മൂന്നാം വരവിലും രാജീവ് രവി ക്യാമറ തിരിയ്ക്കുന്നത് തന്റെ ചുറ്റുപാടുകളിലേക്കാണ്. എറണാകുളം ഒരു നഗരമായി വളര്‍ന്നുവന്നപ്പോള്‍ ആ മണ്ണിന്റെ യഥാര്‍ഥ ഉടമകള്‍ എങ്ങനെ അരികുവല്‍ക്കരിക്കപ്പെട്ടെന്ന് പുതിയ ചിത്രത്തിലൂടെ പറയുന്നു അദ്ദേഹം. താന്‍ കൂടി വളര്‍ന്നുവന്ന ‘കമ്മട്ടിപ്പാടം’ എന്ന എറണാകുളം ബസ്സ്റ്റാന്‍ഡ് പരിസരത്തുണ്ടായിരുന്ന സ്ഥലത്ത് ജീവിച്ച ഒരു കൂട്ടം മനുഷ്യരുടെ ചരിത്രമാണ് പുതിയ ചിത്രം. തന്റെ ബാല്യകാല സ്മരണകളിലുള്ള മനുഷ്യര്‍ ഒരു നഗരം വളര്‍ന്നുവന്നപ്പോള്‍ എങ്ങനെ പൊടുന്നനെ അപ്രത്യക്ഷരായെന്ന് പറയുന്നു രാജീവ് രവി.

മുഖ്യധാരയില്‍ ഇടമില്ലാത്ത ഓരങ്ങളിലെ മനുഷ്യര്‍, കറപ്റ്റഡായ സിസ്റ്റം, ഇടനിലക്കാരും മാഫിയകളും, ഭരണകൂടം ക്രിമിനലുകളാക്കി മാറ്റുന്ന നിസ്വരായ മനുഷ്യര്‍.. മൂന്ന് സിനിമകള്‍ക്കും രാഷ്ട്രീയതുടര്‍ച്ചയുണ്ടല്ലോ?

എന്റെ ചുറ്റുമുള്ള സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും മനുഷ്യരും ദിനംപ്രതി നടക്കുന്ന സംഭവങ്ങളുമൊക്കെയാണ് ഞാന്‍ സിനിമയാക്കാന്‍ ആഗ്രഹിക്കുന്നത്. അവയോടുള്ള എന്റെ റിയാക്ഷന്‍ തന്നെയാണ് എന്റെ സിനിമ. എനിക്ക് ഏറ്റവും ഇഷ്ടമുള്ള മാധ്യമം ഡോക്യുമെന്ററിയാണ്. ഡോക്യുമെന്ററി ചെയ്താണ് ഞാന്‍ ഈ മീഡിയം പഠിച്ചിരിക്കുന്നത്. എനിക്ക് റിയലിസത്തോടാണ് കൂടുതല്‍ താല്‍പ്പര്യം. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അത് ഒരുപക്ഷേ എന്റെ സോഷ്യല്‍ കമ്മിറ്റ്‌മെന്റിന്റെ ഭാഗമായിരിക്കാം. അത് തന്നെയാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. എനിക്ക് ഈസിയായി വഴങ്ങുന്നത് റിയലിസമാണ്. അങ്ങനെയല്ലാതെ സംവിധാനം ചെയ്യാന്‍ താല്‍പ്പര്യം തോന്നിയിട്ടുമില്ല. പ്രായമൊക്കെ കൂടുമ്പോള്‍ നമുക്ക് കൃത്യമായ കാഴ്ചപ്പാടൊക്കെ രൂപപ്പെട്ട് വരേണ്ട സമയമാണല്ലോ. റിയലിസമാണ് ഈ കാലഘട്ടത്തില്‍ നമ്മള്‍ കാണിക്കേണ്ടത്. നമ്മുടെ ചുറ്റും നടക്കുന്നത് നമ്മള്‍ എക്‌സ്പ്രസ് ചെയ്യുക. അത് വലിയ മാറ്റത്തിന് വേണ്ടിയല്ല, പക്ഷേ ചുറ്റുമുള്ളവരെങ്കിലും അത് അറിയട്ടെ. എന്റെ കാഴ്ചകളുടെയും നിരീക്ഷണങ്ങളടെയും തുടര്‍ച്ചയാണ് സിനിമയിലും സംഭവിക്കുന്നത്. വിന്‍സെന്റ് വാന്‍ഗോഗ് റിയലിസത്തിലേക്ക് വന്നത് അങ്ങനെയാണ്. അയാള്‍ ഒരു ഖനിയില്‍ പോകുന്നു. സുന്ദരമായ ചിത്രങ്ങള്‍ക്ക് പകരം ഖനിയില്‍ തൊഴിലെടുക്കുന്നവരുടെ ചിത്രമാണ് വാന്‍ഗോഗ് വരച്ചത്. യാഥാര്‍ത്ഥ്യങ്ങളെയാണ് നമ്മള്‍ പിന്തുടരേണ്ടത്.

‘കമ്മട്ടിപ്പാടം’ തന്നെ നോക്കൂ, ആ സിനിമ തുടങ്ങുന്നത് 1978-79 കാലയളവിലാണ്. അത് ഞാന്‍ എഴുതിക്കാട്ടിയിട്ടൊന്നുമില്ല. അടിയന്തരാവസ്ഥ തീര്‍ന്ന് നില്‍ക്കുന്ന സമയമാണ്. സ്റ്റേറ്റിന്റെ വയലന്‍സ് കണ്ടറിഞ്ഞ ജനതയാണ് ജീവിക്കുന്നത്. വയലന്‍സ് ആദ്യമായി അഴിച്ചുവിടുന്നത് സ്‌റ്റേറ്റ് ആണ്. സ്‌റ്റേറ്റ് കുത്തിവച്ച വയലന്‍സില്‍ നിന്നാണ് പിന്നീടുള്ള വയലന്‍സ് ഉണ്ടാകുന്നത്. എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ. അധിനിവേശം എന്ന് തുടങ്ങിയോ അന്ന് മുതല്‍ ഇത് തന്നെയാണ് നടക്കുന്നത്.

സിനിമ നമുക്ക് എത് രീതിയിലും എടുക്കാം. ഈ കാലഘട്ടത്തില്‍ നമ്മള്‍ എങ്ങനെ സിനിമയെ സമീപിക്കുന്നു എന്നതിലാണ് കാര്യം. ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്, ‘എന്റര്‍ടെയിന്‍മെന്റ്’ എന്ന വാക്കില്‍ തന്നെ ഞാന്‍ വിശ്വസിക്കുന്നില്ല. ബോളിവുഡ് താരങ്ങളൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. ഞങ്ങള്‍ എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയില്‍ നിന്നാണെന്ന്. ആരെയാണ് ഇത് എന്റര്‍ടെയിന്‍ ചെയ്യുന്നത്? ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചും പറയുന്നില്ല. എവിടെയും ഇരകള്‍ സാധാരണ മനുഷ്യരാണ്. അത് എന്ത് കാര്യമെടുത്താലും അങ്ങനെയാണ്.

സാധാരണക്കാരന്റെ ആശകളെയല്ലേ നമ്മുടെ നായകന്‍മാര്‍ കോട്ടിട്ടും കൂളിംഗ് ഗ്ലാസ് വച്ചും മഫ്‌ളര്‍ വച്ചും ആഘോഷിക്കുന്നത്. അതൊക്കെ കണ്ട് പ്രേക്ഷകര്‍ കൊള്ളാം എന്ന് വിശ്വസിച്ച് വീട്ടില്‍ പോകുന്നതാണ്. അതാണല്ലോ ഇത്രയും നാളും വിറ്റുകൊണ്ടിരിക്കുന്നത്. ഇതേ വില്‍ക്കുകയുള്ളൂ, ഈ ഫോര്‍മുലയേ സാധിക്കൂ എന്നല്ലേ വിപണി നമ്മളെ പഠിപ്പിക്കുന്നത്.

ദളിത് മുന്നേറ്റത്തിന് ആഹ്വാനമൊക്കെ ഉണ്ടാകുമ്പോഴും നമ്മുടെ സിനിമയില്‍ ദളിത് പ്രതിനിധാനം അത്യപൂര്‍വമാണ്. കമ്മട്ടിപ്പാടത്തില്‍ പുലയ സമുദായത്തെ അവരുടെ ആചാരങ്ങളിലൂടെയും അവര്‍ നേരിട്ട അടിച്ചമര്‍ത്തലുകളിലൂടെയും കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്.

ഈ മനുഷ്യരുടെ കഥയും ആരെങ്കിലും പറയണ്ടേ. ഈ സമുദായത്തില്‍ ഉള്ള ചിലര്‍ എന്നെ കഴിഞ്ഞ ദിവസം രാത്രി വിളിച്ചു. വളരെ ഇമോഷണലായാണ് അവര്‍ സംസാരിച്ചത്. നിങ്ങളെങ്കിലും ഉണ്ടല്ലോ എന്നാണ് ഒരാള്‍ പറഞ്ഞത്. അതൊക്കെ തന്നെയാണ് ഈ സിനിമ തരുന്ന വലിയ സന്തോഷം. എല്ലാ കാലവും എല്ലാവരും ഈ പാവം മനുഷ്യരെ ചവിട്ടി അരച്ചിട്ടല്ലേ ഉള്ളൂ. എന്റെ ഓര്‍മ്മകളിലെല്ലാം ഈ വിഭാഗത്തോട് മോശമായി പെരുമാറുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഞാനുമൊരു പ്രിവിലേജ്ഡ് അല്ലേ. ഞാനൊരു സവര്‍ണ്ണനാണ്. എന്റെ തൊലിയുടെ നിറം വെളുത്തതാണ്. എനിക്ക് കിട്ടാവുന്ന സൗകര്യങ്ങളെല്ലാം കിട്ടുന്നുണ്ട്. ഞാന്‍ ജാതീയതയെക്കുറിച്ച് പറയുമ്പോള്‍ അത് സഹതാപമെന്ന രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുക. ഞാന്‍ ഒന്നും ചെയ്യാതിരുന്നതിന്റെ പേരില്‍ എനിക്കുണ്ടാകുന്ന കുറ്റബോധമെന്ന രീതിയില്‍ കൂടിയാണ് ഇതിനെ കാണേണ്ടത്.

നമ്മളാരാ ഇത് പറയാന്‍ എന്നതും കണ്‍ഫ്യൂസിംഗ് ആയ ചോദ്യമാണ്. പക്ഷേ അതിനേക്കാള്‍ ഞാന്‍ ഭയന്നത് നിങ്ങളാരാ ഞങ്ങളെക്കുറിച്ച് ഇതൊക്കെ പറയാന്‍ എന്ന ചോദ്യമാണ്. പക്ഷേ അതുണ്ടായില്ല. ദളിതരായ മനുഷ്യര്‍ ഇന്നും ഇതേ വിവേചനം നേരിടുന്നതുകൊണ്ടാണ് സിനിമ കണ്ട് വൈകാരികമായി അവര്‍ പ്രതികരിക്കുന്നത്. കരഞ്ഞുകൊണ്ട് എന്നോട് സംസാരിച്ചവരുണ്ട്. എനിക്ക് സന്തോഷം ആ മനുഷ്യരുടെ സ്വീകാര്യത കിട്ടുന്നതില്‍ തന്നെയാണ്. ദളിത് ആക്ടിവിസ്റ്റും നാടകക്കാരനുമായ എന്റെ ഒരു സുഹൃത്ത് പറഞ്ഞു. വര്‍ഷങ്ങളായി അയാള്‍ ഇങ്ങനെയൊന്ന് പറയാന്‍ ശ്രമിക്കുകയായിരുന്നു, സാധിച്ചിരുന്നില്ല എന്ന്. പുലയരുടെ മാത്രമല്ല എല്ലാ ദളിത് വിഭാഗങ്ങളും നേരിടുന്ന വിവേചനമാണ് നമ്മള്‍ പറയാതെ പോകുന്നത്. ജാതിയുടെ പേരില്‍ മാത്രമല്ല നിറത്തിന്റെ പേരിലും അവര്‍ ഇപ്പോഴും ഒറ്റപ്പെടുന്നുണ്ട്.

എണ്‍പതുകളിലൊക്കെ പഴയതുപോലെ തന്നെയുണ്ടായിരുന്നു ജാതിവിവേചനം. മാര്‍ക്കറ്റ് ഓപ്പറേറ്റര്‍മാരായി വിപണിയിലേക്ക് കണ്ണ് മാറിയപ്പോള്‍ ഇവരെയെല്ലാം ഒരു സൈഡിലേക്ക് അങ്ങ് തട്ടിത്തെറിപ്പിച്ചു. പുലയ സമുദായത്തില്‍ ജനിച്ചവരുടെ വീട്ടില്‍ നിന്ന് വെള്ളം കുടിക്കാത്തവരൊക്കെ ഇപ്പോഴും ഉണ്ട്. സായിപ്പും മദാമ്മമാരുമൊക്കെ ഇവിടെ വന്ന് റിസര്‍ച്ച് ചെയ്ത് പുസ്തകമെഴുതിയപ്പോഴാണ് നമ്മുടെ ഹിപ്പോക്രിസി പുറത്തുചാടിയത്.

ഈ ഹിപ്പോക്രിസി തന്നെയാണ് സെന്‍സര്‍ ബോര്‍ഡ് ഇടപെടലിലും ഉണ്ടായത് എന്നാണോ?

നമ്മള്‍ ഇത്രയുംകാലം അത്രമാത്രം ജാതീയത പേറി നടന്നവരാണെന്ന് വെളിപ്പെടുമ്പോള്‍ നമ്മുടെ റേസിസം മറച്ചുവയ്ക്കാനുള്ള ഹിപ്പോക്രിസിയാണ് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ഉണ്ടായത്. കഴിഞ്ഞ ദിവസം വരെ ‘ആ പെലയന്‍’, ‘ആ പെലക്കള്ളി’, ‘എടാ പെലയന്മാരോടൊപ്പം കളിക്കല്ലെടാ’ എന്നൊക്കെ പറഞ്ഞവരാണ് ആ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാകുന്നത്.

പഹ്‌ലാജ് നിഹലാനിയുടെ നേതൃത്വത്തിലുള്ള സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ ദേശീയ തലത്തില്‍ തന്നെ വിവാദമായതാണ്. ഹന്‍സല്‍ മേത്തയുടെ ‘അലിഗഡും’ ‘ആംഗ്രി ഇന്ത്യന്‍ ഗോഡസു’മെല്ലാം സാംസ്‌കാരിക മൂല്യത്തിന് കളങ്കമെന്ന പേരില്‍ വെട്ടിമുറിക്കുകയും ചെയ്തു. സമാന അനുഭവമാണ് കേരളത്തിലുമെന്ന് തോന്നുന്നുണ്ടോ?

ഈ സെന്‍സര്‍ ബോര്‍ഡിനെ വച്ച് ഇനി എങ്ങനെ മുന്നോട്ടു പോകും എന്നതിലാണ് ആശങ്ക. അടുത്ത പടവുമായി ചെല്ലുമ്പോള്‍ ഇവര്‍ പറയുന്നത് വേറെ എന്തെങ്കിലും നീക്കം ചെയ്യാനായിരിക്കും. അനുരാഗ് കശ്യപ് ഈയിടെ ഒരു കാര്യം ചോദിച്ചു. സിഗരറ്റ് സ്‌മോക്കിംഗ് പാടില്ല എന്നതുപോലെ വണ്ടി സ്പീഡില്‍ ഓടിക്കരുത് എന്ന കാരണം കാട്ടി ചെയ്‌സ് സീക്വന്‍സ് ഒഴിവാക്കാന്‍ ആവശ്യപ്പെടുമോ എന്ന്. ഓരോന്നോരോന്നായി നിയന്ത്രിച്ചുകൊണ്ട് വരികയാണ്. അടിയന്തരാവസ്ഥ പോലൊരു സിറ്റ്വേഷന്‍ തന്നെയാണ് സെന്‍സര്‍ഷിപ്പിലൂടെ സംഭവിക്കുന്നത്.

റിയലിസ്റ്റിക് സിനിമ എന്നത് ദുഷ്‌കരമാകില്ലേ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ കൂടുമ്പോള്‍?

റിയലിസ്റ്റിക് ശ്രമങ്ങള്‍ ഇംപോസിബിളായി വരും. പക്ഷേ അത് ചെയ്യുക എന്നതാണല്ലോ നമ്മുടെ കടമ. അതാണല്ലോ പ്രതിരോധം. അപ്പോഴല്ലേ ഒരു ത്രില്‍ വരൂ. ചുമ്മാ പാട്ടുംപാടി നടന്നിട്ട് കാര്യമില്ലല്ലോ.

നമ്മുടെ കമേഴ്‌സ്യല്‍ സിനിമകളേറെയും കൊച്ചിയെ അധോലോകത്തിന്റെ അപരദേശമായാണ് ചിത്രീകരിക്കാറുള്ളത്. കോളനികള്‍ ആ സിനിമകളില്‍ കുറ്റവാളികളെ തേടിപ്പോകേണ്ട ഇടവുമാണ്. ‘അന്നയും റസൂലി’ലുമായാലും ‘കമ്മട്ടിപ്പാട’ത്തിലായാലും ഈ പൊതുബോധത്തെ തകര്‍ക്കുന്നുണ്ട്. മനുഷ്യരുടെ ഇടങ്ങളാണ് നഗര ഓരങ്ങളും കോളനികളുമെല്ലാം?

എന്റെ ബോധ്യങ്ങളില്‍ നിന്നാണ് ഞാന്‍ ഓരോ കാര്യവും പറയുന്നത്. പത്രം വായിച്ചും വാര്‍ത്ത കണ്ടും നിരീക്ഷണങ്ങളിലൂടെയും പരിചയങ്ങളിലൂടെയും നമ്മള്‍ ഓരോ കാര്യങ്ങള്‍ മനസ്സിലാക്കുകയാണല്ലോ. ബോധപൂര്‍വ്വം നമ്മുടെ രാഷ്ട്രീയ നിലപാട് സ്ഥാപിക്കുകയല്ല. അത് സ്വാഭാവികമായി വരുന്നതാണ്.

കൊച്ചിയുടെ നഗരവികസനത്തില്‍ ചേരിയായി മാറിയ യഥാര്‍ത്ഥ പ്രദേശത്തെ തന്നെ ദൃശ്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ്?

കമ്മട്ടിപ്പാടം ഒരിക്കലും ഒരു ചേരിയായിരുന്നില്ല. അതൊരു മനോഹര ഗ്രാമമായിരുന്നു. ഒരു പാടവും ആ പാടത്തോട് ചേര്‍ന്ന് ജീവിക്കുന്ന കുറേ മനുഷ്യരും. അവിടെയുള്ള മനുഷ്യര്‍ ചേരിജീവിതം നേരിട്ടിട്ടില്ല. അവിടെ മൈഗ്രന്റ് ആയ കുറേ പേരുടെ ഉദയാ കോളനിയുണ്ടായിരുന്നു. കമ്മട്ടിപ്പാടവും ആ കോളനിയും വേറെ വേറെയാണ്. കമ്മട്ടിപ്പാടത്തെ മനുഷ്യര്‍ ഇപ്പോഴും അവിടെ എവിടെയൊക്കെയോ താമസിക്കുന്നുണ്ട്. അത് ഇനി ഒരു സ്ലം ആകും. നമ്മുടെ മനുഷ്യര്‍ ചേരികളില്‍ ജീവിക്കുന്നത് കാണാതിരിക്കാനുള്ള ആഗ്രഹം കൂടിയാണ് കമ്മട്ടിപ്പാടം

നേരിട്ടറിയാവുന്ന സ്ഥലമല്ലേ കമ്മട്ടിപ്പാടവും അവിടെയുള്ളവരും?

എന്റെ അച്ഛന്റെ നാടാണ് കമ്മട്ടിപ്പാടം. ഞാന്‍ ജീവിച്ചിരുന്ന നാട്. എന്റെ മുത്തച്ഛന്റെയൊപ്പം ഞാനും ചേട്ടനും പശുവിനെ മേയ്ക്കാനൊക്കെ പോയിരുന്നത് അവിടെയുള്ള പാടത്തായിരുന്നു. ഞങ്ങള്‍ക്ക് അവിടെ പാടമുണ്ടായിരുന്നു. പാടത്തിന്റെ കരയില്‍ കുറേ പുലയക്കുടികളൊക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ വീട്ടില്‍ ജോലിയെടുക്കുന്ന പുലയസമുദായത്തില്‍പ്പെട്ടവരുണ്ടായിരുന്നു. ഞാന്‍ ആ വീടുകളിലൊക്കെയാണ് കളിച്ചുവളര്‍ന്നത്. പണ്ട് ഉണ്ടായിരുന്ന നെറ്റ്‌വര്‍ക്ക് ലൈഫ്് ഒക്കെ ഞാന്‍ അവിടെ നന്നായി ആസ്വദിച്ചിട്ടുണ്ട്. ഈ സിനിമയില്‍ പറഞ്ഞ കെഡി ജോസിനെ ഞാന്‍ കൊച്ചിലേ കണ്ടിട്ടുണ്ട്. സലിമിനെയും രാജനെയുമൊക്കെക്കുറിച്ച് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. കുറേ മുമ്പ് തന്നെ സിനിമയാക്കണമെന്ന് ആലോചിച്ചിരുന്നതാണ്. ഓരോ തവണ നമ്മള്‍ ജോലി ചെയ്ത് കൊച്ചിയിലേക്ക് തിരികെയെത്തുമ്പോഴും ഈ നഗരം മാറുന്നത് കാണുകയാണ്. നഗരം വളര്‍ന്നെന്ന് പറഞ്ഞപ്പോള്‍ നമുക്ക് നഷ്ടമായത് കൂടെ കളിച്ചവരെയും ഒരുമിച്ച് ജീവിച്ചവരെയുമാണ്. ഒരു ചെടിയോ മരമോ ഒക്കെ പെട്ടെന്നൊരു ദിവസം ഇല്ലാതാകുന്നതുപോലെ അവരങ്ങ് ചുറ്റുപാടില്‍ നിന്ന് പതുക്കെ അപ്രത്യക്ഷരായി. ഞാനടക്കമുള്ളവരുടെ ധൃതിയില്‍ അതൊന്നും ശ്രദ്ധയില്‍പ്പെട്ടതുമില്ല.

വികസനത്തോട് സമ്പൂര്‍ണ്ണ വിയോജിപ്പ് അറിയിക്കുകയല്ലേ സിനിമ?

‘കമ്മട്ടിപ്പാടം’ റിയാലിറ്റിയാണ്. എനിക്ക് നേരിട്ടറിയാവുന്ന ഒരു സ്ഥലവും അവിടെ നടന്ന കാര്യങ്ങളും പരാമര്‍ശിച്ചതൊഴിച്ചാല്‍ എല്ലായിടത്തും വികസനത്തിന്റെ പേരില്‍ സംഭവിച്ച കാര്യങ്ങളാണ് ഈ സിനിമയിലുള്ളത്. വികസനം നമ്മുടെ ശത്രുവാണ്. ആരാണ് ഈ വികസനം തീരുമാനിക്കുന്നത്? വികസനം നടപ്പാക്കുന്ന സ്ഥലത്തെ സ്വയംപര്യാപ്തമായ എക്കണോമിയെക്കുറിച്ച് ചിന്തിക്കാതെയും അവിടെയുള്ള മനുഷ്യരെ വികസനത്തിന്റെ ഭാഗമാക്കാതെയും എന്ത് വികസനമാണ് ഇവര്‍ നടപ്പാക്കുന്നത്? വന്നുകയറുന്നവരെല്ലാം കച്ചവടക്കാരല്ലേ? ഇരുപത് ശതമാനം വരുന്ന ‘പ്രിവിലേജ്ഡ്’ ആയ ഇന്ത്യക്കാര്‍ക്ക് വേണ്ടിയല്ലേ ഈ വികസനം? ബാക്കി എണ്‍പത് ശതമാനം ഇപ്പോഴും സെന്‍സസില്‍ പേര് പോലുമില്ലാത്ത മനുഷ്യരാണ്. വികസനം ഒരു കാന്‍സര്‍ ആണ്. ഓരോ ഗ്രാമവും കാര്‍ന്നുതിന്ന് അതിനെ നശിപ്പിച്ച് അടുത്ത സ്ഥലത്തേക്ക് പോവുക. കേരളത്തെ നോക്കൂ. ഗ്രാമങ്ങളും ചെറുപട്ടണങ്ങളുമൊക്കെ തീര്‍ന്നില്ലേ. ബ്യൂറോക്രസിയും സിസ്റ്റവുമൊക്കെ കറപ്റ്റഡ് ആയി പോക്കറ്റ് വീര്‍പ്പിക്കുകയാണ്. ഇതിനെയാണ് ചെറുക്കേണ്ടത്. എറണാകുളം തന്നെ നോക്കൂ. മര്യാദയ്ക്ക് നോക്കിയും കണ്ടും ചെയ്തില്ലെങ്കില്‍ വികസനം ഉണ്ടാക്കുന്ന അപകടം ചെറുതല്ല. വികസനത്തിന്റെ പേരില്‍ നമുക്കൊപ്പം ജീവിക്കാന്‍ അര്‍ഹതയുള്ളവര്‍ തന്നെയാണ് ഇല്ലാതാകുന്നത്.

‘അന്നയും റസൂലും’ വേഗക്കുറവിന്റെയും സമയക്കൂടുതലിന്റെയും പേരില്‍ വെട്ടിച്ചെറുതാക്കണം എന്ന് തിയേറ്ററുടമകള്‍ ആവശ്യപ്പെട്ടിരുന്നു. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ പ്രേക്ഷകരെത്തും മുമ്പേ തിയേറ്റര്‍ വിട്ടു. ഇവിടെയുള്ള പ്രേക്ഷകര്‍ കണ്ടുശീലിച്ച കമേഴ്‌സ്യല്‍ സിനിമകളില്‍ നിന്ന് വഴിമാറി സിനിമ ചെയ്തപ്പോള്‍ സ്വീകാര്യത നേടാന്‍ താമസമുണ്ടായില്ല. ‘കമ്മട്ടിപ്പാടം’ വന്നപ്പോള്‍ രാജീവ് രവി സിനിമകളെ വിശ്വസിക്കുന്ന പ്രേക്ഷകരുടെ എണ്ണം കൂടിയില്ലേ?

കൂടുതല്‍ പേര്‍ കാണണം എന്നാഗ്രഹിച്ചാണ് ആദ്യ സിനിമ മുതല്‍ ചെയ്തത്. റിയലിസ്റ്റിക് സമീപനങ്ങള്‍ക്ക് സ്വീകാര്യത വര്‍ധിക്കണം. എന്റെ സിനിമയ്ക്ക് മാത്രമല്ല എല്ലാ നല്ല പരീക്ഷണങ്ങള്‍ക്കും പിന്തുണ കിട്ടണം. എന്നാലേ സിനിമയ്ക്ക് മാറ്റം വരൂ. നമ്മുടെ സിനിമകളില്‍ ഉപയോഗിക്കുന്ന ഭാഷ കെപിഎസി നാടകങ്ങളുടെ കാലത്തെയാണ്. എന്റെയൊക്കെ കോളേജ് കാലത്ത് കവിതകളോടായിരുന്നു കമ്പം. നോവല്‍ ഒക്കെ വായിക്കുന്നത് പോലെ കവിത വായിച്ചാല്‍ എളുപ്പം പിടികിട്ടില്ല. സിനിമയും കവിതയുമായി ചില സമാനതകളുണ്ട്. ദൃശ്യങ്ങളും ബിംബങ്ങളുമൊക്കെയുണ്ടല്ലോ. സിനിമയുടെ ലാംഗ്വേജ് തന്നെ മാക്‌സിമം ഉപയോഗിക്കുക എന്നതാണ് പ്രധാനം. ഡയലോഗ് കൊണ്ട് സിനിമയെ കളയാതിരിക്കുക.ബോംബെയില്‍ മുഴുവനായി സിങ്ക് സൗണ്ട് ആയി. ചെന്നൈയിലും മാറിക്കൊണ്ടിരിക്കുകയാണ്. പക്ഷേ മലയാളത്തില്‍ അതിനെ ചെറുത്തുകൊണ്ടിരിക്കുകയാണ്. ചലച്ചിത്രത്തിന്റെ ഭാഷ മാറിക്കൊണ്ടിരിക്കുകയാണ്. അതിലേക്ക് നമ്മള്‍ എത്തുക തന്നെ വേണം.

മൂന്ന് ചിത്രങ്ങളില്‍ കമ്മട്ടിപ്പാടത്തിനാണ് കൂടുതല്‍ സ്വീകാര്യത കിട്ടിയത്. ദുല്‍ഖര്‍ സല്‍മാനെ കണ്ട് ആളുകള്‍ തിയറ്ററുകളിലേക്ക് കയറി. സിനിമ കണ്ട് തുടങ്ങിയപ്പോള്‍ മറ്റൊരു രീതിയില്‍ കമ്മട്ടിപ്പാടത്തെ റീഡ് ചെയ്തുതുടങ്ങി. അത് സന്തോഷിപ്പിക്കുന്ന കാര്യമാണ്. പിന്നെ നമ്മുടെ ആളുകള്‍ സ്പീഡ് കുറച്ചിട്ടേ കാര്യമുള്ളൂ. അപ്പോള്‍ മാത്രമേ ചുറ്റും നോക്കുകയുള്ളൂ. ചുറ്റുമുള്ള ആളുകളെ കണ്ട് പോകാനാകൂ. വലിയ നോവലുകള്‍ വായിക്കാന്‍ ഇഷ്ടമുള്ളയാളാണ് ഞാന്‍. നല്ല കാശ് മുടക്കിയല്ലേ ആളുകള്‍ ഇപ്പോള്‍ തിയേറ്ററുകളില്‍ കയറുന്നത്. മൂന്ന് മണിക്കൂര്‍ സിനിമ കണ്‍സ്യൂമര്‍ എന്ന നിലയില്‍ അവര്‍ക്ക് കൂടുതല്‍ നേട്ടമല്ലേ.

റിയലിസ്റ്റിക് സമീപനത്തിന്റെ കാര്യത്തില്‍ ‘കമ്മട്ടിപ്പാട’ത്തില്‍ എത്തിയപ്പോള്‍ വിട്ടുവീഴ്ചയുണ്ടായില്ലേ? കുറേക്കൂടി കമേഴ്‌സ്യലായി ചേരുവകള്‍ വന്നില്ലേ? എന്തുകൊണ്ടാണത്?

മുന്‍ സിനിമയുടെ പരാജയം കൊണ്ട് സംഭവിച്ചതാണത്. പുതിയൊരു നായകനെ വച്ച് ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ ചെയ്തപ്പോള്‍ ആരും കാണാനെത്തിയില്ല. വേറൊരു കാര്യവുമുണ്ട്. എത്ര ഗൗരവപൂര്‍വം കാര്യങ്ങള്‍ പറഞ്ഞാലും സാധാരണക്കാരിലേക്ക് എത്തിയില്ലെങ്കില്‍ ഒരു കാര്യവുമില്ല. നമ്മളിങ്ങനെ ഡയലോഗടിച്ചിട്ടും കാര്യമില്ല. വിട്ടുവീഴ്ചയെന്ന് ഞാന്‍ പറയില്ല. കൂടുതല്‍ പേരില്‍ എത്താന്‍ ദുല്‍ഖറിനുള്ള ഓഡിയന്‍സിനെ ഇതിലേക്ക് ക്ഷണിക്കാന്‍ വേണ്ടി ചെയ്തതാണ്. സിനിമയുടെ ഉള്ളടക്കത്തിന് പരുക്കേല്‍പ്പിക്കാതെയാണ് അത് ചെയ്തത്.

ചില സര്‍പ്രൈസ് കാസ്റ്റിംഗ് ആദ്യ സിനിമ മുതലുണ്ട്. നായകനേക്കാള്‍ അമ്പരപ്പിക്കുന്ന കുറേ നടന്‍മാര്‍. ‘അന്നയും റസൂലി’ലും സൗബിന്‍ ഷാഹിര്‍, ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ല്‍ സുജിത് ശങ്കര്‍, അലന്‍സിയര്‍ ഇപ്പോള്‍ ‘കമ്മട്ടിപ്പാട’ത്തില്‍ മണികണ്ഠന്‍, എങ്ങനെയാണ് കാസ്റ്റിംഗ് പ്രക്രിയ?

ലാന്‍ഡ്‌സ്‌കേപ് പോലെ തന്നെയാണ് നമ്മള്‍ ഒരു ആക്ടറിനെ ഷൂട്ട് ചെയ്യുന്നത്. അതിലല്ലേ പലതുമിരിക്കുന്നത്? ഷൂട്ട് ചെയ്യുന്ന ആക്ടറുടെ മുഖത്ത് പല കഥകളുമുണ്ടാകും. ഞാന്‍ നായകകേന്ദ്രീകൃത സിനിമകള്‍ കാണാത്തയാളാണ്. ഹിന്ദിയിലും മലയാളത്തിലും ചെയ്ത പടങ്ങളും സൂപ്പര്‍ ഹീറോ സിനിമകളല്ല. സുജിത് ശങ്കറാണ് മണികണ്ഠനെ നിര്‍ദ്ദേശിച്ചത്.

ഗുണ്ടാ റോളുകളില്‍ ടൈപ്പ് ചെയ്യപ്പെട്ട വിനായകന്റെ ഇതുവരെ കാണാത്ത പ്രകടനമാണ് ഗംഗനില്‍ കാണാനായത്. വിനായകന്‍ കമ്മട്ടിപ്പാടത്തുകാരന്‍ കൂടിയല്ലേ?

വിനായകന്‍ കമ്മട്ടിപ്പാടത്തിന്റെ നെഞ്ചത്ത് ജനിച്ചുവളര്‍ന്നയാളാണ്. ഞാനും കമ്മട്ടിപ്പാടത്തെയാ. വിനായകന്റെ രൂപം പോലെ വേറെ ഒരാളെ കിട്ടാനുണ്ടോ. അവനെ പോലെ വേറൊരാളെ കിട്ടുമോ? വിന്റേജ് ഐറ്റമല്ലേ? വല്ലാത്തൊരു താളമുണ്ട് വിനായകന്റെ നടപ്പിലും നില്‍പ്പിലുമെല്ലാം. മണികണ്ഠനും അതുണ്ട്.

കൃത്യമായി രൂപമില്ലാത്ത ഒരു നരേറ്റീവ് അല്ലേ ‘കമ്മട്ടിപ്പാട’ത്തില്‍ ഉപയോഗിച്ചത്?

ലീനിയര്‍ നരേറ്റീവ് ആണെങ്കില്‍ ഈ കഥ പറഞ്ഞുതീര്‍ക്കാന്‍ മൂന്ന് മണിക്കൂര്‍ തികയാതെ വരും. കുത്തേറ്റ ഒരു മനുഷ്യന്റെ മനസ്സിലേക്ക് ചിതറി വരുന്ന ഓര്‍മ്മകള്‍ എന്ന നിലയിലാണ് ആ ആഖ്യാനം സെറ്റ് ചെയ്തത്. നരേറ്റീവ് ഒരു ഓര്‍ഡറില്‍ അല്ലാതെയായപ്പോള്‍ എഴുപതുകളില്‍ നിന്ന് നേരിട്ട് തൊണ്ണൂറുകളിലേക്ക് പോകാനായി. അങ്ങനെ പല കാലങ്ങളിലേക്കും സംഭവങ്ങളിലേക്കും തെന്നിത്തെന്നിപ്പോകാന്‍ കഴിഞ്ഞു.

‘എ’ സര്‍ട്ടിഫിക്കറ്റ് സിനിമയെ ബാധിച്ചില്ലേ? ട്രീറ്റ്‌മെന്റിന് ദോഷം ചെയ്യാതിരിക്കാനാണ് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗം പറഞ്ഞത്?

മള്‍ട്ടിപ്ലെക്‌സിലാണ് ബാധിച്ചത്. ഓണ്‍ലൈനില്‍ കുടുംബസമേതം ബുക്ക് ചെയ്ത പലര്‍ക്കും കുട്ടികളുമായി പോകാന്‍ കഴിഞ്ഞില്ല. അവരെല്ലാം പരാതി പറയുന്നുണ്ട്. സാധാരണ തീയേറ്ററുകളില്‍ കുടുംബങ്ങള്‍ എത്തുകയും അവര്‍ക്ക് ഇഷ്ടമാവുകയും ചെയ്യുന്നുണ്ട്. എനിക്ക് ഇപ്പോഴും സെന്‍സര്‍ ബോര്‍ഡിനോട് ഒരു കാര്യമേ ചോദിക്കാനുള്ളൂ. ‘പുലയന്‍’ എന്ന പദം ഉണ്ടെന്ന പേരില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഇതിലെ ഒരു പാട്ട് നീക്കിയത്? ഒരു പുലയസമുദായാംഗം അങ്ങനെ പറഞ്ഞാല്‍ എന്താണ് കുഴപ്പം?

ജാതി സംബോധന അധിക്ഷേപമായതിനാലാണ് പുലയന്‍ നീക്കിയതെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്?

അതെങ്ങനെ ജാതി അധിക്ഷേപമാകും? പാട്ടിലുള്ള പുലയന്‍ എന്ന പദം കളയാന്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ല. ഒരു പുലയയുവതി ഞാനെന്റെ പുലയനോടൊന്ന് പറഞ്ഞോട്ടെ എന്ന് പറഞ്ഞാല്‍ അത് എങ്ങനെയാണ് ജാതി അധിക്ഷേപമാവുക. ഇത് ഹിപ്പോക്രിസിയാണ്. നമ്മളിലുള്ള ജാതീയത മറച്ചുപിടിക്കാനുള്ള ശ്രമം. വേറൊരു പാട്ടില്‍ ഇതുതന്നെ ആവര്‍ത്തിക്കുന്നുണ്ടല്ലോ? നമ്മള്‍ ഈ മാര്‍ക്കറ്റിന്റെ സുഖസൗകര്യം സ്വീകരിച്ച് പത്ത് പതിനഞ്ച് വര്‍ഷം മിണ്ടാതെയിരുന്നു. ഇനി അങ്ങനെ പറ്റില്ല. തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുക്ക് പലതും നഷ്ടമായി. ഇനിയും ഒന്നും നഷ്ടപ്പെടാതിരിക്കാന്‍ എല്ലാം ചോദിച്ചു വാങ്ങണം.

രാഷ്ട്രീയ സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ല?

സിനിമയില്‍ മാത്രമല്ലല്ലോ, സാഹിത്യത്തിലും രാഷ്ട്രീയം കടന്നുവരുന്നില്ല. കഴിഞ്ഞ പതിനഞ്ച് ഇരുപത് വര്‍ഷമായി സാഹിത്യവും നിര്‍ജ്ജീവമല്ലേ. കയ്യില്‍ എണ്ണാവുന്ന ആളുകളല്ലേ കാര്യമായി എഴുതുന്നുള്ളൂ. മാര്‍ക്കറ്റ് വിപുലീകരിക്കപ്പെട്ടപ്പോള്‍ എഴുത്തും സിനിമയുമൊക്കെ നിര്‍ജ്ജീവമായി. വിദ്യാര്‍ത്ഥി രാഷ്ട്രീയം പോലും ക്രിയാത്മകല്ലാതായി. എവിടെയും ക്രിയേറ്റീവ് ആയി ഒന്നും സംഭവിക്കാതെയായി. എല്ലാം ബിസിനസുകാരുടെ കയ്യിലായി.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ആളാണ് രാജീവ് രവി. മഹാരാജ് കോളേജ് ചെയര്‍മാനുമായിരുന്നു. വിദ്വേഷരാഷ്ട്രീയത്തെയും ഫാസിസത്തെയും കാമ്പസുകള്‍ ചെറുക്കുന്ന സാഹചര്യം വീണ്ടും ഉണ്ടായിരിക്കുന്നു? സമീപകാല വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളെ എങ്ങനെ കാണുന്നു?

ഈ രാജ്യത്തെ വിദ്യാര്‍ത്ഥികളില്‍ എനിക്ക ഭയങ്കര പ്രതീക്ഷയാണ് ഉള്ളത്. ജെഎന്‍യുവിലെയും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെയും മുന്നേറ്റങ്ങള്‍ നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. നമ്മളെ നയിക്കാന്‍ പ്രാപ്തമാണ് ഈ മുന്നേറ്റങ്ങള്‍. നമ്മള്‍ ഒരു സൈഡില്‍ അങ്ങ് അവരുടെ കൂടെ നിന്ന് കൊടുത്താല്‍ മതി. അവരെടുത്ത് കൊണ്ടു പോകും മുന്നോട്ടേക്ക്. അവരെല്ലാവരും മിടുക്കന്‍മാരാണ്. സിനിമയുടെ കാര്യത്തിലും ഇവര്‍ വലിയ പ്രതീക്ഷയാണ് പകരുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസ് പ്രധാന സര്‍വകലാശാകളിലെല്ലാം കാണിച്ചു. ഹൈദരാബാദില്‍ ഒമ്പത് സ്‌ക്രീനിംഗ് നടത്തി. ഹൈദരാബാദ് യൂണിവേഴ്‌സിറ്റില്‍ മാത്രം രണ്ട് തവണ പ്രദര്‍ശിപ്പിച്ചു. കേരളത്തിലും കാമ്പസുകളില്‍ സിനിമ കാണിച്ചു. രാഷ്ട്രീയത്തില്‍ മാത്രമല്ല എല്ലാ മേഖലയിലും വലിയ ഹോപ്പ് തരുന്നവരാണ് ഈ കാമ്പസുകളിലെല്ലാമുള്ളതാണ്. അത് വലിയ ധൈര്യവുമാണ് തരുന്നത്.

മൂലധനകേന്ദ്രീകൃതമായ വിപണിയെ നിങ്ങളുടെ കൂട്ടായ്മയായ കളക്ടീവ് ഫേസിലൂടെ എങ്ങനെ മറികടക്കാനാകുമെന്നാണ് കരുതുന്നത്? എന്താണ് ഈ കൂട്ടായ്മയുടെ ഇപ്പോഴത്തെ അവസ്ഥ?

ഈ സിനിമയിലേക്ക് കടന്നത് കാരണം കളക്ടീവ് ഫേസിന് വേണ്ടി പുതിയതായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കളക്ടീവ് ഫേസിന് കൂടുതല്‍ പിന്തുണ കിട്ടുന്നുണ്ട്. ഞങ്ങള്‍ ആദ്യമായി നിര്‍മ്മിച്ച ഐഡി എന്ന ചിത്രം അഞ്ച് വര്‍ഷത്തേക്ക് നെറ്റ് ഫഌക്‌സ് വാങ്ങി. ഓരോ സിനിമയും കഴിഞ്ഞ ശേഷം സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ വീണ്ടും ജോലി ചെയ്യുകയാണ്. അതാണ് അടുത്ത ചിത്രത്തിന് കൂടുതല്‍ സമയമെടുക്കുന്നത്. താണ് അടുത്ത സിനിമയ്ക്ക് വേണ്ടി തയ്യാറെടുക്കേണ്ടത്. ഞാന്‍ സ്റ്റീവ് ലോപ്പസ് സാമ്പത്തികമായി നല്ല തിരിച്ചടി കിട്ടി. രണ്ട് മൂന്ന് സിനിമ ചെയ്ത പൈസയെല്ലാം സ്റ്റീവ് ലോപ്പസില്‍ പോയി. പക്ഷേ ചെയ്ത സിനിമകള്‍ നല്‍കുന്ന ആത്മസംതൃപ്തി ചെറുതല്ല. പക്ഷേ ഇപ്പോള്‍ കമ്മട്ടിപ്പാടത്തിന് കിട്ടുന്ന സ്വീകരണം ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്നുണ്ട്.

അനുരാഗ് കശ്യപ് ബോളിവുഡിലെ വാര്‍പ്പുമാതൃകകളെ തട്ടിയെറിഞ്ഞ് സിനിമ ചെയ്തിരുന്ന സംവിധായകനാണ്. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടെ ഛായാഗ്രാഹകനുമാണ് രാജീവ് രവി. റിയലിസ്റ്റിക് സിനിമയെന്ന ചിന്തയ്ക്ക് അനുരാഗ് കശ്യപ് സിനിമകള്‍ സ്വാധീനിച്ചിട്ടില്ലേ?

തീര്‍ച്ചയായും, അനുരാഗ് കശ്യപ് എന്ന ഫിലിംമേക്കര്‍ എനിക്ക് ഇന്‍സ്പിരേഷന്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ബോള്‍ഡ് ആയ സിനിമകള്‍ ചെയ്യുമ്പോഴെല്ലാം ഛായാഗ്രാഹകനായി ഞാനുണ്ടായിരുന്നു. ഛായാഗ്രാഹകന്‍ എന്ന നിലയില്‍ എനിക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ചിന്തിക്കാനും ഷൂട്ട് ചെയ്യാനും പ്രചോദനമായത് അനുരാഗിന്റെ സിനിമകളില്‍ നിന്നാണ്.

v

ഗാംഗ്‌സ് ഓഫ് വാസിപ്പൂരും സിറ്റി ഓഫ് ഗോഡും കമ്മട്ടിപ്പാടത്തിന് പ്രചോദനമായിട്ടുണ്ടോ?

ഈ സിനിമകള്‍ ഒട്ടും പ്രചോദനമായിട്ടില്ല. എനിക്ക് ഭയങ്കരമായി ഇന്‍സ്‌പെയര്‍ ആയിരിക്കുന്നത് സെര്‍ജി ലിയോണിന്റെ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അമേരിക്കയാണ്. എന്റെയൊരു പ്രിയചിത്രം തന്നെയാണത്.

ഹോളിവുഡ് പ്രൊഡക്ഷന്‍ ഹൗസുകള്‍ ബോളിവുഡിലേക്കും സൗത്ത് ഇന്ത്യന്‍ സിനിമയിലേക്ക് കടന്ന് വന്നപ്പോള്‍ മാസ് എന്റര്‍ടെയിനറുകളാണ് സൃഷ്ടിക്കുന്നത്. ബദല്‍ സിനിമകളും ഇന്‍ഡിപെന്‍ഡന്റ് സിനിമാ ശ്രമങ്ങളും തളര്‍ച്ച നേരിടുകയല്ലേ?

നിര്‍മ്മാതാക്കളുടെയും തിയറ്ററുടമകളുടെയും വന്‍കിട പ്രൊഡക്ഷന്‍ ഹൗസുകളുടെയും ആവശ്യം തന്നെ അതല്ലേ. വലിയ തോതില്‍ വില്‍ക്കപ്പെടുന്ന സിനിമകള്‍ ഉണ്ടാക്കുക. ഇന്‍ഡിപെന്‍ഡന്റ് സിനികമളുടെ കാര്യത്തില്‍ എനിക്ക് കൂടുതല്‍ പ്രതീക്ഷയുണ്ട്. നാഗരാജ് മഞ്ജുലെയുടെ സായ്‌റത് വരുന്നു, അദ്ദേഹത്തിന്റെ തന്നെ ഫാന്‍ട്രി,കോര്‍ട്ട് വന്നു. അത് ഇനി ശക്തിയാര്‍ജിക്കുക തന്നെ ചെയ്യും.