ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ശവം മരണത്തിന്റെ സാമൂഹിക ആഖ്യാനം തന്നെയാണ് ശവം. മലയാളി ഹിപ്പോക്രിസിയുടെ ശവദാഹവും. സംവിധായകന്‍ ഇടപെട്ട് വാദിക്കുകയോ ഉപദേശിക്കുകയോ അല്ല, ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ടുകൊണ്ടിരിക്കെ നമ്മളെയും ഉള്‍പ്പെടുത്തുകയാണ്. സ്വതന്ത്രമായ രാഷ്ട്രീയ വായനകള്‍ക്ക് വിശാല സാധ്യതകള്‍ തുറന്നിടുന്ന അവതരണം. രംഗങ്ങളത്രയും സിനിമയ്ക്കായി ചിത്രീകരിച്ചതാണെന്നും ക്യാമറയ്ക്ക് മുന്നിലുള്ളവരെല്ലാം അഭിനേതാക്കളാണെന്നും ഒരു വേള പോലും തോന്നിപ്പിക്കാത്ത ആഖ്യാനസാമര്‍ത്ഥ്യം. ഇതേ അനുഭവപ്പെടുത്തലാണ് ക്യാമറയുടേതും..അമ്പതിനടുത്ത് ആളുകളുടെ ചലനങ്ങളും ഇടപെടലും വിശ്വസനീയമായി മരണവീട്ടിലെത്തിക്കുമ്പോഴുള്ള അവിശ്വസനീയതയുമാണ് ശവത്തിന്റെ കാഴ്ച. ഓരോ മരണത്തിനും ചുറ്റുംകൂടുന്ന നാട്യങ്ങളുടെയും കാപട്യങ്ങളെയും ലോകത്തെ യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്ന സിനിമ.

ജീവനുള്ളവരുടെ ഔചിത്യബോധമില്ലായ്മയെ അവഞ്ജയോടെ വിശേഷിപ്പിക്കുന്നതിന് ‘ശവം‘ എന്ന പ്രയോഗം ചിലപ്പോഴെങ്കിലും ഉപയോഗിച്ചുണ്ടാകും. ഈ സിനിമ മുന്നേറുമ്പോള്‍ ചലനമറ്റ് കിടക്കുന്നയാള്‍ ആണോ, ചുറ്റുമുള്ളവരാണോ ശവമെന്ന് തിരിച്ചറിയാനാകുന്നില്ല. മരണം മരിച്ചവന്റെ മാത്രം നഷ്ടമാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഈ ധാര്‍മ്മികപ്രതിസന്ധി എത്തിക്കുന്നുമുണ്ട്.

ഏത് സാഹചര്യത്തിലും അവരവരിലേക്ക് ഉള്‍വലിയാനുള്ള മനുഷ്യത്വരയുടെ ഗംഭീരഡോക്യുമെന്റേഷനുമാണ് ശവം. വീട്ടിലെത്തിയവര്‍ക്ക് ഭക്ഷണം നല്‍കണം എനിക്കുള്ള വൈനൊഴികെ എന്ന് പറഞ്ഞ വല്യമ്മച്ചിയും,പുതിയ പള്ളിക്കെട്ടിടത്തിനുള്ള സംഭാവന മരണത്തെ കാട്ടി ചോദിക്കുന്ന വികാരിയും,മരിച്ചയാളുടെ മകനോട് അച്ഛന്‍ തിരികെ തരാനുള്ള പണത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന കൂട്ടുകാരനും, കൂട്ടുകെട്ടിലെ വെള്ളമടിയും പ്രാരാബ്ധവും പരിഭവം പറച്ചിലും അസൂയയും പരിഹാസവും തുടങ്ങി മനുഷ്യനെ, മലയാളിയെ അകമേ വായിക്കുകയാണ് ശവം.

നന്ദി ഡോണിന്, പ്രതാപ് ജോസഫിന്, ശവത്തിന് പിന്നിലെ കൂട്ടായ്മയ്ക്ക്, ഈ കാഴ്ചയുമായി പ്രേക്ഷകരിലേക്കെത്തിയ കാഴ്ച ഫിലിം ഫോറത്തിന്