഴുതേണ്ടിവരുന്നത് അതുകൊണ്ടാണ്. ഫഹദ് ഇതുവരെ ചെയ്തതില്‍ ഏറ്റവും സങ്കീര്‍ണതയുള്ള കഥാപാത്രമായിരുന്നു തൊണ്ടിമുതലിലെ കള്ളന്‍. മാന്ത്രികന്റെ കൗശലവിദ്യപോലെ ഞൊടിയിടെയില്‍ ഭിന്ന വികാരങ്ങളിലേക്ക് മാറിമറഞ്ഞുപോകുന്നുണ്ട് ഫഹദിന്റെ കഥാപാത്രം. സമ്മര്‍ദ്ദപ്പെരുക്കത്തിലേക്ക് ചുറ്റുമുള്ളവരെയെല്ലാം എടുത്തെറിഞ്ഞ് കണ്ണുകളാല്‍ ചിരിക്കുന്നുണ്ട് ഈ കഥാപാത്രം. ബസ്സില്‍ നിന്നുള്ള ആദ്യ രംഗത്തില്‍ കണ്ണുകളിലൂടെയാണ് ഫഹദിനെ പരിചയപ്പെടുത്തുന്നുണ്ട്. കണ്ണുകളിലൂടെ മാത്രം തന്റെ കഥാപാത്രത്തെ സ്വഭാവസഹിതം പരിചയപ്പെടുത്തുന്നുണ്ട് ഈ നടന്‍. ഉള്‍വ്യഥയും സംഘര്‍ഷവും അമര്‍ഷവും പരിഹാസവുമൊക്കെ ഞൊടിയിടെ വന്നു മറയുന്ന കഥാപാത്രമാകാന്‍ മലയാളത്തില്‍ നിലവില്‍ മറ്റാരുണ്ടെന്ന ചോദ്യം ഈ സിനിമ അവശേഷിപ്പിക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദിന്റെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും.
എന്തുകൊണ്ട് താരത്തെ തിരസ്‌കരിച്ച് നടനെ കാത്തുസൂക്ഷിക്കുന്നുവെന്ന ചോദ്യത്തിന് ഫഹദിന്റെ മറുപടി ഇങ്ങനെ

” സിനിമ കഴിഞ്ഞ് വിളിക്കുന്നവരില്‍ നിന്ന് സിനിമ ഗംഭീരമായെന്ന് കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ എങ്ങനെയുണ്ട് എന്ന് അന്വേഷിക്കാറില്ല. ഞാന്‍ നന്നായെങ്കില്‍ സിനിമയും നന്നാകും എന്നാണ് തോന്നിയിട്ടുള്ളത്. മറിയംമുക്കിലും ഗോഡ്സ് ഓണ്‍ കണ്‍ട്രിയിലും മണിരത്നത്തിലും വണ്‍ ബൈ ടുവിലും ഒക്കെ ഞാന്‍ ബോറായിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളില്‍ ഞാനും മോശമായിരുന്നു എന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്. എന്നെ അറിയാവുന്ന ആളുകള്‍ക്കാണ് എന്നെ നന്നായി എക്സ്പ്ലോര്‍ ചെയ്യാന്‍ പറ്റിയിട്ടുളളത് എന്ന് തോന്നുന്നു. എന്നെ അറിയാവുന്നവര്‍ക്ക് എന്ത് ചെയ്താല്‍ നന്നായിരിക്കും എന്ത് ചെയ്താല്‍ മോശമാകും എന്ന് അറിയാം. അത് സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുമുണ്ട്.”

ഉള്ളില്‍ മുറിവേറ്റ കഥാപാത്രങ്ങള്‍

ഉള്ളില്‍ മുറിവേറ്റ് പിടയുന്ന കഥാപാത്രങ്ങളെ മികച്ച രീതിയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട് ഫഹദ്. അന്നയും റസൂലിലെ റസൂലും, ആമേനിലെ സോളമനും, മഹേഷിന്റെ പ്രതികാരത്തിലെ മഹേഷും, ഇയ്യോബിന്റെ പ്രതികാരത്തിലെ അലോഷിയും അത്തരം കഥാപാത്രങ്ങളായിരുന്നു. അതൊടൊപ്പം തന്നെ കണ്ണുകളിലൂടെ സംവദിക്കുന്ന നടനെയാണ് അന്നയും റസൂലിലും തൊണ്ടിമുതലിലും കണ്ടത്. അകമേക്കും പുറമേക്കും തോല്‍വിയടഞ്ഞ അല്ലെങ്കില്‍ മുറിവേറ്റ പരാജിതനെ ഉള്ളില്‍പ്പേറിയ മഹേഷില്‍ നിന്നും രക്ഷാദൗത്യത്തിന്റെ നേതൃമുഖമായ മനോജിലേക്ക് ഫഹദ് എന്ന നടന്റെ ഭാവപ്രയാണം നടത്തുന്നതാണ് ടേക്ക് ഓഫീല്‍ കണ്ടത്. സ്ഥൈര്യത്തിന്റെ പ്രതീകമായ ഒരു ദൗത്യത്തലവനായി മനോജ് എന്ന കഥാപാത്രം ടേക്ക് ഓഫിന്റെയും പ്രസരിപ്പായിരുന്നു.

ഫഹദിനെക്കുറിച്ച് ലാല്‍ ജോസ് മുമ്പ് പറഞ്ഞത് ഇങ്ങനെയാണ്

”’യുവനിരയില്‍ പകരക്കാരനില്ലാത്ത നടനാണ് ഫഹദ്, ആരുടെയും സിംഹാസനത്തില്‍ കയറി ഇരിക്കാനല്ല അയാളുടെ ശ്രമം. നമ്മള്‍ കണ്ടുപരിചയിച്ച ആക്ടിംഗ് പാറ്റേണില്‍ നിന്ന് മാറി നില്‍ക്കുന്നൊരു അഭിനയ രീതിയാണ് അയാളുടേത്’

മറുഭാഷയിലും ഫഹദ്

മലയാളം ഇനി കാത്തിരിക്കുന്ന പ്രധാന പ്രൊജക്ടുകളില്‍ പലതിലും ഫഹദിന്റെ പേരുണ്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ്, വേണു സംവിധാനം ചെയ്യുന്ന കാര്‍ബണ്‍, ഇതോടൊപ്പമാണ് ഫഹദിന്റെ തമിഴിലേക്കുള്ള രംഗപ്രവേശം. രണ്ട് ചിത്രങ്ങളാണ് തമിഴില്‍ ഫഹദ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന വേലൈക്കാരന്‍ എന്ന സിനിമയില്‍ പ്രതിനായക വേഷം, ആരണ്യ കാണ്ഠം എന്ന സിനിമയിലൂടെ തമിഴകത്തെ ഞെട്ടിച്ച ത്യാഗരാജന്‍ കുമാരരാജയുടെ അനീതി കരങ്ങള്‍ എന്ന സിനിമയില്‍ വിജയ് സേതുപതിക്കൊപ്പം നായകവേഷം. ഇന്ത്യയിലെ മികച്ച നടന്‍മാരിലൊരാള്‍ എന്നാണ് ഫഹദിനെ ശിവകാര്‍ത്തികേയന്‍ സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് വിശേഷിപ്പിച്ചത്. ഹോളിവുഡ് താരങ്ങളോട് കിടപിടിക്കുന്ന പ്രകടനമാണ് ഫഹദിന്റേതെന്നും ഷൂട്ടിംഗ് അനുഭവങ്ങള്‍ വിവരിച്ച് ശിവകാര്‍ത്തികേയന്‍ പറഞ്ഞിരുന്നു.

20 വയസ് മുതല്‍ 30 വയസ് വരെയുള്ള പ്രായത്തിലാണ് ഒരാള്‍ തന്റെ ഭാവി സുരക്ഷിതമാക്കുന്നത്. അസോസിയേഷന്‍ സിനിമയ്ക്ക് ഉണ്ടായാല്‍ മതി. നടന് ഒരു അസോസിയേഷന്റെ ആവശ്യമുള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല -ഫഹദ് ഫാസില്‍

 

ആരാധകരും ആരവവുമില്ല, പിള്ളേര് പഠിക്കട്ടേ…

ആരാധകരെ വെട്ടുകിളിക്കൂട്ടമെന്ന് വിശേഷിപ്പിച്ചത് ഉദയനാണ് താരം എന്ന സിനിമയാണ്. സോഷ്യല്‍ മീഡിയയിലും പുറത്തും തല്ല്് കൂടിയും മറ്റൊരു താരത്തെ അധിക്ഷേപിച്ചും ആര്‍ത്ത് വിളിക്കുന്ന, താരത്തിലൂന്നിയ കെട്ടുകാഴ്ചകളിലേക്ക് ഓടിക്കൂടുന്ന ആരാധക വൃന്ദം അകമ്പടിയായില്ലാത്ത യുവതാരവും ഫഹദ് ഫാസില്‍ ആണ്. എന്തുകൊണ്ട് ഫാന്‍സ് അസോസിയേഷന്‍ വേണ്ടെന്ന് വച്ചെന്ന ചോദ്യത്തിന് ഫഹദിന്റെ ഉത്തരം ഇങ്ങനെ ”അതിന് രണ്ട് മൂന്ന് കാര്യങ്ങളുണ്ട്. അതില്‍ പ്രധാനം പിള്ളേര് പഠിക്കട്ടെ എന്നതാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 20 വയസ് മുതല്‍ 30 വയസ് വരെയുള്ള പ്രായത്തിലാണ് ഒരാള്‍ തന്റെ ഭാവി സുരക്ഷിതമാക്കുന്നത്. അസോസിയേഷന്‍ സിനിമയ്ക്ക് ഉണ്ടായാല്‍ മതി. നടന് ഒരു അസോസിയേഷന്റെ ആവശ്യമുള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ അത് ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാന്‍ കഴിയുന്ന നടന്മാര്‍ അത് ഉപയോഗിക്കട്ടെയെന്നും ഫഹദ് പറഞ്ഞു. എനിക്ക് അതത്ര ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാനറിയില്ല”

ഫഹദ് ഫാസില്‍ അഭിമുഖം: എന്റെ ചില പ്രകടനങ്ങള്‍ ബോറടിപ്പിച്ചിട്ടുണ്ട്‌