രാഷ്ട്രീയം-മതം-സ്ഥാപനവല്‍ക്കരിക്കപ്പെട്ട ആത്മീയത ഇവ പരാമര്‍ശിക്കുന്ന സിനിമകള്‍ ആക്രമിക്കപ്പെടുകയാണ്. ഹൈദറിന് പിന്നാലെ പികെ 
എന്ന ചിത്രത്തിനെതിരെ പ്രതിഷേധവും ആക്രമണവുമുണ്ടായി. കമേഴ്‌സ്യല്‍ പ്ലാ
റ്റ്‌ഫോമില്‍ നിന്നുകൊണ്ട് രാഷ്ട്രീയ-മത അവിശുദ്ധകൂട്ടുകെട്ടിനെതിരെയും ആള്‍ദൈവങ്ങള്‍ക്കെതിരെയും താങ്കളുടെ സിനിമ സംസാരിച്ചിരുന്നു. അന്നത്തെ സ്വാതന്ത്ര്യവും സാഹചര്യവും ഇല്ലാതായോ?

പി.കെ എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല അതുകൊണ്ട് ആ സിനിമയുമായി ബന്ധപ്പെട്ടൊരു തുറന്ന പ്രതികരണം സാധ്യമല്ല. എന്നാല്‍ എല്ലാ കാലത്തും ഇത്തരം അസഹിഷ്ണുതകളും സങ്കുചിതപ്രതികരണങ്ങളുമുണ്ടായിട്ടുണ്ട്. തലസ്ഥാനം ഇറങ്ങിയപ്പോള്‍ എനിക്ക് വധഭീഷണിയുണ്ടായിരുന്നു. എന്നാല്‍ ആള്‍ദൈവങ്ങളെ പ്രതിനായകരാക്കിയ ഏകലവ്യന്റെ സമയത്ത് അത്രയേറെ ഭീഷണികളുണ്ടായിരുന്നില്ല. ഇത്തരം പ്രമേയങ്ങളുമായി എത്തുമ്പോഴുള്ള പ്രതിഷേധങ്ങളുടെയും പ്രതികരണങ്ങളുടെയും സ്വഭാവം മാറി എന്നാണ് തോന്നിയിട്ടുള്ളത്. പികെയ്‌ക്കെതിരെയുള്ള പ്രതിഷേധം ശ്രദ്ധിച്ചാലറിയാം എല്ലാ സാഹചര്യങ്ങളെയും തങ്ങള്‍ക്ക് അനൂകൂലമാക്കി മുതലെടുക്കാനുള്ള സംഘടിത ശ്രമങ്ങളാണ് അരങ്ങേറുന്നത്. സിനിമയോ പ്രമേയമോ ഒന്നുമായിരുന്നില്ല യഥാര്‍ത്ഥ പ്രശ്‌നം. മറിച്ച് കുറേപ്പെരെ പ്രത്യേക മതവികാരമുയര്‍ത്തി കൂട്ടിയിണക്കാനും, സംഘടിപ്പിക്കാനും കിട്ടുന്ന അവസരത്തെ മുതലെടുക്കലായിരുന്നു. പികെ പ്രദര്‍ശനം നിര്‍ത്തണമെന്നോ തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കണമോ എന്നൊന്നും ഇക്കൂട്ടര്‍ ആഗ്രഹിച്ചു കാണില്ല. മറിച്ച് വികാരം പെരുപ്പിച്ച് തെരുവിലിറങ്ങാനും അക്രമം നടത്താനും കിട്ടുന്ന അവസരത്തിന്റെ ഉപയോഗപ്പെടുത്തലാക്കി സിനിമയെ മാറ്റി. രാഷ്ട്രീയപരവും മതപരവുമായ മുതലെടുപ്പാണ് ഇത്. ഏകലവ്യനും തലസ്ഥാനവും പോലുള്ള സിനിമ ഇനിയെഴുതുകയാണെങ്കില്‍ പ്രതിഷേധവും ആക്രമണവുമൊക്കെ കൂറെക്കൂടി ആസൂത്രിതവും സംഘടിതമായി മാറാന്‍ സാധ്യതയുണ്ട്. അന്ന് ഒരു തിയറ്ററിന് നേരെ മാത്രമാണ് ആക്രമണമുണ്ടായത്. മാധ്യമങ്ങളും ആ സമയത്ത് ഇത്രയേറെ വളര്‍ന്നിരുന്നില്ല. ഇന്നാണെങ്കില്‍ മാധ്യമങ്ങളിലൂടെയൊക്കെ ഈ പ്രതിഷേധങ്ങള്‍ക്ക് കിട്ടുന്ന മൈലേജ് വലുതാണ്.

> അസഹിഷ്ണുതകളോട് സമരസപ്പെടുന്ന തരത്തില്‍ ആവിഷ്‌കാരസ്വാതന്ത്ര്യം പരിമിതപ്പെട്ടില്ലേ, മത-രാഷ്ട്രീയ-അധികാരഇടങ്ങളിലെ സങ്കുചിതത്വത്തില്‍ കൂടുതല്‍ നിയന്ത്രണവിധേയമായില്ലേ രചനകള്‍, താങ്കള്‍ക്കും എഴുത്തില്‍ വലിയ ഇടവേള സംഭവിച്ചില്ലേ?

മതം രാഷ്ട്രീയത്തിന്റെ ഭാഗമായി മാറുകയോ രാഷ്ട്രീയത്തിന്റെ മതവല്‍ക്കരിക്കപ്പെടുക്കയോ ചെയ്യുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങള്‍ പല സമയങ്ങളിലായി പിറന്ന എന്റെ എല്ലാ സിനിമകളിലുണ്ട്. ആള്‍ദൈവങ്ങള്‍ തീര്‍ക്കുന്ന സാമൂഹ്യവിപത്തുകളും മിക്ക സിനിമകളിലും കാണാം.1990മുതല്‍ 2000 വരെയുള്ള കാലയളവിലാണ് ഞാന്‍ തുടര്‍ച്ചയായി സിനിമ ചെയ്തിരുന്നത്. 1992ല്‍ തലസ്ഥാനം,പിന്നെ സ്ഥലത്തെ പ്രധാന പയ്യന്‍സ്,എകലവ്യന്‍,മാഫിയ,കമ്മീഷണര്‍,ദി കിംഗ് ആറ് പടങ്ങള്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തിനുള്ളിലാണ് ചെയ്തത്. 97ല്‍ ലേലം,99ല്‍ പത്രം. പിന്നങ്ങോട്ട് എഴുത്തിന്റെ നൈരന്തര്യം നല്ല പോലെ കുറഞ്ഞു. എറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ,ഭരത്ചന്ദ്രന്‍,രൗദ്രം,കിംഗ് ആന്റ് കമ്മീഷണര്‍ എന്നീ സിനിമകളിലും അതാത് കാലത്തിന്റെ രാഷ്ട്രീയമാണ് പറഞ്ഞിരുന്നത്. കിംഗ് ആന്റ് ദ കമ്മീഷണര്‍ വലിയ സക്‌സസ് ആയ സിനിമയല്ലെങ്കിലും മതവും രാഷ്ട്രീയവും അധികാരവും കൂടിക്കലരുമ്പോഴുണ്ടാകുന്ന അപായസൂചനകളാണ് ആ സിനിമയും. അവസാന ചിത്രങ്ങളില്‍ വിഷയങ്ങള്‍ക്ക് തീവ്രത കുറഞ്ഞിട്ടുണ്ടെങ്കില്‍ അത് എന്നിലെ എഴുത്തുകാരന്റെ വീഴ്ച തന്നെയാണ്. ഞാന്‍ 2012ന് ശേഷം സിനിമയെടുത്തിട്ടില്ല. എഴുതാന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ മാറിയതോ, മാറിനില്‍ക്കുന്നതോ അല്ല. ഇനിയുണ്ടാകുന്ന എന്റെ സിനിമകളും എന്റെ ശൈലികളില്‍ തന്നെയായിരിക്കും. ഏകലവ്യന്‍ എഴുതുമ്പോള്‍ എനിക്ക് 32 വയസ്സാണ്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമ എഴുതാനിരിക്കുമ്പോള്‍ പഴയ അതേ ഫയര്‍ ഉണ്ടാകണമെന്നില്ല. നല്ല സിനിമയെഴുതാന്‍ തന്നെയാണ് ശ്രമിക്കുന്നത്. എനിക്ക് എഴുതാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ഇടവേളയുണ്ടായത്. എഴുതാനുള്ള മടിയാണോ ഭയമാണോ കാരണമെന്ന് അറിയില്ല.

ദൈനംദിനജീവിതത്തില്‍ നല്ലൊരു പങ്കും രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നവരാണ് കേരളസമൂഹം,പക്ഷേ നമ്മുടെ സാഹിത്യത്തിലും സിനിമയിലും
രാഷ്ട്രീയമില്ലാതായില്ലേ,നല്ലൊരു രാഷ്ട്രീയസിനിമ പോലും എടുത്തുകാണിക്കാന്‍ നമുക്കില്ല

> സമൂഹത്തിലുള്ളത് മാത്രമേ സിനിമയിലുണ്ടാകൂ.സമൂഹശരീരത്തില്‍ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയം സിനിമയിലുണ്ടാകണമെന്ന് ശഠിക്കാനാകില്ല. സമൂഹത്തിന്റെ രാഷ്ട്രീയമനസ്സിന് തീവ്രത കുറഞ്ഞിടത്താണ് സിനിമയുള്‍പ്പെടെ എല്ലാ ഇടങ്ങളിലും രാഷ്ട്രീയം ചര്‍ച്ചയാകാതെ പോയത്. ആദ്യകാലത്തെ മലയാളസിനിമകള്‍ എടുത്തുനോക്കൂ, നമ്മുടെ രാഷ്ട്രീയവും സമൂഹവും കുടുംബവ്യവസ്ഥയുമാണ് കൂടുതലായി പ്രതിനിധീകരിച്ചിരുന്നത്. കേരളത്തില്‍ മാത്രമുണ്ടായ നവോത്ഥാനത്തിന്റെ അനുരണനങ്ങള്‍ അന്നത്തെ സിനിമയില്‍ കണ്ടു. എഴുപതുകളിലാണ് പിന്നീടിങ്ങോട്ട് ഏറ്റവും ശക്തമായി രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്ന സിനിമകളുണ്ടായിരുന്നത്. അന്നത്തെ രാഷ്ട്രീയസാഹചര്യം തന്നെയായിരുന്നു അതിന് കാരണം. അടിയന്തരാവസ്ഥ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളാണ് അന്നത്തെ സിനിമകള്‍ക്ക് രാഷ്ട്രീയപ്രതലമുണ്ടാക്കിയത്. അധികാരം അതിന്റെ ഏറ്റവും ഭീകരമായ രൂപാന്തരത്തിലെത്തിനില്‍ക്കുമ്പോള്‍ അന്നുണ്ടായ സിനിമകള്‍ക്കും സാഹിത്യസൃഷ്ടികള്‍ക്കും മറ്റൊന്നും ചര്‍ച്ച ചെയ്യാനാകുമായിരുന്നില്ല. 1975ന് ശേഷം നമ്മുടെ രാഷ്ട്രീയം സഞ്ചരിച്ചത് ഐഡിയോളജിക്കലായ പാതയിലൂടെയല്ല. രാജ്യത്തിന്റെ രാഷ്ട്രീയത്തിലുണ്ടായ മാറ്റം അരാഷ്ട്രീയനിലപാടുകളിലേക്ക് ആളുകളെ കൊണ്ടെത്തിച്ചു. എല്ലാ പ്രസ്ഥാനങ്ങളിലും ആളുകള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. പ്രത്യയശാസ്ത്രത്തെക്കാള്‍ ഗോത്രം,മതം മറ്റ് കാര്യസാധ്യം എന്നിവയിലേക്ക് രാഷ്ട്രീയപ്രസ്ഥാനങ്ങളും ചുവട് മാറി. അരാഷ്ട്രീയതയിലേക്കുള്ള ഈ  അടിതെറ്റലാണ് പുതിയ കാലത്തിന്റെ രാഷ്ട്രീയത്തിലും സാഹിത്യത്തിലും സിനിമയിലും പ്രതിഫലിച്ചത്. ഇനി ഇപ്പോഴത്തെ ചെറുപ്പക്കാരുടെ മനസ്സില്‍ രൂപപ്പെടുന്ന രാഷ്ട്രീയം എന്താണെന്നറിയണമെങ്കില്‍ പത്തുവര്‍ഷത്തിനപ്പുറത്തെ സിനിമയും സാഹിത്യവും നമ്മള്‍ ശ്രദ്ധിക്കേണ്ടിവരും. ഈ തലമുറയ്ക്ക് പൊളിറ്റിക്‌സ് ദൂരെ നിന്ന് കാണുന്ന സംഗതിയായി മാറിക്കഴിഞ്ഞു. കാമ്പസുകളുടെ രീതി മാറി, കലാലയ  രാഷ്്ട്രീയം പാടില്ല എന്ന തീരുമാനമുണ്ടായി, രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യപ്പെടാത്ത ഇടമായി കാമ്പസുകള്‍ മാറി. വ്യക്തിയധിഷ്ഠിതമായ ജീവിതലക്ഷ്യങ്ങളിലേക്ക് ആളുകളെ എത്തിക്കുന്ന തരത്തില്‍ വിദ്യാഭ്യാസമ്പ്രദായത്തിനും മാറ്റം സംഭവിച്ചു. ഇതൊക്കെ തന്നെയാണ് സിനിമ രാഷ്ട്രീയം കൈവെടിയാനുണ്ടായ കാരണം. പൊതുലക്ഷ്യങ്ങളില്‍ നിന്ന് വ്യക്തിപരമായ ലക്ഷ്യങ്ങളിലേക്ക് ആളുകള്‍ ഉള്‍വലിഞ്ഞത് രാഷ്ട്രീയത്തിലും കലയിലും സിനിമയിലും പ്രതിഫലിച്ചു. ഫ്രെയിം ഓഫ് റഫറന്‍സില്‍ പൊളിറ്റിക്‌സില്‍ ഇല്ലാത്ത കാലത്ത് സിനിമ മാത്രം രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതെങ്ങനെയാണ്. സമൂഹത്തിന്റെ രാഷ്ട്രീയം സിനിമയില്‍ റിഫ്‌ളക്ട് ചെയ്യുകയോ ഉള്ളൂ,സിനിമയ്ക്ക് മാത്രമായൊരു രാഷ്ട്രീയമുണ്ടാക്കാനാകില്ല

 മുഖ്യധാരാ രാഷ്ട്രീയം പരിഗണിക്കാതെ പോയ,കണ്ടില്ലെന്ന് നടിച്ച വിഷയങ്ങളെ ചെറുഗ്രൂപ്പുകള്‍ ഏറ്റെടുക്കുകയും ചലനം സൃഷ്ടിക്കുകയുമുണ്ടായില്ലേ, മോറല്‍ പോലീസിംഗിനെതിരായ കിസ് ഓഫ് ലവ്, നില്‍പ്പ് സമരം ഉള്‍പ്പെടെയുള്ള ശ്രമങ്ങള്‍ മറ്റൊരു ധാരയിലൂടെയുള്ള രാഷ്ട്രീയത്തിന്റെ മടങ്ങിവരവാണല്ലോ? 

സദാചാര പോലീസിംഗിനെ ഞാന്‍ അനൂകൂലിക്കുന്നില്ല,അത് നിശിതമായി നേരിടേണ്ടത് തന്നെയാണ്. ഇവിടെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടു. ഇതിന്റെ പേരില്‍ കേരളത്തില്‍ സംഘടിതമായ സമരമോ പ്രകടനമോ ഉണ്ടായില്ല. ചുംബിക്കാനുള്ള അവകാശത്തിന് വേണ്ടി സംഘടിക്കുന്നവര്‍ക്ക,് തൊഴില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിനെതിരെ പ്രതികരിക്കാനാകുന്നില്ല. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ഒരു തൊഴില്‍നിയമത്തിന്റെയും സംരക്ഷണം കിട്ടാതെ പുറത്താക്കപ്പെടുമ്പോള്‍ പഌക്കാര്‍ഡുമായി പ്രതിഷേധിക്കുന്ന അഞ്ച് പേരെ പോലും നമ്മള്‍ കണ്ടില്ല. പക്ഷേ ചുംബിക്കാന്‍ നൂറ് കണക്കിനാളുകള്‍ തെരുവിലിറങ്ങി സമരം ചെയ്തു. ഒരു സമൂഹം അല്ലെങ്കില്‍ തലമുറ അതിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള സമരങ്ങള്‍ക്കോ, പ്രതികരണത്തിനോ തയ്യാറാകാതെ സൂപ്പര്‍ഫിഷ്യലായ കാര്യങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങുന്നു. ചെറുപ്പക്കാരുടെ കാഴ്ചപ്പാടുകള്‍ വ്യതിചലിക്കുമ്പോഴുള്ള ആശങ്കയാണ് ഞാന്‍ ഈ പറഞ്ഞുവരുന്നത്.

 ഐവി-ശശി ടി ദാമോദരന്‍ കൂട്ടുകെട്ടില്‍ ഇവിടെ മുഖ്യധാരാ രാഷ്ട്രീയത്തെ പ്രമേയത്തിലുള്‍പ്പെടുത്തിയ സിനിമകളുണ്ടായി. തൊഴില്‍ സമരങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജീര്‍ണ്ണതയും അധികാരതര്‍ക്കങ്ങളും തുടര്‍ച്ചയായി സിനിമയായി. ഷാജി കൈലാസ്-രണ്‍ജിപണിക്കര്‍ കൂട്ടുകെട്ടിലാണെങ്കിലും രണ്‍ജിപണിക്കര്‍-ജോഷി ടീം ആയാലും ഈ സിനിമകളുടെ ശൈലീതുടര്‍ച്ചയാണോ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. സിനിമയിലെ തന്റെ പിന്‍ഗാമിയെന്ന തരത്തില്‍ ദാമോദരന്‍ മാഷും താങ്കളെക്കുറിച്ച് പറഞ്ഞിരുന്നു.

ദാമോദരന്‍ മാഷുടെ സിനിമകളാണ് എനിക്ക് തിരക്കഥയെഴുതാനുളള പ്രചോദനവും ധൈര്യവും തന്നത്. ഐവി ശശി-ടി ദാമോദരന്‍ ശൈലിയിലുള്ള സിനിമയുണ്ടാക്കണം എന്ന് തീരുമാനിച്ച് തന്നെയാണ് ഞാനും ഷാജി കൈലാസും ഡോക്ടര്‍ പശുപതിക്ക് ശേഷം തലസ്ഥാനം എന്ന ചിത്രമുണ്ടാക്കിയത്. ഐവി ശശി-ടി ദാമോദരന്‍ കൂട്ടുകെട്ടിലെ  എല്ലാ സിനിമകളും എടുത്തുകാണുകയും ചെയ്തു. ദാമോദരന്‍ മാഷ് എഴുതിയത്ര നല്ല സിനിമകള്‍ ഞാന്‍ ഉണ്ടാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ സിനിമകളുടെ തുടര്‍ച്ചയാണ് എന്റെ സിനിമകള്‍ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ മഹാമനസ്‌കത കൊണ്ട് മാത്രമാണ്.  ഞാന്‍ തിരക്കഥയെഴുതിയതും സംവിധാനം ചെയ്തതും എല്ലാം കമേഴ്‌സ്യല്‍ സിനിമകളാണ്. വാണിജ്യസിനിമയില്‍ രാഷ്ട്രീയം പറയാന്‍ ശ്രമിച്ചു എന്ന് മാത്രമാണ് എനിക്ക് തോന്നിയിട്ടുള്ളത്. പൊളിറ്റിക്കല്‍ സിനിമയുടെ ഗണത്തിലേക്ക് വരുന്നവയാണ് ഞാനെടുത്ത സിനിമകള്‍ എന്ന അവകാശവാദം എനിക്കില്ല.

 ഒരുതരം അവിശ്വാസ്യത രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും പുലര്‍ത്തിക്കൊണ്ട് ബ്യൂറോക്രസിയില്‍ നിന്നൊരു ഹീറോയെ സൃഷ്ടിച്ചുകൊണ്ടുള്ള ഏകാധികാരസ്ഥാപനം, അരാഷ്ട്രീയതയാരുന്നില്ലേ ഫലത്തില്‍ താങ്കളുടെ എല്ലാസിനിമകളുടെയും ആകെത്തുക.

ഒരു രാഷ്ട്രീയകക്ഷികളോടും പൂര്‍ണ്ണമായ വിശ്വാസം നമ്മുടെ സാധാരണജനങ്ങള്‍ക്കുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. പാര്‍ട്ടി വിശ്വാസികള്‍ക്കുണ്ടാകും. പക്ഷേ പാര്‍ട്ടി വിശ്വാസികള്‍ എന്ന് പറയുന്നവര്‍ക്കും അതുണ്ടാകുന്നത് ഒരുപാട് കമ്മിറ്റ്‌മെന്റുകളുടെ ഭാഗമായാണ്. ഒരാള്‍ കമ്മ്യൂണിസ്റ്റുകാരനാകുന്നതും കോണ്‍ഗ്രസുകാരനാകുന്നതും അതില്‍ നിലനില്‍ക്കുന്നതുമൊക്കെ അയാളുടെ വിയോജിപ്പുകള്‍ മാറ്റിവച്ചാണ്. ഇവിടെ വിയോജിപ്പിനൊരു സ്‌പേസ് ഉണ്ട് എന്നതാണ് ഞാന്‍ സിനിമയില്‍ ഉപയോഗിച്ചത്. ഒരു രാഷ്ട്രീയകക്ഷിയെയും പൂര്‍ണ്ണമായും തള്ളിപ്പറയുകയല്ല ഈ സിനികളൊന്നും ചെയ്തത്. നിരാകരിച്ചുകൊണ്ടല്ലെങ്കിലും പല കാര്യങ്ങളിലും വിയോജിപ്പ് പ്രകടമാക്കിക്കൊണ്ടുള്ള ഒരു നിലപാടെടുക്കലായിരുന്നു ആ സിനിമ. രാഷ്ട്രീയപാര്‍ട്ടികളോടുള്ള വിശ്വാസം എന്നത് അപകടം പിടിച്ച ഒന്നാണ്. അവിടെ തര്‍ക്കത്തിനും വിയോജിപ്പിനും ചോദ്യം ചെയ്യാനുമെന്നും ഒരു ഇടമില്ല. രാഷ്ട്രീയത്തിലാണെങ്കിലും മതത്തിലാണെങ്കിലും വിശ്വാസിയാകുമ്പോള്‍ ഒരു ഇന്‍സ്റ്റിറ്റിയൂഷന്റെ നിയമാവലിക്ക് അകത്തുനിന്ന് കൊണ്ട് കാര്യങ്ങളോട് പ്രതികരിക്കാന്‍ ബാധ്യസ്ഥരാകും. ഒരു നിയമാവലിയോടും കൂറ് പ്രഖ്യാപിക്കാതെ നില്‍ക്കുന്നയാള്‍ക്കൊരു ജനാധിപത്യസ്വാതന്ത്ര്യമുണ്ടല്ലോ. പൂര്‍ണ്ണമായും ഒരു പാര്‍ട്ടിയോടും പ്രത്യയശാസ്ത്രത്വത്തോടും വിധേയത്വം പുലര്‍ത്തുന്ന സിനിമകളല്ലായിരുന്നു ഇതൊന്നും. ആ സിനിമകള്‍ക്ക് അതിന്റെതായ സ്വാതന്ത്ര്യം ഉണ്ട്്. വിയോജനത്തിനും വിമര്‍ശനത്തിനും

 വ്യവസ്ഥയ്‌ക്കെതിരെ സാധാരണക്കാരന്‍ പ്രതിഷേധവും പ്രതിരോധവും നടത്തുന്ന സിനിമകള്‍. രാഷ്ട്രീയ പരിഹാരമോ അത്തരമൊരു ചിന്ത അവശേഷിപ്പിക്കുകയോ അല്ല നെടുവീര്‍പ്പ് അല്ലെങ്കില്‍ ആശങ്ക പറഞ്ഞുപോകല്‍, അത്തരത്തിലായിരുന്നില്ലേ ഈ സിനിമകളത്രയും.

സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു തരത്തിലുള്ള പരിഹാരവും എന്റെ സിനിമകളിലുണ്ടായിരുന്നില്ല. ഏതെങ്കിലും രാഷ്ട്രീയ-സാമൂഹ്യസാഹചര്യത്തിന് പരിഹാരമുണ്ടാക്കലാണ് സിനിമയുടെ ലക്ഷ്യമെന്നും ഞാന്‍ കരുതുന്നില്ല. പരിഹാരമുണ്ടാക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല. കാരണം അങ്ങനെ രാഷ്ട്രീയപരിഹാരം നിര്‍്‌ദ്ദേശിക്കുക എന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. അതാത് കാലത്തെ രാഷ്ട്രീയത്തെ കുറച്ച് സറ്റയറിക്കലായി സമീപിക്കാന്‍ സിനിമയിലൂടെ ശ്രമിച്ചെന്ന് മാത്രം. നെടുവീര്‍പ്പ് എന്നത് വളരെ ദുര്‍ബലമാണ്. ഒരു നെടുവീര്‍പ്പിനോളം ദുര്‍ബലമാണ് എന്റെ സിനിമകളെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ്അവയെല്ലാം കുറേക്കൂടി ശബ്ദമുണ്ടാക്കിയ സിനിമകളാണ്. ഒരാള്‍ ഉള്ളിലേക്ക്് നിശ്വസിക്കുന്നതാണ് നെടുവീര്‍പ്പ്. എന്റെ സിനിമകളെല്ലാം ഉള്ളിലേക്കല്ല പുറത്തേക്കാണ് നിശ്വസിച്ചിട്ടുളളത്. ആ പ്രതികരണങ്ങളില്‍ എത്രമാത്രം അപാകതയുണ്ടായിരുന്നെങ്കിലും അവയെല്ലാം പുറത്ത് കേട്ടിട്ടുണ്ട്.

താങ്കളുടെ രാഷ്ട്രീയവും നിലപാടുകളുമായിരുന്നോ ഈ സിനിമകളിലെല്ലാം പറയപ്പെട്ടത് അതോ പ്രേക്ഷകഭൂരിപക്ഷത്തിന്റെ കയ്യടിലക്ഷ്യമിടുന്ന ചേരുവകളുണ്ടാക്കുകയെന്ന് ലക്ഷ്യമായിരുന്നോ?

സിനിമയായാലും നാടകമായാലും വേറെ എത് സൃഷ്ടിയാണെങ്കിലും എഴുതുന്നയാളുടെ രാഷ്ട്രീയം തന്നെയാണ് പുറത്തുവരിക. ഞാനെഴുതിയതൊന്നും വേറെ ആര്‍ക്കെങ്കിലും വേണ്ടിയോ,വേറെ ആരുടെയെങ്കിലും രാഷ്ട്രീയമോ ആയിരുന്നില്ല. അതെല്ലാം എന്റെ രാഷ്ട്രീയം തന്നെയാണ്. പിന്നെ ആ സിനിമകളിലെല്ലാം ഒരു രാഷ്ട്രീയനിലപാടിന്റെ തുടര്‍ച്ചയുണ്ടായിരുന്നു. എന്റെ നിലപാടുകള്‍ തന്നെയായിരുന്നു. നിലപാടുകള്‍ എന്ന് പറയുന്നതിനെക്കാള്‍ എന്റെ പ്രതികരണങ്ങള്‍ എന്ന് പറയുന്നതാവും ശരി. അതിനെ ഗ്‌ളോറിഫൈ ചെയ്യാനും വിശുദ്ധവല്‍ക്കരിക്കാന്‍ ഞാനില്ല. ഗ്‌ളോറിഫൈ ചെയ്യപ്പെടേണ്ട എന്തെങ്കിലും ആ സൃഷ്ടികള്‍ക്കുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നില്ല.

 അമിതാബ് ബച്ചന്റെ ആംഗ്രി യംഗ് മാന്‍ സിനിമകളുടെയും പിന്നീട് മലയാളത്തില്‍ ആവര്‍ത്തിച്ചതുമായി സ്‌റ്റേറ്റ് വേഴ്‌സസ് കോമണ്‍ മാന്‍ ഫോര്‍മുലകളിലായിരുന്നില്ലേ എല്ലാ സിനിമകളും 

സ്‌റ്റേറ്റ് വേഴ്‌സസ് കോമ്മണ്‍ മാന്‍ എന്നതിനേക്കാള്‍ കോമ്മണ്‍മാന്‍ വേഴ്‌സസ് സിസ്റ്റം എന്ന് പറയുന്നതാവും ഉചിതം. എന്റെ എല്ലാ സിനിമകളും അത്തരമൊരു ഫോര്‍മുലയില്‍ നിന്ന് തന്നെയാണ്. തിന്‍മയുടെ പ്രതീകമായ വില്ലനെ നന്മയുടെ പ്രതിനിധിയായ നായകന്‍ മലര്‍ത്തുന്ന അതിസാധാരണമായ ഫോര്‍മുലയിലുള്ള സിനിമകള്‍ തന്നെയായിരുന്നു ഞാന്‍ ചെയ്തതിലേറെയും. അതുകൊണ്ട് തന്നെയാണ് എന്റെ സിനിമകളെ പൊളിറ്റിക്കല്‍ സിനിമകളെന്ന് വിളിച്ച് ഗ്‌ളോറിഫൈ ചെയ്യേണ്ട കാര്യമില്ലെന്ന് പറയാന്‍ കാരണം. ഭരത് ചന്ദ്രന്‍ ഐപിഎസിനെ നോക്കൂ, റിയല്‍ ലൈഫില്‍ അങ്ങനെയൊരു കഥാപാത്രം അസംഭവ്യമായണ്. ഒരു പോലീസുദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ മന്ത്രിമാരെ കൊന്ന് നാട് നന്നാക്കാന്‍ പറ്റില്ലല്ലോ, മനസിലുള്ള ചില കാര്യങ്ങള്‍ പറയാന്‍ ഒരു കഥാപാത്രം അത്ര മാത്രം.

ഫലത്തില്‍ രാഷ്ട്രീയം പ്രമേയത്തിന്റെ ആകര്‍ഷണഘടകമാക്കി ചേര്‍ത്തുന്ന ഒരു എന്റര്‍ടെയിനര്‍ സീരീസ് ആയിരുന്നു ആ സിനിമകള്‍

എന്റര്‍ടെയിന്‍മെന്റിന് മാത്രമുണ്ടാക്കിയവ എന്ന് തീര്‍ത്തുപറയാനാകില്ല. കാരണം നല്ല എന്റര്‍ടെയിനര്‍ ഒരുക്കാന്‍ കഴിയുന്നയാളല്ല ഞാന്‍. മറിച്ച ഞാന്‍ ചെയ്ത സിനിമകള്‍ എന്റര്‍ടെയിനറായിരുന്നത് അതിന്റെ ആക്ഷേപഹാസ്യം സ്വഭാവം കൂടി പരിഗണിച്ചാകും. അല്ലാതെ ഡാന്‍സും പാട്ടും നിറച്ചുള്ള സിനിമകളായിരുന്നില്ലല്ലോ അവയൊന്നും. അതായത് എന്റര്‍ടെയിനര്‍ ശ്രേണിയിലുള്ള സിനിമകളുടെ പതിവ് ചേരുവകള്‍ ഞാന്‍ ചെയ്ത സിനിമകളില്‍ ഉപയോഗിച്ചിരുന്നില്ല. അത് ആ ഘടകങ്ങള്‍ സിനിമയില്‍ സ്‌പേസ് ഇല്ലാതിരുന്നതിനാലാണ് അല്ലാതെ വിരോധമുള്ളത് കൊണ്ടല്ല.

 കമേഴ്‌സ്യല്‍ പഌറ്റ് ഫോമിലും ഒരു രാഷ്ട്രീയ പ്രവചനസ്വഭാവം സിനിമകള്‍ക്കുണ്ടായിരുന്നു, സ്ഥലത്തെ പ്രധാനപയ്യന്‍സിലെ പള്ളിപൊളിക്കല്‍ തര്‍ക്കം,ഏകലവ്യനിലെ ആള്‍ദൈവവും അധികാരവും ചേരുന്ന അപകടാവസ്ഥ ഇവയൊക്കെ

92 ഡിസംബര്‍ രണ്ടിനാണ് സ്ഥലത്തെ പ്രധാനപയ്യന്‍സ് ചിത്രീകരണം പൂര്‍ത്തിയാകുന്നത്. അതേ മാസം ആറിന് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ബാബ്‌റി മസ്ജിദ് പൊളിക്കുന്നതിന് തൊട്ടുമുമ്പുള്ള പിരീഡ് എന്ന് പറയുന്നത് നിഷ്പക്ഷനായ ഒരു സാധാരണക്കാരനെ സംബന്ധിച്ച് പലതരം ആശങ്കളുണ്ടായ സമയമാണത്. ഞാനൊരു മതത്തില്‍ ഉള്‍പ്പെടുന്നയാളാണെങ്കില്‍ മതം രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റയും ഭാഗമാകുന്നത് അപകടമാണെന്ന് തിരിച്ചറിവുള്ളയാളാണ്. വിഭജനം ഇന്ത്യയുടെ സൈക്കിയിലുണ്ടായ ഒരു വിഭജനവും മുറിവുമുണ്ട് അതിന്റെ ആവര്‍ത്തനം തന്നെയാണ് ബാബ്‌റി മസ്ജിദ് പൊളിച്ചപ്പോഴും സംഭവിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യപരിസരത്ത് തുടര്‍ന്നുണ്ടായ അപായങ്ങളെല്ലാം ബാബ്‌റി മസ്ജിദ് ഉണ്ടാക്കിയ ആഘാതത്തിന്റെ തുടര്‍ച്ചയിലാണ്. ഈ അന്തരീക്ഷത്തെ ആശങ്കയോടെ കാണുന്ന സാധാരണക്കാരന്റെ പ്രതികരണമാണ് സ്ഥലത്തെ പ്രധാനപയ്യന്‍സില്‍ കണ്ടത്. 1947ല്‍ സ്ഥാപിതമായ ഹിന്ദുസ്ഥാന്‍ കോളനിയില്‍ നടക്കുന്ന കഥയായാണ് പയ്യന്‍സ് ഒരുക്കിയിരിക്കുന്നത്. കോളനിയിലെ പള്ളി പൊളിക്കുന്നതും രണ്ട് മതവിഭാഗങ്ങള്‍ക്കിടയിലെ ഭിന്നതയുമായിരുന്നു പ്രമേയം. ആ സിനിമയില്‍ അങ്ങനെയൊരു അന്തരീക്ഷവും നിലപാടും സ്വീകരിക്കുന്നതിന് കാരണം ബാബ്‌റി മസ്ജിദ് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ തന്നെയാണ്.

 പി എ ബക്കര്‍-പവിത്രനും ഉള്‍പ്പെടെ സിനിമയിലേക്ക് ലയിപ്പിച്ച തീവ്രരാഷ്ട്രീയധാരയ്ക്ക് തുടര്‍ച്ചയില്ലാതായതായും ടി ദാമോദരനും രണ്‍ജി പണിക്കരുമെല്ലാം ഇടതുപക്ഷത്തെ കടന്നാക്രമിച്ച് വലതുപക്ഷചായ്‌വിലേക്ക് നീങ്ങുകയായിരുന്നു എന്ന് വിലയിരുത്തല്‍ ഉണ്ടയിട്ടുണ്ട് ?

എനിക്ക് എന്റെ സിനിമകളെക്കുറിച്ച് മാത്രമേ പറയാനാകൂ. എന്റെ സിനിമകള്‍ക്ക് അങ്ങനെ വലതുപക്ഷത്തേക്കോ ഇടത് പക്ഷത്തേക്കോ ചായ്വ് ഉണ്ടായിരുന്നില്ല. നേരത്തെ സൂചിപ്പിച്ച കോമ്മണ്‍മാന്‍ വേഴ്‌സസ്് സിസ്റ്റം എന്ന ഫോര്‍മുലയിലൂന്നിയ സിനിമകള്‍ മാത്രമായിരുന്നു അവ. ഒരു നായക കഥാപാത്രത്തെ വളരെ ഡെലിബറേറ്റായി സൃഷ്ടിക്കുകയും അയാളിലൂടെയും അയാള്‍ ഇടപെടുന്ന സാഹചര്യങ്ങളിലൂടെയും ചില വിഷയങ്ങള്‍ പറയുകയാണ് ചെയ്തത്. ഞാന്‍ ഒരു സിനിമയിലും ഒരു കഥയുണ്ടാക്കി അതിലേക്ക് കഥാപാത്രങ്ങളെ കൊണ്ടുവരികയല്ല ചെയ്തിരുന്നത്. ഞാന്‍ എഴുതണമെന്ന് ആഗ്രഹിച്ച സിനിമകള്‍ മാത്രമാണ് എഴുതിയിട്ടുള്ളത്. എഴുതണമെന്ന് വിചാരിച്ച കാര്യങ്ങളും അതേ പടി
സിനിമയിലുണ്ടായി. എന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമൊക്കെയാണ് ആ സിനിമകളുടെ ഉള്ളടക്കം.

ലീഡര്‍ കെ കരുണാകരനോടുള്ള ആരാധന, പിണറായിയോട് മൗനം, വി എസ് അച്യുതാന്ദനോട് എകപക്ഷീയമായ ആക്രമണം, സിനിമയില്‍
നിഷ്പക്ഷതയെക്കാള്‍ കൃത്യമായ അജണ്ടകളിലായിരുന്നു സിനിമകള്‍

കെ കരുണാകരനോട് എനിക്ക് വ്യക്തിബന്ധമുണ്ടായിരുന്നിട്ടും അദ്ദേഹത്തെ വിമര്‍ശിക്കാതിരുന്നിട്ടില്ല. സ്ഥലത്തെ പ്രധാനപയ്യന്‍സ് നോക്കിയാലറിയാം അതില്‍ തിരുത്തല്‍വാദത്തെ ഉള്‍പ്പെടെ നന്നായി വിമര്‍ശിച്ചിട്ടുണ്ട്. അതിന് ശേഷമുണ്ടായ സിനിമയില്‍ കരുണാകരന്റെ ഛായ തോന്നിക്കുന്ന കഥാപാത്രത്തെ ഗ്‌ളോറിഫൈ ചെയ്യപ്പെട്ടിട്ടുണ്ട്. വ്യക്തിപരമായ ബന്ധമോ വിധേയത്വമോ ഒന്നുമല്ല ഇതിനു പിന്നില്‍.

രൗദ്രം എന്ന ചിത്രം വി.എസ് അച്യുതാനന്ദനെ ടാര്‍ജറ്റ് ചെയ്തുള്ള സിപിഎമ്മിന്റെ ഔദ്യോഗിക പക്ഷത്തെയും പിണറായിയെയും വാഴ്ത്തുന്നതിനുള്ള ശ്രമമെന്ന വിമര്‍ശനമുണ്ടായി?

എനിക്ക് ഏറ്റവും അസഹിഷ്ണുത തോന്നിയ കാര്യത്തില്‍ നിന്നാണ് രൗദ്രം ഉണ്ടാകുന്നത്. അതുവരെ കേരളരാഷ്ട്രീയത്തില്‍ ഒരു നേതാവും ഇത്രമേല്‍ വിഗ്രഹവല്‍ക്കരിക്കപ്പെട്ടില്ല. അതിന് പിന്നില്‍ വളരെ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. അതൊരു ഓര്‍ക്കസ്‌ട്രേറ്‌റഡ് ആയ വിഗ്രഹവല്‍ക്കരണമായിരുന്നു. ആ അപകടത്തെക്കുറിച്ചാണ് രൗദ്രത്തിലൂടെ പറഞ്ഞത്. എന്റെ വ്യക്തിപരമായ ബന്ധമോ വിരോധമോ ഒന്നും ഈ വിഷയത്തിലുണ്ടായിരുന്നില്ല. 2005ന് ശേഷം ഒരു നേതാവിനെ എല്ലാത്തിന്റെ ശരി എന്ന തരത്തില്‍ ഒരു വിഗ്രഹമാക്കി അവരോധിക്കാന്‍ കരുതിക്കൂട്ടിയുള്ള കാമ്പയിന്‍ കേരളത്തില്‍ നടന്നു അതിനെതിരെ തന്നെയാണ് ആ സിനിമ. ആ വിഗ്രഹവല്‍ക്കരണം ശരിയല്ലെന്നും സാധുവല്ലെന്നും തോന്നിയതിനാണ് രൗദ്രം ഒരുക്കിയത് അച്യുതാന്ദന്‍ ആണ് എന്ന് ഞാന്‍ പറഞ്ഞില്ലെങ്കിലും ആ സിനിമ റിലീസായ ദിവസം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായി. സ്വാഭാവികമായും ആ സിനിമയിലെ കഥാപാത്രം ഐഡന്റിഫൈ ചെയ്യപ്പെടുന്നതിന് ആ പ്രതികരണം കാരണമായി. എഴുതുമ്പോള്‍ കഥയും കഥാപാത്രങ്ങളും ഉണ്ടാക്കാവുന്ന ഇംപാക്ടുകളെക്കുറിച്ച് കൃത്യമായ ബോധ്യം എനിക്കുണ്ട്. രൗദ്രം എഴുതുമ്പോഴും ഇതേ ബോധ്യമുണ്ടായിരുന്നു. അല്ലാതെ അറിയാതെ അബദ്ധത്തില്‍ എഴുതിപ്പോയ സിനിമയല്ല അത്. എനിക്ക് സിനിമ റിലീസ് ചെയ്തതിന് ശേഷം ആശങ്ക ഉണ്ടാവുകയല്ല, ആശങ്ക തീരുകയാണ് ചെയ്യാറ്

തിരക്കഥാകൃത്തില്‍ നിന്ന് സംവിധായകന്‍ കൂടിയായി മാറിയിട്ടും, കൂടുതലായി ഒന്നും ചെയ്യാനായില്ല എന്ന് തോന്നിയിട്ടുണ്ടോ ഫലത്തില്‍ സ്വാതന്ത്ര്യം കൂടുതല്‍ ലഭിക്കുകയല്ലേ ഉണ്ടായത്. 

എല്ലാ സ്വാതന്ത്ര്യവുമുണ്ടായിട്ടും എഴുതാത്തത് എന്താ എന്ന് ചോദിച്ചാല്‍,ആഗ്രഹമില്ലാഞ്ഞിട്ടല്ല. അതേ സമയം തന്നെ എനിക്കെന്തോ വലിയ സോഷ്യല്‍ കമ്മിറ്റ്‌മെന്റ് ഉള്ളത് കൊണ്ടല്ല സിനിമയെഴുതുന്നത് എന്ന് കരുതരുത്. തിരക്കഥയ്ക്കും സംവിധാനത്തിനും നല്ല കാശ് കിട്ടും എന്ന് കൊണ്ട തന്നെയാണ് ആ ജോലി ചെയ്യുന്നത്. നല്ല പൈസാ ചോദിച്ച് വാങ്ങിക്കാന്‍ പറ്റിയ കാലമാണ് കഴിഞ്ഞുപോയത് എന്ന ബോധ്യവുമുണ്ട്. എന്റെ എഴുത്തിലുള്ള എന്റെ വിശ്വാസരാഹിത്യം തന്നെയാണ് തിരക്കഥയിലും സംവിധാനത്തിലും ഇടവേളയുണ്ടാകാന്‍ കാരണം. അല്ലാതെ പൈസാ കിട്ടുന്ന ഒരു കാര്യം വേണ്ടെന്ന് വയ്ക്കുമോ

പ്രകടമായ സ്ത്രീവിരുദ്ധത താങ്കളുടെ എല്ലാ സിനിമകളിലും കാണാം, ദി കിംഗിലും കമ്മീഷണറിലും പ്രജയിലും നായകന്റെ ഹീറോയിസത്തിന് വേണ്ടിയായിരുന്നു നായികാകഥാപാത്രങ്ങള്‍. സംഭാഷണങ്ങളില്‍ സ്ത്രീവിരുദ്ധതതയുടെ പരമ്പര ഉണ്ടായിരുന്നു 

സ്ത്രീവിരുദ്ധത ഡെലിബറേറ്റ് ആയി ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാല്‍ എനിക്ക് അംഗീകരിക്കാനാകില്ല, നമ്മുടെ സമൂഹത്തില്‍ ഈ പറഞ്ഞ സ്ത്രീവിരുദ്ധതകളെല്ലാം നിലനില്‍ക്കുന്നുണ്ട്. സിനിമയില്‍ അത് റിഫ്‌ളെക്ട് ചെയ്‌തെന്ന് മാത്രം. നമ്മുടെ നാട്ടിലെ പെണ്ണുങ്ങളെല്ലാം സ്ത്രീധനം നല്‍കി കല്യാണം കഴിക്കാന്‍ തയ്യാറാകുന്നവരാണ്. അവിടെയൊന്നും സ്ത്രീവിരുദ്ധത നമ്മുടെ സ്ത്രീസമൂഹത്തെ ബാധിച്ചതായി ഞാന്‍ കണ്ടിട്ടില്ല. കേരളത്തിലെ അറുപത് ശതമാനം വിവാഹങ്ങളെങ്കിലും വിലപേശലിലൂടെ നടക്കുന്നതാണ്. അങ്ങനെ ഫിക്‌സഡ് ഡെപ്പോസിറ്റും ഒരു വീടും കൊടുത്തൊരു പുരുഷന്റെ കൂടെ കിടന്നുറങ്ങി അയാള്‍ടെ ഗര്‍ഭമേറ്റുവാങ്ങാനുള്ള മനസ്ഥിതി നമ്മുടെ നാട്ടിലുള്ള സ്ത്രീകള്‍ക്കില്ലേ. നീ വേറൊരു  വീട്ടില്‍ പോയി ജീവിക്കേണ്ടവളാണ് എന്ന് പെണ്‍മക്കളെ പറഞ്ഞുപഠിപ്പിക്കുന്നത് അച്ഛനും അമ്മയുമാണ് ഇതില്‍ ഇല്ലേ സ്ത്രീവിരുദ്ധത. അടിമുടി സ്ത്രീവിരുദ്ധമായ സമൂഹത്തില്‍ നിന്നുകൊണ്ടാണ് നമ്മള്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. പെണ്‍കുട്ടിയോട് അടക്കവും ഒതുക്കവും വേണം എന്ന് ശഠിക്കുന്ന അടിസ്ഥാനആശയത്തില്‍ നിന്ന് നമ്മുടെ പൊതുസമൂഹമോ, സ്ത്രീസമൂഹമോ വളര്‍ന്നിട്ടില്ല,അത് പൊതിഞ്ഞുപിടിക്കുന്നതില്‍ സാമര്‍ത്ഥ്യമുണ്ടായി എന്നല്ലാതെ.ഇത്തരമൊരു സമൂഹത്തില്‍ ഇല്ലാത്ത ഒന്നും തന്നെ അധികപ്പറ്റായി എന്റെ സിനിമയിലും ഇല്ല.

 അവിടെ സ്വതന്ത്രമായൊരു നിലപാടും രാഷ്ട്രീയവും രണ്‍ജി പണിക്കര്‍ എന്ന തിരക്കഥാകൃത്തിന് സാധ്യമല്ലേ, സമൂഹത്തിന്റെ സ്ത്രീവിരുദ്ധമനസ്സ് സിനിമയിലുണ്ടായി എന്നത് ന്യായീകരണം മാത്രമല്ലേ

നായകന്റെ ഹീറോയിസത്തിന് വേണ്ടി സംഭാഷണങ്ങളും കഥാപാത്രങ്ങളും സ്ത്രീവിരുദ്ധമായിട്ടുണ്ടാകും. കിംഗിലും കമ്മീഷണറിലും പ്രജയിലും നിങ്ങള്‍ സ്്ത്രീവിരുദ്ധത ആരോപിക്കുമ്പോള്‍ പത്രം എന്ന ചിത്രവും മഞ്ജുവാര്യരുടെ കഥാപാത്രവും കാണാതെ പോകുന്നതെന്താ,ആ സിനിമയിലെ സ്ത്രീയുടെ മേല്‍ക്കോയ്മ കാണാത്തത് എന്താണ്. അവിടെ പുരുഷവിരുദ്ധതയെന്ന വിമര്‍ശനമുണ്ടാകാത്തതെന്താ,രണ്‍ജി പണിക്കര്‍ ഒരു പുരുഷപക്ഷവാദിയാണെങ്കില്‍ എനിക്ക് അങ്ങനെ എഴുതാനാകില്ലല്ലേ. സന്ദര്‍ഭത്തിന് അനുയോജ്യമായ സംഭാഷണങ്ങള്‍ എന്ന് മാത്രമേ ഉള്ളൂ. കോണ്‍ഫ്‌ളി
ക്ടുകളില്‍ നിങ്ങള്‍ എന്തിനാണ് ലിംഗനിര്‍ണ്ണയം നടത്തുന്നത്. എന്തിനാണ് എല്ലാത്തിനെയും ലിംഗാടിസ്ഥാനത്തില്‍ കാണുന്നത്.

 മീഡിയാ കാനിബാളിസം അഥവാ മാധ്യമനരഭോജിത്വം എന്നൊരു പ്രയോഗം ദി കിംഗ് ആന്‍ഡ് ദ കമ്മീഷണറിലുണ്ട്. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് ചലച്ചിത്രരംഗത്തെത്തിയ ആളാണ് രണ്‍ജിപ്പണിക്കര്‍. മാധ്യമത്തെ അന്തിമഇടപെടലിനും അന്തിമനീതിക്കുമുള്ള വേദിയായാണ് പലപ്പോഴും പരിഗണിച്ചിരുന്നത്. രാഷ്ട്രീയത്തോടുള്ള അതേ അവിശ്വാസ്യത താങ്കള്‍ മാധ്യമങ്ങളുടെ കാര്യത്തിലും പുലര്‍ത്തുന്നുണ്ടോ

മാധ്യമങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ഒരു സിസ്റ്റത്തെക്കുറിച്ച് സിനിമയെടുക്കുമ്പോള്‍ മാധ്യമങ്ങളെ മാത്രം പുറത്തുനിര്‍ത്തേണ്ടതുണ്ടോ. മാധ്യമങ്ങള്‍ക്ക് അവരുടേതായ താല്‍പ്പര്യങ്ങള്‍ എന്നുമുണ്ടായിരുന്നു. അതുകൊണ്ട് മാധ്യമങ്ങളെ ഒഴിച്ചുനിര്‍ത്തിയുള്ളൊരു വിമര്‍ശനം എനിക്ക് സിനിമയില്‍ സാധ്യമായിരുന്നില്ല. ജുഡീഷ്യറിയെ നിര്‍ഭാഗ്യവശാല്‍ പബഌക് റിവ്യൂവിന് നമ്മുടെ വ്യവസ്ഥകള്‍ അനുവദിക്കുന്നില്ല. ജുഡീഷ്യറിയെ പൊളിച്ചെഴുതുന്ന ഒരു സിനിമ സാധ്യവുമല്ല അല്ലെങ്കില്‍ അത്തരമൊരു സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടില്ല. മാധ്യമധാര്‍മ്മികതയെക്കുറിച്ചുള്ള പൊതുധാരണ വച്ചാണ് ആ വിമര്‍ശനങ്ങള്‍ ഉണ്ടായിരിക്കുന്നത്. മീഡിയാ കാനിബാളിസം എന്ന പ്രയോഗം ഞാനും വേറെവിടെയും കണ്ടിട്ടില്ല. മനുഷ്യനെ പച്ചയ്ക്ക് അറുത്ത് ചോരകുടിക്കുന്ന സംസ്‌കാരത്തിലേക്ക് നമ്മുടെ മാധ്യമങ്ങള്‍ എത്തുന്ന അവസ്ഥയെ വിശേഷിപ്പിക്കാന്‍ ആ പ്രയോഗം മാത്രമാണ് എനിക്ക് കണ്ടെത്താനായത്. മാധ്യമ നരഭോജിത്വം എന്നത് യാഥാര്‍ത്ഥ്യമാണ്. നമ്മുടെ പുതിയ മാധ്യമശൈലിയുടെ കാലത്ത് അത് ഏതൊരാളുടെയും ആശങ്കയുമാണ്. പിന്നെ മാധ്യമപ്രവര്‍ത്തകന്റെ കണ്ണിലൂടെയല്ല, ഒരു സാധാരണക്കാരന്റെ കണ്ണിലൂടെയാണ് ഞാന്‍ രാഷ്ട്രീയത്തെയും മാധ്യമങ്ങളെയും സിനിമയില്‍ സമീപിച്ചത്. ലേലം എന്ന സിനിമയില്‍ പള്ളിയെയും മതാധ്യക്ഷന്‍മാരെയും വിമര്‍ശിക്കുന്നുണ്ട്. ആ സിനിമ കടുത്ത സെന്‍സര്‍ഷിപ്പ് നേരിട്ടു. ചിത്രത്തിലെ ഒരു റീല്‍ എടുത്തുമാറ്റാനാണ് അന്ന് ആവശ്യപ്പെട്ടത്. ബിഷപ്പ് കള്ളുക്കച്ചവടക്കാര്‍ മധ്യസ്ഥം പറയുന്ന രംഗമുള്‍പ്പെടുന്ന റീല്‍ എടുത്തുകളയാനാണ് പറഞ്ഞത്. നേരാ തിരുമേനീ ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല എന്ന സംഭാഷണമൊക്കെ ആ ഭാഗത്താണ്. ഏറെ ഫൈറ്റ് ചെയ്തിട്ടാണ് അത് മറികടന്നത്.

 മുരളി ഗോപിയുടെ രചനയില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ആ സിനിമയിലെ പ്രമേയവും കഥാപാത്രങ്ങളുടെ ഛായയും കൊണ്ട് വിവാദങ്ങളിലായിരുന്നു. ടി.ദാമോദരന്‍-രണ്‍ജി പണിക്കര്‍ സിനിമകളുടെ ഫോര്‍മാറ്റിനെ അവതരണത്തില്‍ പിന്തുടര്‍ന്ന സിനിമയായിരുന്നു അത്. 

ഞാന്‍ ആ സിനിമയില്‍ ഒട്ടും ഇംപ്രസഡ് ആയിട്ടില്ല. പക്ഷേ ആ സിനിമ ഒരു ഇംപാക്ടും ഉണ്ടാക്കിയിട്ടില്ല. ആ സിനിമ ഉദ്ദേശിച്ചത് അല്ലെങ്കില്‍ അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടത് വലിയൊരു പ്രേക്ഷകരിലേക്ക് എത്തിയില്ല എന്ന് വേണം കരുതാന്‍. ആ സിനിമയുടെ ഉദ്ദേശ്യലക്ഷ്യം എന്തായിരുന്നു എന്നത് അണിയറപ്രവര്‍ത്തകര്‍ക്കേ പറയാന്‍ സാധിക്കൂ.

ചലച്ചിത്രതാരത്തില്‍ കവിഞ്ഞ പ്രതിഛായ ആദ്യഘട്ടത്തില്‍ സുരേഷ് ഗോപിക്ക് ലഭിച്ചത് പൊതുതിന്മകള്‍ക്കെതിരെ പോരാടുന്ന കഥാപാത്രങ്ങളില്‍ നിന്നാണ്. ഭരത് ചന്ദ്രനൊക്കെ സുരേഷ് ഗോപിയെ സോഷ്യല്‍ പഌറ്റ്‌ഫോമിലേക്ക് കൂടുതല്‍ സ്വീകാര്യനാക്കിയിട്ടുമുണ്ട്. സുരേഷ് ഗോപിയുടെ രാഷ്ട്രീയപ്രവേശം എങ്ങനെയാണ് കാണുന്നത്? സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരനില്‍ പ്രതീക്ഷയുണ്ടോ 

സുരേഷ് ഗോപിയുടെ സിനിമയിലെ രാഷ്ട്രീയവും ജീവിതത്തിലെ രാഷ്ട്രീയവും ചേര്‍ത്തുവയ്‌ക്കേണ്ടതില്ല. സിനിമയില്‍ മറ്റൊരാള്‍ സൃഷ്ടിച്ച കഥാപാത്രത്തിന്റെ രാഷ്ട്രീയത്തെയും നിലപാടുകളും പ്രതിനിധീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഭരത് ചന്ദനെന്ന കഥാപാത്രത്തെയാണ് അവിടെ നമ്മള്‍ കണ്ടത് സുരേഷ് ഗോപിയെ അല്ല. എന്നാല്‍ സുരേഷ് ഗോപിയുടെ ഇമേജിന് ആ സിനിമകള്‍ റെപ്രസന്റ് ചെയ്ത രാഷ്ട്രീയവും, ആ രാഷ്ട്രീയത്തിന്റെ ജനപ്രിയതയും ഗുണമുണ്ടാക്കിയിട്ടുണ്ട്. മറ്റൊരാള്‍ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യത തുടക്കത്തില്‍ കിട്ടിയിട്ടുമുണ്ട്.അതുകൊണ്ട് ആ സിനിമകളിലെ രാഷ്ട്രീയം ആയിരിക്കണം അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്ന് പ്രതീക്ഷിക്കാനാകില്ല. സുരേഷ് ഗോപി ഇനി പ്രതിനിധാനം ചെയ്യുന്ന രാഷ്്ട്രീയപാര്‍ട്ടിയെയും പ്രായോഗിക രാഷ്ട്രീയത്തില്‍ സഞ്ചരിക്കുന്ന വഴികളെ ആശ്രയിച്ചാവും ജനങ്ങള്‍ അദ്ദേഹത്തിലെ രാഷ്ട്രീയക്കാരന് മാര്‍ക്കിടുക.

പി കെ എന്ന സിനിമയുടെ വിവാദ പശ്ചാത്തലത്തില്‍ 2015ല്‍ രണ്‍ജി പണിക്കരുമായി സംസാരിച്ചത്‌