പ്രധാന രാജ്യാന്തര ചലച്ചിത്രമേളകളില്‍ ഒന്നായ റോട്ടര്‍ഡാം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗര്‍ പുരസ്‌കാരം നേടിയ സെക്‌സി ദുര്‍ഗ വരവേല്‍പ്പിനേക്കാള്‍ വെല്ലുവിളിയാണ് ഇന്ത്യയില്‍ നേരിട്ടത്. രാജ്യത്തിന്റെ ഔദ്യോഗിക ചലച്ചിത്രമേളയിലേക്ക് ജൂറി തെരഞ്ഞെടുത്തിട്ടും കേന്ദ്രസര്‍ക്കാറും ഗോവാ ചലച്ചിത്രമേളയുടെ സംഘാടകരും സിനിമ പ്രദര്‍ശനത്തില്‍ നിന്നൊഴിവാക്കി. ജൂറി അംഗങ്ങളുടെ പ്രതിഷേധമറിയിച്ചുള്ള രാജിയോ, കോടതിയില്‍ നിന്നുള്ള അനുകൂല വിധിയോ സെക്‌സി ദുര്‍ഗയുടെ ചലച്ചിത്രമേളയിലെ വിധി തിരുത്തിയില്ല. ഹൈക്കോടതി വിധിയുമായി രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമയുടെ സ്‌ക്രീനിംഗിനായി കാത്തിരുന്ന സംവിധായകന് മുന്നില്‍ എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് നീക്കിക്കൊണ്ടുള്ള ഉത്തരവാണ് എത്തിയത്. ഗോവാ ചലച്ചിത്രമേളയിലും കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലും സെക്‌സി ദുര്‍ഗയ്ക്ക് എന്താണ് സംഭവിച്ചതെന്ന് സനല്‍കുമാര്‍ ശശിധരന്‍ വ്യക്തമാക്കുന്നു.

റോട്ടര്‍ ഡാം ചലച്ചിത്രമേള പോലൊരു സുപ്രധാന രാജ്യാന്തര വേദിയില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട സെക്‌സി ദുര്‍ഗയ്ക്ക് ഇന്ത്യയില്‍ തുടര്‍ച്ചയായ ദുരനുഭവങ്ങളാണ് നേരിടേണ്ടി വരുന്നത്. രാജ്യത്തെ ഔദ്യോഗിക ചലച്ചിത്രമേളയില്‍ ഭരണകൂടം എല്ലാ സംവിധാനവും ഉപയോഗപ്പെടുത്തി സിനിമയെ പുറത്താക്കി. ജൂറിയുടെ തീരുമാനത്തെ പോലും അപ്രസക്തമാക്കി. ഭരണകൂടത്തിന് വിയോജിപ്പുള്ളതൊന്നും ജനങ്ങളിലെത്തേണ്ടതില്ലെന്ന തരത്തില്‍ സ്വതന്ത്ര ആവിഷ്‌കാരങ്ങളുടെ ഭാവി ഇല്ലാതാക്കുന്ന തരത്തില്‍ സാംസ്‌കാരിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണോ ഇന്ത്യ?

തീര്‍ച്ചയായും സാംസ്‌കാരിക അടിയന്തരാവസ്ഥ തന്നെയാണ്. അത് കുറേ കാലമായുണ്ട്. എം എഫ് ഹുസൈനെ പോലൊരു കലാകാരനെ ഇന്ത്യയില്‍ നിന്ന് ആട്ടിപ്പായിച്ചത് മറ്റെന്താണ്,
അദ്ദേഹത്തിന് വേറൊരു രാജ്യത്ത് കിടന്ന് മരിക്കേണ്ടി വന്നു. അത്തരമൊരു അവസ്ഥ നമ്മുടെ രാജ്യം മുമ്പും കണ്ടിട്ടുണ്ട്. സഹിഷ്ണുതയെക്കുറിച്ചൊക്കെ നമ്മള്‍ വലിയ വായില്‍ സംസാരിക്കും എന്നാല്‍ അനുഭവം നേരേ തിരിച്ചാണ്. അത്രമാത്രം സങ്കുചിതരായ, അസിഹിഷ്ണുക്കളായ ഒരു കൂട്ടം മനുഷ്യരാണ് ഇവിടുള്ളത്. ചില കാര്യങ്ങള്‍ മാത്രമാണ് പുറത്തുവരുന്നതെന്ന് മാത്രം. കുപ്രചരണങ്ങള്‍ നടത്തിയും തെരഞ്ഞുപിടിച്ചും കലാകാരന്‍മാരെ ആക്രമിക്കുക എന്നുള്ളത് നേരത്തെയും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് വച്ചാല്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മൃഗീയ ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തിയത്. തുടര്‍ന്ന് കുറേ സംസ്ഥാനങ്ങളില്‍ കൂടി അവര്‍ക്ക് ഭരണം നേടാനായപ്പോള്‍ തങ്ങള്‍ ഇനി അധികാരത്തില്‍ നിന്ന് പുറത്ത് പോകില്ല, അല്ലെങ്കില്‍ കുറേ കാലം ഭരണ നിയന്ത്രണം തങ്ങളിലായിരിക്കുമെന്ന വിശ്വാസത്തില്‍ ഊന്നിയാണ്
അവരുടെ ഓരോ പ്രവര്‍ത്തിയും. ആ തോന്നലില്‍ നിന്നാണ് ബീഫ് നിരോധനമൊക്കെ വരുന്നത്. എത്രമാത്രം ചെറുത്തുനില്‍പ്പുകള്‍ ഉണ്ടായാലും അതിന് നേരെ ഭരണകൂടം കണ്ണടക്കും. ബീഫ് നിരോധിച്ചപ്പോ എത്രയോ വലിയ പ്രക്ഷോഭങ്ങളുണ്ടായി. അതെല്ലാം കണ്ടില്ലെന്ന് നടിച്ചു. അതുപോലെ തന്നെയാണ് ദേശീയ ഗാനം തിയറ്ററുകളില്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്. കോടതി വഴിയാണ് ഉത്തരവ് വരുന്നത്. ആളുകള്‍ ഇതിനെതിരെ പ്രതിഷേധിച്ചു. പക്ഷേ പ്രതിഷേധമൊന്നും വിലപ്പോവുന്നില്ല. പതിയെ പതിയെ എല്ലാവരും തിയറ്ററില്‍ എഴുന്നേറ്റ് നില്‍ക്കുന്നു. ആരെങ്കിലും ഇരുന്നാല്‍ അയാളെ പൊക്കിപ്പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കാനും കൈകാര്യം ചെയ്യാനും മറ്റുള്ളവര്‍ മുതിരുന്നു. ഭരണകൂടവും ഈ ഉത്തരവ് ആഗ്രഹിക്കുന്നരോ കാത്തിരിക്കുന്നവരോ ആണ്. ബീഫ് നിരോധനവും ഇതുപോലെ ആള്‍ക്കൂട്ടമാണ് നടപ്പാക്കിയത് പോലീസിനെക്കാള്‍ കാര്യക്ഷമമമായി ആള്‍ക്കൂട്ടമാണ് ഇതെല്ലാം നടപ്പാക്കിയത്. ബിജെപി നേതൃത്വത്തിലുള്ള ഭരണകൂടത്തിനും അണികള്‍ക്കുമിടയില്‍ അധികാരം വലിയ തോതില്‍ ധാര്‍ഷ്ട്യം രൂപപ്പെടുത്തി. ഗജേന്ദ്രചൗഹാനെ നിയമിച്ചതിനെതിരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സമരം തന്നെ നോക്കൂ, രണ്ടാം വര്‍ഷത്തിലെത്തിയപ്പോഴും ആ സമരമോ പ്രതിഷേധമോ സര്‍ക്കാര്‍ പരിഗണിച്ചില്ല. ഒരു ജനാധിപത്യ സംവിധാനവും ചെയ്യാത്ത വിധം മൗനം കൊണ്ടാണ് ഇത്തരം പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും അവര്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു. സെക്‌സി ദുര്‍ഗയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. പദ്മാവതിയും ന്യൂഡുമെല്ലാം ഇതിന്റെ ഇരകളാണ്.

സിനിമകള്‍ക്ക് സെന്‍സറിംഗ് പോലും ആവശ്യമില്ലെന്ന രീതിയിലേക്ക് പല രാജ്യങ്ങളും എത്തിച്ചേരുമ്പോള്‍ ഇവിടെ മതശക്തികളുടെയും രാഷ്ട്രീയ സംഘടനകളുടെയും ഭരണകൂടത്തിന്റെയും ആജ്ഞാനുവര്‍ത്തികളായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പോലുള്ള സംവിധാനം മാറുകയാണ്. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെയോ മതവികാരത്തെയോ വ്രണിതമാക്കിയെന്ന നിലയില്‍ സെക്‌സി ദുര്‍ഗയെന്ന പേര് വ്യാഖ്യാനിക്കപ്പെടുമെന്ന് നേരത്തെ കരുതിയിരുന്നോ?

സെക്‌സി ദുര്‍ഗയുടെ സ്വീകാര്യതയില്‍ ഇന്ത്യയിലും വെളിയിലും യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളുമില്ല. മറിച്ച് രാഷ്ട്രീയപരമായ ചില കുത്തിത്തിരുപ്പുകളാണ് ഇവിടെ തുടക്കം മുതല്‍ എന്റെ സിനിമയ്ക്ക് നേരിടേണ്ടി വന്നത്. പൊളിറ്റിക്‌സ് എന്ന് പറയുമ്പോള്‍ അതില്‍ കക്ഷി രാഷ്ട്രീയമുണ്ട്, അതല്ലാതെ വ്യക്തിയെ മുന്‍നിര്‍ത്തിയുള്ള സ്വാര്‍ത്ഥകളിലൂന്നിയ ചില നീക്കങ്ങളുമുണ്ട്. പല തരത്തിലാണ് ഈ സിനിമയെ ഇന്ത്യയില്‍ കൈകാര്യം ചെയ്യാനും തകര്‍ക്കാനും ശ്രമിച്ചത്. സെക്‌സി ദുര്‍ഗ എന്ന സിനിമയുടെ എസ്തറ്റിക്‌സില്‍ ഊന്നിയല്ല ഇവിടെ ചര്‍ച്ചകള്‍ നടന്നത്. എത്ര അവാര്‍ഡുകള്‍ കിട്ടി എന്നത് നോക്കിയല്ല സിനിമ കൊള്ളാമോ എന്ന് നോക്കിയാണ് കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമ ഉള്‍പ്പെടുത്തുന്നത് എന്ന് ജൂറി പറഞ്ഞപ്പോള്‍ മാത്രമാണ് സിനിമയുടെ എസ്തറ്റിക്‌സിനെ ബന്ധിപ്പിച്ച് ആദ്യമായി പരാമര്‍ശമുണ്ടായത്. മാമി ഫിലിം ഫെസ്റ്റിവലിലും തിരുവനന്തപുരത്തും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. പലരും നല്ല അഭിപ്രായം പങ്കുവച്ചു. മാമിയില്‍ ചിത്രത്തിന് പുരസ്‌കാരവും ലഭിച്ചു.
ആസ്വാദന തലത്തില്‍ ആരും സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതായി കണ്ടില്ല. സെക്‌സി ദുര്‍ഗയെന്ന് എന്തിന് പേരിട്ടു, അല്ലെങ്കില്‍ സെന്‍സേഷണലിസം കൊണ്ടുവരാന്‍ ശ്രമിച്ചതല്ലേ ഈ പേരിലൂടെ?, ദൈവങ്ങളെ ആക്ഷേപിക്കാന്‍ നോക്കുന്നു തുടങ്ങിയവയാണ് നിങ്ങള്‍ പറഞ്ഞത് പോലെ വിമര്‍ശനങ്ങളായത്. സെക്‌സി ദുര്‍ഗയെന്ന പേരിട്ടാല്‍ ഈ സിനിമ പലവിധത്തില്‍ ആക്രമിക്കപ്പെടില്ലേ എന്ന ആശങ്ക എന്റെ സുഹൃത്തുക്കള്‍ തന്നെ തുടക്കത്തില്‍ പങ്കുവച്ചിരുന്നു. ബംഗാളില്‍ നിന്നെത്തുന്ന ഒരു കഥാപാത്രത്തിന്റെ പേര് ദുര്‍ഗയെന്നാവുന്നതില്‍ അവിശ്വസനീയതയെന്താണ്?. . ബോധപൂര്‍വം ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയും അവഹേളിക്കാന്‍ യാതൊരു വിധ ശ്രമവും സെക്‌സി ദുര്‍ഗയില്‍ ഇല്ല. അതുകൊണ്ട് തന്നെയാണ് സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദങ്ങളില്‍ ഞാന്‍ ഇതുവരെ മറുപടി പറയാതിരുന്നതാണ്. സിനിമ കണ്ടാല്‍ ഈ കാര്യം മനസിലാകും.

ഹിന്ദുഭൂരിപക്ഷ പ്രദേശമാണ് ഇന്ത്യ. ഇവിടെയുള്ള സ്ത്രീ നാമങ്ങളേറെയും ഹിന്ദു ദേവതകളുടെ പര്യായങ്ങളാണ്. പാര്‍വതിയെന്നോ സരസ്വതിയെന്നോ ലക്ഷ്മിയെന്നോ പേരിട്ടാലും ദുര്‍വ്യാഖ്യാനിക്കപ്പെടില്ലേ. വിശ്വാസം വ്രണപ്പെട്ടെന്ന വാദം ഉയര്‍ത്തില്ലേ. ആരെങ്കിലും പ്രതിഷേധിക്കുമെന്ന കരുതി എല്ലാവര്‍ക്കും സ്വീകാര്യമായ പേരെങ്ങനെ കണ്ടെത്തും. ഈ സിനിമ ഡിമാന്‍ഡ് ചെയ്യുന്ന പേരായിരുന്നു ദുര്‍ഗ. ഒരു രാത്രി ദുര്‍ഗ എന്ന പെണ്‍കുട്ടിക്കും അവളുടെ സുഹൃത്തിനും നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് സിനിമ. സമൂഹത്തില്‍ ചലനമുണ്ടാക്കാന്‍ തന്നെയാണ് ആര്‍ട്ട് ഫോമിലൂടെ ശ്രമിക്കുന്നത്. ദുര്‍ഗ എന്ന ഹിന്ദു ദേവതയുടെ കാര്യത്തിലാണെങ്കില്‍ ശക്തിസ്വരൂപിണിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. വലിയൊരു വിഭാഗം പുരുഷന്‍മാരാണ് ദുര്‍ഗയുടെ ഭക്തരില്‍ കൂടുതലും. എന്നാല്‍ ദുര്‍ഗ എന്ന പേരിലൊരു പെണ്‍കുട്ടിയെ രാത്രി ഒറ്റയ്ക്ക് കണ്ടാല്‍ അവളെ പൂജിക്കാനും ആദരിക്കാനുമല്ല
വേശ്യയെന്ന് മുദ്രകുത്താനാണ് ഇതേ ആണ്‍കൂട്ടം മെനക്കെടുക. സ്ത്രീയെ ഉപഭോഗവസ്തുവായി കാണാന്‍ ശീലിച്ചവര്‍ ചരക്ക്് എന്ന നിലയ്ക്കാണ് ദുര്‍ഗയെന്ന പേരുണ്ടായാലും പെണ്‍കുട്ടിയെ ഒറ്റയ്ക്ക് രാത്രിയില്‍ കണ്ടാല്‍ സമീപിക്കുന്നത്. അകത്ത് ദേവിയായ ദുര്‍ഗ സുരക്ഷിതയായിരിക്കുകയും പുറത്തുള്ള ദുര്‍ഗ സെക്‌സിയാവുകയും അരക്ഷിതയാവുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇങ്ങനെയൊരു പേരുണ്ടായാല്‍ എതിര്‍ക്കുമല്ലോ എന്ന് കരുതിയാല്‍ അത് കാര്യമറിയാതെ എതിര്‍ക്കുന്ന കുറച്ച് പേരെ സഹായിക്കലും അവര്‍ക്ക് വഴങ്ങലുമാകും. ജനാധിപത്യ രാജ്യം എന്ന അവകാശവാദമൊന്നും പിന്നെ നിലനില്‍ക്കില്ലല്ലോ. ഈ സിനിമയെ എതിര്‍ക്കുന്ന സ്വയം പ്രഖ്യാപിത ഹിന്ദുസംരക്ഷകരെക്കാള്‍ ഞാന്‍ പുരാണങ്ങള്‍ വായിച്ചിട്ടുണ്ടാകും. സൗന്ദര്യലഹരിയില്‍ കാമരൂപിണിയെന്നാണ് ദുര്‍ഗയെ വിശേഷിപ്പിക്കുന്നത്

സമൂഹത്തോട് സംവദിക്കേണ്ട സിനിമയെ/ കലാകാരനെ ഭരണകൂടം നിശബ്ദമാക്കുന്നതല്ലേ ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ കണ്ടത്. ജൂറി തെരഞ്ഞെടുത്ത രണ്ട് സിനിമകള്‍ ഭരണകൂടം ഏകപക്ഷീയമാക്കി റദ്ദാക്കി. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചിട്ടും സാങ്കേതികത്വത്തില്‍ കുരുക്കി സിനിമയുടെ സെന്‍സര്‍ ഷിപ്പ് തന്നെ റദ്ദാക്കുന്നു. ഉള്ളടക്കം എന്താണെന്ന് മനസിലാക്കാതെ പേരിനെ ചൊല്ലി എതിര്‍പ്പുയര്‍ത്തുന്നവരുടെ അതേ നിലപാട് ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരും
സ്വീകരിച്ചില്ലേ?

മുന്‍പൊക്കെ മതങ്ങളെയൊക്കെ വിമര്‍ശിച്ചാലാണ് അസഹിഷ്ണുതയും പ്രതിഷേധവും ഉണ്ടായിരുന്നത്. പക്ഷേ അവിടെ നിന്നും കാര്യങ്ങള്‍ മാറി. മെര്‍സല്‍ എന്ന സിനിമയ്ക്ക് നേരെയുണ്ടായ ആക്രമണം തന്നെയെടുക്കാം. ജിഎസ്ടിയെക്കുറിച്ചും നോട്ട് നിരോധനത്തെക്കുറിച്ചും രാഷ്ട്രീയമായ പ്രസ്താവനകള്‍ നടത്തിയപ്പോള്‍ തന്നെ വലിയ വിവാദമാവുകയും ശക്തമായ പ്രതിഷേധം ഉയരുകയുമുണ്ടായി. സെക്‌സി ദുര്‍ഗയുടെ കാര്യമെടുത്താല്‍ ആ പേരിടീല്‍ ഒരു വിഭാഗത്തിന്റെ ദൈവത്തെ അവഹേളിക്കാനാണെന്നും അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും സിനിമ പ്രദര്‍ശിപ്പിക്കാനാവില്ലെന്നും വന്നപ്പോള്‍ ഞാന്‍ പേര് മാറ്റാന്‍ തയ്യാറായി. എസ് ദുര്‍ഗയെന്നാക്കി പേര്. അതിന് ശേഷവും അസഹിഷ്ണുത തുടര്‍ന്നു. ഒരു കൊച്ചുകുട്ടി പിടിവാശിയോടെ പോരാടുന്നത് പോലെയാണ് കേന്ദ്രസര്‍ക്കാര്‍ ആ സിനിമയ്‌ക്കെതിരെ തിരിഞ്ഞു. എല്ലാ തരം കുതന്ത്രങ്ങളും പയറ്റി ഗോവാ ചലച്ചിത്രമേളയില്‍ നിന്ന് സിനിമയെ പുറത്താക്കി. പദ്മാവതിയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ആ സിനിമ കണ്ടുനോക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. പുറത്തിറങ്ങാത്ത സിനിമയുടെ ഉള്ളടക്കത്തെ ചൂണ്ടിക്കാട്ടിയാണ് ആള്‍ക്കൂട്ടത്തിന്റെ പ്രതിഷേധം. ജനക്കൂട്ടം പറയുന്നതിന് അപ്പുറത്തേക്ക് ഒരു സര്‍ക്കാരിന് പോകാന്‍ കഴിയുന്നില്ല. ഇവിടെ വായ മാത്രമുള്ള വലിയൊരു ജന്തുവായി ഭരണകൂടം മാറുന്നത് നമ്മുക്ക് കാണാം. വായ തുറക്കും, പക്ഷേ അതിന് കണ്ണും കാതുമില്ല. വായ തുറന്ന് ഓരോ കാര്യങ്ങള്‍ പറയും, നിര്‍ദ്ദേശിക്കും. അത് അനുസരിപ്പിക്കും.
ഞാന്‍ നേരത്തെ പറഞ്ഞത് പോലെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തിലും ബീഫ് നിരോധനത്തിലുമൊക്കെ ഇതാണ് സംഭവിച്ചത്. മുന്നില്‍ നിന്നുകൊണ്ട് നമ്മള്‍ പറയുന്നത് കേള്‍ക്കാനോ പറയുന്നയാളെ കാണാനോ വായ മാത്രമുള്ള ഈ ജീവിക്ക് സാധിക്കുന്നില്ല. അത്തരമൊരു ഭീതിദമായ സാഹചര്യത്തിലേക്കാണ് ഇന്ത്യന്‍ ജനാധിപത്യം നീങ്ങുന്നത്.

സംഘപരിവാറിന് അവരുടെ പ്രത്യയശാസ്ത്രത്തിലൂന്നിയ ഭരണകൂടത്തിന് സ്വീകാര്യമല്ലാത്തതൊന്നും വേണ്ട എന്നത് കൂടിയില്ലേ ഈ നിരോധന നീക്കത്തിന് പിന്നില്‍?

സത്യത്തില്‍ അങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല. ഇതില്‍ മറ്റൊരു രാഷ്ട്രീയവുമുണ്ട്. ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നുവെന്ന് പറയുമ്പോഴും മറുവശത്ത് മതതീവ്രവാദത്തിനും, തീവ്രവാദത്തിനോളം പോന്ന കാഴ്ചപ്പാടുകള്‍ക്കോ ഇവര്‍ വലിയ പിന്തുണ നല്‍കുന്നുമുണ്ട്. ഒരു സിനിമയ്‌ക്കെതിരെ മുസ്ലീം സമുദായത്തിനകത്ത് നിന്ന് ഇതേ രീതിയില്‍ നിന്നുള്ള എതിര്‍പ്പ് ഉണ്ടായാല്‍ അപ്പോള്‍ തന്നെ ആ സിനിമ നിരോധിക്കാന്‍ തയ്യാറാകും. അല്ലെങ്കില്‍ ആ സിനിമ കാണിക്കരുതെന്ന രീതിയിലെത്തിക്കും. മോബ് മനശാസ്ത്രത്തെ വരവേല്‍ക്കുകയും അതിനെ ലാളിച്ച് കൂടെ നിര്‍ത്തുകയും ചെയ്യുകയാണ്. ഭരണകൂടത്തിന് വേറൊരു തരം അജണ്ടയുണ്ട്. അത് ആള്‍ക്കൂട്ടത്തിനെ ഉപയോഗപ്പെടുത്തുകയാണ്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ കനത്ത ഭീഷണികള്‍ ഉണ്ടാവുമ്പോഴും വലിയൊരു വിഭാഗം മൗനത്തിലാണ്. മറാത്തയില്‍ നിന്ന് ന്യൂഡ് എന്ന സിനിമ ഒഴിവാക്കിയപ്പോള്‍ അവിടുള്ള ചലച്ചിത്ര ലോകം ഒന്നടങ്കം ഇഫി ബഹിഷ്‌കരിച്ചു. ഇത്തവണ ഗോവാ മേളയില്‍ രണ്ട് സുപ്രധാന പുരസ്‌കാരങ്ങള്‍ മലയാളത്തിനാണ്. എന്നാല്‍ അവിടെ രണ്ട് സിനിമകള്‍ക്കെതിരെയുണ്ടായ നീതിനിഷേധത്തിന് എതിരെ സംസാരിക്കാന്‍ ആരുമുണ്ടായില്ല?

സുജോയ് ഘോഷ് ചെയര്‍മാനായ ജൂറി തന്നെ പ്രതിഷേധിച്ച് രാജിവച്ചത് വലിയ കാര്യമല്ലേ. ഒറ്റപ്പെട്ട പിന്തുണകള്‍ ഉണ്ടായിരുന്നു. മലയാളത്തിലാണെങ്കില്‍ ആഷിക് അബു, ലിജോ പെല്ലിശേരി, മുരളി ഗോപി എന്നിവരൊക്കെ പ്രതിഷേധമുയര്‍ത്തി. ചലച്ചിത്ര മേഖല ഒന്നടങ്കം പ്രതികരിക്കാത്തത് മൂലധന കേന്ദ്രീകൃതമായ ഒരു വ്യവസായം ഭരണകൂടത്തിന് വിധേയമാകുന്നതിന്റെ പ്രശ്‌നമായിട്ടാണ് ഞാന്‍ കാണുന്നത്.നാളെ അവരുടെ സിനിമയുടെ സെന്‍സറിംഗില്‍ പ്രശ്‌നമുണ്ടാകരുത്, വേറെ ബുദ്ധിമുട്ടുണ്ടാകരുത് എന്നൊക്കെ കരുതിയാണ് മിണ്ടാതിരിക്കുന്നത്. കച്ചവട സിനിമയിലുള്ളവര്‍ക്ക് പ്രതികരിക്കുമ്പോള്‍ പലതിനെയും പേടിക്കണമല്ലോ, കോടിക്കണക്കിന് മുതല്‍മുടക്കുള്ള അവരുടെ പടം പെട്ടിയിലാകും. ചിലപ്പോ നാളെ ആരും അഭിനയിക്കാന്‍ വിളിക്കില്ല. അതല്ലെങ്കില്‍ സംവിധാനം ചെയ്യാന്‍ വിളിക്കില്ല. അതുകൊണ്ടാണ് ഞാനെപ്പോഴും കച്ചവട സിനിമയും ആര്‍ട്ട് സിനിമയും രണ്ടാണെന്ന് പറയുന്നത്. കച്ചവട സിനിമയ്ക്ക് എപ്പോഴും ഒരു നിലപാട് എടുക്കാന്‍ പ്രയാസമായിരിക്കും. വേദിയൊക്കെ കിട്ടിയാല്‍ കച്ചവട സിനിമയെ പ്രതിനിധീകരിക്കുന്നവരൊക്കെ സെന്‍സേഷനലായി വലിയ വാചകമടിയൊക്കെ നടത്തും. ആരെയും നോവിക്കാത്ത ചില രാഷ്ട്രീയ പ്രസ്താവനകളുമുണ്ടാകും. പാര്‍വതിയെന്ന നടിയെക്കുറിച്ച് ആളുകള്‍ പറയുന്നത് കേട്ടാല്‍ ഇത്രയും രാഷ്ട്രീയ നിലപാട് ഉള്ള സ്ത്രീ മുമ്പ് ഉണ്ടായിരുന്നില്ലെന്ന് തോന്നും. ഏതാണ്ട് ശബാനാ ആസ്മിയുടെ കൂടെ നിര്‍ത്തിയാണ് പറച്ചില്‍. ശരിക്കും അവര്‍ക്ക് ഉണ്ടെന്ന് പറയപ്പെടുന്ന രാഷ്ട്രീയ നിലപാട് ഒക്കെ സത്യസന്ധമായിരുന്നെങ്കില്‍ ഗോവാ രാജ്യാന്തര മേളയില്‍ അവര്‍ സെക്‌സി ദുര്‍ഗയ്ക്ക് വേണ്ടി സംസാരിച്ചേനേ. പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ എനിക്ക് ആഹ്ലാദമുണ്ട്. അവര്‍ അര്‍ഹിക്കുന്ന പുരസ്‌കാരം തന്നെയാണ്. ഭരണകൂടം നടത്തുന്ന ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് സ്വീകരിച്ചതിനെ വിമര്‍ശിക്കാനാകില്ല. നമ്മള്‍ കൂടി ഉണ്ടാക്കുന്നതാണ് ഭരണകൂടം. പക്ഷേ പുരസ്‌കാര വേദിയില്‍ ജൂറി തെരഞ്ഞെടുത്ത രണ്ട് സിനിമകളെ പുറത്താക്കിയതിനെതിരെ ഒരു വാചകം പാര്‍വതി പറഞ്ഞിരുന്നെങ്കില്‍ അവരുടെ രാഷ്ട്രീയ നിലപാട് ആത്മാര്‍ത്ഥമായിരുന്നുവെന്ന് വിശ്വസിക്കാമായിരുന്നു. സ്വന്തം സിനിമയുടെ സക്രീനിംഗിന് മുന്നോടിയായാണ് സംവിധായകന്‍ ലിജിന്‍ ജോസ് ഇതേ വേദിയില്‍ പ്രതികരിച്ചത്. അത് ചെറിയ കാര്യമേയല്ല.

മൂലധനത്തിനെ ആശ്രയിച്ച് നില്‍ക്കുന്ന സിനിമകളാണെങ്കിലും മറ്റേത് കലാരൂപമാണെങ്കിലും അവയ്ക്ക് ഭരണകൂടത്തെയും ഭരണകൂടം സൃഷ്ടിക്കുന്ന വ്യവസ്ഥകളെയും അനുകൂലിക്കാതെ പറ്റില്ല. ജൂറി രാജിവച്ചത് രണ്ട് സിനിമകളുടെ പേര് പറഞ്ഞാണ്. പക്ഷേ ന്യൂഡ് എന്ന സിനിമയുടെ നിര്‍മ്മാതാവോ, സംവിധായകനോ ആ സിനിമയ്ക്ക് വേണ്ടി പ്രതിഷേധിക്കാനോ കോടതിയില്‍ പോകാനോ വന്നിട്ടില്ല. അതിന് കാരണം ന്യൂഡ് നിര്‍മ്മിച്ചിരിക്കുന്നത് സീ ഗ്രൂപ്പിന്റെ ബാനറാണ്. അവര്‍ ഭരണകൂടത്തിന് അടുപ്പമുള്ളവരാണ്. അവര്‍ക്ക് ഈ നീതിനിഷേധത്തിനെതിരെ ഒരു പ്രതിരോധം മുന്നോട്ട് വയ്ക്കാനാകില്ല. സെക്‌സിദുര്‍ഗയും ന്യൂഡും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് രാജിവച്ച ജൂറി അംഗങ്ങളുടെ ഒഴിവിലേക്ക് തങ്ങളോട് വിധേയത്വം പുലര്‍ത്തുന്ന മൂന്ന് പേരെ തിരുകിക്കയറ്റിയാണ് ഈ സിനിമയെ തകര്‍ക്കാന്‍ ഭരണകൂടം പിന്നീട് ശ്രമം നടത്തിയത്. അവരില്‍ നിന്ന് പരാതി എഴുതി വാങ്ങി സെന്‍സര്‍ ബോര്‍ഡില്‍ കൊടുത്താണ് സെക്‌സി ദുര്‍ഗയുടെ സെന്‍സര്‍ അംഗീകാരം എടുത്ത് കളഞ്ഞത്. ഈ സിനിമയ്‌ക്കെതിരെ പരാതി നല്‍കിയ ഒരാള്‍ സീ ടിവിയുടെ ചെയര്‍മാന്‍ ആണ്. ഭരണകൂടത്തിന് അനിഷ്ടമുണ്ടാക്കിയ സിനിമ ഉണ്ടാക്കിയത് ഭരണകൂടത്തിന്റെ ഇഷ്ടക്കാരന്‍ തന്നെയാണ് എന്നത് മറ്റൊരു വൈരുദ്ധ്യം.

മലയാളികളുടെ വലിയ പങ്കാളിത്തമുള്ള മേളയുമാണ് ഇഫി. പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഗോവാ മേളയില്‍ കറുത്ത ബാഡ്ജ് ധരിച്ചെത്തിയിട്ടുണ്ട് മലയാളി ചലച്ചിത്ര പ്രവര്‍ത്തകര്‍. പക്ഷേ സെക്‌സി ദുര്‍ഗയുടെ കാര്യത്തില്‍ പ്രതിരോധിക്കാനും പ്രതിഷേധിക്കാനും താങ്കളും സിനിമയിലെ കേന്ദ്രകഥാപാത്രവും മാത്രമാണ് ഉണ്ടായത് അതെന്തുകൊണ്ടാണ്?

സെക്‌സി ദുര്‍ഗയ്‌ക്കെതിരായ നീതി നിഷേധത്തില്‍ എന്നോട് ഐക്യപ്പെടാതെ മാറി നിന്നവരുടെ സത്യസന്ധതയെ മാനിക്കണമെന്നാണ് തോന്നിയിട്ടുള്ളത്. അവരോട് വലിയ ബഹുമാനം തോന്നുന്നുണ്ട്. മനസ് കൊണ്ട് കൂടെ നില്‍ക്കാതെ ശരീരം കൊണ്ട് മാത്രം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ അവരാരും വന്നില്ലല്ലോ. കേരളത്തില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരും മുതിര്‍ന്ന നിരൂപകരുമൊക്കെ സെക്‌സിദുര്‍ഗയോട് ഭരണകൂടവും ചലച്ചിത്രമേളയും നടത്തിയ അനീതിയില്‍ പ്രതികരിക്കാതിരുന്നതിന് പല കാരണങ്ങളുണ്ട്. ഈ നിരൂപകരിലും ചലച്ചിത്ര പ്രവര്‍ത്തകരിലും ഏറെയും പ്രഖ്യാപിത ഇടതുപക്ഷക്കാരാണ്. അവര്‍ കേരളത്തിലെ ചലച്ചിത്രമേളയുടെ സംഘാടകരോ, പിന്നണിയില്‍ ഉള്ളവരോ ഒക്കെയാണ്. കേരളത്തില്‍ ഐഎഫ്എഫ്‌കെയില്‍ സെക്‌സി ദുര്‍ഗയ്ക്ക് സമാനമായ അനുഭവമാണ് നേരിടേണ്ടി വന്നത്. ഐഎഫ്എഫ്‌കെയില്‍ സെക്‌സി ദുര്‍ഗ മലയാളം സിനിമാ ടുഡേ എന്ന വിഭാഗത്തിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതില്‍ വിയോജിപ്പറിയിച്ച് ഞാന്‍ സിനിമ പിന്‍വലിച്ചു. എന്റെ വിയോജിപ്പിനെ മറ്റൊരു തലത്തിലാണ് വ്യാഖ്യാനിച്ചത്. മലയാള സിനിമയെ ഞാന്‍ അവഹേളിച്ചെന്ന രീതിയിലായി പ്രചരണം. മലയാളത്തിലെ എല്ലാ സിനിമയെക്കാളും നിലവാരമുള്ള ലോക സിനിമയാണ് എന്റേതെന്ന് അവകാശപ്പെട്ട് ഞാന്‍ അടച്ചാക്ഷേപിച്ചു എന്നായി ആരോപണം. ജൂറിയുടെയും അക്കാദമിയുടെയും തീരുമാനത്തെ പരസ്യമായി വെല്ലുവിളിച്ചു എന്നതിന്റെ പേരില്‍ ഞാന്‍ ഒറ്റയടിക്ക് എതിര്‍പക്ഷത്തായി. ഇതിന് പിന്നാലെയാണ് പനോരമയില്‍ നിന്നും എന്റെ സിനിമയെ ജൂറി തെരഞ്ഞെടുത്തിട്ടും ഒഴിവാക്കുന്ന സാഹചര്യമുണ്ടാകുന്നത്. ഗോവയില്‍ ഇന്ത്യന്‍ പനോരമയില്‍ സെക്‌സി ദുര്‍ഗ ഉണ്ടായിരുന്നേല്‍ എന്തുകൊണ്ട് കേരളാ മേളയില്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല എന്ന ചോദ്യം ഇവര്‍ക്ക് നേരിടേണ്ടി വന്നേനേ. ഇഫിയില്‍ നിന്ന് സിനിമ ഒഴിവാക്കപ്പെട്ടത് ഫലത്തില്‍ കേരളത്തിലെ സംഘാടകര്‍ക്കും ജൂറിക്കും ആശ്വാസമായി. അങ്ങനെ അവര്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് ഗോവയിലെ ജൂറി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ സിനിമ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് രാജി വയ്ക്കുന്നത്. സെക്‌സി ദുര്‍ഗ അവര്‍ക്ക് ഇഷ്ടപ്പെട്ടെന്നും അതിനാല്‍ പനോരമയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും മാധ്യമങ്ങളോട് പറഞ്ഞു. ഇഫിയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത തരത്തില്‍ ആ സിനിമയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധമറിയിച്ച് ജൂറി ചെയര്‍മാനടക്കം രാജിവച്ചു. സത്യത്തില്‍ ഗോവയില്‍ ഈ സിനിമയ്ക്ക് വേണ്ടി ഏറ്റവും ശക്തമായ പ്രതിഷേധമറിയിച്ചത് ജൂറി അംഗങ്ങള്‍ തന്നെയാണ്. അവാര്‍ഡ് കിട്ടിയെന്ന് കരുതി മികച്ച സിനിമയാകണമെന്നില്ല എന്ന വാദവുമായി സെക്‌സി ദുര്‍ഗയെ മലയാള സിനിമാ വിഭാഗത്തില്‍ പെടുത്തിയ കേരളത്തിലെ ജൂറിക്കും സംഘാടകര്‍ക്കും അതിനെ പിന്തുണയ്ക്കുന്ന നിരൂപകര്‍ക്കുമൊന്നും ന്യായമായും ഗോവയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കുചേരാനാകില്ലല്ലോ. ഈ സിനിമ നല്ലതൊന്നുമല്ലെന്ന വാദമുയര്‍ത്തി കേരളത്തിലെ ജൂറിക്കൊപ്പം അണിനിരന്നവര്‍ ഈ സിനിമ മികച്ചതാണെന്നും ഇഫി മേളയില്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരെ പിന്തുണയ്ക്കാന്‍ വരില്ലല്ലോ. ഗോവയിലുണ്ടായ വിവാദം കേരളാ മേളയുടെ നടത്തിപ്പുകാരെ ശരിക്കും ത്രിശങ്കുവിലാക്കി. ഐഎഫ്എഫ്‌കെയില്‍ ഈ സിനിമയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിരുന്നെങ്കില്‍ ഇഫി വിഷയത്തില്‍ ഇവരുടെ പ്രതികരണം മറ്റൊന്നാകുമായിരുന്നു. ഞാന്‍ കേരളത്തിലെ മേളയില്‍ നിന്ന് സിനിമ പിന്‍വലിച്ചിരുന്നില്ലെങ്കില്‍ ഇഫി വിവാദത്തില്‍ എനിക്ക് വലിയ തോതില്‍ പിന്തുണയുമായി ഇവരെല്ലാം വന്നേനേ.

ഗോവയില്‍ ഇത്തവണ കെ ആര്‍ മോഹനന്‍ സാറിനെ അനുസ്മരിച്ചുള്ള യോഗമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ടീ ഷര്‍ട്ട് ധരിച്ച് ഇവിടെയുള്ള ചലച്ചിത്രകാരന്‍മാരും നിരൂപകരുമൊക്കെ ഒത്തുകൂടിയപ്പോള്‍ സെക്‌സി ദുര്‍ഗയെ തഴഞ്ഞത് ചൂണ്ടിക്കാണിച്ച ഉത്തരവുമായി സിനിമയിലെ കേന്ദ്രകഥാപാത്രമായിരുന്ന കണ്ണന്‍ അവരുടെ അടുത്ത് പോയി. പിന്തുണ തേടുകയും ചെയ്തു. പക്ഷേ ആരും തന്നെ അവിടെ ഇക്കാര്യം സംസാരിച്ചില്ല.

ഐഎഫ്എഫ്‌കെയില്‍ സംഭവിച്ചത് മറ്റൊന്നല്ലേ, മലയാള സിനിമാ വിഭാഗത്തിലേക്കല്ലേ സിനിമ അയച്ചത്, മലയാളത്തില്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന് പറയുന്നതില്‍ ആ വിഭാഗത്തില്‍ ഉള്‍പ്പെട്ട സിനിമയ്‌ക്കൊപ്പം സെക്‌സി ദുര്‍ഗ കാണിക്കുന്നത് കുറച്ചിലാണെന്ന് സംവിധായകന്‍ ചിന്തിക്കുന്നുവെന്ന് വ്യാഖ്യാനിക്കുക സ്വാഭാവികമല്ലേ. കേരളത്തിലെ ചലച്ചിത്രമേളയിലും പുരസ്‌കാരങ്ങളിലുമെല്ലാം തുടക്കക്കാരനെന്ന നിലയില്‍ പ്രോത്സാഹനവും ആദരവും ലഭിച്ച ചലച്ചിത്രകാരന്‍ കൂടിയല്ലേ താങ്കള്‍.?

മലയാള സിനിമാ ടുഡേ എന്ന വിഭാഗത്തിലേക്ക് അല്ല ഞാന്‍ ഈ സിനിമ അയച്ചിരുന്നത്. ഇവര്‍ പറഞ്ഞുപരത്തുന്ന പല തെറ്റിദ്ധാരണകളുമുണ്ട്. ഞാന്‍ സിനിമ അയച്ചത് ഇന്റര്‍നാഷനല്‍ കോംപറ്റീഷനിലേക്കാണ്. മുംബൈ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലേക്ക് ക്ഷണം വന്നപ്പോള്‍ ഞാന്‍ ഇവിടെ ചോദിച്ചു. മാമിയില്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കേരളത്തില്‍ മത്സരിക്കുന്നതില്‍ പ്രശ്‌നമുണ്ടോ എന്ന്. കുഴപ്പമില്ലെന്നായിരുന്നു ഇവരുടെ മറുപടി. മത്സരവിഭാഗത്തില്‍ മാത്രമാണ് ഞാന്‍ അയച്ചത്. അതിന് പകരം മലയാള സിനിമാ ടുഡേയില്‍ ആണ് ഉള്‍പ്പെടുത്തുന്നതെങ്കില്‍ എന്നോട് അക്കാര്യം ചോദിക്കാമായിരുന്നു. ഇതൊന്നുമില്ലാതെ ഒരു സുപ്രഭാതത്തില്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുന്നു, സെക്‌സി ദുര്‍ഗ മലയാളം സിനിമാ ടുഡേ വിഭാഗത്തിലാണെന്ന്. മലയാള സിനിമയില്‍ നിന്ന് വരുന്ന ഒരാളുടെ സിനിമയായത് കൊണ്ടല്ലേ ശരിക്കും ഇവര്‍ ഇങ്ങനെ ചെയ്തത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മുമ്പ് എന്നോട് ചോദിക്കാതെ എന്റെ സിനിമയുടെ ഡിവിഡി പ്രിന്റ് പല സ്ഥലത്തും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള സിനിമകളെ വേണ്ടത്ര വിലമതിക്കുന്നില്ല എന്നാണ് മനസിലാക്കേണ്ടത്. ഐഎഫ്എഫ്‌കെയുടെ സംഘാടനത്തിന്റെ പ്രശ്‌നം കൂടിയാണ് ഇത്.

ഗോവയിലും കേരളത്തിലും സിനിമയ്ക്കുണ്ടായ അനുഭവം ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളെന്ന രീതിയിലാണ് താങ്കള്‍ പറഞ്ഞത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി തുറന്ന നിലപാട് സ്വീകരിക്കാറുള്ള ഇടതുപക്ഷവും, പ്രത്യയശാസ്ത്ര വിരുദ്ധമെന്ന് തോന്നുന്നവയെ അധികാരമുപയോഗിച്ച് നിശബദ്മാക്കുന്ന ഹിന്ദുത്വ ഭരണകൂടവും ഒരേ നിലയില്‍ സിനിമയെ നേരിട്ടെന്ന വാദം സാധൂകരിക്കുന്നത് എങ്ങനെയാണ്?

ഈ അവസാന നിമിഷവും എനിക്ക് തോന്നുന്നത് രണ്ട് ഇടങ്ങളിലെയും തിരസ്‌കാരം സമാനമായിരുന്നുവെന്നാണ്. ഒരേ നാണയത്തിന്റെ ഇരുവശങ്ങളായിരുന്നു രണ്ടും. ഐഎഫ്എഫ്‌ഐയിലും ഐഎഫ്എഫ്‌കെയിലും സെക്‌സി ദുര്‍ഗയോട് ഇവര്‍ കാണിക്കുന്ന സത്യസന്ധത എത്രമാത്രമാണെന്ന് മാത്രം നോക്കിയാല്‍ മതി. ഐഎഫ്എഫ്‌ഐയില്‍ നിന്ന് ഈ സിനിമ ഒഴിവാക്കാന്‍ കളിച്ച കളികളെല്ലാം ഇപ്പോള്‍ എല്ലാവര്‍ക്കും വെളിവായിട്ടുണ്ട്. മുട്ടാപ്പോക്ക് നയങ്ങളാണ് അവര്‍ അതിന് കാരണമായി പറയുന്നത്. ഐഎഫ്എഫ്‌കെയിലും ഈ സിനിമയോട് വലിയ താല്‍പര്യങ്ങളില്ല. സെക്‌സി ദുര്‍ഗ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വലിയ വിമര്‍ശനങ്ങളുണ്ടാകും എന്നത് ഭയന്ന് മലയാളം സിനിമാ ടുഡേയില്‍ ഉള്‍പ്പെടുത്തുന്നുവെന്ന് മാത്രം. അതിനെ ഞാന്‍ അംഗീകരിക്കാതിരുന്നപ്പോ മലയാളം സിനിമയെ ഞാന്‍ ആക്ഷേപിച്ചെന്നാക്കി. സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് നടത്തിക്കൂടേ എന്ന് ഞാന്‍ ചോദിച്ചപ്പോ അവരുടെ മറുപടി
നെഗറ്റീവായിരുന്നു. സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് നടത്താന്‍ പ്രൊവിഷന്‍ ഇല്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. അത് കള്ളമാണെന്ന് തെളിഞ്ഞു. ഇപ്പോള്‍ പറയുന്നു രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് നടത്താമെന്ന്. രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം നടത്താമായിരുന്നുവെങ്കില്‍ ഇത്രയധികം അംഗീകാരങ്ങള്‍ ലഭിച്ച സിനിമ എന്ന നിലയ്ക്കും ഇതേ സ്‌ക്രീനിംഗ് സാധ്യമായിരുന്നില്ലേ?. ഈ രണ്ട് കൂട്ടരും ഒരേ രീതിയില്‍ കള്ളത്തരം പറഞ്ഞ് സെക്‌സി ദുര്‍ഗയെ പുറത്താക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇഫി പോലെ ഐഎഫ്എഫ്‌കെയും ഭരണകൂട/രാഷ്ട്രീയ താല്‍പ്പര്യങ്ങളിലൂന്നിയാണ് നടന്നുപോകുന്നത് എന്നാണോ?

പ്രയോരിറ്റികളാണ് ഒരു മേള എങ്ങനെയായിത്തീരണമെന്ന് നിശ്ചയിക്കുന്നത്. നമ്മുടെ മേളയുടെ പ്രയോരിറ്റി ആര് ഉദ്ഘാടനം ചെയ്യും, ആരൊക്കെ വേദിയില്‍ ഉണ്ടാകണം. എത്ര പേരെ മേളയിലേക്ക് ക്ഷണിക്കണം എന്നതൊക്കെയാണ് ഐഎഫ്എഫ്‌കെയുടെ പ്രാഥമിക പരിഗണനയാകുന്നത്. വലിയൊരു ചലച്ചിത്രമേളയാണ് റോട്ടര്‍ ഡാം ഫെസ്റ്റിവല്‍. മുപ്പതിനായിരത്തിനടുത്ത് ആളുകള്‍ വന്നു പോകുന്ന മേളയാണ് റോട്ടര്‍ ഡാം. ഇവിടെ പതിനായരത്തിനടുത്ത് ആളുകളുണ്ടായാല്‍ നമ്മള്‍ ആളുകള്‍ കൂടിപ്പോയി എന്ന് ആശങ്കപ്പെടും. ആളുകളെ കുറയ്ക്കണം എന്നാണ് പറയുന്നത്. റോട്ടര്‍ ഡാം മേളയുടെ ഉദ്ഘാടനം കണ്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകും, ഒന്നുമില്ല ഫെസ്റ്റിവല്‍ ഡയറക്ടര്‍ വേദിയില്‍ വരുന്നു ആ വര്‍ഷത്തെ മേളയെക്കുറിച്ചൊരു ആമുഖ ഭാഷണം നടത്തുന്നു, അത്ര മാത്രം. സദസിലിരിക്കുന്നവരെ പരിചയപ്പെടുത്തും. പിന്നെ ഓപ്പണിംഗ് ഫിലിം. പത്തോ പതിനഞ്ചോ മിനുട്ടില്‍ തീരും ഉദ്ഘാടന ചിത്രത്തിന് മുമ്പുള്ള ചടങ്ങുകള്‍. ഇവിടെയോ, മേളയ്ക്ക് വേണ്ടി ചെലവഴിക്കുന്നതില്‍ ഭൂരിഭാഗം പണവും ഉദ്ഘാടന-സമാപന ചടങ്ങുകള്‍ക്ക് വേണ്ടിയാണ്. എന്തിനാണ് ഉദ്ഘാടനവും സമാപനവുമൊക്കെ ആനയും അമ്പാരിയുമൊക്കെയായി നടത്തുന്നത്? . പൊളിറ്റിക്കല്‍ പ്രൊപ്പഗന്‍ഡയുടെ ഭാഗമായി ഐഎഫ്എഫ്‌കെ മാറുമ്പോഴാണ് ഇത്തരത്തില്‍ പ്രഖ്യാപിത ലക്ഷ്യമൊക്കെ മാറുന്നത്. ഇവിടെ സിനിമയ്ക്കല്ലല്ലോ പ്രാധാന്യം. സിനിമയ്ക്ക് പ്രാഥമിക പരിഗണന നല്‍കുമ്പോള്‍ മാത്രമാണ് മേള വളരുന്നത്. ആള്‍ക്കൂട്ടത്തെ ഉണ്ടാക്കിയെടുക്കാന്‍ വേണ്ടിയാണല്ലോ നമ്മുടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പല സ്ഥലത്തേക്കുമായി കൊണ്ടുപോയി മാമാങ്കമാക്കുന്നത്. ഭരണകക്ഷിയായ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രൊപ്പഗന്‍ഡയായി മാറിയിരിക്കുന്നു മേള.

ഇവിടെ ചലച്ചിത്ര അക്കാദമിയില്‍ ഇരിക്കുന്നവരായാലും ഇവിടെയുള്ള തലമുതിര്‍ന്ന നിരൂപകരായാലും സിനിമാ പ്രവര്‍ത്തകരായാലും ഇവരെല്ലാം വിചാരിക്കുന്നത് ഞങ്ങളാണ് ഭൂമി മലയാളത്തിലെ ഏറ്റവും വലിയ സിനിമാക്കാര്‍ എന്നാണ്. ഒന്നടങ്കം അങ്ങനെ വിചാരിക്കുന്നുമുണ്ട്. ഓരോരുത്തരോടായി അവര്‍ പരസ്പരം മത്സരിക്കുന്നുമുണ്ട്. ഒരാള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കുമ്പോഴും അവര്‍ക്കിടയില്‍ കടുത്ത മത്സരമുണ്ട്. പൊട്ടക്കിണറ്റിലെ തവളയുടെ കടിപിടിയാണ് അവിടെ നടക്കുന്നത്. അതിനിടയ്ക്കാണ് ഒരാള്‍ സിനിമയുമായി വരുന്നത്.

സംവിധായകന്റെ രാഷ്ട്രീയമാണ് ഈ സിനിമയ്‌ക്കെതിരായ ഭരണകൂട നീക്കങ്ങളില്‍ പ്രതിഷേധിക്കാന്‍ തടസമായതെന്ന് ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന ചിലരൊക്കെ എഴുതിക്കണ്ടു. അടുത്ത കാലത്ത് അഭിമുഖത്തില്‍ രാഷ്ട്രീയ സ്വത്വം ഇടതുപക്ഷത്താണ് എന്ന് താങ്കളും വ്യക്തമാക്കിയിരുന്നതാണ്. പക്ഷേ നോട്ട് നിരോധനത്തെ പിന്തുണച്ചുള്ള താങ്കളുടെ നിലപാടുകളില്‍ ഉള്‍പ്പെടെ ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്നവരില്‍ സംശയങ്ങളുണ്ടായിട്ടുണ്ട്.

എന്റെ രാഷ്ട്രീയ സ്വത്വം ഇടതുപക്ഷമാണെന്ന് ആവര്‍ത്തിക്കേണ്ടി വരികയെന്നത് തന്നെ നിസഹായതയാണ്. ജീവിതം കൊണ്ടും പ്രവര്‍ത്തന ശൈലി കൊണ്ടും ഞാന്‍ എവിടെ നില്‍ക്കുന്നുവെന്ന് എനിക്കും അറിയാം, എന്റെ കൂടെ നില്‍ക്കുന്നവര്‍ക്കും അറിയാം, ശത്രുക്കള്‍ക്കും അറിയാം. എന്നിട്ടും എന്നെ വേറൊരു പക്ഷത്ത് എന്നെ പ്രതിഷ്ഠിക്കുന്നത് മറ്റ് ചില ലക്ഷ്യങ്ങളിലൂന്നിയാണ്. വളരെ സങ്കടകരമാണ്. ഞാന്‍ എന്തു ചെയ്യുന്നുവെന്ന് കാണാതെ പതിനേഴ് വര്‍ഷം മുമ്പ് എബിവിപിയുടെ നേതാവാണ് എന്നതിനെ മുന്‍നിര്‍ത്തി ഇപ്പോഴും അതേ രാഷ്ട്രീയ പക്ഷത്താണെന്ന നുണ ആവര്‍ത്തിക്കുകയാണ്. നമ്മുടെ നാട്ടില്‍ ഒരേ ഒരു തരം രാഷ്ട്രീയമേ ഉള്ളൂ. പാരമ്പര്യ വാദം. കമ്മ്യൂണിസ്റ്റുകാരന്റെ മകന്‍ കമ്മ്യൂണിസ്റ്റുകാരനാണ്. കോണ്‍ഗ്രസുകാരന്റെ മകന്‍ കോണ്‍ഗ്രസുകാരനാണ്. ബിജെപിക്കാരന്റെ മകന്‍ എക്കാലവും ബിജെപിക്കാരന്‍. മതവും ഇതുപോലെയാണ് ഹിന്ദുവിന്റെ മകന്‍ ഹിന്ദു, മുസ്ലിമിന്റെ മകന്‍ മുസ്ലിം. അതില്‍ നിന്ന് മാറാന്‍ അനുവദിക്കാതിരിക്കുക എന്ന ലൈനിലാണ് കാര്യങ്ങള്‍. ഞാന്‍ ജനിച്ചപ്പോഴേ കമ്മ്യൂണിസ്റ്റുകാരനാണ് എങ്കില്‍ മാത്രമേ ആ പ്രത്യയശാസ്ത്രത്തെ പറ്റി പറയാനാകൂ എന്നതാണ് അവസ്ഥ. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഒരു രാഷ്ട്രീയമുണ്ടായിരുന്നുവെങ്കില്‍ അതില്‍ തുടര്‍ന്നാല്‍ മതി എന്ന രീതി. ജാതി വാദം പോലെ തന്നെയാണിത്. നീ ജനിച്ചത് ഇന്ന ജാതിയില്‍ ആണെങ്കില്‍ ആ ജാതിയില്‍ തന്നെയാണ് നിന്റെ സ്വത്വം എന്ന ലൈനില്‍. സങ്കുചിത ചിന്തയിലൂന്നിയ പാരമ്പര്യവാദമാണ് ഇത്. അതോടൊപ്പം നമ്മള്‍ പ്രഖ്യാപിത ഇടതുപക്ഷത്തല്ലെങ്കില്‍ കൂടെ നില്‍ക്കേണ്ടതില്ല എന്നത് കൂടിയാണ് ഇവിടെ പ്രതികരിക്കുന്നവരുടെ നിലപാട്. സിപിഐഎം അല്ലെങ്കില്‍ കൂടെ നില്‍ക്കില്ലെന്ന് ചുരുക്കം. മാര്‍ക്‌സിനെയോ ഏംഗല്‍സിനെയോ വായിച്ച് കമ്യൂണിസ്റ്റുകാരായവരൊന്നുമല്ല ഇവരിലേറെയും. അവരുടെ കമ്മ്യൂണിസം പിണറായി വിജയനെ സമ്പൂര്‍ണമായി പിന്തുണയ്ക്കലാണ്.

ഏതൊരു സിനിമാക്കാരനായാലും ശരി, എഴുത്തുകാരനായാലും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നാല്‍ മാത്രമേ രക്ഷയുള്ളൂ എന്നതുമുണ്ട്. അല്ലെങ്കില്‍ ന്യൂട്രലായ നിലപാട് എടുക്കണം. ഭരണകൂടത്തെ നേരിട്ട് വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അവരെ ഒറ്റപ്പെടുത്തുക എന്നൊരു ചരിത്രവുമുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിന്റെ സിനിമയുടെ സെന്‍സര്‍ ഷിപ്പ് ഒഴിവാക്കി നീ അനുഭവിച്ചോ എന്ന രീതിയിലാണ് എന്നെ കൈകാര്യം ചെയ്യുന്നത്. ഈ ഒറ്റപ്പെടുത്തല്‍ ഞാന്‍ ഉന്നയിച്ച രാഷ്ട്രീയ വിമര്‍ശനങ്ങളുടെ പേരില്‍ കൂടിയാണ്.

അതില്‍ പ്രധാനം നരേന്ദ്രമോഡി അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയ നോട്ട് നിരോധനത്തിനുള്ള പിന്തുണയല്ലേ?

നോട്ട് നിരോധനത്തെ മുന്‍നിര്‍ത്തി എന്നെ സംഘിയാക്കുന്നതില്‍ വലിയൊരു വിരോധാഭാസമുണ്ട്. പ്രോപ്പര്‍ട്ടിയില്‍ പബ്ലിക് പ്രോപ്പര്‍ട്ടിക്ക് കൂടുതല്‍ പ്രാധാന്യം വരുന്നൊരു സംഗതിയെയാണല്ലോ ഇടതുപക്ഷമെന്ന് പറയുന്നത്. മനുഷ്യന് ജീവിക്കാന്‍ ആവശ്യമുള്ള അത്രയും സംഗതികള്‍ ഭൂമിയില്‍ നിന്നെടുക്കുകയും ബാക്കിയുള്ളത് കൈവശം വയ്ക്കാന്‍ അവകാശമില്ലാതിരിക്കുകയും അത് സ്റ്റേറ്റിന്റെ അവകാശമായിരിക്കുകയും ചെയ്യുന്നതാണല്ലോ കമ്യൂണിസം വിഭാവനം ചെയ്യുന്നത്. നോട്ട് നിരോധനത്തില്‍ കമ്മ്യൂണിസത്തിന്റെ ചെറിയൊരു എലമെന്റ് ഉണ്ട്. നിങ്ങളുടെ കയ്യില്‍ സ്‌റ്റേറിനോട് വെളിപ്പെടുത്താത്ത ആസ്തി നിങ്ങടെ കയ്യില്‍ പാടില്ല. അതൊരു വലതു പക്ഷ സമീപനമായിരുന്നില്ല, ഇടതുപക്ഷ സമീപനമായിരുന്നു.

പക്ഷേ തുടക്കത്തില്‍ നോട്ട് നിരോധനത്തെ പിന്തുണച്ചവര്‍ പോലും നടപ്പാക്കല്‍ വേളയില്‍ അതിനെ തള്ളിപ്പറഞ്ഞത് മണ്ടന്‍ പദ്ധതിയെന്ന് തിരുത്തുന്നത് കണ്ടതാണ്. കള്ളപ്പണക്കാരെയല്ല സാധാരണക്കാരെയാണ് അത് കാര്യമായി വലച്ചത് എന്നുള്ളത് വെളിപ്പെടുകയുമുണ്ടായി. അപ്പോഴും താങ്കള്‍ മുന്‍നിലപാടില്‍ തന്നെ ആയിരുന്നു?

പ്രായോഗിക തലത്തില്‍ അത് പരാജയപ്പെട്ടുവെന്ന് പറയുന്നത് എങ്ങനെയാണ്. ഡിമൊണറ്റൈസേഷന്റെ നടപ്പാക്കല്‍ ഘട്ടം ഇപ്പോഴും അവസാനിച്ചെന്ന് പറയാനാകില്ല. പലരും രണണ്ടാം നാള്‍ സോഷ്യല്‍ പ്രഷറിന്റെ പുറത്ത് തള്ളിപ്പറഞ്ഞു. ഡിമൊണിറ്റൈസേഷന്‍ നടപ്പാക്കലിനെ കുറിച്ച് രണ്ടാം ദിവസമോ മൂന്നാം ദിവസമോ നിങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ പറ്റില്ല. ഇത് നടപ്പാക്കയതില്‍ കുറേയേറെ കുഴപ്പങ്ങളുണ്ട് എന്നത് എനിക്കും ബോധ്യമുണ്ട്. പറയുന്നത്ര പ്രശ്‌നങ്ങളുണ്ടെങ്കില്‍ തന്നെ ഇത് തികഞ്ഞ പരാജയമായിരുന്നില്ല. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ആരാണ് നടപ്പാക്കിയത്, അതിന്റെ ഗുണഫലങ്ങള്‍ ആര്‍ക്കൊക്കെയാണ് അനുഭവിക്കാനായത്, അതിനകത്ത് പല തരത്തിലുള്ള വിവേചനങ്ങള്‍ ഉണ്ടായിട്ടില്ലേ എന്നിവയിലൊക്കെ എനിക്കും തര്‍ക്കമില്ല. അതിനൊപ്പം തന്നെ ഇത് ആരെയാണ് സഹായിക്കുക എന്ന കാര്യത്തിലും സംശയമില്ല. ഒറ്റയടിക്ക് വന്നിരുന്നിട്ട് ഞാന്‍ ഇന്നലെ പറഞ്ഞതെല്ലാം തെറ്റായിരുന്നു എന്ന് പറയുന്നതില്‍ ഒരു ശരികേടുണ്ട്. നോട്ട് നിരോധനാന്തരം ഒരു പാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സ്റ്റേറ്റിന് പല കാര്യങ്ങളിലും ഒരു അതോറിറ്റി ഉണ്ടായിട്ടുണ്ട്. ജനാധിപത്യത്തിന്റെ ഭാഗമായുള്ള സംഗതിയെയാണ് ഞാന്‍ സ്റ്റേറ്റ് എന്ന് പറയുന്നത്, അല്ലാതെ മോഡിയുടെ കിംഗ്ഡത്തെയല്ല. ഏകാധിപത്യത്തിന് ദീര്‍ഘായുസില്ലെന്നും ജനാധിപത്യമാണ് നിലനില്‍ക്കുകയെന്നുമാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് പറയുമ്പോള്‍ ഇവിടെ വലിയ പ്രക്ഷോഭമുണ്ടാകുന്നു. സോഷ്യല്‍ സെക്യൂരിറ്റിയുടെ ഭാഗമായി ആളുകളെ തിരിച്ചറിയേണ്ടതുണ്ട്, ആളുകളുടെ സമ്പത്ത് എത്രയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആധാറിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ എനിക്ക് അത് മനസിലാകുന്നില്ല. ഓരോ രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ കൂടെ പാസ് പോര്‍ട്ട് കൊണ്ടുപോകേണ്ടി വരും. കണ്ണിന്റെ കൃഷ്ണമണിയുടെയും, രക്തത്തിന്റെയുമൊക്കെ വിവരം കൈമാറിയാണ് ഈ രാജ്യങ്ങളിലൊക്കെ പോകുന്നത്. യൂണിക് ആയി എന്നെ തിരിച്ചറിയാനുള്ള രേഖകള്‍ നല്‍കിയാണ് വിവിധ രാജ്യങ്ങളിലേക്ക് നമ്മുക്ക് സഞ്ചാര സ്വാതന്ത്ര്യം സാധ്യമാകുന്നത്. ഇത്രയേറെ ജനങ്ങള്‍ ഉള്ള നമ്മുടെ രാജ്യത്ത് ആധാര്‍ വരുമ്പോള്‍ തന്നെ കോലാഹലമാണ്. നമ്മുടെ എല്ലാ വിവരങ്ങളും വേറെ ആര്‍ക്കൊക്കെയോ വില്‍ക്കാന്‍ പോവുകയാണ് എന്നൊക്കെയാണ് പ്രചരണം. എനിക്ക് മനസിലാകുന്നില്ല ഈ പ്രചരണങ്ങളുടെ ലക്ഷ്യം. വാക്‌സിനെതിരായ പ്രചരണം പോലെയാണിത്. എനിക്കറിയാം. ഈ പറഞ്ഞത് മുന്‍നിര്‍ത്തിയും എന്നെ സംഘിയെന്ന് മുദ്രകുത്തി ഊട്ടിയുറപ്പിക്കാന്‍ കുറേ പേര്‍ മുന്നോട്ട് വരുമെന്ന്.

കേരളത്തിലടക്കം സംഘപരിവാര്‍ അധികാരം ഉറപ്പിക്കാന്‍ നോക്കുകയാണ്. സംഘിയാണെങ്കില്‍ എനിക്ക്് ഇവര്‍ക്കൊപ്പം നില്‍ക്കാമല്ലോ. സത്യസന്ധതയുള്ള ഒരു കലാകാരനും സംഘപരിവാറിനൊപ്പം നില്‍ക്കാനാകില്ല എന്നതുകൊണ്ട് കൂടെ നിര്‍ത്താന്‍ പറ്റുന്നവരെ അവര്‍ വ്യാപകമായി തെരയുന്നുണ്ട്.

ഇനി എന്ത് ചെയ്യും. സെന്‍സര്‍ ഷിപ്പ് റദ്ദാക്കപ്പെട്ടിരിക്കുന്നു, പൊതുപ്രദര്‍ശനം സാധ്യമല്ല. നിയമപരമായി നേരിടാനാണോ തീരുമാനം?

എന്തുകൊണ്ടാണ് സെക്‌സി ദുര്‍ഗ എല്ലാ കോണില്‍ നിന്നും വെല്ലുവിളി നേരിട്ടത് എന്ന ചോദ്യമുണ്ട്. ആ ചിത്രത്തിനെതിരെ അനീതിയുണ്ടാവുകയും അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ഞാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്റെ സിനിമയ്ക്ക് സെന്‍സര്‍ ലഭിച്ച സമയത്താണ് ഞാന്‍ ഗോവയില്‍ സിനിമ എടുത്തു മാറ്റിയതിനെതിരെ പ്രതിഷേധിക്കാനിറങ്ങുന്നത്. പിന്നീട് കോടതിയില്‍ നിന്ന് അനുകൂലമായ വിധി വരുന്നു. കോടതി തീരുമാനം നടപ്പാക്കണമെന്ന നിലപാടില്‍ ഞാന്‍ ഉറച്ചുനിന്നപ്പോഴാണ് അതിനെ അട്ടിമറിക്കാന്‍ ഭരണകൂടം സെന്‍സര്‍ഷിപ്പ് തന്നെ റദ്ദാക്കുന്നത്. ഇതൊക്കെ നമ്മുടെ നിലപാടിന്റെ പ്രശ്‌നമാണ്. നമ്മള്‍ ഭരണകൂടത്തിന് കീഴടങ്ങിക്കൊടുക്കണോ ഒത്തുതീര്‍പ്പിലെത്തണോ എന്നിടത്താണ് ഇനിയെന്ത് എന്ന ചോദ്യം നില്‍ക്കുന്നത്. എല്ലാ തന്ത്രവും പയറ്റി നിങ്ങളെ ഭരണകൂടം മലര്‍ത്തിയടിച്ചിരിക്കുന്നു, ഇനി നിങ്ങള്‍ എഴുന്നേറ്റ് നില്‍ക്കുമോ നീതി കിട്ടും വരെ പോരാടുമോ എന്നതാണ് ചോദ്യം. ഈ ചോദ്യം ഇന്ന് നേരിടുന്നത് ഞാനാണെങ്കില്‍ നാളെ ഒരു സമൂഹത്തോടാവും ചോദിക്കേണ്ടി വരിക. ആ ഘട്ടത്തിലാണ് നമ്മുടെ ജനാധിപത്യം ഭരണകൂടം വിഴുങ്ങിയെന്ന് മനസിലാവുക. അതുകൊണ്ട് തന്നെ ഇനിയെന്ത് എന്ന ചോദ്യം സമൂഹത്തോടാണ് ചോദിക്കേണ്ടത്. സെക്‌സി ദുര്‍ഗയുടെ കാര്യത്തില്‍ നേരത്തെ എത്താനിരിക്കുന്നതിനേക്കാള്‍ ആയിരം ഇരട്ടി ഊര്‍ജ്ജത്തില്‍ സിനിമ പ്രേക്ഷകരിലെത്തും എന്നതാണ് എന്റെ വിശ്വാസം.

മാധ്യമം ആഴ്ചപ്പതിപ്പ് ഡിസംബര്‍ 18 ലക്കം പ്രസിദ്ധീകരിച്ചത്