സോളോയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് ബിജോയ് നമ്പ്യാര്‍, പിന്നെങ്ങനെയാണ് തിയറ്റര്‍ പതിപ്പില്‍ ഒരു നിര്‍മ്മാതാവ് മാത്രം അറിഞ്ഞ് ക്ലൈമാക്‌സ് മാറ്റുന്നത് ?
‘സോളോ’യ്ക്ക് മുന്‍പ് മൂന്ന് നാല് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ആ പ്രോജക്ടുകളുടെയൊക്കെ പിന്നില്‍ വമ്പന്‍ നിര്‍മ്മാതാക്കളാണ് ഉണ്ടായിരുന്നത്. പക്ഷേ ഇത്തരത്തിലൊരനുഭവം ഇതുവരെ നേരിട്ടിട്ടില്ല. ഇത്തരത്തിലൊന്ന് എനിയ്ക്ക് സങ്കല്‍പിക്കാന്‍പോലും ആകില്ലെന്നതാണ് യാഥാര്‍ഥ്യം. ഒരു സിനിമയുടെ നിര്‍മ്മാണത്തില്‍ ഭാഗഭാക്കായ നൂറിലേറെപ്പേര്‍ അറിഞ്ഞില്ലെങ്കിലും ഒരു നിര്‍ണായക തീരുമാനം അതിന്റെ സംവിധായകനെങ്കിലും അറിയേണ്ടേ? നിര്‍മ്മാതാവും സംവിധായകനും ചേര്‍ന്നെടുക്കേണ്ട തീരുമാനമാവണ്ടേ അത്തരത്തിലൊന്ന്? പക്ഷേ ‘സോളോ’യുടെ കാര്യത്തില്‍ ആ തീരുമാനം എന്റെ അറിവോടെയോ സമ്മതത്തോടെയല്ലോ അല്ല കൈക്കൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ സംവിധായകന്‍ മാത്രമായിരുന്നില്ലല്ലോ ഞാന്‍. മറിച്ച് സഹനിര്‍മ്മാതാവ് കൂടിയാണ്. അതിനാല്‍ വ്യക്തിപരമായി ഏറെ വേദനിപ്പിക്കുന്നതായി നടപടി.
മലയാളിയാണെങ്കിലും മൂന്ന് ബോളിവുഡ് ചിത്രങ്ങള്‍ക്ക് ശേഷമാണ് മലയാളത്തില്‍ സിനിമ ചെയ്യുന്നത്, തമിഴിലും മലയാളത്തിലും ഒരുമിച്ച് റിലീസ് ചെയ്ത സിനിമയില്‍ മലയാളം ക്ലൈമാക്‌സ് മാത്രമാണ് മാറ്റം വരുത്തിയത്. ഇനിയുള്ള സിനിമയുടെ കാര്യത്തില്‍ ഇതൊരു മുന്നറിയിപ്പ് ആയിട്ടുണ്ടോ?
എന്നെ ഞെട്ടിച്ചുകളഞ്ഞു ഇത്. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ സ്വന്തം സിനിമയ്ക്കുമേല്‍ കൂടുതല്‍ സെക്യൂരിറ്റി ഏര്‍പ്പെടുത്താന്‍ എന്നെ സ്വാഭാവികമായും പ്രേരിപ്പിക്കുന്നു ഈ സംഭവം. ‘സോളോ’യില്‍ അതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ക്കെല്ലാം വിശ്വാസമുണ്ടായിരുന്നു. ഇത്തരത്തില്‍ ഒരു അഭിപ്രായം നിര്‍മ്മാതാവിന് ഉണ്ടായിരുന്നെങ്കില്‍ അത് നേരത്തേ പറയണമായിരുന്നു. ചര്‍ച്ച ചെയ്യാമായിരുന്നു. ഇപ്പോള്‍ റിലീസിന് ശേഷം ഇങ്ങനെയൊന്ന് ചെയ്യണമെങ്കില്‍പ്പോലും അതൊരു ചര്‍ച്ചയ്ക്ക് ശേഷമല്ലേ തീരുമാനിക്കാന്‍ പാടുള്ളൂ?
ഇനിയൊരു സിനിമ ചെയ്യുമ്പോള്‍ ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ എന്ത് ചെയ്യും? സോളോ സംവിധായകന്‍ ആഗ്രഹിച്ച വേര്‍ഷന്‍ പ്രേക്ഷകരെ തുടര്‍ന്ന് കാണിക്കാന്‍ എന്ത് ചെയ്യാനാണ് ആലോചന?
ഇനി ചെയ്യുമ്പോള്‍ നിര്‍മ്മാതാവിന് ഇത്തരത്തിലൊരു ‘അവസരം’ ഞാന്‍ കൊടുക്കില്ല. അതിലും നല്ലത് സിനിമ ചെയ്യാതിരിക്കുകയാണ്. ഇത്രയും ബുദ്ധിമുട്ടി സിനിമ ചെയ്യുമ്പോള്‍ ആര്‍ക്കും എവിടെയും വെട്ടാം എന്ന സ്ഥിതിയാണെങ്കില്‍ പിന്നെ എന്താണ് കാര്യം? പിന്നെ പുതുതായെന്തെങ്കിലും പ്രേക്ഷകര്‍ക്ക് കൊടുത്താല്‍ അവരത് അംഗീകരിക്കാന്‍ സമയമെടുക്കുമെന്നാണ് വിശ്വാസം. പ്രദര്‍ശനം ഉടനടി അവസാനിപ്പിക്കുന്നതിന് പകരം അത്തരം സിനിമകള്‍ക്ക് ‘ശ്വസിക്കാന്‍’ അല്‍പം സമയം കൊടുക്കണം. ഇപ്പോഴും എന്റെ ശ്രമം ‘ഒറിജിനല്‍’ തീയേറ്ററുകളില്‍ തിരികെ എത്തിക്കാനാണ്. വിഷയത്തെ നിയമപരമായി സമീപിച്ച് നിര്‍മ്മാതാവിനെതിരേ പോര്‍വിളി മുഴക്കാനൊന്നും ഞാനില്ല. സിനിമയുടെ താല്‍പര്യം മാത്രമാണ് എന്റെ വിഷയം.
സിനിമ തീര്‍ച്ഛയായും സംവിധായകന്റെ മാധ്യമമാണ്. സര്‍ഗാത്മകമായ ഒരു മാധ്യമം. സംവിധായകന്റെ ദര്‍ശനം മാത്രമല്ല, മറിച്ച് ആ ദര്‍ശനത്തില്‍ വിശ്വസിച്ച് ഒരു സിനിമയ്ക്കുവേണ്ടി ഒരുമിക്കുന്ന അനേകം പേരുടേതാണ് ആ കല. അഭിനേതാവോ സാങ്കേതിക വിഭാഗങ്ങളിലെ ആളുകളോ ആരായാലും. സംവിധായകനെ വിശ്വാസത്തിലെടുത്ത് അയാള്‍/ അവള്‍ വിഭാവനം ചെയ്യുന്ന സിനിമ തങ്ങളാലാവുംവിധം ഏറ്റവും മികച്ചതാക്കാനാണ് ഓരോരുത്തരും അധ്വാനിക്കുന്നത്. കൂട്ടായ അധ്വാനമാണത്. ആ മുന്നോട്ടുപോക്കില്‍ തിരക്കഥയാണ് ബൈബിള്‍. തിരക്കഥയുടെ രചനാവേള മുതല്‍ ആരംഭിക്കുന്ന ‘വീക്ഷണ’ത്തിന് ഏതെങ്കിലും തരത്തിലുള്ള തകരാര്‍ ഏല്‍പ്പിക്കുന്ന ഒരു ‘ഇടപെടല്‍’ നടത്തുന്നു, നടത്തേണ്ടിവരുന്നു എന്ന് കരുതുക. പക്ഷേ അപ്പൊഴും കൂട്ടായി എടുക്കുന്ന ഒന്നാവണ്ടേ ആ തീരുമാനം?
പ്രേക്ഷകരുടെ ക്ലൈമാക്‌സിനോടുള്ള പ്രതികരണം കണക്കിലെടുത്ത് സോളോയെ രക്ഷിക്കാന്‍ വേറെ മാര്‍ഗമില്ലാത്തതിനാല്‍ ചെയ്തതാണെന്നാണ് നിര്‍മ്മാതാവ് പറയുന്നത്?
ആ ‘കട്ടി’ന് ശേഷം സിനിമ കണ്ടവര്‍ക്കറിയാം, യുക്തിഭദ്രമല്ല ഇപ്പോഴത്തെ ക്ലൈമാക്സ്. ഇതേക്കുറിച്ച് കൂടുതല്‍ സംസാരിക്കണമെന്നുണ്ട് എനിയ്ക്ക്. പക്ഷേ പറഞ്ഞതുതന്നെ ധാരാളമെന്നും കരുതുന്നു. ദുല്‍ഖര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് എല്ലാം വിശദീകരിക്കുന്നുണ്ട്. ഇനി ഒരു ചലച്ചിത്രകാരനും ഇത്തരത്തിലൊരനുഭവം ഉണ്ടാവാതിരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. എല്ലാ ചലച്ചിത്രകാരന്മാര്‍ക്കും ഒരു പാഠമാകട്ടെ ഇത്.
പണം മുടക്കുന്നയാളാണ് നിര്‍മ്മാതാവെന്ന് എനിക്കറിയാം. അത്തരം കാര്യങ്ങളോട് നിഷേധാന്മക സമീപനമുള്ള ഒരാളല്ല ഞാന്‍. എന്റെ നിര്‍മ്മാതാവിന് നഷ്ടമുണ്ടാവണമെന്ന് തീര്‍ച്ഛയായും ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ‘നഷ്ടം’ നികത്തേണ്ടത് സിനിമയെ കശാപ്പ് ചെയ്തിട്ടല്ല. എനിക്ക് ഒരു തരത്തിലും അംഗീകരിക്കാനാവില്ല അത്. സിനിമകളുടെ ക്രമം മാറ്റണമെന്ന് എന്നോട് നേരത്തേ ആവശ്യപ്പെട്ടിരുന്നുവെന്നാണ് നിര്‍മ്മാതാവ് മാധ്യമങ്ങളില്‍ പറയുന്നത്. ശരിയാണ്, അത്തരത്തിലൊരു ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. പക്ഷേ അല്‍പം കാത്തിരിക്കാനാണ് അദ്ദേഹത്തോട് ഞാന്‍ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച വരെ നോക്കാമെന്ന് പറഞ്ഞു. അതും ഞാന്‍ പറഞ്ഞിരുന്നു. അതിന് തെളിവുമുണ്ട്. ഞാന്‍ നിര്‍മ്മാതാവിന് അയച്ച മെസേജ്. ആ നിര്‍ദേശം അദ്ദേഹത്തിന് അന്ന് സ്വീകാര്യവുമായിരുന്നു. പക്ഷേ ഇപ്പോള്‍ സംഭവിച്ചത് എന്താണ്? വെപ്രാളപ്പെട്ട് എന്റെ സിനിമയെ കശാപ്പ് ചെയ്യുകയായിരുന്നു